ഒരു നിയോഗം പോലെ, ഭാഗം: 26 വായിക്കൂ...

Valappottukal


രചന: അശ്വതി


( തണുപ്പത്തു ഒന്ന് പുറത്തിറങ്ങിയതാ.. വീട്ടിൽ എല്ലാവരും കിടപ്പായി പോയി.  എന്തെന്നറിയില്ല അവസാനം എത്തുമ്പോൾ ഓരോരോ തടസ്സം.. അഭിപ്രായങ്ങൾ അറിയിക്കണം.. ) 


ഷണ്മുഖനെ കുത്താനായി ഉയർത്തിയ തന്റെ കയ്യിൽ പിറകിൽ നിന്നു ആരോ കയറി പിടിച്ചത് അറിഞ്ഞാണ് ബാബു ഞെട്ടി തിരിഞ്ഞു നോക്കിയത്.  തന്റെ വലം കയ്യിൽ ബലമായി പിടിച്ചു നിൽക്കുന്ന ശിവനെ കണ്ടതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ തന്നെ ശിവൻ അവനെ ചവിട്ടി നിലത്തേക്കിട്ടിരുന്നു. എഴുനേറ്റു ഓടാൻ തുടങ്ങിയതും അവന്റെ മേൽ ശിവന്റെ പിടിത്തം വീണു..


" ഹാ.. എന്താ ബാബു ഇത്? വന്ന ഉടനെ അങ്ങ് പോവാണോ? ഞാനും ഷണ്മുഖനും എത്ര നേരമായി നിന്നെ കാത്തിരിക്കുവായിരുന്നു. അല്ലേ ഷണ്മുഖാ? "


ബാബു ഞെട്ടി ഷണ്മുഖനെ നോക്കുമ്പോൾ അവൻ ചിരിക്കുകയായിരുന്നു. അപ്പോഴാണ് താൻ വന്നു കയറിയത് ശിവൻ തനിക്കായി ഒരുക്കി വച്ചിരുന്ന കെണിയിലേക്ക് ആണെന്ന് ബാബുവിന് മനസിലായത്. കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഷണ്മുഖന്റെ അടുത്തായി മറ്റൊരു കസേരയിൽ കയ്യും കാലും ബന്ധിക്കപ്പെട്ട നിലയിൽ ബാബുവും ഇരുന്നു. ശിവൻ അവർക്കു ഇരുവർക്കും അഭിമുഖമായി ടേബിളിൽ കയറി ഇരിപ്പുറപ്പിച്ചു..


" കേട്ടോ ബാബു.. ഞാൻ പറഞ്ഞിരുന്നു ഷണ്മുഖനോട് ബാബു നിന്നെ തിരക്കി ഉടനെ തന്നെ ഇങ്ങോട്ട് വരുമെന്ന്.. പക്ഷെ വരുന്നത് നിന്നെ തീർക്കാൻ ആയിരിക്കുമെന്ന് പറഞ്ഞപ്പോൾ അത് മാത്രം ഷണ്മുഖൻ വിശ്വസിച്ചില്ല.. നിങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞു ഇവൻ.. ഇപ്പോൾ എങ്ങനെ ഉണ്ട് ഷണ്മുഖാ? "


ശിവൻ അവനെ നോക്കി ചിരിച്ചു.  ബാബു ദയനീയമായി ഷണ്മുഖനെ നോക്കി. തിരികെ ബാബുവിനെ നോക്കിയ ഷണ്മുഖന്റെ കണ്ണുകളിൽ തീ ആയിരുന്നു. ഇനി എങ്ങാനും ശിവന്റെ അടുത്തുന്നു രക്ഷപെട്ടാലും ഷണ്മുഖൻ തന്റെ കഥ കഴിക്കും എന്ന് ബാബുവിന് തോന്നി. എന്നാലും താൻ വരുന്ന കാര്യം ഇവൻ എങ്ങനെ അറിഞ്ഞു?


" ഹ ഹ.. എന്താ ബാബു വലിയ ആലോചന? നീ വരുന്ന വിവരം ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ? "


ബാബു ഒന്നും മിണ്ടിയില്ല..


" നിന്നെ ഇങ്ങോട്ട് വരുത്തിയത് തന്നെ ഞാൻ അല്ലേ ബാബു? എറണാകുളത്തു നിന്റെ ഒളിസ്ഥലത്തു നിന്നു നിന്നെ പൊക്കുന്നതു ഇച്ചിരി ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് വിക്ടർ പറഞ്ഞു.. എന്നാൽ പിന്നെ ഞങ്ങൾ നിന്നെ അന്വേഷിച്ചു വരാതെ നീ ഞങ്ങളെ അന്വേഷിച്ചു വരട്ടെ എന്ന് ഞങ്ങളും വിചാരിച്ചു. ഷണ്മുഖന്റെ വിവരം ഇല്ലതാവുമ്പോൾ നീ അവനെ അന്വേഷിച്ചു ഇറങ്ങുമെന്ന് എനിക്ക് അറിയാമായിരുന്നു. സ്കോർപ്യൻസുമായി നിനക്ക് ബന്ധം ഉണ്ടായിരുന്ന സ്ഥിതിക്ക് ഇവന്റെ ഒളിസ്ഥലം നിനക്ക് അറിയമായിരിക്കുമല്ലോ? അവിടുന്ന് നിനക്ക് കിട്ടിയ പെട്രോൾ പമ്പിലെ ബില്ല് ഇല്ലേ? അത് നിന്നെ ഇങ്ങോട്ട് വരുത്താൻ ഞാൻ മനഃപൂർവം നിനക്ക് കാണാവുന്ന പോലെ അവിടെ ഉപേക്ഷിച്ചതാണ്. അത് പോലെ നീ ഇവന്റെ ലൊക്കേഷൻ ട്രേസ് ചെയ്യാൻ ശ്രമിക്കും എന്നറിയുന്നത് കൊണ്ട് ഞാൻ മനഃപൂർവം ഇവിടെ വച്ചു ഷണ്മുഖന്റെ ഫോൺ കുറച്ചു നേരം ഓൺ ആക്കിയത്   "


ബാബു ശിവനെ തന്നെ നോക്കി ഇരുന്നു പോയി.


" പിന്നെ നീ വിചാരിക്കുന്ന പോലെ ഷണ്മുഖനെ ഞാൻ ഇവിടെ ഒളിച്ചു താമസിപ്പിച്ചിരിക്കുകയൊന്നുമല്ല. അവൻ അറസ്റ്റിലാണ്.. നിന്നെയും കൂടി കിട്ടേണ്ടത് കൊണ്ട് അറസ്റ്റ് പുറത്തു അറിയിക്കാതെ പോലീസിന്റെ ഒരു സേഫ് ഹൌസ് പോലെ ഇവിടെ താമസിപ്പിച്ചിരിക്കുന്നു എന്നെ ഉള്ളു.. ഈ സ്ഥലത്തിന് ചുറ്റും മഫ്തിയിൽ എപ്പോഴും പോലീസ് കാവൽ ഉണ്ട്.  പോരാത്തതിന് ദേ ക്യാമറയും.. നീ ഇവിടെ വന്നു പറഞ്ഞതും കാണിച്ചതും എല്ലാം അതിൽ പതിഞ്ഞിട്ടുണ്ട്.  "


ശിവൻ മുകളിലേക്കു കൈ ചൂണ്ടി.  ബാബു നോക്കിയപ്പോൾ കണ്ടു അവിടെ ഇരിക്കുന്ന cctv ക്യാമറ..


" നീ വരുന്നതും കാത്തു പോലീസുകാർ എപ്പോഴും റോഡിൽ റോന്തു ചുറ്റുന്നുണ്ടായിരുന്നു. നീ വന്നിറങ്ങിയപ്പോൾ തന്നെ ഞാൻ വിവരം അറിഞ്ഞു. അപ്പോഴേ ഞാൻ ഇങ്ങു പോന്നു.. നിന്നെ സ്വീകരിക്കാൻ.. അതു പോലെ നിനക്ക് ഇങ്ങോട്ട് ഉള്ള വഴി പറഞ്ഞു തന്നില്ലേ ഒരു നാട്ടുകാരൻ.. അയാൾ ഞങ്ങൾ പറഞ്ഞിട്ടാണ് നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.. "


ബാബുവിന് തന്റെ മണ്ടത്തരം ഓർത്തു ദേഷ്യം വന്നു.  കാര്യങ്ങളൊക്കെ ഇത്രയും എളുപ്പം ആയപ്പോൾ തന്നെ ഓർക്കണമായിരുന്നു എന്തോ കുഴപ്പം ഉണ്ടെന്നു. ശിവനെ പോലെ ബുദ്ധിമാനായ ഒരു പോലീസുകാരൻ വെറുതെ അലക്ഷ്യമായി ഒന്നും വലിച്ചെറിയില്ല എന്ന്. പക്ഷെ അപ്പോഴത്തെ ആവേശത്തിന് ഒന്നും പിടി കിട്ടിയില്ല. ഇനി ഒരു രക്ഷയുമില്ല.. എങ്ങനെ എങ്കിലും ഇവിടെ നിന്ന് ഇറങ്ങിയാലും ഏതെങ്കിലും പോലീസുകാരന്റെ കയ്യിൽ പെടും..


" അപ്പൊ ബാബു.  കാര്യം മനസിലായില്ലേ? നീ പെട്ടു.. ഇനി നോ രക്ഷ.. അപ്പൊ ഇനി പറഞ്ഞോ? ആരാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന്.. "


ബാബു ഒന്നും മിണ്ടിയില്ല.. ശിവന്റെ കൈ അവന്റെ കരണത്തു ആഞ്ഞു പതിച്ചു. ബാബുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു.. ചുണ്ട് പൊട്ടി ചെറുതായി ചോര വരാൻ തുടങ്ങി..


" വെറുതെ തല്ലു വാങ്ങിച്ചു കൂട്ടണ്ടെങ്കിൽ നീ കാര്യം പറഞ്ഞോ ബാബു.. എനിക്കും അറിയണം കാര്യം കഴിഞ്ഞപ്പോൾ എന്നെ കൊല്ലാൻ നിന്നെ പറഞ്ഞു വിട്ട ആ ഡാഷ് മോൻ ആരാണെന്നു? "


ഷണ്മുഖൻ ബാബുവിനോട് പറഞ്ഞു.  ബാബു രണ്ടു പേരെയും മാറി മാറി നോക്കി. പിന്നെ പതിയെ പറഞ്ഞു .. 


" മാധവൻ.. "


" മാധവനോ? ഏതു മാധവൻ? "


ശിവൻ ചോദിച്ചു.  


" രാജീവന്റെ അച്ഛൻ.. മാധവൻ.  "


ഓ.. രമ അമ്മായിയുടെ അച്ഛൻ.. ഇപ്പോൾ ശിവന് ആളെ മനസിലായി.അയാൾ എന്തിനാ കല്യാണിയെ കൊല്ലാൻ നോക്കുന്നത്? ഇനി കല്യാണി മഹി അമ്മാവന്റെ മകൾ ആണെന്ന് അയാൾക്ക്‌ അറിയാമോ? മകളുടെ ഭർത്താവിന്റെ അവിഹിത സന്തതിയെ കൊല്ലാൻ നോക്കുന്നത് ആയിരിക്കുമോ? പക്ഷെ കല്യാണിയെ പറ്റി അമ്മാവനും അമ്മായിക്കും അറിയില്ലലോ? അവളെ കൊണ്ട് അവർക്കു ഒരു ശല്യവും ഇല്ല താനും.. അതു പോലെ കൊട്ടേഷൻ കൊടുക്കാൻ ഒക്കെ മാധവന്റെ കയ്യിൽ ഇതിനും മാത്രം പണം എവിടുന്നാണ്? എല്ലാം ഇവനോട് തന്നെ ചോദിക്കാം.  


" അയാൾക്ക്‌ എന്തിനാ കല്യാണിയോട് ഇത്രയും വിരോധം? കൊല്ലാനും മാത്രം.. "


" അത്.. അത് പിന്നെ.. "


ബാബു വിക്കി..


" മര്യാദക്ക് പറയെടാ.. എന്തിനാണെന്ന്? "


ശിവൻ വീണ്ടും ഒച്ച ഉയർത്തി


" അത്.. ആ പെൺകൊച്ചു രാജീവന്റെ മകൾ ആണ്.  അത് കൊണ്ട്.. "


ഇത്തവണ ശിവനും ഞെട്ടി.. രാജീവന്റെ മകളോ? അപ്പൊ അമ്മാവന്റെ മോൾ അല്ലേ കല്ലു..


" എങ്ങനെ? മുഴുവനും പറയെടാ.. "


" ഞാനും രാജീവനും പണ്ട് മുതലേ സുഹൃത്തുക്കൾ ആയിരുന്നു. രാജീവന് സ്കോർപ്യൻസുമായി അത്യാവശ്യം ഡ്രഗ് ഡീലിങ്ങ്സ് ഒക്കെ ഉണ്ടായിരുന്നു. ചെറിയ രീതിയിൽ അവനു അതിന്റെ ഉപയോഗവും ഉണ്ടായിരുന്നു. മഹിക്ക് ഡ്രഗ് ഒന്നും ഉപയോഗിച്ച് ശീലം ഇല്ലായിരുന്നു. അങ്ങനെ ഒക്കെ ഇരിക്കുമ്പോൾ രാജീവനും അയാളുടെ അളിയൻ മഹിയും കൂടെ ചേർന്നു എറണാകുളത്തു ഒരു അഡ്വർടൈസിങ് കമ്പനി തുടങ്ങി. അവിടേക്കു റീസെപ്‌ഷനിൽ ഇരിക്കാൻ സുന്ദരി ആയ ചെറുപ്പകാരി പെൺകുട്ടിയെ വേണമെന്ന് രാജീവൻ എന്നോട് പറഞ്ഞു. എന്റെ ബന്ധത്തിൽ ഉള്ള വീണ എന്ന പെൺകുട്ടിയെ അവിടെ ജോലിക്ക് ആക്കി. രവിയും കൂടെ ഉണ്ടായിരുന്നു. അവളുടെ ശമ്പളത്തിന്റെ 20 ശതമാനം രവിക്കു കൊടുക്കാമെന്നായിരുന്നു എഗ്രിമെന്റ്..അവൻ അതിൽ നിന്നു എന്തെങ്കിലും എനിക്കും തരുമായിരുന്നു. രാജീവൻ ആ പെൺകുട്ടിയെ വല്ലാതെ ശല്യപെടുത്തുമായിരുന്നു.  അവൾ അത് രവിയുടെ അടുത്ത് പരാതി പറഞ്ഞു.  എങ്കിലും അവളുടെ ജോലി പോയാൽ കിട്ടിക്കൊണ്ടിരുന്ന പൈസ പോവുമല്ലോ എന്നോർത്ത് എല്ലാം സഹിച്ചോളാൻ രവി പറഞ്ഞു.  അവൾ ജോലി കളയും എന്ന് പറഞ്ഞപ്പോൾ അവളെയും കുടുംബത്തെയും കൊല്ലുമെന്ന് അവൻ ഭീഷണിപ്പെടുത്തി.  രവിയെ പേടിച്ചും കുടുംബത്തിലെ അവസ്ഥ ഓർത്തും അവൾ ജോലി തുടർന്നു.. അങ്ങനെ ഒരു ദിവസം.  "


" ഒരു ദിവസം? ബാക്കി പറയെടാ.. "


" രാജീവൻ അത്യാവശ്യം നല്ല ലഹരിയിൽ ആയിരുന്നു.  അന്ന് അവൻ നിർബന്ധിച്ചു മഹിയെ കൊണ്ടും കഞ്ചാവ് ഉപയോഗിപ്പിച്ചു.. ആദ്യമായി അത് ഉപയോഗിക്കുന്ന മഹി അപ്പോഴേ ബോധം നഷ്ടപെട്ട അവസ്ഥയിൽ ആയി. അവനെയും കൊണ്ട് വീട്ടിൽ പോകാൻ പറ്റാത്തത് കൊണ്ട് രാജീവൻ അവനെയും കൊണ്ട് ഓഫീസിലേക്ക് പോയി. അവിടെ വീണ അന്ന് വൈകി ജോലി ചെയ്യുന്നുണ്ടായിരുന്നു. ലഹരിയിൽ ആയിരുന്ന രാജീവൻ അവളെ കടന്നു പിടിച്ചു. അവൾ ചെറുത്തു.. പിടിവലിക്കിടെ അവൾ തലയിടിച്ചു വീണു. ബോധം ഇല്ലാതെ കിടന്ന അവളെ ആണ് രാജീവൻ "


ശിവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്നാലും മുഴുവൻ വിവരങ്ങളും അറിയേണ്ടത് കൊണ്ട് അവൻ അപ്പോൾ ഒന്നും പറഞ്ഞില്ല. 


" എന്നിട്ട്? "


" മകൾ ഇത് വരെ വീട്ടിൽ എത്തിയിട്ടില്ല എന്ന് വീണയുടെ അമ്മ പറഞ്ഞത് അനുസരിച്ചു ഞാനും രവിയും അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അപ്പോഴേക്കും താൻ ചെയ്തത് മനസിലാക്കി പരിഭ്രാന്തനായ രാജീവൻ വിളിച്ചത് അനുസരിച്ചു മാധവനും അവിടെ എത്തിയിരുന്നു. വീണയെ രാജീവൻ കല്യാണം കഴിക്കണം എന്ന് രവി വാശി പിടിച്ചു. അയാളെ എതിർക്കാൻ ആർക്കും ധൈര്യം ഇല്ലായിരുന്നു. പക്ഷെ ആ സമയത്തു രാജീവിന്റെ വിവാഹം അത്യാവശ്യം സാമ്പത്തികം ഉള്ള ഒരു വീട്ടിലെ പെൺകുട്ടിയുമായി ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അത് കൊണ്ട് എങ്ങനെയും വീണയെ രാജീവന്റെ തലയിൽ നിന്നു ഒഴിവാക്കണം എന്ന് മാധവൻ തീരുമാനിച്ചു. അതിനു അയാൾ ഒരു മാർഗം കണ്ടെത്തി.. "


" എന്ത് മാർഗം? "


" രാജീവൻ ചെയ്തത് മഹിയുടെ തലയിൽ കെട്ടി വയ്ക്കുക.. ഇതൊക്കെ സംഭവിക്കുമ്പോൾ മഹിക്കും വീണക്കും ബോധം ഉണ്ടായിരുന്നില്ലലോ? അങ്ങനെ മഹി ഉണരുന്നതിനു മുന്നേ തന്നെ മഹിയെ വീണയുടെ അടുത്ത് കൊണ്ട് കിടത്തി"


കൊള്ളാം.. മകളുടെ ജീവിതം തകർന്നാലും വേണ്ടില്ല മകൻ നന്നായാൽ മതി.. നല്ല അച്ഛൻ.  ശിവൻ മനസ്സിൽ വിചാരിച്ചു. 


" എന്നിട്ട്? വീണ അയാൾ പറഞ്ഞ കള്ളം വിശ്വസിച്ചോ? അവൾക്കറിയില്ലായിരുന്നോ രാജീവൻ ആണെന്ന്? രവിയെ എങ്ങനെ പറഞ്ഞു മാറ്റി? "


" അത്.. രവിക്കു പൈസ ഒരു വീക്നെസ് ആയിരുന്നു. അത് രാജീവനും അറിയാം. അത് കൊണ്ട് അവർ അവനെ കുറെ പൈസ കൊടുത്തു ഒതുക്കി.  വീണയ്ക്ക് സംശയം ഉണ്ടായിരുന്നു എങ്കിലും രവിയുടെ ഭീഷണിയിൽ അവൾ നിശബ്ദ ആയി. അല്ലെങ്കിലും കൊട്ടേഷൻ ഗാങ്ങിന്റെ തലവനോട് എതിര് പറഞ്ഞിട്ട് കാര്യമെന്താ? മഹി ഉണർന്നപ്പോൾ അവർ എല്ലാം അവന്റെ തലയിൽ വച്ചു കൊടുത്തു.. തലേ ദിവസം നടന്ന സംഭവങ്ങൾ ഒന്നും ഓർമ ഇല്ലാത്ത മഹി അത് സത്യമെന്നു തന്നെ വിശ്വസിച്ചു.  ആരും ഒന്നും അറിയരുത് എന്ന് പറഞ്ഞു വീണക്കും കുറച്ചു പൈസ കൊടുത്തു അന്ന് ആ പ്രശ്നം അവിടെ ഒതുക്കി തീർത്തു. പക്ഷെ കുറച്ചു മാസം കഴിഞ്ഞപ്പോൾ അറിഞ്ഞു അവൾ ഗർഭിണി ആണെന്ന്  "


" എന്നിട്ട്? "


"വീണയെ അവളുടെ അച്ഛൻ വീട്ടിൽ നിന്നും ഇറക്കി വിട്ടു. രവി വന്നു അവളെ കൂട്ടി കൊണ്ട് പോയി. മഹിയുടെ അച്ഛൻ ദേവനാരായണൻ നല്ല പൈസക്കാരൻ ആണെന്ന് അറിയാവുന്ന രവി അത് ഒരു അവസരം ആയി കണ്ടു മുതലാക്കാൻ തീരുമാനിച്ചു. വീണയെയും കൊണ്ട് രവി അയാളുടെ അടുത്ത് ചെന്നു. അയാൾ വീണയെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിലും അവളെ ഒരു വീട്ടിൽ സുരക്ഷിത ആയി മാറ്റി പാർപ്പിച്ചു. വീണയ്ക്ക് ദേവനാരായണൻ ചിലവിനു കൊടുക്കുമായിരുന്നെങ്കിലും വീണയുടെ വീട്ടിലെ ആവശ്യം പറഞ്ഞു രവി ഇടയ്ക്കിടെ അവിടെ വന്നു പൈസ വാങ്ങുമായിരുന്നു. "


" ഓഹോ.. ഇതൊക്കെ മാധവനു അറിയാമായിരുന്നോ? "


" രവി ഇതൊന്നും മാധവനോട് പറഞ്ഞിരുന്നില്ലെങ്കിലും കുബുദ്ധിക്കാരനായ മാധവൻ വീണയുടെ മേൽ എപ്പോഴും ഒരു കണ്ണ് വച്ചിരുന്നു. വീണ ഒരിക്കലും തന്റെ മകന്റെ പേര് പറയരുത് എന്ന് അയാൾക്ക്‌ ഉറപ്പാക്കണമായിരുന്നു. മാധവൻ രവി അറിയാതെ ദേവനാരായണൻ വീണയെ താമസിപ്പിച്ചിരുന്ന സ്ഥലത്തു അയാൾ ഇടയ്ക്കിടെ ചെല്ലുമായിരുന്നു. അവളെ നോക്കാനായി ദേവനാരായണൻ ഒരു സ്ത്രീയെ ആക്കിയിരുന്നു. വീണയുടെ അമ്മാവൻ ആണ് താനെന്നു പറഞ്ഞു അയാൾ ആ സ്ത്രീയുമായി പരിചയത്തിൽ ആയി. അവളുടെ വീട്ടുകാർ അവളെ ഉപേക്ഷിച്ചെങ്കിലും അയാൾക്ക്‌ വീണയോടു സഹതാപം ഉണ്ടെന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം.വീണയുടെ എന്ത് വിവരം ഉണ്ടെങ്കിലും തന്നെ അറിയിക്കണമെന്ന് മാധവൻ അവരെ ചട്ടം കെട്ടിയിരുന്നു. വീണ പ്രസവത്തോടെ മരണപെട്ടതും അവൾക്കു ജനിച്ച കുഞ്ഞിനെ മരിച്ചു പോയ മറ്റൊരു കുഞ്ഞുമായി ദേവനാരായണൻ മാറ്റിയതും ഒക്കെ അവർ പറഞ്ഞാണ് മാധവൻ അറിഞ്ഞത്. "


അങ്ങനെയാണ് കല്ലു ശങ്കരേട്ടന്റെ അടുത്തുള്ള കാര്യം മാധവനും രാജീവനും ഒക്കെ അറിയുന്നത്. ശിവൻ ഓർത്തു. 


" അപ്പോൾ രവിയോ? "


" രവിയോട് പ്രസവത്തോടെ കുഞ്ഞും അമ്മയും മരിച്ചു പോയി എന്നാണ് ദേവനാരായണൻ പറഞ്ഞത്. അദ്ദേഹം അതിനു ശേഷം വീണയുടെ അമ്മയെ നേരിട്ട് കണ്ടു അവരുടെ വീട്ടിലേക്കു ഒരു തുക സഹായത്തിനായി ഏല്പിക്കുകയും ചെയ്തു എന്നാണ് കേട്ടത്.. അതോടെ രവി പിന്നെ ഈ വഴി വന്നില്ല.. "


അപ്പോൾ വീണയുടെ അമ്മ പറഞ്ഞ അവരെ കാണാൻ അന്ന് വലിയ കാറിൽ വന്ന പ്രായമുള്ള മനുഷ്യൻ തന്റെ മുത്തശ്ശൻ ആയിരുന്നു.


" മഹി അമ്മാവനോ? ഇതൊന്നും അമ്മാവൻ അറിഞ്ഞില്ലേ? "


" വീണ ഗർഭിണി ആയ കാര്യം മാധവൻ മഹിയോട് പറഞ്ഞു. ദേവനാരായണനും അത് മഹിയോട് ചോദിച്ചു. അയാൾ സമ്മതിക്കുകയും ചെയ്തു തെറ്റ് പറ്റിയെന്നു. ഇനി ഒരിക്കലും വീണയെ കണ്ടു പോകരുതെന്ന് ദേവനാരായണൻ മഹിയോട് പറഞ്ഞിരുന്നു. അവൾ ദേവനാരായണന്റെ സംരക്ഷണയിൽ ആണെന്നുള്ള കാര്യം അയാൾ മഹിയോട് പറഞ്ഞില്ല.. ഒരു കാരണവശാലും വീണ എവിടെ ഉണ്ടെന്നു മഹി അറിയാൻ പാടില്ല എന്ന് ദേവനാരായണനും നിർബന്ധം ഉണ്ടായിരുന്നു. താൻ കാരണം ജീവിതം നശിച്ച വീണയോടു മഹിക്ക് സഹതാപം ഉണ്ടായിരുന്നു. വീണ എവിടെ ഉണ്ടെന്നു മാധവനു അറിയാമെന്നും അവൾക്കു ചിലവിനുള്ള പൈസ തന്നാൽ അത് കൊടുത്തോളാം എന്ന് പറഞ്ഞു മാധവനും രാജീവനും മഹിയുടെ കയ്യിൽ നിന്നു പൈസ വാങ്ങിക്കുമായിരുന്നു "


ഈ രാജീവനോടും മാധവനോടും ശിവന് വല്ലാത്ത അറപ്പു തോന്നി.. ഒപ്പം തന്റെ അമ്മാവനോട് സഹതാപവും. തെറ്റ് ചെയ്യാഞ്ഞിട്ടും തന്റെ ഭാഗത്തു നിന്നു ഒരു തെറ്റ് പറ്റി എന്നറിഞ്ഞപ്പോൾ കുറ്റബോധം എങ്കിലും തോന്നിയല്ലോ ആ മനുഷ്യന്? പക്ഷെ ബാക്കി രണ്ടെണ്ണത്തിനെ എന്താണ് വിളിക്കേണ്ടത്?


"പ്രസവത്തോടെ വീണയും കുഞ്ഞും മരിച്ചു എന്ന് തന്നെയാണ് മഹിയോടും മാധവൻ പറഞ്ഞത്.  അതോടെ ആ അധ്യായം അവസാനിച്ചു എന്ന് മഹിയും കരുതി കാണും "


" ശെരി.. ഇതൊക്കെ പണ്ട് നടന്ന കാര്യങ്ങൾ അല്ലേ? ഇത്രയും നാൾക്ക് ശേഷം ഇപ്പോൾ മാധവൻ കല്യാണിയെ കൊല്ലാൻ നോക്കാൻ ഉള്ള കാരണം എന്താ? കല്ലു രാജിവന്റെ മകൾ ആണെന്നുള്ള സത്യം ആർക്കും അറിയില്ലലോ? അറിയാവുന്നവർക്ക് തന്നെ അവൾ മഹി അമ്മാവന്റെ മകൾ ആണെന്നല്ലേ വിചാരം? "


" അത്.. രാജീവൻ ഇപ്പോൾ ഭയങ്കര കടത്തിൽ ആണ്.  ചുറ്റും ബ്ലേഡ്‌കാരും ബാങ്കുകാരും ഒക്കെയാണ്.. വീട് എപ്പോൾ വേണമെങ്കിലും ജപ്തി ആവാം എന്ന അവസ്ഥയിൽ ആണ്. മഹിയോട് ചോദിച്ചപ്പോൾ ഹോസ്പിറ്റലിന്റെ പണി നടക്കുന്നത് കാരണം ഇപ്പോൾ കയ്യിൽ പൈസ ഇല്ല എന്ന് പറഞ്ഞു. ദേവനാരായണന്റെ കുറച്ചു സ്വത്തുക്കൾ ഭാഗം വയ്ക്കാതെ കിടപ്പുള്ളതിൽ ഒരു വലിയ തുകയുടെ ബാങ്ക് ഡെപ്പോസിറ്റും ഉണ്ടെന്നു രമ അച്ഛനോട് പറഞ്ഞു. അങ്ങനെ അതിനെ പറ്റി ചോദിക്കാൻ മാധവൻ മഹിയെ നിർബന്ധിച്ചു വക്കീലിന്റെ അടുത്ത് വിളിച്ചു കൊണ്ട് പോയി. വക്കീൽ പറഞ്ഞത് ദേവനാരായണന്റെ ഭാഗം വയ്ക്കാത്ത സ്വത്തുക്കൾ എല്ലാം അയാൾ ആരുടെയോ ഒരാളുടെ പേരിൽ എഴുതി വച്ചിരിക്കുകയാണ് എന്നാണ്. ആ ആൾ ഇല്ലാതായാൽ മാത്രമേ മക്കൾക്ക്‌ അതിൽ അവകാശം ചോദിക്കാൻ സാധിക്കുകയുള്ളു എന്നാണ്. അത് ഈ പെങ്കൊച്ചിന്റെ പേരിൽ ആയിരിക്കും എഴുതി വച്ചിട്ടുണ്ടാവുക എന്ന് മാധവനു തോന്നി.  അതിനാണ് അവളെ ഇല്ലാതാക്കാൻ നോക്കുന്നത്.. ആ പണം മഹിക്ക് കിട്ടിയാൽ അതിൽ നിന്നു രാജീവന്റെ കടം വീട്ടാനുള്ള പണം കൊടുക്കാമെന്നു രമ പറഞ്ഞിട്ടുണ്ട് "


അപ്പോൾ മുത്തച്ഛന്റെ സ്വത്താണ് കാരണം..


" അപ്പോൾ ഈ ഷണ്മുഖനു കൊടുത്ത പൈസയോ? അത് പോലെ ഇവന് കൊടുക്കാം എന്ന് പറഞ്ഞ അൻപതു ലക്ഷം രൂപയോ? അതൊക്കെ എവിടുന്നാ? "


" ആദ്യം കൊടുത്ത അഞ്ചു ലക്ഷം രൂപ രമയുടെ കയ്യിൽ നിന്നു വാങ്ങിയതാ.. പിന്നെ ബാക്കി.. "


ബാബു ഒന്ന് പരുങ്ങി..


" നീ പരുങ്ങാതെ കാര്യം പറ ബാബു.. ബാക്കി? "


ബാബു തല താഴ്ത്തി.. 


" ബാക്കി കൊടുക്കേണ്ടി വരില്ല.. കാര്യം കഴിയുമ്പോൾ അവനെ നമുക്ക് ശിവന്റെ അടുത്ത് ഒറ്റിയാൽ മതി എന്ന് പറഞ്ഞു.. ശിവൻ അവന്റെ കാര്യം നോക്കി കൊള്ളും എന്ന്.. "


ശിവൻ അത് കേട്ടു ഉറക്കെ ചിരിച്ചു..


" ടാ.. നിന്നെയൊക്കെ ഇന്ന് ഞാൻ കൊല്ലുമെടാ നായെ.. "


ഷണ്മുഖൻ ദേഷ്യം കൊണ്ട് അലറി..


" എന്തിനാടാ ഒച്ച വയ്ക്കുന്നത്? ഇവനെ പോലെ ഉള്ളവർക്കൊക്കെ വേണ്ടി കൊല്ലാൻ നടക്കുമ്പോൾ ആലോചിക്കണം..  ഒടുക്കം ചതി കിട്ടുമെന്ന്.. "


ശിവൻ ടേബിളിൽ നിന്നു ഇറങ്ങി കൊണ്ട് ഷണ്മുഖനോട് പറഞ്ഞു.. ഷണ്മുഖൻ പിന്നെ ഒന്നും മിണ്ടിയില്ല.  ശിവൻ ഒന്ന് ആഞ്ഞു ചൂളം വിളിച്ചു.. മഫ്തിയിൽ രണ്ടു പോലീസുകാർ അകത്തേക്ക് വന്നു..


" അതേയ്..ഞാൻ ഒന്ന് പുറത്തേക്കു പോവുകയാണ്.. ഹോസ്പിറ്റൽ സൈറ്റിൽ നിന്നു മെറ്റീരിയൽസ് കടത്തുന്ന ഒരു കള്ളനെ അറസ്റ്റ് ചെയ്യാൻ ഉണ്ട്... ഞാൻ വരുന്നത് വരെ ഇവരെ രണ്ടാളെയും നോക്കികൊള്ളണം. വന്നിട്ടു ഇനിയും കാര്യങ്ങൾ ചോദിച്ചറിയാൻ ഉള്ളതാണ് "


" ശെരി സാർ.. "


ശിവൻ അവന്മാരെ ഒന്ന് കൂടി നോക്കി പുറത്തേക്കു നടന്നു.. അവന്റെ മനസ്സിൽ പല കണക്കു കൂട്ടലുകളും നടക്കുന്നുണ്ടായിരുന്നു 


തുടരും..

To Top