രചന: രഘു കുന്നുമക്കര പുതുക്കാട്
വിഭ
"ഹരീ, ഞങ്ങളിറങ്ങാണ് ട്ടാ...
കാർ, താഴത്തു വന്നൂന്നു തോന്നണൂ.
അവിടത്തെ കാറാണ്.
പരിചയമുള്ള ഡ്രൈവറാണ്.
കഴിഞ്ഞ ഓണം വെക്കേഷനിലും ഇയാൾ തന്നെയാണ് വന്നിരുന്നത്.
അച്ഛനേറെ വിശ്വാസമുള്ളയാളാണിയാൾ.
ചേട്ടനും പത്മജയും ഇന്നു വൈകീട്ട് പത്മജേടെ വീട്ടിൽ പോകാൻ വേണ്ടി എന്തൊക്കെയോ ഷോപ്പിംഗിന് പോയീന്ന്.
അല്ലെങ്കിൽ, അച്ഛൻ കാറും കൊണ്ടു വന്നേനെ.
അതു നന്നായി.
പത്മജേടെ സ്ത്രീധനമുതലിൽ കയറേണ്ടി വന്നില്ലല്ലോ.
അവളിന്നു വൈകീട്ട് സ്വന്തം വീട്ടിലേക്കു പോണൂന്ന് പറഞ്ഞ കാരണമാണ് ഞങ്ങളിന്നു പോവാന്നു വച്ചേ;
അമ്മയോടും അച്ഛനോടും സ്വസ്ഥായി എന്തെങ്കിലും പറഞ്ഞിരിക്കാലോ.
ചേട്ടൻ പാവാണ്.
പക്ഷേ, അവളുടെ ഹുങ്ക് താങ്ങാൻ വയ്യ.
ഞങ്ങളിറങ്ങട്ടേ ഹരീ
ആ കമ്പ്യൂട്ടറിൻ്റെ മുന്നിൽ നിന്നുമൊന്നിറങ്ങി വാ ഹരീ.
ഈ നാൽപ്പതാം കാലത്ത് ആരാ ഓൺലൈനിൽ?
എല്ലാം ഫ്രിഡ്ജിലുണ്ട് ട്ടാ.
ചൂടാക്കി കഴിച്ചാൽ മതി.
മിക്കവാറും ഞാൻ നാളെ വൈകീട്ടു പോരും.
അമ്മ നിർബ്ബന്ധിച്ചാൽ, മറ്റന്നാൾ രാവിലെ.
പത്മജ മറ്റന്നാൾ വരും.
അവളെത്തുന്നേനു മുൻപ് പോരണം.
ചേട്ടൻ്റെ കല്യാണത്തിന് ഞാനാണ് കൂടുതൽ എതിരു നിന്നേന്നുള്ള കെറുവുണ്ടവൾക്ക്.
എന്തായാൽ, എനിക്കെന്ത്;
ഒരുമ്മ താടോ മനുഷ്യാ.
ആദിക്കുട്ടാ, അച്ഛനൊരുമ്മ കൊടുത്തേ"
ഹരിശങ്കർ, കിടപ്പുമുറിയിലേ കമ്പ്യൂട്ടർ മേശക്കരികിൽ നിന്നെഴുന്നേറ്റ് വിഭയ്ക്കരുകിലെത്തി.
പത്തുവയസ്സുകാരൻ ആദികേശവ് അച്ഛനെ ചേർത്തുപിടിച്ചുമ്മവച്ചു പുറത്തേക്ക് ഓടിയിറങ്ങി.
വിഭ, അയാളെ ഇറുക്കേ പിടിച്ചു ചുംബിച്ചു.
സ്പ്രേയുടെ ഗന്ധത്തിനപ്പുറത്തും അവളുടെ പിൻകഴുത്തിൽ പതിവു പെൺഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു.
"മതി,
സാരി ചുളിയും.
രാത്രീല് പതിവു ക്വോട്ടാ മതീ ട്ടാ.
കൂട്ടുകാരെ അറിയിച്ച് ഇന്നിവിടെ തിമിർക്കരുത്.
ഞാൻ വരുമ്പോൾ, കയ്യോടെ പിടികൂടും.
നാളെ പുലർച്ചക്ക് നടക്കാൻ പോകാൻ മറക്കരുത്.
കുഞ്ഞിക്കുടവയറും കിതപ്പും കൂടണുണ്ട് ചെക്കന്.
എന്നാ ശരി,
ഞാനിറങ്ങുവാണേ.
ഒരു കാര്യം കൂടിയുണ്ട്,
നാളെ രാവിലെ ആ ലീലേച്ചി വരും.
മുകളിലെ മുറികളൊന്നു തുറന്നുകൊടുക്കണം.
കഴിഞ്ഞയാഴ്ച്ച ക്ലീൻ ചെയ്ത് അടച്ചുവച്ചതാണ്.
ആഴ്ച്ചയിൽ ഒരിക്കലെങ്കിലും വൃത്തിയാക്കിയിട്ടില്ലെങ്കിൽ പൊടി പിടിയ്ക്കും"
ഹരി, ഭാര്യയേയും മകനേയുമനുഗമിച്ച് ഉമ്മറത്തേക്കു വന്നു.
പോർച്ചിൽ കാർ കയറ്റിയിട്ടിട്ടുണ്ടായിരുന്നു.
സുന്ദരനായ ഡ്രൈവർ, ഹരിക്കു നേരെ കയ്യുയർത്തി അഭിവാദ്യമർപ്പിച്ചു.
ഒരു ചിരിയിൽ ഹരിയതിനു പ്രത്യഭിവാദ്യം ചെയ്തു.
പുറകിലേ സീറ്റിൽ ട്രാവൽബാഗ് സൂക്ഷിക്കാൻ ഡോർ തുറന്നുകൊടുക്കുമ്പോൾ അയാൾ വിഭയോട് എന്തോ പറഞ്ഞു.
വിഭയതിനു മറുപടി നൽകിയതു നിറഞ്ഞൊരു ചിരി കൊണ്ടാണ്.
വിഭ, ഇത്ര ചേലിൽ ചിരിക്കാറുണ്ടോ?
ഹരിയോർത്തു.
അതിനുമാത്രം എന്തു തമാശയായിരിക്കും ഡ്രൈവർ തട്ടിവിട്ടത്.
കാറിൽ കയറും മുൻപേ,
വിഭ ഒരിയ്ക്കൽകൂടി ഹരിക്കു നേരെ കൈകൾ വീശി.
തിരിച്ചൊരു കയ്യനക്കം സൃഷ്ടിച്ചു
ഹരി മുറിയകത്തേക്കു പിൻതിരിയുമ്പോൾ,
കാർ കാഴ്ച്ചയിൽ നിന്നും മറഞ്ഞിരുന്നു.
ഹരി, തിരികേ കിടപ്പുമുറിയിലെത്തി.
ഫോണെടുത്ത് എങ്ങോട്ടൊക്കെയോ വിളിച്ചു സംസാരിച്ചു.
അതിലൊരു വിളിയുടെ സമയദൈർഘ്യമേറെ നീണ്ടതായിരുന്നു.
ഒരു പകൽ പിന്നിടുകയാണ്.
സന്ധ്യയാവുന്നു.
പകലുകളിൽ വീട്ടിലുണ്ടാവുക എന്നത് ശീലമില്ലാത്തൊരു കാര്യമായിരുന്നുവെന്ന് ഹരിയോർത്തു.
നഗരത്തിലെ പ്രമുഖ ഭൂമിയിടപാടുകാരന് മറ്റുള്ള ജോലികൾ പോലെ കൃത്യനിഷ്ഠയുടെ ആവശ്യമില്ലല്ലോ.
മൊബൈൽ ഫോൺ,സദാ റിംഗ് ചെയതുകൊണ്ടിരുന്നു.
നഗരത്തിലേക്കുള്ള ഓരോ ക്ഷണങ്ങളേയും യുക്തിപൂർവ്വം ഒഴിവാക്കിക്കളഞ്ഞു.
ഇന്നത്തേ ദിവസം അലച്ചിലുകളോ,
കച്ചവട സംഭാഷണങ്ങൾക്കിടയിലെ മധുസേവയോ ആഗ്രഹിക്കുന്നില്ല.
മ്യൂസിക് സിസ്റ്റത്തിൽ കിഷോർകുമാറിൻ്റെ പാട്ടുകൾ കേട്ടങ്ങനേയിരിക്കും വേളയിലാണ് കാളിംഗ് ബെൽ ശബ്ദിച്ചത്.
പാട്ടു നിർത്തി, ഹരിയെണീറ്റു ചെന്നു വാതിൽ തുറന്നു.
ഉമ്മറത്ത്, ഹൃദ്യമായൊരു പുഞ്ചിരി സമ്മാനിച്ച് ശരണ്യ നിൽക്കുന്നുണ്ടായിരുന്നു.
മറൂൺ പട്ടുസാരിയിൽ അവളുടെ ലാവണ്യം ജ്വലിക്കുന്നു.
" സ്വാഗതം,
കേരളത്തിൻ്റെ കരീനയ്ക്ക്"
ഹരിശങ്കർ, കളിവാക്കു പറഞ്ഞ് അവളെ അകത്തേക്കാനയിച്ചു.
ഉമ്മറവാതിലടഞ്ഞു.
"ആ പുകഴ്ത്തലിന് താങ്ക്സ് ട്ടാ,
മുഖസ്തുതി ഇഷ്ടപ്പെടാത്ത ഏതു പെണ്ണാണുള്ളതു ഹരീ,
ഇന്നെന്താ വീടു തിരഞ്ഞെടുത്തത്?
വിഭ വരില്ലാന്ന് നൂറു ശതമാനം ഉറപ്പുണ്ടല്ലേ?
കഴിഞ്ഞ ഓണം വെക്കേഷനല്ലേ ഞാനവസാനം ഇവിടേ വന്നത്"
"ശരണ്യാ,
നമുക്ക് മുകൾനിലയിലേക്കു പോകാം"
ഹരി, അവളേയും ചേർത്തുപിടിച്ചു ഗോവണിയുടെ പടവുകൾ കയറി.
ബാൽക്കണിയിലെ അഭിമുഖമായിക്കിടന്ന കസേരകളിലൊന്നിൽ ഹരിയിരുന്നു.
ശയനമുറിയിലെ കിടക്കമേൽ ബാഗു വച്ച്, മുഖം കഴുകി ഫ്രഷായി
ശരണ്യ മറ്റേക്കസരേയിലിരുന്നു.
നഗരം മുഴുവൻ പ്രകാശപൂരിതമായിരിക്കുന്നു.
തലങ്ങും വിലങ്ങുമൊഴുകുന്ന വാഹനങ്ങൾ.
തൊട്ടപ്പുറത്തേ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതോ തീവണ്ടിയുടെ ചൂളംവിളിയുയരുന്നു.
"ഹരിയെന്താണ് ചിന്തിക്കുന്നത്?"
അയാൾ ഒന്നുമില്ലെന്നു ചുമൽ കുലുക്കി.
"ഹരിയെനിക്ക് എന്നും അതിശയമായിരുന്നു.
പക്കാ ഭൂമിക്കച്ചവടക്കാരൻ,
ലാഭം മാത്രം ലക്ഷ്യം കാണുന്നവൻ.
എന്നിട്ടും,
സോഷ്യൽ മീഡിയകളിൽ ഹരിയ്ക്ക് ആരാധകരേറെയാണ്.
ആഴത്തിലുള്ള എഴുത്തുകൾ.
ദീർഘവീക്ഷണങ്ങൾ.
സ്ത്രീസമത്വത്തേയും, സുരക്ഷയേയും പറ്റിയുള്ള ലേഖനങ്ങൾ.
സദാ പ്രസന്നമായ കുടുംബചിത്രങ്ങൾ പോസ്റ്റു ചെയ്യുന്നയാൾ.
ഭാര്യയും കുട്ടിയുമായി പോകാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളില്ല.
അങ്ങനെയൊരാൾക്ക് ഒരു മറുവശമുണ്ടെന്ന് എത്ര പേർക്കറിയാം?
എങ്ങനെയാണ് ഹരീ,
ഈ ഇരുളും വെളിച്ചവും നിലനിർത്തിപ്പോകുന്നത്?
എനിക്കിന്നു നൈറ്റ് ഷിഫ്റ്റാണു ഹരീ;
മഹാനഗരത്തിൽ സ്ത്രീകൾ രാത്രിജോലി ചെയ്യുന്നതിൽ പുതുമയില്ലല്ലോ.
വാടകവീടും, അമ്മയുടെ അസുഖവും, ഭർത്താവു കൈവിട്ട ചേച്ചിയുമുള്ള കുടുംബം എന്നുമൊരു ബാധ്യതയാണ്.
ദൈവം മുന്നിൽ വന്നു പ്രത്യക്ഷപ്പെട്ടാൽ, ഓരോ പുലരിയിലും ഉണരുമ്പോൾ തലയിണക്കു താഴെ രണ്ടായിരം രൂപ പ്രത്യക്ഷപ്പെടുന്നൊരു വരം ഞാൻ ചോദിച്ചേനേ"
ഹരി, മുറിയുടെയകത്തുനിന്നും വോഡ്കയും രണ്ടു ഗ്ലാസും തണുത്തവെള്ളവുമെടുത്തു വന്നു.
വോഡ്ക ഇരു ഗ്ലാസുകളിലും പകർത്തി,
ഒന്നു ശരണ്യക്കു നീട്ടി.
അവളതു വാങ്ങി, ഒരിറക്കു നുകർന്ന് താഴെവച്ചു.
തണുത്തൊരു കാറ്റു വീശി.
അതിലവളുടെ മുടിയിഴകളുലഞ്ഞു.
നിരയൊത്ത പുരികക്കൊടികളും, നിബിഢമായ കൺപീലികളും ശോണിമ കലർന്ന കവിൾത്തടങ്ങളും അവളെ അതിസുന്ദരിയാക്കി മാറ്റി.
ആകാശത്ത് നക്ഷത്രങ്ങൾ നിരന്നു.
ബാല്യത്തിൽ പളുങ്കുഗോലി ഒരു കണ്ണിൽ ചേർത്തുവച്ചു മറുകണ്ണടയ്ക്കുമ്പോൾ ഉരുവാകുന്ന ആകാശഗംഗയേയാണ് ഹരിയോർത്തത്.
അകലങ്ങളിലേക്കു നോക്കി അയാൾ മെല്ലെ മന്ത്രിച്ചു.
"ബാല്യം.
ഇല്ലായ്മകളുടെ, അവഗണനകളുടേ ബാല്യം.
ഒരുപാടു പട്ടിണി കിടന്നിട്ടുണ്ട്.
ബന്ധുക്കളുടെ പുച്ഛം, പരിഹാസം.
കഷ്ടപ്പാടു മാത്രമനുഭവിച്ച് ജീവിച്ചു മരിച്ച അച്ഛനമ്മമാരുടെ ഏകമകനാണു ഞാൻ.
എന്നിട്ടും,
എന്നെയവർ നന്നായി പഠിപ്പിച്ചു.
പുറമ്പോക്കിലെ മൂന്നു സെൻ്റിൽ നിന്നുമാണ് ഈ പട്ടണത്തിലേ വീട്ടിലേക്കുള്ള കാലത്തിൻ്റെ ചുവടുമാറ്റം.
ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുകയെന്നത് വാശിയാണ്.
അതു നല്ല മണ്ണായാലും, പെണ്ണായാലും.
പിന്നേ,
എഴുത്ത്.
അതെൻ്റെ രക്തത്തിലുള്ളതാണ്.
പെണ്ണിൻ്റെ മാനത്തിനു നേർക്ക് വിരൽ ചൂണ്ടുന്നവരേ അതികഠിനമായി വിമർശിക്കുകയും,
അതോടൊപ്പം പെണ്ണിൻ്റെ മാനം വിലയിട്ടുവാങ്ങുകയും ചെയ്യുന്ന ഈ ദ്വദ്ധവ്യക്തിത്വത്തിൽ ഞാൻ സ്വയഭിമാനിക്കുകയും ചെയ്യുന്നുണ്ട്.
പക്ഷേ,
ഓരോ തവണ വിലയിട്ടു വാങ്ങുമ്പോഴും നിന്നോടുള്ള കമ്പം എന്നിൽ മാറാതെ നിൽക്കുന്നു.
തെല്ലു പ്രണയം തോന്നുന്നു.
ഒരുപക്ഷേ, എൻ്റെ സങ്കൽപ്പങ്ങളിലെ സ്ത്രീ നീയായിരുന്നിരിക്കണം"
കാലിയായ ഗ്ലാസുകളിൽ വീണ്ടും വോഡ്ക നിറഞ്ഞു.
ശരണ്യയുടെ വിടർമിഴികൾ തെല്ലു കൂമ്പാൻ തുടങ്ങി.
അവളായളുടെ പുറകിൽ വന്നുനിന്നിറുകേ പുണർന്നു.
അവളുടെ ഉടലിൻ്റെ ഗന്ധമാസ്വദിക്കുമ്പോൾ, വിഭയുടെ വേർപ്പുമണത്തേ അയാൾ അവജ്ഞയോടെയോർത്തു.
പൊടുന്നന്നേ ഹരിയുടെ മൊബൈൽ ഫോൺ റിംഗ് ചെയ്തു.
വിഭയാണല്ലോ....
അയാൾ ഫോണെടുത്തു.
"ഹരീ....
ചേട്ടനും പത്മജയുമൊക്കെ പോയി കുറച്ചു സന്ധ്യയായപ്പോൾ ഒരറിയിപ്പു വന്നു.
പത്മജേടെ വലിയമ്മയുടെ ഭർത്താവു മരിച്ചെന്നു പറഞ്ഞ്.
ഇവിടുത്തേ അമ്മേടെ വല്ല്യ കൂട്ടായിരുന്നു ആ വല്ല്യമ്മ.
അമ്മയ്ക്ക്, പോകണമെന്ന് നിർബ്ബന്ധം.
അച്ഛനുമമ്മയും അങ്ങോട്ടു പോയി.
എനിക്ക് വീട്ടിൽ ഒറ്റയ്ക്കു നിൽക്കാൻ പേടി.
ഞാൻ, തിരിച്ചു പോന്നു.
രാവിലെ പോയ കാറിൽ തന്നെയാണ് മടങ്ങുന്നതും.
ഹരി അവിടെയില്ലേ?
ഞങ്ങളെത്തി ട്ടാ"
ഹരി ചാടിയെഴുന്നേറ്റു.
"ശരണ്യാ,
വിഭ തിരിച്ചു വരുന്നു.
നീ ഈ മുറിയിൽ കടന്നു വാതിലടച്ചോളൂ.
സെൽഫോൺ വൈബ്രേറ്റിലാക്കൂ.
ഫ്രൂട്ട്സും നട്സും അലമാരിയിലുണ്ട്.
വെള്ളവും.
നാളെ രാവിലെ അഞ്ചുമണിക്ക് ഞാൻ നടക്കാനിറങ്ങും.
അപ്പോൾ ഗോവണിയിറങ്ങി വരിക.
റെയിൽവേ ഫ്ലാറ്റുഫോമിലാണ് നടത്തം.
എൻ്റെ പുറകിൽ ഒരു നിശ്ചിതയകലത്തിൽ വന്നാൽ മതി.
അഞ്ചരയ്ക്ക് നിൻ്റെ ട്രെയിൻ വരും"
അവർ നോക്കി നിൽക്കേ, ഗേറ്റിൽ കാർ വന്നുനിന്നു.
വിഭയും മോനുമിറങ്ങി.
യുവാവായ ഡ്രൈവറോട് എന്തോ കുശലം പറഞ്ഞു പൊട്ടിച്ചിരിച്ചു വിഭ കൈവീശി.
കാർ, പതിയേയകന്നു പോയി.
എന്താണിത്ര തമാശ?
ഇനിയിവർ തമ്മിലെന്തെങ്കിലും?
വിഭയുടെ സോഷ്യൽ മീഡിയാ കോൺടാക്റ്റുകൾ അടുത്തുതന്നേയൊന്നു ചെക്ക് ചെയ്യണം.
ഹരി, മനസ്സിലോർത്തു.
കാളിംഗ് ബെൽ മുഴങ്ങി.
ശരണ്യ, അകത്തേ മുറിയിൽക്കയറി വാതിലടച്ചിരുന്നു.
ഹരി, സാവധാനം ഗോവണിയിറങ്ങിച്ചെന്നു വാതിൽ തുറന്നു.
വിഭയെ നിറപുഞ്ചിരിയോടെയെതിരേറ്റു.
രാത്രി.
ആദിയുറക്കത്തിലേക്കു വീണപ്പോൾ, ഹരിയേ പുണർന്നു കിടന്നു വിഭ ചോദിച്ചു.
"എന്താ ഹരീ, ഇന്ന് പതിവു ക്വോട്ടായും വിഴുങ്ങിയില്ലേ?
ഞാൻ വിചാരിച്ചത്, ഹരിയും കൂട്ടുകാരും ഈ വീട്ടിൽ തകർക്കുന്നുണ്ടെന്നാണ്.
എന്തു പറ്റിയെൻ്റെ ചെക്കന്?"
അവളെ കരവലയത്തിലൊതുക്കി അയാൾ പതിയേ മൊഴിഞ്ഞു.
"നീ പോയപ്പോൾ ആകെയൊരു ശൂന്യതയായിരുന്നു.
ഒന്നിനും തോന്നിയില്ല.
ഭാഗ്യം, നീ തിരികേ വന്നത്.
എൻ്റെ മനസ്സു ദൈവം കണ്ടിട്ടുണ്ടാകും.
ഇപ്പോഴാണ്, സമാധാനമായത്"
അവൾ, ഹരിയേ മുറുകേ ചേർത്തു പിടിച്ചു.
ഹരി, കൈ നീട്ടി കിടപ്പറവിളക്കണച്ചു.
വിഭയൊരു വനമുല്ലയായി.
തലയ്ക്കു മുകളിൽ തങ്ങുന്ന സത്യങ്ങളറിയാതെ;
രാവു നീണ്ടു.
പുലരിയിലേക്ക്.......