രചന: സിന്ധു അപ്പുക്കുട്ടൻ
"നീയെപ്പോ വന്നു?
തൊട്ടരുകിൽ നിന്ന് ആരോ ചോദിക്കുന്ന കേട്ട്, സ്റ്റെപ്പിറങ്ങാൻ തുടങ്ങിയ മായ പെട്ടെന്ന് തിരിഞ്ഞു നോക്കി.
ദീപേട്ടൻ... അവളുടെ ചുണ്ടുകൾ അറിയാതെ വിറച്ചു പോയ്.
"ഇന്നലെ രാത്രി.
"തനിച്ചാണോ.? മോനെ കൂട്ടിയില്ലേ?
"ഇല്ല. അവന് ക്ലാസുള്ളതുകൊണ്ട് കൊണ്ടുവന്നില്ല."
"ഉം.. ശാരദേച്ചിക്ക് ഇന്നെങ്ങനെയുണ്ട് "
"കുറച്ച് ആശ്വാസമുണ്ട് "
"ചായ വാങ്ങിക്കാനാണെങ്കിൽ ആ ഫ്ലാസ്കിങ് താ. ഞാൻ കാന്റീനിലേക്കാ.
"വേണ്ട, ഞാൻ പൊയ്ക്കോളാം "
"അതെന്താ ഞാൻ മേടിച്ചാൽ. കുടിക്കുമ്പോ തൊണ്ടയിൽ നിന്നിറങ്ങില്ലേ "
"അതല്ല. എനിക്ക് അപ്പുറത്തെ സ്റ്റോറിൽ നിന്നും കുറച്ചു സാധനങ്ങൾ കൂടി വാങ്ങിക്കാനുണ്ട്."
"ഉം "
പ്രദീപ് ധൃതിയിൽ സ്റ്റെപ്പിറങ്ങി താഴോട്ട് പോയി.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ കൂടിക്കാഴ്ചയിലും, അവന്റെയാ പെരുമാറ്റത്തിലും വല്ലാതെ പൊള്ളിപ്പിടഞ്ഞ്,നിറഞ്ഞു തുടങ്ങിയ കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ച് മായയും പതിയെ സ്റ്റെപ്പിറങ്ങി താഴെ കാന്റീനിലേക്ക് നടന്നു.
കാന്റീന് മുന്നിലെ ക്യു അകലെ നിന്നേ കണ്ടു. അങ്ങോട്ട് നടന്നടുക്കുമ്പോഴേക്കും ആളുകൾ വന്നു കയറി കൊണ്ടിരിക്കുന്നു. അവൾ വെറുതെ പ്രദീപ് എവിടെയെന്ന് നോക്കി. അവൻ നിൽക്കുന്നതിന് പിന്നിൽവേറെയും ഇരുപതോളം ആളുകൾ.
അവൾ ഏറ്റവും പിന്നിലേക്ക് കയറി നിന്നു.
നിമിഷ നേരം കൊണ്ട് അവൾക്കു പിന്നിലും ആളുകൾ വന്നു നിറഞ്ഞു.
അവളെക്കണ്ടതും പ്രദീപവളെ കൈമാടി വിളിച്ചു.
അവൾ വേണ്ട ഞാനിവിടെ നിന്നോളാം എന്ന് കണ്ണുകൊണ്ട് ആംഗ്യo കാണിച്ചു.
"ഒരുപാട് ഷോയിറക്കല്ലേ. ആരെ കാണിക്കാനാ.
പ്രദീപ് അവൾക്കടുത്തേക്ക് വന്ന് കയ്യിലിരുന്ന ഫ്ലാസ്ക് തട്ടിപ്പറിക്കും പോലെ പിടിച്ചു വാങ്ങി അവൻ നേരത്തെ നിന്നിടത്തു ചെന്നു നിന്നു.
ഗത്യന്തരമില്ലാതെ മായ അവനോട് ചേർന്ന് അവന്റെ തൊട്ടു മുന്നിൽ കയറി നിന്നു.
അവന്റെയാ പ്രവൃത്തി ഇഷ്ടപ്പെടാതെ
പിന്നിൽ നിന്നവർ എന്തൊക്കയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
വരിയുടെ പിന്നിൽ നിന്നുള്ള തള്ളലിൽ അവന്റെ നിശ്വാസം പിൻകഴുത്തിൽ വന്നു തട്ടുമ്പോൾ മായ വല്ലാതെ അസ്വസ്ഥയായി.
"അവിടുന്ന് എന്താ വാങ്ങിക്കാനുള്ളെന്നുവെച്ചാ പോയി മേടിക്ക്. ഞാനിവിടെ നിൽക്കാം."
ജനറൽ സ്റ്റോറിന് മുന്നിലെത്തിയപ്പോൾ അവനവളുടെ കയ്യിൽ നിന്നും ഫ്ലാസ്ക്കും പലഹാരപ്പൊതിയും വാങ്ങിപ്പിടിച്ചു കൊണ്ടു പറഞ്ഞു.
മായക്ക് പിന്നെയും കണ്ണ് നീറി തുടങ്ങി. കടയിലേക്കുള്ള സ്റ്റെപ്പുകൾ കണ്ണുനീരിൽ മൂടി ഓരോന്നും രണ്ടായി കണ്ടു. അറിയാതെ കാലൊന്നു ഇടറി.
വീഴാതിരിക്കൻ മുന്നിലുള്ള പടിയിൽ കൈ കുത്തിയതും പ്രദീപ് ഓടി വന്ന് അവളെ താങ്ങി.
" നിനക്ക് കണ്ണും കണ്ടൂടെ. എവിടെ നോക്കിയാ നടക്കുന്നെ.?
അവന്റെ ദേഷ്യം കയ്യിലെ ഇറുക്കി പിടുത്തത്തെ വേദനിപ്പിച്ചു.
അവളവന്റെ മുഖത്തേക്കു ദയനീയമായൊന്നു നോക്കി.
നിറഞ്ഞൊഴുകുന്ന മിഴികൾ കണ്ടപ്പോൾ അവനു വല്ലാത്ത വേദന തോന്നി.
"സൂക്ഷിച്ചു പോ, വീണ് കയ്യോ കാലോ ഒടിഞ്ഞാൽ കൂടെ നിന്നു തോളിലിട്ടു നടക്കാൻ ആരുമില്ലെന്നറിഞ്ഞൂടെ
സാധനങ്ങൾ വാങ്ങി തിരിച്ചിറങ്ങുമ്പോൾ അവൾക്കു മുട്ടിനു നല്ല വേദന തോന്നി. കാല് ഉറപ്പിച്ചു നടക്കാനാകാതെ മുടന്തുന്നതു കണ്ടപ്പോൾ അവനവളുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവർ വാങ്ങി അവന്റെ കയ്യിലിരുന്ന ഫ്ലാസ്ക്കും, പൊതികളും അതിലേക്കിട്ട് അവളുടെ കൈ പിടിച്ചു നടത്തി.
അവനോട് ചേർന്നു നടക്കുമ്പോൾ,സ്കൂൾ വരാന്തയിൽ അമ്മയെ കാത്തു നിന്നു കരഞ്ഞ ഒന്നാംക്ലാസുകാരിയുടെ കൈ പിടിച്ച്, അയ്യേ നാണമില്ലല്ലോ ഇവിടെ നിന്നു കരയാൻ. ദാ, നോക്ക് നിന്റെ അമ്മ വരുന്നുണ്ട് എന്ന് പറഞ്ഞ ഇന്നലെകളുടെ ആവർത്തനം പോലെ തോന്നി അവൾക്ക്.
"ലിഫ്റ്റിൽ പോകാം.സ്റ്റെപ്പ് കയറിയാൽ ചിലപ്പോ കാലു വേദന കൂടും ".
"ഉം... അവളൊന്നു മൂളി.
ലിഫ്റ്റ് മുകളിലേക്കുയരുമ്പോൾ രണ്ടു കൈ കൊണ്ടും അവളവന്റെ കയ്യിൽ മുറുകെ പിടിച്ച് അവനിലേക്ക് ഒന്നൂടെ ചേർന്നു നിന്നു.
അവൾ പോലുമറിയാതെ.മനസ്സ് വീണ്ടും അവളെയാ ഒന്നാം ക്ലാസ്സിൽ കൊണ്ടിരുത്തി.
*****************************
പ്രദീപിന്റെ അച്ഛൻ അപ്പുറത്തെ വാർഡിൽ കിടക്കുന്നുണ്ട്.നീ കണ്ടിരുന്നോ അവനെ ?
ശാരദാമ്മയുടെ ചോദ്യഭാവം നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിച്ച് അവൾ ഫ്ലാസ്ക് തുറന്നു ചായ ഗ്ലാസ്സിലേക്കൊഴിച്ച് അവർക്കു മുന്നിലേക്ക് നീക്കി വെച്ചു.
"രണ്ടാഴ്ചയോളം ആയിട്ടുണ്ട്. പാവം ആ ചെക്കൻ എന്തോരം കഷ്ടപ്പെടുന്നു.അവനായിട്ടാ ഇതൊക്കെ സഹിക്കുന്നെ."
അവളതു കേൾക്കാത്ത ഭാവത്തിൽ ബാഗിൽ നിന്നും ഫോണെടുത്ത്, പുറത്തെ വരാന്തയിലേക്ക് നടന്നു.
തന്നെ തീർത്തും അവഗണിച്ചുകൊണ്ടുള്ള അവളുടെയാ പോക്ക് കണ്ടപ്പോൾ മുഖമടച്ച് നല്ലൊരു അടി കിട്ടിയ പോലെ തോന്നി ശാരദാമ്മക്ക്.
അമ്മക്ക് നന്നായി നൊന്തിട്ടുണ്ട് എന്ന ഗൂഢസ്മിതത്തോടെ അവൾ നീളൻ വരാന്തയിലെ കസേരകളിലൊന്നിലിരുന്നു.
ഫോണെടുത്ത്, fb യിൽ സെർച്ച് ചെയ്തിട്ടിരുന്ന പ്രദീപിന്റെ മെയിൻ ഐഡി ഓപ്പൺ ചെയ്തു.
അവൾക്കേറ്റവുമിഷ്ടമുള്ള മെറൂൺ ഷർട്ടും, അതിന് മാറ്റു കൂട്ടുന്ന കട്ടിമീശയും, വെട്ടിയൊതുക്കിയ താടിയുമുള്ള പഴയൊരു ഫോട്ടോയായിരുന്നു അവന്റെ പ്രൊഫൈൽ പിക്.
ഇമ വെട്ടാതെ നിമിഷങ്ങളോളം അവളതിൽ നോക്കിയിരുന്നു. പിന്നെ പരിസരം പോലും മറന്ന് ഫോൺ ചുണ്ടുകൾക്കു നേരെയുയർത്തി അവന്റെ ചുണ്ടുകളോട് ചേർത്തമർത്തി.
എല്ലാം തിരികെയെടുത്തു പടിയിറങ്ങുമ്പോൾ നിന്നോർമ്മകളെ മാത്രമെന്തേ ഇവിടെ ബാക്കിയാക്കിയത്... ഫോട്ടോയുടെ മുകളിലുള്ള ക്യാപ്ഷൻ അവളും അതേപോലെ ആവർത്തിച്ചു.
എന്തിനേ ഒരു കുഞ്ഞു കുടയുടെ മറപോലും തരാതെ ഓർമ്മപ്പെയ്ത്തിലിങ്ങനെ നനഞ്ഞു കുതിരാൻ എന്നെ ഒറ്റക്കാക്കി.
പെട്ടെന്ന് ഫോൺ അടിഞ്ഞു. അവൾ ഒരു ഞെട്ടലോടെ ചുറ്റും പകച്ചു നോക്കി കണ്ണുകൾ തുടച്ച് ഫോണിലേക്കു നോക്കി.
മധുവേട്ടൻ കാളിംഗ് എന്ന് കണ്ടപ്പോൾ എടുക്കണോ എന്ന് സംശയിച്ചു. പിന്നെ കാൾ ബട്ടൻ അമർത്തി.
"നീയെന്താ അമ്മയോട് മിണ്ടാതെ മുഖം വീർപ്പിച്ചു നടക്കുന്നെ.?
മധുവിന്റെ പരുഷമായ വാക്കുകൾ അവളെ ദേഷ്യം പിടിപ്പിച്ചു.
അപ്പോഴേക്കും മോനെ വിളിച്ചു പരാതി പറഞ്ഞിരിക്കുന്നു. അവൾ പുച്ഛത്തോടെ ഓർത്തു.
"ഹലോ.. നീ കേൾക്കുന്നില്ലേ??. എന്താ മിണ്ടാത്തെ??
"എനിക്ക് അമ്മയോട് സംസാരിക്കാൻ താല്പര്യമില്ല. പോരാത്തതിന് മോനെ അവിടെയാക്കി പോന്നതിന്റെ ടെൻഷനുമുണ്ട്.
"എന്നാലും നിനക്കമ്മയോട് എന്തെങ്കിലുമൊന്നു മിണ്ടിക്കൂടെ.
"മധുവേട്ടാ പ്ലീസ്.. കുറ്റപ്പെടുത്തലുകൾ കേട്ട് കേട്ട് ജീവിതം തന്നെ വെറുത്തു പോയവളാ ഞാൻ. ഇനിയും അത് കേൾക്കാനല്ല ഇത്രയും ദൂരം യാത്ര ചെയ്ത്, മോനെപ്പോലും കൂട്ടാതെ ഞാനിങ്ങോട്ട് വന്നത്.പെറ്റമ്മയോടുള്ള കടമകളും, കടപ്പാടുകളും മറന്ന് പക പോക്കാനുള്ള മനസ്സില്ലാത്തതു കൊണ്ടാ.
ഞാനിപ്പോൾ ഇങ്ങനെയാ.. ഇങ്ങനെ തന്നെ. ഇനി മാറാൻ താല്പര്യമില്ല.
അയാൾ തിരിച്ചെന്തെങ്കിലും പറയും മുന്നേ അവൾ കാൾ കട്ടാക്കി.
അവൾക്ക് ആരോടൊക്കെയോ വല്ലാത്ത ദേഷ്യം തോന്നി.
കണ്ണുകളടച്ച് പുറകോട്ട് ചാരി പിന്നെയും അവളവിടെയിരുന്നു.
"നീയെന്താ ഇവിടെ വന്നിരിക്കുന്നേ. അമ്മയവിടെ ഒറ്റക്കല്ലേ.?
തൊട്ടടുത്ത് പ്രദീപിന്റെ ചോദ്യം കേട്ട് അവൾ പെട്ടെന്ന് കണ്ണ് തുറന്ന് മുന്നോട്ട് നിവർന്നിരുന്നു.
"ഒറ്റക്കായാൽ പേടിച്ചു കരയുന്ന പ്രായമൊന്നുമല്ലല്ലോ അമ്മക്ക്. പിന്നെന്താ
അവൾ മറു ചോദ്യമെയ്തു.
"നിന്റെ മധുവേട്ടൻ വന്നാലും ഫോണും പിടിച്ച് ഇവിടെയിങ്ങനെ ഇരിക്കുന്ന കാണാം. അയാൾ പോകുമ്പോ ഞാനിടക്ക് അമ്മയുടെ അടുത്ത് ചെന്നിരിക്കും. അപ്പോഴൊക്കെ ഒന്നും മിണ്ടാനും പറയാനും അടുത്തിരിക്കാനും ആരുമില്ലന്ന സങ്കടം പറഞ്ഞു കണ്ണ് നിറക്കാറുണ്ട് അവർ.
അവളിൽ നിന്നും മറുപടിയൊന്നും കിട്ടാത്ത കൊണ്ടു അവൻ കുറച്ചു നേരത്തേക്ക് നിശബ്ദനായി.
"കാലിന് വേദനയുണ്ടോ ഇപ്പോഴും?
ഇല്ല.. ദീപേട്ടന്റെ അച്ഛനെങ്ങയുണ്ട്?
"അച്ഛന് പ്രസാദിന്റെ കാര്യമോർത്തുള്ള ടെൻഷൻ. അപ്പച്ചിയുടെ അടുത്ത് അവനത്ര സന്തോഷമില്ല. ഫോൺ ചെയ്യുമ്പോ അച്ഛനെയും എന്നെയും കാണണം എന്നും പറഞ്ഞു കരച്ചിൽ.വയസ്സ് മുപ്പത്തഞ്ചായെങ്കിലും മനസ്സിപ്പോഴും മൂന്നു വയസ്സുകാരന്റെയല്ലേ.
"അച്ഛന് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു ഡിസ്ചാർജ് മേടിച്ചു കൂടെ.
"കാൽപ്പാദം മുഴുവൻ മുറിച്ചു മാറ്റിയേക്കുവാ. ഷുഗർ ഒന്ന് കണ്ട്രോൾ ആകാതെ വീട്ടിൽ പോയാ പിന്നെയും പണി കിട്ടും. ഇനിയും പഴുപ്പ് കയറിയാൽ പിന്നെയും സർജറി വേണ്ടി വരും.അതുകൊണ്ട് ഡോക്ടർ പറഞ്ഞു വിടും വരെ ഇവിടെ കിടന്നേ പറ്റൂ.
"ദീപേട്ടാ, ഇനിയെങ്കിലും ഒരു കല്യാണം കഴിച്ചൂടെ. എത്ര നാളാ ഇങ്ങനെ അച്ഛനും അനിയനും വേണ്ടി ജീവിച്ച് എല്ലാം ഒറ്റക്ക് ഉള്ളിലൊതുക്കി എരിഞ്ഞു തീരുന്നേ.ഒരാൾ കൂടി വീട്ടിൽ ഉണ്ടെങ്കിൽ അച്ഛന്റെയും പ്രസാദിന്റെയും കാര്യത്തിൽ ഇത്രയും ടെൻഷനുമുണ്ടാകില്ല.
"ആലോചനകളൊക്കെ മുറക്ക് നടക്കുന്നുണ്ട്. വീട്ടിലെ അവസ്ഥകളറിയുമ്പോ എല്ലാരും ഒഴിഞ്ഞു മാറുന്നു. ഇനിയിപ്പോ ആരെയെങ്കിലും വളക്കാമെന്നു കരുതിയാ തന്നെ പേടിയാ. ഈ പെണ്ണുങ്ങളുടെ വാക്കിനു വല്യ വിലയൊന്നുമുണ്ടാകില്ല. എന്റെ ജീവനാ, മരിക്കുന്ന വരെ ഞാൻ കൂടെയുണ്ടാകും എന്നൊക്കെ തള്ളി മറിക്കാനേ അറിയൂ. കാര്യത്തോടടുക്കുമ്പോ ഞാനീ നാട്ടുകാരിയേയല്ല എന്നും പറഞ്ഞോരൊറ്റപ്പോക്കാ. ഹഹ ഹ
അവൻ ഉറക്കെ ചിരിച്ചു.
എല്ലാരും ഒരുപോലെ ആകില്ല ദീപേട്ടാ.വീട്ടുകാരുടെ ആത്മഹത്യാ ഭീഷണിയൊക്കെ ചുമ്മാ പേടിപ്പിക്കൽ ആണെന്ന് ചിന്തിച്ചു പ്രവർത്തിക്കാൻ കഴിയുന്ന പെൺകുട്ടികളുമുണ്ട് നമ്മുടെ നാട്ടിൽ.
ഉം.. ശരിയായിരിക്കും. പക്ഷേ എനിക്കതിനു താല്പര്യമില്ല. അത്രേയുള്ളൂ. ഒരാൾക്ക് പകരമാകാൻ മറ്റാർക്കും കഴിയില്ല എന്നാണെന്റെയൊരിത്.
അവൻ നിന്ദയോടെ ഒരു ചിരി വരുത്തി.
"അല്ല.. നീയെന്തേ ഇത്ര ദൂരേക്ക് സ്ഥലം മാറ്റം വാങ്ങിയേ. നീയത് ചോദിച്ചു മേടിച്ചതാണെന്ന് നിന്റമ്മ പറഞ്ഞിരുന്നു."
"എന്നെ മനസ്സിലാക്കാത്തവരുടെ കൂടെ നിന്ന് ജീവിതം പാഴാക്കുന്നതിൽ ഒരർത്ഥവുമില്ലെന്നു തോന്നിയപ്പോ എല്ലാറ്റിൽ നിന്നും ഒളിച്ചോടാൻ ഞാൻ കണ്ട വഴി അതായിരുന്നു."
എത്രയോ വട്ടം അമ്മയുടെയും, മധുവേട്ടന്റെയും കാല് പിടിച്ചു. എനിക്കവിടെ വയ്യ. ഈ വീട്ടിൽ താമസിക്കാനൊരിടം തന്നാൽ ഞാനെന്റെ മോനെയും നോക്കി എങ്ങനെയും ജീവിച്ചുകൊള്ളാമെന്ന്. അന്നൊന്നും അമ്മയെന്നെ മനസിലാക്കിയില്ല. എന്റെ സങ്കടങ്ങൾക്കുനേരെ കണ്ണടച്ചു. ഞാൻ ബലമായി അങ്ങോട്ട് കയറി ചെന്ന് അവിടെ താമസം തുടങ്ങിയാലോ എന്ന് പേടിച്ച് ഞാനറിയാതെ വീട് വാടകക്ക് കൊടുത്ത് മധുവേട്ടന്റെ വീട്ടിലേക്ക് താമസം മാറ്റി.
ഏട്ടത്തിയമ്മയുമായി പൊരുത്തപ്പെട്ടു പോകില്ല എന്നും പറഞ്ഞാ അമ്മ തറവാട്ടിൽ ഒറ്റക്ക് താമസിക്കാൻ തീരുമാനിച്ചേ. എന്നിട്ടും അഭയാർത്ഥിയേപ്പോലെ ഞാൻ കയറി ചെന്നപ്പോൾ കണ്ണും പൂട്ടി അവിടുന്നിറങ്ങി ഏട്ടത്തിയുടെ കൂടെ പൊറുക്കാൻ പോയി.
അവർക്ക് അഭിമാനമായിരുന്നു വലുത്. മകളുടെ ജീവിതത്തിന് അവർ യാതൊരു വിലയും കല്പിച്ചില്ല.
മരിക്കാൻ കിടക്കുന്ന സഹോദരന് കൊടുത്തവാക്ക് പാലിക്കാൻ, സ്വന്തം മകളാണെങ്കിൽ പോലും അവൾക്കുമുണ്ട് ഇഷ്ടങ്ങളും, ആഗ്രഹങ്ങളും എന്ന് ചിന്തിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബത്തിന്റെ അന്തസ്സ് കാത്തു.
അമ്മാവനോ വഴി പിഴച്ചു നടക്കുന്ന മകന് മറ്റാരും പെണ്ണ് കൊടുക്കില്ലയെന്ന് മുൻകൂട്ടി കണ്ട് അമ്മയുടെയടുത്തു കുറെ സെന്റിയടിച്ച് എന്റെ ജീവിതം എഴുതി വാങ്ങി.
അമ്മക്കിപ്പോ മധുവേട്ടന്റെ കൂടെയുള്ള താമസം മടുത്തു. വയ്യാതെ ആയപ്പോൾ ഏട്ടത്തി വഴിയിൽ കൊണ്ടു പോയി തള്ളും എന്ന നിലപാടിലാ. ഇപ്പൊ വാടകക്കാരെ ഒഴിപ്പിച്ച് തറവാട്ടിൽ കൂടാം ന്ന് എന്നോട് പറയുന്നുണ്ട്.
"നീയും രാജീവും തമ്മിലുള്ള പൊരുത്തക്കേടിന് കാരണമെന്താ. എന്നേപ്പോലെ നീയും നമ്മുടെ പ്രണയത്തിൽ നിന്നും മോചിതയായില്ലേ ഇനിയും."
"ദീപേട്ടന്റെ ഓർമ്മകളെ പടിയിറക്കി വിടാൻ അന്നൊക്കെ ഞാനും ഒരുപാട് കഷ്ടപ്പെട്ടു. അമ്മയുടെ നിരന്തരമായ കണ്ണീരും, അച്ഛനമ്മമാർ നഷ്ടപ്പെട്ടതിനു ശേഷം മോളെപ്പോലെ കൊണ്ടു നടന്നു വളർത്തിയ ആങ്ങളയെക്കുറിച്ചുള്ള പതം പറച്ചിലും ഒക്കെയായി എന്റെ ദിവസങ്ങൾ നരകതുല്യമായി തീർന്നു. ഒടുവിൽ എന്റെ സ്വപ്‌നങ്ങളെയെല്ലാം സ്വയം തീർത്ത ചിതയിൽ ദഹിപ്പിച്ച് അവർക്കുമുന്നിൽ കീഴടങ്ങി.
ഒരുപക്ഷെ ദീപേട്ടൻ കുറച്ചൂടെ സ്ട്രോങ്ങായി കൂടെ നിന്നിരുന്നെങ്കിൽ ഞാനിറങ്ങി വന്നേനെ. പക്ഷേ ദീപേട്ടൻ എന്നെ ഉപദേശിച്ചതും അമ്മയെ അനുസരിക്കൂ എന്നല്ലേ.
പ്രദീപ് അവളുടെ മുഖത്തു നോക്കാതെ തല കുനിച്ചു.
ആദ്യമൊക്കെ കുറെ വിഷമിച്ചെങ്കിലും പതിയെപ്പതിയെ ദീപേട്ടനെ മറന്ന് ഞാൻ രാജീവിനെ സ്നേഹിക്കാൻ ശ്രമിച്ചു തുടങ്ങി.
രാജീവ് ഒരു പ്രത്യേകതരക്കാരനായിരുന്നു. വീട്ടുകാര്യങ്ങളിൽ യാതൊരു ഉത്തരവാദിത്വമില്ല. സ്വന്തം ഷോപ്പായതുകൊണ്ട് ജോലിക്ക് പോകുന്നതിനും വരുന്നതിനും കൃത്യനിഷ്ഠയില്ല. മിക്കവാറും രാത്രികളിൽ കുടിച്ച് കാലുറക്കാതെയാകും വീട്ടിൽ കയറി വരിക. കിടപ്പറയിൽ എന്തൊക്കയോ ഒരു കാട്ടിക്കൂട്ടൽ. അതിനപ്പുറം ഒരു സ്നേഹത്തലോടലോ, ചേർത്തു നിർത്തലോ ഇല്ല.
അമ്മായിയെക്കാൾ അധികാരം ഏട്ടത്തിയമ്മക്കായിരുന്നു അവിടെ. രാജീവിനും എന്നേക്കാൾ അടുപ്പം അവരോടായിരുന്നു.അമ്മായിക്കും അങ്ങനെ തന്നെ.
അവരാണല്ലോ ആദ്യം കയറി വന്ന മരുമകൾ. തന്നെയുമല്ല മരിച്ചു പോയ മകന്റെ വിധവയെന്ന സഹതാപവും.അതുകൊണ്ടാകും എന്നു ഞാനും കരുതി.
അവർ രാജീവിനോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യം പലപ്പോഴും എന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. രാജീവിനോട് അതേക്കുറിച്ച് ചോദിക്കുമ്പോൾ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറും. അവർ സ്വന്തം വീട്ടിൽ പോകുന്ന സമയത്താ രാജീവ് എന്നോട് റൊമാന്റിക് ആകുന്നത്. അല്ലാത്തപ്പോഴെല്ലാം ആവശ്യമില്ലാത്ത ഗൗരവം എടുത്തണിയും.
അവരുടെ മക്കളിൽ ഇളയവൾ അമ്മുവിനോട് കാണിക്കുന്ന അമിത സ്നേഹവും ഇടയ്ക്കിടെ എന്നെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നു. അച്ചുവിനില്ലാത്ത പരിഗണനയായിരുന്നു അമ്മുവിനോട്.
അമ്മയോട് പലപ്പോഴും അതേക്കുറിച്ച് പറഞ്ഞു സങ്കടപെട്ടിട്ടുണ്ട്. അപ്പോഴൊക്കെ അമ്മയെന്നെ സംശയരോഗിയും, കുനുഷ്ട് കണ്ടു പിടിക്കാൻ നടക്കുന്നവളുമാക്കി.
അച്ഛനില്ലാത്ത കുട്ടികളാ അവർ. അവരെ സ്നേഹിക്കാൻ അവനല്ലാതെ വേറെയാരാ ഉള്ളത് എന്ന ന്യായീകരണം.
പിന്നെപ്പിന്നെ എന്നെ മനസിലാക്കാൻ ആരുമില്ലന്ന തോന്നലിൽ എല്ലാം ഉള്ളിലൊതുക്കി ജീവിക്കാൻ പഠിച്ചു.
ഉണ്ണിക്കുട്ടൻ ഉണ്ടായതോടെ എന്റെ ലോകം മുഴുവൻ അവനിലായ് ഒതുങ്ങി.
ആയിടെയാണ് ജോലി കിട്ടിയതും.അതും എനിക്ക് വലിയൊരു ആശ്വാസമായ്.
ഒരു ദിവസം മോന് സുഖമില്ലെന്ന് പറഞ്ഞു സ്കൂളിൽ നിന്ന് ടീച്ചർ വിളിച്ചു. ഞാനുടനെ രാജീവിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല. പിന്നെ ലീവെഴുതി കൊടുത്തു ഓഫീസിൽ നിന്നിറങ്ങി. സ്കൂളിൽ ചെന്ന് മോനെ കൂട്ടി ഹോസ്പിറ്റലിൽ പോയി. വീട്ടിൽ ചെന്നു കയറുമ്പോൾ രാജീവിൻറെ ബൈക്ക് മുറ്റത്തിരിക്കുന്നു. ഇവിടെ ഉണ്ടായിട്ടാണോ ഞാൻ വിളിച്ചിട്ട് കാൾ എടുക്കാഞ്ഞത് എന്ന് നീരസം തോന്നി.
റൂമിൽ കയറി നോക്കുമ്പോൾ ആളെ അവിടെ കണ്ടില്ല. അടുക്കളയിൽ ഏട്ടത്തിയമ്മയുടെ ചിരി കേൾക്കാം. ഞാൻ മോനെ കിടത്തിയിട്ട് അടുക്കളയിലേക്ക് ചെന്നു.
അവിടുത്തെ കാഴ്ച കണ്ട് ഒരു നിമിഷം ഞാൻ തരിച്ചു നിന്നുപോയി. അടുക്കള സ്ലാബിൽ കയറിയിരുന്നു വൈകുന്നേരത്തെ പലഹാരത്തിനുള്ള മാവ് കുഴക്കുന്നു ഏട്ടത്തി അവരെ അരയിലൂടെ ചുറ്റിപ്പിടിച്ച് മുഖത്തും, മാറിടത്തിലും മുഖമമർത്തി ഇക്കിളി കൂട്ടുന്ന രാജീവ്.
എന്നെ കണ്ടതും അയാൾ പിടഞ്ഞു മാറി.ഏട്ടത്തിയും വല്ലാതെ പകച്ചു പോയി.
ഞാൻ പിന്നെ അവരോട് വിശദീകരണമൊന്നും ചോദിക്കാൻ തുനിഞ്ഞില്ല.ഇതുവരെ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ചേർത്ത് വായിച്ചപ്പോൾ,ഇത്രയും കാലം ചതിക്കപ്പെടുകയായിരുന്നുരണ്ടു പേരും ചേർന്നെന്നെ വിഡ്ഢിവേഷം കെട്ടിക്കുകയായിരുന്നു എന്നെനിക്ക് മനസ്സിലായി.
ഒരക്ഷരം പോലും മിണ്ടാതെ,കയ്യിൽ കിട്ടിയതെല്ലാം വാരിയെടുത്തു ബാഗിലാക്കി മോനെയെടുത്തു തോളിലിട്ടു പുറത്തിറങ്ങാൻ തുടങ്ങുമ്പോഴാണ്അയാളുടെ അടുത്ത പ്രഹരം എന്റെ പ്രജ്ഞയെ നശിപ്പിച്ചത്.
മായാ, നീയെന്നോട് ക്ഷമിക്കണം. അമ്മു എന്റെ മോളാ. അതുകൊണ്ട് എനിക്ക് അനിതയെ ഉപേക്ഷിക്കാൻ കഴിയില്ല. മരിക്കും വരെ ഏട്ടനും അറിയില്ലയിരുന്നു ഈ കാര്യം. അതുകൊണ്ട് അമ്മു ഏട്ടന്റെ മകളായ് തന്നെ വളർന്നു. എനിക്ക് അവരും വേണം നീയും വേണം. എന്നെ ഉപേക്ഷിച്ചു പോയാൽ പിന്നെയിതു പുറം ലോകമറിയും. അങ്ങനെ ഉണ്ടായാൽ ആത്മഹത്യ മാത്രേ എന്റെ മുന്നിലുള്ളൂ.
സ്വന്തം ഏട്ടനെപോലും ചതിക്കാൻ ഉളുപ്പില്ലാത്തിരുന്ന ഒരുവന് എന്നെ ചതിക്കാനായിരുന്നോ ബുദ്ധിമുട്ട്. രണ്ടു പേരും ചേർന്ന്,ഏട്ടനെപ്പോലെ എന്നെയും മരമണ്ടിയാക്കി എന്നയറിവ് എന്നെ ഭ്രാന്ത് പിടിപ്പിച്ചു.അലറി വിളിക്കേണ്ടുന്ന സാഹചര്യത്തിലും കടുത്ത മൗനത്തെ കൂട്ടുപിടിച്ചു ഞാൻ.
വീട്ടിൽ വന്നു കയറിയപ്പോൾത്തന്നെ അമ്മയുടെ ചോദ്യം, നീയെന്താ പെട്ടിയുമൊക്കെയായിട്ട്. ഇവിടെ സ്ഥിരമായ് താമസിക്കാൻ വന്നതാണോയെന്ന്.
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ മൗനം കണ്ടപ്പോൾ അമ്മ എന്തൊക്കെയോ ഊഹിച്ചു. പിന്നെ പതിവ് പതം പറച്ചിൽ.. നാട്ടുകാർ മൊത്തം ചോദിക്കുമല്ലോ, ഞാനെന്തു പറയും, ഏട്ടൻറെ ആത്മാവ് എന്നോട് പൊറുക്കുമോ എന്നൊക്കെ.
ഉണ്ടായത് അതേപോലെ വിവരിച്ചു. അതിനവർ പറഞ്ഞ മറുപടിയാണ് എന്നെ ഞെട്ടിച്ചത്.
ആണുങ്ങളാകുമ്പോ അങ്ങനെ പലതും പറ്റിപ്പോയെന്നിരിക്കും. പെണ്ണുങ്ങളാകുമ്പോ കുറച്ചൊക്കെ കണ്ടില്ല കേട്ടില്ലന്നു വെച്ചു ജീവിക്കാൻ പഠിക്കണം.നീയവനെ അവളിൽ നിന്നും തിരികെ കൊണ്ടു വരാൻ ശ്രമിക്കാതെ ഇവിടെ വന്നു നിന്നിട്ട് എന്താ കാര്യം. നീ ഒഴിഞ്ഞു പോയാൽ അവർക്കത് അനൂകൂലമാകില്ലേ.
അത് കേട്ടതോടെ എന്റെ നിയന്ത്രണം വിട്ടു. അമ്മയാണെന്ന പരിഗണന പോലും കൊടുക്കാതെ ഞാനവരെ വായിൽ വന്ന ചീത്തയെല്ലാം വിളിച്ചു. എന്നിട്ടവിടുന്നിറങ്ങി.പോകാൻ മറ്റു വഴികൾ ഒന്നുമില്ലാത്ത കൊണ്ട് എന്റെയൊരു സഹപ്രവർത്തകയുടെ വീട്ടിൽ ചെന്നു കൈ നീട്ടി.
കുറച്ചു നാൾ അവളവിടെ അഭയം തന്നു. പിന്നെയൊരു വീടെടുത്തു മോനെയും കൊണ്ട് മാറി. ഇടയ്ക്കിടെ അയാൾ അവിടെയും വന്നു കയറി എന്റെ സ്വസ്ത്ഥത കെടുത്തിക്കൊണ്ടിരുന്നു. ഡിവോഴ്സ് തരാൻ അയാൾ ഒരുക്കമല്ല. പിന്നെയും ജീവിതം നരകതുല്യമാകുന്നു എന്ന് തോന്നിയിട്ടാ അങ്ങോട്ട് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. ഇപ്പോ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്നു. മക്കളില്ലാത്ത ഒരു ദമ്പതികളുടെ വീടാ. ഉണ്ണിക്കുട്ടനെ സ്വന്തം കുഞ്ഞിനെപ്പോലെയാ അവർ കൊണ്ട് നടക്കുന്നെ. അതൊരു വലിയ സമാധാനമാണ്.
ഡിവോഴ്സിന് കേസ് കൊടുത്തിട്ടുണ്ട്. അതനുവദിച്ചു കിട്ടിയാൽ അവിടെ തന്നെ ഒരു വീട് സ്വന്തമായി മേടിക്കാനാ പ്ലാൻ. പിന്നെ ഒരിക്കലും ഈ നാട്ടിലേക്കില്ല ഞാനും എന്റെ മോനും.
അമ്മ ഇറക്കി വിട്ടപ്പോഴെങ്കിലും നിനക്കെന്നെയൊന്നു ഓർത്തൂടായിരുന്നോ. ഇത്രയും അടുത്ത് ഞാനുണ്ടായിട്ടും..... പ്രദീപ് ഗദ്ഗദം കൊണ്ട് പാതിയിൽ നിർത്തി.
സത്യം പറഞ്ഞാൽ ഞാൻ ഓർത്തില്ല ദീപേട്ടാ. പിന്നെ അതുമല്ല മറ്റൊരുവന്റെ ഭാര്യയായിട്ടും ഒരു കുഞ്ഞിന്റെ അമ്മയായിട്ടുമല്ലല്ലോ ഞാനവിടെ കയറി വരാൻ കൊതിച്ചത്. സ്വപ്നം കണ്ട ജീവിതം അപ്പൂപ്പൻതാടി പോലെ എവിടേക്കോ പറന്നു പോയ്. ഇനിയതിനെ തിരികെ കിട്ടണമെന്നാഗ്രഹിക്കുന്നത് ബാലിശമല്ലേ.
എന്റെ ഭാര്യയായിട്ടല്ല, നല്ലൊരു സുഹൃത്തായിട്ടെങ്കിലും നിനക്കവിടെ താമസിക്കാമായിരുന്നു.
അത് സമൂഹം അംഗീകരിക്കുമോ?
പിന്നെ സമൂഹം.. അവരോട് പോയ് പണി നോക്കാൻ പറ പെണ്ണേ.
ദീപേട്ടാ, നമുക്ക് വലുതാവണ്ടായിരുന്നു ല്ലേ. അമ്മയെ കാണാതെ സ്കൂൾ വരാന്തയിലൂടെ കരഞ്ഞു നടക്കുന്ന കുഞ്ഞു മായയും, അവളുടെ കരച്ചിൽ കേൾക്കുമ്പോൾ ഓടി വന്നു കൈ പിടിക്കുന്ന കുഞ്ഞു പ്രദീപും ആയിരുന്നാൽ മതിയായിരുന്നു.
ഉവ്വ്... അന്നൊക്കെ വലുതായി കല്യാണം കഴിക്കാനായിരുന്നു നിനക്ക് ധൃതി.അവൻ അവളെ നോക്കി തല കുലുക്കി ചിരിച്ചു.
ഇതാ ഞാൻ പറഞ്ഞത് ഈ പെണ്ണുങ്ങളൊക്കെ അവസരത്തിനൊത്തു മാറുന്നവരാണെന്ന്. ഓന്തിന്റെ നിറം മാറും പോലെ.
മായ അതുകേട്ട് പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടപ്പോൾ നാളുകളായി ചിരിമറന്നുപോയ ഒരുവളുടെ എല്ലാം മറന്നുള്ള ചിരിയായി തോന്നി അവന്
കിട്ടാതെ പോയതെല്ലാം നമുക്ക് വിധിക്കാത്തതായിരുന്നു. ഇനിയിപ്പോ ആ വിധിയെ മാറ്റിയെഴുതാൻ ആരെക്കൊണ്ട് പറ്റും.
"ശ്രമിച്ചാൽ ഇനിയും കിട്ടുകതന്നെ ചെയ്യും. ഡിവോഴ്സ് കിട്ടിക്കഴിഞ്ഞാൽ നീ സ്വതന്ത്രയല്ലേ.ഈ വിധിയെ നോക്കി നമുക്കൊന്ന് കൊഞ്ഞനം കുത്തിയാലോ. ദൈവം പോലും നാണിച്ചു പോട്ടേ.
"വേണ്ട ദീപേട്ടാ, കുറെ കഴിയുമ്പോ ഞാനും മോനും ഒരു ബാധ്യതയാകും.എന്തിനാ വല്ലവന്റേം കുഞ്ഞിന്റെ അച്ഛനാകുന്നേയെന്ന് ദീപേട്ടനും തോന്നും. അപ്പൊ പിന്നേം ഞാൻ അവിടുന്ന് ഇറങ്ങേണ്ടി വരും.എന്തിനാ വെറുതെ അതൊക്കെ.
ആയിക്കോട്ടെ.. നാളെ നിന്റെ മോൻ വലുതായി അവൻ സ്വന്തം കാലിൽ നിന്നുകഴിയുമ്പോ ഒറ്റക്കായെന്ന് തോന്നിയാൽ പിന്നെ നീ വേറൊരിടവും അന്വേഷിക്കണ്ട ട്ടോ. നേരെയിങ്ങ് പോന്നേക്കണം.
മായ അതുകേട്ട് അവന്റെ കണ്ണുകളിലേക്കുറ്റ് നോക്കി പ്രജ്ഞയറ്റ് നിന്നുപോയി ഒരു നിമിഷം.
പിന്നെ മുഖംപൊത്തി കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ ഇരുന്നു.എന്തിനാ ദീപേട്ടാ എന്നെയിങ്ങനെ സ്നേഹിച്ചു കൊല്ലുന്നേയെന്ന് ഏങ്ങിക്കൊണ്ട്.
"അറിയില്ലടീ എനിക്കീ ജന്മം നിന്നെ മാത്രേ സ്നേഹിക്കാൻ കഴിയൂ എന്നൊരു തോന്നൽ. നിന്റെ ജീവിതം കൂടി കേട്ടപ്പോൾ ആ സ്നേഹം ഇരട്ടിക്കുകയാ. ഇനിയെങ്കിലും എന്റെ പെണ്ണിനെ എനിക്ക് വേണം എന്നൊരു കൊതി.
അവനവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.
മായ പരിസരം പോലും മറന്ന് അവനെ കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖമമർത്തി ഉറക്കെയുറക്കെ കരഞ്ഞു.
അവനാ മുടിയിഴകളെ തഴുകി പിന്നെയും പിന്നെയും അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു. ഇനിയും എന്നെ വിട്ടു പോകല്ലേടീയെന്ന് മൗനമായി കരഞ്ഞു കൊണ്ട്.
ഇട നാഴിയിലൂടെ കടന്നു പോയവർ അല്പനേരം അവരെ നോക്കി നിന്നു. പിന്നെ അവരവരുടെ സങ്കടങ്ങളിലേക്കും, ആകുലതകളിലേക്കും നടന്നു പോയി.