ഞാൻ ടീച്ചറെ പ്രണയിച്ചോട്ടെ, വാട്സാപ്പിൽ വന്ന ആ സന്ദേശം...

Valappottukal


രചന: ശശീന്ദ്രൻ കുറുക്കോൾ..


തൂമഞ്ഞു പോലെ..


ഞാൻ ടീച്ചറെ പ്രണയിച്ചോട്ടെ....


വാട്സാപ്പിൽ വന്ന ആ സന്ദേശം കണ്ട് ഒന്ന് ഞെട്ടി. 

കൈകൾ വിറച്ചു.

മുഖം ആകെ ഇരുണ്ടു.


ആരാണ്  എനിക്ക് ഇങ്ങനെ ഒരു സന്ദേശം അയക്കാൻ...!!!?

ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്ത ആ മെസ്സേജ് കണ്ടപ്പോൾ മനസ്സൊന്നു കലങ്ങി.


അനിയന്ത്രിതമായ ഒരു വികാരം  ബോധമണ്ഡലത്തിൽ വന്നു പൊട്ടിത്തെറിച്ച് സിരകളിൽ പടർന്നുകയറുന്നുവോ...


കണ്ണുകൾ ആ മെസ്സേജിൽ തന്നെ തറഞ്ഞു നിന്നു .

സൂക്ഷിച്ചു നോക്കി.

താഴേക്ക് സ്ക്രോൾ ചെയ്തു.

ധാരാളം സ്പേസ് ഇട്ടതിനുശേഷം അടിയിൽ ഇങ്ങേനേയും എഴുതിയിരിക്കുന്നു. 


എനിക്ക് നിങ്ങളെ ഇഷ്ടമാണ്.

കാരണം ഒന്നുമില്ല.

വഴിയിൽ തടഞ്ഞു നിര്‍ത്തില്ല.

പ്രേമലേഖനമെഴുതില്ല.

ഒരു യാത്രയ്ക്കോ കോഫി ബാറിലേക്കോ ക്ഷണിക്കില്ല.

നിദ്രാ വേളകളിൽ ചാറ്റിങ്ങിനായി ശ്രമിക്കില്ല.

എന്റെ സന്ദേശങ്ങൾ ഒരിക്കലും  അസ്വസ്ഥപ്പെടുത്തില്ല.

ഒന്നും ചെയ്യില്ല.

പക്ഷേ ഒന്നുണ്ട്.

ഒരാൾ ടീച്ചറെ പ്രണയിക്കുന്നുണ്ടെന്ന് മാത്രം 

അറിഞ്ഞിരിക്കണം .

മറ്റൊന്നും സങ്കൽപ്പിക്കാതെ ഞാൻ  ഇഷ്ടപ്പെടുന്നു.

അതെ,

എനിക്ക്‌ ഇഷ്ട്ടമാണ്... 


ആരാണിയാൾ...?????


വളച്ചൊടിച്ച് ഒരു സാഹിത്യസൃഷ്ടി എനിക്ക് അയക്കാൻ.


സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നാണ്.


നോക്കിയപ്പോൾ ഒന്ന് രണ്ട്  വോയ്സ് കൺവർസേഷൻസ് തമ്മിൽ നടന്നിട്ടുണ്ട്.


ഓണാക്കി. ചെവിയോട് ചേർത്തു.


നമസ്കാരം ടീച്ചർ.

അവിടെ വീട്ടില് പറമ്പില് പണിക്ക് ആളെ വേണമെന്ന് കൃഷ്ണേട്ടൻ പറഞ്ഞിരുന്നു.

ഞാൻ ഈ നമ്പറിൽ കുറെ വിളിച്ചു നോക്കി.

ഫോൺ എടുത്ത് കണ്ടില്ല.

അതുകൊണ്ടാ വാട്സാപ്പിൽ മെസ്സേജ് അയക്കാംമെന്ന് കരുതിയത്.

ഞാൻ നാളെ  അങ്ങോട്ട്‌ പണിക്ക് വന്നോട്ടെ.


അതിന് തന്റെ മറുപടി


ഇന്ന് വൈകിട്ട് അമ്മ ഒരിടം വരെ പോവുകയാണ്.

നാളെ വൈകിട്ടേ തിരിച്ചെത്തൂ.

പണികൾ എന്തൊക്കെയാണെന്നും അത് പറഞ്ഞു തരാനും അമ്മ ഉണ്ടെങ്കിലേ പറ്റൂ.


എങ്കിൽ പിന്നെ അടുത്ത ഞായറാഴ്ച വന്നാലോ...

ഒക്കെ..


മറുപടിയായി  തംപ്നെയിൽ ഉയർത്തിയ ഒരു ഇമോജി.


വീട്ടിൽ പുറം പണിക്കു വന്ന അയാളാണോ ഇപ്പോൾ ഇങ്ങനെയൊരു മെസ്സേജ് എനിക്ക് അയച്ചിരിക്കുന്നത്...??

വന്നുവന്ന് ആരോടും ആർക്കും എന്തും പറയാം എന്നായിരിക്കുന്നോ....?

ആലോചിക്കുന്തോറും മേലാകെ തരിച്ചു കയറുന്നു.


അയാൾക്കെങ്ങിനെ എന്നെ അറിയാം.

ഞാൻ കണ്ടിട്ടു പോലുമില്ല.

ചിലപ്പോൾ എന്നെ കണ്ടിട്ടുണ്ടാവും.

ഈ നാട്ടുകാരനല്ല.

 അത് അമ്മ പറഞ്ഞിരുന്നു.


അന്ന് ഞായറാഴ്ച.

പ്രാതലിനായി  അടുക്കളയിൽ എത്തിയപ്പോഴാണ് അമ്മ പറഞ്ഞത്.


"പണിക്ക് ആള് വന്നിട്ടുണ്ട്.

ഞാൻ മുറ്റമടിക്കുമ്പോൾ ദേ ആള് മുറ്റത്ത് നിക്കണു.

വന്ന പാടെ പണിയും തുടങ്ങി.


ഇത്ര നേരത്തെയോ..?

ആ....

ചിലപ്പോൾ ഉച്ചയാവുമ്പോൾ പോകുമായിരിക്കും.

ഇപ്പോ അങ്ങനെയാണല്ലോ നാട്ടിലെ പണിക്കാര്"


കുട്ടികളുടെ ആൻസർ പേപ്പറുമായി മല്ലിട്ടു കൊണ്ടിരിക്കുമ്പോഴാണ്  തോട്ടിയെടുത്ത് അമ്മ അടുക്കള തോട്ടത്തിൽ നിന്ന് പടർന്നു പന്തലിച്ച കുമ്പള വള്ളിയിൽ നിന്നും കുമ്പളം പൊട്ടിക്കുന്നത് കണ്ടത്.


ഇന്നെന്താ അമ്മേ ഉച്ചത്തേക്ക് മോരുകറി ആണോ...?


ജനലഴികൾക്ക് അടുത്തേക്ക് വന്ന അമ്മ പറഞ്ഞു.


"പത്തുമണി ആവുമ്പോ  അയാൾക്ക് കഞ്ഞി കൊടുക്കാമെന്ന് കരുതീതായിരുന്നു.

വെക്കുന്നതിന് കൂടെ ഇരുന്നാഴി അരി കൂടുതൽ ഇട്ടാൽ പണി ആക്കമായല്ലോന്ന് ഞാനും കരുതി.


അയാൾക്കപ്പോൾ കഞ്ഞി വേണ്ടാത്രേ.


പറ്റിയാച്ചാ,  അവിടെ നിൽക്കണ കുമ്പളം പൊട്ടിച്ച് കഷ്ണങ്ങളായി ചെറുതായി ഉപ്പിട്ട് വേവിച്ച് തരാൻ

പറ്റോന്ന്.

അതും ബുദ്ധിമുട്ടില്ല്യാച്ചാൽ  മതീത്രേ .


ഞാൻ മുൻപൊന്നും കണ്ടിട്ടില്ല അയാളെ.

ഈ നാട്ടുകാരനല്ലെന്നു തോന്നുന്നു.

ഒരു വർത്തമാനോം കൂട്ടോ ഒന്നൂല്ല്യാ...

അങ്ങോട്ടോ ഇങ്ങോട്ടോ ഒരു നോട്ടവുമില്ല.

പണിന്നെ പണി"


ഉച്ചയ്ക്ക് ഉണ്ണാൻ ഇരുന്നപ്പോഴും അമ്മ അത് തന്നെ പറഞ്ഞു. 


"ഒര്ച്ചിരിയേ അയാൾ കഴിച്ചുള്ളൂ.

ഒക്കെ ബാക്കിയായി.

എത്ര വെക്കനേം വൃത്തീലോ ആണൊന്നൊ പണി..

ഒന്നും പറഞ്ഞു കൊടുക്കേണ്ട  ഒരു കാര്യോം ല്ല്യാ."


സന്ധ്യയായപ്പോഴും  പറമ്പിൽ കൊത്തിക്കിളക്കുന്ന ശബ്ദം കേട്ടു.

വള്ളിപ്പടർപ്പുകൾക്കിടയിലൂടെ അങ്ങ് ദൂരെ അയാൾ പണിയെടുക്കുന്നത് കണ്ടു. മുഖം വ്യക്തമല്ല.


"എന്താ അമ്മേ അയാൾ ഉച്ചയ്ക്ക് പോവുന്ന് പറഞ്ഞിട്ട്..?


"നാളെ അയാൾക്ക് വരാൻ പറ്റില്ലത്രേ.

വേറെ ഒരു പണി ഏറ്റിട്ടുണ്ടെന്ന്.

ഇച്ചിരി വൈകീട്ടാണെങ്കിലും തീർത്തിട്ടേ പോകുന്നുള്ളൂന്നാ പറേണേ..

ഇനിയൊരു  ദിവസംകൂടി എടുക്കാനുള്ള പണി  ഇവിടെ ഇല്ലാത്രേ.

കൂടുതൽ ചെയ്യ്ണേന്നു കൂലീല് എന്തെങ്കിലും കൂട്ടി കൊടുത്താൽ മതിയെന്ന്.

ഇന്നത്തെ കാലത്ത് ഇങ്ങനെയുണ്ടാവോ ആൾക്കാര്..

രണ്ടാള് വന്ന രണ്ടീസത്തെ പണി ഉറപ്പാ..."


വളരെ വൈകിയാണ് അന്നയാൾ പണി കഴിഞ്ഞു പോയത്.

എന്തെങ്കിലും പണി ഉണ്ടെങ്കിൽ വിളിച്ചാൽ മതിയെന്നും എന്റെ നമ്പർ ഇവിടെ കാണുമെന്നും അയാൾ പോകുമ്പോൾ അമ്മയോട് പറഞ്ഞു.


സ്കൂളിൽ എത്തിയപ്പോൾ ഏറ്റവും അടുത്ത സുഹൃത്തായ റൈഹാനത്തു ടീച്ചറോട് കാര്യം പറഞ്ഞു.


ഈ ജത്യാള് ഒക്കെ കണക്കെന്നെ.

ഒരു പെണ്ണിന്റെ നമ്പർ കിട്ടിയാൽ മതി. പിന്നെ തുടങ്ങി... തിന്നാ.. കുടിച്ചാ.. കെടന്നാ...

അലവലാതികൾ... 


എന്നാലും ഒരു പരിചയം ഇല്ലാത്ത ഒരാൾക്ക്...? 


മോളെ നിനക്ക് അറിയാൻ വയ്യാഞ്ഞിട്ടാ..

ഇക്കാര്യത്തില് പിഎച്ച്ഡി എടുത്തോരായിരിക്കും ഇവറ്റങ്ങള് ..

ആർക്ക് എങ്ങിനെ എവിടെ കൊടുക്കണമെന്ന് അവർക്ക് നല്ല നിശ്ചയമുണ്ട്.


എന്നാലും ഇങ്ങനെ ഒരു മെസ്സേജ്...!!?


എന്റെ ശാലിനി...


ടീച്ചറല്ലെ കുറച്ച് കട്ടിയിലിരിക്കട്ടെ എന്ന് കരുതിയിട്ടുണ്ടാവും...


ഇതിപ്പോ എംടിയുടെ കഥയിൽ പറഞ്ഞ പോലാണല്ലോ...


ഇങ്ങനെയുള്ളവന്മാരെ കയ്യില് ഇങ്ങനെയുള്ള കുറെ സാഹിത്യങ്ങളൊക്കെ ഉണ്ടാവും.


ഇനിയിപ്പോ അങ്ങനെയൊന്നുമല്ലായെങ്കിൽ  അയാൾ നല്ലൊരു വായനക്കാരൻ ആയിരിക്കണം.

സാഹിത്യം ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം.

 ടീച്ചറെ പോലെ.. 


ഏതായാലും കുറച്ചു ദിവസത്തേക്ക് ഒന്നും ഉണ്ടാവില്ല.

ഒരു പ്രതികരണവും ഇല്ല എന്നറിയുമ്പോൾ അടുത്ത നമ്പറുമായി വരും.


അങ്ങയെന്തെങ്കിലും ഉണ്ടായാൽ നമുക്ക് അപ്പൊ നോക്കാം..


ഇപ്പോൾ ടീച്ചർ അതാലോചിച്ചു നിൽക്കാണ്ട് പോയി ആ കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്ക്‌.


കുട്ട്യോള്  ബഹളം വയ്ക്കുന്നുണ്ടാവും   അവരുടെ സുന്ദരി ടീച്ചറെ കാണാഞ്ഞിട്ട്..


ഇനീപ്പോ  ടീച്ചറുടെ മനസ്സിൽ എങ്ങാനും   അനുരാഗത്തിന്റെ പൊൻകിരണം  പൊട്ടി വി  രി യോ

 മറ്റോ ചെയ്‌തോ .

 ഒരു പ്രത്യേക ഭാവത്തോടെ നിർത്തി നിർത്തി പറഞ്ഞു  റൈഹാനത്തു ടീച്ചർ ശാലിനി ടീച്ചറുടെ വയറിൽ മൃദുവായി ഒന്ന് നുള്ളി .

ഒരു പിടച്ചിലൂടെ ടീച്ചർ ഞെട്ടി മാറി.

അഹ്....ടീച്ചറിതെന്താ കാണിക്കണേ.

ശാലിനി ടീച്ചർ ചുറ്റിൽ നോക്കി.


സ്റ്റാഫ് റൂമിൽ നിന്ന് പുറത്തിറങ്ങിയ റൈയാനത്ത് ടീച്ചർ ഒരടി പിന്നോട്ട് വെച്ച് തല പിന്നിലേക്കാക്കി ചരിഞ്ഞൊന്നു നോക്കി  ഒന്നു പോയി ക്ലാസെടുക്കു ടീച്ചറെ എന്ന മട്ടിൽകൈ കൊണ്ട് ആംഗ്യം കാണിച്ചു.


തിരിച്ചുവരുമ്പോൾ അമ്പലത്തിന്റെ മുന്നിലെ മൈതാനത്ത് കളിക്കുന്നവർക്കിടയിലും ആൽതറയിൽ ഇരിക്കുന്നവക്കിടയിലും കണ്ണുകൾ കൊണ്ട് ഒന്ന് ഓട്ടപ്രദക്ഷിണം നടത്തി..


ആ കൂട്ടത്തിൽ തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ...


 അങ്ങാടിയിൽ  മീൻ കച്ചവടം നടത്തുന്നിടത്തും ചായക്കടയിലും ആളുകൾ  ധാരാളമുണ്ട്.

ആ കൂട്ടത്തിൽ തന്റെ വരവും പോക്കും ശ്രദ്ധിച്ചുകൊണ്ട് ആരെങ്കിലുമുണ്ടോ....?


അസ്വാഭാവികമായി ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല.


വീട്ടിലേക്ക് തിരിയുന്നടത്തുള്ള ലേഡീസ് ടൈലറിംഗ് ഷോപ്പിനു മുകളിലുള്ള മഹാത്മാവായനശാലയിൽ ഒന്നു രണ്ടു ആളുകൾ പുറം തിരിഞ്ഞിരുന്ന് വായിക്കുന്നുണ്ട്.. അതിലൊരാൾ അയാൾ ആയിരിക്കുമോ ? 


അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഓർത്തു.

അമ്മയോട് പറയണോ...

അമ്മയാണ് തനിക്കെല്ലാം.

അമ്മ അറിയാത്തതായി ഒന്നും തന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

അറിഞ്ഞാൽ ചിലപ്പോൾ ദേഷ്യപ്പെടുമോ അതോ സന്തോഷിക്കുമോ....


സഹപ്രവർത്തകരിൽ പലരും ബന്ധുക്കാരിൽ നിന്നും പ്രണയാഭ്യർത്ഥനകളും വിവാഹാലോചനകളും ഒരുപാട് വന്നിട്ടുണ്ട്.

സ്നേഹപൂർവ്വം നിരസിച്ച് അവരെയൊക്കെ നല്ല സുഹൃത്തുക്കളായി കൂടെ കൂട്ടിയിട്ടേ ഉള്ളൂ...


ഈ മുപ്പത്തിയാറാം വയസിലും

സർക്കാർഉദ്യോഗസ്ഥയായ, സൗന്ദര്യത്തിൽ അത്രയൊന്നും കുറവില്ലാത്ത   ഞാൻ വിവാഹമേ വേണ്ട എന്ന് വെച്ച് നിൽക്കുന്നതിൽ എന്റേതായ ചില കാരണങ്ങളുണ്ട്..


ആരോടും പറയാൻ ഇഷ്ടപ്പെടാത്ത എനിക്ക് മാത്രം അറിയാവുന്ന എന്റെ മാത്രം ചില കാരണങ്ങൾ...


രാത്രി കിടക്കുമ്പോൾ ഫോണിൽ മെസ്സേജ് ഒന്നുകൂടി നോക്കി...

വേണ്ട..

ഒരു പരീക്ഷണത്തിന് പോലും അയാൾക്കിനിയൊരു അവസരം കൊടുത്തു കൂടാ .

നമ്പർ ബ്ലോക്ക് ചെയ്തു..


നിദ്ര വന്നു കണ്ണുകളിൽ തഴുകുമ്പോൾ മനസ്സിൽ തെളിഞ്ഞു ആ ദൃശ്യം. 

കൈവെള്ളയിൽ തുപ്പൽ പരത്തി രണ്ട് കൈകൾ കൊണ്ടും ശക്തിയായി ഉരസി തൂമ്പ പിടിക്കുന്ന ബലിഷ്ഠങ്ങളായ രണ്ട് കരങ്ങൾ..


ഛേ..

ശക്തിയിൽ കണ്ണിറുക്കി തലയൊന്ന് വെട്ടിച്ചു കുടഞ്ഞു..


വല്ലാത്തൊരു അസ്വസ്ഥത തന്നിൽ വന്ന് പടരുന്നുവോ .!!!


രചന: ശശീന്ദ്രൻ കുറുക്കോൾ..

 

To Top