ഒരുദിവസം നേരത്തേ ജോലി തീർന്നാൽ, അത്രയും നേരത്തേ...

Valappottukal



രാജീവേട്ടൻ

രചന: രഘു കുന്നുമക്കര പുതുക്കാട്


വെള്ളിയാഴ്ച്ച.

സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള.

ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി സൂചിപ്പിച്ചു.


"അരുൺ,

മാലകളെല്ലാം നമുക്ക് ശനിയാഴ്ച്ച രാത്രി തന്നെ തീർക്കണം ട്ടാ,

ഞായറാഴ്ച്ച പതിനൊന്നു മണിക്ക് എനിക്കൊരു പെണ്ണുകാണൽ ചടങ്ങുണ്ട്.

എത്ര വൈകിയാലും, ശനിയാഴ്ച്ചക്കു തന്നെ തീർക്കാം ട്ടാ"


അരുൺ, തല കുലുക്കി.

ഒരുദിവസം നേരത്തേ ജോലി തീർന്നാൽ, അത്രയും നേരത്തേ ആഭരണം ഷോപ്പിലെത്തിച്ച് അടുത്ത ഓർഡർ വാങ്ങാം.


"എനിക്ക് ശനിയാഴ്ച്ച പണി കഴിക്ക്യണോണ്ട് ഒരു പ്രശ്നം ല്ല്യാ.

രാജീവേട്ടൻ ഉഷാറായാൽ, മറ്റുള്ളവരെല്ലാം ഉഷാറാകും.

എന്താന്ന്ച്ചാ ചെയ്യ്"

അരുണിന്റെ ശാന്തമായ മറുപടി.


"കേട്ടോടാ പിള്ളാരേ,

നാളെ വൈകീട്ടക്കു കഴിയണ മാതിരി നമുക്ക് പെടക്കാം.

എന്നാലണ്, ചേട്ടന് ഞായറാഴച്ച കാലത്ത് പൂവ്വാൻ പറ്റ്വാ"


പ്രധാന പണിക്കാരനായ രാജീവ്, ശിക്ഷ്യഗണങ്ങൾക്കു നിർദ്ദേശം നൽകി.


രാജീവ്, റോഡു കുറുകേക്കടന്ന് തൊട്ടപ്പുറത്തേ കടയിലേക്കു പോകുന്നത് അരുൺ നോക്കി നിന്നു.


രാജീവേട്ടൻ, സ്വർണ്ണപ്പണി രംഗത്തേ പുലിയായിരുന്നു.

താനടക്കം പത്തറുപത് പണിക്കാരുണ്ടായിരുന്നു രാജീവേട്ടന്റെ വീട്ടിൽ.

താനായിരുന്നു മുഖ്യശിക്ഷ്യൻ.

ഈ വീട്ടിൽ നിന്നും, കഷ്ടിച്ച് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ രാജീവേട്ടന്റെ വീട്ടിലേക്ക്.

എന്നും സൈക്കിളിലാണ് അങ്ങോട്ടു പോകാറ്.


കോഴിക്കോട് നഗരത്തിലുള്ള പ്രശസ്ത ജ്വല്ലറിക്കാർ, തൃശൂരുള്ള രാജീവേട്ടനു സ്വർണ്ണം ഇങ്ങോട്ടു കൊടുത്ത് ഓർഡറുകൾ പണിയിക്കുകയായിരുന്നു.

അത്രയ്ക്കുണ്ട്, രാജീവേട്ടൻ പണിയുന്ന ഓരോ മാലയുടേയും ഫിനിഷിംഗ്.

ചെറുപ്പത്തിലേ പഠനമുപേക്ഷിച്ചു സ്വർണ്ണപ്പണി പഠിക്കാൻ പോയതു കാരണമാകാം, ഇത്ര നല്ല പണിക്കാരനായത്.

ദാരിദ്ര്യം നിറഞ്ഞ ജീവിതത്തേ അതിദ്രുതം കരകയറ്റണമെന്ന വാശിയും രാജീവേട്ടനുണ്ടായിരുന്നു.

പിന്നേ, ഇരുപത്തിനാലു വയസ്സിന്റെ യൗവ്വനതിഷ്ണതയും.


ആറു വർഷം മുൻപ്;

രണ്ടു ദിവസത്തിനുള്ളിൽ ഓർഡർ തരുന്ന മുഴുവൻ മാലകളും തീർത്ത് കോഴിക്കോട്ടെത്തിക്കുന്ന രാജീവേട്ടനു അന്നു ലഭിച്ചത്, 

മുപ്പതു പവനോളം വരുന്ന വിവാഹ ഓർഡറാണ്.

കോഴിക്കോട്ടു നിന്നും ആഭരണനിർമ്മാണത്തിനാവശ്യമായ സ്വർണ്ണവും വാങ്ങി, 

ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ നിന്നും ഒരു തൃശൂർ ഫാസ്റ്റ് പാസഞ്ചറിൽക്കയറി, ബസ്സെടുക്കുന്നതും കാത്തിരിക്കുമ്പോഴാണ് രാജീവേട്ടന്റെ ചിന്തകൾ കാടുകയറിയത്.


പോക്കറ്റിലെ പഴ്സിൽ, ഭദ്രമായ് സൂക്ഷിച്ച രണ്ടു സ്വർണ്ണ ബിസ്ക്കറ്റുകൾ.

ഓരോന്നിലും 99.95 എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

പാകത്തിനു ചെമ്പു ചേർത്ത് സ്വർണ്ണമാക്കിയെടുക്കുമ്പോൾ മുപ്പത് പവനിലും അധികമുണ്ടാകും.

ഈ ബിസ്ക്കറ്റുകൾക്ക് എന്തു വിലയുണ്ടാകും?

രാജീവ്, കണക്കു കൂട്ടി.

കിട്ടിയ ഉത്തരമോർത്ത്, നെറ്റിത്തടം വിയർത്തു.


എന്നും കുന്നും ഈ ഓർഡറുകൾ വാങ്ങിപ്പണിത് കടക്കാരേ രക്ഷിച്ചിട്ടു എന്തു കാര്യം.

ഈ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ഇനിയുമെത്ര നാൾ കാക്കണം, സമ്പന്നനാകാൻ.

അഞ്ചു വർഷം? 

എട്ടു വർഷം???

അതുവരേ ജീവിച്ചിരിക്കും എന്ന് എന്താണുറപ്പ്?

കാറ്റുള്ളപ്പോൾ തൂറ്റണം.

അല്ലാണ്ട്, ചാവാൻ കാലത്ത് കാശുണ്ടാക്കീട്ട് എന്തു കാര്യം.


രാജീവേട്ടന്റെ കൺമുന്നിൽ ഒന്നുരണ്ടു ചലച്ചിത്രങ്ങൾ തെളിഞ്ഞു വന്നു.

ആര്യൻ, ഇന്ദ്രജാലം.

പാപ്പർസൂട്ടായി നാടുവിടുന്ന നായകൻമാർ

കേരളത്തിന്നപ്പുറത്തേ മഹാനഗരങ്ങളിലെത്തുന്നു.

പിടിച്ചുനിന്നും, പോരടിച്ചും, പടനിലങ്ങൾ വിജയിച്ചു താണ്ടിയും മഹാ ധനവാനാകുന്നു.


വർഷങ്ങൾക്കു ശേഷം, നാട്ടിലെ ചിതലെടുത്തു തീരാറായ വീടിന്നു മുന്നിൽ ഒരു വിലയേറിയ കാർ വന്നുനിൽക്കുന്നു.

ആദ്യം കാണിക്കുക ഷൂവാണ്.

പിന്നേ,

കോട്ട്, എരിയുന്ന സിഗരറ്റ്, 

കൂളിംഗ് ഗ്ലാസ്.

കയ്യിലെ സൂട്ട്കേസ്.

വീട്ടുകാർ അമ്പരന്നു നിൽക്കുന്ന അവിശ്വസനീയതയുടെ നിമിഷങ്ങളിൽ അവരോടു വിളംബരം ചെയ്യുന്നു.


" ഇതാ ഞാൻ വന്നിരിക്കുന്നു.

നിങ്ങളുടെ പട്ടിണിയകറ്റാൻ;

ഈ നാടും നഗരവും വിലയ്ക്കു വാങ്ങാൻ"


ചിന്തകളിൽ നിന്നും രാജീവേട്ടൻ പതിയേ വിമുക്തി തേടിയപ്പോഴെയ്ക്കും, 

ബസ് സ്റ്റാർട്ടാക്കിയിരുന്നു.

തിരക്കുപിടിച്ച് ഓടിയെത്തുന്ന യാത്രക്കാർ.


മോഹൻലാലിന് ആവാമെങ്കിൽ, എന്തുകൊണ്ട് തനിക്കും ധനവാനായിക്കൂടാ.

സിനിമാക്കഥകളേക്കാൾ ഉജ്വലമാണ് ചില ജീവിതവിജയങ്ങളുടെ കഥകൾ.

ബസ്, പതിയേ നിരങ്ങി നീങ്ങാൻ തുടങ്ങി.

ഏതോ ഉൾപ്രേരണായാലെന്ന പോലെ, രാജീവ് ബസ്സിന്റെ ഡോർ തുറന്നു പുറത്തിറങ്ങി.


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ആയിരുന്നു ലക്ഷ്യം.

കിട്ടിയ ട്രെയിനിൽ ടിക്കറ്റെടുത്തു.

സഞ്ചാരം ഡൽഹിയിലേക്കാണ്.

'കമ്മീഷണർ' സിനിമയിലെ മോഹൻ തോമസിന്റെ ഡയലോഗ് ഓർമ്മ വന്നു.


" കോടികൾ കൊണ്ട് അമ്മാനമാടുന്ന പുതിയ ഡൽഹീ"


ഓർത്തപ്പോൾ തന്നെ രാജീവിനു കുളിരേറ്റി.


ദിവസങ്ങളുടെ സഞ്ചാരത്തിനൊടുവിൽ, ഡൽഹിയിലെത്തി.

എങ്ങും, എവിടേയും ഹിന്ദി.

മോഹൻലാൽ ചെന്നുപെടുന്ന പോലൊരു ചായക്കട ഇവിടെയൊന്നുമില്ലല്ലോ.

സ്വർണ്ണബിസ്ക്കറ്റുകൾ വിൽക്കേണ്ടി വന്നില്ല.

അത്, ആണുങ്ങൾ കൊള്ളയടിച്ചു കൊണ്ടുപോയി.


വിശപ്പ്, കഠിനമായ വിശപ്പ്.

നാട്ടിലെ സുഭിക്ഷതയേക്കുറിച്ച് ഓർക്കുംതോറും, ഇരട്ടിയാകുന്ന പൈദാഹങ്ങൾ.

ഭക്ഷണം വയറുനിറയേക്കഴിച്ചിട്ടു കൊടുക്കാൻ പണമില്ലാതായപ്പോൾ, 

ഏതോ ഹോട്ടലുകാർ അവിടത്തേ പണിക്കാരനാക്കി മാറ്റി.


രണ്ടു മാസത്തോളം ആ ദുരിതപർവ്വം തുടർന്നു.

രാജീവ് കുളിമുറി വൃത്തിയാക്കുന്നതിനിടയിൽ, നിലക്കണ്ണാടിയിൽ മുഖം നോക്കി.

താടിയും മുടിയുമെല്ലാം നീണ്ട്, 

ഒരു യാചകനേപ്പോലെയുണ്ട് ഇപ്പോൾ തന്നെ കാണാൻ.

സ്വയം തിരിച്ചറിയാൻ കഴിയാത്ത വിധം രൂപം മാറിയിരിക്കുന്നു...

ഫെയർ & ലവ്ലിയും, ഹെയർ ക്രീമും, ബോഡിസ്പ്രേകളുമൊക്കെയായി നിത്യം ഷേവ് ചെയ്തു ചുള്ളനായി നടന്ന തൃശൂരിലെ ജീവിതത്തെയോർത്തു,

ആരും കാണാതെ കരഞ്ഞു.


ഒപ്പം ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ പോക്കറ്റിലെ മുഴുവൻ പണവും അടിച്ചുമാറ്റി, തിരികേ നാട്ടിലേക്ക്.

തൃശൂര്, ഒരു പാതിരാത്രിയിൽ വന്നിറങ്ങി.

കാതങ്ങളോളം നടന്ന്, സ്വന്തം വീട്ടിലെത്തി.

മാതാപിതാക്കളും, ഏക സഹോദരിയും വാവിട്ടു കരഞ്ഞു.

രോദനങ്ങളുടെ ശബ്ദവീചികളെ പിൻപറ്റി നാട്ടുകാർ ഓടിവന്നു.

അവർ, കൺകുളുർക്കേ കണ്ടു.

നന്നാവാൻ നാടുവിട്ട്, നശിച്ചു നാറാണക്കല്ലായ രാജീവേട്ടനേ.


വ്യവഹാരങ്ങളുടെ കാലം.

വീടൊഴിച്ച്, സർവ്വസമ്പാദ്യങ്ങളും വിറ്റ് ജ്വല്ലറിക്കാരുടെ കടങ്ങൾ വീട്ടി.

നാലു സെന്റും, വീടും മാത്രമായി ബാക്കി.

പിന്നെ, നാണക്കേടും അവശേഷിച്ചു.

നാടുവിട്ടുപോയ കാലത്ത്, 

പ്രധാന ശിഷ്യനായിരുന്ന അരുൺ, അവന്റെ വീട്ടിൽ സ്വർണ്ണപ്പണി തുടങ്ങിയിരുന്നു.

അവന്റെ മിടുക്ക്, ജോലിയിൽ അവനേ പരമവൈഭത്തിലെത്തിച്ചു.

നേരെ, അരുണിന്റെ പണിക്കാരനായി.

രാജീവേട്ടനെ തഴയാൻ തനിക്കു വയ്യല്ലോ.

അരുൺ ഓർത്തു.

പിന്നേ പുറത്തേക്കു കണ്ണോടിച്ചു.

രാജീവേട്ടൻ കടയിലെത്തിയിരിക്കുന്നു.

സിഗരറ്റ് വലിക്കാനാണ്.


രാജീവ്, ഒരു മിനി ഗോൾഡിനു തീ കൊളുത്തി പുകയെടുത്തു.

അന്തരാത്മാവിന്റെ ആഴങ്ങൾ തേടി കടന്നുപോയ പുക, വലയങ്ങളായി ബഹിർഗമിച്ചു.

എത്ര സുഖം.

ആ ആസ്വാദ്യതയിൽ ലയിച്ചു നിൽക്കേയാണ്, 

സബിതയും രണ്ടുവയസ്സുകാരി കുഞ്ഞും കടയിലേക്ക് വന്നത്.

അരുണിന്റെ വീടിന്റെ കുറച്ചപ്പുറത്താണ് സബിതയുടെ വീട്.


"ഇവൾ ഇവിടെയുണ്ടായിരുന്നോ?

കെട്ട്യോൻ ഗൾഫിലായ കാരണം മിക്കപ്പോഴും സ്വന്തം വീട്ടിലാണല്ലോ നിൽപ്പ്.

സൗന്ദര്യം കൂടിട്ടേയുള്ളൂ"


രാജീവിന്റെ മനസ്സു പറഞ്ഞു.


സ്വന്തമായി സ്വർണ്ണപ്പണി നടത്തുന്ന കാലത്ത്, 

രാജീവിന്റെ സ്വപ്നമായിരുന്നു സബിത.

പൂച്ചക്കണ്ണുകളുള്ള സുന്ദരി.

സൗന്ദര്യത്തിന്റെ മൂർത്തീഭാവം.

നല്ല സാമ്പത്തികം.

കല്യാണത്തിന് ഒരുവിധം വീട്ടുകാർ സമ്മതിച്ചതായിരുന്നു.

അതിനിടയിലാണ് 'ആര്യൻ ' കളിക്കാൻ പോയത്.

കല്യാണം ഉഴപ്പി.

പിന്നീട്, സ്വഭാവഹത്യ നടത്തി അവളെ ആരും ഇഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തി നോക്കി.

'വെടക്കാക്കി തനിക്കാക്കുക' എന്ന ബ്രിട്ടീഷ് തന്ത്രം.

ഒന്നും ഫലിച്ചില്ല.

അവളുടെ വീട്ടുകാരുടെ തല്ലു കിട്ടീത് മിച്ചം.

ഏതോ ഗൾഫുകാരൻ, അവളെ കെട്ടിക്കൊണ്ടുപോയി.

ക്ടാവുമായി.

രാജീവിനെക്കണ്ടപ്പോൾ, 

അവൾ ചിറികോട്ടി നടന്നകന്നു.

അമ്മയുടെ ഭാവത്തെ അനുകരിച്ചു കൊണ്ടു, കുഞ്ഞും അയാൾക്കു നേരെ കോക്കിരി കാണിച്ചു.


ഞായറാഴ്ച്ച.

കൃത്യം പത്തുമണിക്കു തന്നേ, എടക്കാരൻ കൃഷ്ണേട്ടനെത്തി.

രാജീവ് കാത്തുനിൽപ്പുണ്ടായിരുന്നു.

ആറാം തമ്പുരാൻ സ്റ്റൈലിൽ, ജുബ്ബായും കസവുമുണ്ടുമണിഞ്ഞ്,

കനത്ത കൈച്ചെയിനും, 

ചെറുവിരൽ കനമുള്ള മാലയും വെട്ടിത്തിളങ്ങി.

ഇത്, രണ്ട് ദിവസം മുൻപേ തൊട്ടു ധരിക്കേണ്ടതായിരുന്നു.

ഇത്ര തിളക്കം കാണുമ്പോൾ 

'വൺ ഗ്രാം ഗോൾഡ്' ആണെന്ന് എളുപ്പം തിരിച്ചറിയുമോ ആവോ?

കാലുകളിലേക്കു നോക്കി.

ഹാഫ് ഷൂ കലക്കീണ്ട്.

മൊത്തം ഒരു രാജകല.


കൂട്ടുകാരൻ, കാർ കൊണ്ടുവന്നു.

രാജീവ് മുന്നിലും എടക്കാരൻ പുറകിലും കയറി.

കാർ, തെക്കുദിക്കിലേക്ക് നീങ്ങി.


"കൃഷ്ണേട്ടാ,

മ്മടെ കാര്യങ്ങളൊക്കെ പൊലിപ്പിച്ച് പറഞ്ഞട്ടില്ലേ?

ഇവറ്റ്ങ്ങ ചില്ലറയുള്ള ടീമാന്നല്ലേ പറഞ്ഞേ?

ഞാൻ സ്വന്തമായി വർക്ക് നടത്തുവാന്ന് പറഞ്ഞിട്ടില്ലേ?

കയ്യില്, കിലോക്കണക്കിന് സ്വർണ്ണണ്ട്ന്നും"


രാജീവ് പറഞ്ഞു നിർത്തിയിടത്തു നിന്നു, കൃഷ്ണേട്ടൻ തുടർന്നു.


"അതൊക്കെ പറഞ്ഞു പൊരിച്ചിട്ടുണ്ട് ക്ടാവേ,

ഇത്, നല്ല ടീമാ.

ഒത്താ മ്മടെ കള്യാ മാറും.

അവിടെ, അച്ഛനും അമ്മേം രണ്ടു മക്കളും.

ആൺകുട്ട്യാ മൂത്തത്.

അവന്റെ കല്യാണം കഴിഞ്ഞു.

കുറേ താഴെയാ ഈ പെൺകുട്ടിക്ടാവ്.

ഇഷ്ടം പോലെ സൊത്തുണ്ട്.

നടന്നാൽ, മോന്റെ ഭാഗ്യം.

മോൻ സുന്ദരനായതാ, ഏറ്റവും വല്ല്യേ ഭാഗ്യം"


കാർ, ഓടിക്കൊണ്ടിരുന്നു.

ഒടുവിലൊരു വലിയ വീടിനു മുന്നിൽ, അതു നിന്നു.

ആരോ, ഗേറ്റ് തുറന്നുകൊടുത്തു. 

വിശാലമായ മുറ്റത്തെ മണൽത്തരികളേ ഞെരിച്ച്, ചക്രങ്ങൾ നിശ്ചലമായി.


പെൺകുട്ടിയുടെ അച്ഛനാണ്, ആദ്യം പൂമുഖത്തേക്ക് വന്നത്.

ഹൃദ്യമായ സ്വീകരണം.

നടയകത്തേ മേശക്കു ചുറ്റും, കസേരകൾ നിരത്തിയിട്ടിരിക്കുന്നു.

മേശയിലാകവേ, പലഹാരങ്ങളുടെ വൈവിധ്യങ്ങൾ.

അതിഥികൾ ഓരോ കസേരയിലുമായി, മേശക്കു ചുറ്റുമിരുന്നു.


"വഴ്യറിയാൻ ബുദ്ധിമുട്ട്യാ?

ഞങ്ങള് കൊറേ നേരായിട്ട് നോക്കിരിക്ക്യാ,

ഇപ്പോ ഇവിടെ, ഞാനും ഭാര്യേം മോളും മര്വോളും മാത്രമേയുള്ളൂ.

മോൻ ഗൾഫിലാണ്.

ക്ടാവിന്റെ കല്യാണം റെഡ്യായാൽ, അഡ്ജസ്റ്റ് ചെയ്തു ലീവെടുത്ത് വരും"


കൃഷ്ണേട്ടനാണ്, മറുപടി പറഞ്ഞത്.


"വഴ്യൊന്നും തെറ്റീല്ല.

ഞാനുണ്ടായല്ലോ കൂടെ.

മ്മക്ക് ക്ടാവിന്യാ കാണാം.

അല്ലേ"


മിടിക്കുന്ന ചങ്കോടെ രാജീവ് കാത്തിരുന്നു.

വാതിൽ കർട്ടൻ നീക്കിയെത്തിയത്, പെൺകുട്ടിയുടെ അമ്മയായിരുന്നു.

അവരുടെ കൈപിടിച്ച്, ഒരു ചെറിയ കുട്ടിയുമുണ്ടായിരുന്നു.


"ഈ ക്ടാവിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ"


രാജീവിന്റെ മനസ്സു പറഞ്ഞു.


''മോളെ, വായോ.

സൗദേ... നീയും വായോ"


ഭാവി അമ്മായിയച്ഛന്റെ ശബ്ദമുയർന്നു.


വാതിൽക്കൽ, ഒരു ചലനമുണ്ടായി.

നമ്രശിരസ്കയായി ഒരു പെൺകൊടി പ്രത്യക്ഷപ്പെട്ടു.

അവൾക്കു പുറകിലായി, തീഷ്ണസൗന്ദര്യം പൂണ്ട മറ്റൊരു യുവതി കൂടിയുണ്ടായിരുന്നു.

അവളുടെ വദനം.

സമൃദ്ധമായ ഇമകൾക്കു കീഴെ, തിളങ്ങുന്ന പൂച്ചക്കണ്ണുകൾ.

ഈശ്വരാ, സബിതയല്ലേ ഇത്?

ഇവളുടെ നാത്തൂനേയാണോ, കൃഷ്ണേട്ടാ എന്നെ കാണിക്കാൻ കൊണ്ടുവന്നത്?

പട്ടി കടിക്കാനായിട്ട്.

ഈ വീട്ടിലേക്ക് എത്രയോ ഊമക്കത്തുകൾ അയച്ചിരിക്കുന്നു.

സബിതയുടെ സ്വഭാവം ശരിയല്ലെന്നു പറഞ്ഞ്.

ഇവൾ, ഇപ്പോൾ എല്ലാം വിളിച്ചു പറയുമോ.

കാൽക്കാശിനു ഗതിയില്ലാത്തവനാണെന്ന സത്യം.

ഭാഗ്യം, ഒന്നുമുണ്ടായില്ല.


പെണ്ണുകാണൽ നടന്നു.


"എന്തൂട്ടാ പേര്?"


" ശ്രേയ"


"എത്ര വരെ പഠിച്ചു?"


"ബി എസ് സി കെമിസ്ട്രി"


"പിന്നെ എന്തെ പഠിക്കാഞ്ഞെ?"


മൗനം.


പത്താം ക്ലാസ് ഇല്ലാത്തവന്റെ, ഇന്റർവ്യൂ തുടർന്നു.


" നിന്നു വിയർക്കണ്ടാ ട്ടാ,

പൊയ്ക്കോ"

ചsങ്ങിനു തിരശ്ശീല വീണു.


രാജീവും കൂട്ടരും എഴുന്നേറ്റു.

''ഞങ്ങള്, കൃഷ്ണേട്ടനോട് വിവരം പറയാട്ടാ.

പോവ്വാ....

കാണാം ട്ടാ"


സ്ഫടിക ഗ്ലാസ്സിലെ അവസാന തുള്ളി ജ്യൂസും കുടിച്ചിറക്കി, എഴുന്നേറ്റു.

പെൺകുട്ടിയുടെ അച്ഛൻ അനുഗമിച്ചു.

പടിയ്ക്കലെത്തിയപ്പോൾ മെല്ലെ തിരിഞ്ഞു നോക്കി.

തെല്ലു നീക്കിയ ജാലകവിരിക്കു പുറകിൽ, രണ്ടു ജോഡി മിഴികൾ പിന്തുടരുന്നു.

അതിലൊരു മിഴിയിണക്കു വെള്ളിനിറം.

അവളുടെ മുഖഭാവം ഊഹിക്കാവുന്നതേയുള്ളൂ.


യാത്ര പറഞ്ഞു.

കാർ, മുന്നോട്ടു നീങ്ങി.

പോകും വഴിയെല്ലാം രാജീവ് പുറകോട്ടു നോക്കിക്കൊണ്ടിരുന്നു.

ഏതെങ്കിലും വാഹനം പുറകേ പാഞ്ഞുവരുന്നുണ്ടോ?

തങ്ങളേ തല്ലിക്കൊല്ലാൻ.

ഇതുവരേയില്ല, മഹാഭാഗ്യം.


"അവരോട് അടുത്തയാഴ്ച്ച ഇങ്ങോട്ടു വരാൻ പറഞ്ഞാലോ മോനെ?"


കൃഷ്ണേട്ടൻ്റെ ആ ചോദ്യം കേട്ട്, 

രാജീവ് ഒന്നു ഞെട്ടി.

പിന്നേ, നിഷേധാർത്ഥത്തിൽ തല വിലങ്ങനേയാട്ടി.

കാർ ഓടിക്കൊണ്ടിരുന്നു.

കൃഷ്ണേട്ടനപ്പോൾ മനക്കണക്കുകൾ കൂട്ടുകയായിരുന്നു.

കഥയറിയാതെ, പുതിയ കൂട്ടുകാരൻ വാഹനം ഓടിച്ചുകൊണ്ടിരുന്നു.

ഒരു പാട്ടുമൂളിയങ്ങനെ.....

To Top