രണ്ടു പേരും കണ്ട മാത്രയിൽ പരസ്പരമൊന്നു നോക്കി...

Valappottukal


രചന: ധ്രുവ് കൃഷ്ണ


വൃദ്ധ സദനത്തിലെ ജീവിതമവസാനിപ്പിച്ചു പടവുകൾ ഇറങ്ങി തുടങ്ങുമ്പോഴാണ്.. താൻ സ്നേഹിച്ചിരുന്നവൾ അതിലെ കരിങ്കൽ പടികൾ കയറി വരുന്നത് അയാൾ കണ്ടത്


രണ്ടു പേരും കണ്ട മാത്രയിൽ പരസ്പരമൊന്നു നോക്കി...വീണ്ടും അവരുടെ ആ കൂടി കാഴ്ചയ്ക്ക് അയാളുടെ നര വീണ താടിയോളം കാലപ്പഴക്കമുണ്ടായിരുന്നു 


താൻ പ്രാണനായി സ്നേഹിച്ചിരുന്നവളുടെ ഇടം വലം അയാൾ മാറി മാറി നോക്കി...സ്നേഹിച്ച പെണ്ണിനെ കെട്ടാൻ താല്പര്യമുണ്ടെന്നു പറഞ്ഞു അവളുടെ വീട്ടിൽ ചെന്നപ്പോ.. അനാഥ ചെക്കന് തരാൻ ഇവിടെ പെണ്ണില്ലെന്നു പറഞ്ഞ അവളുടെ അച്ഛനില്ല...


തന്നെ തല്ലാൻ കൈയോങ്ങിയ ചേട്ടന്മാരും ഇല്ല.. താലി കെട്ടി ജീവന്റെ പാതിയാക്കിയ ഭർത്താവുമില്ല... അമ്മിഞ്ഞപ്പാലിന്റെ മാധുര്യം പകർന്നു വളർത്തി വലുതാക്കിയ മക്കളുമില്ല..പകരം പത്തു മാസം നൊന്തു പ്രസവിച്ചതിന്റെ നന്ദിയെന്നോണം മക്കൾ ഒറ്റക്കാക്കി പോയ കുറച്ചമ്മമ്മാർ മാത്രം


അവളെ കണ്ട മാത്രയിൽ താൻ പഴയ ചെറുപ്പകാലത്തിലെക്ക് പോയെന്ന തോന്നൽ കൊണ്ടാവണം അയാൾ.. അലസമായി പറന്നു നടന്ന മുടി കൈ കൊണ്ട് മാടി ഒതുക്കി വെച്ചത്


ചുളിവ് വീണ ഷർട്ട് ഒന്ന് നേരെ പിടിച്ചു വലിച്ചു..നര വീണ താടി കൈ കൊണ്ട് തടവി അവൾക്കരികിലേക്കയാൾ നടന്നു ചെന്നു..


ആദ്യമായി അവളോട് താൻ..ഇഷ്ടം പറയാൻ പോയപ്പോളനുഭവിച്ച അതെ ഹൃദയമിടിപ്പിന്റെ താളം തന്റെ നെഞ്ചിൽ മുഴങ്ങുന്നത് അയാൾ അറിഞ്ഞിരുന്നു


മനസ്സിൽ പ്രണയം ഉണ്ടെങ്കിൽ കേൾക്കുന്ന പാട്ടിലെല്ലാം സ്നേഹിച്ചവരെ ഓർമ വരുന്നത് കൊണ്ടാകണം തന്റെ ചെവിയിൽ അവൾക്കേറെ ഇഷ്ടമുള്ള ആ പ്രണയഗാനം മുഴങ്ങുന്നതായി അയാൾക്ക് തോന്നിയത്


ഇമ വെട്ടാതെ തന്നെ നോക്കിയിരുന്നവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടായാൾ ചോദിച്ചു..


എന്താ ഇവിടെ...


മറുപടി ചുളിവ് വീണ കണ്ണുകളിൽ ഉരുണ്ട് കൂടിയ കണ്ണുനീർ ആയിരുന്നു..അത് മെല്ലെ തുടച്ചു കൊണ്ട്...


മക്കൾക്ക് ബാധ്യത ആയത് കൊണ്ടാകണം എന്നെയിവിടെ... സങ്കടം കൊണ്ട് വാക്കുകൾ മുറിഞ്ഞു പോയ ചുണ്ടിലേക്ക് അവൾ കൈപ്പത്തി അമർത്തി പിടിച്ചു 


പോരായിരുന്നില്ലേ എന്റെ കൂടെ ... അന്നെല്ലാവരുടെയും മുൻപിൽ വെച്ച് ഞാൻ വിളിച്ചതായിരുന്നില്ലേ ...എന്റെ പെണ്ണായിട്ട് 


വരണം എന്നുണ്ടായിരുന്നു.പക്ഷെ.. ബന്ധങ്ങളുടെ ബന്ധനം മുറുക്കെ പിടിച്ചിരുന്നു ... കഴിഞ്ഞില്ല എന്നെ കൊണ്ട്...


കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച് കൊണ്ട് അവൾ അയാളെ അടിമുടി നോക്കി..


താൻ കോളേജിൽ പോയിരുന്നപ്പോ എപ്പോഴും ഒരു നിശ്ചിത അകലം പാലിച്ചു നടന്നിരുന്ന ആ കൊച്ചു പയ്യൻ ഇന്ന് യൗവനവും കടന്നു വർദ്ധക്യത്തിലേക്ക് ചെന്നിരിക്കുന്നു


തന്നെ എപ്പോഴും നേരിട്ട് കാണുമ്പോൾ മുഖത്തു ഉണ്ടാകുന്ന ആ നാണം ഇപ്പോഴും അയാളുടെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്...


മധുരമേറിയ പഴയകാല ഓർമ്മയിൽ നിന്നെപ്പോഴോ പുറത്തു വന്ന ശേഷം അവൾ അയാളോട്...


കുടുംബം... കുട്ടികൾ ഒക്കെ..


ചെറുതായി ചിരിച്ച ശേഷം...


'പ്രണയം ഒന്നേ ഉണ്ടായിട്ടുള്ളൂ.. അത് മറ്റുള്ളവരുടെ വാശിക്ക് വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ത്യാഗം ചെയ്ത പെണ്ണിനോട് മാത്രം ... പിന്നെ കണ്ടിരുന്നവരിൽ ആർക്കും അവളെ പോലെയാകാൻ തോന്നില്ലെന്ന എന്റെ ബാലിശമായ ചിന്ത കൊണ്ടാകാം കൂട്ടിനു മറ്റൊരാൾ വേണമെന്ന് ഇതുവരെ തോന്നാത്തിരുന്നത്..


അയാളുടെ വാക്കുകൾ അവളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങി...


എന്നെ എന്തിനാ ഇത്രയേറെ സ്നേഹിക്കുന്നത്... മറക്കാമായിരുന്നില്ലേ പണ്ടേ...


ശ്രമിച്ചിരുന്നു ഒരുപാട്... പക്ഷെ മറക്കും തോറും കൂടുതൽ ഓർമിപ്പിച്ചു മനസ്സും എന്നെ ചതിച്ചു..


പുറത്തേക്ക് ഇരച്ചെത്തിയ കരച്ചിൽ തൊണ്ടക്കുഴിയിൽ അടക്കി വെച്ചവൾ...


ഇനിയെങ്ങോട്ടാ യാത്ര...


ഇവിടുന്നു ഇറങ്ങുന്നത് വരെ കൂട്ടിനു ആരുമില്ല...ഒറ്റയ്ക്ക് എന്നായിരുന്നു തോന്നൽ... പക്ഷെ ഇപ്പൊ ആരൊക്കെയോ ഉള്ളത് പോലെ... ഇനിയാണ് ജീവിതത്തിലെ മനോഹരമായ ആ യാത്ര വരാൻ പോകുന്നതെന്ന് മനസ്സ് മന്ത്രിക്കുന്നത് പോലെ...


അതും പറഞ്ഞയാൾ നിലത്തു വെച്ചിരുന്ന ബാഗ് എടുത്തു മെല്ലെ ആ പടവുകൾ ഇറങ്ങി തുടങ്ങി....


തീ ജ്വാലയോടെ സൂര്യൻ അസ്‌തമിക്കാൻ പോകുന്നത് നോക്കി ബസ് സ്റ്റോപ്പിൽ അയാൾ നിക്കുമ്പോൾ അയാളുടെ ഇടം കൈയ്യിൽ അവളുടെ വലം കൈ ചേർത്ത് പിടിച്ചിരുന്നു...


അവരുടെ ജീവിതത്തിലെ പുതിയ യാത്രയിൽ സാഷ്യം വഹിച്ചു കൊണ്ട്..ബസിലേക്ക് കയറി പുതിയൊരു ജീവിതം തുടങ്ങിയ അവരെ യാത്രയാക്കാൻ ആ വൃദ്ധസദനത്തിലെ അന്തേവാസികൾ നിരനിരയായി നിരന്നു കൊണ്ട് കരഘോഷം മുഴക്കിയിരുന്നു..


തണുപ്പ് വീണു തുടങ്ങിയ അന്തരീക്ഷത്തിൽ..ബസിലെ വിൻഡോ സീറ്റിൽ അയാളുടെ നെഞ്ചിനോട് ചേർന്ന് കൊണ്ടിരുന്നവൾ വീണ്ടും ആ ചോദ്യം ആവർത്തിച്ചു ..


എല്ലാവരും ഉപേക്ഷിച്ച എന്നെ എന്തിനാ ഇത്രയേറെ സ്നേഹിക്കുന്നത്...


അവളുടെ തല തന്റെ നെഞ്ചിലേക്ക് ചേർത്ത് വെച്ചയാൾ പറഞ്ഞു..


ആരുമില്ലാത്തതാണ് നല്ലത്.. അതാകുമ്പോൾ തേടി വരാൻ അവകാശികളാരും ഉണ്ടാവില്ലല്ലോ...

To Top