ഗുണ കേവും, അനുഭവ കുറിപ്പും രസകരമായ യാത്രാ അനുഭവം...

Valappottukal

 


വിവരണം തയാറാക്കിയത്: അനസ് ഹസ്സൻ


ഗുണ കേവ്

ഒരു അനുഭവ കുറിപ്പ് 


സൗബിൻ നായകനായ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തീയറ്ററുകളിൽ  പ്രദർശനം തുടരുകയാണ്...


ഒരു കൂട്ടം ചെറുപ്പക്കാർ കൊടൈക്കനാലിൽ പോകുന്നതും അവർക്ക് അവിടെ വെച്ച് ഉണ്ടാകുന്ന അപകടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു 


2012 സെപ്റ്റംബർ മാസം 3ആം തിയതി ഞാനും എന്റെ സുഹൃത്തുക്കളായ സജീറും അഫ്സലും കൂടി ഒരു കൊടൈക്കനാൽ ട്രിപ്പിന് പോയത് ഈ അവസരത്തിൽ ഓർത്തുപോകുകയാണ്


അഫ്സലിന്റെ  അന്നത്തെ പുതിയ കാറായ ബീറ്റ് നാണ് ഞങ്ങൾ പുറപ്പെട്ടത്

മറ്റുള്ള സുഹൃത്തുക്കൾക്ക്.തീരുമാനിച്ച ദിവസം വരാൻ സാധിക്കാതെ വന്നപ്പോൾ അതേ ഡേറ്റിന് ഞങ്ങൾ മൂന്ന് പേരും കൂടി പുറപ്പെട്ടു


നാട്ടിൽ നിന്നും ഒരു ഉച്ചയോടെയാണ് ഞങ്ങൾ യാത്ര ആരംഭിച്ചത്


ആദ്യം  ഇടുക്കിയിൽ ചെന്ന് ഡാം പരിസരമൊക്കെ കണ്ട് അന്ന് വൈകിട്ട് കട്ടപ്പനയിൽ റൂം എടുത്തു

പിറ്റേന്ന് കമ്പം തേനി റൂട്ടിലെ കൃഷിയിടങ്ങളും മുന്തിരി തോട്ടവും ഒക്കെ കണ്ട് നേരെ കൊടൈക്കനാലിലേക്ക് വിട്ടു


ഏകദേശം ഉച്ചയോടെ ഞങ്ങൾ അവിടെയെത്തി


അങ്ങനെ കൊടൈക്കനാലിന്റെ ഭംഗികൾ ആസ്വദിച്ചു വരുന്ന കൂട്ടത്തിൽ പതിവ് പോലെ ഗുണ കേവിലും ഞങ്ങളെത്തി


മഞ്ഞ് മൂടി കിടക്കുന്ന ഡെവിൾസ്‌ കിച്ചൻ എന്ന ഗുണ കേവ് പല തവണ അവിടെ പോയിട്ടുണ്ടെങ്കിലും ആ വർഷമാണ് യഥാർത്ഥ ഗുഹ ഞങ്ങൾ കണ്ടത്


പില്ലർ റോക്ക് എന്ന രണ്ട് പാറക്കൂട്ടത്തിന്റ ഇടയിലെ വലിയ വലിയ തുരങ്കങ്ങളുള്ള ഗുഹ അതിലേക്ക് ആളുകൾ വീഴാതിരിക്കാൻ ഇരുമ്പ് വേലി കെട്ടി വെച്ചിരിക്കുന്നത് കാണാം


അതിന്റെ ഇപ്പുറം നിന്ന് കൊണ്ടുള്ള കാഴ്ചകളെ ഇന്നും ഭൂരിഭാഗം ആളുകൾക്കും കാണാൻ സാധിച്ചിട്ടുള്ളു


അങ്ങനെ അതൊക്കെ കണ്ട് ഫോട്ടോയൊക്കെ എടുത്ത് ഞങ്ങൾ അങ്ങനെ നിൽക്കുമ്പോൾ


പെട്ടന്ന് ഇരുമ്പ് വേലിയുടെ അപ്പുറം 4 ചെറുപ്പക്കാർ നിൽക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് അന്നേരം അത്യാവശ്യം നല്ല കോടമഞ്ഞുണ്ടായിരുന്നു


ഞാൻ അവരോട് ചോദിച്ചു നിങ്ങൾ എങ്ങനെ അപ്പുറത്ത് കടന്നത്


അവരുടെ കൂട്ടത്തിലെ ഒരുവൻ താഴെ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു അവിടെ ഈ ഇരുമ്പ് വേലിക്ക് ഒരു ഗ്യാപ്പുണ്ട് അതിലെ കേറിയെന്ന്

എന്നിട്ട് അവൻ തുടർന്നു ഈ കാണുന്നതല്ല ഗുണ കേവ്.. ഇവിടന്ന് താഴോട്ട് ഇറങ്ങണം അവിടെയാണ് ഗുണ  മൂവിയിലെ കമൽഹാസനും നായികയുമൊക്കെ ഇറങ്ങിയ യഥാർത്ഥ സ്ഥലം


വരുന്നോ ഞങ്ങൾ ഇറങ്ങാൻ പോകുന്നു പാലക്കാട്‌ നിന്നും വന്ന ചെറുപ്പക്കാർ ആയിരുന്നു അവർ


ഇതിന് മുൻപ് അവരിൽ ഒരാൾ അവിടെ ഇറങ്ങിയിട്ടുണ്ടത്രെ


ഇത് കേട്ട് സജീർ പറഞ്ഞു വാടാ നമുക്കും ഇറങ്ങാം..

ഞാൻ പറഞ്ഞു വേണ്ടടാ ഫോറെസ്റ്റ്കാര് കണ്ടാൽ പണി കിട്ടും


പക്ഷേ അഫ്സലും കൂടി ഇറങ്ങാമെന്നും നല്ല അഡ്വഞ്ചറാകുമെന്നും പറഞ്ഞു നിർബന്ധിച്ചു ഏതെങ്കിലും സിനിമ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ എന്ന് കേട്ടാൽ എനിക്ക് വലിയ താല്പര്യമാണ്


ഒടുവിൽ ആ പയ്യൻ പറഞ്ഞ ഗ്യാപ്പിലൂടെ ഞങ്ങൾ ഇരുമ്പ് വേലിയുടെ അപ്പുറം കടന്ന് അൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ

ഭൂമി പിളർന്നത് പോലെ വലിയ വിടവ് ഏകദേശം ഒരു 100 അടി താഴ്ച്ച കാണും അതിന്


ഞാൻ നോക്കുമ്പോൾ താഴ്ന്നു നിൽക്കുന്ന ഒരു മരത്തിന്റെ വേരിലും പാറയിലും ചവിട്ടി ഓരോരുത്തരും ആ ഭാഗത്ത് നിന്നും ഇറങ്ങാൻ തുടങ്ങുന്നു


എന്റെ കയ്യിൽ  അഫ്സലിന്റെ ഒരു പിക്സൽ ക്യാമറയുണ്ടായിരുന്നു 

ഇറങ്ങും മുൻപ് ഞാൻ ഒന്ന് രണ്ട് ഫോട്ടോകൾ എടുത്തു ഒരു വിധത്തിൽ ഞാനും പാറക്കെട്ടുകളിൽ പിടിച്ചു പിടിച്ചു താഴേക്ക് ഇറങ്ങി


പാറ മൊത്തത്തിൽ ചെറിയ ചെടികളും അഴുക്കും പിടിച്ചു കരിക്കട്ട നിറത്തിലായിരുന്നു നല്ല വഴുക്കലുമുണ്ടായിരുന്നു പിടി വിട്ട് പോയാൽ താഴെ പാറയിൽ പോയി തലയിടിച്ചു വീഴും


അങ്ങനെ ഒരു വിധത്തിൽ ആദ്യത്തെ ഒരു ഭാഗത്ത് ഞങ്ങൾ ഇറങ്ങി

അവിടെയാണ് ഗുണ മൂവിയിൽ നായികയെ കമൽഹാസൻ ആദ്യം കൊണ്ട് വരുന്നതും തീ പന്തമൊക്കെ കത്തിച്ചു വെക്കുന്നതുമൊക്കെ ഷൂട്ട്‌ ചെയ്തത് 


ഞാൻ ചുറ്റുമോന്ന് നോക്കി വല്ലാതെ പേടിപ്പെടുത്തുന്ന അന്തരീക്ഷം വെളിച്ചം കുറവാണ്

പല രീതിയിൽ ഉയർന്നു നിൽക്കുന്ന ഇടുങ്ങിയ പാറക്കെട്ടുകൾ ചില വലിയ കല്ലുകൾ ഇപ്പൊ തലയിൽ വീഴുമെന്ന് മട്ടിൽ ഇരിക്കുന്നു ഉള്ളിൽ വല്ലാത്ത ഭയം വന്ന് നിറഞ്ഞു


മുകളിലേക്ക് നോക്കിയപ്പോൾ ഇനി ഇതെങ്ങനെ തിരിച്ചു കേറും പടച്ചോനെ  എന്നാലോചിച്ചു നിൽക്കുമ്പോൾ

സജീറിന്റെ വിളി വന്നു..

ടാ നീ എന്തെടുക്കാ ശരിക്കുള്ള സ്പോട്ട് ആയിട്ടില്ല മറ്റവന്മാർ കുറച്ചു കൂടി താഴോട്ട് ഇറങ്ങി വാ നമുക്കും ഇറങ്ങാം 


ഞാൻ പറഞ്ഞു മതിയട ഇനി ഇറങ്ങണ്ട പേടിയാകുന്നു ഇതിന്റെ അകത്ത് വല്ല കരടിയോ പുലിയോ മറ്റോ കാണുമോ


എന്റെ സംസാരം കേട്ട് മറ്റുള്ളവർ ചിരിച്ചു കൊണ്ട് നടക്കാൻ തുടങ്ങി

ഞാൻ പറഞ്ഞു ചിരിക്കണ്ട ഇതിനകത്ത് എന്തൊക്കെ അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് പറയാൻ പറ്റില്ല പലരും മുൻപ് വീണു മരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്


അനസേ ഞാൻ കുറച്ചു നാൾക്ക് മുൻപ് ഇവിടെ ഇറങ്ങിയിട്ടുണ്ട് ശ്രദ്ധിച്ചു പോയാൽ ഒരു കുഴപ്പവുമില്ല പേടിക്കാതെ പോര് പാലക്കാട്‌ നിന്നും വന്നവരിൽ ഒരുവൻ എന്നെ നോക്കി പറഞ്ഞു


ചില പാറകളിൽ വലിപ്പമുള്ള ഒരുപാട്  വവ്വാലുകൾ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു ആ കാഴ്ച അൽപ്പം പേടിപ്പെടുത്തുതായിരുന്നു


കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ  പാറക്കെട്ടിൽ കാലുകൾ അപ്പുറവും ഇപ്പുറവും താങ്ങി നിർത്തിയിട്ട് സജീർ എന്നോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു


ഇറങ്ങടാ താഴെ വീഴണ്ട  അതുമല്ല ഫോട്ടോ എടുക്കാൻ കൈ നിറയെ ചെളിയാണ് ഞാൻ പറഞ്ഞു


അപ്പൊ സജീർ - വേഗം എടുക്കട ഇതൊക്കെയല്ലേ ത്രില്ല്


സജീറിന് ഇത്തരം സാഹസിക പരിപാടിയൊക്കെ വലിയ താല്പര്യമാണ് അങ്ങനെ ഞാൻ ചെളി പുരണ്ട കൈ കൊണ്ട് അവൻ നിൽക്കുന്ന ഫോട്ടോ  പകർത്തി


അങ്ങനെ ആ ഗുഹയുടെ വിടവിലൂടെ ഞങ്ങൾ വീണ്ടും താഴോട്ട് ഇറങ്ങി അപ്പൊ അതാ മുകളിൽ ഉള്ളത് പോലെ ഇരുമ്പ് വേലി അവിടെയും ഒരു ഭാഗത്ത് അടച്ചു വെച്ചിരിക്കുന്നു


അവന്മാർ എല്ലാം അതിൽ കേറി അപ്പുറത്തേക്ക് ഇറങ്ങി തുടങ്ങി


എനിക്ക് വയ്യ ഞാൻ കേറുന്നില്ല എന്ന് പറഞ്ഞു


അഫ്സലും സജീറും ധൈര്യം തന്നു എന്തായാലും ഇത്ര കഷ്ട്ടപ്പെട്ട് ഇവിടം വരെ വന്നില്ലേ ബാക്കി കൂടി കണ്ടിട്ട് തിരിച്ചു കേറാം

അഫ്സൽ പറഞ്ഞു നിർത്തി,


അടുത്തത് ആ വേലി കടക്കുക എന്നതായിരുന്നു ഏറ്റവും വലിയ റിസ്ക്


ഗുണ കേവ് കാണാൻ വന്നിട്ടുഉള്ളവർക്ക് മനസ്സിലാകും ആ ഇരുമ്പ് വേലിയുടെ മുകൾ ഭാഗം എങ്ങനെയെന്ന് ഒരു കൂർത്ത കമ്പി മുകളിലേക്കും മറ്റൊരു കമ്പി വളഞ്ഞ രീതിയിലും (ഫോട്ടോ ശ്രദ്ധിച്ചാൽ മനസ്സിലാകും )


അത് കടന്ന് അപ്പുറം ചെല്ലുക എന്ന് പറഞ്ഞാൽ ഹൂ..ഒടുവിൽ ഞാനും കേറി  കമ്പികൾ മൂട്ടിൽ കുത്തി കേറാതെ ഒരു വിധത്തിൽ അപ്പുറം കടന്ന്


അൽപ്പം നീങ്ങിയപ്പോൾ ഇരുട്ട് കൂടി വന്നു മൊബൈൽ ടോർച് ഓണാക്കി എല്ലാവരും വീണ്ടും മുന്നോട്ട് നടന്നു


വലിയ പാറക്കല്ലുകളും താഴെ ഇടക്കിടക്ക് വിള്ളൽ പോലെ ചെറിയ കുഴികളും ശ്രദ്ധ തെറ്റിയാൽ അതിലേക്ക്  എളുപ്പം താഴേക്ക് വീഴും

അതിന്റെ അടിയിൽ വെട്ടം തീരെയില്ല

ഇടക്ക് കോട മഞ്ഞ് വന്ന് ഉള്ളിൽ പുക മറ സൃഷ്ടിച്ചു


കുറച്ചു മുൻപിൽ നിൽക്കുന്നവരെ പോലും വെക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ പോരാത്തതിന് ഇരുട്ടും 


അൽപ്പം നേരം എല്ലാവരും നിൽക്കുന്നയിടത്ത് നിന്നും അനങ്ങാതെ നിൽക്കാൻ മറ്റവന്മാരുടെ കൂട്ടത്തിലെ ആരോ വിളിച്ചു പറഞ്ഞു


അത് കേട്ട് ഒരു 10 മിനിറ്റ് ഞങ്ങൾ അവിടെ സംസാരിച്ചു നിന്നു കോട പതിയെ മാറി പരസ്പരം കാണാൻ പറ്റുന്ന അവസ്ഥയായി


ഇനി അങ്ങോട്ട്‌ ശ്രദ്ധിച്ചു നടക്കണം ഒരുപാട് കുഴികളുണ്ട്

ഈ കമൽഹാസനും ഷൂട്ടിംഗ് ടീമും എങ്ങനെ ഇതിന്റെ അകത്ത് കേറി ഷൂട്ട്‌ ചെയ്തെന്ന് ഒരു നിമിഷം ആലോചിച്ചു പോയി ഇത്രയും താഴേക്ക് ക്യാമറയും അഭിനേതാക്കളും യൂണിറ്റ്മൊക്കെ.. എത്ര കഷ്ടപെട്ടിട്ടുണ്ടാകും ഒന്നും കയ്യിലില്ലാതെ ഇറങ്ങാൻ ഇത്ര പ്രായസം അപ്പൊ ഓരോ പ്രോപ്പർട്ടിയുമായി ഇറങ്ങിയ അവരെ സമ്മതിക്കണം 


അന്ന് പിന്നെ നിരവധി പലകകളും ക്രെയിനും കോണിപ്പടികളുമൊക്കെ ഉപയോഗിച്ചാണെന്ന് പിന്നീട്  വായിച്ചറിഞ്ഞത് 


അങ്ങനെ ഒടുവിൽ വീണ്ടും നടന്ന് ഒരു വലിയ പാറ ചരിഞ്ഞു നിൽക്കുന്ന ഭാഗത്ത് ഞങ്ങൾ എത്തി

അവിടെയാണ് മെയിൽ ലൊക്കേഷൻ


കമൽഹാസൻ കാലൊടിഞ്ഞ നായികക്ക് വേണ്ടി ഒരു വടി കെട്ടി വെക്കുന്നതും.. പ്രശസ്തമായ ആ ഗാനം പാടുന്നതെല്ലാം അവിടെയാണ്


നോക്കുമ്പോൾ പാലക്കാട്‌ ടീമിലെ ഒരുവൻ ആ ഗുണയിലെ ഗാനം പാടി തുടങ്ങി


 🎶കണ്മണി അൻപോട കാതലൻ നാൻ എഴുതും കടിതമേ 🎶


ആ പാറക്കെട്ടിൽ.. നിരവധി പേരുകൾ ഞങ്ങൾ കണ്ടു മുൻപ് ഇറങ്ങിയവർ എഴുതി വെച്ചിരിക്കുന്ന പേരുകളായിരുന്നു അത്


ചിലതിൽ വർഷം വരെ എഴുതിയിരിക്കുന്നു അതിൽ ഏറ്റവും പഴക്കം ചെന്ന വർഷം 1993 എന്നായിരുന്നു


ഒടുവിൽ ആ ഗുഹയുടെ അവസാന ഭാഗത്ത് ഞങ്ങളെത്തി അതൊരു V ആകൃതിയിൽ പുറത്തേക്ക് തുറക്കുന്ന വലിയ ജനൽ പോലെ പുറം ഭാഗം കാണാവുന്ന രീതിയിലായിരുന്നു അതിന്റെ അറ്റത്ത് നിന്ന് നോക്കിയാൽ ഞങ്ങൾക്ക് മുകളിൽ നിൽക്കുന്ന ആളുകളെ കാണാമായിരുന്നു അതിന്റെ താഴെ കൊക്കയാണ് 


അവിടെ നിന്ന് ഫോട്ടോ എടുത്ത് ഞങ്ങൾ ഒരുമിച്ച് കമൽഹാസന്റെ ആ പ്രശസ്ത ഡയലോഗ് കൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു


**.മനിതൻ ഉണർന്ത്‌ കൊള്ള ഇത് മനിത കാതലല്ലേയ് അതെയും താണ്ടി പുനിതമാണത് **


ഞങ്ങളുടെ ആ ശബ്ദം ഗുഹക്കകത്ത് എക്കോ പോലെ മുഴങ്ങികൊണ്ടിരുന്നു 


ഗുണ സിനിമ കണ്ടവർ അവിടം സന്ദർശിക്കുമ്പോൾ ഈ ഡയലോഗ്  ഉച്ചത്തിൽ വിളിച്ചു പറയാറുണ്ടത്രേ 


അങ്ങനെ അവിടെ നിന്നും ഫോട്ടോകൾ എടുത്ത് കുറച്ചു നേരം അവിടെ ചിലവഴിച്ചു തിരിച്ചു കേറാനായി ഞങ്ങൾ നടന്നു


പതിവ് പോലെ കുഴികളും ഇരുമ്പ് വേലിയും കടന്ന് മുകളിൽ കേറാനുള്ള മരത്തിന്റെ വേരിനടിയിൽ ഞങ്ങളെത്തി


അന്നേരം ആരൊക്കെയോ ചെറിയ കല്ലുകൾ പെറുക്കി താഴോട്ട് എറിയുന്നു

ഒരു കല്ല് ആരുടെയോ ദേഹത്ത് കൊണ്ട് ഞങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു


 കല്ലെറിയല്ലേ.. താഴെ ആളുണ്ടേ..


 ഇതൊന്നും കേൾക്കാതെ അവിടെ സന്ദർശിക്കാൻ വന്നവരിൽ ആരൊക്കയോ കല്ലുകൾ എറിഞ്ഞു കൊണ്ടിരുന്നു


മുകളിലെ ഇരുമ്പ് വേലിക്കരികിൽ നിന്നും താഴോട്ട് ആഴം അറിയാൻ ആളുകൾ എറിഞ്ഞു നോക്കുന്നതാകാമെന്ന് ഞാൻ പറഞ്ഞു


അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ മുകളിലേക്ക് വലിഞ്ഞു കേറി ഷർട്ടിലും പാന്റ്റിലും കുറച്ചു ചെളിയായി ഒടുവിൽ എങ്ങനെയൊക്കെയോ മുകളിലെത്തി


അപ്പൊ അവിടെ നിന്ന മറ്റുള്ള ആളുകൾ ഞ്ഞങ്ങളെ ഏതോ അന്യഗ്രഹ ജീവികളെ പോലെ നോക്കുന്നു

ഇവന്മാർ ഇതെവിടെന്ന് കേറി വരുന്നു എന്ന മട്ടിൽ


അങ്ങനെ നടന്ന് വിഷമിച്ച് റോഡ് ലക്ഷ്യമാക്കി നീങ്ങി

ഈ സമയം രണ്ട് ഫോറെസ്റ്റ്കാർ ഞങ്ങളുടെ മുൻപിൽ കൂടി കൈയിൽ വടിയുമായി ഓടി പോകുന്നത് കണ്ടു


ഞങ്ങൾ റോഡിലെത്തി ഒരു കടയിൽ കേറി ചായ  ഓർഡർ ചെയ്ത് എന്നിട്ട് ഞങ്ങൾ ആ കടക്കാരനോട്‌ ചോദിച്ചു


ഫോറെസ്റ്റ്കാർ എന്താണ് വടിയുമായി ഓടി പോയത് 

അയാൾ പറഞ്ഞു ഏതോ പയ്യന്മാർ ഗുഹയിൽ ഇറങ്ങിയിട്ടുണ്ടന്ന് ആരോ ഫോറെസ്റ്റ്കാരോട് പറഞ്ഞത്രെ അതാ


കഴിഞ്ഞ ആഴ്ച കോയമ്പത്തൂരിൽ നിന്നും വന്ന രണ്ട് പയ്യൻമാർ അവിടെ വീണ് മരിച്ചതാണെന്നും കൂടി കടക്കാരൻ പറഞ്ഞു നിർത്തി.


ഞങ്ങൾ എല്ലാവരും ഒരു നിമിഷം പരസ്പരം മുഖത്തോട് മുഖം നോക്കി നിന്ന് പോയി


ആരുടെയോ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം ഒരു പോറൽ പോലും ഏൾക്കാതെ തിരിച്ചു കേറാൻ പറ്റിയതോർത്ത് സർവേശ്വരനോട്‌ നന്ദി പറഞ്ഞു


ഞങ്ങൾ കേറി വരുന്ന സമയത്താണ് ഫോറെസ്റ്റ്കാർ കണ്ടതെങ്കിൽ നല്ല പിടയും പിഴയും കിട്ടിയേനെ. എന്തോ ഭാഗ്യം 


പിന്നീട് നാട്ടിലെത്തി ഞങ്ങൾ ഗുണ കേവിൽ ഇറങ്ങിയ കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ

വർഷങ്ങൾക്ക് മുൻപ് മഞ്ഞുമ്മലിൽ നിന്നും പോയ കുറച്ചു ചെറുപ്പക്കാർ ഗുണ കേവിൽ വീണ് അപകടം പറ്റിയിരുന്നെന്നും ഒരുപാട് പേർ അവിടെ അതുപോലെ വീണട്ടുണ്ടെന്നുമൊക്കെയുള്ള കഥകൾ പലരിൽ നിന്നും കേൾക്കാനിടയായി 


ഇപ്പൊ ആ സംഭവം സിനിമയായി വരുന്നു മഞ്ഞുമ്മൾ ബോയ്സിലൂടെ 


ഗുണ മൂവിയിൽ ക്യാമറമാൻ വേണുവിന്റെ മനോഹര ഫ്രെയിമുകൾ നേരിൽ കാണാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു


നേരിട്ട് കാണുമ്പോൾ  സിനിമയിലെ പോലെ അത്ര ഭംഗി വരില്ല അത് വേറെ കാര്യം..


ഇനി മഞ്ഞുമ്മൾ ബോയ്സിലൂടെ ആ ഭംഗി 12 വർഷങ്ങൾ ശേഷം തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യാനായി കാത്തിരിക്കുന്നു...

To Top