കല്യാണം കഴിഞ്ഞ് പുതിയ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി ഞാൻ...

Valappottukal


രചന: ബിന്ദു


വല്ല്യേട്ടൻ

കല്യാണം കഴിഞ്ഞ് പുതിയ വീട്ടിലെത്തിയപ്പോഴാണ് ആദ്യമായി ഞാൻ ആ മനുഷ്യനെ കാണുന്നത് . എല്ലാവരും വല്ല്യേട്ടൻ എന്ന് വിളിക്കുന്ന ബാലുവിന്റെ ഏട്ടൻ .


ആരോടും അധികം അടുപ്പം കാണിക്കാത്ത ഒരു പ്രത്യേക പ്രകൃതമായിരുന്നു വല്ല്യേട്ടന്റെത് .ആവശ്യത്തിന് മാത്രം സംസാരം. എപ്പോഴും ഗൗരവ ഭാവമുള്ള മുഖം .എന്നെ കണ്ടിട്ടും ആ വീട്ടിൽ ആദ്യമായി വന്ന ഒരാളെന്ന ഭാവം പോലുമില്ലായിരുന്നു.


പിറ്റേന്ന് രാവിലെയാണ് ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയത് .. കഴുകാനുള്ള തുണികളുമായി കിണറ്റിൻ കരയിലേക്ക്

പോകുകയായിരുന്നു ഞാൻ . അപ്പോഴുണ്ട് വല്ല്യേട്ടൻ തുണി കഴുകുന്നു ..

ഞാൻ ആദ്യമായി വിളിച്ചു...


 "വല്ല്യേട്ടാ.. ഞാൻ കഴുകിക്കോളാം അതെല്ലാം... ഇങ്ങ് തന്നേക്കൂ..."


ആളത് കേട്ടതായിപ്പോലും ഭാവിച്ചില്ല.. അതുകേട്ടുവന്ന അമ്മ പറഞ്ഞു ...


"അവൻ പണ്ടേ അങ്ങനെയാ... അവന്റെ തുണികളൊന്നും മറ്റാരും കഴുകുന്നതവനിഷ്ടമല്ല.. അവൻ സ്വയം ചെയ്യാറാണ് പതിവ്. അതുകൊണ്ട് മോളാ പതിവ് തെറ്റിക്കേണ്ട...


എന്നാലും എനിക്കെന്തോ പോലെ തോന്നി.. ഞാനപ്പോൾ എന്റെ വീട്ടിലെ കാര്യമോർത്തുപോയി .. അച്ഛൻ പല്ല് തേക്കുന്നത് കാണുമ്പോഴേക്കും അമ്മ ഒരു ബക്കറ്റിൽ വെള്ളമെടുത്ത് ഓടുന്നത് കാണാം.. ഇത്തിരി വൈകിപ്പോയാൽ അച്ഛന്റെ വഴക്ക് അമ്മയ്ക്ക് ഉറപ്പാണ്...


രാവിലെ കിണറ്റിൻ കരയിൽ കണ്ട കാര്യം ബാലുവിനോട് പറഞ്ഞപ്പോൾ ബാലുവും പറഞ്ഞു നീ അതിലൊന്നും ഇടപെടേണ്ട എന്ന്.. കല്യാണം കഴിഞ്ഞ് അഞ്ചാറു മാസം കഴിഞ്ഞിട്ടും വല്ല്യേട്ടൻ എന്നോടൊന്നു മിണ്ടിയതുപോലുമില്ല.. എനിക്കതിൽ സങ്കടമുണ്ടായിരുന്നു..


ഭക്ഷത്തിന്റെ സമയം അടുക്കളയിൽ വരും.. അപ്പോഴേക്കും കഴിക്കാനുള്ളത് അമ്മ മേശമേൽ എടുത്ത് വെച്ചിട്ടുണ്ടാവും.. അത് അമ്മ തന്നെ കൊടുക്കണമെന്ന് വല്ല്യേട്ടന് നിർബന്ധമാണ് . അതുകൊണ്ട് ഞാൻ അതിലൊന്നും ഇടപെടാറില്ല..


അങ്ങനെയിരിക്കെ ഒരിക്കൽ അമ്മയ്ക്ക് അമ്മാവന്റെ വീട്ടിലേക്ക് ഒരു യാത്ര പോകേണ്ടി വന്നു.. അന്ന് ഞാൻ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.. വല്ല്യേട്ടൻ വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം ചോറും കറികളും വിളമ്പി മേശമേൽ കൊണ്ടുവച്ചു .. അത് കണ്ടിട്ടാവണം വല്ല്യേട്ടൻ ഉറക്കെ അമ്മയെ വിളിച്ചത്..

അതു കേട്ടപ്പോ ഞാൻ പറഞ്ഞു...


"അമ്മ ഇവിടെയില്ല... അമ്മാവന്റെ വീട്ടിലേക്ക് പോയതാ..എപ്പോഴാ വരികയെന്നറിയില്ല."


അതുകേട്ടപ്പോ കഴിക്കാൻ വന്നയാൾ മിണ്ടാതെ പുറത്തേക്ക് പോയി.. അതുകണ്ടപ്പോൾ എനിക്കാകെ വിഷമമായി.. അൽപ്പ നേരം കഴിഞ്ഞ് കാണും എന്തോ ശബ്ദം കേട്ട് ഞാൻ വന്ന് നോക്കുമ്പോ വല്ല്യേട്ടൻ ഭക്ഷണം കഴിക്കുന്നത് കണ്ടു.. അതുകണ്ടപ്പോൾ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി..


പക്ഷേ അധിക നേരം വേണ്ടി വന്നില്ല ആ സന്തോഷം പേടിയിലേക്ക് വഴി മാറാൻ. കാരണം സാധാരണ ഭക്ഷണം കഴിച്ചയുടനെ ജോലിസ്ഥലത്തേക്ക് പോകുന്ന വല്യേട്ടൻ അന്ന് പോകാനുള്ള ഭാവമൊന്നും കണ്ടില്ല.ഒരു സിഗരറ്റും പുകച്ചുകൊണ്ട് വരാന്തയിലിരിപ്പുണ്ട് ഇപ്പോഴും . ഇടയ്ക്കിടെ വഴിയിലേക്കും അകത്തേക്കും നോക്കുന്നുണ്ട് . ഈശ്വരാ... എനിക്കാകെ പേടിയാവാൻ തുടങ്ങി... അതിനിടയിൽ അടുക്കളയിലേക്ക് വന്ന് തുറന്നു കിടന്ന വാതിൽ അടക്കുന്നത് കണ്ടു. അതു കണ്ടപ്പോ എന്റെ പേടി ഒന്നൂടെ വർദ്ധിച്ചു .


അപ്പോൾ ഞാൻ അകത്ത് കിടക്കുകയായിരുന്നു.. എന്നെ ഒന്ന് നോക്കിയ ശേഷം വല്ല്യേട്ടൻ വീണ്ടും പുറത്തുപോയിരുന്ന് അടുത്ത സിഗരറ്റിനു തീ കൊളുത്തി.. അപ്പോഴാണ് അമ്മ കയറി വന്നത് .


"വീട്ടിൽ ആരുമില്ലാതെ ഇങ്ങനെ പൊയ്ക്കോളും..."എന്നും പിറു പിറുത്തുകൊണ്ട് ആ സിഗരറ്റ് കുറ്റി കാലുകൊണ്ട് ചവിട്ടി കെടുത്തിക്കൊണ്ട് വല്ല്യേട്ടൻ ഇറങ്ങിപ്പോയി ..


"നിന്നെ തനിച്ചാക്കി പോയത് അവനിഷ്ടപ്പെട്ടില്ല അതാ ദേഷ്യപ്പെട്ടത് എന്നമ്മ പറഞ്ഞപ്പോൾ വല്ല്യേട്ടനെ ഞാൻ ഒരു നിമിഷം തെറ്റിദ്ധരിച്ചു പോയല്ലോ എന്നോർത്ത് എനിക്ക് വിഷമം തോന്നി...


എനിക്കത് മൂന്നാം മാസമായിരുന്നു.. ബാലു ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്ക് തിരിച്ചു പോയ സമയം . ഒരുദിവസം എനിക്ക് പച്ച മാങ്ങ തിന്നാൻ ഭയങ്കര കൊതി. അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു "ഗോപാലൻ വരട്ടെ .. നമുക്ക് അവനെക്കൊണ്ട് വാങ്ങിപ്പിക്കാം..."

എന്നാൽ ഗോപലേട്ടൻ എന്നെ നിരാശയാക്കിക്കൊണ്ട് പറഞ്ഞു "കടകൾ മുഴുവൻ തിരക്കി കുട്ടീ... പക്ഷേ പച്ച മാങ്ങ കിട്ടിയില്ല..."


അന്ന് സന്ധ്യയ്ക്ക് വല്ല്യേട്ടൻ വരുമ്പോ അമ്മ വിളക്ക് കൊളുത്തുകയായിരുന്നു.. "അമ്മേ ".. എന്ന ഉച്ചത്തിലുള്ള വിളി കേട്ടാണ് ഞാൻ അങ്ങോട്ട് പോയത്... എന്നെ കണ്ടപ്പോൾ കയ്യിലുള്ള പൊതി വല്ല്യേട്ടൻ എന്റെ നേർക്ക് നീട്ടി... ഞാൻ അതു വാങ്ങി തുറന്നു നോക്കുമ്പോ നിറയെ പച്ചമാങ്ങയായിരുന്നു.. എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.. അതിൽ നിന്നൊരു മാങ്ങയെടുത്തു കടിച്ചു കൊണ്ട് ഞാൻ "താങ്ക്സ് വല്ല്യേട്ടാ എന്ന് പറഞ്ഞപ്പോൾ എന്നെ നോക്കി ചിരിക്കുന്ന വല്ല്യേട്ടന്റെ കണ്ണുകളിൽ ഒരനിയത്തിയോടുള്ള കരുതലും സ്നേഹവും അന്നാദ്യമായി ഞാൻ കണ്ടു...

To Top