എന്റെ കു, -ട്ടിയെ മറന്നൊരു ജീവിതം നിന്റെ ശ്രീയേട്ടനുണ്ടാവുമെന്ന് കരുതിയോ...

Valappottukal

 


രചന : Reji

" പ്രിയാ.... ഒന്നു നിൽക്കണേ...


അമ്പലത്തിൽ നിന്നുള്ള ഇടവഴിതിരിയുമ്പോഴാണവൻ മുമ്പിൽ പൊട്ടിവീണതുപോലെ പ്രത്യക്ഷപ്പെട്ടത്... പ്രതീക്ഷിച്ചത് സംഭവിച്ചു...

ഒരു വിറയൽ കാലിൻറടിയിൽ നിന്നും വന്നു... ശ്വാസം കിട്ടാത്ത വിധം കണ്ണുകൾ നിറഞ്ഞു... ഓടിയരികിലെത്തി... കണ്ണു നിറയെ കണ്ടു.. പൊടിമീശ വലുതായി ഒരൽപം പിരിച്ചു വച്ചിരിക്കുന്നു... ചെറിയ താടി.. കണ്ണുകളിൽ അതേ കുസൃതി തിളക്കം..


അവൻ കൈകൾ നീട്ടി തോളത്ത് വച്ചപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു... തുളുമ്പി നിന്ന കണ്ണുനീർത്തുള്ളികൾ അവൻ മെല്ലെ തുടച്ചു കളഞ്ഞു.. ചന്ദനം ചാർത്തിയ വിയർപ്പു നിറഞ്ഞ നെറ്റിത്തടത്തിൽ നെറ്റിപതിയെ മുട്ടിച്ചപ്പഴേക്കും ഏങ്ങി പോയി....


വർഷങ്ങൾക്കു മുമ്പുള്ള ഇതുപോലുള്ള സന്ധ്യാനേരത്താണവൻ ആദ്യമായി നിലാവിൽ പൊഴിയുന്ന പാല പൂക്കളുടെ മാസ്മരികതയെക്കുറിച്ച് പറഞ്ഞത്... പതിനാറു വയസ്സുകാരിയുടെ കൗതുകവും ധൈര്യവും പാതിരയുടെ വാതായനങ്ങൾ തുറന്ന് നിലാവിറ്റിറ്റു വീഴുന്ന വൃശ്ചിക പൂനിലാവിലേക്ക് കൈപിടിച്ചു നടത്തുകയായിരുന്നു..


പ്രണയത്തിന്റെ ആകർഷണത്തിനുമപ്പുറം മഞ്ഞിൽ നനഞ്ഞ പാല പൂക്കളിൽ അമർന്നിരുന്ന് സ്വയം മറന്നു സംസാരിക്കുമ്പോഴും ശരീരം കൊണ്ടകലം പാലിച്ച പക്വതയാർന്ന കൗമാരമായിരുന്നു ശ്രീയേട്ടന്റെ...


തിരിച്ചു പോകാൻ നേരം താനാണ് ഭയമാകുന്നുവെന്ന് പറഞ്ഞ് വീടിന്റെ പുറകുവശം വരെ കൂടെ വരാൻ നിർബന്ധിച്ചത്...


യാത്ര പറഞ്പതിയെ തുറന്ന വാതിൽ ചാരുമ്പോഴാണച്ഛൻ പുറത്തേക്ക് വന്നതും നടന്നകലുന്ന രൂപത്തെകണ്ടതും..


പുറത്തേക്കിരിക്കാൻ പോയ പെൺകുട്ടികളുള്ള വീട്ടിൽ എത്തിനോക്കാൻ വന്നിരിക്കാണോ കള്ളപ്പരിഷ എന്നച്ഛൻ അലറിയപ്പോഴാണ് സംഗതി കൈവിട്ടു പോയതെന്ന് മനസിലായത്... കൂട്ടമായുള്ള ചോദ്യം ചെയ്യലിൽ തനിക്കൊന്നും അറിയില്ലാ എന്നുള്ള നിസംഗഭാവം എവിടുന്നാണ് കിട്ടിയതെന്നറിയില്ലായിരുന്നു..


പിന്നീടെപ്പോഴോ കേട്ടു .. ആരോ വാര്യത്തെ ശ്രീക്കുട്ടനെ രാത്രി വളഞ്ഞിട്ടു തല്ലിയെന്നും രാത്രി തന്നെ നാടുവിട്ടുവെന്നും...


ഒഴുകുന്ന കണ്ണുനീർക്കൊണ്ടായിരം തവണ മൂകമായിമാപ്പു പറഞ്ഞു കൊണ്ട് തോളിൽ പിടിച്ച കൈവിടുവിച്ച്പെട്ടെന്ന് തിരിഞ്ഞു നടന്നു..


പതിനാറാം വയസ്സ് കഴിയാനിരുന്നില്ല ബുദ്ധിമാനായ അച്ഛൻ.. കിഴക്കുനിന്ന് പുഴകടന്നും പോയി അകലെയുള്ള ഗ്രാമത്തിലെ പേര് കേട്ടോരു ഇല്ലത്തു നിന്നും സുന്ദരനായ ചെറുപ്പക്കാരൻ പെണ്ണുകാണാൻവന്നപ്പോഴും താലികെട്ടാനായ് കഴുത്തു നീട്ടിയപ്പോഴും മുമ്പത്തെ അതേ നിസ്സംഗഭാവമായിരുന്നു...


മുല്ലപ്പൂ മണക്കുന്ന ആദ്യരാത്രിയിൽ ഭയാശങ്കകളോടെ വാതിലടച്ച് മഞ്ചത്തിലേക്കിരിക്കുമ്പോൾ നിർന്നിമേഷനായി ഉറ്റുനോക്കുന്നുണ്ടായിരുന്നു ഉണ്ണി നമ്പൂരി... നിമിഷങ്ങൾ മണിക്കൂറുകളായപ്പോഴും അതേ നോട്ടം ദേഹത്ത് തുളച്ചുകയറുന്നുണ്ടായിരുന്നു.. അനുവാദം ചോദിച്ച് പുറം തിരിഞ്ഞ് കിടന്നപ്പോൾ ആ കുളിരിലും ദേഹം വല്ലാതെ വിയർത്തിരുന്നു...

പിന്നീടുള്ള ഒരാഴ്ച്ചയിലും അത് തന്നെയായിരുന്നു പതിവ്...


ഏതോ രാത്രിയിലാണ് ഉണ്ണിയേട്ടന്റെ അമ്മ ധൃതിയിൽ ഇടനാഴിയിൽ വച്ച് എന്തോ ഗുളിക കൾ കൊടുക്കുന്നതും കഴിക്കുന്നതും കണ്ടത്... 


ആദ്യത്തെ ആഴ്ച്ചകഴിഞ്ഞ് വീട്ടിലേക്ക് വന്നപ്പോൾ പിന്നെ തിരിച്ചുപോയില്ല.. കാര്യമന്വേഷിച്ച അച്ഛനോട് അമ്മ കയർത്തു സംസാരിക്കുന്നുണ്ടായിരുന്നു.. വിവരങ്ങൾ നേരാം വണ്ണം അന്വേഷിക്കാതെ പെണ്ണിനെ നൊസ്സുള്ളവന് വിവാഹം കഴിച്ചു കൊടുത്ത വിവരം കെട്ട പിടിപ്പുകേടിനെക്കുറിച്ച്...


വാര്യത്തെ ചെക്കൻ കടല് കടന്ന് പോയി തിരിച്ചുവന്ന വിവരം പറമ്പില് പണിക്കു വന്ന രാമേട്ടൻ അച്ഛനോട് വിസ്തരിച്ച് പറയുന്നത് കേട്ടു.. നല്ല മണമുള്ള പനിനീർക്കുപ്പിയും സിഗററ്റും കൊടുത്തത്രേ രാമേട്ടന്... ഈ വരവിന് പറ്റാച്ചാ ചെക്കന്റെ മംഗലമുണ്ടാവുമത്രേ... കൂടുതൽ കേൾക്കാൻ നിന്നില്ല.. നീറുന്ന കുറ്റബോധം ജനലുകൾ വലിച്ചടപ്പിച്ചു... വിതുമ്പലുകൾ  പുറത്തേക്ക് കേൾക്കാത്ത വിധം കടിച്ചമർത്താൻ കഴിഞ്ഞിരിക്കുന്നു ഇപ്പോഴിപ്പോൾ....


കുറച്ച് ദിവസങ്ങൾ അമ്പലത്തിലേക്ക് പോയതേയില്ല.. ദിവസങ്ങൾക്കു ശേഷം അമ്പലത്തിലേക്ക് പോയപ്പോഴും ചുറ്റമ്പലത്തിൽ പ്രദക്ഷിണം വക്കുമ്പോഴും കണ്ണുകൾ സ്വയമറിയാതെ തേടുന്നുണ്ടായിരുന്നു.. ഇനി ഒരു കൂടിക്കാഴ്ച്ച താങ്ങാനുള്ള ശേഷി തനിക്കില്ലായെന്നറിഞ്ഞിരിക്കുന്നു...


പ്രദക്ഷിണം കഴിഞ്ഞ് മേലേക്കാവിൽ ദർശനത്തിനായ് പോയി തൊഴുതു.. നിറക്കണ്ണുകളോടെ ദേവിയെ പ്രാർത്ഥിച്ച് തിരിഞ്ഞപ്പോൾ മുമ്പിൽ പൊട്ടിവീണതുപോലെ അവൻ...

മൂകം വഴിമാറി നടക്കാനാഞ്ഞ തന്റെ മുമ്പിലേക്ക് അതേ ചെറു പുഞ്ചിരിയോടെ വഴി തടഞ്ഞ് അവൻ നിന്നു...


ഒരു നിമിഷം ... ഒരു നിമിഷം കൊണ്ടാ കാൽക്കലേക്ക് വീണ് കാലിൽ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു... മെല്ലെ പിടിച്ചുയർത്തി കരവലയത്തിലേക്ക് കൊണ്ടുവരുമ്പോഴും ഏങ്ങലടിക്കുകയായിരുന്നു.. ആയിരം ജന്മങ്ങൾ മാപ്പു പറഞ്ഞാലും തീരാത്ത മനോവേദനയോടെ...


എന്റെ കുട്ടിയെ മറന്നൊരു ജീവിതം നിന്റെ ശ്രീയേട്ടനുണ്ടാവുമെന്ന് കരുതിയോ പൊട്ടിപെണ്ണേ... ജീവിക്കുന്നെങ്കിൽ അത് നിനക്കൊപ്പമായിരിക്കും... ശ്രീയേട്ടൻ മെല്ലെ മന്ത്രിക്കുന്നുണ്ടായിരുന്നു.. ആരോ വരുന്ന ഒച്ച കേട്ടപ്പോൾ പിടഞ്ഞകന്ന് പുറത്തേക്ക് നടക്കുമ്പോൾ വന്നയാൾ തിടുക്കപ്പെട്ട് പുറത്തേക്ക് നടക്കുന്നുണ്ടായിരുന്നു... കാവിന്റെ മരച്ഛായകൾ തീർത്ത ആ നിഴലുകൾക്കിടയിലൂടെയും അതച്ഛനാണെന്ന് തിരിച്ചറിഞ്ഞു....


കാവിലെ ദീപങ്ങൾക്ക് പതിവിലേറെ തിളക്കമായിരുന്നപ്പോൾ....... ദേവി പുഞ്ചിരിച്ചിട്ടായിരിക്കാം....

ലൈക്ക് കമന്റ് ചെയ്യണേ...

To Top