ഒരു പാട് പ്രണയങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, സ്കൂളിൽ വച്ച്, കോളേജിൽ വച്ച്...

Valappottukal

 


രചന: ശിവൻ മണ്ണയം


എന്താ ചേട്ടാ... പറഞ്ഞത് .. കേട്ടില്ല...


ങേ..പറഞ്ഞത് .......രതിനിർവേദത്തെ പറ്റി !!ആ സിനിമയോട് എനിക്ക് ആരാധന തോന്നാനുള്ള കാരണം.. അത് ചാരുവിനോട് എനിക്ക് പറയണം.


എങ്കി പറ..


പണ്ട് എന്റെ വീടിനടുത്ത് ഒരു ചേച്ചിയുണ്ടായിരുന്നു.. രതി ചേച്ചിയെ പോലൊരു ചേച്ചി. പേര് ലഷ്മി. ചാരു..ഞാൻ തുറന്ന് സംസാരിക്കുന്നതിൽ നിനക്ക് വല്ല ഇഷ്ടക്കേടും ..?


എയ്.. ഇല്ല..പറഞ്ഞോ


എനിക്കന്ന് പതിനാല് വയസ്. ലഷ്മി ചേച്ചിക്ക് ഇരുപത്തഞ്ചും. അന്നെനിക്ക് ലഷ്മി ചേച്ചിയോട്..


😁പല്ലുകടിക്കുന്ന ശബ്ദം.


ഏയ്.. വേറൊന്നുമില്ല.. ചുമ്മാ ഒരു പ്രണയം. എന്റെ ആദ്യ പ്രണയമായിരുന്നു അത്.


എന്നിട്ട് ആ ചേച്ചി ശ്യാമിനെ തിരികെ പ്രണയിച്ചോ..?


ഇല്ല. രതിനിർവേദത്തിലെ സീനുകളൊന്നും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ല. ഞാൻ അകലെ നിന്ന് പ്രണയിച്ചതേയുള്ളൂ. ഒന്നും തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. ബാഡ് വിധി! വെരി ബാഡ് വിധി!


ബാക്കി പറ..


പക്ഷേ ആ ലഷ്മി ചേച്ചി ഇപ്പോഴും എന്റെ മനസിലുണ്ട്. ആ ലക്ഷ്മി ചേച്ചിയാണ് എന്റെ സിനിമയിലെ നായിക.സിനിമയുടെ പേര് ലക്ഷ്മി നിർവേദം.ചാ രൂ..എന്റെ പ്രണയത്തെ പറ്റി പറഞ്ഞ് ഞാൻ നിന്നെ വിഷമിപ്പിച്ചോ..


ഏയ് - എനിക്കൊരു വിഷമവുമില്ല..


അതിനു ശേഷം ഒരു പാട് പ്രണയങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. സ്കൂളിൽ വച്ച്, കോളേജിൽ വച്ച്, നാട്ടിൽ വച്ച്, ജോലി സ്ഥലത്ത് വച്ച് ..വിഷമമാകുന്നുണ്ടോ?


 ഇല്ലന്നേ പറ ..


പ്രണയം ഒരു പോസിറ്റീവ് എനർജിയാണ്.പെരുവിരലിൽ നിന്നും ഉച്ചം തലയിലേക്ക് പടർന്നു കയറുന്ന ഒരു എനർജി. അതൊരു ലഹരി കൂടിയാണ്, എത്ര പഴക്കമേറിയ വീഞ്ഞിനും പകർന്നു തരാനാവാത്തത്ര വീര്യമുള്ള ലഹരി .. ആ എനർജി, ആ ലഹരി.. അത് ഇല്ലെങ്കിൽ നമ്മൾ മനുഷ്യനെന്ന് പരിചയപ്പെടുത്തണ്ട.. മൃഗമെന്ന് പറഞ്ഞാ മതി.. അതേ ,അത്രേ ഉള്ളൂ..


ഓ..


മനസിൽ പ്രണയം ഇല്ലാത്ത മനുഷ്യൻ വെറും യന്ത്രമാണ് ചാരൂ .. വെറും യന്ത്രം .. 


ഓ.. ഞാനതൊന്നും ചിന്തിച്ചിട്ടില്ല, എനിക്കിങ്ങനെയൊന്നും തോന്നിയിട്ടുമില്ല..


ചാരൂ .. ഒരു വട്ടം കൂടി ചോദിക്കുകയാണ്..


ആ ചോദിക്ക്..


ഞാനെന്റെ പ്രണയങ്ങളെ പറ്റി പറഞ്ഞതിൽ നിനക്ക് വല്ല വിഷമവും ..?


 ഇല്ലന്ന് പറഞ്ഞില്ലേ .. ഇതെന്തൊരു ശല്യമാണ്..!


എങ്കിൽ നീ നിന്റ പ്രണയങ്ങളെ കുറിച്ച് പറ.. എനിക്കും വിഷമമാകില്ല.


എനിക്ക് പ്രണയമൊന്നുമുണ്ടായിരുന്നില്ല ..


കള്ളം ..പ്രണയിക്കാത്ത മനുഷ്യരുണ്ടോ.പ്രണയിച്ചില്ലെങ്കിൽ നീയൊരു മന്ദബുദ്ധിയായിരിക്കും, അല്ലങ്കിൽ മാനസിക രോഗിയായിരിക്കും. സത്യം പറ ചാരു.സ്ക്രിപ്ടെഴുതാൻ ഒരുപാട് അനുഭവങ്ങൾ വേണം. അനുഭവങ്ങളെ ഞാൻ തിരയുകയാണ്... തേടിയലയുകയാണ് .. പ്ലീസ് പറ ചാരു..നിന്റെ അനുഭവങ്ങൾ വാരി വിതറൂ..


ഒരു പ്രണയമുണ്ടായിരുന്നു ..!


പറയൂ.. അത് പറയൂ..  കമോൺൺൺ....


ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത്..


സമയത്ത് ..


മാത്സ് പഠിപ്പിക്കാൻ വീട്ടിൽ ഒരു ചേട്ടൻ വരുമായിരുന്നു ..


ഹും.. പറ.. എല്ലാം അറിയട്ട്!!!


 നല്ല വെളുത്ത നിറമായിരുന്നു ആ ചേട്ടന് . ഓമനത്തമുള്ള മുഖം. ചിരിക്കുമ്പോൾ നുണക്കുഴികൾ തെളിയും ..


(പല്ലുകടിക്കുന്ന ശബ്ദം.) (പതിയെ)നുണക്കുഴിയല്ല ചാണകക്കുഴിയായിരിക്കും..


 ആകർഷകമായ തിളങ്ങുന്ന കണ്ണുകളായിരുന്നു ആ ചേട്ടന് ..


 എന്താണവന്റെ പേര്..? ഗ്ർർ..


ഉണ്ണികൃഷ്ണൻ.. ആ ചേട്ടന്റെ സംസാരം കേട്ടാൽ ലയി ച്ചിരുന്നു പോകും.മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നില്ല. എനിക്കാ ചേട്ടനോട് വല്ലാത്ത ഒരിഷ്ടം തോന്നി..


 ഉണ്ണികൃഷ്ണൻ.. ആ പേരേ ശരിയല്ല. അവനിപ്പോൾ എവിടെയാ?


വാട്ടർ അതോറിറ്റിയിൽ ud ക്ലർക്കാ..


വാട്ടർ അതോറിറ്റി .. യൂ ഡീസി .. എല്ലാം അന്വേഷിച്ച് വച്ചിരിക്കുകയാ.. അതിന്റ അർത്ഥം നിങ്ങൾ തമ്മിൽ ഇപ്പോഴും ബന്ധമുണ്ട്..!


അനാവശ്യം പറയരുത് -


പറയുന്നതാ കുഴപ്പം. നിനക്ക് പ്രവർത്തിക്കാം. അവന്റെ കണ്ണുകൾ തിളങ്ങും പോലും. അവന്റെ വീട്ടിൽ രാത്രി ബൾബ് കത്തിക്കാറില്ല. അത്രക്ക് പ്രകാശമല്ലേ അവന്റെ കണ്ണിന് .. ഒരു ഉണ്ണികൃഷ്ണൻ..ഇതൊക്കെ എന്നോട് പറയാൻ നിനക്കെങ്ങനെ ധൈര്യം വന്നു? 


ചേട്ടൻ നിർബന്ധിച്ചിട്ടല്ലേ ഞാൻ പറഞ്ഞത് - 


 നിർബന്ധിച്ചപ്പോ പറഞ്ഞു പോലും..നിന്റെ കള്ളകളികൾ ഞാൻ കണ്ടു പിടിക്കുമെടീ .ഇല്ലെങ്കിൽ ഞാൻ ആണല്ല ..നിന്നേം കൊല്ലും നിന്റെ ഉണ്ണികൃഷ്ണനേം കൊല്ലും.. എന്നിട്ട് പൂജപ്പുരയിൽ കിടന്ന് ചിക്കനും ചപ്പാത്തിയും തിന്നു് സുഖിക്കും.. നോക്കിക്കോ..


ചേട്ടാ..


പിറകിൽ നിന്ന് വിളിക്കണ്ട.. ഞാൻ നടക്കുകയാണ് നിന്റെ ഭൂതകാലത്തിലേക്ക്, നിന്റെ പ്രണയ കഥകളിലേക്ക് .. തിരികെ വരുന്നത് ശ്യാമായിട്ടായിരിക്കില്ല, രക്തരക്ഷസായിട്ടായിരിക്കും - കാത്തിരിക്ക്..!!


ഗുണപാഠം: ഭാര്യമാർ പഴയ പ്രണയകഥകൾ ഭർത്താവിന് വിളമ്പാതിരിക്കുന്നതാണ് ബുദ്ധി!


      

ലൈക്ക് കമന്റ് ചെയ്യണേ...


To Top