അങ്ങനെ നീ അറിയാൻ മാത്രം ഒന്നുമില്ല സ്മിതേ എന്നാലും...

Valappottukal

 


രചന: രാജേഷ് മാത്രാടൻ


മായുന്ന മുഖങ്ങൾ...


ഉച്ചഭക്ഷണം കഴിച്ച് പാത്രങ്ങൾ  കഴുകി, ഉണങ്ങാനായി സ്റ്റാഫ് റൂമിനിനരികിലായി വെച്ചിരിക്കുന്ന ടേബിളിന് മുകളിലായി പാത്രങ്ങൾ കമിഴ്ത്തി വച്ച ശേഷം, അന്നത്തെ പത്രത്തിൽ ഒരോട്ട പ്രദക്ഷിണം നടത്താനായി സ്റ്റാഫ് റൂമിൻ്റെ ഒരു വശത്തായി സജ്ജീകരിച്ച റീഡിങ്ങ് റൂമിലേക്ക് പ്രവേശിച്ചപ്പോഴാണ് സ്മിത ആ കാഴ്ച്ച കണ്ടത് .

എന്നും ഉന്മേഷവതിയായി ഓഫീസിൻ്റെ ഊർജ്ജമായി കാണാറുള്ള രശ്മി, പത്രത്താളുകളിൽ തല പൂഴ്ത്തി, മേശയുടെ മുകളിൽ കുമ്പിട്ട് കിടക്കുന്ന കാഴ്ചയാണ്  അവിടെ സ്മിതയെ വരവേറ്റത്. 


‘നിനക്ക് എന്ത് പറ്റിയെടീ...?’ 


രശ്മിയെ കുലുക്കി വിളിച്ചു കൊണ്ട് സ്മിത ചോദിച്ചു.


“ഭക്ഷണം കഴിക്കുമ്പോഴൊന്നും നിനക്ക് ഒരു പ്രശ്നവും കണ്ടില്ലല്ലോ, എന്ത് പറ്റി നിനക്ക് വയ്യേ?"


സ്മിത അവളെ വിളിച്ചെഴുന്നേൽപ്പിക്കുന്നതിനിടെ അവളുടെ മനസ്സിൽ നിറഞ്ഞ പല ആധികളും വാക്കുകളുടെ രൂപത്തിൽ പുറത്തേക്കൊഴുകി.


കണ്ണുനീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നില്ലെങ്കിലും രശ്മിയുടെ കണ്ണ് ചുവന്നു കലങ്ങി നിറഞ്ഞിരുന്നു.


"നിനക്ക് എന്ത് പറ്റിയെടീ...... ? എന്തിനാ കണ്ണ് നിറഞ്ഞത് ? ആരെങ്കിലും എന്തെങ്കിലും നിന്നോട് പറഞ്ഞോ? അല്ല മറ്റെന്തെങ്കിലും ...?"


അതൊന്നുമല്ലെന്ന രീതിയിൽ രശ്മി തല കുലുക്കി...


"പിന്നെന്ത് തേങ്ങയാടീ ഇരുന്ന് മോങ്ങുന്നത് ? മനുഷ്യനെ വിഷമിപ്പിക്കാനായിട്ട് ... എന്നോട് പറയെടീ മോളെ.. "


സ്മിത ഒരു ആത്മാർത്ഥ സുഹൃത്തിൻ്റെ സർവ്വാധികാരങ്ങളും പ്രയോഗിക്കാൻ തുടങ്ങി.


അതിനുത്തരമായി രശ്മി പത്രത്താളിലെ ചരമ പേജിലെ വലത് മുകൾവശത്തായുള്ള ഒരു വാർത്തയിലേക്ക് വിരൽ ചൂണ്ടി സ്മിതയുടെ കണ്ണുകളെ ആ വരികളിലേക്ക് ക്ഷണിച്ചു.    


"യുവാവ് കാറപകടത്തിൽ മരണപ്പെട്ടു., തേഞ്ഞിപ്പാലം : ബസ്സും കാറും കൂട്ടി മുട്ടി കാർ യാത്രക്കാരനായ ശ്രീജേഷ് (44) എന്ന യുവാവ്..........., " എടീ അതിന് ഇയാൾ മരിച്ചതിന് നിനക്ക് എന്താണ് കുഴപ്പം? ഇത് എവിടെയോ കോഴിക്കോടോ മലപ്പുറമോ മറ്റോ അല്ലെ? നിൻ്റെ ബന്ധുവോ മറ്റോ ആണോ ? നിനക്കെങ്ങനെ ഇയാളെ പരിചയം?"


ചരമ വാർത്ത വായിക്കുന്നതിനിടെ സ്മിത പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ രശ്മിയോടായി ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. 


തൻ്റെ പ്രിയ സുഹൃത്ത് സ്മിതയുടെ സാന്നിധ്യത്തിൽ മനോധൈര്യം വീണ്ടെടുത്ത്, സമചിത്തത കൈവരിച്ച രശ്മിയുടെ മനസ്സ് സംസാരിക്കാൻ പാകമായിരുന്നു അപ്പോഴേക്കും. 


"അല്ല, അവൻ എൻ്റെ ബന്ധുവല്ല, നാട്ടുകാരനല്ല, ഒന്നിച്ചു പഠിച്ചതുമല്ല, പക്ഷേ ... എൻ്റെ അടുത്ത സുഹൃത്തായിരുന്നു... ഒരു ആത്മാർത്ഥ സുഹൃത്ത്.."


“അടുത്ത സുഹൃത്ത്? ഞാൻ അറിയാത്ത ആത്മാർത്ഥ സുഹൃത്ത്?” 


സ്മിതയുടെ സംശയങ്ങൾ വർദ്ധിച്ചു കൊണ്ടിരുന്നു.


“അങ്ങനെ നീ അറിയാൻ മാത്രം ഒന്നുമില്ല സ്മിതേ.... എന്നാലും അവൻ എൻ്റെ എന്തെല്ലാമോ ആയിരുന്നു.. അവനുമായുള്ള അടുപ്പം എൻ്റെ മാത്രം ഒരു സ്വകാര്യ സന്തോഷമായിരുന്നു..”. 


“ബന്ധം .. ? അടുപ്പം ..? രശ്മീ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ... നീയും അവനും തമ്മിൽ എന്തെടുപ്പം ? എനിക്കൊന്നും മനസ്സിലാവുന്നില്ല ..” 


സ്മിതയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു ...


“അങ്ങനെയൊന്നും അല്ലെടോ... അത് കുറച്ചു പറയാനുണ്ട്.. നമുക്ക് കുറച്ചു നേരം ലേഡീസ് റൂമിൽ ഇരുന്നാലോ ? നീയെൻ്റെ കൂടെ വരുമോ കുറച്ചു നേരം അവിടെയിരിക്കാൻ ?” 


രശ്മി അപേക്ഷയുടെ സ്വരത്തിൽ ചോദിച്ചു 


“ഇത് ഞാൻ അങ്ങോട്ട് പറയാനിരിക്കുകയായിരുന്നു രശ്മീ ...” 


 സ്മിതയുടെ മറുപടി വളരെ പെട്ടെന്നായിരുന്നു.


രണ്ടു പേരും ലേഡീസ് റൂമിലേക്ക് നടന്നു. അവിടെ എത്തിയ ശേഷം രശ്മി മുഖം നന്നായി കഴുകി, കുറച്ചു വെള്ളം കുടിച്ചു. പിന്നീട് സ്മിതയുടെ കൈ പിടിച്ച്, അവൾ ഇരുന്ന കസേരയ്ക്കഭിമുഖമായി സ്മിതയെ ഇരുത്തി കഥ പറയാൻ തുടങ്ങി.


“ശ്രീജേഷ് എൻ്റെ വളരെ നല്ലൊരു സുഹൃത്തായിരുന്നു. മറ്റാരും അറിയാത്ത വളരെ നല്ലൊരു സുഹൃത്ത്. അവൻ നല്ലൊരു മോട്ടിവേറ്റർ ആയിരുന്നു .. അവൻ മുഴുവനായും  പോസിറ്റീവ് ചിന്താഗതിയുള്ള, പോസിറ്റീവ് എനർജിയുള്ള ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. സർവ്വോപരി നല്ലൊരു മനുഷ്യനായിരുന്നു, മനുഷ്യ സ്നേഹിയായിരുന്നു ..”


“നീ എങ്ങിനെയാണ് അവനെ പരിചയപ്പെട്ടത് ?” 


സ്മിത ഇടപെട്ട് ചോദിച്ചു 


”ഫേസ് ബുക്കിലൂടെയുള്ള പരിചയം. കോഴിക്കോട് അവന് സ്വന്തമായി പല തരത്തിലുള്ള ബിസിനസ്സാണ്. അവന് അറുപതോളം പശുക്കൾ ഉള്ള നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഫാം ഉണ്ട്. ഞാൻ ഡയറി ഡിപ്പാർട്മെൻ്റിൽ  ആണെന്ന് മനസ്സിലാക്കിയ അവൻ, അവൻ്റെ ഫാം ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ലോണും മറ്റ് കാര്യങ്ങളുമായുള്ള സംശയ നിവാരണത്തിനായി എന്നെ മെസെഞ്ചറിലൂടെ വല്ലപ്പോഴും ബന്ധപ്പെടാറുണ്ടായിരുന്നു. സംശയങ്ങളും പെരുമാറ്റവും ജെനുവിനായി തോന്നിയത് കൊണ്ട് ഞാൻ കൃത്യമായി തന്നെ മറുപടിയും കൊടുക്കാറുണ്ടായിരുന്നു. അതായിരുന്നു തുടക്കം.”


“ഒരു തരത്തിലും എന്നെ ശല്യപ്പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ളതോ ആയ മെസ്സേജുകളൊന്നും അവൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ലായിരുന്നു. വല്ലപ്പോഴുമുള്ള മെസ്സേജുകളിലൂടെ നമ്മുടെ സുഹൃദ്ബന്ധം വളർന്നു. പിന്നീട് എന്നോ ഒരു ദിവസം എന്തോ ആവശ്യത്തിനായി ഞങ്ങൾ ഫോണിലൂടെ സംസാരിച്ചു. അതിന്  ശേഷം ഞങ്ങൾ കൂടുതലും ബന്ധപ്പെട്ടത് വാട്സ് ആപ്പ് വഴിയായിരുന്നു. ബന്ധപ്പെട്ടത് എന്ന് കേട്ട് നീ വേവലാതി പെടുകയൊന്നും വേണ്ട കേട്ടോ.. വല്ലപ്പോഴും  ചാറ്റുകളിലൂടെയുള്ള കുശലാന്വേഷണം, അത്യാവശ്യം എന്തെങ്കിലും ഉണ്ടെങ്കിൽ ഒരു ഫോൺ വിളി... അത്രമാത്രം. പക്ഷേ.. അത്രയേ ഉണ്ടായിരുന്നെങ്കിലും കൂടി, ആ ബന്ധത്തിന് ഒരു പ്രത്യേക ആകർഷണം ഉണ്ടായിരുന്നു.. ഒരു പ്രത്യേക ആനന്ദം ഉണ്ടായിരുന്നു എനിക്ക്..."


"അത്രയേ ഉള്ളൂ എങ്കിൽ നീ എന്തിനാണ് ഇത്രയും ടെൻഷൻ അടിക്കുന്നത് എൻ്റെ രശ്മീ... "


സ്മിത അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു


“അത് അങ്ങനെയൊന്നും പറഞ്ഞാൽ ചിലപ്പോൾ  നിനക്ക് മനസ്സിലാവില്ല സ്മിതേ ... നിനക്കോർമ്മയില്ലേ.. എൻ്റെ അമ്മയുടെ പെട്ടെന്നുള്ള മരണം…? എന്നെ അത് എത്ര മാത്രം തളർത്തിയിരുന്നു എന്ന്? സുരേഷേട്ടൻ കൂടെയുണ്ടായിരുന്ന ആ മരണാനന്തര ദിവസങ്ങളിൽ എനിക്ക് വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നില്ല.. പക്ഷേ സുരേഷേട്ടൻ തിരിച്ചു ഗൾഫിലേക്ക് പോയ ശേഷം ഞാൻ തീരേ ഒറ്റപ്പെട്ടു, എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേർന്നു. കുട്ടികളെ നല്ല രീതിയിൽ പരിചരിക്കാൻ പറ്റാതായി . വയ്യാതിരിക്കുന്ന അച്ഛനെ കൃത്യമായി ശുശ്രൂഷിക്കാൻ പറ്റാതായി. ഡിപ്രെഷനുള്ള ട്രീറ്റ് മെൻറ്  എടുക്കേണ്ട ഒരവസ്ഥയിൽ ആയിരുന്നില്ലേ ഞാൻ .. ആ അവസ്ഥയിൽ നിന്ന് കരകയറി ഇന്നത്തെ അവസ്ഥയിൽ എത്താൻ നിങ്ങളുടെ ഒക്കെ സഹായം ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ മറക്കുന്നില്ല, എന്നാൽ അതിൻ്റെ ഒപ്പം ശ്രീജേഷും ഉണ്ടായിരുന്നു എന്നെ സമാധാനിപ്പിക്കാനും സാന്ത്വനിപ്പിക്കാനും എന്നെ കൈ പിടിച്ചുയർത്താനും, അത് വല്ലപ്പോഴുമുള്ള വിളികളിലൂടെയും മെസ്സേജുകളിലൂടെയും കൂടി ആണെങ്കിൽ പോലും ...”


“നിൻ്റെ സുരേഷേട്ടന് അവനെ കുറിച്ചറിയുമോ?” 

സ്മിത സംശയ നിവാരണത്തിനായി ഇടയ്ക്ക് കയറി ചോദിച്ചു ..

“ഇല്ല, ഞാൻ നേരത്തെ പറഞ്ഞില്ലേ, ഈ ബന്ധം എൻ്റെ മാത്രം സ്വകാര്യമായിരുന്നെന്ന് ... അത് എൻ്റെ മാത്രം ഇടത്തിൽ സംഭവിക്കുന്ന ഒന്നായിരുന്നു എന്ന് ... അത് ഈ ബന്ധം എനിക്ക് സമാധാനവും സന്തോഷവും തരുന്നതായിരുന്നെന്ന് ... നിന്നോടും ഞാൻ ഇതിനെ കുറിച്ച് ഇതുവരെ പറഞ്ഞില്ലല്ലോ ഡിയർ .. നീയും സുരേഷേട്ടനുമൊക്കെ എനിക്ക് ഒരു പോലെയാണെന്ന് നിനക്ക് അറിയില്ലേ ..?”


“സുരേഷേട്ടൻ ഇവിടെ ഇല്ലെന്നു കരുതി ഞാൻ ഏതെങ്കിലും തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്നോ അല്ലെങ്കിൽ സഞ്ചരിച്ചിട്ടുണ്ടെന്നോ  നിനക്ക് തോന്നുന്നുണ്ടോ സ്മീ....?” 

രശ്മി സ്മിതയുടെ താടി തൻ്റെ വലത് കയ്യിലെടുത്ത് മുഖത്തോട് മുഖം അടുപ്പിച്ച് ആകാംക്ഷയോടെ ചോദിച്ചു. 


“ഒരിക്കലും ഇല്ല രശ്മീ .... നീ എൻ്റെ കുട്ടിയല്ലേ ...” 


സ്മിത അവളുടെ കയ്യിൽ അരുമയായ് തലോടി ..


“പക്ഷേ ഇതെന്താണെന്ന് എനിക്കറിയില്ല സ്മിതേ... ഈ ബന്ധം ഒരിക്കലും ഒരു തരത്തിലും നമ്മളെ രണ്ടു പേരെയും മോശമായി ബാധിക്കില്ല എന്ന് കരുതിയത് കൊണ്ട് തന്നെയാണ് ഞാൻ ഇത് മുന്നോട്ട് കൊണ്ട് പോയത്, ഇത് എൻ്റെ ഒരു സ്വകാര്യമായി നിന്നിൽ നിന്ന് പോലും മറച്ചു വെച്ചതും. ഈ ഒരു കാര്യം ആരോടെങ്കിലും പറഞ്ഞത് കൊണ്ടോ പറയാതിരുന്നത് കൊണ്ടോ ആർക്കും ഒരു ലാഭമോ നഷ്ടമോ ഇല്ലാത്തത് കൂടി കൊണ്ടാണ് ഞാൻ ഇത് എൻ്റെത് മാത്രമായി കണ്ടതും കൊണ്ട് നടന്നതും. പ്രത്യേകിച്ചും അമ്മയുടെ മരണ ശേഷം, കുട്ടികളും ഞാനും അച്ഛനും മാത്രമായ, എൻ്റെ ഭ്രാന്ത് പിടിച്ച രാത്രികളിൽ, അവൻ്റെ ചില വാക്കുകൾ, ചില സന്ദേശങ്ങൾ, അവൻ എഴുതിയ ചില വരികൾ, അവൻ പാടിയ ചില കവിതാ ശകലങ്ങൾ ... അടങ്ങാത്ത തിരപോലെ ആടിയുലയുന്ന, ഉന്മാദാവസ്ഥയിലേക്ക് വഴുതി വീഴുമായിരുന്ന എൻ്റെ മനസ്സിനെ  താങ്ങി നിർത്തുന്നതിനും, എന്നെ കാർന്നു തിന്നുകൊണ്ടിരുന്ന ഇരുട്ടിന് അല്പം വെളിച്ചം കാട്ടാനും അവയ്ക്കാകുമായിരുന്നു.” 


“അവൻ്റെ പെരുമാറ്റത്തിലുള്ള നൈർമല്യവും ശുദ്ധിയും വാക്കുകൾക്കുള്ള തെളിച്ചവും സഹജീവികളോടുള്ള അവൻ്റെ സ്നേഹവും കരുതലും എന്നെ ആകർഷിച്ച ഘടകങ്ങളായിരുന്നു. ഒരു പക്ഷേ ഇതൊക്കെയും എൻ്റെ മാത്രം തോന്നലുകളും, എൻ്റെ മാത്രം ഭ്രാന്തൻ വിശദീകരണങ്ങളുമായി കേൾക്കുന്ന നിനക്ക് തോന്നിയേക്കാം. അതുപോലെ അവന് ഞാൻ ഒരു ആകർഷണ വസ്തുവായി തോന്നിയിട്ടുമില്ലായിരിക്കാം, അവന് എൻ്റെ സാമീപ്യമോ ബന്ധമോ ആവശ്യവുമില്ലായിരിക്കാം ... പക്ഷേ എനിക്കെന്തോ... എന്നോ എങ്ങിനെയോ പരിചയപ്പെട്ട, അവൻ്റെ മെസ്സേജുകളിലൂടെയുള്ള, വല്ലപ്പോഴുമുള്ള ഫോൺ വിളികളിലൂടെയുള്ള സാമീപ്യം പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉന്മേഷവും നല്കുന്നുണ്ടായിരുന്നു.”


“ഈ മൊബൈൽ ഫോണിലൂടെയുള്ള ബന്ധമല്ലാതെ നീ അവനെ നേരിട്ട് കണ്ടിട്ടുണ്ടോ?” 


സ്മിത ചോദിച്ചു ..


“ഇല്ല ...” 


എന്തോ ചിന്തിച്ചിട്ടെന്ന പോലെ രശ്മി മറുപടി പറഞ്ഞു ... അവളുടെ കണ്ണുകൾ വീണ്ടും ഈറനണിയുന്നതായി സ്മിതയ്ക്ക് തോന്നി.


“സാരമില്ല ഡിയർ, പോട്ടെ, ഇപ്പോഴത്തെ കാലത്ത് ഇതുപോലുള്ള പല ബന്ധങ്ങളും സർവ്വ സാധാരണമാണ്. നീ  വളരെ പാവമായത് കൊണ്ടും എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുന്നത് കൊണ്ടും ആയിരിക്കണം നിനക്ക്  ഒരു പക്ഷേ ഇത് ഇത്രയും ആഴത്തിൽ മുറിവേറ്റത്. അവന് ഈ ഭൂമിയിൽ പറഞ്ഞിരിക്കുന്ന സമയം അത്രയേ ഉള്ളൂ എന്ന് കരുതി സമാധാനിക്കുകയല്ലാതെ നമുക്ക് വേറെ വഴിയില്ലല്ലോ രശ്മീ .....”


സ്മിത തന്നാലാവുന്ന വിധം അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.


“ഏയ്.. സാരമില്ല സ്മീ.... അയാം ആൾറൈറ്റ് ... ജീവിതത്തിൽ പല വേദനകളും യാതനകളും നേരിടേണ്ടി വന്നവളാണ് ഞാനെന്ന് നിനക്കറിയാമല്ലോ.. അതിൻ്റെ കൂട്ടത്തിൽ സുഖമുള്ള ഒരു നൊമ്പരമായി ഇതും ഞാൻ എഴുതി ചേർത്തോളാം.. ആ.. നിന്നോട് ഞാൻ ഒരു കാര്യം പറയാൻ മറന്നു. മിനിഞ്ഞാന്ന് അവൻ വിളിച്ചപ്പോൾ എനിക്ക്  വാക്ക് തന്നതായിരുന്നു, അടുത്ത തവണ കുടുംബവുമായി പറശ്ശിനിക്കടവിൽ തൊഴാനായി വരുമ്പോൾ, സമയം കിട്ടുകയാണെങ്കിൽ എൻ്റെ വീട്ടിലേക്ക് വന്ന് എല്ലാവരെയും കാണാമെന്ന്... സമയം ഇനി എന്ന് കിട്ടാനാണ് അല്ലേ ....?” 


രശ്മിയിൽ നിന്ന് നെടുവീർപ്പുയർന്നെങ്കിലും അവൾ കരയുകയായിരുന്നില്ല, മറിച്ച് തനിക്ക് ഏറ്റവും പ്രിയപ്പെട്ട  കളിപ്പാട്ടം നഷ്ടപ്പെട്ട ഒരു കുട്ടിയുടെ മനോവ്യാപാരം അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കുകയായിരുന്നു അവളുടെ പ്രിയപ്പെട്ട കൂട്ടുകാരി സ്മിത.


“നേരം ഒത്തിരി ആയില്ലേ രശ്മീ ... ഓഫീസിൽ ആളുകൾ അന്വേഷിക്കുന്നുണ്ടാവും, മോള് പോയി മുഖം കഴുകി നല്ല കുട്ടിയായി വാ...”


സ്മിത വാത്സല്യത്തോടെ രശ്മിയുടെ പുറത്ത് തട്ടി എഴുന്നേല്പിച്ച് അവളെ വാഷ് ബേസിനടുത്തേക്ക് പറഞ്ഞയച്ചു..


ബേസിനിലെ ടാപ്പ് മുഴുവനും തുറന്ന് നന്നായി മുഖം കഴുകിയ രശ്മി, ഉറഞ്ഞു കൂടിയ കണ്ണുനീർ തുള്ളികളെ മുഴുവനും കഴുകി കളഞ്ഞ വെള്ളത്തുള്ളികളെ, തൻ്റെ മുഖത്ത് നിന്നും കൈ കൊണ്ട് വകഞ്ഞു മാറ്റവേ, തനിക്ക് പരിചയമുള്ള ഒരു മുഖം, വാഷ് ബേസിന് മുകളിലായ് പിടിപ്പിച്ച കണ്ണാടിക്കുള്ളിൽ നിന്നും കൈകൾ രണ്ടും ഉയർത്തി വീശിക്കൊണ്ട് തന്നോട് യാത്ര പറഞ്ഞു മറയുന്നതായി അവൾക്ക് തോന്നി.

To Top