രചന: ഭദ്ര രാജേഷ്
ഇടവമാസത്തിലെ കോരി ചൊരിയുന്ന മഴയത്തും വീട്ടിൽ എല്ലാവരും തിരക്കിലാണ്..... ഇന്ന് എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്.. അകത്തളത്തിൽ അച്ഛനോട് അവർ സംസാരിക്കുന്നത് കേൾക്കാം...... ധൃതി പിടിച്ചുള്ള നടത്തത്തിനിടയിൽ എന്റെ പദചലനങ്ങൾ ഒന്ന് തെറ്റിയപ്പോൾ വീഴാതെ നിർത്തിയത് ജനലഴികളായിരുന്നു... ആ നിൽപ്പിൽ... കാറ്റിൽ മുഖത്തേക്ക് വീശി തെറിക്കുന്ന മഴത്തുള്ളികൾ മനസ്സിനെ ഒരുപാട് കാലം പിന്നോട്ട് നയിച്ചു.....
ഓർമകളുടെ തിരകൾ എന്നെ കൊണ്ടുപോയതും ഹൈസ്കൂൾ കാലഘട്ടത്തിലേക്കാണ്......
രണ്ടുമാസത്തെ വേനലവധിക്ക് ശേഷം എട്ടാം ക്ലാസ്സിലേക്ക്..... തല്ലി തൊഴിച്ചു പെയ്യുന്ന മഴയുടെ കൂട്ട് പിടിച്ചാണ് ഹൈസ്കൂൾ വരാന്തയിലേക്ക് കയറി ചെന്നത്.... ക്ലാസുകൾ കണ്ടെത്തേണ്ട തിരക്കും മഴനനച്ച അസ്വസ്ഥതകളുമായി കുട്ടികൾ കൂട്ടം കൂടി വരാന്തയിൽ തിങ്ങി നിന്നിരുന്നു.... പുതിയ സ്കൂളിലേക്ക് തനിച്ചു എത്തിയതിന്റെ പരിഭ്രാന്തി എന്നിൽ നിറഞ്ഞു നിന്നിരുന്നു.... പഴയ കൂട്ടുകാരെ ആരെങ്കിലും കാണണേ എന്നുള്ള പ്രാർത്ഥനയോടെ ആണ് വരാന്തയിലേക്ക് കയറിയത്... കുടമടക്കി തിരിഞ്ഞതും തൊട്ടുമുന്നിലെ പയ്യനെ കേറി തട്ടിയതും ഒരുമിച്ചായി.... വീഴാതെ ചേർത്തുപിടിച്ചുകൊണ്ട്....
"നോക്കി നടന്നൂടെ"
എന്നുള്ള അവന്റെ വാക്കുകളിൽ... പ്രായത്തേക്കാൾ ഗാംഭീര്യം നിറഞ്ഞിരുന്നു.... ഒന്നും മിണ്ടാതെ തല താഴ്ത്തി കൊണ്ട് വേഗം എട്ടാംക്ലാസ് എ യിലേക്ക് വെച്ചടിച്ചു.... പെട്ടന്ന് പിണഞ്ഞ അബദ്ധം മനസ്സിൽ ഉണ്ടാക്കിയ ജാള്യത കുറച്ചൊന്നുമല്ലായിരുന്നു....
ക്ലാസ്സിലേക്ക് കയറി പഴയ കൂട്ടുകാരെ ഒക്കെ കണ്ടപ്പോൾ ആണ് മനസൊന്നു സ്വാതന്ത്രമായത്...
പുതുമയുടെ അപരിചിതത്വം മാറി... സ്കൂളും പരിസരവും സ്വന്തമാകുമ്പോഴാണ് ഓരോ കുട്ടിയും വിദ്യാലയത്തെ നെഞ്ചിലേറ്റുന്നത്..... പിന്നീട് വിദ്യാലയം എന്നത് ഒരു ആഘോഷമായിരിക്കും.... ശരിക്കും ഹൈസ്കൂൾ ജീവിതം ഒരു ആഘോഷം ആയിരുന്നു....
സ്കൂൾ മാറി പോയതുകൊണ്ട്...
മൂന്ന് വർഷങ്ങൾ ക്ക് ശേഷം പഴയ കൂട്ടുകാരിലേക്കുള്ള തിരിച്ചു വരവ്.... എന്നിൽ സന്തോഷത്തിന്റെഅമൃതേകിയിരുന്നു....ഓരോനിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു..
ഉച്ചയൂണിന് ശേഷം കൂട്ടുകാരികളുമായി സ്കൂൾ ചുറ്റി ഒരു കറക്കം ഉണ്ട്.... പലപ്പോഴും ഒമ്പതിലെയും പത്തിലെയും ചേച്ചി ചേട്ടന്മാരെയൊക്കെ പരിചയപ്പെടുന്നതും ആ സമയങ്ങളിൽ ആണ്.... അന്നൊരു ദിവസം ആ ഉച്ചസമയത്താണ് വീണ്ടും മഴയിൽ നനഞ്ഞു കണ്ട ആ മുഖം മുന്നിൽ പ്രത്യക്ഷപ്പെട്ടത്...
അല്പം ജാള്യതയോടെ അഞ്ജലിയുടെ പിറകിലേക്ക് പതിയെ ഞാൻ മാറി നിന്നു.... അഞ്ജലിയോട് വളരെ സൗമ്യമായും എന്നാൽ ഒത്തിരി ഗൗരവത്തോടെ സംസാരിക്കുന്ന ആ മുഖം എങ്ങനെ ആണ് മനസിലേക്ക് കയറിയത് എന്നറിയില്ല ......കക്ഷി അവിടെ നിന്നും പോയപ്പോൾ... പതിയെ ഞാൻ അഞ്ജലിയോട് ആളെ പറ്റി തിരക്കി.... അവളെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിൽ ഒരാളായിരുന്നു ...അതുകൊണ്ട് മുഖവുരയൊന്നുമില്ലാതെ അവൾ വിസ്തരിക്കാൻ തുടങ്ങി... "
"ആ ചേട്ടനോ.... ചേട്ടന്റെ കൂട്ടുകാരനാ, റെജി പത്താം ക്ലാസ്സ് സി യിൽ ആണ്...
ആ ചേട്ടനെ കുറിച്ച് ചേട്ടൻ എപ്പോഴും പറയാറുണ്ട്.. " പിന്നെ അവൾ പറയുന്നതിനൊക്കെ ഒരു മൂളലിൽ എന്റെ മറുപടി ഒതുങ്ങി എങ്കിലും.... കണ്ണുകൾ പുറം തിരിഞ്ഞു പോകുന്ന ആ പത്താം ക്ലാസ്സുകാരനിൽ തന്നെ ആയിരുന്നു....
പിന്നിടെപ്പോഴോക്കയോ ആ വരാന്തകളിൽ വെച്ച് ആ വെള്ളാരംകണ്ണുകളിൽ എന്റെ മിഴികൾ ഉടക്കി എങ്കിലും... ഒരു പുഞ്ചിരിപോലും കൈമാറാൻ സാധിക്കാഞ്ഞത് എന്തുകൊണ്ടെന്ന് ഇപ്പോഴും അറിയില്ല....
പിന്നെയൊരിക്കൽ കാവിലെ ഉത്സവത്തിന്... പിന്നിൽ നിന്ന് ഭദ്രേ.... എന്നൊരു വിളിയിലൂടെ ആണ് ഞങ്ങളിൽ പുഞ്ചിരിയുടെ നറുമലരുകൾ വിടരുന്നത്... ഒരുപാട് പരിചയം ഉള്ളവരെ പോലെ ഒത്തിരി നേരം സംസാരിച്ചു പിരിഞ്ഞപ്പോഴും ഉള്ളിൽ നിറഞ്ഞ അനുഭൂതിയുടെ പേരെന്തായിരുന്നു.....
പിന്നീടങ്ങോട്ട് സൗഹൃദത്തിന്റെ ആയിരം താമരമൊട്ടുകൾ ഞങ്ങൾക്കിടയിൽ വിടർന്നുകൊണ്ടേയിരുന്നു..... സൗഹൃദത്തിനുമപ്പുറം പോകാത്ത വാക്കുകൾ നാവിൻ തുമ്പിൽ വിളയാടിയപ്പോഴും ഹൃദയം പെരുമ്പറ കൊട്ടിയത് എന്തിനായിരുന്നു......
ആ വർഷത്തെ എസ് എസ് എൽ സി ബാച്ച് പിരിഞ്ഞുപോകുമ്പോഴും ആ വെള്ളാരംകണ്ണുകളിൽ എന്തോ വായിക്കാൻ ശ്രമിച്ചു പരാജയപെട്ടവളായി ഞാൻ.....
വേനലവധിയുടെ നാളുകൾക്കു ശേഷം വീണ്ടും സ്കൂളിലേക്ക് പോയപ്പോഴും ഉള്ളിലെവിടെയോ വിരഹത്തിന്റെ വേദന ആഴ്ന്നിറങ്ങുന്നതും ഞാനറിഞ്ഞു....
പ്ലസ് വൺകാരുടെ പ്രവേശനത്തിന്റെ തിരക്കുകൾ സ്കൂളിൽ തകൃതി ആയി നടക്കുന്നു..... പുതിയ കുട്ടികൾക്കിടയിൽ വീണ്ടും ആ വെള്ളാരം കണ്ണുകളിൽ മിഴികൾ ഉടക്കിയപ്പോൾ ഹൃദയം മറ്റൊരു വസന്തം തീർക്കുകയായിരുന്നു.... തുടർന്നുള്ള രണ്ട് വർഷത്തോളം ആ സൗഹൃദം ഹൃദ്യമായി തുടർന്നപ്പോഴും തുറന്നു പറയാനാവാതെ മൗനമെന്ന ചിത്രപേടകത്തിനുള്ളിൽ പ്രണയത്തെ താഴിട്ടു പൂട്ടിയത് എന്തിനായിരുന്നു......
പത്താംക്ലാസ്സിന്റെ ഓട്ടോഗ്രാഫിൽ ഒരു മയിൽപീലി തുണ്ടും.... കൂടെ ഉണ്ടാകും എന്ന രണ്ട് വാക്കും മാത്രം എഴുതി പിരിഞ്ഞു പോയവർ......
പിന്നീട് എന്റെ വിദ്യാഭ്യാസകാലഘട്ടത്തിന്റെ ഇടനാഴികളിൽ പലവുരു തിരഞ്ഞെങ്കിലും ആ വെള്ളാരംകണ്ണുകൾ ഒരിക്കൽ പോലും കണ്ടുമുട്ടിയില്ല...... പതിയെ ഹൃദയത്തിന്റെ ആഴങ്ങളിൽ ചെറിയൊരു നോവിന്റെ അകമ്പടിയോടെ ആ വെള്ളാരം കണ്ണുകളെ വിസ്‌മൃതിയിലേക്ക് തള്ളിവിട്ടപ്പോഴും..... എവിടെയെങ്കിലും ഒരിക്കൽ കൂടി കണ്ടെങ്കിൽ എന്നൊരു മോഹം വൃഥാ തികട്ടി വരുമായിരുന്നു.....
പിന്നീട് അദ്ധ്യാപിക വേഷം ജീവിതത്തിലേക്ക് തിരഞ്ഞെടുത്തപ്പോഴും ഒന്ന് കണ്ടെങ്കിൽ എന്നൊരു മോഹം എന്നെ ചുറ്റി വരിഞ്ഞുകൊണ്ടേയിരുന്നു..... അതുകൊണ്ട് മാത്രം ആകും ജീവിതത്തിലേക്ക് ഒരു കൂട്ട് വേണ്ടേ എന്ന് പലരും ചോദിച്ചപ്പോഴും ആവശ്യപ്പെട്ടപ്പോഴും.... അതിനെ നിരാകരിച്ചത്..... "അച്ഛനും അമ്മയ്ക്കും തുണയായി ഞാനിവിടെ കൂടിക്കൊള്ളാം.... കൂട്ട് വേണം ന്ന് തോന്നുമ്പോൾ പറയാം അച്ഛാ..."എന്നുള്ള മകളുടെ വാക്കുകൾക്ക് മകളെ മനസിലാക്കുന്ന അച്ഛൻ മറുത്തൊന്നും പറയാതിരുന്നതും എന്തിനെന്നറിയില്ല....
ഇന്നിതാ..... വർഷങ്ങൾക്കിപ്പുറം....
ഞാൻ നൽകിയ ഒരു കപ്പ് ചായയുമായി എന്റെ മുന്നിൽ.... ആ വെള്ളാരം കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നുവോ ?
എന്റെ പാദങ്ങൾ വിറക്കാൻ തുടങ്ങി, ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി.... എന്റെ ജീവിതത്തിലേക്ക് കൂട്ടാകുവാൻ..... എല്ലാവരുടെയും അനുവാദത്തിനായി ഒരു പെണ്ണുകാണൽ ചടങ്ങ്.... ഇത് സത്യമോ ?
അതോ സ്വപ്നമോ?
അമ്മയുടെ പിറകിൽ നിന്നുള്ള വിളിയാണ് ആ സ്വപ്ന ലോകത്ത് നിന്ന് ഉണർത്തിയത്
ഞങ്ങൾക്ക് അനുവദിച്ച നൽകിയ പെണ്ണുകാണൽ ചടങ്ങിലെ സ്വകാര്യ നിമിഷത്തിൽ... പഴയ ഓട്ടോഗ്രാഫിൽ മയിൽപീലി തുണ്ടിനൊപ്പം "കൂടെ ഉണ്ടാകും" എന്ന വാക്കുകൾ സാർത്ഥകമാക്കികൊണ്ട്...എന്നോട് പറയുകയാണ്..... "നീ എന്നെ കണ്ടില്ല എങ്കിലും ഞാൻ നിന്നോടൊപ്പം എന്നും ഉണ്ടായിരുന്നു....
പത്താം ക്ലാസ്സിന്റെ പടിയിറങ്ങി പോയ അന്നുമുതൽ നിന്റെ പിന്നാലെ ഒരു നിഴൽ പോലെ ഞാനുണ്ടായിരുന്നു എന്ന്......
തിരിഞ്ഞു നീ നോക്കിയില്ലെങ്കിലോ എന്നുള്ള പേടികൊണ്ടാണ് മൗനമായ്... നീയറിയാതെ കൂടെ നടന്നത് പെണ്ണെ..... " ന്ന്....
നിറയുന്ന മിഴിനീരിനെ പിടിച്ചു നിർത്താൻ ഒരു പാഴ് ശ്രമം നടത്തി പരാജിതയായി ഞാൻ നിൽക്കെ .... ആ മാറിലേക്ക് ചേർത്ത് കൊണ്ട് വീണ്ടും ആ വാക്കുകൾ മാത്രം എന്റെ കാതുകളിൽ പറഞ്ഞു ......
"കൂടെയുണ്ടാകും എപ്പോഴും "......