ഒരു നിയോഗം പോലെ, ഭാഗം: 25 വായിക്കൂ...

Valappottukal



രചന: അശ്വതി

വിശ്വാനാഥന്റെ രണ്ടു ദിവസമായുള്ള ചിന്ത മുഴുവനും ശിവൻ പറഞ്ഞതിനെ പറ്റിയായിരുന്നു. കല്യാണിക്ക് നേരെയുണ്ടായ അക്രമണങ്ങളെ പറ്റി. എത്രയൊക്കെ ശ്രമിച്ചിട്ടും മഹിയാണ് അതിനു പിന്നിൽ എന്ന് വിശ്വസിക്കാൻ അയാൾക്ക്‌ കഴിയുന്നുണ്ടായിരുന്നില്ല. കാര്യം മഹിക്ക് കൂട്ടുകെട്ടിൽ പെട്ടു പല തെറ്റുകളും പറ്റിയിട്ടുണ്ടാവും.. പക്ഷെ സ്വന്തം മകളാണെന്ന് അറിഞ്ഞു അവളെ കൊന്നു കളയാനും മാത്രം മനസാക്ഷി കുറവ് ഒന്നും മഹിക്കില്ല. രാജീവന്റെ കൂട്ടുകെട്ടിൽ ചെന്ന്പെടുന്നതിനു മുൻപേയുള്ള മഹിയെ വിശ്വന് അറിയാം. ആ മഹി ഇപ്പോഴും അവന്റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാവാതെ ഇരിക്കില്ലലോ? അത് കൊണ്ടാണ് വിശ്വന് ഒരിക്കലും മഹിയെ വെറുക്കാൻ കഴിയാത്തത്. മഹിയല്ലെങ്കിൽ പിന്നെ ആര്? ആർക്കാണ് അറിയാവുന്നതു കല്യാണി മഹിയുടെ മകൾ ആണെന്ന സത്യം.. അന്ന് ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന നഴ്സുമാർ ആരെങ്കിലും? അങ്ങനെ ഒക്കെ ചിന്തിച്ചപ്പോഴാണ് വേറെ ഒരാളെ ഓർമ വന്നത്. വീണ ഗർഭിണി ആയിരുന്ന സമയത്തു അവരെ നോക്കാൻ അച്ഛൻ ഏർപ്പാടാക്കിയ ആ സ്ത്രീ.. വീണയെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകുമ്പോഴും, കുട്ടികളെ കൈമാറ്റം ചെയ്യുമ്പോഴും ഒക്കെ അവർ അവിടെ ഉണ്ടായിരുന്നു. പിന്നീട് അച്ഛൻ അവരെ പൈസ ഒക്കെ കൊടുത്തു പറഞ്ഞു വിടുകയായിരുന്നു. ഇനി അവർ വഴി ആരെങ്കിലും അറിഞ്ഞിട്ടുണ്ടാവാം.. അത് ആരാണെന്നു അവരോടു ഒട്ടു ചോദിക്കാനും വഴിയില്ല.. അവർക്കു അന്നേ നല്ല പ്രായം ഉണ്ടായിരുന്നു. ഇപ്പോൾ ജീവനോടെ ഉണ്ടാവുമോന്നു പോലും സംശയ ആണ്. അത് പോലെ അവരുടെ വീട് എവിടെയാണെന്നൊന്നും വിശ്വന് അറിയില്ലായിരുന്നു. അച്ഛനാണ് അവരെ ഏർപ്പാടാക്കിയതും മറ്റും.. അങ്ങനെ ആലോചിച്ചപ്പോഴാണ് ശിവൻ പറഞ്ഞ മറ്റൊരു കാര്യം അയാളുടെ മനസ്സിൽ തെളിഞ്ഞതു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ തന്നെ മേലെപ്പാട്ടെ വക്കീലിനെ കാണാൻ ഇറങ്ങിയതാണ് വിശ്വൻ.  വിശ്വനെ കണ്ടപ്പോൾ തന്നെ അയാൾ ഒന്ന് അമ്പരന്നു. കാരണം മേലെപ്പാട്ടെ സ്വത്തിൽ അവർക്കും അവകാശം ഉണ്ടെങ്കിലും വിശ്വനോ അരുന്ധത്തിയോ അതിൽ ഒന്നും ഇടപെടാൻ വരാറില്ല.. എല്ലാം മഹിയെ ആണ് ഏല്പിച്ചിരിക്കുന്നത്.. വിശ്വനെ കണ്ടപ്പോൾ അയാൾ എണീറ്റു. 


" വിശ്വനാഥൻ സാർ എന്താ പതിവില്ലാതെ ഈ വഴിക്കു? "


ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ഉത്തരം മനസ്സിൽ റെഡി ആക്കിയാണ് വിശ്വൻ വന്നത്.. ഇവിടെ തത്കാലം ഒരു കള്ളം പറയാതെ വഴിയില്ല 


" അത്.. ഒരു അത്യാവശ്യം.. കുറച്ചു കാശിന്റെ.. അറിയാലോ.. മാമംഗലത്തെ ഹോസ്പിറ്റലിന്റെ പണി നടക്കുകയാണ്.. അപ്പോൾ കുറച്ചു ക്യാഷ് കുറവുണ്ട്.. മേലെപ്പാട്ടെ സ്വത്തിൽ അരുന്ധതിക്കും അവകാശം ഉണ്ടല്ലോ? "


വക്കീൽ അയാളെ അതിശയത്തോടെ നോക്കി.. 


" അതിനു ദേവനാരായണൻ സാർ എല്ലാം നേരത്തെ തന്നെ ഭാഗം വച്ചതാണല്ലോ? അരുന്ധതി മാഡത്തിന്റെ എല്ലാം തന്നില്ലേ?"


വക്കീൽ ചോദിച്ചു..


" അതേ.. പക്ഷെ തറവാട് വീടും അത് ഇരിക്കുന്ന സ്ഥലവും, പിന്നെ അച്ഛന്റെ പേരിൽ ഉണ്ടായിരുന്ന കുറച്ചു ഡെപ്പോസിറ്റും അന്ന് ഭാഗം വച്ചപ്പോൾ ആർക്കും കൊടുത്തില്ലല്ലോ? അച്ഛൻ പോയ സ്ഥിതിക്ക് അതിലും പകുതി അരുന്ധതിക്ക് കിട്ടില്ലേ? ഇപ്പോൾ കുറച്ചു അത്യാവശ്യം ഉണ്ട്.  അതുകൊണ്ടാണ്.. "


വിശ്വൻ ചോദിച്ചു.. വക്കീൽ ഒന്ന് ചിരിച്ചു.  അപ്പോൾ അതാണ്‌ കാര്യം 


" അയ്യോ.. അത് കിട്ടില്ല സാർ.. "


" അതെന്താ? "


" ഈ പറഞ്ഞവയൊക്കെ ദേവനാരായണൻ സാർ തന്റെ രണ്ടു മക്കളും അല്ലാതെ മറ്റൊരാളുടെ പേരിൽ ആണ് എഴുതി വച്ചിരിക്കുന്നത്.. "


" ആരുടെ? "


" അത് എനിക്കു പറയാൻ അവകാശം ഇല്ല .. ഇത് ആരും അറിയരുത് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ആ ആൾക്ക് ഒരു പ്രത്യേക പ്രായം എത്തുമ്പോൾ ഇതെല്ലാം അയാൾക്ക്‌ കൊടുക്കണം എന്നായിരുന്നു അദേഹത്തിന്റെ തീരുമാനം.. ആ സമയത്തെ ആ വ്യക്തി ആരാണെന്നു എല്ലാവരും അറിയാൻ പാടുള്ളു എന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു. അത് നടത്തി കൊടുക്കുക എന്നതാണ് എന്റെ കർത്തവ്യം..  മഹിയും എന്നോട് ഇതേ പറ്റി സംസാരിക്കാൻ വന്നിരുന്നു. മഹിയോടും ഇത് തന്നെയാണ് ഞാൻ പറഞ്ഞത്.. സാർ ക്ഷമിക്കണം.. "


വക്കീൽ വിനയത്തോടെ പറഞ്ഞു..


" ഏയ്.. അതു സാരമില്ല.. അച്ഛന്റെ തീരുമാനം അതാണെങ്കിൽ അത് അങ്ങനെ നടക്കട്ടെ.. ഞാൻ കാശിന്റെ കാര്യത്തിന് വേറെ എന്തെങ്കിലും വഴി നോക്കിക്കൊള്ളാം.. "


വിശ്വനാഥൻ അവിടെ നിന്നിറങ്ങി. അപ്പോൾ തന്റെ സംശയം സത്യം ആയിരിക്കുന്നു.  അച്ഛൻ ബാക്കി ഉള്ളതൊക്കെ മിക്കവാറും കല്യാണിയുടെ പേരിൽ ആയിരിക്കും എഴുതി വച്ചിട്ടുണ്ടാവുക. അവളോടും അവളുടെ അമ്മയോടും തന്റെ മകൻ ചെയ്തതിന്റെ പ്രായശ്ചിതം ആവട്ടെ എന്ന് അച്ഛൻ കരുതിയിട്ടുണ്ടാവും. മേലെപ്പാട്ട് തറവാടും കാത്തിരിക്കുന്ന സ്ഥലവും തന്നെ ഒരു ഒന്നൊന്നര കോടി രൂപയോളം വില മതിക്കുന്നതാണ്. പിന്നെ ആ ഡെപ്പോസിറ് എല്ലാം കൂടി നല്ലൊരു തുക വേറെയും വരും. അതായിരിക്കും ആ ഷണ്മുഖൻ ശിവനോട് പറഞ്ഞ കല്യാണിയുടെ പേരിലുള്ള കോടികൾ.. വക്കീൽ പറഞ്ഞത് അനുസരിച്ചു മഹിക്ക് അറിയാമായിരുന്നു അച്ഛൻ ഇത് മറ്റാരുടെയോ പേരിൽ എഴുതി വച്ചിരിക്കുന്നത്. കല്ലു തന്റെ മകൾ ആണെന്ന് മഹിക്ക് അറിയാമെങ്കിൽ അച്ഛൻ കല്യാണിയുടെ പേരിലാണ് ഇതെല്ലാം എഴുതി വച്ചിരിക്കുന്നതു എന്ന് മഹിയും ഊഹിച്ചു കാണില്ലേ? അപ്പോൾ ആ പൈസക്ക് വേണ്ടി മഹിയാണോ ശരിക്കും അവളെ കൊല്ലാൻ നോക്കുന്നത്? എന്തായാലും ശിവനെ കാര്യങ്ങൾ വിളിച്ചു അറിയിക്കാം.  അവൻ അവന്റെ രീതിയിൽ ആന്വേഷിച്ചു എന്താണെന്നു വച്ചാൽ ചെയ്യട്ടെ..


*****************************************************


ശിവൻ സ്റ്റേഷനിൽ തന്റെ മുന്നിൽ ഇരിക്കുന്ന ഗിരിയെ നോക്കി.. ഗിരി തല കുനിച്ചു ഇരുന്നു. അവനു ശിവനെ പണ്ട് മുതലേ അറിയാം, അവന്റെ സ്വഭാവവും.. അത് കൊണ്ട് അവൻ പേടിച്ചു വിറച്ചാണ് ഇപ്പോഴേ ഇരിക്കുന്നത്. ഗിരിയുടെ അറസ്റ്റ് അറിഞ്ഞു സാമൂവൽ അച്ചായൻ സ്റ്റേഷനിൽ വന്നിരുന്നു. തന്റെ വിശ്വസ്ഥൻ ഇങ്ങനെയൊരു വഞ്ചന ചെയ്തതിൽ അയാൾ വല്ലാതെ വേദനിച്ചാണ് പോയത്. അത് പോലെ അവന്റെ പൊയമുഖം തിരിച്ചറിയാൻ സാധിക്കാതെ പോയതും അയാൾക്ക്‌ വിഷമം ആയിരുന്നു. ശിവൻ ഒരു കസേര നീക്കിയിട്ടു അവന്റെ മുന്നിലേക്ക്‌ ഇരുന്നു.. ഗിരി നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു  


" ഗിരി.. വെറുതെ എന്റേ കൈ മിനക്കെടുത്താൻ നിൽക്കേണ്ട.. മര്യാദക്ക് പറഞ്ഞോ ആർക്കു വേണ്ടിയാണ് ഈ തോന്നിവാസം ഒക്കെ നീ കാണിച്ചതെന്നു "


ശിവൻ അവനോടു പറഞ്ഞു.  ഗിരി ദയനീയമായി അവനെ നോക്കി. 


" ഗിരി.. ഇനി എന്റെ കൈ ആയിരിക്കും നിന്നോട് സംസാരിക്കുന്നതു.. ഛീ.. മര്യാദക്ക് പറയെടാ ആരാ ഇതിന്റെ പിന്നിലെന്നു.. "


ശിവൻ ഒച്ച ഉയർത്തി.. ഗിരി അടിമുടി വിറച്ചു.. അടുത്തത് അടി ആയിരിക്കും എന്നവൻ ഊഹിച്ചു.  


" രാജീവൻ സാർ.. രാജീവൻ സാർ പറഞ്ഞിട്ടാണ് ഞാൻ ഇതൊക്കെ ചെയ്തത്"


" രാജീവനോ? "


" അതെ.. മഹേന്ദ്രൻ സാറിന്റെ അളിയൻ രാജീവൻ സർ"


ഗിരി വിറച്ചു കൊണ്ട് പറഞ്ഞു. 


വീണ്ടും തന്റെ അമ്മാവനും അയാളുടെ അളിയനും.. പക്ഷെ അമ്മാവന് മുപ്പതു ശതമാനം ഷെയർ ഉള്ളതാണ് ആ ഹോസ്പിറ്റലിൽ.. സഞ്ജുവിനെ ആ ഹോസ്പിറ്റൽ ഏൽപ്പിക്കണം എന്നാണ് അമ്മാവന്റെ ആഗ്രഹം തന്നെ.  അങ്ങനെ ഉള്ളപ്പോൾ അമ്മാവൻ എന്തിനു അവിടെ തിരിമറി നടത്തണം.  


" മഹി അമ്മാവന് അറിയുമോ ഇത്? "


ശിവൻ ചോദിച്ചു..


" ഇല്ല.. ഇത് രാജീവൻ സാറിന് മാത്രമേ അറിയൂ.. "


അപ്പോൾ താൻ വിചാരിച്ചതു പോലെ തന്നെ.. അമ്മാവനെ അയാൾ കൂടെ നടന്നു ചതിക്കുകയാണ്. 


" നിനക്ക് എങ്ങനെയാ ഈ രാജീവനെ പരിചയം? "


" രാജീവൻ സാർ പണ്ട് കുറച്ചു പ്രാവശ്യം മഹേന്ദ്രൻ സാറിന്റെ കൂടെ സൈറ്റിൽ വന്നിട്ടുണ്ട്.. അങ്ങനെ പരിചയപ്പെട്ടതാണ്.  അത് കഴിഞ്ഞു ഒരു ദിവസം സാർ എന്നെ ഫോണിൽ വിളിച്ചു.. മെറ്റീരിയൽസ് മാറ്റാൻ സഹായിച്ചാൽ നല്ല പൈസ ഓഫർ ചെയ്തു.. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല.. പിന്നെ പൈസക്ക് ആവശ്യം ഉണ്ടായപ്പോൾ.. "


ബാക്കി പറയാതെ ഗിരി തല കുനിച്ചു.. ശിവന് അവനോടു വെറുപ്പ്‌ തോന്നി..


" എന്നിട്ട്? "


" ആദ്യമൊക്കെ കുറച്ചു കുറച്ചു സാധനങ്ങൾ മാത്രമായിരുന്നു മാറ്റിയിരുന്നത്.. പക്ഷെ പൈസ കിട്ടി തുടങ്ങിയതോടെ രാജീവൻ സാറിനു ആർത്തിയായി.. കൂടുതൽ സാധനങ്ങൾ കടത്താനും, നല്ല സാധനങ്ങൾ മാറ്റി വില കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കാനും തുടങ്ങി.  അതിനൊക്കെ സഹായിക്കാൻ അയാളുടെ കുറച്ചു പണിക്കാരെയും മഹേന്ദ്രൻ സാറിന്റെ കെയർഓഫിൽ അവിടെ പണിക്കു കയറ്റി.. കുറച്ചയപ്പോൾ ഞാൻ പറഞ്ഞതാണ് എനിക്ക് ഇനി പറ്റില്ലായെന്നു.. കൊന്നു കളയും എന്ന് ഭീഷണി വന്നു.. അപ്പോൾ ഞാനും പേടിച്ചു."


ഗിരി പതുക്കെ പറഞ്ഞു


" അന്നയെ ആരാ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്? അത് പോലെ ഇവിടുത്തെ അന്നയ്ക്ക് മുൻപ് വന്ന എഞ്ചിനീയർമാർക്ക് എന്താ സംഭവിച്ചത്? "


ശിവൻ ചോദിച്ചു..


" അത്.. ഞാൻ ആണ് അന്ന മാഡത്തെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത് രാജീവൻ സാർ പറഞ്ഞിട്ട്.. അവര് ഭയങ്കര മിടുക്കി ആണെന്നും നമ്മുടെ കള്ളത്തരങ്ങൾ കണ്ടു പിടിക്കാൻ സാധ്യത ഉണ്ടെന്നും സാർ പറഞ്ഞു..അവരെ ആദ്യമേ തന്നെ ഇവിടുന്നു പേടിപ്പിച്ചു പറഞ്ഞു വിടുന്നതാണ് നല്ലതെന്നു പറഞ്ഞു.. "


" അതിനു മുന്നേ വന്നവരോ? "


" ആദ്യം വന്ന എഞ്ചിനീയർക്ക് സംശയം തോന്നി തുടങ്ങിയിരുന്നു. അയാൾ അത് സാമൂവൽ അച്ചായനോട് പറയാൻ തീരുമാനിച്ചു. അത് കൊണ്ട് രാജീവൻ സാർ ഗുണ്ടകളെ ഇറക്കി അയാളെ വകവരുത്തി.. ഇനി ഇവിടെ നിന്നാൽ അയാളുടെ കുടുംബത്തെ അടക്കം ഇല്ലായ്മ ചെയ്യും എന്ന് ഭീഷണി മുഴക്കി.. അത് ഭയന്നാണ് അയാൾ ജോലി മതിയാക്കി പോയത്.. രണ്ടാമത് വന്ന അയാളെ ഇതിന്റെ വീഡിയോ കാണിച്ചു പേടിപ്പിച്ചു പറഞ്ഞയക്കുകയായിരുന്നു. രാജീവൻ സാറിനു ഇതിനൊക്കെ കൂട്ട് നിൽക്കുന്ന ഒരാളെ സൈറ്റ് എഞ്ചിനീയർ ആയി അവിടെ നിയമിക്കണം എന്നായിരുന്നു ആഗ്രഹം. അതിനു വേണ്ടി വരുന്ന എഞ്ചിനീയർമാരെ ഒക്കെ പേടിപ്പിച്ചു ഇവിടുന്നു പറഞ്ഞയക്കാൻ നോക്കി കൊണ്ടിരുന്നു. അന്ന മാഡവും ആ വീഡിയോ കണ്ടു പേടിച്ചു പൊയ്ക്കോളും എന്നാണ് ഞങ്ങൾ വിചാരിച്ചതു. പക്ഷെ മാഡം പോയില്ല.. "


ശിവൻ മെല്ലെ തലകുലുക്കി..


" ടാ.. സൈറ്റ് ഒറിജിനൽ രജിസ്റ്റർ എവിടെയുണ്ട്? പിന്നെ ഇത് വരെ എന്തൊക്കെ, എത്രയൊക്കെ സാധനങ്ങൾ എപ്പോഴൊക്കെ സൈറ്റിൽ നിന്നു മാറ്റിയിട്ടുണ്ട്? എല്ലാം തത്ത പറയുന്നത് പോലെ പറഞ്ഞോ "


ഗിരി അവനോടു ഓരോന്നായി പറഞ്ഞു തുടങ്ങി.. 


*****************************************************


വഴിപോക്കൻ പറഞ്ഞു കൊടുത്തത് അനുസരിച്ചു ബാബു മാമംഗലത്തു കാരുടെ പറമ്പിൽ കയറി. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വിശാലമായ തെങ്ങിൻ തോപ്പ്.. അതിൽ നിറയെ കായ്ച്ചു നിൽക്കുന്ന കല്പവൃക്ഷങ്ങൾ.. അത് കണ്ടപ്പോൾ തന്നെ ബാബുവിന്റെ കണ്ണ് തള്ളി.. മാമംഗലത്തു കാരുടെ പ്രതാപം വിളിച്ചോതാൻ ആ പറമ്പ് തന്നെ ധാരാളം ആയിരുന്നു. അയാൾ പതിയെ അതിനുള്ളിലൂടെ നടന്നു. കുറെ ദൂരം നടന്നപ്പോൾ നേരത്തെ വഴിയിൽ കണ്ട ആൾ പറഞ്ഞു കൊടുത്ത ആ ചെറിയ വീട് അയാൾ കണ്ടു. അതിനുള്ളിൽ ഷണ്മുഖൻ ഉണ്ടാവും.. അതോർത്തപ്പോൾ ഒരു ചെറിയ പേടി.. അരയിലെ കത്തി അവിടെ തന്നെ ഉണ്ടെന്നു ഒന്നുടെ ഉറപ്പു വരുത്തി.. എന്നിട്ട് തന്റെ കൂട്ടാളിയുടെ നമ്പറിലേക്കു വിളിച്ചു. 


" ഹലോ.. "


" എന്തായി ബാബു? "


" ഞാൻ സ്ഥലത്തെത്തി.. അവൻ ഇവിടെ ഉണ്ടാകുമെന്നാണ് നിഗമനം.. "


" അവനെ കിട്ടിയാൽ വേഗം കാര്യം തീർത്തു ഇറങ്ങിക്കോണം.. പിന്നെ ഒരു കാരണവശാലും തന്റെ ഒരു സാധനങ്ങളും അവിടെ വീണു പോവുകയോ, വിരലടയാളം പതിയുകയോ ഒന്നും ചെയ്യാതെ നോക്കണം.  മനസിലായല്ലോ? "


" മനസിലായി.. "


" കാര്യം കഴിഞ്ഞിട്ട് വിളിക്കു.. "


അപ്പുറത്ത് നിന്നു ഫോൺ കട്ട്‌ ആയി. ഷണ്മുഖനെ കൊണ്ടുള്ള ഉപകാരം കഴിഞ്ഞപ്പോൾ അവനെ തീർക്കുന്നത് പോലെ തന്റെ ആവശ്യം കഴിഞ്ഞാൽ അയാൾ തന്നെയും ഒഴിവാക്കാൻ നോക്കുമോ എന്ന ഭയം ബാബുവിന് ഇല്ലാതില്ല.. അത് കൊണ്ട് തന്നെ അയാളുമായുള്ള എല്ലാ കാളുകളും ബാബു റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. നാളെ അയാൾ തനിക്കെതിരെ തിരിഞ്ഞാൽ അയാളെ ബ്ലാക്‌മെയ്ൽ ചെയ്യാനുള്ള ഒരു വഴി എന്ന നിലയിൽ.ബാബു ഫോൺ പോക്കറ്റിനുള്ളിൽ ഭദ്രമാക്കി വച്ചു. എന്നിട്ട് വീടിനു മുന്നിലെത്തി.. വീടിന്റെ ഡോർ പുറത്തു നിന്നു ലോക്ക് ആണ്.. പക്ഷെ അത്ര ബലമുള്ള പൂട്ടായി തോന്നിയില്ല.. ദൂരെ കിടന്ന ഒരു കല്ലെടുത്തു അയാൾ ആ പൂട്ട് പൊട്ടിച്ചു.. അകത്തു കയറിയ ബാബു തന്റെ മുന്നിൽ കണ്ട കാഴ്ചയിൽ അതീവ സന്തുഷ്ടനായി.. അവിടെ ഒരു കസേരയിൽ കയ്യും കാലും വായും കെട്ടിയ നിലയിൽ ഷണ്മുഖൻ.. ഷണ്മുഖൻ കൊട്ടേഷന്റെ ആളായത് കൊണ്ട് തന്നെ അവനെ കീഴ്പ്പെടുത്താൻ തന്നെ കൊണ്ട് കഴിയുമോ എന്ന ഭയം ബാബുവിന് ഉണ്ടായിരുന്നു. പക്ഷെ ഇങ്ങനെ ബാധിച്ച നിലയിൽ ഉള്ളപ്പോൾ തനിക്കു അവനെ കൊല്ലാൻ ഒരു ബുദ്ധിമുട്ടും ഇല്ല.. എന്ന് തന്നെയല്ല അവനെ ബന്ധിച്ചിരിക്കുന്ന കയറിൽ ഒക്കെ ശിവന്റെ വിരലടയാളം ഉണ്ടാവും. അത് അവനു എതിരെയുള്ള തെളിവായി ഉപകരിക്കും. ബാബുവിനെ കണ്ടതും തന്റെ വായിലെ കെട്ടിന് ഇടയിലൂടെ ഷണ്മുഖൻ എന്തൊക്കെയോ ഒച്ച ഉണ്ടാക്കാൻ തുടങ്ങി. അവൻ തന്നെ രക്ഷിക്കാൻ വന്നതാവുമെന്ന് ഷണ്മുഖൻ കരുതിയിട്ടുണ്ടാവും എന്ന് ബാബുവിന് അറിയാമായിരുന്നു. ബാബുവിന് അവനോടു ചെറിയ സഹതാപം തോന്നി.. പക്ഷെ കൊല്ലാതെ ഇരിക്കാൻ പറ്റില്ലല്ലോ? ബാബു ചെന്നു അവന്റെ വായിലെ കെട്ടഴിച്ചു.. ഷണ്മുഖൻ ഒരു ശ്വാസം എടുത്തു വിട്ടു..


" ബാബു.. നീയെങ്ങനെ ഇവിടെ എത്തി? "


അയാൾ ആവിശ്വാസത്തോടെ ചോദിച്ചു..


" നിന്നെ തപ്പി തപ്പി ഇങ്ങെത്തി.. "


ബാബുവിന് തന്നെ പറ്റി തന്നെ അഭിമാനം തോന്നുന്നുണ്ടായിരുന്നു. ഇത്ര രഹസ്യമായ ഒരു സ്ഥലം താൻ തന്നെ കണ്ടെത്തിയല്ലോ?


" നീ എങ്ങനെ ഇവന്റെ കയ്യിൽ വന്നു പെട്ടു? "


ബാബു ചോദിച്ചു..


" എന്റെ കയ്യിലെ ടാറ്റൂ.. ആ പെണ്ണിനെ കുത്താൻ നോക്കിയപ്പോൾ അവൾ കണ്ടിരുന്നു എന്ന് തോനുന്നു.. അതും സ്കോർപ്യൻസുമായുള്ള ബന്ധം അവൻ കണ്ടെത്തി.. അങ്ങനെ സ്കോർപ്യൻസിന്റെ പഴയ ഒളിത്താവളങ്ങൾ തപ്പി വന്നതാ.. "


ഒരു ടാറ്റൂ വച്ചു അവൻ ഇവിടം വരെ എത്തി.. അവൻ നല്ല കഴിവുള്ളവനാണെന്ന് ബാബുവിന് തോന്നി.


" എന്നെ വേഗം രക്ഷിക്കൂ.. ഈ കെട്ടഴിക്കു.. നമുക്ക് എത്രയും വേഗം ഇവിടെ നിന്നു രക്ഷപെടാം.. അവൻ വന്നാൽ പിന്നെ നീയും കൂടി പെടും.. "


ഷണ്മുഖൻ ചുറ്റും നോക്കികൊണ്ട്‌ ധൃതിയിൽ പറഞ്ഞു.. അത് കേട്ടു ബാബു ഒന്ന് ചിരിച്ചു..


" സോറി ഷണ്മുഖാ.. നീ വിചാരിക്കുന്നത് പോലെ നിന്നെ രക്ഷിക്കാനല്ല ഞാൻ വന്നത്.. "


ഷണ്മുഖനു ഒന്നും മനസിലായില്ല..


" പിന്നെ? "


" നിന്നെ അങ്ങ് തീർത്തു കളയാൻ ആണ് മുകളിൽ നിന്നുള്ള ഓർഡർ.. "


ബാബു തന്റെ അരയിൽ നിന്നും കത്തി വെളിയിൽ എടുത്തു അതിന്റെ തുമ്പത്തു കൂടി വിരലോടിച്ചു..


" കള്ളം.. പച്ചക്കള്ളം.. "


ഷണ്മുഖൻ അവൻ പറയുന്നത് വിശ്വസിക്കാൻ തയ്യാറായില്ല..


" ഓ.. നിനക്കു വിശ്വാസം വരുന്നില്ലേ?എന്നാൽ ഇത് കേട്ടു നോക്ക്.. "


ബാബു തന്റെ ഫോണിൽ അയാൾ ഷണ്മുഖനെ കൊല്ലാൻ പറയുന്ന റെക്കോർഡിങ് അവനെ കേൾപ്പിച്ചു കൊടുത്തു.


" ഇപ്പോൾ വിശ്വാസം വന്നോ? നീയെന്നോട് ക്ഷമിക്കണം ഷണ്മുഖാ.  നിന്റെ വായിൽ നിന്നു വീണ എന്തോ ഒരു കാര്യത്തിന്റെ തുമ്പു പിടിച്ചു ആ ശിവൻ എവിടെ വരെ എത്തിയെന്നു നിനക്ക് അറിയാമോ? ഇനിയും അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഈ കൊട്ടേഷനിൽ എനിക്കുള്ള പങ്കു അറിയാവുന്ന നിന്നെ ഒഴിവാക്കാനും അത് വഴി ആ ശിവനെ കുടുക്കാനും ഇതല്ലാതെ മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ്.. "


ഷണ്മുഖന്റെ കണ്ണിൽ തീ എരിഞ്ഞു..


" ടാ.. പന്നെ.. നീ ചതിക്കുകയാണ് അല്ലെ? "


" നമ്മുടെ പണിയിൽ ചതിയൊക്കെ സാധാരണം അല്ലേ ഷണ്മുഖാ.. ഞാൻ പറഞ്ഞില്ലേ എനിക്ക് വേറെ വഴിയില്ല എന്ന്.. അപ്പോൾ ഗുഡ്ബൈ.. "


ബാബു തന്റെ കത്തി കൊണ്ട് ഷണ്മുഖന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി..


*****************************************************


മാധവൻ ചുറ്റും നോക്കി.. മാമംഗലം തറവാടിന്റെ പിൻ വശത്തു നിൽക്കുകയായിരുന്നു അയാൾ.. അവിടെ സ്ഥിരം പറമ്പിലും വീട്ടിലും ഒക്കെയായി പണിക്കാർ ഉണ്ടാവാറുണ്ട്.. അവിടുത്തെ ഒരു പണിക്കാരന്റെ വേഷത്തിൽ അവിടെ കയറി കൂടിയതാണ് അയാൾ. വിശ്വന്റെയോ അരുന്ധതിയുടെയോ ശങ്കരന്റെയോ മുന്നിൽ ചെന്നു പെടാതിരുന്നാൽ മതി.. വേറെ ആരും മാധവനെ തിരിച്ചറിയാൻ സാധ്യത കുറവാണ്..  വരുമ്പോൾ കയ്യിൽ കരുതിയിരുന്ന ഉഗ്ര വിഷത്തിന്റെ കുപ്പി കയ്യിൽ ഉണ്ടെന്നു വീണ്ടും ഉറപ്പു വരുത്തി.  മാമംഗലത്തു കാർ എല്ലാം ഒരുമിച്ചിരുന്നു കഴിക്കുന്ന ഭക്ഷണം അത്താഴം ആണ്. അവർക്കായി ഒരുക്കി വച്ചിരിക്കുന്ന അത്താഴത്തിൽ വിഷം ചേർത്താൽ മൂന്നു പേരും ഒരുമിച്ചു തീർന്നു കിട്ടും. പിന്നെ മേലെപ്പാട്ടെ സ്വത്തിനു വേറെ അവകാശി ഇല്ല.. അത് മാത്രമല്ല വിശ്വനാഥനു കൂടെപ്പിറപ്പുകൾ ഒന്നുമില്ല.. മാമംഗലത്തു ഉള്ളവർ എല്ലാം തീർന്നു കിട്ടിയാൽ പിന്നെ ആ സ്വത്തുക്കളും അരുന്ധതിയുടെ ഒരേ ഒരു ആങ്ങളായായ മഹിക്ക് വന്നു ചേരും.. അപ്പോൾ അതും തങ്ങൾക്കു സ്വന്തം ആയതു പോലെ.. മാമംഗലത്തു കാർ ഇല്ലാതാവുന്നോടെ തന്നെ ആ കാര്യസ്ഥനും കുടുംബവും പകുതി ചത്ത അവസ്ഥയിൽ ആയിക്കൊള്ളും.. ശിവൻ പോയാൽ പിന്നെ വിഷ്ണുവിന് കൈ പൊങ്ങില്ല.. പിന്നെ അവരെ ഒഴിവാക്കാൻ ഒരു വിഷമവും ഉണ്ടാവില്ല. അയാൾ ആ തറവാട്ടിലേക്കു നോക്കി.. ഈ സ്വത്തുക്കളെല്ലാം തന്റെ മകൻ നോക്കി നടത്തുന്നത് അയാൾ സ്വപ്നം കണ്ടു.. മാമംഗലത്തു കാർക്ക് കഴിക്കാൻ കൊടുക്കുന്ന ഭക്ഷണത്തിൽ വിഷം കലർന്നാൽ അത് കഴിക്കുന്ന അവിടെ ഉള്ള ജോലിക്കാരും, അവിടെ താമസിക്കുന്ന അന്നയും ഒക്കെ അവരോടൊപ്പം ഇല്ലാതാവുമെന്ന് അയാൾക്ക്‌ അറിയാമായിരുന്നു. പക്ഷെ മകനോടുള്ള അന്ധമായ സ്നേഹവും, സ്വത്തിനോടും പണത്തിനോടും ഉള്ള അതിയായ ആർത്തിയും അയാളെ ഒരു മൃഗമാക്കി മാറ്റിയിരുന്നു.   ഉച്ച കഴിയുന്നത് വരെ പറമ്പിലും മറ്റും മറ്റു പണിക്കാരോടൊപ്പം ഓരോരോ പണികൾ ചെയ്തു സമയം കഴിച്ചു കൂട്ടാം . വൈകിട്ടാവുമ്പോൾ പണിക്കാരെല്ലാം തിരിച്ചു പോകുന്ന സമയത്തു അവിടെ അടുക്കളപ്പുറത്തെ വിറകു പുരയിൽ കയറി ഒളിച്ചിരിക്കാം.. രാത്രി അത്താഴം തയ്യാറായി കഴിഞ്ഞാൽ അതിൽ ആരും അറിയാതെ വിഷം കലർത്തണം.. നാളെ പുലരുമ്പോൾ ഈ വീട്ടിൽ ആരും ബാക്കി ഉണ്ടാവാൻ പാടില്ല..


തുടരും..


( ലേറ്റ് ആയി എന്നറിയാം.. ലേലു അല്ലു.. ലേലു അല്ലു.. ലേലു അല്ലു.. അഭിപ്രായങ്ങൾ അറിയിക്കണേ.. )

To Top