രചന: Pratheesh
തമ്മിൽ കണ്ടിട്ട് പതിന്നൊന്ന് വർഷമാകുന്നു,
എല്ലാം അവസാനിച്ചിട്ട് പതിമൂന്ന് വർഷവും !
എത്ര തന്നെ പിണങ്ങിയാലും
അതിന് അര മണിക്കൂറിലധികം ആയുസ്സുണ്ടാവരുതെന്നും,
ഞാൻ മിണ്ടാൻ മടി കാണിച്ചാലും എന്നോടിങ്ങു വന്നു മിണ്ടണമെന്നും
പറഞ്ഞ നിന്റെ ശബ്ദം കേട്ടിട്ടും,
നീയിന്ന് എവിടെയാണെന്ന് അറിയാതെയും ഒരു പതിറ്റാണ്ടിലധികം കഴിഞ്ഞിരിക്കുന്നു,
ഇനി എന്നെങ്കിലും നമ്മൾ തമ്മിൽ കാണുമോ എന്നു പോലും അറിയില്ല,
കണ്ടാലും ഹൃദയം പഴയപോൽ പുഞ്ചിരിക്കുമോയെന്നും,
കാത്തിരുന്ന് കാത്തിരുന്ന് നീയിനി വരില്ലെന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ വേദന ഹൃദയത്തിൽ അങ്ങിനെ തന്നെ ഇന്നും നിലനിൽക്കുന്നു,
നീ മറ്റൊരാളുടെതായി എന്നറിഞ്ഞ നിമിഷം തോന്നിയ വേദന ഇന്നും വാക്കുകൾക്കതീതമായി തന്നെ ഹൃദയത്തിൽ തുടരുന്നു!
നീ മറ്റൊരാളുടെതായാൽ പിന്നീടൊരിക്കലും നിന്നെ തിരഞ്ഞു വരുകയില്ലെന്നും,
കാണാൻ ശ്രമിക്കുകയില്ലെന്നും നിനക്കു തന്ന വാക്ക് നിന്നോടുള്ള ഇഷ്ടത്തിന്റെ അത്ര തന്നെ ശക്തമായി ഇന്നും ഒരു കോട്ടവും തട്ടാതെ എന്നിൽ നില നിൽക്കുന്നു,
വെറുതെയെങ്കിലും ഒന്നു കാണണം എന്നു പലപ്പോഴും തോന്നാറുണ്ടെങ്കിലും അപ്പോഴൊക്കയും വേണ്ടായെന്നു പറഞ്ഞു ഞാനെന്റെ മനസ്സിനെ സമാധാനിപ്പിക്കും,
അതിനപ്പുറത്തേക്ക് മറ്റൊന്നിനും എനിക്കു സാധിക്കാറില്ല !
ഒരു ദിവസം കുറച്ചു പ്രശ്നങ്ങൾ ഉണ്ടെന്നും അതെല്ലാം ഒന്നു ശമിക്കും വരെ കുറച്ചു ദിവസത്തേക്ക് നിന്റെ ഫോൺ ഒാഫാക്കുകയാണെന്നും,
എത്ര വേദനിക്കേണ്ടി വന്നാലും കഷ്ടപ്പെടേണ്ടി വന്നാലും സഹിക്കേണ്ടി വന്നാലും നിന്നിലേക്കു തന്നെ തിരികേ വരുമെന്നും,
ഈ ജന്മം നമ്മൾ ഒരുമിച്ചു തന്നെ ജീവിച്ചു തീർക്കും എന്നും പറഞ്ഞ് പോയ നീ പിന്നീട് വിളിക്കുകയോ മടങ്ങി വരുകയോ ചെയ്തില്ല,
നീ മറ്റാരേയോ വിവാഹം കഴിച്ചെന്ന് പിന്നീടു ഞാനറിഞ്ഞു,
അതറിഞ്ഞ അന്ന് എന്റെ കണ്ണിൽ നിന്നു അടർന്നു വീണത് കണ്ണീർ തുള്ളികളല്ല രക്തത്തുള്ളികൾ തന്നെയായിരുന്നെന്ന് കാലം ഈ നിമിഷം വരെയും എന്നെ ഒാർമ്മിപ്പിച്ചു കൊണ്ടെയിരിക്കുന്നു,
ഒരു സ്വപ്നം നഷ്ടമായതിലല്ല,
അതൊരിക്കലും വീണ്ടെടുക്കാനാവുന്നതല്ല എന്ന തിരിച്ചറിവാണ് ഇന്നും മനസ്സിന്റെ വലിയ സങ്കടം !
എല്ലാം അറിഞ്ഞു കൊണ്ട് ഒത്തുച്ചേർന്നവർ ആയിരുന്നു നമ്മൾ എന്നിട്ടും ഒന്നും അറിയാത്ത ഒരാളായി പെട്ടന്ന് ഒരു നിമിഷം നീ മാറിയതിന്റെ വിലയായിരുന്നു ആ വേർപാട് !
കുറച്ചു നാൾ കഴിയുമ്പോൾ
എല്ലാം പതിയേ മറന്നു പോകുമെന്നു കരുതിയാണ് നീ ഈ അകലം പാലിച്ചു വിട്ടു പോയതെങ്കിൽ നിനക്കു തെറ്റു പറ്റിയിരിക്കുന്നു,
നിന്റെ മുഖം വേരോടിയിരിക്കുന്നത് എന്നും എക്കാലവും ഒാർമ്മകളുടെ പൂമരം തീർക്കുമാറ് എന്റെ ജീവന്റെ അവസാന കണികകളിലൊന്നിലാണെന്ന് നീ മറന്നു പോയി !
എന്റെ മറവിയാണു നീ ആഗ്രഹിച്ചിരുന്നതെങ്കിൽ നീ കൂടെ കൊണ്ടു പോകേണ്ടിയിരുന്നത് നിന്റെ ഒാർമ്മകൾ പേറുന്ന എന്റെ ഹൃദയമായിരുന്നു,
കാണാമറയത്തായിരുന്നാലും
പത്തു പതിറ്റാണ്ടുകൾ കൊഴിഞ്ഞു വീണാലും എന്റെ ഒാർമ്മകൾക്കു മരണം സംഭവിക്കാതെ അവ മാഞ്ഞു പോവുകയില്ലൊരിക്കലും !
ഇന്നും ഞാൻ നിന്നെ ഒാർമ്മിക്കുന്നുണ്ടോ" എന്നു ചോദിച്ചാൽ ഉണ്ടെന്നു തന്നെയാണ് അതിനുള്ള ഉത്തരം.
എന്നിട്ടും ഒരിക്കലും പുറത്തെടുക്കാനാവാതെ ഞാനെന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ തന്നെ ആ ഇഷ്ടം സൂക്ഷിക്കുന്നു,
അതു നിന്നോടുള്ള ഇഷ്ടകുറവു കൊണ്ടല്ല പകരം സ്നേഹം കൂടുന്തോറും നിന്നെ കാണാനുള്ള ആഗ്രഹവും കൂടിവരും എന്നുള്ളതു കൊണ്ടു മാത്രമാണ് !
ചിലപ്പോഴൊക്കെ നിന്റെ രൂപസാദൃശ്യമുള്ള ആരെയെങ്കിലുമൊക്കെ കാണുമ്പോൾ ഒരു ചങ്കിടിപ്പാണ്,
അതു നീയല്ല എന്നറിയുമ്പോൾ ഉള്ളിൽ നിറയുന്നത് സങ്കടമാണോ, സന്തോഷമാണോയെന്നു ഇന്നുമറിയില്ല,
നീയില്ലാതെ കഴിഞ്ഞു പോയ പത്തു വർഷങ്ങൾ,
മഴയായും, വേനലായും, വസന്തമായും, ശിശിരമായും, ഹേമന്തമായും എല്ലാ കടന്നു വന്നെങ്കിലും ഞാനൊന്നും അറിയുന്നുണ്ടായിരുന്നില്ല,
എല്ലാം മനസ്സിനെ കടന്നു പോയിരുന്നു,
നിലാവെളിച്ചം നഷ്ട്ടപ്പെട്ട് കറുപ്പു നിറം മാത്രമായ രാത്രികൾ,
നിർബന്ധിത ആവശ്യങ്ങളുടെ നിറം മാത്രമായ പകലുകൾ,
ആഴക്കടൽ തേടി പോയി പെയ്യുന്ന ഒന്നായ്ച്ചേർന്നു നനയാൻ കൊതിച്ച മഴകൾ,
ആശകളെ ചുരുക്കി തന്റെ ഹൃദയമിടിപ്പുകൾ മാത്രമായി ചുരുങ്ങിയ ഹൃദയം ,
ഇതെല്ലാം ഏറ്റവുമധികം ബാധിച്ചത് സ്വപ്നങ്ങളെയായിരുന്നു ചിറകു നഷ്ടപ്പെട്ട അവ പിന്നീട് പറന്നിട്ടെയില്ല,
മൗനങ്ങളിൽ പോലും നനവു പടർന്നു പോയിരുന്നു,
കാരണം കാലം ഋതുക്കളുമായി ചേർന്നു
ഹൃദയത്തിൽ തുന്നിച്ചേർത്ത മനോഹര ചിത്രമായിരുന്നു എനിക്കു നീ,
പ്രണയം ഒരു വിപ്ലവമാണ്,
ആ വിപ്ലവം നമ്മളോടു തന്നെയാണ് !
അതു നഷ്ടമാവുമ്പോൾ ഒരോ പ്രണയവും അവസാനിക്കും !
മാധവികുട്ടിയുടെ വാക്കുകൾ കടമെടുത്താൽ
"ഇതെന്റെ വാശിയാണ്,
ഭൂമിയിലുള്ള സകലതിനോടും ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണ്,
അയാളെ സ്വന്തമാക്കാൻ !
ഇതാണ് ആമിയുടെ പ്രണയ വിപ്ലവം,
നമ്മൾ മറന്നു പോകുന്നതും !
അതീവ രഹസ്യമായി ഇന്നും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്,
സ്വപ്നങ്ങളെ ചേർത്തു പിടിക്കാതെയും,
മനസ്സിനെ മോഹിപ്പിക്കാതെയും,
ഹൃദയത്തെ തൊട്ടുണർത്താതെയും,
ഋതുക്കളെ കൂട്ടു പിടിക്കാതെയും,
നഷ്ടങ്ങളോടൊപ്പം ചേർത്തു വെക്കാതെയും,
നക്ഷത്രങ്ങളോട് ഉപമിക്കാതെയും ആണെന്നു മാത്രം,
ഇന്നും നിന്നെ ഞാൻ സൂക്ഷിക്കുന്നുണ്ട്,
എന്റെ കൺപ്പീലികൾക്കിടയിലായി, എന്നെന്നെക്കുമായി എന്റെ കണ്ണുകളടയുമ്പോൾ മാത്രം അവസാനിക്കുന്ന പ്രണയമായ് !
ഒരിക്കൽ എന്നിൽ നിന്നു ചിതറിതെറിച്ച കണ്ണീർ കണങ്ങളെല്ലാം ഞാൻ തിരികേ പെറുക്കി എടുത്തു കഴിഞ്ഞു,
ഒാർമ്മിക്കുമ്പോൾ ഹൃദയത്തിൽ ഒരു തേങ്ങലോടെ ചോര പൊടിയുന്ന ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവുണ്ടെന്നതൊഴിച്ചാൽ ബാക്കി എല്ലാം ഇന്നു സാധാരണയിലേക്ക് വന്നു കഴിഞ്ഞു,
എന്നെങ്കിലും നീ അറിയുക
നമ്മൾ സ്വയം തിരഞ്ഞെടുക്കുന്ന ഒരാൾ അവർ നമ്മുടെ ജീവിതശൈലിയുടെ തന്നെ പ്രതിഫലനമാണെന്നത് !
വിട്ടു കളയില്ല എന്ന് ഞാനും,
വിട്ടു പോവില്ലായെന്ന് നീയും തീരുമാനിച്ചാൽ മാത്രമാണ് ഏതൊരു പ്രണയവും മനോഹരമാകുന്നത് !
ചില ആളുകളുണ്ടാവും
അവർ നിങ്ങളെ സ്നേഹിക്കും,
നിങ്ങൾക്കു വേണ്ടി
ഈ ലോകം തന്നെ വിട്ടു തരും,
ഈ ലോകം തന്നെ വിട്ടു പോകും,
നിങ്ങൾ മാത്രമാണ് അവരുടെ ലോകമെന്ന് വിശ്വസിക്കുന്നവരാണവർ,
അവരേക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാനാവില്ല !!!