അവിവാഹിതയായ ഒരു പെണ്ണ് വീട്ടിലുള്ളത് സന്തോഷകരമായ ഒരു ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന്...

Valappottukal

 


രചന: ജെയ്‌നി റ്റിജു


പ്രണയിച്ചു നടക്കുന്ന കാലം തൊട്ടേ ഞങ്ങൾക്കിടയിൽ ഒരു കല്ലുകടിയായിരുന്നു സനീഷേട്ടന്റെ ചേച്ചി.  ടൗണിലെ ഒരു പ്രമുഖ ടെക്സ്ടൈൽ ഷോപ്പിലെ ഫ്ലോർ ഗേൾ ആയിരുന്നുമീര ചേച്ചി.  സാമാന്യം നല്ല സുന്ദരിയാണെങ്കിലും ഇരുപത്തൊൻപത് വയസ്സായിട്ടും ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഇടയ്ക്കിടെ അപസ്മാരം വരുന്നു എന്നതായിരുന്നു കല്യാണം നടക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം.  വന്ന ആലോചനകളെല്ലാം ഈ കാരണം പറഞ്ഞു മുടങ്ങിയപ്പോൾ പിന്നെ ചേച്ചി തന്നെ തീരുമാനിച്ചത്രെ ഇനി വിവാഹം വേണ്ടെന്ന്.


      സനീഷേട്ടനായുള്ള അടുപ്പം അറിഞ്ഞപ്പോൾ തന്നെ കൂട്ടുകാരൊക്കെ പറഞ്ഞതും ചേച്ചി നിങ്ങൾക്കൊരു ബാധ്യതയാവും എന്ന് തന്നെയാണ്.  അവിവാഹിതയായ ഒരു പെണ്ണ് വീട്ടിലുള്ളത് സന്തോഷകരമായ ഒരു ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്ന്.  ഞാനിത് പലപ്പോഴും ഏട്ടനോട് സൂചിപ്പിച്ചതുമാണ്. എന്തുകൊണ്ടോ ഏട്ടനും ചേച്ചിയുമായി അത്ര രസത്തിലായിരുന്നില്ല.  ഒരു സ്ഥിരജോലിയില്ലാത്ത സനീഷേട്ടൻ അടക്കം ചേച്ചിയുടെ ചെലവിലാണ് ജീവിക്കുന്നത് എന്നൊരു ധാർഷ്ട്യം ചേച്ചിക്കുണ്ട് എന്ന് പലപ്പോഴും ഏട്ടൻ പറഞ്ഞിട്ടുമുണ്ട്.

അതെല്ലാം കൊണ്ട് തന്നെയാവണം മനസ്സുകൊണ്ട് ചേച്ചിയെ അംഗീകരിക്കാൻ എനിക്ക് കഴിയാതെ പോയത്.  


   ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴായിരുന്നു സനീഷേട്ടനുമായുള്ള അടുപ്പം എന്റെ വീട്ടിൽ അറിയുന്നതും പ്രശ്നമായതും.  ഞാൻ കോളേജിൽ പോകുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു സനീഷേട്ടൻ.  ജാതിയിലും സാമ്പത്തികത്തിലും ഞങ്ങളെക്കാൾ താഴ്ന്ന സനീഷേട്ടനെ അംഗീകരിക്കാൻ എന്റെ കുടുംബത്തിനായില്ല.  ഒടുവിൽ എല്ലാവരെയും വേദനിപ്പിച്ചു ഇറങ്ങിപ്പോരേണ്ടി വന്നു.  പോലീസ് സ്റ്റേഷനിൽ വെച്ചു അച്ഛനും അമ്മയും ചങ്കുപൊട്ടി കരഞ്ഞിട്ടും എന്റെ മനസ്സിളകിയില്ല.  ഇനി ഞങ്ങൾക്കിങ്ങനൊരു മകളില്ല എന്ന് ശപിച്ചിട്ടാണ് അവർ ഇറങ്ങിപ്പോയത്.  ഈ വേദനയിലും ഞാൻ സനീഷേട്ടന്റെ ആയല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ.  


    രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏട്ടന്റെ വീട്ടിലേക്ക് കയറിയപ്പോൾ അമ്മയും അച്ഛനും വിളക്കെടുത്തു സ്വീകരിച്ചു എന്നെ. പക്ഷേ, ചേച്ചി.  എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് പുച്ഛത്തോടെയാണ് ചോദിച്ചത്, " എന്ത് കണ്ടിട്ടാണെടി സ്ഥിരമായി ഒരു  വേലയും കൂലിയുമില്ലാത്ത ഇവന്റെ കൂടെ ഇറങ്ങിപ്പോന്നത്? " എന്ന്.  


" ഞാൻ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഞാൻ പോറ്റിക്കോളാം, നീ അതോർത്തു വിഷമിക്കണ്ട. " എന്ന് മറുപടി പറഞ്ഞ് ഏട്ടൻ എന്റെ മാനം രക്ഷിക്കുകയായിരുന്നു.അവിടെ ഞാനുറപ്പിച്ചു ഞാനെന്ന പെണ്ണിന്റെ ശത്രു അവർ തന്നെയാണെന്ന്. 


പിന്നീടുള്ള ദിവസങ്ങൾ സന്തോഷത്തിന്റേതായിരുന്നു.  മുഴുവൻ സമയം കറങ്ങിനടക്കലും കളിചിരികളുമായി.  സ്നേഹമുള്ള അമ്മയും ആരെയും നോവിക്കാത്ത  അച്ഛനും. ചേച്ചി മാത്രം അധികം അടുപ്പത്തിന് നിന്നില്ല. ഞങ്ങൾ അങ്ങോട്ടും.    


    പിന്നെ ഏട്ടന് ജോലിക്ക് പോകാനൊന്നും വലിയ താല്പര്യം കണ്ടില്ല. ഒരിക്കൽ,  ജോലിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നതിനെചൊല്ലി ചേച്ചിയുമായി തർക്കം ഉണ്ടായി.  


     " നിനക്കൊരു കുടുംബം ഇല്ലാത്തതിന്റെ നിരാശയല്ലേടി നീയീ കാണിക്കുന്നത്?  നിനക്ക് സൂക്കേട് വന്ന് കല്യാണം കഴിക്കാൻ പറ്റാത്തതിന് ഞങ്ങളുടെ മെക്കിട്ട് കേറാൻ വരുന്നതെന്തിനാ? " എന്ന് ഏട്ടൻ ചേച്ചിയോട് ചോദിച്ചു.  ഏട്ടന്റെ വാക്കുകളേക്കാൾ ചേച്ചിയെ വേദനിപ്പിച്ചത് അമ്മയുടെ മൗനമാണെന്നു തോന്നി.  എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ ചേച്ചി അവരുടെ ഹോസ്റ്റലിലേക്ക് താമസം മാറി.  അതിൽ ഞങ്ങൾക്കാർക്കും വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല. . മകനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് അമ്മ മകളെ തടയാൻ ശ്രമിച്ചില്ല.  പക്ഷേ, അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 


    എല്ലാവരും നിർബന്ധിച്ചു ഒരു ബസിൽ പണിക്ക് കേറ്റിയെങ്കിലും മുതലാളിയുമായി വഴക്കുണ്ടാക്കി അവിടെ നിന്നും പോന്നു.  ആ ഒരൊറ്റ പ്രശ്നം മൂലം മറ്റു ബസ് ഉടമകളും ജോലി കൊടുക്കാതെയായി.  പണത്തിനു ബുദ്ധിമുട്ട് വന്നപ്പോൾ മുതൽ ഞാൻ അതുവരെ കാണാത്ത മറ്റൊരേട്ടനെ കണ്ടു തുടങ്ങുകയായിരുന്നു ഞാൻ. കൂട്ടുകെട്ട് അത്ര ശരിയല്ല എന്ന് കേൾക്കുന്നുണ്ടായിരുന്നു.  സ്ഥിരം കുടി തുടങ്ങി. ഇതിനുള്ള പണം എവിടെ നിന്ന് എന്ന ചോദ്യത്തിനുള്ള ഉത്തരം  കിടപ്പറയിൽ  മർദ്ദനമായിരുന്നു.  അച്ഛനും അമ്മയും പോലും വിവരം അറിയാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.  പോകെപ്പോകെ റൂമിനകത്തെ ബഹളം പുറത്തും അറിഞ്ഞു തുടങ്ങി.  തടയാൻ വരുന്ന അമ്മയെയും അച്ഛനെയും അസഭ്യം പറഞ്ഞു.  ഈ ഇരുപത്തിഅഞ്ചു വയസ്സിനുള്ളിൽ വിവാഹം കഴിക്കേണ്ടി വന്നത് ഒരു ബാധ്യത ആയെന്നും അതിനു കാരണക്കാരി ഞാൻ ആണെന്നും പറഞ്ഞായിരുന്നു മിക്കപ്പോഴും അടി. ഇവിടെ അടി കണ്ടു തടയാൻ വരുന്ന അയൽക്കാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയാൻ തുടങ്ങിയതോടെ അവരും ഇടപെടാൻ വരാതെയായി.ആരോടും പരാതി പറയാതെ ഞാനെല്ലാം സഹിച്ചു.  എല്ലാം ഞാൻ തന്നെ  വരുത്തിവെച്ചതാണല്ലോ. എന്റെ പൊന്നുപോലെ വളർത്തിയ എന്റെ  കുടുംബത്തെ വേദനിപ്പിച്ചതിനു ഈശ്വരൻ തരുന്ന ശിക്ഷയായി എല്ലാം സഹിക്കുകയായിരുന്നു ഞാൻ.  ഡാഡിയോടും മമ്മിയോടും ചേട്ടനോടും ഒന്ന് മാപ്പു പറയണം എന്ന് പലപ്പോഴും വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അവരെ കാണാൻ പോകാനുള്ള ധൈര്യം വന്നില്ല.  എന്റെ സ്ഥിതി കഷ്ടമാണെന്നു വീട്ടിൽ അറിയിച്ച സുഹൃത്തിനോട് അവളവിടെക്കിടന്നു മരിച്ചാലും ഞങ്ങളെ അറിയിക്കരുത് എന്നവർ പറഞ്ഞു എന്ന് കേട്ടപ്പോൾ പ്രത്യേകിച്ചും.  അവരെ കുറ്റം പറയാനാവില്ലല്ലോ.  അത്രക്കുണ്ടല്ലോ ഞാനവർക്ക് ഉണ്ടാക്കികൊടുത്ത അപമാനവും വേദനയും. അതിനിടയിൽ അച്ഛനും അമ്മയും വിദേശത്തുള്ള ഏട്ടന്റെ അടുത്തേക്ക് പോയെന്ന് അറിഞ്ഞു.  അതോടെ എന്തൊക്കെ സംഭവിച്ചാലും ഓടിച്ചെല്ലാൻ എനിക്ക് മറ്റൊരു ആശ്രയം ഇല്ലെന്നായി.  വല്ലപ്പോഴും വീട്ടിൽ വരുന്ന ചേച്ചി ഒന്നിലും ഇടപെടാതെ ചെലവിനുള്ള പണം അമ്മയെ ഏല്പിച്ചു തിരിച്ചു പോയി..അല്ലെങ്കിലും ഞങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടരുതെന്ന്  ഞങ്ങൾ തന്നെയാണല്ലോ ചേച്ചിയോട് പറഞ്ഞതും.   


    അതിനിടക്ക് ഞാൻ ഗർഭിണിയായി. പിന്നെ കുഞ്ഞിനെ നശിപ്പിക്കണമെന്നു പറഞ്ഞായി വഴക്ക്.  പൈസയില്ലാത്തപ്പോൾ അതിനെക്കൂടെ വളർത്തുന്നതെങ്ങനെ എന്നായി ചോദ്യം.  പക്ഷേ എനിക്കതിനു വയ്യായിരുന്നു. കണ്ട സ്വപ്നങ്ങളെല്ലാം പൊലിഞ്ഞുപോയ എനിക്ക് മുന്നോട്ട് ജീവിക്കാൻ ഒരു കുഞ്ഞെങ്കിലും വേണമായിരുന്നു.  പിന്നീട് ഗർഭിണിയാണെന്ന് പോലും നോക്കാതെ ഉപദ്രവം തുടങ്ങി. വല്ലപ്പോഴും വരുന്ന ചേച്ചി,  എന്നോടധികം സംസാരിക്കാറില്ലെങ്കിലും ചിലവിനു കൊടുക്കുന്ന പണത്തോടൊപ്പം എന്റെ മരുന്നുകൾക്കുള്ള തുകകൂടി അമ്മയെ ഏല്പിക്കാറുണ്ടെന്നു എനിക്കറിയാരുന്നു. 


     ഒരു ജോലി ഉണ്ടായാൽ ഏട്ടന്റെ സ്വഭാവം മാറും,  ഇപ്പോൾ പൈസയുടെ ബുദ്ധിമുട്ട് കൊണ്ടുള്ള നിരാശയാണ്  എന്നായി അച്ഛനും അമ്മയും. എന്റെ ദേഹത്തുണ്ടായിരുന്ന ചില്ലറ സ്വർണം എല്ലാം വിറ്റ്  ഒരു ഓട്ടോ വാങ്ങിക്കൊടുത്തു. പൈസ ആവശ്യത്തിന് കയ്യിൽ വന്നു തുടങ്ങി.  പക്ഷെ, ഏട്ടന്റെ സ്വഭാവം കൂടുതൽ മോശമാവുകയാണുണ്ടായത്.  മദ്യം മാത്രമല്ല കഞ്ചാവും ഉണ്ടെന്നു അച്ഛൻ പറയുന്നത് കേട്ടു.  എത്ര ഓട്ടം കിട്ടിയാലും ഒരു രൂപ പോലും വീട്ടിലെത്താതായി.  എന്നോടുള്ള ഉപദ്രവവും കൂടിക്കൂടി വന്നു.


ഏത് നിമിഷവും അവസാനിച്ചേക്കുമെന്നു പേടിയുള്ള ഒരു ജീവനും വയറ്റിലിട്ടു കഴിച്ചു കൂട്ടിയ ദിവസങ്ങൾ.  പലരെയും കൊണ്ട് ഉപദേശിപ്പിച്ചു നോക്കിയിട്ടും ഫലമില്ലെന്നു കണ്ടപ്പോൾ അച്ഛനാണ് പറഞ്ഞത് പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുക്കാമെന്ന്.  അപ്പോഴും എനിക്ക് പേടിയായിരുന്നു, ഇത് കൂടുതൽ പ്രശ്നമാകുമോ എന്ന്.  പക്ഷേ, അച്ഛൻ നിർബന്ധിച്ചു.  മനസ്സില്ലാമനസ്സോടെ അമ്മയും സമ്മതിച്ചു.  "ദേഹോപദ്രവം ഒന്നും ചെയ്യണ്ട, ഒന്നു പേടിപ്പിച്ചാൽ മതി. ഒരു നിവർത്തിയുമില്ലാഞ്ഞിട്ടാ സാറെ " എന്നു പറഞ്ഞ് അച്ഛൻ കൈകൂപ്പിയപ്പോൾ തോളത്തു തട്ടി ആശ്വസിപ്പിച്ചാണ് സാർ അച്ഛനെ പറഞ്ഞുവിട്ടത്.  പക്ഷേ അതിത്ര വലിയ പ്രശ്നമാകുമെന്നു അച്ഛൻ പോലും കരുതിയില്ല.  

    പോലീസ് സ്റ്റേഷനിൽ വിളിച്ചു ശാസിച്ചത് കൂട്ടുകാർക്കിടയിൽ വലിയ നാണക്കേടായത്രേ.  ഇനി പോലീസ് സ്റ്റേഷനിൽ കേറുന്നുണ്ടെങ്കിൽ അത് നിന്നെ കൊന്നിട്ടാവുമെന്ന് പറഞ്ഞായിരുന്നു കയറിവന്നത്.  വലിച്ചിഴച്ചു റൂമിൽ ഇട്ടു കതകടച്ചു മർദ്ദനം  തുടങ്ങി.  എന്റെ കരച്ചിൽ കേട്ടു അച്ഛനും അമ്മയും അമ്മയും വാതിലിൽ വന്നു കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു.  കഴുത്തിൽ പിടിച്ചു അമർത്തിയപ്പോൾ ജീവൻ പോകുമെന്ന് തോന്നിയ നിമിഷത്തിലാണ് അയാളെ തള്ളിയിട്ടു വാതിൽ തുറന്നു ഞാൻ പുറത്തേക്കോടിയത്.  പുറകെ ഓടിയെത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ ഇടയിൽ കയറിയ അച്ഛനെ  ശക്തമായി പിടിച്ചു തള്ളിയതും തലയിടിച്ചു അച്ഛൻ താഴെ വീണു.  അച്ഛന്റെ വീഴ്ചയും അമ്മയുടെ കരച്ചിലും കേട്ടു പുറത്തേക്ക് ഓടിയ ഞാൻ തിരിഞ്ഞു നിന്നു. അപ്പോഴേക്കും അയാൾ എന്നെ വീണ്ടും കടന്നു പിടിച്ചിരുന്നു. അടികൊണ്ടു വീണുപോയ എന്നെ മുടിയിൽ പിടിച്ചു മുറ്റത്തൂടെ വലിച്ചു.  ബോധം നഷ്ടപ്പെട്ടെങ്കിൽ എന്നു ഞാൻ തീവ്രമായി ആഗ്രഹിച്ചു. ഏഴു മാസം ഞാൻ ചുമന്ന എന്റെ കുഞ്ഞിനോട് മനസ്സുകൊണ്ട് കൊണ്ട് ഞാൻ ക്ഷമ ചോദിച്ചു.  നിലത്തിട്ട എന്നെ ചവിട്ടാനാഞ്ഞ കാലിൽ അമ്മ ഓടിവന്ന് പിടിച്ചു. 

" കൊല്ലല്ലേടാ അതിനെ "എന്നു കരഞ്ഞതും അമ്മയെ അയാൾ ചവിട്ടിത്തെറിപ്പിച്ചു.  അമ്മയുടെ കരച്ചിലിനു മേലെ അയാളുടെ കരച്ചിൽ കേട്ടാണ് കണ്ണിറുക്കിഅടച്ചു കിടന്നിരുന്ന ഞാൻ കണ്ണ് തുറന്നു നോക്കിയത്.  തലയിൽ കൈവെച്ചു ഉറക്കെ അലറിവിളിക്കുന്ന അയാൾക്ക് പുറകിൽ ഒരു ഇരുമ്പ് പൈപ്പുമായി കത്തുന്ന കണ്ണുകളുമായി ചേച്ചി.  അടുത്ത അടിക്ക് അയാൾ താഴെ വീണു.  

" പെറ്റ തള്ളയെ ചവിട്ടിയ കാലുകൊണ്ട് നീയിനി നടക്കേണ്ട " എന്നു അലറിക്കൊണ്ട് ഭ്രാന്തെടുത്തപോലെ  ചേച്ചി അയാളുടെ രണ്ടു കാലിലും മാറിമാറി അടിക്കുന്നുണ്ടായിരുന്നു.  "മോളേ, " എന്നു വിളിച്ചുള്ള  അച്ഛന്റെയും അമ്മയുടെയും കരച്ചിലായിരുന്നു ഞാൻ എന്റെ ഓർമയിൽ അവസാനമായി കേട്ടത്.  


     പിന്നെ ഓർമവരുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു. എനിക്കേറ്റ ശാരീരികവും മാനസികവുമായ ആഘാതം മൂലം കുഞ്ഞിനെ രക്ഷിക്കണമെങ്കിൽ  എമർജൻസിയായി ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞെന്ന്.  വളർച്ച പൂർത്തിയാവാത്തത് കൊണ്ട് കുഞ്ഞിനെ കുറച്ചു നാൾ ഐസിയുവിൽ കിടത്തേണ്ടി വരുമെന്നും.  അതേസമയം അടുത്ത തിയേറ്ററിൽ ഏട്ടന്റെ കാലിന്റെ സർജറിയും നടക്കുന്നുണ്ടായിരുന്നു.  രണ്ടു കാലിന്റെ എല്ലും പലയിടത്തും  നന്നായി തകർന്നിരുന്നത് കൊണ്ട് മേജർ സർജറി തന്നെ വേണ്ടി വന്നു.  എഴുന്നേറ്റു നടക്കാൻ ഏകദേശം ഒരു വർഷത്തോളം വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. 


   ഏട്ടനെ നോക്കിയതും പരിചരിച്ചതും അമ്മയായിരുന്നു. എന്നോടൊപ്പം ചേച്ചിയും. ആദ്യമെല്ലാം ഏട്ടൻ ഭയങ്കര ബഹളമായിരുന്നത്രെ.  ഇവിടെ നിന്നെഴുന്നേറ്റാൽ "ആദ്യം എന്നെ ഇങ്ങനെയാക്കിയ അവളെ ഞാൻ കൊല്ലും " എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ,  ഒന്നു മൂത്രമൊഴിക്കാൻ പോലും പരസഹായം വേണ്ടി വന്ന  നിസ്സഹായതാവസ്ഥയിൽ, അതും താൻ ചവിട്ടിത്തെറിപ്പിച്ച അമ്മയുടെ പരിചരണത്തിൽ,  അദ്ദേഹം തന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടാവണം.  അല്ലെങ്കിൽ വാശിയും വൈരാഗ്യവും കുറഞ്ഞു വരില്ലല്ലോ. എന്നെയും മോളെയും കാണണം എന്നു പറഞ്ഞു കരഞ്ഞത്രേ.   എന്തായാലും ഏട്ടൻ ഡിസ്ചാർജ് ആയിട്ട് പിന്നെയും രണ്ടാഴ്ച കൂടെ കഴിഞ്ഞാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത് ഞങ്ങൾ വീട്ടിലെത്തിയത്.  


     വീട്ടിൽ ചെന്നു കയറിയ ഉടനെ ഞാൻ ഏട്ടൻ കിടക്കുന്ന റൂമിലേക്ക് ഓടി.  അടുത്തിരുന്നു കയ്യിൽ ഇറുകെ പിടിച്ചപ്പോഴേക്കും കരഞ്ഞു പോയിരുന്നു ഞാൻ.  


" കണ്ടോടാ നീ. ഇത്രയൊക്കെ ദ്രോഹിച്ചിട്ടും അന്നുതൊട്ടീ നിമിഷം വരെ നിന്നെയോർത്തു കണ്ണീരൊഴുക്കുകയായിരുന്നു ഈ പെണ്ണ്.  " വാതിൽക്കൽ കയ്യിൽ കുഞ്ഞുമായി ചേച്ചി. 


" നിന്റെ മോളെ കണ്ടോ? ഈ പൊന്നിനെ ഓർത്താ അവളിതെല്ലാം സഹിച്ചത്.  ഇനിയും നീ പഴയ സ്വഭാവത്തിലേക്ക് തിരിച്ചു പോകാനാണ് ഉദ്ദേശമെങ്കിൽ ഇനി ഞാനെടുക്കുക നിന്റെ കാലായിരിക്കില്ല".ചേച്ചിയുടെ സ്വരത്തിൽ പതിവിലധികം മൂർച്ച. ഏട്ടൻ ശബ്ദിച്ചില്ല.  അവിടെ ഞാൻ മനസ്സിലാക്കുകയായിരുന്നു ഒരു പെണ്ണിന്റെ വേദനയറിയാൻ ഏറ്റവും നന്നായി കഴിയുന്നത് മറ്റൊരു പെണ്ണിന് തന്നെയാണെന്ന്. 


ഞാൻ ഒന്നും മിണ്ടാതെ ചെന്നു കുഞ്ഞിനെ വാങ്ങി ഏട്ടന്റെ അടുത്തുചെന്നു.   ആർത്തിയോടെ കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വെച്ചു പൊട്ടിപ്പിളർന്നു കരയുകയായിരുന്നു  ഏട്ടൻ.  


    ഇപ്പോൾ ഏട്ടന് ജീവിതം എന്തെന്നറിയാം. സ്നേഹത്തിന്റെ വിലയറിയാം.  ചേച്ചിയോട് നന്ദിയും സ്നേഹവുമേ ഉള്ളു എന്നെപ്പോഴും പറയും. കാരണം എനിക്കെന്റെ കുടുംബം തിരിച്ചു തന്നത് ചേച്ചിയാണല്ലോ. ഈ കുടുംബത്തിന് വേണ്ടി അധികജോലികൾ വരെ ചെയ്യുന്നുണ്ടെന്നും അറിയാം. ഇവിടെ നിന്നെണീറ്റാൽ പിന്നെ ചേച്ചിയെ ഒരിക്കലും കഷ്ടപ്പെടുത്തില്ലെന്നും.    


    അന്നത്തെ സംഭവം കഴിഞ്ഞു ഏതാണ്ട് ഒരു വർഷമാകാറായിരിക്കുന്നു. അച്ഛനും മോളും ഒന്നിച്ചു പിച്ചവെക്കാൻ തുടങ്ങിയിട്ടുണ്ട്.  മോളുടെ കൊച്ചു വേദനയിൽ കണ്ണുനിറഞ്ഞും വീഴാതെ താങ്ങിയും അച്ഛൻ കൂടെയുണ്ട്. ഇപ്പോൾ ഏട്ടനിൽ ഭീതിയോടെ  ഞാനെന്റെ അച്ഛനെ കാണാറുണ്ട്.  അനിവാര്യമായ ഒരു ശാപത്തിന്റെ ഫലം അനുഭവിക്കാനിടയാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്......... 

To Top