രചന: Niranjana Jayesh
"നമ്മുക്ക് പിരിയാം രഞ്ജൻ....!"
ഒട്ടും പതറാതെ തന്റെ കണ്ണുകളിൽ നോക്കി തന്നെ അവളത് പറഞ്ഞ് നിർത്തുമ്പോൾ കൊഴിഞ്ഞു വീണ ഇന്നലെകളിലെ ഓർമ്മകൾ ഒരു പുകമറ പോലെ മുന്നിൽ തെന്നി മാഞ്ഞു. ഇന്നേ വരെ അവളുടെ വാക്കുകൾക്ക് ഇത്രമേൽ ഗാഭീര്യം അറിഞ്ഞിരുന്നില്ല. ഉള്ളിൽ നെയ്തെടുത്ത കിനാവുകൾ പരസ്പരം ഇഴകൾ പിരിഞ്ഞ് കെട്ടി പിണഞ്ഞ് ശ്വാസം മുട്ടിക്കും പോലെ.....
പ്രണയം നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ മറ്റെന്തൊക്കെയോ ഭാവങ്ങൾ തെന്നി നീങ്ങിയോ...?
ഉള്ളിൽ ദേഷ്യം ഇരഞ്ഞ് കയറുന്നുണ്ട്. പാർക്കിൽ വേറെയും ആളുകൾ ഉള്ളത്കൊണ്ട് അവൻ സ്വയം നിയന്ത്രിച്ച് നിർത്തി.
"എന്താടി..... ഒരു ഡോക്ടർ മുന്നിൽ വന്ന് നിന്നപ്പോഴേക്കും എന്നെ വേണ്ടതായോ?"
അവൾ ഒന്നും മിണ്ടിയില്ല. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു. തന്റെ ഗൗരവം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ മിണ്ടാതെ തലതാഴ്ത്തി നിൽക്കുന്ന ഒരു പാവം പെണ്ണ്.... പക്ഷെ ഇന്നവളുടെ നോട്ടമത്രയും തന്റെ കണ്ണുകളിൽ തന്നെയാണ്.
"നിനക്കൊന്നും പറയാൻ ഇല്ലേ മഞ്ജു?"
"എന്താണ് ഞാൻ പറയേണ്ടത് രഞ്ജൻ? ഇത്രയും കാലം പറഞ്ഞില്ലേ ഞാൻ..... ഇനി എനിക്കൊന്നും പറയാൻ ഇല്ല. എന്റെ കല്യാണമാണ്. സൊ ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം."
"അതേടി.... നീയിത് പറയും.... എനിക്ക് പണ്ടേ അറിയാം.....!
അല്ലേലും dr. മഞ്ജരി മോഹന് ഈ വേലയും കൂലിയും ഇല്ലാത്തവൻ ചേരില്ലല്ലോ....! നിനക്കത് കുറച്ചിൽ ആകുമല്ലോ....!"
അവൾ അപ്പോഴും ഒന്നും മിണ്ടിയില്ല.
"ഇന്ന് രാത്രി ഞാൻ നിന്റെ വീടിന്റെ മുന്നിൽ വരും. നീയെന്റെ കൂടെ ഇറങ്ങി വരണം."
ദേഷ്യം അടക്കി നിർത്തികൊണ്ട് അവൻ പറഞ്ഞു.
"പറ്റില്ല."
കൈകെട്ടി നിന്ന് തന്റെ കണ്ണുകളിൽ തന്നെ നോക്കി സംസാരിക്കുന്ന മഞ്ജരി അവനിൽ അത്ഭുതമായിരുന്നു.
തന്റെ ശബ്‌ദമൊന്നുയർന്നാൽ നിറകണ്ണുകളോടെ നിന്നിരുന്ന പെണ്ണാണ്, തന്റെ വാക്കുകൾക്കപ്പുറം ഒരു തീരുമാനവും കൈ കൊള്ളാത്തവൾ.... ഇന്ന് ആ കണ്ണുകളിൽ തനിക്കൊരു സ്ഥാനമില്ലെന്ന് അവൻ മനസ്സിലാക്കി.
"നൈസ് ആയി എന്നെയങ്ങു തള്ളി മാറ്റുവാ... അല്ലേടി? ഉള്ള് നിറയെ നിന്നെ കൊണ്ട് നടന്നതല്ലെടി ഞാൻ.... എന്നിട്ടും നിനക്കിപ്പോ എന്നെ വേണ്ട..."
രഞ്ജന്റെ ശബ്ദവും ഇടയിരുന്നു. മഞ്ജു മൗനമായി അവനെ ഉറ്റ് നോക്കിയതെ ഉള്ളൂ.
"നീ പോടീ..... ആ കാശ്ക്കാരന്റെ കൂടെത്തന്നെ പോ....! പക്ഷെ.... ഒന്ന് നീ ഓർത്തോ.... അവന്റെ കൂടെ നീയൊരുകാലത്തും സമാധാനം അനുഭവിക്കില്ല.... നിന്റെ ശരീരത്തിലെ ഓരോ അണുവിലും പണ്ടേക്ക് പണ്ടേ ഞാൻ കലർന്ന് പോയതാണ്.... അത് എത്രമായ്ച്ചാലും തേച്ചാലും പോകില്ലെടി..."
മഞ്ജുവിന്റെ മനസ്സൊന്ന് പിടഞ്ഞു. ഉള്ളിൽ എന്തെയില്ലാത്തൊരു വേദന നിറഞ്ഞു. എങ്കിലും അവൾ പതറാതെ പിടിച്ച് നിന്നു. കൈയിലുള്ള ഇൻവിറ്റേഷൻ ലെറ്റർ അവൾ അവനെ ഏല്പിച്ചു.
"ആളെ നീ അറിയും. Dr. ജിതിൻ, my colleague."
അതുകൂടെ കേട്ടതും രഞ്ജനിൽ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടു. അവന്റെ കൈ മഞ്ജുവിന്റെ കവിളിൽ ആഞ്ഞ് പതിഞ്ഞു. പക്ഷെ അത് പ്രതീക്ഷിച്ച പോലെ ആയിരുന്നു അവളുടെ നിൽപ്.
"നാണമുണ്ടോടി നിനക്കിത് എന്നോട് വന്ന് പറയാൻ? അപ്പൊ ഇത്രയും നാൾ ഞാൻ കരുതിയതെല്ലാം സത്യമായിരുന്നു എന്ന് നീ തന്നെ ഇപ്പോൾ തെളിയിച്ചു.... നീയെന്നെ ചതിച്ചു... പോടീ.... നീ അവന്റെ കൂടെ തന്നെ പൊക്കോ. നിന്നെ പോലെയൊരു പെണ്ണിനെ എനിക്കും വേണ്ട.... പക്ഷെ അവന്റെ കൂടെ ജീവിക്കുമ്പോഴും എന്റെ വിഴിപ്പ് മാത്രമായിരിക്കും നീ. ഒരേ സമയം രണ്ട് പുരുഷന്മാരെ ചതിക്കുന്നവൾ. പോടീ..... എങ്ങോട്ടാ എന്ന് വെച്ചാൽ പോ...."
അവളെ തള്ളി മാറ്റി രഞ്ജൻ മുന്നോട്ട് നടന്നു. അവൻ കണ്ണിൽ നിന്നും മറഞ്ഞതും പിടിച്ച് കെട്ടിയ കണ്ണുനീർ തുള്ളികൾ ചാലുകൾ തീർത്ത് ഒഴുകിയിറങ്ങി. മുഖം പൊത്തി കരഞ്ഞ്കൊണ്ട് മഞ്ജു അവിടെ ഇരുന്നു. രഞ്ജൻ പറഞ്ഞ് തീർത്ത ഓരോ വാക്കുകളും അവളിലെ പെണ്ണിനെ ചുട്ട് പൊളിച്ചിരുന്നു. തോളിൽ ആരുടെയോ കൈകൾ അമർന്നപ്പോൾ അവൾ തിരിഞ്ഞ് നോക്കി. പിന്നിൽ ചിരിയോടെ നിൽക്കുന്ന ജിതിനെ കണ്ട് അവൾക്ക് സങ്കടം വർധിച്ചു.
"ജിത്തു, ഞാൻ ഒരു ചീത്ത പെണ്ണായി പോയല്ലോ ജിത്തു..... നിനക്ക് മാത്രമായി നൽകാൻ എന്റെ കൈയിൽ ഒന്നുമില്ല.... ഒരു ഭാര്യക്ക് വേണ്ട പവിത്രത ഒന്നും എന്നിൽ ഇല്ല.... എല്ലാം അറിഞ്ഞിട്ടും എന്തിനാ നീ ഇങ്ങനെ?"
ജിതിൻ പുഞ്ചിരിയോടെ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി. അവന്റെ വിരലുകൾ പതിഞ്ഞ കവിളിൽ മൃതുവായി തലോടി.
"ഞാൻ വേണമെങ്കിൽ ഈ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞ് മാറാം മഞ്ജു, പക്ഷെ എന്തൊക്കെ സംഭവിച്ചാലും മറ്റൊരു താലിക്ക് മുന്നിൽ നിനക്ക് ശിരസ്സ് കുനിക്കേണ്ടി വരും. അത് ഉറപ്പാണ്. അപ്പോൾ നീ എന്ത് ചെയ്യും?"
അതിനവൾക്കും മറുപടി ഉണ്ടായിരുന്നില്ല. രണ്ട് അറ്റാക്ക് കഴിഞ്ഞ് കിടക്കുന്ന അച്ഛന്റെ മുഖം അവളെ കുത്തി നോവിപ്പിച്ചു. കാലങ്ങളായി നെഞ്ചിലേറ്റി നടന്ന ഏട്ടന്റെ വിശ്വാസം അവളെ തളർത്തി കളഞ്ഞു.
"അവൻ പറഞ്ഞത് ഞാൻ കേട്ടു. നീ അവന്റെ കൂടെ പോകുന്നോ മഞ്ജു? നിനക്ക് സമ്മതം ആണെങ്കിൽ ഇന്ന് രാത്രി തന്നെ നിനക്ക് വീട്ടിൽ നിന്ന് ഇറങ്ങാം. ഞാൻ കൂടെ നിൽക്കാം എന്തിനും..., ഒരു രജിസ്റ്റർ ഓഫീസിൽ വെച്ച് നിങ്ങളുടെ വിവാഹവും നടത്താം..."
"ജിത്തു..."
മഞ്ജു ഞെട്ടലോടെ അവനെ വിളിച്ചു.
"കഴിയില്ല അല്ലെ മഞ്ജു,,, നീയൊരു പാവമാണ്... സ്നേഹിക്കാൻ മാത്രം അറിയുന്നവൾ.... ഈ ഒരു നിമിഷത്തിൽ നിന്റെ മുന്നിൽ ഒരു വഴി മാത്രമേ ഉള്ളൂ. ഒന്നുകിൽ നിന്റെ പ്രണയം നെടുക. അല്ലെങ്കിൽ വീട്ടുകാരെ സന്തോഷമാക്കി നിർത്തുക. എന്ത് തന്നെ ആണെങ്കിലും ഞാനുണ്ടാകും നിന്റെ കൂടെ. നിന്നെ കെട്ടാൻ പോകുന്നവൻ എന്നതിൽ ഉപരി ഒരു സുഹൃത്തായി കൂടെ തന്നെ ഉണ്ട്."
മഞ്ജു കുറച്ച് നേരം കണ്ണുകൾ അടച്ച് ജിതിന്റെ തോളിൽ ചാരിയിരുന്നു. മനസ്സിൽ ചിന്തകൾ തമ്മിലുള്ള ഏട്ടുമുറ്റലിൽ ഹൃദയം നൊന്ത് പിടയുന്നുണ്ട്..... ഒരു തീരുമാനം എടുക്കുവാൻ ആകാതെ അവൾ തളർന്ന് പോയി. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലും രഞ്ജന്റെ മുഖം മുന്നിൽ തെളിഞ്ഞ് നിന്നു.
"എന്തിനാണ് രഞ്ജൻ നീ ഇങ്ങനെയെല്ലാം ചെയുന്നത്? ഒരിക്കലും നീയെന്റെ പ്രണയം മനസ്സിലാക്കിയിരുന്നില്ല.... നിനക്ക് വേണ്ടി നിന്നെ അനുസരിക്കുന്ന ഒരുവൾ എന്നതിൽ ഉപരി എന്റെ ഇഷ്ടങ്ങളെ കുറിച്ച് നീ എന്നെങ്കിലും ചിന്തിച്ചിരുന്നുവോ രഞ്ജൻ? നിന്റെ ആഗ്രഹങ്ങളെ പരാതികൾ ഇല്ലാതെ സാധിച്ച് തരുമ്പോഴും എന്റെ മനസ്സ് നീയറിഞ്ഞിരുന്നോ? "
കാർ ട്രാഫിക്കിൽ നിർത്തിയപ്പോൾ മഞ്ജു കണ്ണുകൾ പുറത്തേക്ക് പായിച്ചു. ബൈക്കിൽ പരസ്പരം ചേർന്നിരുന്ന് തമാശകൾ പറയുന്ന രണ്ട് പേരെ കണ്ടതും അവളുടെ ഉള്ളം വീണ്ടും പിടഞ്ഞു. ഓർമകൾക്ക് മുകളിൽ പ്രണയം നൽകിയ നിമിഷങ്ങൾ ഒരു നോവായി പടർന്നു കയറി.... ആദ്യമായി രഞ്ജനെ കാണുന്നത് മുതലുള്ള കാര്യങ്ങൾ അവളുടെ മനസ്സിൽ തെളിഞ്ഞ് വന്നു.
"ഇല്ല രഞ്ജൻ, നിന്റെ ഓർമകളിൽ നിന്ന് എനിക്കൊരു മോചനം സാധ്യമല്ല. എല്ലാം അറിഞ്ഞിട്ടും ഈ മനുഷ്യൻ എനിക്ക് വേണ്ടി ജീവിതം നൽകുന്നു.... ഇത്രയും നിർദോഷിയായി പോയി ഞാൻ ജിത്തു...! ഒന്നിനും ഉള്ള അർഹത ഇല്ലാത്തവൾ ആയിപോയി ഞാൻ."
മഞ്ജു കണ്ണുകൾ അടച്ചിരുന്നു.ജിതിൻ വീടിന്റെ മുന്നിൽ കാർ നിർത്തി കൊടുത്തു. അടുത്തടുത്ത വീടുകൾ ആയിരുന്നു അവരുടേത്.
"നീ വരുന്നില്ലേ ജിത്തു?"
"ഇപ്പോൾ ഇല്ലാ. വൈകിട്ട് വന്നേക്കാം. പിന്നെ നീ പോയി കുറച്ച് നേരം റിലാക്സ് ചെയ്യ്... എന്താണേലും ഞാൻ ഉണ്ടാവും നിന്റെ കൂടെ."
അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി അകത്തേക്ക് നടന്നു. ആർക്കും മുഖം കൊടുക്കാതെ മുറിയിൽ കയറി കിടന്നു. മനസ്സൊരു പട്ടം കണക്കെ ദിശയറിയാതെ സഞ്ചരിക്കുന്നുണ്ട്.
എന്തിനാണ് ഹൃദയമേ പ്രണയത്തിൻ വിഹായുസ്സിലേക്ക് നീ ചേക്കേറിയത്? ഇന്നവിടെ വേർപാടിന്റെ ഇരുണ്ട മേഘങ്ങൾക്കിടയിലെ ജല്പനങ്ങൾ മാത്രം അവശേഷിക്കുന്നു....., അതിൽ നിന്നും കിനിയുമാ നീർതുള്ളികളിൽ നോവിന്റെ ഉപ്പ് രസം അലിഞ്ഞ് ചേർന്നിരിക്കുന്നു.
അവൾ കണ്ണുകൾ അടച്ച് മൗനമായി കരഞ്ഞു. പിന്നിട്ട നാല് വർഷങ്ങളിൽ താൻ എത്രമാത്രം മാറിപ്പോയി...., എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു...., കുടുംബത്തിൽ നിന്ന്, സൗഹൃദങ്ങളിൽ നിന്ന്, പിന്നെ.... നീ അറിയാതെ പോയ എന്നിൽ നിന്ന്...
അവസാന വരികൾ മനസ്സ് പലയാവർത്തി അലറമുറയിട്ട് പറയുമ്പോൾ അവളുടെ കണ്ണുകൾ ഫോണിലെ വാൾപേപ്പറിൽ ഓടിനടന്നു. ചിരിയോടെ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന രഞ്ജൻ...!
നിന്റെ ഈ പുഞ്ചിരികളിൽ മാത്രമായി എന്റെ ലോകം ചുരുങ്ങിപോയത് എങ്ങനെയാണ് രഞ്ജൻ? പ്രണയം ഇത്രമേൽ എന്നെ പൊട്ടിയാക്കിയത് എങ്ങനെയാണ്? ഇന്നൊരു തീരുമാനം കൈകൊള്ളുവൻ പോലും എനിക്കാവതില്ല..... അത്രയും ഞാൻ മാറിപോയിരിക്കുന്നു.
മുറിക്ക് പുറത്ത് നിന്നും ഏട്ടന്റെ ശബ്‌ദം കേട്ട് അവൾ കണ്ണുകൾ തുടച്ച് ഡോർ തുറന്നു.
"എന്താ ഏട്ടന്റെ കുട്ടിക്ക് പറ്റിയത്?"
മഞ്ജുവിനെ ചേർത്ത് നിർത്തികൊണ്ട് അവൻ ചോദിച്ചു. ഉള്ളിലെ നൊമ്പരമല്ലാം അവൾ ആ സഹോദര ഹൃദയത്തിന്റെ ചൂടിൽ ഒഴുക്കി വിട്ടു.
"ഏട്ടാ.... രഞ്ജൻ.... അവനെ... അവനെ തരുവോ എനിക്ക്?"
നിറ കണ്ണുകളോടെ അവൾ ചോദിച്ചതും അവന്റെ മുഖം മങ്ങി.
"ഞങ്ങളെ വേണ്ടാന്ന് വെച്ച് പോകുവോ കുഞ്ഞി നീ അവന്റെ കൂടെ?"
"അങ്ങനെ പോകുവോ ഏട്ടാ ഈ കുഞ്ഞി? അങ്ങനെയൊരു മനസ്സ് ആയിരുന്നു എനിക്കെങ്കിൽ ഞാനിന്ന് ഇത്രയും വേദനിക്കുവോ? എനിക്ക് എല്ലാവരെയും വേണം ഏട്ടാ..... അവനെയും വേണം.... സഹിക്കണില്ല ഏട്ടാ....!"
അവൻ അവളെ തന്റെ മാറോട് അടക്കി നിർത്തി.
"കുഞ്ഞി ഒന്ന് ഞാൻ ചോദിക്കട്ടെ നിന്നോട്...., അവൻ നിന്റെ പ്രണയത്തിന് വേണ്ടി എന്ത് ചെയ്തു?"
മഞ്ജുവിന്റെ മുഖം താണു...., ഉത്തരം അവളുടെ പക്കൽ ഇല്ലായിരുന്നു.
"എന്നെ.... എന്നെ പ്രണയിച്ചു."
അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു.
"പ്രണയിച്ചുവോ ഇല്ലയോ എന്നല്ല....!ആ പ്രണയം കാത്ത് സൂക്ഷിക്കാൻ ഇന്നേ വരെ അവൻ എന്തെങ്കിലും ചെയ്തിരുന്നോ?"
ഇല്ലെന്നാണ് മറുപടി എങ്കിലും ആ വാക്കുകളോട് അവൾക്കെന്തോ വെറുപ്പ് തോന്നിയിരുന്നു.
"ഇല്ലല്ലേ കുഞ്ഞി....., നീ നേരേ മറിച്ചൊന്ന് ചിന്തിച്ച് നോക്ക് കുഞ്ഞി. നീ അവന് വേണ്ടി എന്തെല്ലാം ചെയ്തുകൂട്ടി എന്ന്....? കഴിഞ്ഞ നാല് വർഷങ്ങളിൽ എനിക്കെന്റെ പഴയ കുറുമ്പി പെങ്ങളെ നഷ്ടമായി.... അമ്മക്ക് അമ്മയുടെ വായാടിയെ നഷ്ടമായി, എല്ലാത്തിലും ഉപരി.... ജിതിൻ.... നിന്റെ ജിത്തു, അവനെ വരെ നീ മാറ്റി നിർത്തി.... ഇപ്പോൾ വീട്ടിക്കാരോട് നീ കാട്ടുന്ന വാശി.... അമ്മാവൻ നിന്നെ എത്ര തല്ലി, കുത്ത് വാക്കുകൾ പറഞ്ഞു, എല്ലാം നീ സഹിച്ചത് അവന് വേണ്ടിയല്ലേ... നിന്റെ രഞ്ജന് വേണ്ടി....!"
മഞ്ജുവിന് മറുപടി ഉണ്ടായിരുന്നില്ല. കാരണം എല്ലാം സത്യമാണ്....എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞത് രഞ്ജന് വേണ്ടിയാണ്.... മഞ്ജുവിനെ കണ്ണാടിക്ക് മുന്നിൽ നിർത്തി അവൻ പിന്നിൽ വന്ന് നിന്നു.
"നീ കാണുന്നുണ്ടോ കുഞ്ഞി നിന്നെ...., അറിയുന്നുണ്ടോ നിന്നിലെ മാറ്റങ്ങൾ? ഇന്ന് ഈ കാണുന്ന മഞ്ജരി മോഹൻ ഏട്ടന്റെ കുഞ്ഞിയല്ല, പകരം രഞ്ജന്റെ മഞ്ജു മാത്രം.... അവൻ ആഗ്രഹിച്ച രൂപമാണിത്. അവൻ ആഗ്രഹിച്ച വസ്ത്രം, ആഭരണം, സംസാരം...., അങ്ങനെ ഓരോന്നും അവന്റേത് മാത്രമാണ്..... നിങ്ങൾക്കിടയിൽ നിന്റേതെന്ന് പറയുവാൻ അവൻ എന്താണ് കുഞ്ഞി മാറ്റി വെച്ചത്?"
കാണ്ണാടിയിലൂടെ കാണുന്ന ചുമരിൽ ഫ്രെയിം ചെയ്ത് വെച്ച അവളുടെ പഴയ രൂപത്തിലേക്ക് ഒരു വേള കണ്ണുകൾ തറഞ്ഞ് നിന്നു.
"ഞാനും പ്രണയിച്ചിട്ടുണ്ട് കുഞ്ഞി.... പ്രണയത്തിന്റെ വില എനിക്ക് അറിയാവുന്നതും ആണ്. നിന്റെ ഏട്ടത്തിയെ കൈപിടിച്ച് കൊണ്ടുവന്നതും അത്കൊണ്ടാണ്.
പ്രണയിക്കുമ്പോൾ പരസ്പരം അതിരുകൾ തീർക്കുകയല്ല വേണ്ടത് കുഞ്ഞി,
giving space to each other inside your love..... അങ്ങനെ ആയിരിക്കണം പ്രണയം....! പ്രണയത്തിന് വേണ്ടി സ്വയം മാറ്റങ്ങൾ കൈകൊള്ളുന്നവരാണ് പലരും., പക്ഷെ കുറച്ച് മുന്നോട്ട് പോരുമ്പോൾ പാതിയിലെങ്ങോ നഷ്ടമായ നമ്മളെ കുറിച്ച് മനസ്സ് വിലപിച്ചാൽ അന്ന് മുതൽ ആ ബന്ധവും തകർന്ന് തുടങ്ങും. ഇപ്പോൾ നിനക്ക് സംഭവിച്ച്കൊണ്ടിരിക്കുന്നതും അത് തന്നെയാണ്."
മഞ്ജുവിന്റെ ശിരസ്സ് താണു. ശരിതെറ്റുകൾ തമ്മിലുള്ള ഏട്ടുമുട്ടലിൽ അവൾ തളർന്ന് പോയിരുന്നു.
"കുഞ്ഞി.... ജിതിൻ പാവമാണ്. നിന്നെ പൊന്ന് പോലെ നോക്കിക്കോളും.... ഒരു സഹോദരനും ജോലി ഇല്ലാത്തൊരാൾക്ക് തന്റെ പെങ്ങളെ കൈപിടിച്ചയക്കാൻ കഴിയില്ല. ഞാൻ നിന്റെ ഏട്ടത്തിയെ പത്താം ക്ലാസ്സ് മുതൽ സ്നേഹിക്കുന്നുണ്ട്. ഇന്നേവരെ അവളുടെ ഇഷ്ടങ്ങളിൽ ഇന്റർഫെർ ചെയ്തിട്ടില്ല. Because i trust her...., ഇന്നും അങ്ങനെ തന്നെ.... ഒരു കല്യാണലോചനയുമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ഇവിടെ രഞ്ജന് അങ്ങനെയാണോ? അവന്റെ ജാതി വേറെയാണ്, ഫിനാൻഷ്യലി ബുദ്ധിമുട്ടുന്ന ഫാമിലി ആണ്. അതൊന്നും ഞങ്ങൾക്കൊരു പ്രശ്നം ആയിരുന്നില്ല. അവനൊരു ജോലി നേടി ഈ പടികടന്ന് വന്നിരുന്നെങ്കിൽ."
മഞ്ജു തിരിഞ്ഞ് നിന്ന് ഏട്ടനെ കെട്ടിപിടിച്ചു.
"ഞാൻ മോളെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ചില കാര്യങ്ങൾ നീ അറിയേണ്ടതുണ്ട്. നമ്മുടെ അച്ഛൻ പാവമാണ് കുഞ്ഞി.... നിന്നെ കുറിച്ചുള്ള ആധിയാണ് ആ മനസ്സ് നിറച്ചും. എന്റെ കുഞ്ഞി ചിന്തിച്ച് ഒരു തീരുമാനം എടുക്കണം."
അത്രയും പറഞ്ഞ് മഞ്ജുവിന്റെ നെറുകിൽ ചുംബിച്ച് അവൻ മുറിവിട്ടിറങ്ങി.
"പാടിലായിരുന്നു രഞ്ജൻ.... ഒന്നിന്റെ പേരിലും എന്നെ നിർവചിക്കുവാൻ നിനക്ക് ഞാൻ അനുമതി നൽകാരുതായിരുന്നു."
രാത്രിയിൽ ഭക്ഷണം കഴിച്ച് മുറിയിൽ ചെല്ലുമ്പോൾ ഫോൺ നിർത്താതെ റിങ് ചെയുന്നുണ്ടായിരുന്നു. സ്‌ക്രീനിൽ തെളിഞ്ഞ രഞ്ജന്റെ മുഖം കണ്ടതും അവളുടെ ഉള്ളൊന്ന് പിടഞ്ഞു. പിന്നെ കണ്ണുകൾ അടച്ച് കാൾ അറ്റന്റ് ചെയ്തു.
"മഞ്ജു.... ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ പോകുവാ... നീ എന്റെ കൂടെ വരണം. ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് മഞ്ജു.... എനിക്ക് നീയില്ലാതെ പറ്റില്ല."
"എന്റെ വീട്ടുക്കാർ ഇല്ലാതെ എനിക്കും പറ്റില്ല രഞ്ജൻ."
"നിനക്ക് ഞാനാണോ വലുത് നിന്റെ വീട്ടുകാർ ആണോ?"
"എന്റെ വീട്ടുകാർതന്നെയാണ് രഞ്ജൻ..."
"എന്റെ സ്നേഹത്തിന് ഒരു വിലയും ഇല്ലേ മഞ്ജു?"
അവന്റെ ശബ്‌ദം വല്ലാതെ ഇടറിയിരുന്നു
"നീ എന്റെ സ്നേഹത്തിന് ഒരിറ്റ് വില കല്പിച്ചിരുന്നെങ്കിൽ ഒരിക്കലും ഇന്ന് ഈ ഒരവസ്ഥയിൽ ഞാൻ എത്തി നിൽക്കില്ലായിരുന്നു രഞ്ജൻ."
"നിനക്കെന്ത് അവസ്ഥ? സുഖം സ്വസ്ഥം.... കല്യാണവും കഴിഞ്ഞ് മറ്റവന്റെ കൂടെ അടിപൊളി ജീവിതം. ഇതിൽ വേദനിക്കുന്നതും അനുഭവിക്കുന്നതും എല്ലാം ഞാൻ മാത്രം ആണ്."
"അതെ..... അന്നും നീ ഇങ്ങനെ ആയിരുന്നല്ലോ..... നിന്റെ വേദന.... നിന്റെ സന്തോഷം.... എല്ലാം നിന്റെ നിന്റെ നിന്റെ...."
"ഞാൻ എന്ത് ചെയ്‌തെന്ന മഞ്ജു നീ ഈ പറയുന്നത്?"
"നീ ഒന്നും ചെയ്തില്ല രഞ്ജൻ.... ഒന്നും ചെയ്തില്ല. അത് തന്നെയാണ് പ്രശ്നം. ഇപ്പോൾ സമയം കഴിഞ്ഞ് പോയി. ഇനി എനിക്കും ഒന്നും ചെയ്യാൻ കഴിയില്ല. ബൈ...!"
അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയുമ്പോൾ ഒഴുകിയിറങ്ങിയ മിഴിനീർ കണങ്ങളെ വാശിയോടെ തുടച്ച് മാറ്റി.
*******
പിന്നീട് എല്ലാം പെട്ടന്നായിരുന്നു. മനസ്സ് സമ്മതിച്ചില്ലെങ്കിലും അവൾ എല്ലാവർക്കും ഒപ്പം സന്തോഷത്തോടെ നിന്നു. ഇത്രയും ദിവസം വിഷാതം നുറഞ്ഞിരുന്ന അച്ഛന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരികണ്ട് അവളുടെ കണ്ണുകളും തിളങ്ങി. അപ്പോഴും ഉള്ളിൽ തകിട്ടി വരുന്ന രഞ്ജന്റെ ഓർമകളെ പിടിച്ച് കെട്ടാൻ അവളൊരു വിഫല ശ്രമം നടത്തികൊണ്ടിരുന്നു. പരാതിയില്ലാതെ എല്ലാത്തിനും കൂട്ട് നിൽക്കുമ്പോഴും ഉള്ളിലെ നീറ്റലുകളെ അവൾ കണ്ടില്ലെന്ന് നടിച്ചു. പട്ട് സാരി ചുറ്റി സർവ്വഭരണ വിഭൂഷിതയായി കതിർ മണ്ഡപത്തിലേക്ക് കയറുമ്പോൾ നിറഞ്ഞ പുഞ്ചിരിക്കുള്ളിൽ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണീരിനെ അവൾ സമ്ർദ്ദമായി മറച്ച് വെച്ചു. ജിതിൻ നീട്ടിയ താലിക്ക് മുന്നിൽ ശിരസ്സ് കുനിക്കുമ്പോഴും രഞ്ജനുമൊത്ത് നെയ്തെടുത്ത സ്വപ്‌നങ്ങൾ അവളെ കൊല്ലാതെ കൊല്ലുന്നുണ്ടായൊരുന്നു. പക്ഷെ പതറാതെ അവൾ പിടിച്ച് നിന്നു. ഒരുനാൾ എല്ലാം ശരിയായി വന്ന് ചേരും എന്ന പ്രതീക്ഷയോടെ. എത്തി ചേർന്ന് ജനങ്ങൾക്കിടയിൽ രഞ്ജനെ തേടി അവളുടെ കണ്ണുകൾ അലഞ്ഞെങ്കിലും ഒരിക്കലും കാണരുതേ എന്ന് തന്നെയായിരുന്നു പ്രാർത്ഥന. നവമിഥുനങ്ങളെ കാണാൻ ഒഴിക്കിയെത്തുന്ന അതിഥികൾക്ക് മുന്നിൽ ഉള്ള് പിടയുമ്പോഴും സന്തോഷത്തിന്റെ മൂട്പടം അണിഞ്ഞ് നിന്നു. കൂടെ പഠിച്ച ചിലരുടെ മുഖങ്ങളെ നേരിടാൻ ആവാതെ അവൾ ശിരസ്സ് കുനിക്കുമ്പോൾ, കാശ്ക്കാരന് വേണ്ടി കാമുകനെ തേച്ചവൾ എന്നൊരു പട്ടം കൂടി അവൾക്ക് കൈവന്ന് ചേർന്നു. പക്ഷെ അപ്പോഴും ജിതിൻ അവളെ ചേർത്ത് നിർത്തിയിരുന്നു. ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പടിയിറങ്ങാൻ നേരം ചങ്ക് പൊട്ടി കരഞ്ഞ് പോയിരുന്നു അവൾ. ഒരു മതിൽ കെട്ടിനപ്പുറം ഉള്ള വീടാണെങ്കിലും മനസ്സിലെ സങ്കർഷങ്ങൾ അവൾ കരഞ്ഞ് തീർത്തു. ഏട്ടൻ അവളെ ചേർത്ത് പിടിച്ച് നെറുകിൽ ചുംബിച്ചു.
"വിഷമിക്കാതെ കുഞ്ഞി... എല്ലാം ശരിയാവും. ഞങ്ങൾ എല്ലാവരും നിന്റെ കൂടെ തന്നെ ഉണ്ട്."
രാത്രിയിൽ ഒരു ഗ്ലാസ്സ് പാലുമായി മുറിയിലേക്ക് കയറുമ്പോൾ ഒരു തരി ഭയം പോലും അവളിൽ ഉണ്ടായിരുന്നില്ല. ലാപ്പിൽ എന്തോ കാര്യമായ വർക്കിൽ ആയിരുന്നു ജിതിൻ.
"മഞ്ജു... നിന്റെ ഫോൺ റിങ് ചെയ്തിരുന്നു"
അത് കേട്ട് ഫോൺ എടുത്തപ്പോൾ കൂട്ടിക്കാരിയുടെ മിസ്സ്ഡ് കാളുകൾ. തിരികെ വിളിച്ചതും അവൾ വാട്സ്ആപ്പ് തുറന്ന് സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ പറഞ്ഞു. അപ്പോഴാണ് തന്റെയും രഞ്ജന്റെയും ഫോട്ടോ വെച്ച് ഉണ്ടാക്കിയ ചില വീഡിയോ അവൾ കാണുന്നത്. കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു ആശ്രയത്തിനായി അവൾ ജിതിന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു.
"വിട്ടേക്ക് മഞ്ജു... എല്ലാവരെയും എല്ലാം ബോധിപ്പിച്ച് ഒരു ജീവിതം ജീവിക്കുവാൻ പ്രയാസമാണ്."
"എങ്കിലും... ഞാനും ഇപ്പോൾ ഒരു തേപ്പുക്കാരിയായി അല്ലെ ജിത്തു..., രഞ്ജനെ ചതിച്ചവൾ ആയി."
ഏങ്ങി കരയുന്ന മഞ്ജുവിനെ ജിതിൻ ഒന്നുകൂടെ തന്നിലേക്ക് ചേർത്ത് നിർത്തി.
"നീ തെറ്റുകൾ ചെയ്‌തില്ല എന്ന് ഞാൻ പറയില്ല. കാരണം ഒരുപാട് തെറ്റുകൾ പറ്റിയിട്ടുണ്ട് നിനക്ക്. നോ പറയേണ്ടിടത്ത് പ്രണയം എന്ന മൂന്നക്ഷരത്തെ പിടിച്ച് നിർത്തി മൗനമായി. അത് തെറ്റ് തന്നെയാണ്. പക്ഷെ എല്ലാവരും പറയുന്ന പോലെ നീയൊരു ക്ലീഷേ തേപ്പിക്കാരിയൊന്നും അല്ല. അവന് വേണ്ടി ഒത്തിരി നീ വാദിച്ചില്ലേ. എത്രരാത്രികൾ നീ കരഞ്ഞ് തീർത്തു... ഇപ്പോഴും നീ കരയുന്നില്ലേ.... വേദനിക്കുന്നില്ലേ.... ചില ശരികൾ.... അത് നമ്മുടെ മനസ്സിന് മാത്രമേ മനസ്സിലാക്കാൻ കഴിയുള്ളു. നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്ക് മഞ്ജു.... നിന്നിൽ കുറ്റം ചുമത്തുന്നവർക്ക് വേണ്ടിയല്ല."
ജിതിന്റെ സാമിപ്യത്തിൽ കലങ്ങി മറയുന്ന മനസ്സിനെ ഒരു പരിധി വരെ അവൾ പിടിച്ച് നിർത്തി.
🦋🦋🦋🦋🦋🦋🦋🦋
"Mr. രഞ്ജൻ കുമാർ.... നിങ്ങൾ എന്താ ഒന്നും പറയാത്തത്? കുട്ടിക്ക് നിങ്ങളുടെ കൂടെ വരാൻ താല്പര്യം ഇല്ലെന്നാണ് പറയുന്നത്."
പോലീസ് സ്റ്റേഷനിൽ എസ് ഐ ക്ക് മുന്നിൽ രഞ്ജൻ തല താഴ്ത്തി ഇരുന്നു. മറുവശത്ത് ഏതോ ഒരുത്തന്റെ കൈയിൽ പിടിച്ച് ആരെയും വക വെക്കാതെ നിൽക്കുന്ന തന്റെ കുഞ്ഞി പെങ്ങളുടെ മുഖം അവനെ കുത്തി നോവിപ്പിച്ചു. മുഖം ഉയർത്തി കലങ്ങിയ കണ്ണുകളോടെ അവൻ അവളെ നോക്കി. ഇന്ന് ആ കണ്ണുകളിൽ ഏട്ടനോടുള്ള സ്നേഹം അവൻ കണ്ടില്ല... തന്റെ കൈയ്യിൽ തൂങ്ങി നടന്ന കൊച്ചുപെണ്ണിൽ നിന്നും മറ്റാരുടെയോ ഭാര്യയായി തീർന്നവൾ.
"ചിന്നു... മോളെ...."
ഇടറുന്ന കാലടികളോടെ അവൾക്കരികിലേക്ക് നടന്നു.
"വേണ്ട ഏട്ടാ.... എനിക്ക് മിഥുൻ മതി. അവനെ എനിക്ക് ഇഷ്ടമാണ്. വർഷങ്ങൾ ആയി ഞങ്ങൾ പ്രണയത്തിൽ ആണ്. നിങ്ങളൊന്നും എന്തായാലും ഇത് നടത്തി തരാൻ പോകുന്നില്ല. അത്കൊണ്ടാണ് ഞാൻ തന്നെ ഇറങ്ങി പോന്നത്."
മറ്റെങ്ങോ നോക്കി അവൾ പറഞ്ഞ് നിർത്തിയതും രഞ്ജന്റെ കൈകൾ അവളുടെ കവിളിൽ ആഞ്ഞ് പതിഞ്ഞു. ഇത് കണ്ട് മിഥുൻ അവനെ തടഞ്ഞ് നിർത്തി.
"ഇവളെന്റെ ഭാര്യയാണ്. കൈ ഉയർത്തിയാൽ ഞാൻ നോക്കി നിന്നെന്ന് വരില്ല."
"നിന്റെ ഭാര്യക്ക് മുന്നേ ഇവളെന്റെ പെങ്ങൾ ആയതാണെടാ... ഈ നെഞ്ചിൽകൊണ്ട് നടന്നതാ ഞാൻ ഇവളെ...! നീ ഞങ്ങളെ എല്ലാം ഇത്ര പെട്ടന്ന് മറന്നോ ചിന്നു?
ഐ സി യു വിൽ കിടക്കുന്നത് നമ്മുടെ അച്ഛൻ ആണ് മോളെ. എന്തെല്ലാം മോഹങ്ങൾ ഉണ്ടായിരുന്നു നിന്നെ കുറിച്ച് ആ മനുഷ്യന്? എന്ത് കണ്ടിട്ടാ നീ ഇവന്റെ കൂടെ പോകുന്നത്? പേരിനെങ്കിലും നിന്നെ നോക്കാൻ ഒരു ജോലി ഉണ്ടോ ഇവന്?"
"എനിക്ക് ഒന്നും അറിയണ്ട. എനിക്ക് മിഥുന്റെ കൂടെ പോയാൽ മതി. അത്രേ ഉള്ളൂ"
കാര്യം കൈവിട്ട് പോകും എന്നായപ്പോൾ എസ് ഐ തന്നെ ഇടപെട്ടു.
"Mr. രഞ്ജൻ... പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് അവൾ ആഗ്രഹിക്കുന്ന ആളുടെ കൂടെ ജീവിക്കാൻ ഉള്ള റൈറ്റ്സ് ഉണ്ട്. ഇവർ തമ്മിൽ ഒഫീഷ്യലി മാരീഡ് ആണ്. സൊ..."
സ്റ്റേഷനിൽ നിന്നും പടിയിറങ്ങാൻ നേരം ഒരിക്കൽകൂടെ രഞ്ജൻ തിരിഞ്ഞ് നോക്കി. അവളുടെ കണ്ണുകൾ ഒരു വേള പോലും അവന് നേർക്ക് വന്നില്ല. തിരിച്ചുള്ള യാത്രയിലും അവന്റെ മനസ്സ് കലങ്ങി മറഞ്ഞു.
'''എന്നും ഈ ഏട്ടന്റെ കൈത്തുമ്പിൽ തൂങ്ങി നടന്നിരുന്നവൾക്ക് എങ്ങനെയാണ് ഒറ്റ നിമിഷംകൊണ്ട് എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നിയത്. അച്ഛന് അവളെ കുറിച്ചുണ്ടായിരുന്ന സ്വപ്‌നങ്ങൾ....,താൻ ഉത്തരവാദിത്തം ഇല്ലാതെ നടക്കുമ്പോഴും കഷ്ടപ്പെട്ട് അവളെ പഠിപ്പിച്ച് വലിയ ആളാക്കണം എന്നായിരുന്നു അച്ഛന്. എന്നും ചിന്നുവിനെ ചേർത്ത് നിർത്തി അഭിമാനത്തോടെ അച്ഛൻ സംസാരിച്ചിരുന്നത് അവൻ ഓർത്തു. കണ്ണുകൾ നിറഞ്ഞൊഴുകി. ഫോൺ നിർത്താതെ റിങ് ചെയുന്നത് കേട്ടാണ് അവൻ ബൈക്ക് സൈഡ് ആക്കിയത്.
"ചാരു കാളിങ് "
അത് കണ്ടപ്പോഴേ അവന് ദേഷ്യം വന്നു. അച്ഛന്റെ പെങ്ങളുടെ മകൾ ആണ് ചാരു. കുഞ്ഞിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടത്കൊണ്ട് ഞങ്ങളുടെ കൂടെയാണ് അവൾ താമസിക്കുന്നത്. മുറപ്പെണ്ണ് എന്നൊരു പട്ടം എല്ലാവരും ചാർത്തി കൊടുത്തത്കൊണ്ട് തന്നെ അവന് എന്നും അവളോട് ദേഷ്യമായിരുന്നു. പിന്നെ അച്ഛന്റെ അടുത്ത് ചാരുവും അമ്മയും മാത്രമാണല്ലോ എന്ന ഓർമ്മയിൽ അവൻ വേഗം ഫോൺ എടുത്തു.
"ഏട്ടാ.... അമ്മാവൻ...."
കരച്ചിലിനിടയിൽ നേർത്തു പോയ അവളുടെ ശബ്‌ദങ്ങളിൽ നഷ്ടങ്ങളുടെ പട്ടികയിലേക്ക് ചേക്കറിയ അച്ഛന്റെ മുഖം തെളിമയോടെ അവൻ കണ്ട് നിന്നു. ഹോസ്പിറ്റലിന്റെ പടികൾ ഓടി കയറുമ്പോൾ ഉള്ള് വേദനയിൽ പൊള്ളി പിടയുകയായിരുന്നു. അറ്റാക്ക് ആയിരുന്നെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. ചാരുവിന്റെ തോളിൽ കിടന്ന് കണ്ണീർ പൊഴിക്കുന്ന അമ്മക്കരികിലേക്ക് അവൻ നടന്നു.
"അമ്മേ..."
ആ കൈകളിൽ കൈചേർത്ത് വെച്ചവൻ വിളിച്ചു.
"അവള് വന്നോ മോനെ?"
ചോദിക്കുമ്പോൾ ആ മാതൃഹൃദയം അനുഭവിച്ച വേദന.... അവൻ ഇല്ലെന്ന് തലയാട്ടി.
"സാരമില്ല.... പൊക്കോട്ടെ... അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.... നിങ്ങടെ അച്ഛനും പോയത് നന്നായി.... എല്ലാരും പൊക്കോട്ടെ.... എല്ലാം ഒറ്റക്ക് അനുഭവിക്കാൻ ആവും ന്റെ വിധി...."
അമ്മയെ ചേർത്ത് പിടിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങുമ്പോൾ ഇനി മുതൽ ഒരു കുടുംബം നോക്കേണ്ട ഉത്തരവാദിത്തം അവനിൽ ആയിരുന്നു. അച്ഛന്റെ ബലി കർമ്മങ്ങൾ എല്ലാം കഴിഞ്ഞതും രഞ്ജൻ ബാങ്ക് കോച്ചിംഗ്ന് ചേർന്നു. കൂടാതെ പാർട്ട് ടൈം ജോലി ചെയ്ത് ഒരു വിധം വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കി നടത്തി. അവനൊരു സഹായത്തിന് വേണ്ടി ചാരു കുടുംബശ്രീ യൂണിറ്റിൽ പോകാൻ തുടങ്ങി. അവൻ എതിർത്തെങ്കിലും അവൾ അത് കാര്യമാക്കിയില്ല. ജീവിതത്തെ രണ്ടറ്റം മുട്ടിക്കുവാനുള്ള തത്രപ്പാടിൽ ആയിരുന്നു അവൻ. ഒടുവിൽ പരിശ്രമത്തിന്റെ ഫലമായി അടുത്തുള്ള ബാങ്കിൽ തന്നെ അവന് അസിസ്റ്റന്റ് മാനേജർ പോസ്റ്റിംഗ് ലഭിച്ചു. ജീവിതം പതിയെ പച്ച പിടിച്ച് കയറാൻ തുടങ്ങി. ഇനിയുള്ളത് ചാരുവിന്റെ കല്യാണം കൂടിയാണ്. അമ്മ അവനോടത് സൂചിപ്പിക്കുകയും ചെയ്തു. ചാരുവിനോട് അതിനെ പറ്റി സംസാരിച്ചെങ്കിലും അവൾ കാര്യമായ മറുപടിയൊന്നും അവന് കൊടുത്തില്ല. ഒരിക്കൽ അലമാരയിൽ കാര്യമായെന്തോ തിരയുന്നതിനിടക്കാണ് ഡ്രെസ്സുകൾക്ക് ഇടയിൽ സൂക്ഷിച്ച് വെച്ചൊരു കർച്ചീഫ് അവന്റെ കണ്ണിൽ പെടുന്നത്. അത് കൈയിൽ എടുത്ത് ഏറെ നേരം അതിലേക്ക് തന്നെ ഉറ്റ് നോക്കി.
"മഞ്ജു...."
അവന്റെ ഉള്ളൊന്ന് പിടഞ്ഞു.
'''നിന്നെ മനസ്സിലാക്കാൻ ഞാൻ വൈകി പോയി പെണ്ണേ....'''
അവൻ മൗനമായി പറഞ്ഞു.
"മഞ്ജു ചേച്ചിയെ ഇപ്പോഴും മറന്നിട്ടില്ല ലെ?"
പിന്നിൽ നിന്നും ചാരുവിന്റെ ശബ്‌ദം കേട്ടതും അവൻ നിറഞ്ഞ കണ്ണുകളെ ഇറുക്കി അടച്ച് കണ്ണുനീർ തുള്ളികളെ പിടിച്ച് നിർത്തി.
"മറന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ.... ഞാൻ അവളെ കുറിച്ച് ഓർത്തിരുന്നില്ല. അത്ര മാത്രം."
അത് കേട്ട് ചാരു ഒന്ന് ചിരിച്ചു. അവന്റെ മുറിക്കുളിലേക്ക് കയറി അടുത്തുള്ള ടേബിളിൽ ചാരി കൈ കെട്ടി നിന്നു.
"തെറ്റായി എന്ന് തോന്നുന്നുണ്ടോ രഞ്ജേട്ട?"
അതിനവൻ ഒന്ന് ചിരിച്ചു.
"ഇന്നും ചിന്നു എന്റെ മനസ്സിൽ ഒരു നോവായി നിൽക്കുന്നുണ്ട് ചാരു.... അവളെ അത്രയും ഞാൻ സ്നേഹിച്ചിരുന്നു. എനിക്കെന്റെ സ്വന്തം മോളെ പോലെ തന്നെയായിരുന്നു അവൾ. ഇന്നും ഇവിടെ അമ്മ വേദനിക്കുന്നില്ലേ? നിനക്ക് സങ്കടം ഇല്ലേ...? നമ്മുടെ അച്ഛൻ.... നമ്മളെ വിട്ട് പോയതും അവളെ ഓർത്ത് വേദനിച്ചല്ലേ.... അന്ന് മഞ്ജു എന്റെ കൂടെ പോന്നിരുന്നെങ്കിൽ ഇതിലും ഇരട്ടി ആവും അവളുടെ വീട്ടുകാരുടെ വേദന. ഒരുപാട് കാലം കാത്തിരുന്നുണ്ടായൊരു പെൺകുഞ്ഞാ അവൾ. പൊന്ന് പോലെ ഒരു കുറവും വരുത്താതെ നോക്കിയതാ അവളെ.... സങ്കടം ഉണ്ട്.... അത് എന്നെ കുറിച്ച് ഓർത്തിട്ട് തന്നെയാ. നന്നായി പഠിക്ക് നന്നായി പഠിക്ക് എന്ന് കൂടെ കൂടെ അവൾ പറയുമായിരുനെങ്കിലും ഞാൻ ലൈഫ് അടിച്ച് പൊളിക്കാൻ ആഗ്രഹിച്ചു. പ്രേമിക്കുന്ന കാലം മുതലേ അവൾ പറഞ്ഞിരുന്നതാ വീട്ടുകാരെ മറന്ന് ഒന്നും ചെയ്യില്ലെന്ന്... അന്ന് അതെല്ലാം മൂളി കേട്ടു. അവളുടെ ഇഷ്ടങ്ങൾ ഒന്നും ഞാൻ നോക്കിയിരുന്നില്ല. എന്നെ അനുസരിക്കുന്നവൾ ആകണം എന്നൊരു ചിന്ത മാത്രം... എന്റെ തെറ്റുകൾ തന്നെയാണ് എന്റെ നഷ്ടങ്ങൾക്കും കാരണം. എന്റെ കൂടെ വന്നിരുന്നെങ്കിൽ അവൾ ഒരിക്കലും സന്തോഷമായി ഇരിക്കില്ല. അവളെ സന്തോഷമായി വെക്കാൻ ഒന്നും ഞാൻ ചെയ്തിട്ടുമില്ല. പ്രണയിക്കുന്ന കാലത്ത് പല ആൺകുട്ടികളും ഇങ്ങനെ തന്നെയാവും.... ജോലി ഇല്ലാതെ കൂലി ഇല്ലാതെ.... ഒടുക്കം കാമുകിക്ക് കല്യാണം ആകുമ്പോൾ കയറി ചെന്ന് ചോദിക്കാൻ പേരിനൊരു ജോലി പോലും ഉണ്ടാവില്ല. അതോടെ അവളൊരു തേപ്പ്ക്കാരിയായി. ഇന്ന് ഞാൻ അവളെ മനസ്സിലാകുന്നുണ്ട്....കൂടെ എന്റെ തെറ്റുകളെയും. "
ചാരു എല്ലാം കേട്ട് നിന്നു.
"മഞ്ജു ചേച്ചിക്ക് കൊടുത്തതിന്റെ ഒരല്പം സ്നേഹം എനിക്ക് തന്നൂടെ രഞ്ജേട്ട?"
രഞ്ജൻ ഞെട്ടിക്കൊണ്ട് അവളെ നോക്കി.
"ചാരു... നീ..."
"നിക്ക് ഇഷ്ടാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല.... ഒരുപാടായി. മുറപ്പെണ്ണേന്ന് എല്ലാവരും കളിയായി പറയുമ്പോൾ ഞാനും കൊതിച്ചിരുന്നു ഈ മനസ്സിൽ ഒരു സ്ഥാനം. പക്ഷെ മഞ്ജു ചേച്ചി വന്നതിൽ പിന്നെ രഞ്ജേട്ടന് എന്നോട് ദേഷ്യമായി. നിങ്ങളുടെ ഇഷ്ടം കണ്ടിട്ട് സ്വയം മാറി നിന്നവൾ ആണ് ഞാൻ. പക്ഷെ മറക്കാൻ മാത്രം പറ്റിയില്ല."
രഞ്ജൻ ഇതെല്ലാം കേട്ട് ഞെട്ടി നിൽക്കുവാണ്. അവൾക്ക് തന്നോട് ഇങ്ങനെ ഒരിഷ്ടം ഉള്ളത് അവന് പുതിയ അറിവായിരുന്നു.
"മഞ്ജു ചേച്ചി പാവമായിരുന്നു. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. ഒരു പക്ഷെ എന്റെ സ്ഥാനത്തായിരുന്നു മഞ്ജു ചേച്ചിയെങ്കിൽ നിങ്ങൾ പണ്ടേ ഒന്നിച്ചേനെ. കാരണം ഞാനൊരു അനാഥയല്ലേ... അമ്മയില്ല, അച്ഛനില്ല, ദേഷ്യപ്പെടാൻ സഹോദരങ്ങൾ ഇല്ല...."
"ചാരു.... എന്തൊക്കെയാ നീ? നീ ഉദ്ദേശിക്കുന്ന പോലെ അല്ല.... ഞാനും മഞ്ജുവും.... അത് ഞങ്ങൾ..."
"നിക്ക് അറിയാം..... നിങ്ങൾ തമ്മിൽ എല്ലാത്തരത്തിലും ഒന്നായവർ ആണെന്ന്. എല്ലാം അറിയാം. മറക്കാൻ പറ്റണില്ല രഞ്ജേട്ടനെ.... അത്രേം ഉള്ളിൽ പതിഞ്ഞ് പോയി. രഞ്ജേട്ടന് ന്നെ ഇഷ്ടല്ല്യാചാൽ സാരല്യ. പക്ഷെ മറ്റൊരു കല്യാണത്തിന് നിർബന്ധിക്കരുത്. ഇക്ക് പറ്റണില്ല. അതോണ്ടാ. ആർക്കും ശല്യം ആവാതെ ഞാൻ ഇവിടെ കഴിഞ്ഞോളം."
അത്രമാത്രം പറഞ്ഞ് അവൾ കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി. ഇതെല്ലാം കേട്ട് മുറിക്ക് പുറത്ത് കണ്ണീർ വാർത്ത് അവന്റെ അമ്മയും നിൽപുണ്ടായിരുന്നു.
💞💞💞💞💞💞💞💞💞
"എന്താടോ തനിക്കൊരു ടെൻഷൻ?"
"അത് ജിത്തു.... അവൻ പെട്ടെന്ന് എന്തിനാ എന്നെ വിളിച്ചത്? ഒന്നര വർഷം കഴിഞ്ഞില്ലേ. പെട്ടന്ന് കാണണം എന്ന് പറഞ്ഞപ്പോൾ."
"താൻ ചെന്ന് നോക്ക്... എന്തെങ്കിലും കാര്യം ഇല്ലാതെ അവൻ വിളിക്കില്ലല്ലോ."
"നീ കൂടെ വാ ജിത്തു."
"അത് വേണ്ട. നീ പോയി സംസാരിച്ചാൽ മതി. ഞാൻ ഇവിടെ തന്നെ ഉണ്ട്."
ജിത്തു കാറിനുള്ളിൽ നിന്നും മഞ്ജുവിനെ രഞ്ജന് അരികിലേക്ക് പറഞ്ഞയച്ചു.
അവളുടെ മനസ്സ് വീണ്ടും തിരിഞ്ഞ് സഞ്ചരികുകയായിരുന്നു. ഒന്നര വർഷങ്ങൾക്ക് മുൻപ് രഞ്ജനെ അവസാനമായി കാണുന്നതും ഇതേ സ്ഥലത്താണ്. വീണ്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു കൂടികാഴ്ച്ച എന്നവൾ ഓർത്തു. ദൂരെ തന്നെയും പ്രതീക്ഷിച്ചെന്നോണം രഞ്ജനെ കണ്ടപ്പോൾ അവൾ അവനടുത്തേക്ക് നടന്നു.
"രഞ്ജൻ "
മുന്നിൽ നിൽക്കുന്ന മഞ്ജുവിനെ കണ്ട് അവൻ മധുരമായൊന്ന് പുഞ്ചിരിച്ചു.രണ്ടുപേർക്കും എന്ത് പറഞ്ഞ് തുടങ്ങണം എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു.
"സുഖമാണോ നിനക്ക്?"
"മ്മ്... സുഖം....
നിനക്കോ?"
അതിനവൻ ഒന്ന് പുഞ്ചിരിച്ചു.
"ഒരുപാട് തെറ്റുകൾ എനിക്ക് പറ്റിയിട്ടുണ്ട് മഞ്ജു.... എല്ലാം ഒരു ക്ഷമയിൽ ഒതുങ്ങുമോ എന്നെനിക്ക് അറയില്ല. നിന്നെ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയം ആയിപോയി. ചിലതൊക്കെ കൈവിട്ട് പോകുമ്പോൾ ആണ് ജീവിതം തിരിച്ചറിവുകൾ കൈവരിക്കുന്നത്. നിന്നെ മനസ്സിലാക്കാൻ എനിക്കെന്റെ അനിയത്തി വേണ്ടി വന്നു. അവൾ പോയി. അവളുടെ കാമുകനോപ്പം."
അത് കേട്ട് മഞ്ജു ഞെട്ടി പോയി. ചിന്നു അവൾക്കും സ്വന്തം പെങ്ങളെ പോലെ തന്നെയായിരുന്നു.
"ചിന്നു..? അവൾ...."
"മ്മ്....അതിന്റെ വിഷമത്തിൽ അച്ഛനും പോയി. അന്ന് മുതൽ ആണ് ജീവിതം എന്താണെന്ന് അറിഞ്ഞ് തുടങ്ങിയത്. ഇപ്പോൾ ഞാൻ ബാങ്കിൽ മാനേജർ ആയി വർക്ക് ചെയുകയാണ്."
അത് കേട്ടപ്പോൾ മഞ്ജുവിന്റെ കണ്ണുകൾ വിടർന്നു.
"സത്യമാണോ രഞ്ജൻ?"
"മ്മ്... അതെ"
അവൻ ചിരിയോടെ കൈയിലെ ഇൻവിറ്റേഷൻ ലെറ്റർ അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു.
"എന്റെ കല്യാണം ആണ്. ആദ്യം നിന്നെ തന്നെ വിളിക്കാം എന്ന് കരുതി."
അവൾ ചിരിയോടെ അവനെ നോക്കി.
"സന്തോഷമായി രഞ്ജൻ. ഞാൻ കാരണം നിന്റെ ലൈഫ് പോകുമോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു."
രഞ്ജൻ ഒന്ന് പുഞ്ചിരിച്ചു.
"നീ വരണം."
അവൾ ചിരിയോടെ തലയാട്ടി.
"ജിതിൻ..?"
"അപ്പുറത്തുണ്ട്."
"എന്റെ അന്വേഷണം പറയണം കേട്ടോ. എങ്കിൽ ഞാൻ ചെല്ലട്ടെ?"
"ശരി രഞ്ജൻ.... All the best..."
പുഞ്ചിരിയോടെ അവർ പരസ്പരം കൈ കൊടുത്തു പിരിഞ്ഞു. തിരിച്ചുള്ള യാത്രയിൽ മനസ്സുകൾ ശാന്തമായിരുന്നു. കാറിൽ കയറിയതും രഞ്ജൻ ചാരുവിനെ നോക്കി. അവൾ അവന് നേരേ ഒന്ന് പുഞ്ചിരിച്ചു.
"പോവാം?"
അവൾ ചിരിയോടെ തലയാട്ടി അവന്റെ കൈകളിൽ ചുറ്റി തോളിലേക്ക് ചാഞ്ഞു.
മഞ്ജുവും ആ യാത്രയിൽ സന്തോഷവതിയായിരുന്നു. കാറൊഴിഞ്ഞ മാനം പോലെയായിരുന്നു അവളുടെ മനസ്സ്. അത് കണ്ട് ജിതിന്റെ കണ്ണിൽ കുസൃതി നിറഞ്ഞു.
"ഇനിയെങ്കിലും എന്നെയൊന്ന് പരിഗണിക്കുമോ ഡോക്ടറെ? വർഷം ഒന്നര കഴിഞ്ഞു.... നമുക്കും ഒന്ന് ജീവിച്ച് തുടങ്ങണ്ടേ?"
പ്രതീക്ഷയോടെ അവൻ മഞ്ജുവിന്റെ മുഖത്തേക്ക് നോക്കി. നാണത്തിന്റെ ചുകപ്പ് പടർന്നു കയറുന്ന നുണക്കുഴി കവിളും, പ്രണയം തുളുമ്പുന്ന കണ്ണുകളും അവനുള്ള മറുപടി നൽകിയിരുന്നു.
ആ യാത്രയിൽ തുടങ്ങുകയായിരുന്നു അവരുടെ ജീവിതം. സ്വപ്നങ്ങൾക്ക് ചിറക് നൽകി പ്രണയം നിറഞ്ഞൊരു പുലരിയിലേക്കുള്ളൊരു തിരിച്ച് പോക്ക്.
🌷🌷🌷 🌷🌷🌷🌷🌷
"എന്നിൽ ഞാനും നിന്നിൽ നീയുമായി തന്നെ നിലകൊള്ളുക......
നമുക്കിടയിലെ പ്രണയമെപ്പോഴും
`നമ്മളിൽ´ തന്നെ കാത്ത് വെക്കാം...."
(അവസാനിച്ചു)
അഭിപ്രായം പറയണേ, ലൈക്ക് ഷെയർ ചെയ്യണേ...