അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ..

Valappottukal


രചന: Vineetha Sekhar


"അമ്മ സന്തോഷവതിയായിരുന്നോ അച്ഛനോടൊപ്പമുള്ള ജീവിതത്തിൽ..


പതിനെട്ടു തികഞ്ഞ മകൾ ചോദിക്കുന്നത് കേട്ട് ഞാനൊന്ന് പതറി..


"അതെന്താ ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ.."

പതർച്ച പുറത്തു കാണിക്കാതെ ഞാൻ ചോദിച്ചു..


"ഞാൻ സന്തോഷിക്കുന്നില്ല എന്ന് ആര് പറഞ്ഞു.. "


മകൾ എന്താണ് ഉദ്ദേശിച്ചത് എന്നവൾക്ക് മനസ്സിലായുമില്ല..


"അമ്മ ഇടയ്ക്കിടെ കരയുന്നത് കണ്ടിട്ടുണ്ട്..

അച്ഛൻ വഴക്ക് പറയുമ്പോൾ അമ്മ അച്ഛനെക്കുറിച്ച് എന്നോട് ഒരുപാട് കുറ്റം പറയാറുമുണ്ട്.."


മകൾ വിശദീകരിച്ചു..


"അച്ഛനെ എനിക്ക് വലിയ ഇഷ്ടമാ... എന്നാലും അമ്മ ഇടയ്ക്കിടെ കരയാറില്ലേ..."


" അതുകൊണ്ടെന്താ... അതൊക്ക എല്ലാ അമ്മമാരും ചെയ്യുന്നതല്ലേ.. "

 ചെറിയൊരു ചിരിയോടെ ഞാൻ പറഞ്ഞു


." അതിനർത്ഥം അച്ചനും, അമ്മയും തമ്മിൽ സ്നേഹം ഇല്ലന്നാണോ..

മിക്കവാറും അമ്മമാർ അവരുടെ വിഷമങ്ങൾ പെൺകുട്ടികളോട് പറയാറുണ്ട്.അതൊരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ അവരുടെ കൂട്ടുകാരെ പോലെ തോന്നുന്നതുകൊണ്ടാണ്.."

ഞാൻ വിശദീകരിച്ചു..


"എനിക്ക് തോന്നുന്നില്ല.

അമ്മ യു ആർ ട്രാപ്പ്ഡ്..

യു ആർ എഡ്യൂക്കേറ്റഡ്..

ബട്ട്‌ യു ഡോണ്ട് ഹാവ് എ ജോബ്.."


അവൾ കൂട്ടിച്ചേർത്തു..


"അതിനെന്താ..

നിന്റെ അച്ഛന് നല്ല ജോലിയുണ്ട്..

ഞാനും കൂടി ജോലിക്ക് പോകേണ്ട കാര്യം ഇല്ലന്ന് ഞങ്ങൾ രണ്ടാളും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണ്..


എനിക്കതിൽ സങ്കടവുമില്ല..

അതുകൊണ്ട് നിന്നെയും നിന്റെ അനിയത്തുയെയും നല്ല രീതിയിൽ വളർത്താൻ കഴിഞ്ഞു..


നിങ്ങൾക്ക് പാഠഭാഗങ്ങൾ

നന്നായി പറഞ്ഞു തരാൻ കഴിഞ്ഞു.. നിനക്ക്

മെറിറ്റി ൽ മെഡിസിൻ അഡ്മിഷൻ കിട്ടിയത് അമ്മയുടെ വ്യക്തമായ പ്ലാനിങ് കൂടി ഉള്ളത് കൊണ്ടല്ലേ.." ഞാൻ അഭിമാനത്തോടെ പറഞ്ഞു..


"അതൊക്കെ ശരിതന്നെ.

പക്ഷേ അമ്മ...യു ആർ ആൾവേയ്സ് ഡിപെൻഡന്റ് അച്ഛൻ.

അച്ഛൻ പറയുന്നതാ അമ്മയുടെ തീരുമാനം.

അമ്മക്ക് വ്യക്തമായ ഒരു ഡിസിഷൻ പോലുമില്ല.."


" ഈ കുട്ടി എന്തൊക്കെയാ ധരിച്ചു വെച്ചേക്കുന്നേ...എന്നോർത്തു ഞാൻ അത്ഭുതപ്പെട്ടു.


ചെറുപ്പത്തിൽ ഹരിയേട്ടനുമായി ഇടയ്ക്കിടെ വഴക്കിടുമ്പോൾ താനിരുന്നു കരയുന്നത് അവൾ ശ്രദ്ധിച്ചിട്ടുണ്ട്..


കുട്ടി കളിക്കുകയാണെന്ന് തോന്നുമെങ്കിലും ശ്രദ്ധിക്കുക മുഴുവൻ ഞങ്ങളിൽ ആയിരുന്നിരിക്കണം.


പിന്നെ,പിന്നെ മുതിർന്നപ്പോൾ ഹരിയേട്ടനെ ക്കുറിച്ചുള്ള പരാതികൾ അവളോട് പറയാൻ തുടങ്ങി..


സത്യം പറഞ്ഞാൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയുന്ന, തനിക്കായിരുന്നു കുഴപ്പം..


ഹരിയേട്ടനാകട്ടെ വൈകിട്ട് ഓഫീസിൽ നിന്ന് വന്നാൽ ഇതൊക്കെ മറന്നിട്ടുണ്ടാവും..

കുട്ടിയാകട്ടെ ഇതൊക്കെ മനസ്സിൽ വെച്ച് അച്ഛനും അമ്മയും തമ്മിലുള്ള റിലേഷൻ സ്മൂത്ത്‌ അല്ലെന്ന് വിധിയെഴുതിയിരിക്കുന്നു..


എന്താപ്പോ ചെയ്ക..

ഈ കുട്ടിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും

..

ഇപ്പോളത്തെ കുട്ടികളുടെ വിചാരം കല്യണജീവിതം ഏതോ സിനിമയിൽ കാണും പോലെയാണെന്നാ..


ഒരിക്കലും അഭിപ്രായവ്യത്യാസം ഉണ്ടാകാൻ പാടില്ല..

അങ്ങനെ ഉണ്ടായാൽ എന്തിന് അവരുടെയൊപ്പം ജീവിക്കുന്നു..

അതിന്റെ യാതൊരാവശ്യവും ഇല്ല.


അങ്ങനെ നോക്കുമ്പോൾ ഈ അച്ഛനും അമ്മയും ഇത്രയും അടിപിടി നടന്നിട്ടും എന്തിനാ ഇങ്ങനെ ഒന്നിച്ചു കഴിയുന്നത്..


സത്യത്തിൽ വിവാഹജീവിതം എത്രത്തോളം പവിത്രമാണന്നും ചട്ടീം കലവുമായാൽ തട്ടീം മുട്ടീം ഇരിക്കുമെന്നും..

അതിനുമപ്പുറം അതിൽ വലിയ കാര്യമില്ലെന്നും ഈ കുട്ടികൾക്ക് എങ്ങനെ മനസ്സിലാകും..


വിചിത്രമായ ചിന്താഗതി തന്നെ.. ഇപ്പോളത്തെ കുട്ടികളുടെ ഓരോ കാര്യങ്ങൾ.. ഇന്നല്ലങ്കിൽ നാളെ വിവാഹം കഴിക്കേണ്ട ഈ കുട്ടികൾ എന്തെല്ലാം മുൻവിധികളോടെയാവും അതിനെ സമീപിക്കുക..


അവൾ കുട്ടിയെ വിളിച്ചടുത്തിരുത്തി..


"മോളെ നിന്റെ അച്ഛൻ എന്നെ വിവാഹം കഴിക്കുമ്പോൾ എനിക്ക് 21 വയസ്സാണ്..

അച്ഛന്റെ നിർബന്ധപ്രകാരമാണ് ഞാൻ തുടർന്ന് പഠിച്ചത്..


ജോലിക്ക് പോയില്ലെങ്കിലും അത്യാവശ്യം കാര്യപ്രാപ്തിയും, ലോകവിവരവും എനിക്ക് വേണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു.


അച്ഛൻ അച്ഛന്റെ ഇഷ്ടത്തിന് സ്വയം തീരുമാനം എടുക്കുന്നു എന്ന് നീ പറഞ്ഞത് തെറ്റാണ്.

എന്നോട് ചോദിച്ചിട്ടാണ് അച്ഛൻ പലതും ചെയ്യാറു ള്ളത്..


പിന്നെ അച്ഛൻ അമ്മയെ റെസ്‌പെക്ട് ചെയ്യുന്നില്ല എന്ന് നീ പറഞ്ഞു..


ഞാനൊന്ന് ചോദിക്കട്ടെ..


അച്ഛന്റെ വീട്ടുകാരുടെ മുൻപിൽ ചെല്ലുമ്പോൾ അവർ അമ്മയോട് പെരുമാറുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ.


എത്രയോ സ്നേഹമായിട്ടാണ്..

അച്ഛൻ അമ്മക്ക് തരുന്ന ബഹുമാനമാണതിന് കാരണം..


പലപ്പോഴും  നിന്റെ അച്ഛൻ ജീവിതത്തിൽ തളർന്നു പോകുന്നു ഘട്ടം ഉണ്ടായിട്ടുണ്ട്..ഇടയ്ക്കിടെ ചതിയിൽ പെട്ടിട്ടുണ്ട്.. അപ്പോഴൊക്കെ കുറ്റപ്പെടുത്താതെ ആ പാവത്തിനെ കൈ പിടിച്ചു കയറ്റാൻ നിന്റെയമ്മ വേണമായിരുന്നു..


അച്ഛന് ഒരു പനി വന്നാൽ അമ്മയുടെ സങ്കടം നീ കണ്ടിട്ടില്ലേ.


എവിടെയെങ്കിലും ഷോപ്പിംഗിന് പോയാൽ നമ്മുടെയൊപ്പം മാറാതെ നടക്കുന്ന അച്ഛനെ ഓർത്തു നോക്കു.ആ കരുതൽ.. സ്നേഹം..

അതൊക്കെയാണ് വിവാഹജീവിതത്തിൽ വേണ്ടതും..


ഈ വന്ന കാലത്ത് എല്ലാവർക്കും അവരവരുടെ കാര്യമാണ് വലുത്..


അച്ഛനോ സ്വന്തം കുടുംബത്തിന്റെ സന്തോഷം മാത്രം നോക്കുന്നു..


പിന്നെ ഇടയ്ക്കിടെയുള്ള വഴക്ക്.


നീ കരുതും പോലെ അത് സ്നേഹക്കുറവ് കൊണ്ടല്ല.

സ്നേഹകൂടുതൽ കൊണ്ടും കൂടിയാണ്.

കാരണം ചില കാര്യങ്ങൾ പറഞ്ഞു വരുമ്പോൾ എങ്ങുമെത്താതെപോകുന്നു..


നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ചെറിയൊരു ഈഗോ..


പക്ഷേ വൈകുന്നേരം അച്ഛൻ ജോലി കഴിഞ്ഞു വന്നാൽ അമ്മ നൽകുന്ന ഒരു ചിരിഅപ്പോഴേക്കും ആ ദേഷ്യമെല്ലാം മാറിയിട്ടുണ്ടാവും..


നമ്മൾ ഇടയ്ക്കിടെ ടൂറ് പോകാറില്ലേ..


അമ്മ ഇടയ്ക്കിടെപോകാൻ ഇഷ്ടമുള്ള സ്ഥലങ്ങൾ പറയാറുണ്ട് അച്ഛനോട്.. അവിടെയൊക്കെയാണ് അച്ഛൻ പോകുന്നത്..


പറഞ്ഞപ്പോൾ അവൾക്ക് നാണം വന്നു..


"ഇതൊക്കെ എപ്പോൾ. "മകൾ ചോദിച്ചു..


"അതൊക്കെ നിന്നോട് പറയാൻ പറ്റുമോ.."

അവൾക്ക് ചിരിവന്നു..


ഞാൻ നോക്കുമ്പോൾ അച്ഛൻ അമ്മയെ വഴക്ക് പറയുന്നു.. അമ്മ ഇരുന്ന് കരയുന്നു..

എന്തൊരു ലൈഫ്.


നിനക്കത് പറഞ്ഞാൽ ഇപ്പോൾ മനസ്സിലാകില്ല..


ഞാൻ ചിലത് പറഞ്ഞു തരാം...


"വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണ്.. അതും രണ്ട് സാഹചര്യങ്ങളിൽ നിന്ന് വന്നവർ..


ഒരുപാട് പ്രതീക്ഷകൾ വിവാഹജീവിതത്തിൽ വെച്ചു പുലർത്തുന്നവര് കാണും.


 വളരെയേറെ പ്രതീക്ഷയോടെ ജീവിതം ആരംഭിക്കുന്ന പലരിലും വളരെ പെട്ടന്ന് തന്നെ വിരക്തി തോന്നാൻ കാരണം അവരിൽ ഉണ്ടാകുന്ന ഒരുതരം അസഹിഷ്ണുതയാണ്..."


അവൾ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ തുടർന്നു..


"കാരണങ്ങൾ പലതുമാകാം..


നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ പലതും ഊതി പെരുപ്പിച്ചു പ്രശ്നം ആക്കുന്നവരുണ്ട്..


ഒരുപാട് ആഗ്രഹങ്ങൾ മനസ്സിൽ കൊണ്ട് നടന്ന് ജീവിതത്തെ സമീപിക്കുന്നവരുണ്ട്..


ഒടുവിൽ അത്‌ കിട്ടാതെ വരുമ്പോൾ നിരാശയിൽ തുടങ്ങി മാനസിക പിരിമുറുക്കത്തിന്റ ഘട്ടം വരെയെത്തുന്നു...


ജീവിതത്തിൽ ഒരിക്കലും സംതൃപ്തി കിട്ടാത്ത ഇക്കൂട്ടർ പങ്കാളിക്ക് എങ്ങനെ സന്തോഷം കൊടുക്കാനാണ്..


അതുപോലെ പണ്ടുള്ള ഏതെങ്കിലും പ്രണയം മനസ്സിൽ കൊണ്ട് നടന്ന് അത്‌ വെച്ച് പങ്കാളിയെ മനസ്സിലെങ്കിലും താരതമ്യം ചെയ്യുന്നവരും വിരളമല്ല..


എന്നെ ശ്രദ്ധിക്കുന്നില്ല, എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നില്ല, അവഗണിക്കുന്നു.. എന്ന് പരാതി പറയുന്ന നമ്മളോരോരുത്തരും ഓർക്കുക... ജീവിതത്തിന്റെ ആദ്യ നാളുകളിൽ ഉണ്ടായിരുന്ന ആശയവിനിമയം ഇപ്പോഴുണ്ടോ എന്ന്..


പണ്ടൊക്കെ കുടുംബങ്ങളിൽ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുക, സംസാരിക്കുക, പ്രാർത്ഥിക്കുക ഇതൊക്കെ സാധരണയായിരുന്നു..


ഇതൊക്കെ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യമാണ് മിക്കയിടങ്ങളിലും കണ്ടുവരുന്നത്‌..


സ്വന്തം കുടുംബത്തിൽ നിന്ന് പരിഗണന കിട്ടാതാകുമ്പോൾ ഓരോരുത്തരും അത്‌ കിട്ടുന്നിടത്തോട്ട് ചായും...


തല്ക്കാലിക സന്തോഷo മാത്രമേ ഇതിൽ നിന്നൊക്കെ കിട്ടു എന്നറിഞ്ഞിട്ടും എന്തോ ഒരുൾപ്രേരണ പോലെ പലരും അന്യ ബന്ധങ്ങളിൽ ചെന്ന് ചാടുന്നത്..

ഇക്കൂട്ടരേ മുതലേക്കാനും ആളുകളുണ്ട്..


അതുകൊണ്ട് താന്നെ നല്ല രീതിയിൽ സംസാരിക്കുക.. അഭിപ്രായം പറയുക..അന്യോന്യം മനസ്സിലാക്കുക..


പങ്കാളികളിലെ നന്മ കണ്ടെത്താൻ ശ്രമിക്കുക, അവയെ പ്രോത്സാഹിപ്പിക്കുക, സന്തോഷമായിരിക്കുന്ന അവസരം നോക്കി വിഷമങ്ങൾ പറഞ്ഞ് മനസിലാക്കുക..


വിവാഹം എന്നത് ഒരു കൈത്താങ്ങ് കൂടെയാണ്...

ജീവിതത്തിന്റെ വാ ർദ്ധക്യാവസ്ഥയിൽ കൂടെയൊരാളുണ്ടാകും എന്നൊരു ഉറപ്പ്, സുരക്ഷിതത്വം.....


എനിക്ക് തുണ നീയും നിനക്ക് തുണ ഞാനും മാത്രമേ ഉള്ളു എന്നൊരു തിരിച്ചറിവ്...

യൗവനത്തിന്റെ ചോരത്തിളപ്പിൽ പലരും അത്‌ മറന്നുപോകുന്നു..


അതാണ് സത്യം..."


ഞാൻ പറഞ്ഞു നിർത്തി..


മകൾ ഒന്ന് പുഞ്ചിരിച്ചു...ഞാനൊരു ദീർഘനിശ്വാസം വിട്ടു..

ഒന്നുമല്ലങ്കിലും മകളുടെ സംശയം മാറിയല്ലോ.


NB.. മക്കളുടെ മുൻപിൽ ഇരുന്ന് കരയരുത്.

അവരുടെ അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കരുത്..നമ്മളത് പെട്ടന്ന് മറക്കും..

കുഞ്ഞുങ്ങൾ മറക്കില്ല..

എന്തൊരു ടോക്സിക് റിലേഷൻ ആണ് അവരുടെ മാതാപിതാക്കളുടെ എന്നൊക്ക തെറ്റിദ്ധരിക്കും....


വെറുതെ എന്തിനാ ഇങ്ങനെ പറയിപ്പിക്കുന്നെ...

To Top