രചന: Sreenandha Vinod
"" പ്ലീസ് സായേട്ടാ... വയ്യ .... ഇനീം ... ഇങ്ങനെ അവഗണന താങ്ങാൻ... ന്നെ മാത്രം സായേട്ടൻ കാണുന്നില്ലാലോ... ഇവ്ടെ ഞാനും കൂടിയില്ലെ...ഇനീം ഇതൊന്നും ആവർത്തിക്കൂല... സായേട്ടാ...""
**********************
"" അയ്യേ.... നിനക്കീ ചെക്കനെ ഇഷ്ടായോ... ഒരു വട്ട കണ്ണടയും പഴഞ്ചൻ വാച്ചും..."" ജനലഴികൾക്കുള്ളിലൂടെ സായേട്ടനെ നോക്കി നിൽക്കുന്ന ഗീതുവിനോട് ചോദിച്ചപ്പോൾ നാണം കലർന്ന ചിരിയായിരുന്നു മറുപടി.
"" ഗവൺമെന്റ് സ്കൂളിലെ മാഷാ... സ്വഭാവും നല്ലതാ..ഇതങ്ങ് ഉറപ്പിക്കാലേ.."" അച്ഛൻ ചെറിയച്ചൻ പറയുന്ന കേട്ടപ്പോൾ ഇതു വേണോ എന്നർത്ഥത്തിൽ ഗീതുവിനെ ഒന്നു കൂടി നോക്കി. ""ഗീതു അങ്ങേർക്ക് പത്ത് വയസ് കൂടൂതലല്ലേ.. അച്ഛനും ചെറിയച്ഛനും അങ്ങേരുടെ ജോലി കണ്ടാ ഈ പറയുന്നേ.."" അവസാന ശ്രമമെന്ന പോലെ വീണ്ടും ചോദിച്ചു. അയാളെ ഒരിക്കലും ഗീതുവിന്റെ ഭർത്താവായി സങ്കൽപിക്കാൻ വയ്യ."" നിനക്ക് ഇഷ്ടായില്ലേച്ചാ അച്ഛനോടും വല്യച്ഛനോടും പറയാം വേണ്ടാന്നു.. നിനക്ക് കൂടി ഇഷ്ടായ ആളെയേ എനിക്ക് വേണ്ടൂ..."" തനിക്ക് വേണ്ടി മാത്രാണ് ഗീതു ഈ ബന്ധം വേണ്ടാന്നു വെക്കുന്നത് എന്നു തോന്നിയത് കൊണ്ട് പിന്നെ ഒന്നും പറഞ്ഞില്ല. ഗീതുവിനേക്കാൾ ഒരു മാസത്തിന് മൂത്തതാണേലും അവളുടെ ജാതകത്തിൽ എന്തോ ദോഷം കൊണ്ടാണ് വേഗം കല്യാണം നോക്കിയത്.
ആർഭാടമില്ലാതെയായിരുന്നു ഗീതുവിന്റെയും സായേട്ടന്റെയും വിവാഹം. അതാണ് സായേട്ടനിഷ്ടം എന്നു പറഞ്ഞു. വിവാഹത്തിനു മുൻപ് തന്നെ ഗീതു സായേട്ടന്റെ ഇഷ്ടത്തിനനുസരിച്ച് മാറുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. നമ്മൾ രണ്ടാളുടേം കല്യാണത്തിന് ഹൽദിയും ഡാൻസും പാട്ടുമൊക്കെ വേണംന്നു പറഞ്ഞ പെണ്ണായിരുന്നു. അവൾ പങ്കുവെച്ച സങ്കൽപത്തിലെ ആളേ ആയിരുന്നില്ല സായേട്ടൻ എന്നിട്ടും അവളെങ്ങനെ ഇഷ്ടപ്പെട്ടു എന്ന് അതിശയിച്ചു പോയി. അച്ഛനും ചെറിയച്ഛനും പറഞ്ഞത് കൊണ്ടായിരിക്കാം. പെട്ടെന്ന് അവൾക്ക് പക്വത വന്ന പോലെ. കല്യാണം നിശ്ചയിച്ചു കഴിഞ്ഞപ്പോൾ ആകെ കുറച്ച് പ്രാവിശ്യം മാത്രമേ സായേട്ടൻ അവളെ ഫോണിൽ വിളിച്ചിട്ടുള്ളൂ.. തികച്ചും കാഷ്വൽ ടോക്ക്.. എല്ലാ പ്രാവിശ്യവും ആവർത്തിക്കുന്ന ഒരുപടി ചോദ്യങ്ങളും ഉത്തരങ്ങളൂം പക്ഷെ ആ ആവർത്തനങ്ങൾക്ക് അവളുടെ കവിൾ ചുവപ്പിക്കാനുള്ള മാന്ത്രികത ഉണ്ടായിരുന്നു.
ഗൗരവത്തോടെ ഉള്ള ചോദ്യങ്ങൾക്ക് എന്തിനാണിങ്ങനെ നാണിക്കുന്നതെന്നു ചോദിക്കണമെന്നുണ്ടായിരുന്നു.. പിന്നെ വേണ്ടെന്നു വെച്ചു.
വിരുന്നിന് വന്നപ്പോഴും വീട്ടിൽ നിൽക്കാൻ വന്നപ്പോഴുമെല്ലാം ഗീതുവിന് പറയാനുണ്ടായിരുന്നത് സായേട്ടനെ പറ്റിയും ആ വീട്ടുകാരെ പറ്റിയുമായിരുന്നു. "" നീ ഇപ്പഴേ സാരി സ്ഥിരമാക്കിയോ..."" എന്നു ചോദിച്ചപ്പോൾ ""സായേട്ടന് സാരിയാ ഇഷ്ടം.. പക്ഷേ എന്നോട് സാരി ഉടുക്കേനൊന്നും പറഞ്ഞില്ലാട്ടോ.. ഞാനായിട്ട് ഉടുത്തതാ.."" അങ്ങനെ അവളുടെ പല ഇഷ്ടങ്ങളും മാറാൻ തുടങ്ങി. സായേട്ടന്റെ നാടൻ ചിന്താഗതികൾ അവളെ അടിച്ചേൽപിക്കുകയാണെന്നു തോന്നിയപ്പോൾ സായേട്ടനോട് ഈർഷ്യ തോന്നി. അതു കൊണ്ട് തന്നെ സായേട്ടനോട് എപ്പോഴും ഒരു അകൽച്ച ഉണ്ടായിരുന്നു. ഗീതുവിന് പറ്റിയ ആളേ അല്ല സായേട്ടൻ എന്നു അടിയുറച്ച് വിശ്വസിച്ചു. പക്ഷേ അവളെന്നും ഹാപ്പിയായിരുന്നു. ഞാൻ കാണുന്ന സായേട്ടനും ഗീതു പറയുന്ന സായേട്ടനും തമ്മിൽ നല്ല അന്തരമുണ്ടായിരുന്നു. പ്രസവത്തിനായി അവൾ വീട്ടിൽ വന്നപ്പോഴും അവൾക്ക് വേവലാതി സായേട്ടനെ കുറിച്ചായിരുന്നു. ഇടക്കിടെ സായേട്ടനെ വിളിച്ചോണ്ടിരിക്കും. കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും പങ്കു വെയ്ക്കുന്നത് കാണാം.
ആദ്യമായി സായേട്ടനോട് അലിവ് തോന്നിയത് ഗീതു പോയപ്പോൾ അവരുടെ മുറിയിൽ കുഞ്ഞാറ്റയെ മാറോട് ചേർത്തു പിടിച്ചിരിക്കുന്നത് കണ്ടപ്പോഴാണ്.. ഒരു തുള്ളി കണ്ണുനീരു പോലുമൊഴുക്കാതെ. ചിരിക്കാനറിയാത്തത് പോലെ ആ മനിഷന് കരയാനുമറിയില്ലെന്നു തോന്നി.
""ആദീ...എനിക്കെന്തെങ്കിലും പറ്റ്യാ നീ നോക്കില്ലേ എന്റെ കുഞ്ഞിനെ.."" ഗർഭിണിയായ സമയത്തെ അവളുടെ വാക്ക് അറംപറ്റിയെന്നു തോന്നുന്നു. അതു പറഞ്ഞ് എപ്പോഴും കരയുന്നത് കാണാം. ചെറ്യമ്മയുടെ മരണ ശേഷം അമ്‌മയായിരുന്നു ഗീതുവിനേയും വളർത്തിയത്.
രണ്ടു പേരെയും ആരും തരംതിരിച്ചു കണ്ടിട്ടില്ല. ഗീതു പോയപ്പോൾ ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടത് പോലെയായിരുന്നു.
"" ആദീ...മോള് ചെറ്യച്ഛൻ പറയുന്നത് കേൾക്ക്വോ... കുഞ്ഞാറ്റേടെ അമ്മയായിക്കൂടെ മോൾക്ക്.."" സ്വന്തം മോളുടെ കുഞ്ഞിനെ ഓർത്തുള്ള ആധിയായിരുന്നു ചെറ്യച്ഛന്. അമ്മയും അച്ഛനുമെല്ലാം നിർബന്ധിച്ചു.ഗീതു ഗർഭിണി ആയിരിക്കെ വന്ന പ്രൊപോസലായിരുന്നു ചരണേട്ടന്റേത്. അച്ഛനും ചെറ്യച്ചനുമൊക്കെ കൂടി ചരണേട്ടന്റെ വീട്ടിൽ പോയി സംസാരിച്ച് ആ ബന്ധത്തിൽ നിന്നുമൊഴിഞ്ഞു. ഗീതുവിനോടും സായേട്ടനോടും അച്ഛനോടും ചെറ്യച്ഛനോടും എന്തിന് കുഞ്ഞാറ്റയോടു പോലും ദേഷ്യം തോന്നി. ഒരിക്കലും ആഗ്രഹിക്കാതൊരു ജീവിതം... അംഗീകരിക്കാൻ പറ്റാത്ത ആൾ. ആഗ്രഹിച്ച ജീവിതം തട്ടിത്തെറിപ്പിച്ചു എല്ലാവരും കൂടി.
ഗീതുവിന്റെ കഴുത്തിൽ താലി കെട്ടിയ കൈ കൊണ്ടു തന്നെ തന്റെ കഴുത്തിലും.... കഴുത്തിലേക്കേറുന്ന പൊൻ ചരട് തന്നെ പൊള്ളിക്കുന്നത് പോലെ തോന്നി.
രാത്രി മുറിയിലേക്ക് ചെന്നപ്പോൾ കുഞ്ഞാറ്റയെ നെഞ്ചിൽ കിടത്തി കണ്ണടച്ചു കിടക്കുകയായിരുന്നു സായേട്ടൻ. കണ്ണടച്ചു കിടക്കുന്നയാളോട് എന്ത് സംസാരിക്കാൻ?? തലയണ വലിച്ചെടുത്ത് വെറും നിലത്ത് കിടന്നു.
""ആർദ്രാ.. നിലത്ത് തണുപ്പിന് കിടന്ന് അസുഖം വരുത്തേണ്ട... ഇവ്ടെ കിടന്നോളൂ... തനിക്ക് ബുദ്ധിമുട്ടാണേൽ ഞാൻ അടുത്ത റൂമിൽ പോയി കിടന്നോളാം...""
മറുപടി പറയാതെ നിലത്ത് തന്നെ കിടന്നു. പിറ്റേന്ന് മുറിയിൽ വരുമ്പോൾ കിടക്ക നിലത്തിട്ടിരിക്കുന്നത് കണ്ടു. വെറും കട്ടിലിൽ സായേട്ടനും സായേട്ടന്റെ നെഞ്ചിലായി കുഞ്ഞാറ്റയും കിടക്കുന്നുണ്ടായിരുന്നു.
സായേട്ടനോടുള്ള ദേഷ്യം കാരണം ആ വീട്ടിലെ അമ്മയോടും ദേഷ്യം കാണിച്ചു. കുഞ്ഞാറ്റയെ പോലും സായേട്ടനില്ലാത്തപ്പോൾ അമ്മയായിരുന്നു നോക്കാറ്. സായേട്ടനോ അമ്മയോ ചോദിച്ചതിന് മാത്രം ഉത്തരം നൽകി.
മൂത്രത്തിന്റെ തണുപ്പടിച്ച് കുഞ്ഞാറ്റ കരയുന്നത് കേട്ടിട്ടും കേൾക്കാത്തതു പോലെ നിന്നു. കരച്ചിൽ കേട്ട് വന്ന സായേട്ടൻ കുഞ്ഞാറ്റയെ എടുത്ത് ഉടുപ്പും ബെഡ്ഷീറ്റുമൊക്കെ മാറ്റി.
"" അമ്മേ മോള് കരയുന്നത് കണ്ടില്ലേ.. എവ്ടെയായിരുന്നു.."" അമ്മയോട് ദേഷ്യപ്പെട്ടെങ്കിലും ഒരു വാക്കു പോലും ആദിയോട് ചോദിച്ചില്ല.
""കുറച്ച് സമയം കുഞ്ഞാറ്റ അമ്മേടെ അടുത്ത് നിക്കൂട്ടോ.."" അതും പറഞ്ഞ് അമ്മ കൈയിൽ കുഞ്ഞിനെ വച്ച് തന്നിട്ട് പോയി. മോളെ ഒന്നു നോക്കുക കൂടി ചെയ്യാതെ കൈയിലെടുത്തു നിന്നു.
""മ്മ...മ്മ..."" ആദി ശ്രദ്ധിക്കാത്തത് കണ്ട് കുഞ്ഞാറ്റ മുടിയിൽ പിടിച്ചു വലിക്കാനും അടിക്കാനും തുടങ്ങി.""നാശം... അടങ്ങിയിരുന്നോണം..."" മുടിയിൽ പിടിച്ച കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു. പിന്നേം വലിക്കാൻ തുടങ്ങിയപ്പോൾ കുഞ്ഞി കൈയിൽ ഒരു അടി വെച്ചു കൊടുത്തു.
""ആർദ്രാ...."" പാഞ്ഞു വന്ന് കുഞ്ഞിനെ കൈയിൽ നിന്നും വലിച്ചെടുത്തു. കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ സമാധാനിപ്പിക്കുന്നതിനിടയിൽ ഇടക്ക് ദേഷ്യത്തോടെ ആദിയിലേക്കും കണ്ണുകൾ പായിച്ചു.
""മ്മാ....മ്മ...."" കരയുന്നതിനിടയിൽ കൈകൾ ആദിയിലേക്ക് നീട്ടി വിളിച്ചു കൊണ്ടിരുന്നു കുഞ്ഞാറ്റ.
"'അത് മോളുടെ അമ്മയല്ല.. ആന്റിയാ... മോൾടെ അമ്മ മരിച്ചു പോയിട്ടോ..."" ആ വാക്ക് എവിടെയോ ചെന്ന് കൊണ്ടത് പോലെ. ഒത്തിരി നേരം വാശി പിടിച്ച് കരഞ്ഞ ശേഷം സായേട്ടന്റെ കൈയിൽ കിടന്നു തന്നെ ഉറങ്ങി.
"" ആർദ്രാ.... എന്നോടുള്ള ദേഷ്യാണോ നീ എന്റെ മോളോട് തീർത്തത്... ആ കുഞ്ഞെന്ത് ചെയ്തിട്ടാ...
മോളുടെ അമ്മയായി മറ്റാരെങ്കിലും വന്നാൽ ചിലപ്പോ മോളെ സ്നേഹിക്കില്ലെന്നും മോളെ നല്ലതിനെന്നും പറഞ്ഞ് നിന്റെ വീട്ട്കാരും എന്റെമ്മയൊക്കെ നിർബന്ധിച്ചിട്ടാ നിന്റെ കഴുത്തിൽ താലി കെട്ടിയത്.. മോളെ സ്നേഹിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാ നീ കല്യാണത്തിന് സമ്മതിച്ചത്.. മോളെ തല്ലുമ്പോൾ നിന്റെ ഗീതുവിനെ പോലും നീ ഓർത്തില്ലാലോ."" പറഞ്ഞവസാനിപ്പിക്കുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. തിരിച്ചു പറയാൻ ഒന്നുമുണ്ടായിരുന്നില്ല. ചെറിയച്ഛന്റെയും അമ്മയുടേയുമൊക്കെ കണ്ണീർ കണ്ടപ്പോൾ സമ്മതിച്ചതാണ്... എനിക്ക് പറ്റില്ലെന്നു തീർത്ത് പറഞ്ഞിരുന്നെങ്കിൽ പിന്നെ അവർ നിർബന്ധിക്കില്ലായിരുന്നു.
ഗീതു കുഞ്ഞിനെ ഏൽപ്പിച്ചു പോയത് എന്റെടുത്തായിരുന്നു. അവൾ അത്രയും വിശ്വസിച്ചു കാണില്ലേ എന്നെ?? ജീവന്റെ അവസാന കണികയും അകലുമ്പോഴും അവളതോർത്തായിരിക്കില്ലേ ആശ്വസിച്ചത്.......
എന്റെ കുഞ്ഞ് നിനക്ക് ബാധ്യതയാണോ ആദീ... എന്നു ഗീതു ചോദിക്കുന്നത് പോലെ തോന്നി ആദിക്ക്
ഗീതു.. നിനക്കിഷ്ടമില്ലാത്തതൊന്നും എനിക്ക് വേണ്ടെന്നു പറഞ്ഞവൾ... ഇഷ്ടമില്ലാത്ത ജീവിതത്തിൽ തളയ്ക്കപ്പെട്ടെന്നു തോന്നിയപ്പോൾ ആരൊടൊക്കെയോ ദേഷ്യമായിരുന്നു ഗീതുവോട് പോലും..
അന്നു വീട്ടിൽ വീർപ്പുമുട്ടിക്കുന്ന നിശബ്ദത ഉണ്ടായിരുന്നു. ഒരുപാട് കരഞ്ഞതു കൊണ്ട് കുഞ്ഞാറ്റ ക്ഷീണിച്ച് ഉറക്കമായിരുന്നു. എല്ലാവരും നുള്ളി പൊറുക്കി കഴിച്ചെന്നു വരുത്തി. രാത്രി മുറിയിൽ പോകുമ്പോൾ സായേട്ടനും കുഞ്ഞാറ്റയും ഉറങ്ങിയിരുന്നു. അടിച്ച കുഞ്ഞിക്കൈയിൽ ഒന്നു തലോടി.
""വേണ്ടാ..."""
സായേട്ടന്റെ നെഞ്ചിൽ നിന്നും മോളെ എടുക്കാൻ നോക്കിയപ്പോൾ മോളെ ഒന്നു കൂടി മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
""സായേട്ടാ...."""
""ആർദ്രാ... ഞാനടക്കം എല്ലാവരും നിന്നോട് തെറ്റാണ് ചെയ്തത്... കുഞ്ഞിന് വേണ്ടി നിന്നെ എന്റെ ജീവിതത്തിൽ തളയ്ക്കുമ്പോൾ ആരും നിന്റെ ഇഷ്ടത്തെ കുറിച്ച് ഓർത്തില്ല. ഈ ഞാൻ പോലും നിന്നോട് ചോദിച്ചില്ല.. ഗീതു വിട്ട് പോയീ എന്നു തന്നെ ഇടക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. നിന്നെ എനിക്ക് ഉൾക്കൊള്ളാൻ പറ്റുമോ എന്നു പോലും ഞാൻ ചിന്തിച്ചില്ല ആകെ ചിന്തിച്ചത് മോളെ പറ്റി മാത്രായിരുന്നു. ആർദ്രാ...ഈ തെറ്റ് എങ്ങനെ തിരുത്തണമെന്ന് എനിക്കറിയില്ല..... പക്ഷേ നിനക്ക് ഞാൻ ഒരു ഉറപ്പു തരാം എന്റെ കുഞ്ഞോ ഈ താലിയോ ഒരിക്കലും നിനക്ക് ഒന്നിനും തടസാവില്ല.. ഈ നിമിഷം ഇവിടുന്ന് പോയാൽ പോലും ആരും നിന്നെ തടയില്ല...'"
ഒന്നും പറയാതെ ചുവരിൽ ചാരി നിന്നു കണ്ണീർ വാർത്തു.
ഒന്നു കേൾക്കാൻ കൂടി നിൽക്കാതെ സായേട്ടൻ കണ്ണുകളടച്ചു കിടന്നു. സായേട്ടനെ നോക്കി കൊണ്ട് താഴെ കിടക്കയിൽ കിടന്നു.കവിളിലേക്കൊഴുകിയ കണ്ണുനീർ കൈ കൊണ്ട് ശക്തിയിൽ തുടച്ചു കൊണ്ടിരുന്നു.
കുറച്ച് ദിവസം ലീവെടുത്ത് സായേട്ടൻ കുഞ്ഞിനെ നോക്കി. അല്ലാത്തപ്പോൾ അമ്മയും. മോളെ ഒന്നെടുക്കാൻ പോലും ആദിയെ സമ്മതിച്ചില്ല.
"" അമ്മേ.. മോളെ ഞാനൊന്നെടുത്തോട്ടെ.."" അമ്മ എന്തു പറയണമെന്നറിയാതെ നിന്നു പോയി. സായേട്ടന് ദേഷ്യം വരുമെന്നറിയാം. ആദുവിന്റെ മുഖം കണ്ടപ്പോൾ പറ്റില്ലാന്നു പറയാനും തോന്നിയില്ല. ആദി എടുത്ത പാടെ കുഞ്ഞാറ്റ പൂച്ച കുഞ്ഞിനെ പോലെ അവളുടെ മാറിലേക്ക് മുഖം അമർത്തി കിടന്നു. അന്നു തല്ലിയ ഓർമയിൽ അവൾ മാറോട് ഒന്നു കൂടി ഒതുക്കി പിടിച്ച് കുഞ്ഞിക്കൈയിൽ ഉമ്മ വച്ചു.
"" അമ്മ അറിയാണ്ട്... ദേഷ്യത്തിൽ തല്ലിപ്പോയതാ..... ഇനി ഒരിക്കലും ചെയ്യൂലാട്ടോ..."" കുഞ്ഞിക്കവിളിൽ അമർത്തി മുത്തി.കുഞ്ഞിനെ അടർത്തി മാറ്റിയപ്പോഴാണ് സായേട്ടനെ കണ്ടത്.
"""അമ്മേ........."""
സായേട്ടന്റെ അലർച്ച കേട്ട് അമ്മ അകത്തു നിന്നും ഓടി വന്നു.
"""അമ്മയ്ക്ക് നോക്കാൻ വയ്യേ എന്നോട് പറഞ്ഞാ പോരായിരുന്നോ... ഞാൻ നോക്ക്വല്ലോ മോളെ... അമ്മക്കും വേണ്ടാതായോ എന്റെ മോളെ...."" അവസാനിപ്പിക്കുമ്പോൾ സായേട്ടന്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകളടച്ചു കേട്ടു നിന്നു.
ആ....വിഷമം... ആ ദേഷ്യം ഒക്കെ ഞാൻ കാരണമാണ്.
അടർത്തി മാറ്റുമ്പോൾ വേദനിച്ചത് കൊണ്ടാവാം കുഞ്ഞാറ്റ കരയുന്നുണ്ട്. സായേട്ടൻ സാമാധാനിപ്പിക്കുന്നുണ്ട് എന്നിട്ടും കരച്ചിൽ നിറുത്താതെ ആയപ്പോൾ മോളെയുമെടുത്ത് പുറത്തേക്ക് പോയി.
""ആഗ്രഹിച്ച ജീവിതം അല്ലായിരുന്നു ഇത്..സത്യാ... ആ ദേഷ്യായിരുന്നു എല്ലാരോടും... ഗീതുവോട് പോലും ദേഷ്യം തോന്നിപ്പോയി... പക്ഷേ ഇപ്പോ അതൊന്നും എന്റെ മനസിലില്ല സായേട്ടാ... ദയവ് ചെയ്ത് എന്റെ മോളെടുത്തുന്ന് എന്നെ പിരിക്കല്ലെ സായേട്ടാ...""
കട്ടിലിൽ കിടന്ന സായേട്ടന്റെ കാലിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
"" ആർദ്രാ... എന്താ ഈ ചെയ്യുന്നേ..."" സായേട്ടൻ കാലുകൾ വലിച്ചെടുക്കാൻ നോക്കിയതും മുറുകെ പിടിച്ചു. ആ കാലുകളിൽ മുഖം അമർത്തി വെച്ചു. കണ്ണീരിന്റെ നനവ് സായേട്ടന്റെ കാലുകളിലും പടർന്നുണ്ടായിരുന്നു.
"" പ്ലീസ് സായേട്ടാ... വയ്യ... ഇനീം... ഇങ്ങനെ അവഗണന താങ്ങാൻ... ന്നെ മാത്രം സായേട്ടൻ കാണുന്നില്ലാലോ...ഇവ്ടെ ഞാനും കൂടിയില്ലെ.. ഇനീം ഇതൊന്നും ആവർത്തിക്കൂല.. സായേട്ടാ...പ്ലീസ്..""
"" സമയം കുറേ ആയി.... പോയി കിടന്നുറങ്ങാൻ നോക്ക്... നമുക്ക് നാളെ സംസാരിക്കാം..
കണ്ണു തുടച്ച് കിടക്കാൻ നോക്ക്..."""
""ആർദ്രാ.. ഞാൻ പറഞ്ഞല്ലോ...നമുക്ക് സംസാരിക്കാമെന്ന്....""
കിടന്നിട്ടും അവളുടെ ഏങ്ങൽ അവന്റെ കാതോരമെത്തി. അതവനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ അവൻ വീണ്ടും പറഞ്ഞു.
രാവിലെ അടുക്കളയിൽ അമ്മയെ സഹായിച്ചിട്ട് വേഗം മുറിയിലേക്ക് പോയി.
"" മോളുടെ മുഖം കഴുകിക്കണം.. ചെറിയ ചൂടു വെള്ളത്തിൽ കഴുകിച്ചാൽ മതി..""
മോളെ കൈയിൽ കൊടുത്തു കൊണ്ട് സായി പറഞ്ഞു. അവൾ അതിശയത്തോടെ അവനെ തന്നെ നോക്കി. മുഖം കഴുകിച്ച് മോളേം കൊണ്ട് തിരിച്ചു വരുമ്പോഴും സായേട്ടൻ കാത്തിരിപ്പുണ്ടായിരുന്നു.
"" എനിക്ക് ഇന്നു സ്പെഷൽ ക്ലാസുണ്ട്.. എസ് എസ് എൽ സി എക്സാം അടുത്തതല്ലേ.. എന്തെങ്കിലും പറയാനുണ്ടെങ്കിൽ വൈകീട്ട് സംസാരിക്കാം..""
സായേട്ടന്റെ ഷർട്ടും മുണ്ടും അയേൺ ചെയ്തു കട്ടിലിൽ എടുത്തു വെച്ചു. ഒപ്പം കണ്ണടയും.
"" മോളുടെ കാര്യം നോക്കിയാ മതി.. എന്റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്തോളാം..""
അതു കേട്ടപ്പോൾ മുഖം വാടി
""തനിക്ക് ബുദ്ധിമുട്ടാവേണ്ടെന്നു കരുതിയാണ്..."" അവളുടെ മുഖം വാടിയത് കണ്ടതു കൊണ്ട് സായി പറഞ്ഞു.
""ഇന്നു ഞാനൊന്നു വീട്ടിൽ പോയിക്കോട്ടേ...""
"" ആഹ്...പോയിക്കോളൂ...""
സായേട്ടൻ പോയതും അമ്മയോട് പറഞ്ഞ് ഇറങ്ങി.മോളെ കൂട്ടിയില്ല.
"" ഗീതൂ.....ഞാൻ നിന്റെ സായേട്ടനെ സ്നേഹിച്ചോട്ടെ...""
മാപ്പു പറയാനായിരുന്നു ഗീതുവിന്റെ കഴിമാടത്തിൽ വന്നത് പക്ഷേ നാവിൽ വന്നത് ഇതായിരുന്നു.
"" ഗീതൂ...ഞാനെപ്പോഴും ആലോചിക്കാറുണ്ടായിരുന്നു നീ എന്തു കൊണ്ടാ സായേട്ടനെ ഇഷ്ടപ്പെട്ടതെന്ന്...എനിക്കിപ്പോഴും അതിന്റെ കാരണം അറീല ഗീതു..പക്ഷേ ഇപ്പോ ഞാൻ ഒരു കാരണവുമില്ലാതെ സായേട്ടനെ ഇഷ്ടപ്പെട്ടു പോയി..."" ഒരുപാട് നേരം ഗീതുവോട് സംസാരിച്ചു.എന്തിനെയൊക്കെയോ പറ്റി സംസാരിച്ചു പക്ഷേ എല്ലാം അവസാനിച്ച് സായേട്ടനിലായിരുന്നു
അലമാരിയിൽ നിന്നും വയലറ്റ് കളർ സാരി എടുത്തു.അമ്മ കല്യാണത്തിന് വാങ്ങി തന്നതായിരുന്നു.ഇതു വരെ ശരിക്കൊന്നു എടുത്ത് നോക്കുക കൂടി ചെയ്തിട്ടില്ല.സാരി ചുറ്റി..മുടി അഴിച്ചിട്ടു.സായേട്ടൻ വരുന്നത് നോക്കിയിരുന്നു.സായേട്ടൻ വരുമ്പോ തന്നെ കാണാൻ വേണ്ടി മോളേയുമെടുത്ത് മുറ്റത്തു നിന്നു.സായേട്ടൻ അകലെ നിന്നു വരുന്നത് കണ്ടപ്പോൾ തന്നെ ഓടി ചാരത്തണയാൻ തോന്നി.ആദ്യമായി സാരി ഉടുത്തതു കൊണ്ടാവാം അതിശയത്തോടെ ഒന്നു നോക്കി. മോളെ ഒന്നു കൊഞ്ചിച്ച ശേഷം അകത്തേക്ക് പോയി.
അന്നു തൊട്ടു മനസിലാക്കുകയായിരുന്നു സായി നാഥ് എന്ന സായേട്ടനെ.....
ഒന്നിനും നിർബന്ധമില്ല..ഭക്ഷണ കാര്യത്തിൽ പോലും....മിതമായേ സംസാരിക്കൂ...പക്ഷേ ആ സംസാരത്തിലൊക്കെയും സ്നേഹമായിരിക്കും.. എല്ലായിടത്തും കണ്ണെത്തും...
വല്ലാത്ത ക്ഷീണവും മേലു വേദനയും തോന്നി ആദിക്ക്..രാത്രി ആവുമ്പോഴേക്കും പനി വന്നു.പനി പകരേണ്ടാ എന്നു വിചാരിച്ച് തൊട്ടടുത്ത മുറിയിൽ പോയി കിടന്നു.രാത്രി ഇടക്കിടക്ക് വന്നു നോക്കി കൊണ്ടിരുന്നു.പനി കുളിരിനെ തോൽപിച്ചു കൊണ്ട് സായേട്ടന്റെ കൈയുടെ ചൂട് നെറ്റിയിൽ അമർന്നു. പനിച്ചൂടുള്ളൊരു തളർന്ന പുഞ്ചിരി തിരികെ നൽകി.
"" പനി പകരും..സായേട്ടാ...പിന്നെ മോൾക്കും വരും..."'
"' സാരല്ല..."" ആ മുറിവാക്കിൽ പോലും തന്റെ ഉള്ളിലെ പ്രണയത്തെ ഉത്തേജിപ്പിക്കുന്നതറിഞ്ഞു ആദി.
എത്ര ഒളിച്ചു നിന്നിട്ടും കുഞ്ഞാറ്റ ആദിയെ കണ്ടു പിടിച്ചു.സായേട്ടന്റെയും അമ്മയുടെയും കണ്ണു വെട്ടിച്ച് മുട്ടിലിഴഞ്ഞ് ആദിയുടെ മുറിയിലെത്തും
''" സായേട്ടാ....ഞാൻ വീട്ടിൽ പോവാം..എന്നെ കണ്ടാൽ മോള് എന്റെടുത്ത് വരാൻ വാശി പിടിക്കും...വെറ്തേ പനി പകരേണ്ടാ....""
സായേട്ടൻ തന്നെയായിരുന്നു വീട്ടിൽ കൊണ്ടു വിട്ടത്.
"" മരുന്നു കഴിക്കണം...ഞാൻ വിളിക്കാം...""
സായേട്ടൻ പോയത് തൊട്ട് ഫോണും പിടിച്ച് നിന്നു.അമ്മ വഴക്ക് പറഞ്ഞപ്പോൾ പോയി കിടന്നു അപ്പോഴും ഫോണുണ്ടായിരുന്നു കൈയിൽ ഉണ്ടായിരുന്നു.ഭക്ഷണം കഴിച്ചോ..മരുന്നു കഴിച്ചോ ഇതായിരുന്നു ചോദ്യങ്ങൾ.ആ ചോദ്യങ്ങൾക്കായി ഒരു ദിനം കൊഴിഞ്ഞ് ഇരുളാവാൻ കാത്തിരിന്നു.
നാലു ദിവസം കഴിഞ്ഞാണ് തിരിച്ചു പോയത്.ആദ്യമൊരു പിണക്കം കാണിച്ചെങ്കിലും കുഞ്ഞാറ്റ കൈയിലേക്ക് ചേക്കേറി.സായേട്ടൻ വരുന്നതിന് മുൻപ് തന്നെ കിടക്കയെടുത്ത് കട്ടിലിട്ടു.മോളെയും കെട്ടിപിടിച്ചു കിടന്നു.ഒറ്റകണ്ണു തുറന്നു നോക്കിയപ്പോൾ സായേട്ടൻ "ഇതെന്താ.." എന്ന ഭാവത്തിൽ നോക്കി നിൽക്കുന്നുണ്ട്.ഉറങ്ങിയെന്നു കരുതിയതു കൊണ്ടാവും കട്ടിലിൽ വന്നു കിടന്നു.
സായേട്ടന്റെ ഇഷ്ടം പിടിച്ചു പറ്റാനായി എന്തൊക്കെയോ ചെയ്തു.ഗീതു സായേട്ടനെ പറ്റിയും സായേട്ടന്റെ ഇഷ്ടങ്ങളെ പറ്റിയും പറഞ്ഞ സമയത്ത് ഒട്ടും ഇഷ്ടമല്ലാതെയായിരുന്നു കേട്ടിരുന്നത്..ഇപ്പോ അതൊക്കെ ഓർത്തെടുത്ത് അതു പോലെ ചെയ്യാൻ തുടങ്ങി.ഓരോന്നു കാണിച്ചു കൂട്ടുന്നത് കണ്ട് ഇടക്ക് സായേട്ടന്റെ ചുണ്ടിലൂടെ ഒരു ചിരി മിന്നിമറയും.ഒരു നിമിഷത്തിൽ മിന്നി മറയുന്ന ചിരിക്ക് വേണ്ടി തന്നെയാവും ഗീതുവും ഓരോന്ന് ചെയ്തത്.
"" സായേട്ടന് എന്നോട് ഇപ്പോഴും ദേഷ്യാണോ...""
"" എന്തിന്...??? ഒരു ദേഷ്യവും നിന്നോടില്ല..""
"' അപ്പോ..ഇഷ്ടം ഉണ്ടോ..."" മൗനമായിരുന്നു ഉത്തരം.
"" സായേട്ടന് ഒട്ടും സ്നേഹിക്കാൻ പറ്റുന്നില്ലേ...ന്നെ..""
നിറകണ്ണുകളോടെ ചോദിച്ചു.ആഗ്രഹിച്ചത് കിട്ടാതെയാവുമ്പോ മനസ് കുഞ്ഞു പിള്ളേരെ പോലെ പരിഭവിക്കാൻ തുടങ്ങി.
"" ഞാനതിനായി ശ്രമിക്കുവാണ് ആർദ്രാ...""
ശാന്തമായ ഭാവത്തോടെ മറുപടി പറഞ്ഞു.
"" എപ്പോഴെങ്കിലും ന്നെ സ്നേഹിക്ക്വോ...""
കുഞ്ഞുങ്ങളെ പോലെ ചുണ്ടു കോട്ടി, കണ്ണുനീർ തുടച്ചു കൊണ്ട് ചോദിച്ചു.ചിരിയോടെ സ്നേഹിക്കാമെന്ന അർഥത്തിൽ തലയാട്ടി.
"" സായേട്ടാ...അമ്മ വീണെന്നു കുറച്ച് ദിവസം വീട്ടിൽ പോയി നിൽക്കട്ടെ...""
പോയ്ക്കോ ...എന്നു പറയുമ്പോൾ സായേട്ടന്റെ മുഖം മങ്ങിയത് പോലെ തോന്നി.വീട്ടിലെത്തിയതും വീണ്ടും രാത്രിയിലെ ഫോണിനായി കാത്തിരിക്കാൻ തുടങ്ങി.സായേട്ടന് മോളെ പിരിഞ്ഞിരിക്കാൻ പറ്റില്ലാന്നു അറിയാവുന്നത് കൊണ്ട് തന്നെ മോളെ കൂട്ടിയിരുന്നില്ല..രണ്ടു ദിവസം സായേട്ടൻ വിളിച്ചു മൂന്നാമത്തെ ദിവസം വിളിക്കേണ്ട സമയമായിട്ടും വിളിച്ചില്ല.അങ്ങോട്ട് വിളിച്ചിട്ടാണേൽ എടുക്കുന്നില്ല.അമ്മയുടെ ഫോണിലും അതു തന്നെ സ്ഥിതി.മോൾക്ക് വല്ല അസുഖവും...???
ആകെ പേടി തോന്നി..
അവിടെ വരെ പോവാൻ അച്ഛനോട് പറഞ്ഞയാനായി മുറിക്ക് പുറത്തേക്കിറങ്ങിയതും മുറ്റത്ത് കാറിന്റെ ശബ്ദം.ഓടി പോയി നോക്കിയപ്പോൾ സായേട്ടനും കോ ഡ്രൈവർ സീറ്റിൽ നിന്നും ഉറങ്ങുന്ന മോളെയും കൊണ്ട് അമ്മയും ഇറങ്ങി.ഓടി പോയി മോളെ വാങ്ങി.
"" മോൾക്ക് ആർദ്രയെ കാണാഞ്ഞ് ഭയങ്കര വാശി ...അതാ രാത്രി തന്നെ വന്നത്..."" കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ചെറിയച്ചനോടും അച്ഛനോടും സായേട്ടൻ പറഞ്ഞു.
"' മോള് കരഞ്ഞൂന്നുള്ളത് സത്യാ....പക്ഷേ കരഞ്ഞ ക്ഷീണത്തിൽ മോളുറങ്ങി പോയി..പിന്നെ വിഷമം അവനായി...അതാ ഉറങ്ങാൻ കിടന്ന എന്നേം വിളിച്ച് വന്നത്...""
അച്ഛന്റേയും ചെറിയച്ചന്റേയും ഒപ്പം അകത്തേക് നടക്കുന്ന സായേട്ടനെ നോക്കി അമ്മ പറഞ്ഞു.
ഇടക്കെപ്പോഴോ തിരിഞ്ഞു നോക്കിയ സായുടെ ചുണ്ടിൽ ആദിക്കായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു...