രചന: മഹാ ദേവൻ
കത്തിതീരാറായ ചിതക്കരികിൽ നിൽക്കുമ്പോൾ കനലുകൾ നീറുന്നതു മുഴവൻ നെഞ്ചിലായിരുന്നു.
വേദനയും അതോടൊപ്പം തന്നെ തീരാത്ത പകയെരിയുന്ന മനസ്സുമായി അതെ നിൽപ്പ് നിൽക്കാൻ തുടങ്ങിട്ട് ഒരുപാട് നേരമായി.
ഏറെ നേരത്തെ നിൽപ്പിനു ശേഷം കത്തിയമരുന്ന ചിതയുടെ ചൂടേറ്റ് വിയർത്തൊട്ടിയ ശരീരം ഉടുമുണ്ടിൽ തുടച്ചുകൊണ്ട് അവിടെ നിന്ന് പിൻവാങ്ങുമ്പോൾ മനസ്സ് മുഴുവൻ അവളായിരുന്നു. അവളുടെ ചിരിക്കുന്ന മുഖമായിരുന്നു.
കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരു യുഗം ഓർക്കാനുള്ള സ്നേഹം തന്ന് വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവൾ.
എന്നും 'കണ്ണേട്ടാ ' എന്ന് വിളിച്ച് ഓടി വന്നു വാ തോരാതെ സംസാരിക്കുന്ന തൊട്ടാവാടിയായ തന്റെ പെണ്ണ്...
"ഗാഥ "
ഒരു പ്രണയത്തിലേക്ക് ഞങ്ങൾ എത്തിയിരുന്നോ..... ! അറിയില്ല.. പക്ഷേ, ഒരുപാട് ഇഷ്ട്ടമായിരുന്നു രണ്ട് പേർക്കും . ഒരു ദിവസം കണ്ടില്ലെങ്കിൽ, സംസാരിച്ചില്ലെങ്കിൽ പോലും വിഷാദമായിപോകുന്ന അത്രമേൽ ഇഷ്ട്ടം.
പലപ്പോഴും അവളുടെ പിണക്കം കാണാൻ വേണ്ടി മാത്രം വഴിക്കിടാറുണ്ട് . അവസാനമായി പിരിയുന്നതും അങ്ങനെ ആയിരുന്നു..
ഓർക്കുമ്പോൾ കണ്ണന്റെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു.
ഞങ്ങൾ രണ്ടു പേരും മാത്രമാകുന്ന നേരങ്ങളിൽ പറയാൻ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും .
"ഗാഥേ , ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്. ഒരുപാട് ഇഷ്ട്ടമാണ് അവളെ. അവളോടൊപ്പമുള്ള ജീവിതം, കുടുംബം, കുട്ടികൾ ഇതൊക്കെ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുങ്കിലും ഇതുവരെ മനസ്സിലുള്ള പ്രണയം തുറന്നു പറയാൻ കഴിഞ്ഞില്ല.. പേടിച്ചിട്ടൊന്നും അല്ലാട്ടോ... ന്നാലും ചെറിയൊരു.... "
" മനസ്സിലായി മനസ്സിലായി... കൂടുതൽ വിശദീകരിച്ചു കുളമാക്കണ്ട കണ്ണേട്ടാ.... പിന്നെ അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടെങ്കിൽ ആ പെണ്ണിനോട് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്ക് . അങ്ങനെ ചെയ്യാതെ ഇങ്ങനെ കാമുകനെന്ന പേരും പറഞ്ഞിരിക്കാൻ ങ്ങൾക്ക് നാണമില്ലേ കണ്ണേട്ടാ... ചിലപ്പോൾ ങ്ങള് പറയാൻ വേണ്ടി കാത്തിരിക്കുകയാവും ആ പെണ്ണ്, മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ. ഒന്ന് പറഞ്ഞുനോക്ക്. ചിലപ്പോൾ ജീവിതം മുഴുവൻ അവളിൽ നനയാൻ കഴിഞ്ഞാലോ. "
അവളുടെ വാക്കുകൾ അവനിൽ ഒരുപാട് സന്തോഷം നൽകുന്നുണ്ടെങ്കിലും അത് പുറത്തുകാണിക്കാതെ കുറച്ച് ഗൗരത്തിൽ ആയിരുന്നു പിന്നീടുള്ള സംസാരം.
രണ്ടു പേർക്കും തന്നോട് ആണ് ആ ഇഷ്ട്ടം എന്ന് പരസ്പരം അറിയാമെങ്കിലും അത് തുറന്നു പറയാനുള്ള ആ നിമിഷത്തിനു വേണ്ടിയായിരുന്നു താമസം.
" എങ്കിലും ഒരു കാര്യം ചെയ്യാം... നീ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ അവളോട് പറയാൻ പോവുകയാണ് എന്റെ ഇഷ്ട്ടം. പക്ഷേ, ഇന്നല്ല.. ഈ വരുന്ന ഫെബ്രുവരി 14 ന്. വാലന്റൈൻസ്ഡേ ദിവസം. "
അവന്റെ ആ വാക്കുകളിൽ മനസ്സിൽ തോന്നിയ ആഹ്ലാദം പുറത്തു കാണിക്കാതെ ചുണ്ടുകൾ കോട്ടി ചെറിയ പരിഹാസം പോലെ അവൾ അവനെ കളിയാക്കി പറഞ്ഞു,
" ഹോ.. കാണാലോ .." എന്ന്.
പിറ്റേ ദിവസം കോളേജിൽ നിന്നും വരുന്ന അവളെ കാത്തിരിക്കുബോൾ കണ്ടത് കണ്ണുകൾ തുടച്ചുകൊണ്ട് നടന്നു വരുന്ന ഗാഥയെ ആയിരുന്നു കണ്ടത്.
കാര്യം തിരക്കിയപ്പോൾ വഴിയരികിൽ ഒരാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്നും ഇത്ര ദിവസം പിന്നാലെ നടന്നു ശല്യം മാത്രമായിരുന്നു,ഇനിപ്പോ അയാൾ കയ്യിൽ കേറി പിടിച്ച് വേണ്ടാത്ത കുറെ കാര്യങ്ങൾ പറഞ്ഞെന്നും അവൾ പറഞ്ഞപ്പോൾ മനസ്സിൽ ദേഷ്യം കലിതുള്ളി നിൽക്കുകയായിരുന്നു.
"ആരാടി അവൻ. നിന്നെ തൊടാൻ മാത്രം അത്രക്ക് മൂത്തു നിൽക്കുന്നവനെ എനിക്കും ഒന്ന് കാണാമല്ലോ " എന്ന് വാശിയോടെ പറയുമ്പോൾ
കയ്യിൽ മുറുക്കെ പിടിച്ചവൾ കെഞ്ചിപ്പറയുന്നുണ്ടായിരുന്നു,
" വേണ്ട കണ്ണേട്ടാ... പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട... ഇതിപ്പോ നമ്മൾ എതിർക്കാൻ നിന്നാൽ നാളെ ഇതിനേക്കാൾ വലിയ പ്രശ്നം ആകും ഇത്.. ആ ചെക്കനൊരു കഞ്ചാവ്കേസ് ആണ്. എന്തിനാ വെറുതെ ഒരു പ്രശ്നം തുടങ്ങിവെക്കുന്നത്. ഇനിയും അവനെ കൊണ്ടുള്ള ശല്യം കൂടിയാൽ നമുക്ക് പോലീസിൽ പരാതിയപ്പെടാം. അല്ലാതെ എല്ലാത്തിനും നമ്മൾ പ്രതികരിക്കാൻ പോയാൽ....
അവന് പോകാൻ ഒന്നുമില്ല, പക്ഷേ നമുക്ക് അങ്ങനെ അല്ലല്ലോ "
അതും പറഞ്ഞവൾ മുഖത്തേക്ക് നോക്കുമ്പോൾ അവളുടെ തുടുത്ത കവിളുകളിൽ പ്രണയത്തിന്റ തിളക്കമുണ്ടായിരുന്നു.
ഇതുവരെ പറയാത്ത അറിയുന്ന പ്രണയം.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു ആ വലൈന്റൈൻസ്ഡേ യിലേക്കുള്ള കാത്തിരിപ്പുമായി.
ആ ദിവസങ്ങളിൽ പലപ്പോഴും ആ ഒരുത്തന്റെ ശല്യത്തെ കുറിച്ച് പറയാറുണ്ടെങ്കിലും അതിനെതിരെ പ്രതികരിക്കാൻ മാത്രം അവൾ സമ്മതിച്ചില്ല.
അങ്ങനെ കൊതിയോടെ കാത്തിരുന്ന ആ വാലന്റൈൻസ്ഡേയുടെ തലേ ദിവസം അവൻ അന്നും ശല്യം ചെയ്തെന്ന് പറഞ്ഞപ്പോൾ " ഇനി ഇതിങ്ങനെ വിട്ടാൽ പറ്റില്ലെന്നും പറഞ്ഞു ബൈക്ക് എടുത്തു ഇറങ്ങാൻ നില്കുമ്പോളും അവൾ കൈകളിൽ പിടിച്ച് തടഞ്ഞു,
വേണ്ടെന്ന് തലയാട്ടലോടെ തന്നെ നോക്കുന്ന അവളോട് ദേഷ്യപ്പെടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
" നിനക്കിത് എന്തിന്റെ കെടാടി. വേണ്ടപ്പെട്ടവർക്ക് ഒരു ആപത്ത് വരുമ്പോൾ ചോദിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആണെന്നും പറഞ്ഞ് ഞാൻ മീശയും വെച്ച് നടക്കുന്നതെന്തിനാ. ഇത്രയും കാലം ക്ഷമിച്ചു. നീ പറഞ്ഞിട്ട്. എന്നിട്ടും ശല്യം കൂടിയാതെ ഉള്ളൂ. ഇങ്ങനെ ആണെങ്കിൽ പിന്നെ ഞാൻ എന്തിനാ.. നിന്റെ കാര്യത്തിൽ ഒന്ന് ഇടപെടാൻ പോലും അവകാശമില്ലെങ്കിൽ പിന്നെ എനിക്കെന്ത് റോൾ "
അതും പറഞ്ഞ് ദേഷ്യത്തോടെ ബൈക്ക് തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ അവൾ അതെ നിൽപ്പ് തന്നെ ആയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി..
അന്ന്, വലൈന്റൈസ്ദിനത്തിൽ തലേ ദിവസത്തെ ദേഷ്യം മറന്ന് അവളോടുള്ള പ്രണയം പറയാനിറങ്ങുമ്പോൾ ആയിരുന്നു അറിയാത്ത ഒരു നമ്പറിൽ നിന്നും ഫോണിലേക്ക് കാൾ വന്നത്.
മറുതലക്കൽ കൂട്ടുകാരനാണെന്നറിഞ്ഞപ്പോ ആവേശത്തോടെ ആയിരുന്നു ഫോൺ എടുത്തത്.
പക്ഷേ അവൻ പറഞ്ഞ വാക്കുകൾ ചെവിയിലേക്ക് ഒരു പ്രഹരം പോലെ ആഞ്ഞു പതിച്ചപ്പോൾ ശ്വാസം വിലങ്ങിയ പോലെ കുറച്ചു നേരം അനക്കമറ്റ് നിന്നുപ്പോയി കണ്ണൻ.
" ടാ നമ്മുടെ ഗാഥയെ ആരോ...... അവൾ പോയെടാ " എന്ന്.
സ്ഥലകാലബോധമില്ലാത്ത പോലെ ബൈക്കുമെടുത്തു സംഭവസ്ഥലത്തു ചെല്ലുമ്പോഴും അവന്റെ കയ്യിൽ അവൾക്ക് നൽകാൻ വാങ്ങിയ റോസാപ്പൂ വാടാതെ ഉണ്ടായിരുന്നു.
" ഹോ, ഏതോ നീചന്മാർ പിച്ചിചീന്തി കൊന്നതാണത്രേ. പറമ്പിൽ രാവിലെ പണിക്ക് വന്നവരാണ് ജഡം കണ്ടത്. ഹോ, കണ്ടാൽ തന്നെ പേടിയാകുന്ന പോലെ ആയിരുന്നത്രേ ജഡം കിടന്നിരുന്നത് "
ആരൊക്കെയോ നടന്ന സംഭവം വിവരിക്കുന്നത് ഒരു മൂളൽ പോലെ അവന്റെ കാതുകളിൽ കയറിയിറങ്ങി.
അന്നത്തെ ഫ്ലാഷ്ന്യൂസ് അതായിരുന്നു.
"കേരളജനതയെ നടുക്കിക്കൊണ്ട് ഒരു പെൺകുട്ടി കൂടി ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്യപ്പെട്ടിരിക്കുന്നു.... "
വാർത്തകളിൽ ഗാഥ നിറഞ്ഞു നിൽക്കുബോൾ
അവന്റെ കയ്യിൽ അവൾക്കായ് കാത്തുവെച്ച പൂവിൽ നിന്നും ഓരോ ഇതളുകൾ കൊഴിഞ്ഞുവീഴാൻ തുടങ്ങിയിരുന്നു.
അവളുടെ മരണത്തിനു കാരണക്കാരനായവനെ കുറിച്ച് അറിയാമെങ്കിലും ആരോടും പറഞ്ഞില്ല കണ്ണൻ.
ഗവർമെന്റ് ഹോസ്പിറ്റലിലെ പോസ്റ്റുമാർട്ടം ടേബിളിൽ അവളുടെ ശരീരം കീറിമുറിക്കുമ്പോൾ എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ മുന്നോട്ട് നടക്കുകയായിരുന്നു കണ്ണൻ.
മനസ്സിലൂടെ മിന്നിമാഞ്ഞുപോയ ഓർമ്മകളിൽ നിന്നും മോചിതനായത് തോളിൽ ആരോ കൈ വെച്ചപ്പോൾ ആയിരുന്നു.
മുന്നിൽ നിൽക്കുന്നത് പോലീസ് ആണെന്ന് കണ്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.
" കണ്ണൻ അല്ലെ.. ഇത്ര നേരം ഞങ്ങൾ തിരഞ്ഞത് നിങ്ങളെ ആയിരുന്നു . മനസ്സാക്ഷിയെ നടുക്കുന്ന കൊടും ക്രൂരത നടന്നിട്ട് കുറച്ച് മണിക്കൂറുകൾ മാത്രമാകുമ്പോൾ അതും മരിച്ചത് നിങ്ങളുടെ പ്രിയപ്പെട്ടവൾ ആകുമ്പോൾ നിങ്ങളെ ഞങ്ങൾ അവിടെ പ്രതീക്ഷിച്ചു . പക്ഷെ ഇങ്ങനെ ഒരു സ്ഥലത്ത് എത്താൻ കുറച്ചു സമയമെടുത്തു.
നിങ്ങള്ക്ക് പലതും അറിയാം എന്ന് ഞങ്ങൾക്കറിയാം...
അതുകൊണ്ട് ഒരേ ഒരു ചോദ്യം...
'ആരാണ് അവളെ കൊലപ്പെടുത്തിയത്...? . '
അവരുടെ ചോദ്യത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ചു നിൽകുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു.
" കണ്ണൻ.... നിങ്ങളെ കുറിച്ചും നിങ്ങളുടെ ബന്ധത്തെ കുറിച്ചും മറ്റുള്ളവരിൽ നിന്ന് അറിഞ്ഞുകൊണ്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്. എപ്പോൾ നിങ്ങളെ വരെ ഞങ്ങൾക്ക് സംശയിക്കാം. അതുകൊണ്ട് വല്ലതും അറിയാമെങ്കിൽ പറയുക . ആ പെൺകുട്ടിക്ക് എങ്കിലും നീതി ലഭിക്കാൻ വേണ്ടി.
ആരാണ് അവളെ കൊലപ്പെടുത്തിയത്....? "
CI.യുടെ വാക്കുകൾക്ക് മുന്നിൽ കണ്ണൻ പൊട്ടിച്ചിരിച്ചു.
പിന്നെ അയാളുടെ മുഖത്തേക്ക് നോക്കികൊണ്ട് പിന്നിലേക്ക് വിരൽ ചൂണ്ടി ഉറക്കെ പറഞ്ഞു,.
"അവൻ... അവനാണാണെന്റ പെണ്ണിനെ കൊന്നത്... "
കണ്ണൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ പോലീസുകാർ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു..
അവിടെ കത്തിതീരാറായ ഒരു ചിതയുടെ ബാക്കി മാത്രം ഉണ്ടായിരുന്നു.
ഒരു പിടി ചാരമായി തീരാനായി കത്തുന്ന കുറച്ചു കനലുകളും...!
അവിശ്വാസത്തോടെ കണ്ണന്റെ മുഖത്തേക്ക് നോക്കിയ പോലീസുകാർക്ക് മുന്നിൽ കൈകൾ നീട്ടി പുഞ്ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കണ്ണിൽ അപ്പോൾ ആ കൊലയാളിയുടെ അലർച്ചയുണ്ടായിരുന്നു.
അവളെ ക്രൂരമായി കൊന്ന അവളെ സ്ഥിരമായി ശല്യം ചെയ്തിരുന്നവന്റെ സ്വന്തം ജീവന് വേണ്ടിയുള്ള നിലവിളി.
കത്തിക്കാൻ പാകത്തിൽ കൂട്ടിയ ചിതക്കുള്ളിൽ പാതി ജീവനോടെ മരണം മുന്നിൽ കണ്ട് മരിക്കാനുള്ള ശിക്ഷ അവനായി നടപ്പിലാക്കുമ്പോൾ,
അതെ സമയം ഐവർമഠത്തിൽ അവളും ഒരു ചെറുനാളമായി തീരുകയായിരുന്നു എന്നന്നേക്കുമായി..