ഒരു നിയോഗം പോലെ, ഭാഗം: 27 വായിക്കൂ...

Valappottukal

 


രചന: അശ്വതി


മാമംഗലത്തു ഉള്ളവർ അത്താഴം കഴിക്കുമ്പോൾ ഏകദേശം ഒൻപതു മണി കഴിയാറുണ്ടെങ്കിലും കഴിക്കാനുള്ള ഭക്ഷണം എല്ലാം ഏഴു മണി കഴിയുമ്പോഴേക്കും തയ്യാറാവും. ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞു അടുക്കളയിലെ സ്ഥിരം ജോലിക്കാരായ രണ്ടു പേർക്ക് വീടുകളിലേക്ക് തിരികെ പോകാനുള്ളതാണ്. കൂടുതൽ അളവിൽ ഭക്ഷണം ഉണ്ടാക്കുന്നത് കൊണ്ട് മിക്കവാറും അവർ ഇവിടെ നിന്നു തങ്ങളുടെ വീടുകളിലേക്കും ഭക്ഷണം കൊണ്ട് പോകും. അവര് പോയി കഴിഞ്ഞാൽ പിന്നെ ഒൻപതു മണി വരെ അടുക്കളയിലേക്ക് ആരുടേയും നോട്ടം ഉണ്ടാവില്ല. ആ സമയം നോക്കിയാണ് മാധവൻ വിറകു പുരയിൽ നിന്നു അടുക്കളയിലേക്ക് കയറുന്നതു. ചപ്പാത്തിയും കറിയും തയ്യാറായിരിക്കുന്നു. അയാൾ തന്റെ കയ്യിലെ വിഷം കറിയിലേക്ക്  ഒഴിച്ചു. അത് നന്നായി ഇളക്കി ചേർത്ത ശേഷം കറി പാത്രം വീണ്ടും അടച്ചു വച്ചു.  പിന്നെ പതുക്കെ പുറത്തേക്കു ഇറങ്ങി. ആരുടേയും കണ്ണിൽ പെടാതെ പിൻ വശത്തെ ഗേറ്റിലൂടെ അയാൾ പുറത്തേക്കിറങ്ങി. ഇത്തവണ തന്റെ പദ്ധതി താൻ ആരോടും പറഞ്ഞിട്ടില്ല.. രാജീവനോട് പോലും.. അതുകൊണ്ട് തന്നെ ആരും അറിയാനും പോകുന്നില്ല. ഇതിൽ നിന്നു മാമംഗലത്തു ഉള്ളവർ എങ്ങനെ രക്ഷപെടും എന്ന് കാണണം.. നാളെ രാവിലെ ഈ നാട് ഉണരുന്നത് മാമംഗലം തറവാടിന്റെ ദുരന്ത വാർത്ത അറിഞ്ഞിട്ടായിരിക്കും. അതോടെ പകുതി പ്രശ്‌നങ്ങൾ തീർന്നു കിട്ടും.. പിന്നെ ആ കല്യാണിയെ ഉള്ളു ഒരു പ്രശ്‌നം.. ഇപ്പോൾ ബാബു ഷണ്മുഖനെയും തീർത്തിട്ടുണ്ടാവും.  ബാബു ഇത് വരെ എന്താണ് വിളിക്കാത്തതെന്നു അയാൾ ഓർത്തു.. ബാബുവിന്റെ ഫോണിലേക്കു വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു.. ഇനി തല്കാലത്തേക്ക് മാറിയതായിരിക്കുമോ? അയാൾ ഓരോന്നോർത്തു കൊണ്ട് അവിടെ നിന്നു പോന്നു. 


പിറ്റേന്ന് രാവിലെ എണീറ്റത് മുതൽ മാമംഗലത്തു നിന്നു എന്തെങ്കിലും വാർത്ത ഉണ്ടോ എന്ന് കാത്തിരിക്കുകയായിരുന്നു മാധവൻ. രാവിലെ തന്നെ രമയുടെ ഫോൺ വന്നപ്പോൾ താൻ പ്രതീക്ഷിച്ച വാർത്ത ആയിരിക്കുമെന്ന് അയാൾക്ക്‌ ഉറപ്പായിരുന്നു  


" ഹലോ.. "


" ഹലോ.. അച്ഛാ.. അത് ഒരു സംഭവം ഉണ്ടായി.. "


രമയുടെ ശബ്ദത്തിൽ ആകെ പരിഭ്രമം.. താൻ പ്രതീക്ഷിച്ചതു പോലെ തന്നെ.  എല്ലാവരും കഴിഞ്ഞിട്ടുണ്ടാവും.. അതായിരിക്കും ഇവൾക്ക് ഇത്ര ഞെട്ടൽ. എന്തായാലും ഒന്നും അറിയാത്ത പോലെ അഭിനയിക്കാം.. താനാണ് ഇതിനു പിന്നിൽ എന്ന് ആരും അറിയേണ്ട.. 


" എന്താ മോളെ? എന്ത് സംഭവം ആണ് ഉണ്ടായതു? "


സന്തോഷം മറച്ചു ആകാംഷ അഭിനയിച്ചു മാധവൻ ചോദിച്ചു   


" അത് പിന്നെ.. അച്ഛാ.. നമ്മുടെ രാജീവനെ പോലീസ് പിടിച്ചു.. "


ഇത്തവണ ഞെട്ടിയത് മാധവൻ ആണ്.


" എന്താ നീ പറഞ്ഞത്? രാജീവനെ പോലീസ് പിടിച്ചെന്നോ? എന്തിനു? "


" എനിക്കറിയില്ല അച്ഛാ.. അവൻ ഹോസ്പിറ്റൽ സൈറ്റിൽ നിന്നു പണി സാധനങ്ങൾ മോഷ്ടിച്ചു എന്നോ.  നല്ല സാധനങ്ങൾ മാറ്റി പകരം വിലക്കുറവിന്റെ സാധനങ്ങൾ വച്ചെന്നോ ഒക്കെ മഹിയേട്ടൻ പറയുന്നു.  മഹിയേട്ടൻ നല്ല ദേഷ്യത്തിൽ ആണ്. ഒരു കാരണവശാലും ഏട്ടൻ രക്ഷപെടാൻ അനുവദിക്കില്ലെന്ന മഹിയേട്ടൻ പറയുന്നത്. "


രമ ഭയത്തോടെ പറഞ്ഞു..  മാധവൻ അറിയാതെ തലയിൽ കൈ വച്ചു പോയി. ഹോസ്പിറ്റൽ സൈറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുകയോ? രാജീവൻ ആയതു കൊണ്ട് ചെയ്തിട്ടുണ്ടാവും. പൈസ ഇല്ലെങ്കിൽ അത് കിട്ടാൻ എന്തും ചെയ്യും അവൻ.. അവനു എന്തിന്റെ കേടായിരുന്നു? അവനു വേണ്ടി താനീ ചെയ്തു കൂട്ടിയത് ഒക്കെ വെറുതെ ആവുകയാണല്ലോ? ചെയ്തു കൂട്ടിയ കാര്യങ്ങളുടെ ഓർമ വന്നപ്പോഴാണ് തലേ ദിവസം ചെയ്തത് മാധവനു പിന്നെയും ഓർമ വന്നത്. അല്ല.. മാമംഗലത്തെ അവസ്ഥ എന്തായി ആവോ? ഇവൾ അതിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ? എന്തായാലും നേരിട്ട് പോയി തിരക്കാം. സ്റ്റേഷനിൽ ചെന്നാൽ വിവരം കിട്ടാതെ ഇരിക്കില്ലലോ? മാധവൻ ഓർത്തു. 


" നീ ഫോൺ വച്ചോ.. ഞാൻ സ്റ്റേഷനിൽ ഒന്ന് പോയി അന്വേഷിക്കട്ടെ.. "


മാധവൻ വേഗം ഡ്രസ്സ്‌ മാറി സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ രാജീവൻ ലോക്ക് അപ്പിൽ ഇരിക്കുന്നുണ്ട്. അത്യാവശ്യം കുറച്ചു തല്ലൊക്കെ കിട്ടിയ ലക്ഷണം ഉണ്ട്.  അയാളെ കണ്ടപ്പോൾ അവൻ തല കുനിച്ചു. അതോടെ അവൻ കുറ്റം ചെയ്തിട്ടുണ്ടെന്നു മാധവനു നൂറു ശതമാനം ബോധ്യം വന്നു. പക്ഷെ ശിവനെ അവിടെ കണ്ടില്ല. സ്റ്റേഷനിൽ അങ്ങനെ പ്രത്യേകിച്ച് ബഹളവും ഇല്ല.. ഇനി ആ വീട്ടിൽ നടന്നത് ആരും ഇത് വരെ അറിയാത്തതു ആയിരിക്കുമോ? അയാൾ രാജീവിന്റെ അടുക്കലേക്കു ചെന്നു. 


" എന്തൊക്കെയാടാ ഈ കാണിച്ചു വച്ചിരിക്കുന്നത്? ഹോസ്പിറ്റൽ സൈറ്റിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കാൻ നിന്നോടാരാ പറഞ്ഞത്? ഓരോരോ പ്രശ്നങ്ങളിൽ നിന്നു എങ്ങനെയെങ്കിലും രക്ഷിക്കാൻ നോക്കുമ്പോൾ അവൻ വേറെ ഓരോന്നിൽ പോയി ചാടികൊള്ളും "


അയാൾ ദേഷ്യപ്പെട്ടു.


" പറ്റിപ്പോയി അച്ഛാ.. കാശിനു കുറച്ചു ആവശ്യം വന്നപ്പോൾ വേറെ ഒരു വഴിയും കാണാത്തതു കൊണ്ട് ചെയ്തതാ.  അച്ഛൻ എന്നെ എങ്ങനെ എങ്കിലും രക്ഷിക്കണം.  ഇല്ലെങ്കിൽ ഇവന്മാര് എന്നെ തല്ലി കൊല്ലും. പ്രത്യേകിച്ച് ആ ശിവൻ. മഹിയോട് പറ.. അവനും ഷെയർ ഉള്ളത് അല്ലേ ആ ഹോസ്പിറ്റലിൽ.. അവൻ പരാതി ഇല്ലന്ന് പറഞ്ഞാലോ? അവൻ പറഞ്ഞാൽ ആ വിശ്വാനാഥനും കേൾക്കും. "


രാജീവൻ കെഞ്ചി. മാധവൻ അവനെ രൂക്ഷമായി നോക്കി. എന്നാലും അന്ധമായി മകനെ സ്നേഹിക്കുന്ന അയാൾക്ക്‌ തെറ്റ് ചെയ്തിട്ട് ആണെങ്കിൽ പോലും മകൻ ജയിലിൽ കിടക്കുന്നതോ തല്ലു കൊള്ളുന്നതോ സഹിക്കാൻ പറ്റില്ലായിരുന്നു .


" ഞാൻ നോക്കട്ടെ.. എന്തെങ്കിലും ചെയ്യാം.  മഹിയെ ആദ്യം ഞാൻ ഒന്ന് കാണട്ടെ.. "


അയാൾ പോകാനായി തിരിഞ്ഞു.


" അങ്ങനെ അങ്ങ് പോയാലോ മാധവൻ വലിയച്ഛാ.. ഞാൻ നിങ്ങളെ തപ്പി അങ്ങോട്ട്‌ വരാൻ തുടങ്ങുകയായിരുന്നു. അപ്പോൾ നിങ്ങൾ ആയിട്ട് ഇങ്ങോട്ട് വന്നു  . ഇനിയിപ്പോൾ കുറച്ചു വർത്തമാനം ഒക്കെ പറഞ്ഞു നമുക്ക് പതിയെ പോകാം.  "


പിന്നിൽ നിന്ന് ശിവന്റെ ഒച്ച കേട്ടപ്പോൾ അയാൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി. ഒരു കുഴപ്പവും ഇല്ലാതെ പൂർണ ആരോഗ്യവാനായി ശിവൻ നിൽക്കുന്നത് കണ്ടതും അയാൾക്ക് വിറയൽ അനുഭവപ്പെട്ടു. ശിവൻ അയാൾക്കരുകിലേക്ക് വന്നു.. 


" എന്താ നോക്കുന്നത്? ഓ ഇന്നലെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ സ്പെഷ്യൽ ഫുഡ്‌ കഴിച്ചിട്ട് ഒന്നും പറ്റിയില്ലേ എന്ന് നോക്കിയതാണോ? അത് ഞങ്ങൾ ആരും കഴിച്ചില്ല മാധവ.. അതിനു രുചി പോരായിരുന്നു. "


ഇവൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു?  ശിവൻ അയാളുടെ അടുത്തേക്ക് വന്നു.. അവന്റെ കണ്ണിൽ എരിയുന്ന തീയിൽ താൻ ദഹിച്ചു പോകുമെന്ന് മാധവനു തോന്നി. ഒന്ന് അനങ്ങാൻ പോലും ആവാതെ അയാൾ അവിടെ നിന്നു പോയി.. ലോക്ക് അപ്പിനുള്ളിൽ കാര്യം മനസിലാവാതെ രാജീവൻ ശിവനെയും മാധവനെയും മാറി മാറി നോക്കി..


" ടപ്പേ.. "


കരണം പുകച്ചുള്ള അടിയിൽ മാധവൻ വീണു പോയി.. കണ്ണിലൂടെ പൊന്നീച്ച പറന്നു  


" ഇത് എന്റെ കുടുംബത്തിൽ കയറി കൈ വക്കാനുള്ള ധൈര്യം കാണിച്ചതിനു .. ഇനി ഒന്ന് കൂടി തന്നാൽ അത് താങ്ങാനുള്ള ശേഷി തനിക്കു ഇല്ലാത്തതു കൊണ്ട് മാത്രം തല്ലുന്നില്ല.. കേട്ടൊടോ പരട്ട കിളവാ.. ഇവനെയും കൂടെ പിടിച്ചു ലോക്ക് ആ

അപ്പിലേക്കു കയറ്റ്.. "


ശിവൻ വീണു കിടക്കുന്ന അയാളുടെ നേരെ കൈ ചൂണ്ടി അലറി. പോലീസുകാർ അയാളെയും രാജീവൻ കിടന്ന സെല്ലിലേക്ക് തള്ളി.. 


" ഇനി ചാവുന്നത് വരെ വെളിച്ചം കാണാമെന്നു രണ്ടു പേരും കരുതേണ്ട.. നീയും നിന്റെ മോനും കൂടി ചെയ്ത് കൂട്ടിയ സകല നെറികേടും ഞാൻ അറിഞ്ഞു.  നിന്റെ കൂട്ടുകാരൻ ഉണ്ടല്ലോ ബ്രോക്കെർ ബാബു.. കേസ് ഇല്ലാതാക്കാൻ ഷണ്മുഖനെ കൊല്ലാൻ പറഞ്ഞു വിട്ടില്ലായിരുന്നോ?  അവൻ ഇപ്പോൾ എന്റെ കസ്റ്റഡിയിൽ ഉണ്ട് . പിന്നെ നിന്റെ വാടക കൊലയാളി ഷണ്മുഖനും.. വീണയുടെ പീഡനവും മരണവും അടക്കം എല്ലാത്തിനും ഉള്ള ശിക്ഷ അനുഭവിക്കാൻ രണ്ടാളും തയ്യാറായി ഇരുന്നോ... "


മാധവൻ  എല്ലാം നഷ്ടപ്പെട്ടവനെ പോലെ സെല്ലിന്റെ പിറകിലത്തെ ഭിത്തിയിലേക്ക് ചാരി ഇരുന്നു. മുഴുവൻ കാര്യങ്ങളും മനസിലായില്ലെങ്കിലും രാജീവനും മനസിലായിരുന്നു തന്റെ ജീവിതം ഇനി ജയിലിൽ ആയിരിക്കും എന്ന്. ആരോടും പറയാതെ താൻ ഇന്നലെ plan ചെയ്തത് ഒക്കെ അവൻ എങ്ങനെ അറിഞ്ഞു എന്ന് മാത്രം അപ്പോഴും മാധവനു മനസിലായില്ല.


***************************************************


വിഷ്ണുവിനെയും കൂട്ടി ഒരാളെ കാണാൻ പോവുക ആയിരുന്നു ശിവൻ. ഇന്നലെ രാത്രി തങ്ങളെ എല്ലാവരെയും ആ ദുരന്തത്തിൽ നിന്നു തക്ക സമയത്തു രക്ഷപ്പെടുത്തിയ ആ ആളെ..  തങ്ങൾക്കു കഴിക്കാനുള്ള ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടാവമെന്നുള്ള കാര്യം ശിവനെ വിളിച്ചു അറിയിച്ചത് ഇയാളാണ്. അന്ന് കല്യാണിയെയും തക്ക സമയത്തു വാൺ ചെയ്തു അവളുടെ ജീവൻ കാത്തതും ഈ ആള് തന്നെ. ഈ കൂടിക്കാഴ്ച അയാളുടെ ആവശ്യപ്രകാരം ആണ്. അയാൾക്ക്‌ എന്തോ പറയാനുണ്ട് എന്ന് പറഞ്ഞത് കൊണ്ട്. വണ്ടി നിർത്തി ഇറങ്ങിയപ്പോഴേ കണ്ടു തങ്ങളെയും നോക്കി നിൽക്കുന്ന സഞ്ജുവിനെ.സമപ്രായക്കാർ ആയിരുന്നെങ്കിലും കുഞ്ഞിലേ മുതൽ ശിവനും സഞ്ജുവും ഇരു പക്ഷത്തായിരുന്നു. അത് കൊണ്ട് വിഷ്ണുവും സഞ്ജുവിന് എതിരാളി ആയിരുന്നു. പിന്നെ മഹേന്ദ്രൻ വിഷ്ണുവിനോപ്പം എത്താൻ എപ്പോഴും സഞ്ജുവിനെ നിർബന്ധിച്ചിരുന്നത് ആ വിരോധത്തിന് ആക്കം കൂട്ടി.അത് കൊണ്ട് തന്നെ ഒരേ ക്ലിനിക്കിൽ ജോലി ചെയ്യുമ്പോഴും അവർ ചെറിയ ഒരു അകലം പാലിച്ചിരുന്നു. സഞ്ജു തന്റെയും കുടുംബത്തിന്റെയും രക്ഷകൻ ആവുമെന്ന് ഒരിക്കലും ശിവൻ കരുതിയിരുന്നില്ല. ഇന്നലെ സ്റ്റേഷനിൽ നിന്നു വീട്ടിലേക്കു വരുമ്പോഴാണ് സഞ്ജുവിന്റെ കാൾ വരുന്നത്.  അത്ഭുദത്തോടെ കാൾ എടുത്തു. അവൻ പറയുന്നത് കേട്ടപ്പോൾ ഞെട്ടലും.  വീട്ടിലേക്കു വിളിച്ചു ആരോടും അടുക്കളയിൽ നിന്നു വെള്ളം പോലും കുടിക്കരുത് എന്ന് പറഞ്ഞു വീട്ടിലേക്കു കുതിക്കുകയായിരുന്നു. തക്ക സമയത്തു അവൻ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നോർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല. അവരെ കണ്ടപ്പോൾ സഞ്ജു അവരുടെ അടുത്തേക്ക് വന്നു.. കുറച്ചു നേരത്തേക്ക് മൂവരുടെയും ഇടയിൽ മൗനം ആയിരുന്നു.. എന്ത് പറഞ്ഞു തുടങ്ങണം എന്ന് ആർക്കും അറിയില്ലാത്തതു പോലെ. 


" എങ്ങനെ നന്ദി പറയണം എന്നറിയില്ല.. എത്ര പറഞ്ഞാലും തീരുകയും ഇല്ല.. എങ്കിലും നന്ദി.. "


വിഷ്ണു പതുക്കെ പറഞ്ഞു തുടങ്ങി.


" അതിന്റെ ആവശ്യമുണ്ടോ വിഷ്ണു? എന്റെ അപ്പൂപ്പൻ ചെയ്യാൻ ശ്രമിച്ചത് തെറ്റാണു.. അത് ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. അതിനു കൂട്ട് നിൽക്കാനും എനിക്ക് കഴിയില്ലായിരുന്നു. പിന്നെ മാമംഗലത്തു ഉള്ളവരും എന്റെ ആൾക്കാർ ആണ്. "


ശിവനെ ഒന്ന് നോക്കി കൊണ്ട് സഞ്ജു പറഞ്ഞു


" മാമംഗലത്തു ഉള്ളവരെ മാത്രം അല്ലല്ലോ? കഴിഞ്ഞ തവണ കല്യാണിയെയും രക്ഷിച്ചത് നീ തന്നെയല്ലേ? "


വിഷ്ണു ചോദിച്ചു..


" നിന്നോട് പണ്ടുണ്ടായിരുന്ന ദേഷ്യത്തിന്റെ പേരിൽ ഒരു പാവം പെൺ കുട്ടിയെ കൊലക്കു കൊടുക്കാനും മാത്രം മനസാക്ഷി ഇല്ലാത്തവനൊന്നും അല്ല ഞാൻ.. നിന്നെ പോലേ തന്നെ ആളുകളുടെ ജീവൻ രക്ഷിക്കുന്ന ഒരു ഡോക്ടർ ആണ് വിഷ്ണു ഞാനും.. "


" എന്ത് തന്നെയായാലും ഒരുപാട് താങ്ക്സ് ടാ.. പക്ഷെ നീ എന്താ ഞങ്ങളെ രണ്ടു പേരെയും കാണണം.. എന്തോ അത്യാവശ്യമായി പറയാനുണ്ട് എന്നൊക്കെ പറഞ്ഞത്.. "


ശിവൻ ചോദിച്ചു.. സഞ്ജുവിന്റെ മുഖത്ത് ചെറിയൊരു പരിഭ്രമം നിറഞ്ഞു..


" ഞാൻ പറയാൻ പോകുന്ന കാര്യം വളരെ പണ്ടേ ഞാൻ നിങ്ങളോട് പറയേണ്ടതായിരുന്നു.. പക്ഷെ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.  അത് കൊണ്ടാണ് ഞാൻ.. "


ശിവനും വിഷ്ണുവും ഒന്നും മനസിലാവാതെ അന്യോന്യം നോക്കി. 


" എന്ത് കാര്യം? എന്താണെങ്കിലും നീ പറ.. "


" അത്.. പണ്ട് അരുന്ധതി അപ്പച്ചിക്കും, കുഞ്ഞനും വിഷ്ണുവിന്റെ അമ്മയ്ക്കും ഉണ്ടായ അപകടത്തിനു പിന്നിലും എന്റെ അപ്പൂപ്പൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.. "


" നീ.. നീ ഇത് എന്തൊക്കെയാ പറയുന്നത്? "


വിഷ്ണു ഞെട്ടലോടെ ചോദിച്ചു.. ശിവൻ ഒന്നും പറയാൻ പോലും ആവാതെ നിന്നതേ ഉള്ളു.. 


" അന്ന് തൃക്കുന്നപുഴ തേവരുടെ ഉത്സവത്തിന് പനിയായതു കൊണ്ട് ഞാൻ പോയിരുന്നില്ല. മുറിയിൽ ഉറക്കം വരാതെ കിടക്കുമ്പോഴാണ് അപ്പൂപ്പൻ വേറെ ഒരാളെയും കൂട്ടി ഞങ്ങളുടെ വീട്ടിലേക്കു വരുന്നത്. ഞാൻ അവിടെ ഉണ്ടെന്നു അപ്പൂപ്പന് അറിയില്ലായിരുന്നു എന്ന് തോനുന്നു.. അവർ അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ വഴക്ക് ഉണ്ടാക്കുകയായിരുന്നു. അത് കൊണ്ട് ഞാൻ മുറിയിൽ നിന്നു ഇറങ്ങിയതും ഇല്ല.. പക്ഷെ അവരുടെ ശബ്ദത്തിൽ നിന്നു തന്നെ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് എനിക്ക് മനസിലായിരുന്നു. അത് കൊണ്ട് ഞാൻ മുറിയിലെ ജനലിലൂടെ രണ്ടു പേരെയും ശ്രദ്ധിച്ചു നിന്നതേ ഉള്ളു. അപ്പൂപ്പൻ അവർ എല്ലാം നശിപ്പിച്ചു, ഉദ്ദേശിച്ചിരുന്ന ആൾ രക്ഷപെട്ടു എന്നൊക്കെ ദേഷ്യപ്പെട്ടു പറയുന്നുണ്ടായിരുന്നു.. അതേ സമയം മറ്റേ ആൾ അയാൾ അപ്പൂപ്പൻ പറഞ്ഞത് പോലെ കാര്യങ്ങളൊക്കെ ചെയ്തതാണ്, അപ്പൂപ്പന് ഒഴിവാക്കേണ്ടിയിരുന്ന ആൾ അതിൽ ഇല്ലാത്തതു അയാളുടെ കുറ്റമല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അയാൾ കാശ് കൊടുക്കാനും അപ്പൂപ്പൻ കാര്യം നടക്കാത്തത് കൊണ്ട് കാശ് കൊടുക്കില്ല എന്നും പറഞ്ഞു ഒച്ച വയ്ക്കാൻ തുടങ്ങി. കാശ് കൊടുത്തില്ലെങ്കിൽ വേറെ ഏതോ ഒരുത്തൻ പ്രശ്നം ആക്കും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അപ്പോഴേക്കും പോലീസിന്റെയും ആംബുലൻസിന്റെയും ഒക്കെ ഒച്ച കേൾക്കാൻ തുടങ്ങി.  ഉടനെ അപ്പൂപ്പൻ അയാളോട് വേറെ വഴിയിലൂടെ രക്ഷപെട്ടോളാൻ പറഞ്ഞു.. അത് പോലെ ഏതോ കാറും ഒരിക്കലും ആർക്കും കിട്ടാതെ നശിപ്പിച്ചു കളയണമെന്നും പറയുന്നത് കേട്ടു.. അയാൾ പോയി ഇച്ചിരി സമയത്തിനുള്ളിൽ അപ്പൂപ്പനും എങ്ങോട്ടോ പോയി.. "


സഞ്ജുവിന്റെ വാക്കുകളുടെ പൊരുൾ മനസിലാക്കുന്തോറും ഇരുവരുടെയും ഞെട്ടൽ കൂടി വന്നതേ ഉള്ളു..


" എന്തോ പന്തികേട് തോന്നിയെങ്കിലും ഞാൻ അപ്പോൾ അത് അത്ര കാര്യമാക്കിയില്ല.. പക്ഷെ കുറച്ചു സമയത്തിന് ശേഷം അപ്പച്ചിക്ക് സംഭവിച്ച അപകടത്തെ പറ്റി അറിഞ്ഞപ്പോൾ എന്തോ സംശയം തോന്നി. എങ്കിലും എന്റെ അപ്പൂപ്പന് ഇങ്ങനെ ഒരു ക്രൂരത ചെയ്യേണ്ട കാര്യം എന്താണെന്നു ഞാൻ കരുതി..പിന്നെ മെഡിസിൻ പഠിത്തതിന്റെ തിരക്കിനു ഒക്കെ നടുവിൽ ഞാൻ അതൊന്നും ഓർത്തതെ ഇല്ല. ഈ കാലം അത്രയും അതൊരു സംശയമായി തന്നെ ഉള്ളിൽ കിടപ്പുണ്ടായിരുന്നു.. കഴിഞ്ഞ ദിവസം അപ്പൂപ്പൻ വീണ്ടും ഞങ്ങളുടെ വീട്ടിൽ ഇരുന്നു കല്യാണിയെ അപകടപെടുത്തി കൊല്ലാൻ plan ചെയ്യുന്നത് കേട്ടപ്പോൾ പഴയ സംശയങ്ങൾ വീണ്ടും തല പൊക്കി.. ഒരു പെൺകുട്ടിയെ കൊല്ലാൻ യാതൊരു കൂസലും കൂടാതെ അപ്പൂപ്പൻ പറയുന്നത് കേട്ടപ്പോൾ പണ്ടും അപ്പൂപ്പന് അങ്ങനെ ചെയ്യാമല്ലോ എന്നൊരു തോന്നൽ.. അവളെ വിളിച്ചു വാൺ ചെയ്തതിനു ശേഷം എന്റെ ഒരു കണ്ണ് എപ്പോഴും അപ്പൂപ്പന്റെ മേൽ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടാൽ പിന്നെയും ശ്രമം ഉണ്ടാവുമെന്ന് എനിക്ക് തോന്നിയിരുന്നു. ഇന്നലെ അപ്പൂപ്പനെ രാവിലെ മുതൽ വീട്ടിൽ കാണാതെ വന്നപ്പോഴേ എന്റെ സംശയം കൂടി വന്നു. അങ്ങനെ അന്വേഷിച്ചപ്പോഴാണ് അപ്പൂപ്പൻ എന്തോ കൃഷി ആവശ്യത്തിനെന്നു പറഞ്ഞു വിഷം വാങ്ങിയ വിവരം അറിഞ്ഞത്.. അറിഞ്ഞ ഉടനെ ഞാൻ ശിവനെ വിളിച്ചു.  സമയം വൈകിയോ എന്നായിരുന്നു പേടി.. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.. പക്ഷെ ഇപ്പോഴും അപ്പൂപ്പൻ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്നു എനിക്ക് അറിയില്ല.. അതാണ് എന്നെ കുഴക്കുന്നതും.. "


സഞ്ജു വേവലാതിയോടെ പറഞ്ഞു നിർത്തി..


" ഞങ്ങൾക്ക് അറിയാം.. "


കുറച്ചു സമയത്തിന് ശേഷം ശിവൻ പറഞ്ഞു.. ശിവനും വിഷ്ണുവും അവനു കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു   


" അപ്പോൾ നിങ്ങൾ പറയുന്നത് കല്യാണി എന്റെ... "


" അതേ.. കല്യാണി നിന്റെ അമ്മാവൻ രാജീവിന്റെ മകൾ ആണ്.. പക്ഷെ നിന്റെ അമ്മാവനും അപ്പൂപ്പനും കൂടി നിന്റെ അച്ഛൻ അടക്കം എല്ലാവരെയും ധരിപ്പിച്ചിരുന്നത് നിന്റെ അച്ഛന്റെ മകൾ ആണെന്നാണ്.. അവർ കാരണം ചെയ്യാത്ത തെറ്റിന്റെ ഭാരവും പേറി ആരോടും ഒന്നും പറയാൻ പറ്റാതെ പേടിച്ചു ജീവിക്കുകയായിരുന്നു ഇത്ര നാളും നിന്റെ അച്ഛൻ.. "


സഞ്ജുവിന് വല്ലാത്ത ദേഷ്യം തോന്നി അവന്റെ അമ്മാവനോടും അപ്പൂപ്പനോടും..


" എവിടെ ഉണ്ട് അവർ? ലോക്ക് അപ്പിലോ? അവർക്കു കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം."


സഞ്ജു ദേഷ്യത്തോടെ പറഞ്ഞു


" വേണം..അതിനു മുന്നേ കുറച്ചു കാര്യങ്ങൾക്കു കൂടി വ്യക്തത വരുത്താനുണ്ട്.. "


ശിവൻ പറഞ്ഞു..


****************************************************


മാധവനും ബാബുവും ഷണ്മുഖനും സ്റ്റേഷനിൽ അടുത്തടുത്തായി മൂന്ന് കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒഫീഷ്യൽ ആയി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ശേഷം ഇപ്പോൾ അവർ റിമാൻഡിൽ ആണ്.. ചോദ്യം ചെയ്യലിനായി കൊണ്ട് വന്നതാണ് അവരെ.. ശിവൻ അവരെ മൂന്നു പേരെയും മാറി മാറി നോക്കി.. അവരെ കാണുന്തോറും ഉള്ളിൽ നുരഞ്ഞു പൊന്തികൊണ്ടിരിക്കുന്ന ദേഷ്യം തല്കാലത്തേക്ക് അവൻ ഉള്ളിൽ ഒതുക്കി..


" ഇനിയും എന്തിനാ സാറേ ഞങ്ങളെ ഇവിടെ കൊണ്ട് വന്നിരിക്കുന്നത്? അറിയാവുന്നതു എല്ലാം ഞങ്ങൾ പറഞ്ഞില്ലേ? "


ഷണ്മുഖൻ അവനോടു ചോദിച്ചു..


" ഇല്ലല്ലോ ഷണ്മുഖാ.. ബാബുവിനും മാധവനും ഇനിയും കുറച്ചു കാര്യങ്ങൾ കൂടി നമ്മളോട് പറയാനുണ്ട്.. അല്ലേ ബാബു? എന്താ മാധവ? "


ബാബുവും മാധവനും അന്യോന്യം നോക്കി..


" മനസിലായില്ലേ? പതിമൂന്നു വർഷങ്ങൾക്കു മുൻപ് തൃക്കുന്നപുഴ തേവരുടെ ഉത്സവത്തിന് ഉണ്ടായ ഒരു കാർ അപകടം.. ആ അപകടത്തിൽ എനിക്ക് എന്റെ അനിയനെയും, എന്റെ അമ്മയുടെ കാലുകളുടെ ചലനശേഷിയും നഷ്ടപ്പെട്ടു.. ഒപ്പം ഞങ്ങളുടെ സീതമ്മയെയും..ഇപ്പോൾ ഓർമ വന്നോ മാധവ തനിക്കു.. "


മാധവന്റെ നെറ്റിയിൽ വിയർപ്പു കണങ്ങൾ ഉരുണ്ടു കൂടി.. ഇത് എങ്ങനെ ഇവൻ അറിഞ്ഞു? ആരും ഒരിക്കലും അറിയാൻ പാടില്ല എന്ന് കരുതിയിരുന്ന കാര്യമാണ്.. ബാബുവിന് മാത്രമേ ഈ സത്യങ്ങൾ അറിയൂ.. ഇനി അന്ന് ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞത് ആയിരിക്കുമോ? മാധവൻ ബാബുവിനെ നോക്കി.. ബാബു താൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു..


" ഞാൻ ഇത് എങ്ങനെ അറിഞ്ഞു എന്നാണോ? എത്രയൊക്കെ മൂടി വച്ചാലും ഒരു നാൾ സത്യം പുറത്തു വരിക തന്നെ ചെയ്യും. ഇത്ര നാളും ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന ആൾ എന്റെ കൺവെട്ടത് തന്നെ ഉണ്ടായിട്ടും ഞാൻ അറിയാതെ പോയല്ലോ എന്ന് മാത്രമാണ് എന്റെ വിഷമം. പക്ഷെ നിന്നെ എന്റെ കണ്ണിനു മുന്നിൽ ഒരു നാൾ കാണിച്ചു തരണം എന്നുള്ളത് തൃക്കുനപുഴ തേവരുടെ തീരുമാനം ആയിരിക്കണം.. അത് കൊണ്ടാണ് താൻ മറ്റാരും അറിയാതെ ചെയ്ത ക്രൂര കൃത്യത്തിന് തേവർ നീ പോലും അറിയാതെ ഒരു മൂകസാക്ഷിയെ കാത്തു വച്ചതു.. . നിന്റെ കൊച്ചുമകൻ സഞ്ജു.. അന്ന് അപകടം ഉണ്ടാക്കിയതിന് ശേഷം നീയും ബാബുവും കൂടി മഹേന്ദ്രന്റെ വീട്ടിൽ വച്ചു സംസാരിച്ചതെല്ലാം അന്ന് വീട്ടിൽ ഉണ്ടായിരുന്ന സഞ്ജു കേൾക്കുന്നുണ്ടായിരുന്നു. അവിടെ വച്ചു സഞ്ജു ബാബുവിനെ കാണുകയും ചെയ്തു.. അവൻ ബാബുവിനെ തിരിച്ചറിഞ്ഞിട്ടും ഉണ്ട്.. നിങ്ങൾക്കെതിരെ അവൻ മൊഴിയും തന്നിട്ടുണ്ട്.. അത് കൊണ്ട് ഇനി മറച്ചു വയ്ക്കാനൊന്നും നോക്കേണ്ട.. മര്യാദക്ക് കാര്യങ്ങൾ പറഞ്ഞോ.. ഇല്ലെങ്കിൽ ഞാൻ എന്താ ചെയ്യുകാന്നു എനിക്ക് തന്നെ അറിയില്ല.. "


ശിവൻ ദേഷ്യത്തോടെ പറഞ്ഞു... അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത് പന്തിയല്ല എന്ന് ബാബുവിന് അറിയാമായിരുന്നു.  മാധവനും.. മാധവൻ തന്നെയാണ് പറഞ്ഞു തുടങ്ങിയത്.. 


" വീണയുടെ മരണശേഷം എല്ലാം ഒന്ന് കെട്ടടിങ്ങയതായിരുന്നു. രാജീവൻ കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കാനും തുടങ്ങി..  പക്ഷെ വീണയുടെ കുഞ്ഞു ജീവനോടെ ഉണ്ടെന്നുള്ള കാര്യം ഒരിക്കൽ കള്ളിന്റെ പുറത്തു ബാബു രവിയോട് പറഞ്ഞു.. വീണയുടെ മരണ ശേഷം രവിക്കു  ദേവനാരായണൻ സാറിന്റെ കയ്യിൽ നിന്നു കിട്ടി കൊണ്ടിരുന്ന പൈസയുടെ വരവ് നിന്നു.  അത് രവി വീണ്ടും ഒരു അവസരം ആയി കണ്ടു മുതലെടുക്കാൻ തുടങ്ങി. വീണയുടെയും കുഞ്ഞിനേയും കാര്യം രാജീവന്റെ ഭാര്യയോട് പറഞ്ഞു അവന്റെ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി രവി എന്റെയും രാജീവന്റെയും കയ്യിൽ നിന്നു പൈസ വാങ്ങുന്നത് പതിവാക്കി.  അത് പോലെ മഹിയല്ല, രാജീവനാണ് ആ കുഞ്ഞിന്റെ അച്ഛൻ എന്ന കാര്യം ദേവനാരായണനെയും അറിയിക്കും എന്നും അവൻ ഭീഷണിപ്പെടുത്തി.. രവിയെ എങ്ങനെ എങ്കിലും ഒഴിവാക്കണം എന്ന് ഞാൻ തീരുമാനിച്ചു..  പക്ഷെ അതിനു മുന്നേ ആ കൊച്ചിനെ ഒഴിവാക്കാമായിരുന്നു.. ഇനി ഒരുക്കലും എന്റെ മകന്റെ ജീവിതത്തിനു ഒരു കരി നിഴലായി അവൾ വരാൻ പാടില്ല എന്ന് ഞാൻ തീരുമാനിച്ചു.. കുട്ടി ജീവനോടെ ഉണ്ടെങ്കിൽ അല്ലേ അത് രാജീവന്റെ ആണോ മഹിയുടെ ആണോ എന്ന് തെളിയിക്കാൻ പറ്റൂ.. അങ്ങനെ തേവരുടെ ഉത്സവത്തിന് മഹിയുടെ വീട്ടിൽ വന്നപ്പോൾ ബാബുവുമായി ചേർന്നു ഞാൻ അതിനുള്ള പദ്ധതി തയ്യാറാക്കി. രവി ആ സമയം ലോഡ്മായി പോയിരിക്കുകയായിരുന്നു.  അത് കൊണ്ട് രവി അറിയാതെ ഞങ്ങൾ ഈ കൊട്ടേഷൻ ബഷീറിന് കൊടുത്തു.. പക്ഷെ എല്ലാം കുളമായി ... "


മാധവൻ തലയിൽ കൈ വച്ചു ഇരുന്നു.  അന്ന് എന്താണ് സംഭവിച്ചതെന്നു ശിവന് അപ്പോൾ അറിയാമായിരുന്നു. സഞ്ജുവിനോട് സംസാരിച്ച ശേഷം അവർ ആ കാര്യങ്ങൾ ശങ്കരനോട് ചോദിച്ചിരുന്നു. അന്ന് ഉച്ചക്ക് ഊണ് കഴിക്കാൻ കല്യാണിയും അരുന്ധതിക്കും സീതക്കും കുഞ്ഞനും ഒപ്പം വീട്ടിലേക്കു പോകേണ്ടതായിരുന്നു. എന്നാൽ അവൾക്ക് വീട്ടിൽ പോകേണ്ട അമ്പലത്തിൽ നിന്നോളാം എന്ന് കരഞ്ഞു വാശി പിടിച്ചത് കൊണ്ട് ശങ്കരൻ അവളെ കൂടെ നിർത്തിയതാണ്. കല്യാണിയെ വകവരുത്താൻ തക്ക സമയം നോക്കി ഇരിക്കുകയായിരുന്ന മാധവൻ എപ്പോഴും അവളെ പിന്തുടരുന്നുണ്ടായിരുന്നു. ആണുങ്ങൾ ഒപ്പമില്ലാതെ അരുന്ധതിയും സീതയും കൂടി കുട്ടികളുമായി ഒറ്റയ്ക്ക് വീട്ടിലേക്കു പോകുന്നു എന്നറിഞ്ഞപ്പോൾ അത് തന്നെ തക്കമെന്നു ആയാളും കരുതി.. പക്ഷെ അവസാന നിമിഷം കല്യാണി പോകാതെ പിന്മാറിയതു മാത്രം അയാൾ അറിഞ്ഞില്ല.. വിചാരിച്ച പോലെ അപകടം നടന്നെങ്കിലും കല്യാണി രക്ഷപെട്ടു.


" പിന്നെ എന്താ ഉണ്ടായതു? അതിന്റെ പേരിൽ ബഷീറുമായി പ്രശ്നങ്ങൾ ഉണ്ടായില്ലേ? "


ശിവൻ ചോദിച്ചു. അതിനു മറുപടി പറഞ്ഞത് ബാബുവാണ്..


" പിന്നെ.. ഇയാൾ കാര്യം നടന്നില്ല എന്ന് പറഞ്ഞു പറഞ്ഞുറപ്പിച്ച പൈസ അവനു കൊടുത്തില്ല.  അവനു ദേഷ്യമായി.. എന്നോടും.. എന്നെ അവൻ ഇനി സ്കോർപിയൻസിലേക്ക് വരരുത് എന്ന് പറഞ്ഞു വിലക്കി.. അത് പോലെ എന്നെ തല്ലുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒക്കെ ചെയ്തു സാറേ.. "


ബാബു ദയനീയമായി പറഞ്ഞു 


" അത് കൊണ്ടാണോ ഇവൻ ലോഡും കൊണ്ട് പോയ രവിയെയും ബഷീറിനെയും പോലീസിന് ഒറ്റു കൊടുത്തപ്പോൾ നീ അതിനു കൂട്ട് നിന്നത്? "


ശിവന്റെ ചോദ്യം കേട്ടു മാധവനും ബാബുവും വിറങ്ങലിച്ചു പോയി.. ശിവൻ എല്ലാം അറിഞ്ഞിരിക്കുന്നു.  പക്ഷെ അപ്പോൾ ശിവനെക്കാളേറെ അവരെ ഭയപ്പെടുത്തിയത് ഷണ്മുഖന്റെ ദഹിപ്പിക്കുന്ന നോട്ടം ആയിരുന്നു. 


തുടരും..


( മാനസികമായി അത്ര നല്ല അവസ്ഥ അല്ലായിരുന്നു.. മനസ്സ് ശരിയില്ലെങ്കിൽ എന്ത് എഴുതാനാണ്.. ഇതും വച്ചു ഇരിക്കാൻ തുടങ്ങി മൂന്നു ദിവസമായി.. എഴുതാനേ പറ്റുന്നുണ്ടായിരുന്നില്ല.. അതിന്റെ കുഴപ്പം ഇന്നത്തെ പാർട്ടിലും കാണും.. എന്തായാലും കുരുക്കുകൾ എല്ലാം ഏകദേശം അഴിഞ്ഞ സ്ഥിതിക്ക് ഇനി ഒരു പാർട്ടും കൂടിയേ കാണൂ.. അത് അധികം വൈകാതെ ഇട്ടു തീർക്കാമെ.. വൈകിയതിനു സോറി.. )

To Top