രചന: Nizar vh
ഒളിഞ്ഞു നോട്ടം.
"സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ
അയൽക്കാരന്റെ ജനലിലൂടെ നോക്കണം"
എന്നാരോ,എന്നോ പറഞ്ഞത് മനസ്സിൽ കിടന്ന് അലട്ടുന്നു.ഒന്ന് പരീക്ഷിച്ചു
നോക്കണമെന്നു കുറെ നാളായി വിചാരിക്കുന്നു.
ഒന്നും നോക്കിയില്ല.നേരെ നടന്നു ജോർജ് ചേട്ടന്റെ വീട്ടിലെത്തി .
ജനൽ വിടവിലൂടെ തന്റെ വീട്ടിലേയ്ക്ക് നോക്കി..തുണി കഴുകുന്ന ശീതളിനെ
കണ്ടു.കടന്നൽകുത്തേറ്റപോലെവീർത്തു
കെട്ടിയിരിക്കുന്ന അവളുടെ മുഖം കണ്ടു. സ്ഥായിഭാവം അതായത് കൊണ്ടു
കാര്യമാക്കിയില്ല.
താൻ നിൽക്കുന്ന ജനൽഭാഗത്തേക്ക്
ഇടയ്ക്കു പാളി വീഴുന്നഅവളുടെ നോട്ടം
ശ്രദ്ധയിൽ പെട്ടു.താൻനിൽക്കുന്ന മുറിയിലെ ലൈറ്റ് ഓഫ് ആയതുകൊണ്ടു ആളെ തിരിച്ചറിയാൻസാധിക്കില്ല എന്ന ഉറപ്പിൽ അവിടെ തന്നെ ചുറ്റിപ്പറ്റി
നിന്നു.
അവളുടെ ഓരോ ചലനങ്ങളും ശ്രദ്ധിച്ചു കൊണ്ടു നിൽക്കുന്നതിനിടയിൽ വീശിയകാറ്റിൽ ഒരു ജനൽ പാളി മലർക്കെ തുറന്നുപോയതും ശീതളിന്റെ നോട്ടം
അവിടേയ്ക്കെത്തിയതും
ഒന്നിച്ചായിരുന്നു.പെട്ടെന്നവൾ നിവർന്നു നിന്നതും ജനൽനോക്കി കാർക്കിച്ചൊരു തുപ്പും,ഒപ്പം ഒരാട്ടും..
എല്ലാം നൊടിയിടയിൽ കഴിഞ്ഞു.
ഞെട്ടിപ്പോയി.തന്നെ കണ്ടു വന്നു ഉറപ്പിച്ചു.
ജോർജ് ചേട്ടനുമായി കൂട്ടുകൂടരുത് എന്നു
ഒരുപാട് തവണ അവൾ പറഞ്ഞിട്ടുള്ളതാ
ണ്.ഇനി അതിനു സമാധാനം
പറയണമല്ലോ എന്നോർത്തു വിയർത്തു.
തനിക്കു ഇവിടെ ആകെയുള്ള കമ്പനി ജോർജ് ചേട്ടൻമാത്രമാണ്.വല്ലപ്പോഴും
രണ്ടെണ്ണം അടിക്കുന്നത്ചേട്ടനുമായിട്ടാണ്.
അതാണ് അവളെ ചൊടിപ്പിക്കുന്നത്.
പുള്ളിക്കാരനും,സർക്കാർ ഉദ്യോഗസ്ഥൻ
ആണ്. മോന്തയ്ക്കിട്ടു കുത്തിയാൽ
മിണ്ടാത്തമാന്യൻ. ആരോടും അധികം സംസാരിക്കില്ല. സംസാരിച്ചാൽ തന്നെഅതാരും കേൾക്കുകയും ഇല്ല. അത്ര ശബ്ദം താഴ്ത്തിയെ സംസാരിക്കൂ.
സ്ത്രീകളുടെയൊന്നും മുഖത്തു പോലും
നോക്കില്ല.
" തങ്കമാന മനിതൻ " തേപ്പുകാരൻ പാണ്ടി രംഗന്റെ പുകഴ്ത്തൽ പലതവണ കേട്ടിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും . രണ്ടെണ്ണം അകത്തു ചെന്നാൽ ....!
മറ്റൊരു ജോർജ് ചേട്ടനെ ആയിരിക്കും കാണുക. ശബ്ദമുയരും.വായിൽ നിന്നുവീഴുന്ന തെറി കേട്ടാൽ അതിശയം
തോന്നും .ആരും ഇതു വരെ കേൾക്കാത്ത പലതരംതെറികൾ അനർഗനിർഗ്ഗളം ഒഴുകും...
ഇയാളിതെക്കേ എവിടെ നിന്നും പഠിച്ചു
വെന്നു ഇടയ്ക്കുആലോചിക്കാറുണ്ട്.
മുഖത്ത് നോക്കാത്ത പെണ്ണുങ്ങളുടെ
ശരീരഘടന വർണ്ണിക്കുന്നത് കേൾക്കുമ്പോഴാണ് അയാളിലെ കുറുക്കനെ തിരിച്ചറിയുന്നത് .ഇതാണ്
ഇയാളുടെ യഥാർത്ഥ മുഖമെന്ന് മനസ്സ് പറയും.മാന്യതയുടെ മുഖംമൂടി അണിഞ്ഞു നടക്കുന്ന നീലകുറുക്കൻ.
ഈ സ്വഭാവം,മനസ്സിലാക്കിയത് കൊണ്ടാവുമോ ശീതൾ മതിൽ കെട്ടി
അടയ്ക്കണമെന്നു ഇടയ്ക്കിടെ
ഓർമ്മിപ്പിക്കുന്നത്..?
"മതിൽ കെട്ടിയാൽ അതിനുള്ളിൽ നമ്മൾ മാത്രമാകും.ബന്ധങ്ങൾ വിച്ഛേദിക്കപ്പെടും.
ലോകം നമ്മളിലേയ്ക്ക് മാത്രമൊതുങ്ങും."
ഒന്നും മനസ്സിലാവാതെ അവൾ തന്നെ
തുറിച്ചു നോക്കും.
"നിങ്ങൾ പിച്ചും,പേയും പറയാതെ വേഗം മതിൽകെട്ടാൻ നോക്കൂ..ബുദ്ധിമുട്ട് അറിയണമെങ്കിൽ പെണ്ണായി പിറക്കണം"
വിട്ട് തരാതെ അവളും കട്ടയ്ക്കുനിൽക്കും.
"പെണ്ണും,മതിലും തമ്മിൽ എന്താണ് പ്രിയേ
ബന്ധം..? ആകെയുള്ള ബന്ധം രണ്ടും
മനുഷ്യന്മാരെ തമ്മിലകറ്റും ."
അവളുടെ മുഖം ചുവന്നുതുടുക്കും.
"അറിയാത്ത പിള്ള ചൊറിയുമ്പോൾ അരിയും "
അവൾ ആരോടെന്നില്ലാതെ നിരാശയോടെ പറയും.
"ചൊറിയുമ്പോൾ പിള്ള എന്തിനാ
അരിയുന്നത് ? ചൊറിഞ്ഞാൽ പോരെ?"
അവളുടെ അക്ഷരത്തെറ്റിനെ കളിയാക്കിയത് ഇഷ്ട്ടപ്പെടാതെ ചവിട്ടിത്തുള്ളി അകത്തേക്ക് പോയി അവളുടെ ഓരോ ചവിട്ടും തന്റെ നെഞ്ചിൽ ആണെന്ന് തോന്നും ...
ജോർജ് ചേട്ടനെ കാണുന്നില്ലല്ലോ...?
താൻ ഇങ്ങോട്ടു കയറി വന്നപ്പോൾ
തന്നോട് ഇരിക്കാൻ പറഞ്ഞിട്ടു കക്കൂസിൽ കയറിയ കക്ഷിയാണ് അരമണിക്കൂർ ആയി.ഇതു വരെ ഇറങ്ങിയിട്ടില്ല.
ചേച്ചിയും, മകനും പള്ളിയിൽ പോകുന്നത്
കണ്ടിരുന്നു.സ്വസ്ഥത തേടി ജോർജ് ചേട്ടൻ ബാത്റൂമിലും.
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ
ആയിരുന്നു ജനലോരത്തു ഒരു മൊബൈൽ ഫോൺ കണ്ണിലുടക്കിയത്.
കൈ എത്തിഅതെടുത്തു. അതിലെ വീഡിയോ ക്യാമറ അപ്പോഴും പ്രവർത്തിച്ചു
കൊണ്ടിരുന്നത്ശ്രദ്ധിച്ചു. റെക്കോർഡിങ് സ്റ്റോപ് ചെയ്തു.
ഗാലറിയിൽ സേവ് ആയ വീഡിയോ
എടുത്തു പ്ലേ ചെയ്തു. അതു കണ്ടു
ഞെട്ടി. തന്റെ വീടിന്റെ അടുക്കള ഭാഗത്തെ
എല്ലാം ദൃശ്യങ്ങളും ഫോണിലെ ക്യാമറാ ഒപ്പിയെടുത്തത് അതിലുണ്ടായിരുന്നു.
മറ്റു വീഡിയോ ക്ലിപ്പുകൾ പരിശോധിച്ചു.
ശീതൾ വരുന്നതും കുനിഞ്ഞുനിന്നു പാത്രം കഴുകുമ്പോൾ വെളിവാകുന്ന നഗ്നത ,
സൂം ചെയ്തു എടുത്തു വച്ചിരിക്കുന്നത്
കണ്ടപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്. ശീതളിന്റെ ആട്ടും, മതിൽ കെട്ടണമെന്ന ആവശ്യവും എല്ലാം ഈ ജനലിലേയ്ക്ക് വിരൽ ചൂണ്ടി..
ജോർജ് ചേട്ടന്റെ മകൻ സാമിന്റെതാണ്
ഫോൺ എന്നു മനസ്സിലായി.
അതിലുണ്ടായിരുന്ന വീഡിയോകൾ എല്ലാം
ഡിലീറ്റ് ചെയ്തു.മെമ്മറി കാർഡ് ഊരിയെടുത്ത ശേഷംവീഡിയോ. ക്യാമറ ഓൺചെയ്തു.
"മോനെ സാമേ.. നിന്റെ ഈ അസുഖത്തിനുള്ള മരുന്നു ഈ അങ്കിളിനു നന്നായി അറിയാം.അതു ചെയ്യാത്തത് പാവം നിന്റെ മമ്മിയെ ഓർത്തു മാത്രമാണ്.പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്ന ഈ വൃത്തികേട്ട പരുപാടി ഇതോടെ നിർത്തിക്കോ. അല്ലെങ്കിൽ മോൻ വിവരമറിയും."
റെക്കോർഡ് ചെയ്ത വീഡിയോ ഒരിക്കൽ
കൂടി കേട്ട ശേഷം .ഫോൺ ഇരുന്ന പോലെ
വച്ചു.
പുറത്തിറങ്ങി നേരെ പോയത് ഷാജി
മേസ്ത്രിയുടെ വീട്ടിലേയ്ക്ക് ആയിരുന്നു. കൈയ്യോടെ കൂട്ടികൊണ്ടു വന്നു .മതില് കെട്ടാൻ അളവ് എടുത്തുകൊണ്ടിരിക്കെ ശീതൾ അടുത്തുവന്ന് സംശയത്തോടെ നോക്കി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .
"ലോകം നമ്മളിലേക്കു മാത്രം
ഒതുങ്ങിയാൽ നമുക്ക് എന്താല്ലേ?
വളിച്ച ചിരിയോടെയോടെയുള്ള തന്റെ
ചോദ്യം കേട്ട്. നിഷ്ക്കളങ്കമായ ആ മുഖത്ത് മാറിമാറിയുന്ന
ഭാവവിത്യാസങ്ങൾ നോക്കി നിൽക്കവെ
തിരിച്ചറിയുകയായിരുന്നു..
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണുവാൻ
അയൽവീട്ടിലെ ജനൽവഴിയല്ല നോക്കേ
ണ്ടത് അവളെ അടുത്തറിഞ്ഞാൽ മാത്രം മതി.