ആത്മിക, മുറിയ്ക്കകത്തേക്കു കയറി വാതിൽ ചേർത്തsച്ചു...

Valappottukal



രചന: രഘു കുന്നുമക്കര പുതുക്കാട്


ഉയിർപ്പ്



ആത്മിക, മുറിയ്ക്കകത്തേക്കു കയറി വാതിൽ ചേർത്തsച്ചു.

മുറിയ്ക്കു പുറത്ത്,

വീടിൻ്റെ നടുവകത്തായി സുഭദ്ര നിന്നു.

അവർ വല്ലാതെ വിക്ഷുബ്ധയായിരുന്നു.

പലതരം വികാരങ്ങളുടെ വേലിയേറ്റങ്ങളിൽ, ആ മുഖം മുറുകിയിരുന്നു.

കറുപ്പു പടർന്ന കൺതടങ്ങളിലേക്ക് മിഴിനീർ പൊഴിഞ്ഞൂർന്നു.

സുഭദ്ര, ക്ലോക്കിലേക്കു നോക്കി.

എട്ടര കഴിഞ്ഞിരിക്കുന്നു.

പ്രഭാതത്തിലെ സകല ചര്യകളും ഇന്നു പതിവിലും വേഗം പൂർത്തിയായിരിക്കുന്നു.

ഉമ്മറത്തേ സ്വീകരണമുറിയിൽ ഹരികൃഷ്ണേട്ടനും, 

മകൻ കാശിനാഥനുമുണ്ട്.

അവരും കാത്തിരിപ്പിലാണ്.


സുഭദ്ര, വേഗം അതിഥികൾക്കരികിലേക്കു വന്നു.


"ഹരിയേട്ടാ,

ആത്മിക ഒരുങ്ങുകയാണ്.

ഞാൻ, വിശ്വേട്ടൻ്റെ ചിത്രത്തിനു മുന്നിൽ ഒരു ദീപം കൊളുത്തട്ടേ"


ഹരികൃഷ്ണമേനോൻ ആ വാക്കുകളേ തലയാട്ടി സ്വീകരിച്ചു.

സുഭദ്ര അകത്തേക്കു മറഞ്ഞു.

കാശിനാഥൻ, അച്ഛനേത്തന്നേ ശ്രദ്ധിക്കുകയായിരുന്നു.

അറുപതു കടന്നിട്ടും അച്ഛനേ കീഴടക്കാൻ ജരാനരകൾക്കായിട്ടില്ല.

അമ്മയുടെ അകാല വിയോഗത്തിൻ്റെ തീവ്രദു:ഖങ്ങളിൽ മാത്രമേ അച്ഛനുലഞ്ഞിട്ടുള്ളൂ.


"കാശീ, നീയിന്ന് ഓഫീസിൽ പോകണ്ടാ,

നമുക്കൊരുമിച്ചു വേണം വിശ്വൻ്റെ വീട്ടിലേക്കു പോകുവാൻ,

ഇന്നത്തേ ദിവസം, നമ്മളല്ലാതെ മറ്റാരു ചെന്നാലാണ് വിശ്വൻ സന്തോഷിക്കുക"


അച്ഛൻ്റെ നിർബ്ബന്ധത്തിനു വഴങ്ങാതിരിക്കാനാകില്ല.

അച്ഛൻ, ജീവിതത്തിൽ ഒരു കാര്യത്തിനും നിർബ്ബന്ധബുദ്ധിയുള്ള വ്യക്തിയല്ല.

തൻ്റെ പഠനവും, പ്രണയവും, ഉദ്യോഗവും പരിണയവുമെല്ലാം തന്നിഷ്ടപ്രകാരമായിരുന്നിട്ടു കൂടി, അച്ഛന് എതിർപ്പുകളുണ്ടായിരുന്നില്ല.

മകനും, മരുമകളും ബാങ്ക് മാനേജർമാരായിരുന്നു എന്നതിലും, മകൾ വിദേശത്ത് കോളേജ് പ്രൊഫസർ ആണെന്ന കാര്യത്തിലും അച്ഛൻ ആരോടും ഊറ്റം കൊള്ളുന്നതായി കണ്ടിട്ടില്ല.

ജീവിതവഴികളിലെ ഉയർച്ചതാഴ്ച്ചകളേ തികഞ്ഞ സമഭാവനയോടെയേ അച്ഛൻ എതിരേറ്റിട്ടുള്ളൂ.

കാറിൽ, ഇങ്ങോട്ടു വരുംവഴിയൊന്നും അച്ഛൻ അധികം സംസാരിക്കയുണ്ടായില്ല.

അച്ഛൻ്റെ ഉള്ളിൽ ഓർമ്മകളുടെ സാഗരങ്ങളുടെ ഇരമ്പങ്ങളുണരുന്നുണ്ടോ?

നടയകത്തേ ചുവരിൽ മാലയിട്ടലങ്കരിച്ച വിശ്വനാഥനങ്കിളിൻ്റെ ഫോട്ടോയുടെ നേർക്കു തന്നെയാണ് അച്ഛൻ്റെ ദൃഷ്ടി പതിഞ്ഞു നിൽക്കുന്നത്.


ഹരികൃഷ്ണമേനോൻ, വിശ്വനാഥനെ കൊതി തീരെ നോക്കിക്കാണുകയായിരുന്നു.

കട്ടിമീശയുള്ള, നാൽപ്പത്തിരണ്ടു വയസ്സുള്ള വിശ്വനാഥൻ്റെ ചിത്രം.

വിശ്വനാഥൻ പോയിട്ടും, താൻ രണ്ടു പതിറ്റാണ്ടിലധികമായി ഈ ഭൂമിയിൽ ജീവിതം തുടരുന്നു.

തികച്ചും അതിശയകരം തന്നേ.


കാലം ആരോടു ചോദിച്ചിട്ടാണ് കാൽ നൂറ്റാണ്ടു പുറകിലേക്കു പോകുന്നത്?

മറവികളുടെ തിരശ്ശീലകൾ അടർന്നു വീഴുമ്പോൾ,

രണ്ടു യുവത്വങ്ങൾ നെഞ്ചു നിവർത്തി നിൽക്കുന്നതു കാണാം.

വിശ്വനും, ഹരിയും.

തൃശൂരേ എഫ് സി ഐ ഗോഡൗണിലെ രണ്ടു ചുമട്ടുതൊഴിലാളികൾ.

ഒരേ കാലഘട്ടത്തിൽ ജോലിക്കു കയറിയവർ,

സമപ്രായക്കാർ.

നേരിലും നെറിവിലും മാത്രം സഞ്ചരിച്ച്, തിന്മകളോടും, താൻപോരിമകളോടും സമരസപ്പെടാതെ ജീവിച്ചവർ.


ജോലിക്കു കയറിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.

മാസങ്ങളുടെ മാത്രം ഇടവേളകളിലായിരുന്നു, കല്യാണം.

രണ്ടുപേർക്കുമിടയിൽ ഒളിമറകളില്ലായിരുന്നു.

അവരെല്ലാം പരസ്പരം തുറന്നു പറഞ്ഞു.

ജോലിഭാരങ്ങളും, തൊഴിൽമേഖലയിലേ പ്രതിസന്ധികളും എന്നു വേണ്ടാ, പെണ്ണുങ്ങളുടെ മാസക്കുളി പോലും അന്യോന്യം ചർച്ചയായി.


ഹരിക്കാണ് ആദ്യം കുഞ്ഞു പിറന്നത്.

ആൺകുട്ടി, 

കാശിനാഥൻ.

തുടർന്ന്, ഒരു വർഷത്തിനുള്ളിൽ വിശ്വനും ഒരു മകൾ ജനിച്ചു, 

ആത്മിക.

അവരുടെ ചർച്ചകളിൽ, കുട്ടികളുടെ വികൃതികൾ കടന്നുവന്നു.

അവർ പരസ്പരം പലതും പറഞ്ഞു ചിരിച്ചു.

കുന്നായ്മകൾ പറഞ്ഞു.

അശ്ലീലങ്ങളിൽ പരസ്പരം വാ പൊത്തി.


മൂന്നു വർഷങ്ങൾക്കു ശേഷം, ഹരിക്കൊരു പെൺകുഞ്ഞുണ്ടായി. 

കനിക.

വിശ്വന്, പിന്നേയും ഒരു കുഞ്ഞിനായി ആറു വർഷത്തോളം കാക്കേണ്ടി വന്നു.

വിശ്വൻ, പാരമ്പര്യമായി ഭൂസ്വത്ത് ഉള്ളയാളാണ്.

വലിയ വീടുമുണ്ട്.

സ്ഥലത്തിൻ്റെ മൂല്യം തന്നേ വളരേ വലിയ തുകയ്ക്കുള്ളതുണ്ട്.


ആറാം വർഷം ആത്മികയ്ക്ക് ഒരു അനുജത്തി കൂടി പിറന്നു. 

അനുപമ.

ആശുപത്രിയിൽ നിന്നും, 

വിശ്വൻ വിളിച്ചു പറഞ്ഞതിങ്ങനെയാണ്.


"ഹരീ, തറവാടു പോയെടാ,

പെൺകുട്ടി തന്നെയാണ്.

ഇക്കണ്ട വഴിപാടുകളും, നേർച്ചകളുമെല്ലാം വെറുതെയായി.

മോളാണെന്നറിഞ്ഞപ്പോൾ, 

എൻ്റെ അമ്മ ആദ്യം പറഞ്ഞതെന്തെന്നോ,

കേൾക്കണോ, നിനക്ക്?

എൻ്റെ മോൻ ചത്താൽ, ആരു തല പിടിക്കും,

ആരു ശേഷം കെട്ടും ദൈവേ യെന്ന്,

മനസ്സിനൊരു സുഖല്ല്യ ടാ,

ഞാൻ ഫോൺ വെക്കാ ഡാ"


വിശ്വന് നിരാശ ഇത്ര പടർന്നതെന്തേ?

അവൻ, ഒരാൺകുട്ടിക്കായി അത്രമേൽ മോഹിച്ചിരുന്നുവെന്നറിയാം.

പക്ഷേ,

ആ പ്രതീക്ഷ തെറ്റിയാലും അവൻ ചങ്കുറപ്പോടെ നേരിടുമെന്നായിരുന്നു വിശ്വാസം.

പക്ഷേ, അവൻ....


അവൻ്റെ ഉച്ഛാസങ്ങളിൽ മദ്യത്തിൻ്റെ ഗന്ധം പടരാൻ തുടങ്ങിയത് എത്ര വിഷമത്തോടെയാണനുഭവിച്ചത്.

വല്ലപ്പോഴും മാത്രം രുചിയറിഞ്ഞിരുന്ന മദ്യം, അവൻ്റെ സഹയാത്രികനായി.

ഒടുവിലൊരു നാൾ,

ഇരു വൃക്കകളും പരാജയപ്പെട്ട് അവൻ മൃത്യുവിനു കീഴടങ്ങുമ്പോൾ നാൽപ്പത്തിരണ്ടു വയസ്സേയുണ്ടായിരുന്നുള്ളൂ.


"വിശ്വൻ, നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു.

നിൻ്റെ രണ്ടാമത്തെ മോള്,

ജന്മം കൊണ്ട് നിന്നെ ഏറെ വിഷമിപ്പിച്ചവൾ ഇപ്പോൾ കുടുംബസമേതം അമേരിക്കയിലാണ്.

അവധി കിട്ടിയിരുന്നുവെങ്കിൽ, അവളിവിടെയുണ്ടായേനെ.

ഒപ്പം,

യൂറോപ്പിലുള്ള എൻ്റെ മോളുടെ കുടുംബവും.

നിൻ്റെ മൂത്ത മോളുടെ വിവാഹം കഴിഞ്ഞിട്ടില്ലെടാ,

അതും കൂടി നടത്തീട്ടേ എനിക്ക്,

നിൻ്റെയടുത്തു വരാൻ പറ്റൂ.

യാത്ര പറയാതെ പോയ നിന്നെ, 

എന്തു തെറിയാണ് ഞാൻ അന്നേരം വിളിക്കുക.

അന്നും, നീ പഴയതു പോലെ പൊട്ടിച്ചിരിക്കും"


മുറിയുടെ വാതിൽ തുറന്ന്, ആത്മിക പുറത്തിറങ്ങി.

ഒപ്പം സുഭദ്രയും.

ആത്മിക, കോട്ടൺ സാരിയിൽ പ്രൗഢയായി നിന്നു.

അവൾ, ഹരികൃഷ്ണമേനോൻ്റെ മുന്നിൽ വന്നു.

കാൽക്കൽ വീണു തൊഴുതു.

കാശിക്കു ഹസ്തദാനം നൽകി.


"അങ്കിൾ,

ഞാൻ,

ആത്മികാ വിശ്വനാഥൻ ഐ എ എസ്.

ഇന്ന് രാവിലെ, തൃശൂർ സബ്ബ് കളക്ടറായി ചുമതലയേൽക്കുന്നു.

അനുഗ്രഹിക്കണം"


കപട ഗൗരവത്തിൽ, അത്രയും പറഞ്ഞുവെങ്കിലും അവളുടെ കണ്ഠമിടറി.

ഹരികൃഷ്ണമേനോൻ അവളേ, പുറത്തേക്കാനയിച്ചു.

ഔദ്യോഗിക വാഹനവും, അകമ്പടിക്കാരും തയ്യാറായി നിന്നു.

അവൾ, കാറിൽ കയറി.

അതു, പൊടിപറത്തി മുന്നോട്ടു നീങ്ങി.

കൂടെ പരിവാരങ്ങളും യാത്രയായി.


കാശിയുടെ കാറിൽ, അവർക്കൊപ്പം സുഭദ്രയുമുണ്ടായിരുന്നു.

വാഹനം, കളക്ട്രേറ്റ് ലക്ഷ്യമാക്കി നീങ്ങി.

കാശി, അച്ഛനെ ശ്രദ്ധിച്ചു.

അച്ഛനെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.

അവനുറപ്പുണ്ടായിരുന്നു,

അതു തന്നോടല്ലെന്ന്.


അത് വിശ്വനാഥനങ്കിളിനോടായിരിക്കും,

അച്ഛനെന്താവും പറഞ്ഞിട്ടുണ്ടാവുക.


"വിശ്വാ,

നീ തോറ്റു പോയല്ലോടാ"

എന്നാകുമോ...?


കാർ, മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു.

പുതിയ പ്രഭാതത്തിനു കൂടുതൽ മിഴിവുണ്ടായിരുന്നു.

To Top