വീട്ടിൽ എത്തി വീട്ടു ജോലി ധൃതിയിൽ തീർക്കുന്നതിന് ഇടയിൽ...

Valappottukal


“ടീച്ചർ…


മോന്റെ കളർ ബോക്സ്‌ കാണാനില്ല…”


“വൈകുന്നേരം വീട്ടിൽ എത്തി വീട്ടു ജോലി ധൃതിയിൽ തീർക്കുന്നതിന് ഇടയിൽ ആയിരുന്നു എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ ഉമ്മ എനിക്ക് ഫോൺ ചെയ്തു കൊണ്ട് പറഞ്ഞത്…


ടീച്ചറാണത് അവസാനം എടുത്തു നോക്കിയത് എന്ന് കൂടേ അവർ പറയുന്നത് കേട്ടപ്പോൾ അവർക്ക് മകന്റെ കളർ ബോക്സ്‌ പോയതിൽ എന്നെ സംശയം ഉള്ളത് പോലെ ആയിരുന്നു എനിക്ക് തോന്നിയത്…”


“അന്ന് ലാസ്റ്റ് പീരീടിനു മുമ്പുള്ള പീരീഡ് എന്റെ ക്ലാസിൽ തന്നെ ആയിരുന്നു…


അന്നേരം ആയിരുന്നു ക്ലാസിൽ ഉണ്ടായിരുന്ന കുട്ടികൾ റഹീസ് പുതിയ കളർ ബോക്സ്‌ കൊണ്ട് വന്നിട്ടുണ്ട് എന്നും അവന്റെ ഉപ്പൂപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ കൊണ്ട് വന്ന് കൊടുത്തതാണെന്നും ഇവിടെ ആരുടേയും അടുത്ത് അങ്ങനെ ഒരു കളർ ബോക്സ്‌ ഇല്ലെന്നും പറഞ്ഞപ്പോൾ കൗതുകം തോന്നിയായിരുന്നു ഞാൻ ആ കളർ ബോക്സ്‌ വാങ്ങിച്ചു നോക്കിയത്..


കുട്ടികൾ പറഞ്ഞത് പോലെ തന്നെ ഞാൻ ഇത് വരെ കണ്ടിട്ടില്ലാത്ത ടൈപ്പ് കളർ ബോക്സ്‌ തന്നെ ആയിരുന്നു അത്..


കുട്ടികളുടെ കയ്യിൽ ഉണ്ടാകുമായിരുന്നു പന്ത്രണ്ട് കളർ പെൻസിലിന് പുറമെ.. വാട്ടർ കളറും സ്കെച്ച് കളറും…അങ്ങനെ മൂന്നാല് ഐറ്റംസ് ഉണ്ടായിരുന്നു അതിൽ.. അത് മാത്രമല്ല പെൻസിൽ സ്കെയിൽ റബ്ബർ എല്ലാം കൂടേ ഉള്ള വലിയൊരു ബോക്സ്‌…”


“ഞാൻ അത് കണ്ടു അവനെ അപ്പോൾ തന്നെ തിരികെ ഏൽപ്പിക്കുകയും അവനത് ബാഗിൽ എടുത്തു വെക്കുന്നതും എനിക്ക് നല്ല പോലെ നിശ്ചയമുണ്ടായിരുന്നു..


പിന്നെ അത് എവിടെ പോയി..


റഹീസിന്റെ ഉമ്മാക് ഉണ്ടായ സംശയം തന്നെ ആയിരുന്നു എനിക്കും..”


ഞാൻ ചെയ്ത കാര്യം അവന്റെ ഉമ്മയോട് പറഞ്ഞു… കുട്ടികൾ എല്ലാവരും ഉണ്ടായിരുന്ന വാട്ട്‌സപ് ഗ്രൂപ്പിൽ ഒന്ന് ചോദിച്ചു നോക്കട്ടെ എന്നും പറഞ്ഞു ഗ്രൂപ്പിൽ ഒരു മെസ്സേജ് ഇട്ടു..


“ മക്കളെ…


റഹീസിന്റെ കളർ ബോക്സ്‌ കാണാതെ പോയിട്ടുണ്ട്…


ആരെങ്കിലും അറിയാതെ ബാഗിൽ ഇട്ട് വീട്ടിലേക് കൊണ്ട് പോയിട്ടുണ്ടേൽ നാളെ തന്നെ സ്കൂളിലേക്ക് വരുമ്പോൾ കൊണ്ട് വരണം…”


നാളെ തന്നെ അത് കിട്ടുമ്മല്ലോ എന്ന പ്രതീക്ഷയിൽ ബാക്കിയുള്ള വീട്ട് ജോലികൾ തുടർന്നെങ്കിലും റഹീസിന്റെ ഉമ്മയുടെ വാക്കുകൾ ആയിരുന്നു മനസ് നിറയെ..


“അവർ എന്നെ ഒരു കള്ളിയായി കണ്ടോ എന്നൊരു തോന്നൽ ഉള്ളിന്റെ ഉള്ളിൽ നീറി പുകയുന്നത് പോലെ..


പിറ്റേന്ന് രാവിലെ നേരത്തെ തന്നെ സ്കൂളിൽ എത്തി ആരെങ്കിലും കളർ ബോക്സ്‌ കൊണ്ട് വരുമോ എന്ന് കരുതി ഇരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല…


ആരും വന്നില്ല…


കുട്ടികളുടെ ബാഗ് പരിശോധിക്കാമെന്നു വെച്ചാൽ ഇന്നലെ നടന്ന സംഭവം ആയത് കൊണ്ട് തന്നെ മിക്കവാറും വീട്ടിൽ എവിടേലും ഒളിപ്പിച്ചു വെച്ചിട്ടാവും വന്നിട്ടുണ്ടാവുക..”


“അന്ന് വൈകീട്ടും ഞാൻ കുട്ടികളെ ഗ്രൂപ്പ്‌ വഴി ഓർമ്മിപ്പിക്കുകയും മാതാപിതാക്കളുടെ ഗ്രൂപ്പിൽ മെസ്സേജ് ഇടുകയും ചെയ്തിരുന്നു..


അതിന്റെ പിറ്റേന്നും.. നോ രക്ഷ…


ആരും വന്നില്ല..”


അന്ന് വൈകുന്നേരം ഞാൻ മറ്റൊരു മെസ്സേജ് കൂടേ ഇട്ടു…


“ മക്കളെ


നിങ്ങൾക് അറിയാമല്ലേ റഹീസിന്റെ കളർ ബോക്സ്‌ കളവു പോയിട്ട് രണ്ട് ദിവസം കഴിഞ്ഞു…


അവർ പോലീസിൽ പരാതി കൊടുക്കാൻ പോവാണെന്നു പറയുന്നുണ്ട്…


പോലീസിൽ പരാതി കൊടുത്താൽ നാളെ രാവിലെ തന്നെ സ്കൂളിൽ പോലീസും കൂടേ പോലീസ് നായയും വരും…


അവർ ആദ്യം റഹീസിനെ നായ യെ കൊണ്ട് മണപ്പിച്ചു നോക്കി.. അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബോക്സ്‌ ഇപ്പൊ ആരുടേ അടുത്താണെന്ന് നായ യെ കൊണ്ട് കണ്ടു പിടിക്കും…


അവർ കണ്ടു പിടിച്ചാൽ ഉറപ്പായും ജയിലിൽ കൊണ്ട് പോയി ഇടും..


അത് കൊണ്ട് ആരേലും അറിയാതെ എടുത്തിട്ടുണ്ടേൽ നാളെ രാവിലെ തന്നെ ആ ബോക്സ് എന്നെ ഏൽപ്പിക്കണം…


ഞാൻ ആരാണ് എടുത്തതെന്ന് ആരോടും പറയില്ല…”


“വല്യ പ്രതീക്ഷ ഒന്നും ഇല്ലെങ്കിലും കുട്ടികൾ അല്ലേ പോലീസ് എന്നും പോലീസ് നായ എന്നുമൊക്കെ കേട്ടാൽ പേടിച്ചെങ്കിലും കൊണ്ട് വന്നാലോ എന്ന് കരുതിയാണ് ആ മെസ്സേജ് വിട്ടത്..


അതെന്തായാലും കാര്യമായി എന്ന് എനിക്ക് രാവിലെ തന്നെ മനസിലായി..


സ്കൂൾ തുറന്നു… 


ആദ്യത്തെ കുട്ടി ക്ലാസ് മുറിയിൽ എത്തുന്നതിനു മുമ്പ് തന്നെ ക്ലാസിനു വെളിയിൽ ആ കളർ ബോക്സ്‌ വെച്ചിട്ടുണ്ടായിരുന്നു…


അതിന്റെ കൂടേ ഒരു കാര്യം കൂടേ നടന്നു..


ആ കളർ ബോക്സ്‌ എടുത്ത കുട്ടി പേടിച്ചിട്ടോ എന്തോ…


അവൻ ക്ലാസിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…


ഞാൻ ഒന്നും അറിഞ്ഞില്ല എന്ന പോലെ ആയിരുന്നു അവന്റെ ഇരുത്തമെങ്കിലും 


അവനാണ് ബോക്സ്‌ എടുത്തതെന്ന് ക്ലാസിലെ എല്ലാ കുട്ടികൾക്കും മനസിലായി..


അവനെ കുട്ടികൾ എല്ലാവരും ഒരു കള്ളനെ പോലെ കാണുവാനും അവന്റെ അടുത്ത് ഇരിക്കുന്നതിന് മടിക്കുവാനും തുടങ്ങിയപ്പോൾ…അവന് അറിയാതെ പറ്റിയതാവുമെന്നും ഒരിക്കലും അതിന്റെ പേരിൽ അവനെ കളിയാക്കരുതെന്നും ഞാൻ കുട്ടികളോട് പറഞ്ഞു…”


“രണ്ട് ദിവസം കഴിഞ്ഞു സ്റ്റാഫ് റൂമിനു മുന്നിലൂടെ ബാത്‌റൂമിൽ നിന്നും വരുന്ന അവനെ കണ്ടു ഞാൻ എന്റെ അടുത്തേക്ക്‌ വിളിപ്പിച്ചു…


അവൻ പേടിയോടെ ആയിരുന്നു എന്റെ അരികിലേക് വന്നത്…


കാരണം അവനോട് ഞാൻ ആ കാര്യത്തെ കുറിച്ച് അത് വരെ ഒന്നും ചോദിച്ചില്ലായിരുന്നു…”


“എന്തിനാ പേടിക്കുന്നെ…”


അവന്റെ മുഖം കണ്ട ഉടനെ ഞാൻ അവനോട് ചോദിച്ചു…


“പക്ഷെ അവൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിൽക്കാൻ തുടങ്ങി…”


“എനിക്കെന്തോ അവനോട് നീ എന്തിനാ ആ ബോക്സ്‌ എടുത്തതെന്ന് ചോദിക്കാൻ തോന്നിയില്ല…


അവന്റെ കയ്യിൽ ചിത്ര രചന ക്ലാസിൽ പങ്കെടുക്കുമ്പോൾ ഞാൻ കാണാറുള്ള മൂന്നോ നാലോ കളറുകൾ മാത്രമുള്ള പെൻസിലുകൾ  കണ്ടിട്ടുണ്ടായിരുന്നു…


ഒരു പക്ഷെ അതായിരിക്കാം ഒരുപാട് കളറുകൾ നിറഞ്ഞ ബോക്സ്‌ അവനറിയാതെ കൈക്കലാക്കാൻ ശ്രമിച്ചു പോയത്…


അവനെ ഞാൻ… എന്റെ അരികിലേക് ചേർത്തു നിർത്തി  ബേഗ് തുറന്നു ഇന്നലെ തന്നെ അവന് വേണ്ടി ഞാൻ വാങ്ങി വെച്ചിരുന്ന ഒരു കുഞ്ഞ് കളർ ബോക്സ്‌ അവന്റെ കൈ നീട്ടി പിടിച്ചു വെച്ച് കൊടുത്തപ്പോൾ അവൻ എന്നെ നോക്കിയ നോട്ടം ഞാൻ ഒരിക്കലും മറക്കില്ല…”


“സ്വന്തമായി ഒരു കളർ ബോക്സ്‌ പോലും വാങ്ങിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു അവന്റെ കുടുംബം…


ക്‌ളാസിലെ എല്ലാവരും ഒരേ പോലെ ആയിരിക്കില്ലല്ലോ..


കേൾക്കുമ്പോൾ സാധാരണ കാര്യം ആണെങ്കിലും ചില സമയത്തെ പത്തു രൂപക്ക് പോലും ആയിരത്തിന്റെ മൂല്യം ആയിരിക്കും…”


“അവന്റെ കണ്ണുകളിൽ ഉരുണ്ടു കൂടിയ ജല കണിക എന്റെ കയ്യിലേക് ഇറ്റിയപ്പോൾ ആയിരിക്കാം അവൻ കരയുകയാണെന്ന് അവന് തന്നെ മനസിലായിട്ടുണ്ടാവുക…”


“അവനോട് ഒന്നും പറയാതെ അവന്റെ തലയിൽ പതിയെ തലോടി…


കൈകൾ ഞാൻ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…മിടുക്കൻ ആവണം… എന്റെ കുട്ടികളിൽ മിടുമിടുക്കൻ…”


അവനെ ക്ലാസിലേക്ക് പറഞ്ഞു വിടുമ്പോൾ എന്റെ ഉള്ളിൽ ഒന്ന് മാത്രം ആയിരുന്നു ഉണ്ടായിരുന്നത്..


“എന്റെ കുട്ടികൾ ഒരിക്കലും ആരുടേയും ഒന്നും മോഹിച്ചു പോയി മോഷ്ടിക്കരുതേ എന്ന് മാത്രം…”


രചന: നൗഫൽ ചാലിയം

To Top