തിരിഞ്ഞു നോക്കുമ്പോൾ ട്രീസ അ ടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു...

Valappottukal


രചന: മീനു M


ഇനി നീ വന്നു വല്ലോം കഴിച്ചേച്ചു മതി പെണ്ണെ......


ട്രീസചേച്ചിയുടെ ശബ്ദം.. ജാൻസി തലയുയർത്തി നോക്കി.


 ത്രേസ്യാമ്മച്ചിയുടെ തുണികൾ അലക്കാൻ നിൽക്കുക ആയിരുന്നു അവൾ...


കഴിഞ്ഞേച്ചു വരാം ചേച്ചി......


മൂത്രത്തിൽ കുഴഞ്ഞ തുണികൾ അലക്കി കഴിഞ്ഞു വൃത്തിയിൽ ഊരിയെടുത്തു ഡെറ്റോളിൽ മുക്കി വച്ചു.... മലം പറ്റിയത് വേറെ അലക്കിയെടുത്തു അതും ഡെറ്റോളിൽ മുക്കി.


ആദ്യം വച്ചത് വിരിച്ചിട്ടു. ബാക്കി കൂടെ പിഴിഞ്ഞ് വിരിച്ചു വന്നപ്പോൾ ജാൻസി തളർന്നു പോയി...


പൈപ്പിന്റെ ചുവട്ടിൽ നിന്നു കയ്യും കാലും സോപ്പിട്ട് കഴുകി... അടുക്കളവശത്തെ ഇറയത്തു വന്നിരുന്നപ്പോൾ ട്രീസ ഒരു പ്ലേറ്റിൽ ചോറും കറിയും കൊണ്ടു കൊടുത്തു....


ചൂര മീൻ കറി വച്ചത് ആണെന്ന് തോന്നുന്നു. വലിയ കഷ്ണം ആണ്.. പിന്നെ പോർക്ക്‌ വരട്ടിയതും ചിക്കൻ വറുത്തതും ഉണ്ട്... പ്ലേറ്റ് ഇൽ ഭംഗിയായി ട്രീസ വിളമ്പി വച്ചത് കണ്ടപ്പോൾ ജാൻസിക്ക് വിശപ്പ് കൂടി.


 കാലത്ത് തൊട്ട് ഇന്ന് പിടിപ്പത് പണി ആയിരുന്നു. ഇന്നലെ ത്രേസ്യാമ്മച്ചിക്ക് വയറ്റീന്ന് പോകാൻ ഗുളിക കൊടുത്തത് കൊണ്ടു ഇന്ന് ക്ലീൻ ചെയ്യാനും അലക്കാനും കൂടുതൽ ഉണ്ടായിരുന്നു...


വയറു വിശന്നിട്ട്  വയറ്റിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കാൻ തുടങ്ങിയിട്ടുണ്ട്....


ജാൻസി ആർത്തിയോടെ ഒരു പിടി വാരി വായിൽ ഇട്ടു...

അങ്ങനെ തന്നെ ഓക്കാനിച്ചു പോയി അവൾ...


കൈക്ക് ഇപ്പോളും ആ ഉളുമ്പു നാറ്റം തന്നെ.....


ജാൻസി ചോറ് അവിടെ മൂടി വച്ച് പൈപ്പിന്റെ ചുവട്ടിൽ പോയി പിന്നെയും പിയേഴ്‌സ് സോപ്പ് നന്നായി തേച്ചു പിടിപ്പിച്ചു.... കൈ കഴുകാൻ ട്രീസ ചേച്ചി തന്നതാണ്...


ജാൻസി കൈ കഴുകി തുടച്ചു വീണ്ടും ഒന്ന് കൈകൾ മണത്തു നോക്കി... എന്തോ ഒരു പച്ച ഉളുമ്പ് മണം ഇപ്പോളും ഉണ്ട്.. ചോരയുടെയോ മൂത്രത്തിന്റെയോ........


 ജാൻസിക്ക് പിന്നെയും ഓക്കാനം വന്നു...


 ഗ്രില്ലിനിടയിലൂടെ  അതു നോക്കി നിന്ന ട്രീസയുടെ മുഖവും മങ്ങിപോയി..


ട്രീസെച്ചി... ജാൻസി അടുക്കള വശത്ത് നിന്ന് പതിയെ വിളിച്ചു..


എന്താ ജാൻസി... 


നിക്ക്... വയറിനു എന്തോ സുഖം ല്ല.. ചോറ് വേണ്ട ചേച്ചി...


ഭക്ഷണം വേസ്റ്റ് ആക്കുന്നത് ട്രീസയ്ക്ക് കലി ആണ്. പക്ഷേ അന്ന് ട്രീസ മൗനം പാലിച്ചു...


സാരമില്ല... നിനക്ക് അത് പൊതിഞ്ഞു എടുക്കണോ?


ജാൻസി  താഴെ നോക്കി വേണ്ടെന്ന് തലയാട്ടി.. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.. നല്ല വിശപ്പുണ്ട്.


വീട്ടിൽ അമ്മ ഉണ്ടാക്കുന്ന പോലെ ഒന്നും അല്ല....

ട്രീസചേച്ചി വയ്ക്കുന്ന ഭക്ഷണത്തിനു ഒക്കെ പ്രത്യേക നിറവും മണവും ആണ്.... ചില കറിപൊടികളുടെ പരസ്യത്തിൽ കാണുന്ന പോലെ....


ഒരുപക്ഷെ വലിയ വീടുകളിൽ ഒക്കെ ഇങ്ങനെ ആയിരിക്കും....


 മുൻപ് മുംതാസ് ഇത്തേടെ വീട്ടിൽ അമ്മ പണിക്ക് പോയിട്ട് വരുമ്പോൾ എന്തെങ്കിലും ഫങ്ക്ഷൻ ഒക്കെ ഉള്ള ദിവസം പകർച്ച കൊണ്ടു വരാറുണ്ട്. അതിനും ഇതുപോലെ ഉള്ള രുചി ആണ്....


ജാൻസി നിസഹായതയോടെ തിരിഞ്ഞു നടന്നു...


ഡീ അവിടെ നിക്ക്....


ട്രീസ പുറകിൽ നിന്നും വിളിച്ചു. തിരിഞ്ഞു നോക്കുമ്പോൾ ട്രീസ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു...


ദാ.. ഇതു പിടിക്ക്.... ഇന്നേക്ക് ഒരു മാസം ആയി നീയിവിടെ അമ്മച്ചിയെ നോക്കാൻ വന്നു തുടങ്ങിട്ട്..


ട്രീസ ജാൻസിയുടെ വലതു കൈ തുറന്നു മടക്കിയ കുറെ അധികം നോട്ടുകൾ വച്ചു കൊടുത്തു...


ജാൻസി പകച്ചു പോയി. ഇത്രയേറെ പൈസ അവൾ ആദ്യം ആയി കാണുക ആയിരുന്നു.. തന്റെ ജോലിക്കുള്ള ശമ്പളം... ആദ്യത്തെ പ്രതിഫലം.... ജാൻസിയ്ക്ക് കരച്ചിൽ വന്നു...


നീ ക്ഷമിക്ക്.. വേറെ ആരെയും കിട്ടാഞ്ഞിട്ടാണ് ഒന്നു രണ്ടു പേരൊക്കെ വന്നു. പക്ഷേ ഈ അവസ്ഥയിൽ കിടക്കുന്ന അമ്മച്ചിയെ നോക്കാൻ ആരും നിക്കുന്നില്ല.... നീ ഡിഗ്രി കഴിഞ്ഞതല്ലേ...വേറെ ആരെങ്കിലും കിട്ടുക ആണെങ്കിൽ സണ്ണിച്ചായൻ നിനക്ക് ഓഫീസിൽ എന്തേലും ജോലി തരും....അല്ലെങ്കിൽ കുറച്ചു നാൾ കൂടി.....


ട്രീസ ബാക്കി പറയാതെ നിർത്തി.


ജാൻസി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... 'ആ കുറച്ചു നാൾ ' ത്രേസ്യാമ്മച്ചി മരിച്ചു പോകുന്നത് വരെയുള്ള കാലയളവ് ആണെന്ന് അവൾക്ക് മനസിലായിരുന്നു...


അമ്മ വീട്ടുജോലിക്ക് വന്നിരുന്ന വീട് ആണ്... മൂന്നാലു വീട്ടിൽ അമ്മ പണിക്ക് പോകാറുണ്ട്. അതുകൊണ്ടാണ് അമ്മ അപ്പൻ ഇല്ലാത്ത തന്നെയും ജോജികുട്ടനെയും വളർത്തിയത്. പഠിപ്പിച്ചത്... ജോജികുട്ടന് ഒരു വയസ് ഉള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ അപ്പൻ പോയതാണ്...


 അന്ന് മുതൽ അമ്മ ഓരോ വീടുകളിൽ ജോലിക്ക് പോകുന്നു....


വർഷങ്ങൾ ആയി അമ്മ ഒരു ഹാർട്ട്‌ പേഷ്യന്റ് ആയിരുന്നു...എങ്കിലും പണിക്ക് പോകും....


ഈയിടെ ഇടയ്ക്കിടെ ശ്വാസം കിട്ടാതെ തല കറങ്ങി വീഴുന്നത് പതിവായി. സർക്കാർ ആശുപത്രിയിലെ ഡോക്ടർ ആണ് പറഞ്ഞത്.. ഇനി ഭാരപ്പെട്ട ഒരു ജോലിയും ചെയ്യാൻ പാടില്ല.. ഇനി ഇങ്ങനെ വന്നാൽ ഒരു കാർഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതൽ ആണ്...


ജോജികുട്ടൻ  പഠിക്കുക ആണ്.. കൊൽക്കത്തയിൽ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബി ടെക് നാണ്. പള്ളിക്കാരു സഹായിച്ചിട്ടാണ് അവിടെ ചേർത്താനുള്ള പണം കിട്ടിയത്.. ഇനിയും ചിലവ് ഉണ്ട്  ഫീസും ഹോസ്റ്റൽ ഫീസും ഒക്കെ ആയി മാസത്തിൽ ഒരു തുക വേണം...


അങ്ങനെ ആണ് ജാൻസി തുടർപഠനം എന്ന സ്വപ്നം ഉപേക്ഷിച്ചു ഒരു ജോലി അന്വേഷിച്ചു തുടങ്ങിയത്.


ഒന്നും ശരിയാവാതെ വന്നപ്പോൾ ആണ് അമ്മ പറഞ്ഞത്.. സണ്ണിച്ചായനെ ഒന്ന് കണ്ടു നോക്ക്.. വല്യ ബിസിനസും ഓഫീസും ഒക്കെ ഉള്ള ആളാണെന്നു....


സണ്ണിച്ചായനെ കാണാൻ വന്ന അന്ന് ജാൻസിക്ക് നല്ല ഓർമ്മ ഉണ്ട്. മൂന്നാമത്തെ ഹോം നേഴ്സും ഇട്ടിട്ട് പോയതിന്റെ ദേഷ്യത്തിലും സങ്കടത്തിലും ആയിരുന്നു ആള്. അതുകൊണ്ട് തന്നെ നല്ല ചീത്ത ആണ് ആദ്യം കിട്ടിയത്.


കണ്ണ് നിറഞ്ഞു ആ വീടിന്റെ പടി ഇറങ്ങിയപ്പോൾ ട്രീസേച്ചി ആണ് ചോദിച്ചത്.. ഇവിടുത്തെ അമ്മച്ചിയെ നോക്കാൻ നിൽക്കാമോ.. നിനക്ക് ഒരു ഓഫീസ് ജോലിക്ക് കിട്ടുന്നതിലും കൂടുതൽ ശമ്പളം തരാമെന്ന്...


വയ്യാത്ത അമ്മയും ജോജികുട്ടന്റെ പഠിപ്പും മാത്രമേ മനസ്സിൽ തെളിഞ്ഞുള്ളു....അതുകൊണ്ട് തന്നെ എന്താണ് ജോലി എന്ന് അമ്മയോട് പറഞ്ഞില്ല.. ആരോടും പറഞ്ഞില്ല...


നടന്നു നടന്നു വീടെത്തിയത് ജാൻസി അറിഞ്ഞില്ല...


നീയിന്നു നേരം വൈകിയോ? ഒരു കുട എടുക്കാൻ പറഞ്ഞാ കേൾക്കില്ല പെണ്ണ്. മുഖം ആകെ വാടി പോയി....


ജെസ്സി സ്ഥിരം പല്ലവി ആവർത്തിച്ചു.


നിനക്ക് അവിൽ നനച്ചതും ചായേം എടുക്കട്ടെ...


ആ എടുത്തു വയ്ക്ക്. ഞാൻ ഒന്ന് കയ്യും കാലും കഴുകിയേച്ചു വരാം..


മുഖം കഴുകി വന്നിട്ട് പ്ലേറ്റ് എടുത്തു ആർത്തിയോടെ മടിയിൽ വച്ചു. പക്ഷേ ജാൻസിയുടെ കൈകൾ അറിയാതെ മൂക്കിനടുത്തേയ്ക്ക് നീണ്ടു.


അമ്മാ.......ഇതൊന്ന് എനിക്ക് വാരി താ.....


എന്തോ വലിയ കാര്യം കേട്ടത് പോലെ ജെസ്സി അതിശയം ഭാവിച്ചു...


ഈ പെണ്ണിനിത് എന്തുപറ്റി.....


പ്ലീസ് അമ്മാ..,


മ്മ്.. ഇങ്ങു കൊണ്ടു വാ... ഞാൻ വാരി തരാ... അല്ലെങ്കിലും ജോലിക്ക് പോയി തുടങ്ങിപ്പോ നീ വല്ലാതെ ക്ഷീണിച്ചു. മര്യാദക്ക് കഴിപ്പും ഇല്ല... ഭാരപ്പെട്ട ജോലി ആണോടീ...


ജെസ്സിയ്ക്ക് കണ്ണു നിറഞ്ഞു..


പിന്നേ.... ഓഫീസിൽ എനിക്ക് കല്ല് ചുമക്കുന്ന ജോലി ആണല്ലോ... അമ്മ ഇനി എന്നും വാരി തന്നാൽ മതി.. ഞാൻ കഴിച്ചോളാ.... ജാൻസി നിറഞ്ഞ കണ്ണുകൾ ജെസ്സി കാണാതെ ഇരിക്കാൻകണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു.....


പിന്നെ അമ്മാ... സണ്ണിച്ചായൻ ശമ്പളം തന്നിട്ടുണ്ട്... ഇത് പിടിക്ക്...


എനിക്ക് എന്തിനാ.. നീ തന്നെ അല്ലേ എല്ലാം ചെയ്യുന്നേ.. ജെസിക്ക് സങ്കടം വന്നു..


തല്ക്കാലം അമ്മ വെയ്ക്ക്.. നാളെ ജോജികുട്ടന്റെ ഫീസ് അയച്ചു കൊടുക്കണം... പിന്നെ അത്യാവശ്യം എന്തേലും ഒക്കെ വാങ്ങണം അടുക്കളയിലേക്ക്... അന്നേരം ഞാൻ ചോദിച്ചോളാം....


ജാൻസി ഒഴിഞ്ഞ കിണ്ണത്തിലേക്ക് നോക്കി.. ഇത്ര പെട്ടെന്ന് തീർന്നു പോയോ...വിശപ്പ് മാറിയിട്ടില്ലെന്ന് തോന്നി. എത്ര നാൾ കൂടി ആണ് ഇങ്ങനെ രുചിയോടെ കഴിക്കുന്നത്....


എനിക്ക് നിറഞ്ഞില്ലട്ടാ.. അമ്മ കുറച്ചൂടെ എടുത്തിട്ട് വാ... നല്ല രുചി....


അമ്മ വാരി തരുമ്പോൾ..എത്ര 

കഴിച്ചിട്ടും മതിയാവുന്നില്ലെന്ന് തോന്നി ജാൻസിക്ക്...


അവൾ രണ്ടു കയ്യും വിടർത്തി മടിയിൽ വച്ചു തന്റെ കയ്യിലേയ്ക്ക് ഉറ്റു നോക്കികൊണ്ടിരുന്നു....


എന്നാണിനി മനസ്സിൽ പിടിച്ചു എന്തേലും വാരി കഴിക്കാൻ പറ്റുക?


തല്ക്കാലം തന്റെ വിശപ്പ് അല്ല പ്രധാനം... കുടുംബത്തിന്റെ നില നിൽപ്പ് ആണ്.....


ജെസ്സി ആഹാരം കൊണ്ടു വരുന്നതും കാത്ത് ജാൻസി ഇരുന്നു. കാരണം അവൾക്കിപ്പോളും നന്നായി വിശക്കുന്നുണ്ടായിരുന്നു......

To Top