അവളെ മനസിലാക്കുന്ന ഭർത്താവ് അതല്ലേ അവളുടെ ധൈര്യവും സന്തോഷവും...

Valappottukal


രചന: Renjith M Binoy


രഞ്ജു പതിവ് പോലെ ഓഫീസ് വിട്ട് അമ്മുവിനെ വിളിക്കാനായി അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ മുന്നിലെത്തി ... 


 മൊബൈലെടുത്തു അവളെ വിളിച്ചു 


"ടി ഇറങ്ങിയില്ലേ ..."


"രഞ്ജുവേട്ടാ ... എത്തിയോ 


"ആ എത്തി  ഞാനിവിടെ  പുറത്തുണ്ട് .."


" ഇറങ്ങി ഏട്ടാ ..."


"മ്മ്മ്മ് ..."


കുറച്ചു നേരം വായി നോക്കി നിന്നപ്പോൾ 

അമ്മു ഇറങ്ങി വന്നു ... 


"എന്താടി എത്ര നേരമായി വെയിറ്റ് ചെയ്യുന്നു ...."


"സോറി ഏട്ടാ ... 


പോകാമെന്നു പറഞ്ഞു അമ്മു ബൈക്കിൽ കേറി രഞ്ജുവിനോട് ചേർന്നിരുന്നു ...


അപ്പോഴാണ് രഞ്ജുവിന്റെ മൊബൈലിൽ കാൾ വന്നത് നോക്കിയപ്പോൾ അമ്മയാണ് ...


"ഹലോ അമ്മേ ....


"മക്കളെ എവിടെയാണ് എനിക്ക് നിന്നെ  കാണാൻ തോന്നുന്നെടാ ..."


"അമ്മ .. ഞങ്ങൾക്കും അമ്മേ കാണണമെന്നുണ്ട് .. പക്ഷേ!!! അച്ഛൻ .... അമ്മക്ക് അറിയാല്ലോ എന്റെ ഇഷ്ടങ്ങളൊന്നും അച്ഛൻ ഇതു വരെ കണ്ടിട്ടില്ല ഒന്നും നടത്തി തന്നിട്ടില്ല എന്നും അച്ഛന്റെ ഇഷ്ട്ടങ്ങളായിരുന്നു വലുത്  എന്തിനു ഇഷ്ട്ടമുള്ള ഒരു ഷേർട് എടുക്കാൻ പോലും അനുവാദം ഇല്ലാരുന്നല്ലോ അമ്മേ..... പക്ഷേ അമ്മുവിനെ വിട്ടു കളയാൻ തോന്നിയില്ല പറ്റില്ലാരുന്നു അമ്മേടെ മോന് സ്നേഹിക്കാൻ മാത്രേ അറിയൂ ആരെയും പറഞ്ഞു പറ്റിക്കാൻ കഴിയില്ല ... സാരമില്ല അമ്മാ അച്ഛൻ എപ്പോഴും എവിടെയും തലയുർത്തി നിൽക്കട്ടെ എനിക്ക് പരാതിയില്ല പരിഭവമില്ല ...  ഇപ്പോഴെങ്കിലും അമ്മക്ക് വിളിക്കാൻ തോന്നിയല്ലോ..."


"മക്കളെ നിങ്ങളെ വിളിക്കാനും കാണാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല മോന് അച്ഛനെ അറിയാല്ലോ അച്ഛനെ ധിക്കരിക്കാൻ വയ്യെടാ  ഞാനും കൂടെ ധിക്കരിച്ചാൽ തളർന്നു പോകും നിന്റെ അച്ഛൻ.. ആ മനുഷ്യൻ ആരുടെയും മുന്നിൽ തലകുനിച്ചിട്ടില്ല ഇന്നേ വരെ പക്ഷേ..!! ആ മനസ്‌ ഈ അമ്മക്ക് അറിയാം നിന്റെ കാര്യം ദേഷ്യത്തോടെ പറയുമ്പോഴും കണ്ണു നിറയുന്നതും വാക്കുകൾ ഇടറുന്നതും ..."


"അമ്മ കരയുന്നുണ്ടോ ., ഏയ്യ് വേണ്ടട്ടോ അമ്മ വിഷമിക്കണ്ട ... വരാം ഞാൻ അങ്ങോട്ട് കുറച്ചു ദിവസം കഴിയട്ടെ ഓരോരോ പ്രശ്നങ്ങൾ ..."


അമ്മേടേയും മോന്റെയും സംസാരം കേട്ടു അമ്മു രഞ്ജുവിന്റെ തോളിൽ അമർത്തി പിടിച്ചു ....


"ടാ സുഖമല്ലെടാ നിങ്ങൾക്ക് ... മോള് ഏന്ത്യ് ഇന്ന് ജോലിക്ക് പോയോ അവള് ...."


"ഇവിടെ അടുത്തുണ്ട് കൊടുക്കാം "


എന്ന് പറഞ്ഞിട്ട് രഞ്ജു മൊബൈൽ അവൾക്ക് കൊടുത്തു ...


"ഹലോ അമ്മാ അമ്മുവാ സുഖമാണോ അമ്മക്ക് ..?? 


"അതെ മോളെ ... അമ്മക്ക് സുഖമാണ് എന്റെ മോള് വിഷമിക്കരുത് ട്ടോ സന്തോഷമായിരിക്ക് ..."


"സന്തോഷമായി അമ്മ വിളിച്ചപ്പോൾ.. ഇത്ര നാളും ഏട്ടന് ഭയങ്കര സങ്കടമായിരുന്നു.. അച്ഛനെയും അമ്മയെയും കാണാനായ്‌  അങ്ങോട്ട് വരാൻ ഞാനെന്നും പറയും ഏട്ടനോട്‌.... പക്ഷേ ഏട്ടൻ... ഞാൻ എന്താ ചെയ്യുക അമ്മേ ...."


അമ്മു അതും പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി 


"മോളെ ഞാനൊരു കാര്യം അറിഞ്ഞു സത്യം ആണോന്നു അറിയില്ല കഴിഞ്ഞാ ദിവസം മോളുടെ അമ്മേ കണ്ടിരുന്നു മോളുടെ ജീവിതം നശിപ്പിച്ചു എന്നൊക്കെ പറഞ്ഞു ഒരുപാട് കരഞ്ഞു..  കല്യാണം കഴിഞ്ഞു വർഷം ഒന്നായില്ലേ അവനോട് പറയ് വിഷമിക്കണ്ടാന്നു ഇനിയും സമയമുണ്ടല്ലോ പിന്നെ മോളുടെ അമ്മ വേറെന്ന് കൂടെ പറഞ്ഞു അവനാണ് കുഴപ്പമെന്നു ട്രീറ്റ്‌മെന്റ് നടന്നോണ്ട് ഇരിക്കുന്നുവെന്നു ...."


"അത് അമ്മേ ... ഞാൻ ..."


അമ്മു രഞ്ജുവിന്റെ കൈയിൽ പിടിച്ചു അവളുടെ കണ്ണു രണ്ടും നിറഞ്ഞു വന്നു ...


രഞ്ജു അവളോട് ചോദിച്ചു ...


"എന്താടി ഉണ്ടക്കണ്ണി അമ്മ എന്തു പറയുന്നു നിന്റെ കണ്ണൊക്കെ നിറഞ്ഞല്ലോ അമ്മയോട് പറയ് അങ്ങോട്ട് വരാമെന്നു ..."


"ഹലോ മോളെ... മോളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല കേട്ടപ്പോൾ സഹിച്ചില്ലെടാ അതാ അമ്മ മോളോട് ചോദിച്ചത് ... അവനോട് ഇത് പറയണ്ട അമ്മ ചോദിച്ചത്... അവനോട് വിഷമിക്കരുതെന്നു പറയണം ട്ടോ മോള് അവന്റെ കൂടെ ഉണ്ടാവണം  കൊച്ച് കുട്ടികളുടെ മനസാ അവന്റെ ..."


"ഞാൻ നോക്കികോളം അമ്മേ ... അമ്മ വിഷമിക്കരുത് .. അല്ല ഏട്ടന്റെ നമ്പർ എങ്ങനെ കിട്ടി .."


"നമ്പർ മോളുടെ അമ്മ തന്നു.. എന്ന ഫോൺ വെച്ചോ അച്ഛനിപ്പോൾ വരും അച്ഛൻ പുറത്തു പോയപ്പോഴാ വിളിച്ചത്..."


"ശെരി ഞാൻ ഏട്ടന് കൊടുക്കാം അമ്മേ ..."

 

അമ്മു രഞ്ജുവിന്റെ കയ്യിലേക്ക് മൊബൈൽ കൊടുത്തു ..


"എന്നാ ശെരി അമ്മേ വിളിക്കാം ഞാൻ .."


"ടാ വീട്ടിൽ വരാൻ നോക്ക് ട്ടോ ...


"മ്മ്മ്,.."


മൊബൈൽ കട്ട് ചെയ്തു രഞ്ജു അമ്മുനെ നോക്കി അപ്പോഴും അവളുടെ കണ്ണു നിറഞ്ഞു തന്നെയിരുന്നു ....


"ടി റോഡിൽ നിന്നു കരയല്ലെടി ഇനി നാട്ടുകാർ വിചാരിക്കും നിന്നെ ഞാൻ തല്ലിയെന്നു ... നീ കേറൂ നമുക്ക് പോകാം  "


എന്നു പറഞ്ഞു രഞ്ജു  ചിരിച്ചു ...


അമ്മു ഒന്നും മിണ്ടാതെ ബൈക്കിൽ കേറി 


******************


ഹോട്ടലിൽ കേറി ഫുഡ് കഴിച്ചു  

ഫ്ലാറ്റിലെത്തുമ്പോൾ സമയം എട്ടായി വാതിൽ  തുറന്നു രണ്ടാളും അകത്തു കേറി 


റൂമിലെത്തി ബാഗു കട്ടിലിൽ ഇട്ടു അമ്മു രഞ്ജുനെ കെട്ടിപിടിച്ചു ... 


"ഏട്ടാ ... 


അപ്പോഴേക്കും രഞ്ജു അമ്മുനെ ചുറ്റി പിടിച്ചു  നെഞ്ചോടു ചേർത്ത് ആ നെറ്റിയിലൊരു ഉമ്മ കൊടുത്തു ചോദിച്ചു ..


"എന്താടി ...


"ഒന്നുല്ല ഏട്ടാ ..." 


"ടി ഭാര്യേ പിന്നെ എന്തിനാ അമ്മ വിളിച്ചപ്പോൾ നി കരഞ്ഞത് ...."


അവന്റെ നെഞ്ചിൽ നിന്നു മാറി അമ്മു  കട്ടിലിൽ ഇരുന്നു രഞ്ജുവിനെ നോക്കി... 

ആ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു ... അവൾ പെട്ടന്ന് എഴിച്ചു അവന്റെ നെഞ്ചിലേക്ക് വീണു ....


"എന്നെ തനിച്ചാക്കി പോകല്ലേ ഏട്ടാ ..."


അവനവളുടെ നിറഞ്ഞ കണ്ണിൽ നോക്കി ...


"എന്താടോ താൻ ഇങ്ങനെ .... ഞാൻ എവടെ പോകാൻ???


"ഏട്ടാ എന്റെ കുറവുകൾ അത് ഏട്ടന്റെതാക്കി മാറ്റി എല്ലാവരുടെയും മുന്നിൽ ഏട്ടൻ ചെറുതായി .... ഇന്ന് അമ്മ ചോദിച്ചു ഏട്ടനാണോ കുഴപ്പമെന്നു അമ്മയത്  ചോദിച്ചപ്പോൾ എനിക്ക്... 

ഒരു കുഞ്ഞിന് ജന്മം നൽകാത്തവൾ കഴിവുകെട്ടവൾ അല്ലേ ഏട്ടാ ..... ഡോക്ടർ പറഞ്ഞില്ലേ എനിക്ക്  ഒരിക്കലുമൊരു  അമ്മയാവാൻ കഴിയില്ലെന്ന് പിന്നെ എന്തിനാ ഈ ഭാരം ഏട്ടൻ ഇനിയും  ചുമക്കുന്നത് ...."


രഞ്ജു അവളെ ഒന്നുടെ മുറുകി പിടിച്ചു 


"ടി ഉണ്ടക്കണ്ണി ഒരിക്കൽ ഞാനില്ലാതെ ആയാൽ...."


 രഞ്ജു അങ്ങനെ പറഞ്ഞതും അമ്മു അവന്റെ വായിൽ പൊത്തി പിടിച്ചു വേണ്ടാന്ന് തലയാട്ടി ...


   "ഞാൻ പറയട്ടെ കൊച്ചേ മനുഷ്യന്റെ കാര്യമല്ലേ എന്താ നാളെ സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ അമ്മു ... സത്യം അറിഞ്ഞാൽ ഈ കാരണം പറഞ്ഞു നിന്നെ എല്ലാവരും ഒഴിവാക്കും ഈ പറയുന്ന ആരും കാണില്ല ഈ സ്നേഹവും കാണില്ല.. ഇതിപ്പോൾ കുഴപ്പം എനിക്ക് അല്ലേ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ താൻ ഇനി  മാറ്റാനൊന്നും പോകണ്ട... പിന്നെ ഒരു സ്ത്രീ അമ്മ ആയാൽ മാത്രേ പൂർണ്ണതയിലെത്തു എന്ന് നിന്നോട് ആരാ പറഞ്ഞത് പുരുഷനെ മനസിലാക്കി സ്നേഹിക്കുമ്പോഴാണ് അവൾ നല്ലൊരു കുടുംബിനിയാകുന്നത് .... "


അവന്റെ കണ്ണും നിറഞ്ഞു വന്നു 


അവളാ കണ്ണീർ തുടച്ചു അവന്റെ മുഖതേക്ക് അവൾ സൂക്ഷിച്ചു നോക്കി 


"ഏട്ടാ ഒരു പെണ്ണിനു ഇതിൽ കൂടുതൽ എന്താ വേണ്ടത് അവളെ മനസിലാക്കുന്ന ഭർത്താവ് അതല്ലേ അവളുടെ ധൈര്യവും സന്തോഷവും  എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല ഏട്ടാ ...."


"എനിക്കും ........ എന്നെ കൂടെ വെറുതെ കരയിപ്പിച്ചു നിന്നെ ഇന്ന് ഞാൻ ..."


 എന്ന് പറഞ്ഞവൻ നിറഞ്ഞു വരുന്ന  അവളുടെ കണ്ണിൽ മെല്ലെ ഉമ്മ വെച്ചു  ..... 


അമ്മു അവന്റെ ആ നെഞ്ചിൽ ഒന്നുടെ കൂറുകി കിടന്നു ഇനിയും നൂറു ജന്മങ്ങളിലും ഈ നെഞ്ചിന്റെ ചൂടേറ്റ് ജീവിക്കാൻ കഴിയണമെന്ന പ്രാർത്ഥനയോടെ .......


ഭാര്യ ഒരു ഭാരമല്ല... 

കൈ പിടിച്ചു കൂടെ കുട്ടിയവളുടെ കണ്ണു നനക്കരുത്... എന്തു കുറവുണ്ടെങ്കിലും നോവിക്കരുത് ഒരു നോട്ടം കൊണ്ട് പോലും.. ഇഷ്ട്ടത്തോടെ ചേർത്ത് പിടിച്ചാൽ സ്വന്തം ഇഷ്ട്ടങ്ങൾ പോലും മറക്കുമവൾ... മനസറിഞ്ഞു സ്നേഹിച്ചാൽ ഭാര്യ ഭാരമാകില്ലൊരിക്കലും എന്തു കുറവുകൾ ഉണ്ടെങ്കിൽ പോലും ........


ഇഷ്ട്ടപെട്ടാൽ രണ്ടു വരി ...

To Top