രചന: Sudhi P
ലീവു കിട്ടി നാട്ടിലെത്തി ആദ്യം പോയത് അമ്പലക്കുളത്തിലേക്കായിരുന്നു... ദുബായിലെ ശീതീകരിച്ച ഓഫീസ് മുറിയേക്കാൾ കുളിര് അമ്പലത്തിലെ ആ പച്ച നിറമുള്ള വെള്ളത്തിനുണ്ടായിരുന്നു...
പണ്ട് ജോലീം കൂലീമില്ലാതെ തെണ്ടി നടന്നപ്പോൾ പുച്ഛിച്ചോരും കളിയാക്കി യോരുമെല്ലാം ഗൂൾഫു കാരനായ എന്നെ കണ്ടു മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിടുന്നത് കണ്ടപ്പൊ തെല്ലഭിമാനം തോന്നാതിരുന്നില്ല.
ഞാൻ ഗൾഫീന്നു കൊണ്ടുവന്ന പെട്ടി പൊട്ടിക്കാൻ നേരമാണ് എനിക്കിത്രേം ബന്ധുമിത്രാധികളുണ്ടെന്ന് സത്യത്തിൽ ഞാനറിഞ്ഞത്.
പണ്ടു പറമ്പിലെ രണ്ടു മാങ്ങാ പൊട്ടിച്ചതിന് എന്നെ ചീത്ത പറഞ്ഞു കാതു പൊട്ടിച്ച വർഗ്ഗീസുമാപ്പിള യും ഒരു ജീരക സോഡ കടം ചോദിച്ചതിനു എന്നെ ആട്ടിയോടിച്ച കവലയിൽ പെട്ടിക്കട നടത്തുന്ന ദാസേട്ടനുമെല്ലാം ഒരു വളിച്ച ചിരിയോടെ എന്റെ വിശേഷങ്ങളറിയാൻ കോലായിലെത്തിയിരിക്കുന്നു...
"അവനുടനേ തിരിച്ചു പോകൂന്നേ... അവിടെ മണിക്കൂറിനല്ലേ അവനു ശമ്പളം... അങ്ങു ദുബായീ ലേ..." - വീട്ടിൽ വരുന്നോരോടൊക്കെ അമ്മ തട്ടി വിടുന്നത് ഞാൻ മുറിയിലെ കട്ടിലിൽ കിടന്നു കേട്ടിരുന്നു.അന്നാ കാട്ടുമുക്കിൽ നിന്നധികമാരും ഗൾഫിൽ പോയിരുന്നില്ല...
''നീ തിരിച്ചുപോകും മുൻപ് നിന്റെ കല്യാണം നടത്തണം.... ബ്രോക്കർമാർ എന്നും ഇവിടെ കയറി ഇറങ്ങണുണ്ട്.. വല്യ വല്ല വീടുകളിലെ നല്ല പഠിപ്പുള്ള പെമ്പിള്ളേർടെ ഫോട്ടോയും കൊണ്ട്...."
-രാത്രി അത്താഴത്തിടെയാണ് അമ്മ അതെന്നോടവതരിപ്പിച്ചത്..
അതിനുത്തരമായി ഒന്നും മിണ്ടാതെ അമ്മയെ ഞാനൊന്നു നോക്കുക മാത്രമാണ് ചെയ്തത്.
"നീയെന്നെ നോക്കി ദഹിപ്പിക്കണ്ട, അവളുടെ കാര്യമാണെങ്കിൽ മോനത് വാങ്ങി വച്ചേക്ക്... എന്തു കണ്ടിട്ടാ... പഠിപ്പോ ഇല്ല... കാര്യം അവൾ നിന്റെ മുറപ്പെണ്ണൊക്കെ തന്നെയാ... നിന്റെ അച്ഛൻ പെങ്ങൾടെ മകൾ... പക്ഷേങ്കി അവരുടെ കിടപ്പാടം പോലും പണയത്തിലാ... പോരാഞ്ഞിട്ട് അവളുടെ താഴെ രണ്ടു പെമ്പിള്ളേരും...
നിനക്കിങ്ങോട്ടൊന്നും കിട്ടൂല്ലാന്ന് മാത്രല്ല അതെല്ലാം നിന്റെ തലേലാകുകയും ചെയ്യും, എന്റെ മോനെ ഞാനാ കുഴീലോട്ട് തള്ളിവിടില്ല.... " - അമ്മ ദേഷ്യത്തോടെ പറഞ്ഞിട്ട് പോയി.
രാത്രി ഉറങ്ങാൻ കിടന്നിട്ടും മനസ്സു മുഴുവൻ അവളായിരുന്നു... ദേവു....
ബന്ധുക്കളുടേയും മറ്റും അത് വാങ്ങണം ഇതു കൊണ്ടുവരണം എന്നൊക്കെപ്പറഞ്ഞുള്ള കത്ത് ഗൾഫിലേക്കു മുറയ്ക്ക് വരുമ്പോഴും ദേവു അയക്കുന്ന കത്തുകളിൽ സമയത്തു ഭക്ഷണം കഴിച്ചോ ശരീരം നോക്കുന്നുണ്ടോ എന്നൊക്കെയുള്ള കണ്ണീരിൽ കുതിർന്ന ചില വാക്കുകൾ മാത്രമാണ് കാണാറ്.
പിന്നെപ്പിന്നെ ആ കത്തുകളും കാണാറുണ്ടായിരുന്നില്ല... എന്റെ തിരക്കുകളിൽ ഒരു ശല്യമാവേണ്ട എന്നു കരുതിയാവും.
മനസ്സു കുറെ കാലങ്ങൾക്കു മുൻപോട്ടു പോയി.
പെട്ടെന്നുള്ള അച്ചന്റെ മരണം മുതലാണ് കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞത്.വീട്ടുകാര്യങ്ങളും പെങ്ങളുടെ കല്യാണവുമെല്ലാം എന്റെ ചുമലിലേക്കെത്തി.
പറമ്പിലെ നാളീകേരത്തിൽ നിന്നും പത്തുപറ നിലത്തെ കൃഷിയിൽ നിന്നും വീട്ടിലുണ്ണാനുള്ളതു മാത്രം കിട്ടിപ്പോന്നുള്ളൂ.
പഠനം നിർത്തി കിട്ടുന്ന കൂലി വേലയ്ക്കു പോകാൻ ഞാൻ തയ്യാറായതാണെങ്കിലും പക്ഷെ അത്യാവശ്യം നന്നായി പഠിച്ചിരുന്ന എന്നെ ദേവു അതിനു സമ്മതിച്ചിരുന്നില്ല..
ദേവു പഠിക്കാൻ അത്ര പോരായിരുന്നു... അതോണ്ടു തന്നെ ഒരു പഴയ തയ്യലുമെഷീൻ വാങ്ങി, പിന്നെ അതിലായിരുന്നു അവളുടെ പഠിപ്പെല്ലാം. അതിൽ ചവിട്ടിയുണ്ടാക്കിയിരുന്നതിൽ നിന്നും മിച്ചം പിടിച്ച കുറച്ചു നാണയത്തുട്ടുകളും മുഷിഞ്ഞ നോട്ടുകളും പലപ്പോഴും കാലിയായ എന്റെ കീശയിലേക്കവൾ ഇട്ടു തരുമ്പോൾ ന്റെ കണ്ണു നിറഞ്ഞിട്ടുണ്ട്.
അവസാനം ഒരു കച്ചിത്തുരുമ്പെന്ന പോലെ കൂടെപ്പഠിച്ച ഒരു ചങ്ങാതിയുടെ അച്ഛൻ വഴി വിദേശത്തു പോകാൻ അവസരം വന്നു...
അതിനുള്ള കാശിനായി ഞാൻ നെട്ടോട്ടമോടിയ നിമിഷം... അന്നീപ്പറഞ്ഞ നാട്ടുകാരും ബന്ധുക്കളുമൊന്നുണ്ടായില്ല ഒന്നിനും...
അഷ്ടിക്ക് വകയില്ലാത്തവൻ വിമാനം കേറെണ്ടെന്നെല്ലാരും പറഞ്ഞപ്പോൾ അവളുടെ ആകെ സമ്പാദ്യമായ പൈസ കൂട്ടി വച്ച ഒരു പഴയ കളിമൺ കുടുക്ക ദേവു എന്റെ നേർക്കു നീട്ടി.. വേണ്ടെന്നു പറഞ്ഞെങ്കിലും നിറഞ്ഞ ചിരിയോടെ അതവളെന്റെ കയ്യിൽ വച്ചു തരികയായിരുന്നു...
അവളുടെ കഴുത്തിലുണ്ടായിരുന്ന ഒരു നേർത്ത സ്വർണമാലക്കു പകരം ഞാനന്നവളുടെ കഴുത്തിൽ കണ്ടത് ഒരു കറുത്ത ചരടായിരുന്നു.
ആ സംശയത്തിനുത്തരം കിട്ടിയത് അവൾ തന്ന മൺകുടുക്ക പൊട്ടിച്ചപ്പോഴായിരുന്നു, മുഷിഞ്ഞ കുറച്ചു നോട്ടുകൾക്കും ചില്ലറകൾക്കുമിടയിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന മലയാണ് ഞാൻ കണ്ടത്...
ഗൾഫിലേക്ക് പോകാൻ നേരം കണ്ണിൽ നിന്നു മായുന്നതു വരെ എന്റെ ടാക്സി കാറിന്റെ പിന്നാലേ ഓടി വന്ന വിയർപ്പും കണ്ണീരും നിറഞ്ഞ മുഖമാണ് ഞാനവസാനമായി അവളിൽ കണ്ടത്.. പഴയ ഓർമകളിൽപ്പെട്ട് ഞാനറിയാതെ ഉറങ്ങിപ്പോയി...
രാവിലെ അമ്മയോട് നിർബന്ധം പിടിച്ചാണ് അമ്മയുമായി ദേവൂന്റെ വീട്ടി ലേയ്ക്ക് പോയത്...
പോകാൻ നേരം അവൾക്കു കൊടുക്കാൻ ഞാൻ കൊണ്ടുവന്ന ഒരു വില കൂടിയ സാരി ഞാൻ പൊതിഞ്ഞെടുത്തെങ്കിലും അമ്മ അതു എന്നോട് വാങ്ങി തിരിച്ച് എന്റെ പെട്ടിയിൽ വച്ചു. പകരം കുറച്ചു ചെറിയ ചോക്കളേറ്റുകൾ മാത്രം പൊതിഞ്ഞെടുത്തു.
ദേവൂന്റെ വീട്ടുപടിക്കൽ എത്തിയതും തയ്യൽ മെഷീൻ കറങ്ങുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു... അവ്യക്തമായി കസേരയിലിരുന്നു തയ്യൽ ചക്രം കറക്കുന്ന ഒരു രൂപവും...
പഠിപ്പുര കടന്ന് വരുന്നഎന്നെ കണ്ടതും അവൾ തയ്യൽ കസേരയിൽ നിന്നെഴുന്നേറ്റു...
അവൾ ഇത്തിരി കുറച്ചു കൂടെ മെലിഞ്ഞിട്ടുണ്ട്... പക്ഷെ കണ്ണിലെ ആ തിളക്കവും നല്ല ഇടതൂർന്ന മുടിയും അതുപോലെ തന്നെയുണ്ട്.
എന്നോട് എന്തൊക്കെയോ ഒരുപാട് ചോദിക്കാനും പറയാനും ഉണ്ടെന്ന് അവളുടെ കണ്ണുകളിൽ നിന്നെനിക്ക് മനസിലായി. എങ്കിലും അവളൊന്നും മിണ്ടിയില്ല... ഒരു ചെറിയ പുഞ്ചിരിയോടെ എന്നെയും അമ്മയേയും ആ പഴയ വീടിന്റെ അകത്തേയ്ക്കിരുത്തി അവൾ അകത്തേക്കുപോയി...
അതിനിടയിൽ പിന്നാമ്പുറത്തു കൂടി അവൾ പുറത്തേയ്ക്ക് ഓടിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
ദേവൂന്റെ അമ്മ അടുക്കളയിൽ നിന്നും വന്നു. ആ വീട്ടിലെ ബുദ്ധിമുട്ട് അവരുടെ കോലം കണ്ടാൽ തന്നെ അറിയാമായിരുന്നു.
അധികം സമയം കഴിയുന്നതിനു മുൻപ് തന്നെ ദേവു രണ്ടു സ്റ്റീൽ ഗ്ലാസുകളിൽ കട്ടൻ ചായയുമായെത്തി... ഒരു പാത്രത്തിൽ പരിപ്പുവടയും.
ഇപ്പോഴാണ് അവൾ പിന്നാമ്പുറത്തു കൂടി വെളിയിലേക്ക് ഓടിയത് കവലയിലെ ചായക്കടയിലേക്കാണെന്ന് എനിക്ക് മനസ്സിലായത്.
പരിപ്പുവട എനിക്കിഷ്ടമാണെന്നവൾക്കറിയാം... അതു വാങ്ങാനോടിയതാ പാവം..ചെറിയ കിതപ്പലോടെ അവൾ ആ മുറിയുടെ ഒരു മൂലക്കായി നിന്നു...
"ഇവനിപ്പൊ ഇതൊന്നും കഴിക്കില്ല...ഈ കട്ടൻ കാപ്പീം കുടിക്കാറില്ല... " - അമ്മ ഇതു പറയുമ്പോൾ അവളുടെ മുഖം വാടുന്നത് ഞാൻ കണ്ടു.
അമ്മ പറഞ്ഞു തീരും മുൻപ് തന്നെ ഞാൻ രണ്ടു പരിപ്പുവടയും കടിച്ച് ദേവു ഉണ്ടാക്കിയ ആ കട്ടൻ കാപ്പിയും ആസ്വദിച്ച് കുടിക്കാൻ തുടങ്ങിയിരുന്നു...അമ്മ രൂക്ഷമായി എന്നെയൊന്നു നോക്കിയെങ്കിലും ഞാനത് കാണാത്ത മട്ടിൽ തീറ്റയും കുടിയും തുടർന്നു...
"ഇവനാകെ കുറച്ചു ദിവസേ ലീവ് ഉള്ളൂന്നേ... അതോണ്ട് പോകുന്നേന്റെ മുന്നെ ഇവനൊരു പെണ്ണിനെ കണ്ടു പിടിക്കണം... പഴേ പോലല്ലല്ലോ ഇപ്പോഴത്തെ അവന്റെ നിലക്കും വിലക്കും ചേരുന്നൊരു ബന്ധം കണ്ടു പിടിക്കണ്ടേ..." - അമ്മ ദേവൂ ന്റെ അമ്മയോടിതു പറയുമ്പോൾ ദേവൂന്റെ കണ്ണുകൾ ചെറുതായൊന്നു നനയുന്നത് ഞാൻ ശ്രദ്ധിച്ചു...
എങ്കിലും അതൊന്നുമറിയാതിരിക്കാൻ തിരിഞ്ഞു നിന്ന് അവൾ നേരിയതിന്റെ തുമ്പു കൊണ്ട് കണ്ണ് തുടച്ച് ഒരു പുഞ്ചിരിയോടെ അമ്മ പറയുന്നത് കേട്ടു നിൽക്കുന്ന അവളെ കണ്ടപ്പോ ചങ്കുതകർന്നു പോയി...
"ഇതിവൻ ഗൾഫീന്ന് കൊണ്ടുവന്ന കുറച്ച് മിഠായിയാ... പിള്ളേർക്കൊക്കെ കൊടുത്തേയ്ക്ക്..." - അമ്മ കൊണ്ടുവന്ന പൊതി ദേവൂ ന്റെ അമ്മയുടെ കയ്യിൽ കൊടുത്തു...
" എന്നാൽ നമുക്കിറങ്ങാം..." - അമ്മ കസേരയിൽ നിന്നെഴുന്നേറ്റു.
"അമ്മേ ഒരു ചടങ്ങും കൂടി ബാക്കിയുണ്ട്.... " - ഞാൻ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ അടുത്തേക്കു ചെന്നു..
കാര്യമറിയാതെ അന്ധാളിച്ചു നിന്ന അവളുടെ കൈ പിടിച്ച് പൂജാമുറിയിലെ കളിമണ്ണു കൊണ്ടുള്ള ഒരു കൃഷ്ണ രൂപത്തിനടുത്തു കൊണ്ടു നിർത്തി.
കുപ്പായത്തിന്റെ കീശയിൽ ഉണ്ടായിരുന്ന ഒരു ചെറിയ താലിമാലയെടുത്ത് ആ വിഗ്രഹം സാക്ഷി നിർത്തി അവളുടെ കഴുത്തിൽ കെട്ടി...
അവിടെയുണ്ടായിരുന്ന കുങ്കുമമെടുത്ത് അവളുടെ നെറ്റിയിൽ ചാർത്തുമ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു....
ലൈക്ക് കമന്റ് ചെയ്യണേ...