രചന: ഗൗതമി ഗീതു
"സാക്ഷി, ഈ കടലിങ്ങനെ കണ്ടിട്ട് തനിക്ക് മതിയാവുന്നില്ലേ ഡോ?"
പാറി പറക്കുന്ന അവളുടെ മുടിയിഴകളിൽ ചുണ്ടുകൾ ചേർത്തുകൊണ്ട് അവൻ ചോദിച്ചു. ആർത്തിരമ്പുന്ന തിരമാലകളെ നോക്കി പാറക്കൂട്ടങ്ങൾക്കിടയിൽ അവന്റെ കൈകളിൽ ചുറ്റിപ്പിടിച്ചിരിപ്പാണവൾ. ഇരു വശത്തേക്കും മേടഞ്ഞിട്ട മുടിയിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ചുവന്ന റിബ്ബണിൽ കൈകളൾ പരതുമ്പോഴും കണ്ണുകൾ അലയടിക്കുന്ന കടലിലായിരുന്നു.
"കടലിനെ എങ്ങനെയാണ് ജോ മടുക്കുന്നത് ? എത്രകണ്ടാലും മതിവരാത്ത കാഴ്ചയാണ് കടൽ."
"എനിക്ക് നീയെന്ന പോലെ...... !"
അവൻ കാതോരം മൊഴിഞ്ഞതും നാണത്താലവൾ മിഴിതാഴ്ത്തി.
"ജോ.... നിനക്കറിയുമോ? ഈ കടലിന് ഭ്രാന്താണ്!"
ആവേശത്തോടെ അവൾ പറയുന്നത് കേട്ട് അവൻ ഉറക്കെ ചിരിച്ചു.
"എന്തിനാ ചിരിക്കുന്നെ? ഞാൻ സത്യമാണ് പറഞ്ഞത്. നോക്കിയേ എത്ര ഭ്രാന്തമായിട്ടാണ് കടൽ കരയെ പുൽകുന്നത്?"
"അത്രയും ഭ്രാന്തമായി തന്നെ കടൽ പിൻവാങ്ങുന്നുമുണ്ട് സാക്ഷി."
മുഖത്തെ പുഞ്ചിരി മായ്ക്കാതെ തന്നെ ദൂരേക്ക് നോക്കിയവൻ മൊഴിഞ്ഞു. ഒരു നിമിഷം അവളും നിശബ്മായി, കണ്ണുകൾ നനവ് പറ്റിയ കരയിൽ തങ്ങി നിന്നു. കാതിലെന്തോ രഹസ്യമോതി ഓടി മറയുന്ന കടൽ കാറ്റിൽ നേർത്ത വിരഹിതന്റെ ഗന്ധമവൾ ശ്വസിച്ചു...!
"ഒരുപക്ഷെ ഈ കരക്കും ശബ്ദമുണ്ടായിരുന്നെങ്കിൽ അവൾ ആർത്തലച്ച് കരഞ്ഞേനെ,
അല്ലേ ജോ...?
ഒരു ഭ്രാന്തിയെ പോലെ....!
നഷ്ടങ്ങളുടെ നോവ് പേറുന്ന ഒരനാഥയെ പോലെ....!
തിരകൾ ചുംബിക്കുന്ന ഓരോ നിമിഷവും അവളും നെയ്തുകാണില്ലേ ഒത്തിരി സ്വപ്‌നങ്ങൾ....!
അത്രമേൽ നെഞ്ചിലിട്ട് താലോലിച്ച കൊച്ചു കൊച്ചു മോഹങ്ങൾ....!
ഒടുക്കം ഒന്നുമാകാതെ ഒരുപിടി നനവ് മാത്രം ബാക്കി നിർത്തി തിരകൾ അകന്ന് പോകുമ്പോൾ വിരഹത്തിന്റെ ചില്ല് കഷ്ണങ്ങൾ അവളെയും കുത്തി നോവിപ്പിച്ചു കാണണം....! എനിക്കുറപ്പുണ്ട് ശബ്ദമുണ്ടായിരുന്നെങ്കിൽ ഇവളും കരഞ്ഞേനെ....,
ഒരു ഭ്രാന്തിയെ പോലെ..!"
കണ്ണുനീർ പറ്റിയ കവിൾ തടങ്ങളെ പുറം കൈയാൽ തുടച്ച് നീക്കി വീണ്ടുമവൾ മേടഞ്ഞിട്ട മുടി തുമ്പിൽ കുസൃതി കാട്ടി.
"ഞാൻ കടലും നീ കരയുമാണെങ്കിൽ എന്റെ നനവിൽ ജീവിക്കുവാൻ നിനക്കാകുമോ സാക്ഷി?"
തലയിലെ നിറം മങ്ങി വാടി തുടങ്ങിയ മുല്ലയിൽ മുഖം ചേർത്തവൻ ചോദിച്ചു.
"നീ പിൻവാങ്ങുമെന്നാണോ ജോ?"
ആ ഉണ്ടക്കണ്ണുകളിൽ പിന്നെയും പരിഭവം നിറയുന്നത് കുറുമ്പോടെ അവൻ നോക്കി നിന്നു.
"നിനക്കെന്ത് തോന്നുന്നു?"
"എന്നെ വിട്ടിട്ട് പോകരുതേ ജോ...ആരുമില്ലല്ലോ ഈ സാക്ഷിക്ക്..!
നീയല്ലേ ഉള്ളൂ. ഒത്തിരി ഇഷ്ടമാണ് നിന്നെ. ഒരുപാട് കിനാക്കളുണ്ടെനിക്ക്. നിന്റെ കൂടെ ഒരുപാട് ദൂരം ജീവിക്കണം. ഒരു കുഞ്ഞ് വീട്. അവിടെ നീയും ഞാനും...! നീ പറഞ്ഞ പോലെ ഒരു കൊച്ചു സുന്ദരി മോളും..., നമ്മുടെ മാത്രം ലോകം. കൊതി തീരാതെ പ്രണയിക്കണം നിന്നെ. ഈ കടലോളം പ്രണയിക്കണമെനിക്ക്. നീയെന്റെ അല്ലേ. ഈ സാക്ഷിയുടെ മാത്രം പ്രണയം. പോകരുതേ ജോ..! കരഞ്ഞ് പോവും ഞാൻ. വിട്ടിട്ട് പോകരുതേ."
പതിവിൽ ശക്തമായി അവളുടെ കൈകൾ അവനിൽ മുറുകിയിരുന്നു. ഇറുകെ പുണർന്ന് അവനെ അവൾ ചേർത്ത് നിർത്തി.
"ഇല്ല സാക്ഷി...! വിട്ടിട്ട് പോവില്ല."
അവളുടെ നെറുകിൽ നേർത്തൊരു ചുംബനം നൽകി അവനും തിരികെ ചേർത്ത് പിടിച്ചു.
"നമ്മുക്കൊന്ന് നടന്നാലോ?"
കൈകളിൽ കൈകോർത്ത് അവർ കരക്കരികിലൂടെ നടന്നു. കാലുകളെ ചുംബിച്ചകലുന്ന തിരമാലകളെ അവൾ കൗതുകത്തോടെ നോക്കുന്നുണ്ട്.
"തലയിലെ പൂവേല്ലാം വാടികരിഞ്ഞല്ലോ പെണ്ണേ.. "
നെറ്റി ചുളിച്ച് അവൾ മുടി തിരിച്ചും മറിച്ചും നോക്കി. പിന്നെ ചുണ്ട് പിളർത്തി തലയിൽ നിന്നും പൂവ് വലിച്ച് ദൂരേക്കെറിഞ്ഞു.
"കുങ്കുമവും താലിയും പോയപ്പോൾ നിന്റെ മുഖത്തിന് തിളക്കം കുറഞ്ഞ പോലെ!"
വീണ്ടുമാ ചുണ്ടുകൾ പരിഭവത്തോടെ ചിണുങ്ങുന്നത് അവൻ നോക്കി നിന്നു.
"അവരോട് ഞാൻ ഒത്തിരി പറഞ്ഞു ജോ ! ആരും കേട്ടില്ല. നമ്മുടെ ലോകമായിരുന്നില്ലേ അത്? നമ്മുടെ സന്തോഷമായിരുന്നില്ലേ? എത്ര കൊതിച്ച് നീയെനിക്ക് അണിയിച്ച് തന്നതാ..... പക്ഷെ എല്ലാവരും കൂടെ പൊട്ടിച്ചു കളഞ്ഞു..... ഞാൻ എത്ര കരഞ്ഞൂനോ? കാല് പിടിച്ച് കരഞ്ഞു. അമ്മയോടും ഓപ്പോളിനോടും, ല്ലാരോടും പറഞ്ഞു....ആരും കേട്ടില്ല. ന്നെ അവിടെ ആർക്കും ഇഷ്ടല്ല... പൊട്ടിച്ച് കളഞ്ഞു ജോ....എല്ലാരും കൂടെ പൊട്ടിച്ച് കളഞ്ഞു."
നേർത്ത സ്വരത്തിൽ അവന്റെ തോളിൽ ചാരി പരിഭവം പറയുന്നവളെ അവൻ അലിവോടെ നോക്കി.
"സാരമില്ല സാക്ഷി ! ഈ ഭ്രാന്തി പെണ്ണിനെ പ്രണയിക്കുവാൻ എനിക്കെന്തിനാണ് താലിയുടെയും ഒരുനുള്ള് ചുവപ്പിന്റെയും പിൻബലം?"
അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ സ്പർശിച്ചു. മധുരമായൊന്ന് പുഞ്ചിരിച്ച് അവൾ മുന്നോട്ട് നടന്നു. ദൂരെ ഒരു കൊച്ചു സുന്ദരി തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് സാക്ഷി അവളെ കൈ മാടി വിളിച്ചത്. പക്ഷെ തനിക്കരികിലേക്ക് വരാതെ അവൾ പിന്തിരിഞ്ഞോടി. അത് കണ്ടതും ജോ പൊട്ടി ചിരിച്ചു.
"ജോ....."
അവൾ ചിണുങ്ങിക്കൊണ്ട് അവനെ ഒരു കൈയാൽ ചുറ്റി പിടിച്ചു.
"നിന്റെ ഭ്രാന്ത് കണ്ട് ഭയന്നുകാണും"
കാതിൽ രഹസ്യമെന്നോണം അവൻ പറഞ്ഞതും കണ്ണ് കൂർപ്പിച്ച് പിണക്കത്തോടെ അവൾ മുന്നോട്ട് നടന്നു.
"ഹേയ് സാക്ഷി ! നിൽക്കേടോ !"
പിറകെ ഓടിച്ചെന്ന് കൈകളിൽ പിടിത്തമ്മിട്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.
"കാണുന്നവർക്കറയില്ല-ല്ലോ സാക്ഷി നിന്റെയീ ഭ്രാന്ത് എനിക്കായുള്ള പ്രണയമാണെന്ന്! എന്നിൽ തുടങ്ങി അവസാനമില്ലാതെ പടർന്നു കയറുന്ന ഭ്രാന്ത്!"
ആ മെലിഞ്ഞോട്ടിയ കഴുത്തിൽ ചുണ്ടുകൾ ചേർത്ത് ആർദ്രമായ് അവൻ മൊഴിഞ്ഞതും അവൾ നാണത്താൽ നെഞ്ചിൽ മുഖമോളിച്ചു. ഒരു ചേർത്തുപ്പിടിക്കലിനും അപ്പുറം നീണ്ടുപോകാത്ത അവളുടെ പിണക്കങ്ങളോട് പണ്ടും അവന് അധിയായ വാത്സല്യമായിരുന്നു. അവന്റെ കരവാലയത്തിൽ ഒതുങ്ങി നിന്ന് തന്നെ അവൾ അവനെ മുഖമുയർത്തി നോക്കി.
"എന്നെ പ്രണയിക്കുവാൻ നിനക്ക് ഭയം തോന്നിയില്ലേ ജോ?"
"ഭയന്നിരുന്നു, നിന്റെയീ ഭ്രാന്ത് എനിക്കും പകരുമോ എന്ന്!"
തമാശപോൽ അവൻ പറഞ്ഞതും അവൾ ചുണ്ട് പിളർത്തി. അത് കണ്ട് ജോ പൊട്ടി ചിരിച്ചു. പതിയെ അവളുടെ കുഞ്ഞ് മുഖം കൈകളിൽ ഒതുക്കി പിടിച്ചു.
"തോന്നിയിരുന്നു സാക്ഷി ! വല്ലാതെ ഭയം തോന്നിയിരുന്നു. നിന്നെ എന്നിൽ നിന്നും അകറ്റുമോ എന്ന്? മതത്തിന്റെ വേലികെട്ടുകൾക്കുള്ളിൽ നിന്നും നിന്നെയെനിക്ക് സ്വന്തമാക്കാൻ പറ്റുമോയെന്ന്! രണ്ട് കോണിലിരുന്ന് ഓർമ്മകളെ താലോലിക്കുന്ന ഓരോ നിമിഷവും ഞാൻ ഭയന്നിരുന്നു.... ഈ ലോകം നമ്മെ ജീവിക്കാൻ അനുവദിക്കുമോ എന്ന്.
പക്ഷെ കാലം തെളിയിച്ചില്ലേ പ്രണയം അനശ്വരമെന്ന് ! നീ പറയുന്ന പോലെ.... അറ്റമില്ലാതെ പടർന്ന് കയറുന്നൊരു ഭ്രാന്ത്...!"
നെറ്റിയിൽ നെറ്റി ചേർത്ത് കണ്ണുകൾ അടച്ച് അവൻ പറഞ്ഞു. നേർത്തൊരു ചിരിയോടെ വീണ്ടും അവളാ നെഞ്ചിൽ പറ്റി ചേർന്നു.
"പ്രണയിക്കുന്നത് എങ്ങനെയാണ് ജോ തെറ്റാവുന്നത്? പ്രണയം എങ്ങനെയാണ് മാനഹത്യയാവുന്നത്? പേരും മതവും ജാതിയും പണവുമെല്ലാം നോക്കി പ്രണയത്തെ തിരഞ്ഞാൽ, ലഭിക്കുന്നത് പ്രണയമാവുമെന്നെന്തുറപ്പ്? ആരും എന്താ അത് മനസ്സിലാക്കാത്തത്? ന്റെ അമ്മേം അപ്പേം ഉണ്ടായിരുന്നേൽ ഒരു പക്ഷെ ന്നെ കേട്ടേനെ."
അവളുടെ വാക്കുകൾ കേട്ട് ജോ പുഞ്ചിരിച്ചു.
"എന്നെ വിട്ടിട്ട് പോയേക്കല്ലേ ജോ.... നീയേ ഉള്ളൂ നിക്ക്. വിട്ടിട്ട് പോയേക്കല്ലേ."
വീണ്ടും അവളുടെ ശബ്ദം നേർത്ത് പോയി..!
ദൂരെ നിന്നും തങ്ങളുടെ അടുത്തേക്ക് വരുന്ന സ്ത്രീയെ കണ്ട് സാക്ഷി ജോയിൽ പിടിമുറുക്കി.
"മോള് മേൽപ്പാടത്ത് ഇല്ലത്തിലെ കുട്ടിയല്ലേ?"
ആ ചോദ്യം അവൾക്ക് നന്നേ അരോചകമായി തോന്നി. പുരികം ചുളിച്ച് ദേഷ്യത്തോടെ അവരെ നോക്കി. അല്ലെന്ന് നിഷേധിച്ചു നടക്കാൻ തുടങ്ങിയതും ആ സ്ത്രീ പിന്നെയും ചോദ്യങ്ങൾ ഉയർത്തി.
"മോളെന്താ ഒറ്റക്ക്? വരൂ. ഞാൻ വീട്ടിൽ കൊണ്ടാക്കാം."
"ഞാൻ ഒറ്റക്കല്ല. ന്റെ കൂടെ ന്റെ ഭർത്താവുണ്ട്. ഞാൻ എങ്ങോട്ടും വരുന്നില്ല."
അവൾ പറഞ്ഞതും ആ സ്ത്രീ ചുറ്റും നോക്കി. പിന്നീട് ഒന്നും പറയാതെ പിന്നോട്ട് നടന്നു. ജോ ഇത് കണ്ട് വീണ്ടും ആർത്ത് ചിരിച്ചു.
"എന്തിനാ ജോ ചിരിക്കുന്നെ?"
"നിന്റെ ഭ്രാന്ത് കണ്ടിട്ട്."
"എനിക്ക് ഇഷ്ട്ടല്ല അങ്ങോട്ട് പോവാൻ."
"നീ പോവണ്ട സാക്ഷി! മതങ്ങളുടെ കാവൽക്കാർ മാത്രമേ ഉള്ളൂ ആ ലോകത്ത്."
"അതെ എനിക്ക് പ്രണയത്തിന്റെ ലോകം നീ ഒരുക്കുമ്പോൾ ഞാൻ എങ്ങോട്ട് പോവാനാ?"
അവൻ അവളെ ചേർത്ത് പിടിച്ചു.
"ജോ, നീ നിശബ്ദതയുടെ താളം അറിഞ്ഞിട്ടുണ്ടോ?"
അവളുടെ ചോദ്യം കേട്ട് അവൻ പുഞ്ചിരിച്ചു.
"എന്തൊരു ചോദ്യമാണ് സാക്ഷി. നിന്റെ ശബ്‌ദങ്ങളാണ് എന്നിലെ താളവും രാഗവും ഈണവുമെല്ലാം. അങ്ങനെയുള്ളപ്പോൾ ഞാനെങ്ങനെയാണ് നിശബ്ദത അറിയുന്നത്?"
അവൾ മിഴികളുയർത്തി അവനെ നോക്കി.
"പക്ഷെ ഞാൻ അറിഞ്ഞുട്ടുണ്ട് ജോ. അന്ന്.... ആ രാത്രിയിൽ നിന്റെ നെഞ്ചോരം കാതുകൾ ചേർത്തപ്പോൾ നിശബ്ദത മാത്രമായിരുന്നു. പേടി തോന്നി. ചുങ്കിൽ എന്തോ തറഞ്ഞ് കയറുന്ന പോലെ...! ആരുമില്ലാണ്ടായ പോലെ....! ന്റെ സ്വപ്‌നങ്ങൾ, മോഹങ്ങൾ, നാല് ചുവരുകൾക്കിടയിൽ ആരും കാണാതെ ഞാൻ കാത്ത് സൂക്ഷിച്ച ഇഷ്ടങ്ങൾ.... എല്ലാം എന്നെ വിട്ട് അകലുന്ന പോലെ. കരയാൻ പോലും ആകാതെ നിന്റെ മുഖത്തേക്ക് എത്ര നേരം ഞാൻ നോക്കി നിന്നു. ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന നിശബ്ദത ഹൃദയത്തിന്റെതാണ് ജോ...!"
"എന്നിട്ട്? ഇപ്പോഴും നിശബ്ദതയാണോ സാക്ഷി?"
കുസൃതി നിറച്ച കണ്ണുകളാൽ അവൻ ചോദിച്ചപ്പോൾ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"പിന്നെ"
അവന്റെ നേർത്ത ശബ്ദം കാതിൽ പതിഞ്ഞതും അവളുടെ മിഴിയൊന്ന് പിടഞ്ഞു.
"പ്രണയം...! പ്രണയത്തിന്റെ ശബ്ദമാണിവിടം."
അവന്റെ നെഞ്ചിൽ തല ചേർത്തവൾ കണ്ണുകൾ അടച്ചു.
കുറച്ച് മുൻപായി ഓടിയകന്ന ആ കൊച്ചു സുന്ദരി അമ്മയുടെ മടിയിലിരുന്ന് സാക്ഷിയെ ഒളികണ്ണാൽ നോക്കുന്നുണ്ടായിരുന്നു.
"അമ്മേ...... അത് നോക്കിക്കേ!"
അവൾ തന്റെ അമ്മയെ വിളിച്ചു സാക്ഷിക്ക് നേരെ വിരൽ ചൂണ്ടി.
"മോളെ അങ്ങോട്ടൊന്നും പോകല്ലേ. അവൾക്ക് ഭ്രാന്താണ്."
ആ കൊച്ചു മനസ്സിൽ സംശയങ്ങൾ നിറഞ്ഞു. അച്ഛനോടായി അമ്മ പറയുന്ന വാക്കുകൾ അവൾ ശ്രദ്ധിയോടെ കേട്ടിരുന്നു.
"വലിയ ഇല്ലത്തിൽ ജനിച്ചതാ എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം?ഏതോ മതം തിരിഞ്ഞ പയ്യനെ പ്രേമിച്ച് കെട്ടും കഴിഞ്ഞു. അങ്ങനെ ഈ അവസ്ഥയുമായി. എന്നാലും ആ വീട്ടുകാരുടെ ഒരു ധൈര്യമേ! ആ ക്രിസ്ത്യാനി പയ്യന്റെ ദേഹത്ത് എട്ടൊൻപതു കുത്തേറ്റിട്ടുണ്ടത്രേ! ശവം പോലും ആ കൊച്ചിനെ നേരാവണ്ണം കാണിക്കാൻ സമ്മതിച്ചില്ല.ആകെ ആ അമ്മാവന്മാരെ ഉണ്ടായിരുന്നുള്ളു കൊച്ചിന്. അവര് ജയിലിലായപ്പോൾ ഭാര്യമാർക്കൊക്കെ ഇവള് ബാധ്യതയായി. എങ്ങനെ ഓടി ചാടി നടന്ന കൊച്ച! സമനില തെറ്റി ഇപ്പൊ മുഴുഭ്രാന്തിയായി."
അമ്മയുടെ വാക്കുകൾ കേട്ടതും ആ കുഞ്ഞു കണ്ണുകൾ വീണ്ടും സാക്ഷിയെ തേടി. കടൽ കരയിലൂടെ തനിയെ സംസാരിച്ചു നടക്കുന്ന സാക്ഷിയെ കണ്ട് ഭയം മാറി അവളിൽ കൗതുകം നിറഞ്ഞു. മേടഞ്ഞിട്ട മുടിയിൽ കൈകൾ പരതികൊണ്ട് സാക്ഷി എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്ക് പുഞ്ചിരിക്കുന്നു, മറ്റ് ചിലപ്പോൾ കരയുന്നു....
സന്ധ്യയുടെ കുങ്കുമം മായാൻ തുടങ്ങവേ ആ കൊച്ചു സുന്ദരിയെ അമ്മ കൈകളിൽ കോരിയെടുത്ത് നടക്കാൻ തുടങ്ങി. അമ്മയുടെ തോളിൽ മുഖം അമർത്തി കിടക്കുമ്പോഴും അവളുടെ കണ്ണുകൾ സാക്ഷിയിലായിരുന്നു. പെട്ടന്ന് തോന്നിയൊരു പ്രേരണയിൽ അവൾ അമ്മയുടെ കൈകളിൽ നിന്നും കുതറി താഴെയിറങ്ങി. കൈയിലെ ബലൂൺ പിടിച്ച് സാക്ഷിക്കരികിലേക്ക് ഓടുമ്പോൾ പിന്നിൽ അമ്മയുടെ ശാസനനിറഞ്ഞ വാക്കുകളെ അവൾ പാടെ അവഗണിച്ചിരുന്നു.
തനിക്കരികിൽ വന്ന് നിന്ന കൊച്ചു സുന്ദരിക്ക് മുന്നിലായി സാക്ഷി മുട്ട് കുത്തിയിരുന്നു. ബലൂൺ സാക്ഷിക്ക് നേരെ നീട്ടി അവളുടെ കവിളിൽ ഒരു മുത്തവും നൽകി ചിരിച്ചുകൊണ്ട് ആ പെൺകുട്ടി ഓടിയകന്നു. കൈയ്യിലെ നീല ബലൂൺ കവിളൊരം ചേർത്ത് സാക്ഷി ജോയെ ഇടംകണ്ണിട്ട് നോക്കി.
ജോ ഒരു പുഞ്ചിരിയോടെ അവളെ ചുറ്റി പിടിച്ചു.
"അവൾക്കും മനസ്സിലായിരിക്കണം സാക്ഷി, നിന്റെയീ ഭ്രാന്തിന്റെ ആഴമെന്തെന്ന്!"
അവന്റെ വാക്കുകൾ കാതിൽ പതിച്ചതും കൈയിലെ ബലൂൺ അവൾ സ്വതന്ത്രമാക്കി! ആകാശത്തേക്ക് പറന്നകലുന്ന ബലൂണിനെ അവൾ കണ്ണു ചിമ്മാതെ നോക്കി നിന്നു !
"നീ.... നീയെന്നെ വിട്ടിട്ട് പോവരുതെ.... എനിക്ക് നീയേ ഉള്ളൂ.... എന്നെ വിട്ടിട്ട് പോവരുതേ ജോ...."
പിന്നെയും ആ ശബ്ദം നേർത്ത് പോയിരുന്നു. തിരമാലകളെ പുൽകി, സന്ധ്യയുടെ നിറം മങ്ങിയ ആകാശത്ത് മിഴികളൂന്നി അവൾ തന്റെ പ്രണയത്തിനൊപ്പം നടന്നകന്നു. മതത്തിന്റെ അതിരുകളില്ലാതെ,ഭയത്തിന്റെ നിഴലുകളില്ലാതെ, മരണത്തിന്റെ മരവിപ്പില്ലാതെ അവരുടെ മാത്രമായൊരു ലോകം. പിന്നിട്ട വഴികളിൽ പതിഞ്ഞ കാല്പാടുകളെ തിരമാലകൾ ആർത്തിരമ്പി ചുംബിക്കുമ്പോൾ, കരയും മൊഴിഞ്ഞിരിക്കണം നീയും എന്നെ പോലെ നനവ് പേറുമൊരു ഭ്രാന്തിയെന്ന്!