പ്രണയിനി ചന്ദ്രികയുടെ പാദസരകിലുക്കത്തിനായി കാതോർത്തിരിക്കുന്ന ദാസന്റെ മുഖമാണ്...

Valappottukal

 


രചന: അനാമിക


ഇന്നത്തെ ബാംഗ്ലൂരിലേക്കുള്ള യാത്ര മുൻകൂട്ടി നിശ്ചയിച്ചിട്ട് ആയിരുന്നില്ല.  പെട്ടെന്നുള്ള ഒരുക്കം ആയതിനാൽ ബസ് കാത്തു നിൽക്കുമ്പോഴും ആവശ്യമുള്ള സാധങ്ങൾ ഒക്കെ എടുത്തിട്ടില്ലേ എന്ന അങ്കലാപ്പിൽ ആയിരുന്നു. ഒപ്പം എത്രയും പെട്ടെന്ന് ബാംഗ്ലൂരിലേക്ക് എത്താനുള്ള തിടുക്കവും .


ഇന്ന് വൈകുന്നേരം ഓഫീസിൽ നിന്നെത്തി മടിപിടിച്ചു ഇരിക്കുമ്പോൾ ആണ് പൂജയുടെ കാൾ വന്നത്..  വൈകുന്നേരത്തെ പതിവ് വിളിയാണെന്ന് കരുതി.. പക്ഷേ മറുതലക്കൽ അവളുടെ ഫ്രണ്ട് ആകാശ് ന്റെ ശബ്ദം ആണ് കേട്ടത്.പൂജയും മാനസയും കോളേജിൽ നിന്നും തിരിച്ചു വരുമ്പോൾ സ്കൂട്ടി ഒന്ന് മറിഞ്ഞു വീണെന്നും കാലിന് ഫ്രാക്ചർ ഉണ്ടെന്നും.. പേടിക്കാൻ മാത്രം ഒന്നും ഇല്ല..രണ്ടുപേരെയും  ഹോസ്പിറ്റലിൽ കാണിച്ചു തിരിച്ചു റൂമിൽ കൊണ്ടാക്കിയിട്ടുണ്ട് എന്നവൻ പറഞ്ഞെങ്കിലും വല്ലാത്തൊരു ടെൻഷൻ ആയിരുന്നു മനസ്സിൽ.


എങ്ങനെ വേഗം ബാംഗ്ലൂരിൽ എത്താം എന്ന ഒരൊറ്റ ചിന്ത മാത്രമേ അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.. ഫ്ലൈറ്റ് ടിക്കറ്റ് എങ്ങനെയെങ്കിലും റെഡി ആക്കിയാലും എയർപോർട്ടിലേക്ക് ഒറ്റയ്ക്ക് എത്തിച്ചേരുക റിസ്ക് ആയതിനാൽ വേഗം ബസ് ടിക്കറ്റ് നോക്കി.DLT ബസിൽ സ്ലീപ്പറിൽ ഒഴിവു കണ്ട സീറ്റ്‌ വേഗം ബുക്ക്‌ ചെയ്തിട്ടു.രാത്രി 10 മണിക്ക് ബസ് എടുക്കും രാവിലെ 6.45 ന് ബാംഗ്ലൂരിൽ എത്തും..


ഓട്ടോ പിടിച്ചാണ് സ്റ്റാൻഡിലേക്ക് വന്നത്..അതുകൊണ്ട് കാർ കൊണ്ടു വന്നാൽ  അതെവിടെ ഇടും എന്ന വലിയ ടെൻഷൻ ഒഴിവായി കിട്ടി.അജിയേട്ടനെ വിളിച്ചു നോക്കി.. മീറ്റിംഗിൽ ആണ് വിളിച്ചു ശല്യപെടുത്തരുത് എന്ന് പറഞ്ഞതാണ്. എന്നാലും വെറുതെ വിളിച്ചു നോക്കി.. എടുത്തില്ല.. വാട്സാപ്പിൽ ടൈപ്പ് ചെയ്ത് വിവരങ്ങൾ മെസ്സേജ് ചെയ്തിട്ടു.. ഇതിപ്പോ അജിയേട്ടൻ കൂടെ ഉണ്ടെങ്കിൽ എനിക്കൊന്നും അറിയേണ്ടിയിരുന്നില്ല. അജിയേട്ടന്റെ കൂടെ വാലായി നടന്നാൽ മതിയായിരുന്നു..  അജിയേട്ടന്റെ ചെന്നൈലേക്കുള്ള പോക്കും കറക്റ്റ് സമയത്ത് തന്നെ പൂജയുടെ ആക്‌സിഡന്റും...ഓടാൻ ഈ ഞാനും.


ബസ് വരുന്നതിനു മുന്നേ പൂജയെ വീഡിയോ കാളിൽ വിളിച്ചു.പോരുന്ന തിരക്കിൽ അവളെ വിളിക്കാൻ ഒന്നും നേരം കിട്ടിയിരുന്നില്ല.അവളെ നേരിൽ കണ്ടപ്പോൾ ചെറിയൊരു സമാധാനം ആയി.. മാനസയും തൊട്ടടുത്തുണ്ട്.. രണ്ടിന്റെയും ഇടതു കാലിൽ ബാൻഡേജ് ഇട്ടിട്ടുണ്ട്.. സയാമീസ് ഇരട്ടകളെ പോലെ.. രണ്ടുപേരും ഹാപ്പിയാണ്.. ഇനീപ്പോ കുറച്ചു ദിവസം കോളേജിൽ ഒന്നും പോവാതെ കത്തിയടിച്ചു ഇരിക്കാലോ...


ബസ് വന്നു.. സീറ്റ്‌ നമ്പർ നോക്കി ഇരുന്നു.തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ സ്വെറ്റർ ഒക്കെ ധരിച്ചു മറുവശത്തേക്ക് ചെരിഞ്ഞു കിടക്കുകയാണ്.. ആണോ പെണ്ണോ എന്നറിയാൻ ഒരു ശ്രമം നോക്കിയെങ്കിലും നടന്നില്ല.സ്ത്രീ ആയിരുന്നെങ്കിൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും നേരം കളയാമായിരുന്നു.ഓടുന്ന വണ്ടിയിൽ ഇരുന്ന് ഉറങ്ങാൻ പേടിയാണ്.. കൂടെ അജിയേട്ടനും മോളും ഉണ്ടെങ്കിൽ പോലും ഞാൻ ഉറങ്ങാറില്ല.ഇതിപ്പോ ഒരെട്ട് മണിക്കൂർ എങ്ങനെ തള്ളി നീക്കും.. ഓരോ സെക്കന്റിനും ഒരു യുഗത്തിന്റെ ദൈർഘ്യം ആയിരിക്കും  ഇനി അനുഭവപ്പെടുക.


ഇയർ ബെഡ്സ് ചെവിയിൽ തിരുകി സ്പോട്ടിഫൈ യിൽ പാട്ട് പ്ലേ ചെയ്ത് വാട്സാപ്പിലൂടെയും ഇൻസ്റ്റയിലുമൊക്കെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.തൊട്ടടുത്തു ഇരിക്കുന്ന ആളെ പ്രതീക്ഷയോടെ ഇടയ്ക്കിടെ പാളി നോക്കാൻ മറന്നില്ല.. ആൾ നല്ല ഉറക്കം തന്നെ.. അതിനും വേണം ഒരു ഭാഗ്യം.. ഞാൻ നെടുവീർപ്പിട്ടു കൊണ്ട് ഫോൺ ഓഫ്‌ ചെയ്തു.ഒരു പരിധി വിട്ട് അധികനേരം ഫോണിൽ സമയം കളയാൻ ഞാൻ ഇഷ്ടപ്പെടാറില്ല. അജിയേട്ടന്റെയും പൂജയുടെയും ഇടയിൽ ഇരുന്ന് ഞാൻ പലപ്പോഴും വീർപ്പുമുട്ടാറുണ്ട്.. ഒരേ റൂമിൽ ഇരിക്കുമ്പോഴും പരസ്പരം മുഖത്തോട് മുഖം നോക്കാതെ അവരുടേതായ ലോകത്തിലൂടെ സഞ്ചരിക്കുന്ന 2 പേർ.. പലപ്പോഴും അവരുടെ ശ്രദ്ധ തിരിക്കാൻ ആയി ഓരോന്ന് ഞാൻ ഇടയ്ക്കിടെ ചോദിച്ചു കൊണ്ടേയിരിക്കും.. ഈ അമ്മ എന്നും പറഞ്ഞ് നീരസത്തോടെ പൂജ വേറെ റൂമിലേക്ക് പോകും.. അജിയേട്ടൻ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തും.അങ്ങനെയാണ് പണ്ട് പഠിക്കുമ്പോൾ ഉണ്ടായിരുന്ന വായന ശീലം വീണ്ടും ഞാൻ പൊടി തട്ടിയെടുത്തത്.


തിരക്കിട്ടു പോന്നതാണെങ്കിലും ബാഗിൽ ഒരു ബുക്ക്‌ വെയ്ക്കാൻ മറന്നിട്ടില്ലായിരുന്നു.. പറ്റുമെങ്കിൽ വായിക്കാമല്ലോ എന്നോർത്ത്.. എന്തായാലും കൂടെ ഉള്ള ആൾ നല്ല ഉറക്കം ആയതിനാൽ  റീഡിങ് ലാമ്പ്  ഓൺ ചെയ്തു. അരണ്ട വെളിച്ചത്തിൽ പുസ്തകം മെല്ലെ  തുറന്നു..എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ... പലതവണ വായിച്ചു തീർത്തതാണ്.. ഇതിലെ ഓരോ വരികളും ഹൃദ്രിസ്ഥം എന്ന് തന്നെ പറയാം.. എന്നാലും വീണ്ടും വീണ്ടും വായിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്.ഫ്രഞ്ച് അധിനിവേശത്തിൽ നിന്നും തന്റെ നാടായ മയ്യഴിയെ മോചിപ്പിക്കാൻ വേണ്ടി പ്രയത്നിക്കുന്ന വിപ്ലവനായകൻ ദാസന്റെ പോരാട്ടങ്ങൾ.. അതിനേക്കാൾ ഉപരി മനസ്സിൽ തങ്ങി നിൽക്കുന്നത് തന്റെ പ്രണയിനി ചന്ദ്രികയുടെ പാദസരകിലുക്കത്തിനായി കാതോർത്തിരിക്കുന്ന  ദാസന്റെ മുഖമാണ് ....എത്രയൊക്കെ ആഴത്തിൽ പ്രണയിച്ചിട്ടും ഒരുമിച്ചു ചേരാൻ കഴിയാതെ സ്വയം മരണത്തെ തേടി പോയവർ.. ദാസനും അവന്റെ ചന്ദ്രിയും കടലിനു നടുവിലെ വെള്ളിയാങ്കല്ലുകൾക്ക് മുകളിലൂടെ തുമ്പികളായി പാറി പറക്കുന്നത് ഞാൻ പലപ്പോഴും ഭാവനയിൽ കാണാറുണ്ട്.എന്തുകൊണ്ടാണ് ദൈവം അനശ്വര പ്രണയങ്ങളെ എപ്പോഴും വേർപ്പെടുത്തുന്നത്.. എന്റെ എപ്പോഴും ഉള്ള സംശയമാണിത്.. ഒരുപക്ഷേ അവർ ഒരുമിച്ചൊഴു പുഴയായി ഒഴുകുന്നതിനേക്കാൾ ഭംഗി രണ്ടു ദിശകളിലെ തീരങ്ങൾ തേടി പോകുമ്പോൾ 

ആണെന്ന് ദൈവത്തിന് തോന്നിയിട്ടുണ്ടാവും.


വായനയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.. അജിയേട്ടൻ ആണ്.


ഞാൻ ഇപ്പൊൾ ആണെടോ ഫോൺ നോക്കിയത്..


അറ്റൻഡ് ചെയ്തതും അജിയേട്ടൻറെ ശബ്ദം കാതിലേക്ക്  പതിഞ്ഞു.


മ്മ്... തിരക്കാണെന്നു അറിയാമായിരുന്നു.. അതാ വീണ്ടും ഞാൻ വിളിക്കാതിരുന്നത് .


മ്മം.. നീയിങ്ങനെ ഇടയ്ക്കിടെ വിളിക്കുന്നത് കൊണ്ടിപ്പോ എന്തായി.. ആവശ്യത്തിന് വിളിച്ചാലും ഞാൻ എടുക്കാതെ ആയി..എന്തായാലും നീ  എന്നെ ശരിക്കും ഞെട്ടിച്ചു ട്ടോ ഭാമേ... ഒറ്റയ്ക്ക് ബാംഗ്ലൂർക്ക് പോവാനുള്ള ധൈര്യം കാണിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ...


എന്റെ ജീവൻ അവിടെ അല്ലേ അജിയേട്ടാ... അപ്പോൾ പിന്നെ ധൈര്യം ഒക്കെ താനേ വന്നു.


മ്മം.. എന്തായാലും അത് നന്നായി.. ഞാൻ വരാൻ ഇനിയും ഒരാഴ്ച ആവും. നിനക്ക് ലീവ് കിട്ടുമോ.. അങ്ങനെയെങ്കിൽ ഞാൻ ഇവിടുന്ന് നേരിട്ട് ബാംഗ്ലൂരിലേക്ക് വരാം.നമുക്ക് ഒരുമിച്ച്  തിരിച്ചു പോരാം.മോൾടെ കാൽ അപ്പോഴേക്കും റെഡി ആകുമോ.


1 വീക്ക്‌ കംപ്ലീറ്റ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട് എന്നാണ് പറഞ്ഞത് .. അതു കഴിഞ്ഞു ചെക്ക് അപ്പ്‌ ന് ചെല്ലാൻ പറഞ്ഞിരിയ്ക്കാ.. എന്നിട്ടും റസ്റ്റ്‌ പറയാണേൽ നാട്ടിലേക്ക് കൊണ്ടുവരാം..ഒരാഴ്ച ലീവ് ഞാൻ ഓഫീസിൽ അറിയിച്ചിട്ടുണ്ട്..


ഓക്കേ.. ഗുഡ് നൈറ്റ്‌.


ഗുഡ് നൈറ്റ്‌


കഴിഞ്ഞു ഞങ്ങടെ സംസാരം..അജിയേട്ടനോട് ഒരുപാട് വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു..ആകാശിന്റെ കാൾ വന്നപ്പോൾ ഞാൻ ഷോക്ക് ആയതും, എന്ത് ചെയ്യണം എന്നറിയാതെ വെപ്രാളപ്പെട്ടതും, ഒറ്റയ്ക്ക് ബാംഗ്ലൂരിലേക് പോവാൻ പേടിയോടെ സ്വയം തീരുമാനം എടുത്തതും, പരിചയം ഇല്ലാത്ത ഓട്ടോയിൽ 10 കിലോ മീറ്ററോളം രാത്രിയിൽ ഒറ്റയ്ക്ക് ബസ് സ്റ്റാൻഡിലേക്ക്  സഞ്ചരിച്ചതും, ഇപ്പോൾ അടുത്ത് ഇരിക്കുന്നത് ആരാണെന്ന് പോലും അറിയാതെ  മണിക്കൂറുകളോളം ഈ ബസിൽ മൂകയായി ഇരിക്കുന്നതും അങ്ങനെ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയോ വിശേഷങ്ങൾ പങ്കുവെയ്ക്കാനുണ്ട്.. പക്ഷേ അതൊന്നും കേൾക്കാനുള്ള സമയമോ ക്ഷമയോ അജിയേട്ടനില്ല...

എന്നും ഇൻഡിപെൻഡൻഡ് ആയി നിൽക്കുന്ന ഭാര്യയെ ആണ് അജിയേട്ടന് ഇഷ്ട്ടം.എന്തിനെങ്കിലും സമ്മതം ചോദിക്കുന്നത് പോലും ഏട്ടന് ഇഷ്ടമില്ല..  മോരു കറിയിൽ താളിച്ചൊഴിക്കാൻ വേണ്ടി കറിവേപ്പില പറിക്കാൻ  പറമ്പിലേക്ക് പോകുന്നതിനു പോലും  ഉമ്മറത്തിരിക്കുന്ന അച്ഛനേയും കൂട്ടി പോകുന്ന  എന്റെ അമ്മയെ കണ്ടു ശീലമായ എനിക്ക് തൊട്ടതിനും പിടിച്ചതിനും ഒക്കെ അജിയേട്ടൻ വേണമായിരുന്നു.ഡ്രൈവിങ്ങിനും ചേർത്ത് സ്വന്തമായി ഒരു കാറും വാങ്ങി തന്ന് ഇനി എന്നെ ഒന്നിനും വിളിച്ചു ശല്യപെടുത്തരുത് എന്ന് അജിയേട്ടൻ പറഞ്ഞപ്പോൾ തൊട്ട് തീരുമാനം എടുത്തതാണ് ഇനി എണ്ണിപെറുക്കി ഓരോരോ വിശേഷങ്ങൾ ഒന്നും പറഞ്ഞ് ബുദ്ധിമുട്ടിപ്പിക്കില്ലെന്ന്...അങ്ങനെ പുറത്തേക്കു വെളിച്ചം കാണാത്ത നൂറായിരം വിശേഷങ്ങളുടെ  കലവറയും പേറിയാണിപ്പോ എന്റെ നടത്തം..ചുറ്റും എല്ലാവരും ഉണ്ടെങ്കിൽ പോലും  മനസ്സ് തുറന്ന് സംസാരിക്കാൻ ആരും ഇല്ലാത്തൊരു അവസ്ഥ.... വല്ലാതെ വീർപ്പുമുട്ടുമ്പോൾ ഡയറിയിൽ എന്തെങ്കിലും കുത്തിനിറയ്ക്കും.. ആരും സംസാരിക്കാൻ ഇല്ലാത്തവർക്ക് അതൊരു വല്ലാത്തൊരു ആശ്വാസമാണ്..


മുന്നിലിരിക്കുന്ന പുസ്തകം അടച്ചുവെച്ചു... വായിക്കാനുള്ള മൂഡ് പോയിക്കിട്ടി.. വായിക്കുമ്പോൾ ആസ്വദിച്ചു വായിക്കണം..എങ്കിലേ അതിലെ ഓരോ വരികളും കണ്മുന്നിൽ ചിത്രങ്ങളായി തെളിഞ്ഞു വരൂ... അല്ലെങ്കിൽ അത് വെറുമൊരു പ്രഹസനം മാത്രം ആയി മാറും..


കണ്ണടച്ച് വെറുതെ കിടന്നു.. ബസ് യാത്രകൾ എന്നും മധുരമുള്ള ഓർമ്മകൾ ആണ്.. കോളേജിൽ പഠിക്കുമ്പോൾ പാലക്കാട്‌ നിന്നും ഇറോഡിലേക്കുള്ള യാത്രകൾ ആദ്യം മടുപ്പുളവാക്കുന്നതായിരുന്നു... ഒറ്റയ്ക്ക് ആരോടും മിണ്ടാതെ.... എല്ലാ മാസവും വീട്ടിലേക്ക് വരികയും വേണം എന്നാൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനും വയ്യ..തിരിച്ചു പോക്ക് അതിലും കഷ്ട്ടമാണ് .. മറ്റേത് വീട്ടിലേക്കുള്ള വരവാണല്ലോ എന്ന സന്തോഷമെങ്കിലും ഉണ്ടാവും..പക്ഷേ തിരിച്ചു പോക്ക് എന്നും കണ്ണീരോടെ ആയിരിക്കും...അങ്ങനെയിരിക്കെയാണ് ക്ലാസ്സ്‌മേറ്റ് ആയ നൗഫലിന്റെ വീട് കഞ്ചിക്കോടാണെന്ന് അറിയുന്നത്.. പിന്നെ വരവും പോക്കും അവന്റെ കൂടെയായി.ബസിൽ കയറിയാൽ തുടങ്ങിയ സംസാരം 4 മണിക്കൂർ കഴിഞ്ഞ് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തിയാലും പകുതി പോലും ആയിട്ടുണ്ടാവില്ല.എല്ലാം ക്ഷമയോടെ കേട്ടിരിക്കാനുള്ള അവന്റെ കഴിവിനെ കുറിച്ച് എനിക്കപ്പോൾ ഒന്നും  തോന്നിയിരുന്നില്ല... പിന്നീട് അജിയേട്ടൻ ലൈഫിൽ വന്നപ്പോൾ ആണ് നൗഫലിന്റെ ക്ഷമ ഒരത്ഭുതമായി തോന്നിയത് .


നൗഫൽ... അവനെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും മനസ്സിനു വല്ലാത്തൊരു വിങ്ങൽ ആണ്.. അവനോടൊത്തുള്ള യാത്രകളിൽ എപ്പോഴോ മനസ്സിൽ തോന്നിയൊരു ഇഷ്ടം.. ബെസ്റ്റ് ഫ്രണ്ട് എന്നതിനേക്കാൾ അപ്പുറം അവൻ എന്റെ ആരൊക്കെയോ ആയി കൂടെ വേണം എന്നൊരു തോന്നൽ..ബസിൽ അവന്റെ അരികത്തായി ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ഒരു സുരക്ഷിതത്വം.. മനസ്സ് ഞാൻ അറിയാതെ തന്നെ ഒരുപാട് സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ..അവനോടൊന്നും അറിയിക്കാതെ ഒളിച്ചു വെച്ചു നടക്കുമ്പോൾ ആണ് സമ്മർ വെക്കേഷൻ സമയത്ത് നാട്ടിലേക്ക് വരുന്ന ദിവസം ബസ്സിൽ നിന്നും അവൻ എന്നോട് പറഞ്ഞത്..


ഭാമേടെ മനസ്സിൽ ഉള്ളത് എന്തായാലും അത് ഇന്നത്തോടെ വേണ്ടെന്നു വെയ്ക്കണം.എന്റെ മുഖത്ത് നോക്കി വായ് തോരാതെ സംസാരിച്ചിരുന്ന ആ വായാടിയെ ആണ് എനിക്കിഷ്ടം.. അല്ലാതെ എന്റെ മുഖത്തേക്ക് നോക്കുമ്പോൾ വാക്കുകൾ കിട്ടാതെ പതറുന്ന ഭാമയെ എനിക്കിഷ്ടമില്ല..


പ്രതീക്ഷിക്കാതെ അവൻ അങ്ങനെ നേരിട്ട് പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതെയായി .. എന്നാലും പുറത്തേക്ക് നോക്കി കൊണ്ട്  ഞാൻ സങ്കടത്തോടെ ചോദിച്ചു


അപ്പോ നൗഫിക്ക് എന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ലേ..?


എങ്ങനെ?... ഇനിയിപ്പോ നീ ഉദ്ദേശിക്കുന്ന പോലെ തോന്നിയാലും നല്ല നായര് കുടുംബത്തിൽ ജനിച്ച നിന്നെ നിന്റെ അച്ഛൻ ഈ മാപ്ല ചെക്കന് കെട്ടിച്ചു തരുമോ ..അതുപോലെ തട്ടമിട്ട് മൊഞ്ചുള്ള  2 മരുമക്കൾ ഇപ്പോഴേ ഉള്ള എന്റെ ഉമ്മാക്ക് ഒരു ഹിന്ദു കുട്ടിയെ മൂന്നാമത്തെ മരുമോളായി സ്വീകരിക്കാൻ മാത്രമുഉള്ള ഹൃദയവിശാലതയൊന്നും ഇല്ലാട്ടോ... പിന്നെ ഇത്രയും  വളർത്തി വലുതാക്കിയ വീട്ടുകാരെ  ഉപേക്ഷിച്ചു സ്നേഹിച്ച പെണ്ണിനെ സ്വീകരിക്കാനുള്ള ചങ്കുറപ്പ് നീ സ്നേഹിച്ചവനും ഇല്ല ഭാമേ .. പിന്നെ വെറുതെ രണ്ടു വീട്ടുകാരുടെയും ശാപം ഏറ്റു വാങ്ങി നമുക്കെന്ത് നേടാനാ ഉള്ളത്..?


അവന്റെ മടിയിൽ തലത്താഴ്ത്തി വിങ്ങി പൊട്ടുമ്പോൾ അവൻ താക്കീതോടെ പറഞ്ഞു.


മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്നത്തോടെ ഇവിടെ ഉപേക്ഷിക്കണം..മനസ്സിലായോ...


മറുപടിയായി ഒരു തേങ്ങൽ മാത്രമേ പുറത്തേക്ക് വന്നുള്ളൂ...


പിന്നീടുള്ള ബസ് യാത്രകൾ എല്ലാ അവന്റെ കൂടെ ആണെങ്കിൽ പോലും ഒരിക്കൽ പോലും അവൻ എന്റെ സീറ്റിൽ കൂടെ ഇരുന്നില്ല .അങ്ങനെ മനസ്സിലെ ഇഷ്ടം  പാതി വഴിയിൽ ഉപേക്ഷിച്ചു..    4 കൊല്ലത്തെ കോളേജ് ലൈഫ് അവാർഡ് ഫിലിം പോലെ എങ്ങനെയൊക്കെയോ അവസാനിച്ചു കിട്ടി .. നാട്ടിലേക്ക് തിരിച്ചു വരുന്ന അവസാന ദിവസമെങ്കിലും അവന്റെ കൂടെ ഇരുന്ന് വാ തോരാതെ സംസാരിച്ചു പണ്ടത്തെ പോലെ പോരണം എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.. പക്ഷേ എനിക്ക് മുഖം തരാതെ ഒഴിഞ്ഞു മാറി നടക്കുന്നവനെ കണ്ടപ്പോൾ..ഞാൻ അവനോട് എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ ആ  നിമിഷം അവൻ എന്നെ എന്നന്നേക്കുമായി ചേർത്തു പിടിക്കും  എന്നെനിക്കറിയാമായിരുന്നു...പക്ഷേ അത് വേണ്ടാ...അങ്ങനെ സംഭവിച്ചാൽ അവൻ പറഞ്ഞത് പോലെ വീട്ടുകാരുടെ ശാപം വാങ്ങി എന്ത് നേടിയെടുക്കാനാ ഞങ്ങൾക്ക്...ഇതിങ്ങനെ ഞങ്ങളിൽ തന്നെ സ്വയം അലിഞ്ഞു ഇല്ലാതാവട്ടെ...അതാവും ദൈവ വിധിയെന്ന്  സ്വയം ആശ്വസിച്ചു.


അന്ന് പാലക്കാട്‌ ബസ് ഇറങ്ങി പരസ്പരം മുഖത്തേക്ക് പോലും നോക്കാതെ രണ്ടു ദിശയിലേക്കായി   വഴി പിരിഞ്ഞവരാണ് ഞങ്ങൾ.... പിന്നീട് ഇതുവരെ നേരിൽ കണ്ടിട്ടില്ല.. എന്റെ കല്യാണത്തിന് ക്ലാസ്സിൽ നിന്ന് അവനെ മാത്രം വിളിച്ചില്ല.. കേട്ടറിഞ്ഞു അവൻ വന്നതും ഇല്ല..എന്റെ കല്യാണം കഴിഞ്ഞ് 4 വർഷം കഴിഞ്ഞപ്പോൾ അവന്റെ മാര്യേജ് ആണെന്ന് കൂട്ടുകാർ പറഞ്ഞ് അറിഞ്ഞു.. അന്ന് പൂജയ്ക്ക് 2 വയസായിരുന്നു പ്രായം..


പിന്നേയും വർഷങ്ങൾ ഒരുപാട് കഴിഞ്ഞാണ്  കോളേജ് വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തത്.. ആദ്യം നോക്കിയത് അവൻ ഉണ്ടോ എന്നാണ്..fb യിൽ അവന്റെ ഫോട്ടോസ് ഒക്കെ ഞാൻ ഇടയ്ക്കിടെ ചെക്ക് ചെയ്യാറുണ്ടായിരുന്നു.. ഫ്രണ്ട് റിക്വസ്റ്റ് അയക്കാൻ പലതവണ കൈ പൊങ്ങിയതാണ്.. പിന്നെ വേണ്ടെന്നു വെച്ചു.. ഞാനിപ്പോൾ fb നോക്കുമ്പോൾ പൂജയ്ക്ക് പുച്ഛം ആണ്. അമ്മേ ഇപ്പോൾ ഇൻസ്റ്റ യാണ് എല്ലാവരും ഫോളോ ചെയ്യുന്നതെന്നും പറഞ്ഞ്..


2 പ്രാവശ്യം കോളേജിൽ വെച്ച് ഞങ്ങളുടെ ബാച്ചിന്റെ ഗെറ്റ് ടുഗെതർ നടന്നു.. അവൻ എന്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്.. ഞാൻ അവന്റെയും . പരസ്പരം വാട്സ്ആപ്പ് സ്റ്റാറ്റസ് ഞങ്ങൾ കാണാറുണ്ട്. പക്ഷേ മൗനത്തിന്റെ ഒരു മറ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.. അതുകൊണ്ട്  ഓൺലൈനിലും ഞങ്ങൾ ആ നിശബ്ദത പാലിച്ചു ...ഗെറ്റ് ടുഗെതറിന് നീ വരുന്നുണ്ടോ എന്നവൻ ചോദിക്കും എന്ന് അതിയായി പ്രതീക്ഷിച്ചിരുന്നു  ഞാൻ ...

പക്ഷേ അങ്ങനെയൊരു മെസ്സേജ് എന്നെ തേടി വന്നില്ല. അതിനാൽ ഞാൻ പോയതും ഇല്ല .


വല്ലാത്തൊരു ടൈപ്പ് തന്നെ അല്ലേ അച്ഛാ ഈ അമ്മ.. കൂടെ പഠിച്ച ഫ്രണ്ട്‌സ്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണണം എന്നൊന്നും ഈ അമ്മയ്ക്കില്ലെന്നു തോന്നുന്നു..


അതിന് നിന്റെ അമ്മയ്ക്ക് എന്നെ ഒട്ടി നടക്കുന്നതിൽ പരം വേറെന്ത് സന്തോഷമാ ഉള്ളേ മോളെ 


ഗ്രൂപ്പിൽ വന്ന ഗെറ്റ് ടുഗെതർ ഫോട്ടോസിൽ അവനെ തിരയുമ്പോൾ അച്ഛനും മോളും കൂടി എന്നെ പരിഹസിച്ചു ചിരിക്കുന്നത് കേട്ടു.


ഇല്ല അവനും പോയീട്ടില്ല എന്നറിവ് വല്ലാത്തൊരു സമാധാനം നൽകി...ഞങ്ങളെ രണ്ടുപേരെയും ഗ്രൂപ്പിൽ പലരും ചോദിക്കുന്നുണ്ട്..

ഭാമയും നൗഫലും എവിടെ?

അവരെന്തേ വന്നില്ല... അവർക്കെന്തു പറ്റി എന്നൊക്കെ...

അവനും എന്നെ പോലെ ഈ മെസ്സേജ് കാണുന്നുണ്ടാവുമല്ലോ എന്നോർത്തു ഞാൻ...രണ്ടുപേരും മറുപടി കൊടുത്തില്ല.


6 മാസം കഴിഞ്ഞ് രണ്ടാമത്തെ മീറ്റ് അപ്പ് ന് പലരും എനിക്ക് പേർസണൽ ആയി തന്നെ മെസ്സേജ് അയച്ചു ,മസ്റ്റ്‌ കം എന്നൊക്കെ പറഞ്ഞ്...


കാണാൻ ആഗ്രഹിക്കുന്ന ആളുടെ ക്ഷണം ഇല്ലാത്തതിനാൽ ഇപ്രാവശ്യവും പോയീല.


അന്നും ഗ്രൂപ്പിൽ ഞങ്ങളെ അന്വേഷിച്ചു പലരും മെസ്സേജ് അയച്ചു..


ഇനി നിങ്ങൾക്ക് വരാനുള്ള ബുദ്ധിമുട്ടാണെങ്കിൽ അറ്റ്ലീസ്റ്റ് നിങ്ങളുടെ ലേറ്റസ്റ്റ് ഫോട്ടോ എങ്കിലും ഗ്രൂപ്പിൽ ഇടൂ ബ്രോസ്... നിങ്ങളുടെ ഇപ്പോഴത്തെ കോലം കാണാൻ ആണേ...@ നൗഫൽ & @ഭാമ 


ഇങ്ങനെയുള്ള കുറേ കുറേ മെസ്സേജുകൾ ഞങ്ങളെ ടാഗ് ചെയ്തു വന്നു..


മറുപടി ഇല്ലാതെ ആ മെസ്സേജുകളും അനാഥരായി ഗ്രൂപ്പിൽ കിടന്നു.


ബസ് നിശബ്ദതയെ കീറിമുറിച്ചു ഇരുട്ടിലൂടെ ലക്ഷ്യ സ്ഥാനത്തിലേക്ക് ഓടി കൊണ്ടേയിരുന്നു.. മൊബൈലിൽ സമയം നോക്കിയപ്പോ ഒന്നര ആയിട്ടേയുള്ളൂ... കണ്ണടച്ച് കിടക്കുമ്പോൾ ആണ് മറക്കാൻ ശ്രമിക്കുന്ന ഓരോ ചിന്തകൾ മനസ്സിൽ തെളിഞ്ഞു വരുന്നത്.. ഇനി കണ്ണു തുറന്ന് കിടക്കാം..തൊട്ടടുത്ത ആൾ അങ്ങോട്ടും ഇങ്ങോട്ടും ഇളകുന്നുണ്ട്... ഉറക്കം കഴിഞ്ഞെന്നു തോന്നുന്നു..ജസ്റ്റ്‌ എന്നോട് എന്തെങ്കിലും ഒന്ന് മിണ്ടിയിരുന്നെങ്കിൽ ഈ വിരസത ഒഴിവാക്കാമായിരുന്നു..പക്ഷേ മൈൻഡ് ചെയ്യുന്നേയില്ല..


ഉണ്ടക്കണ്ണുകൾ ഒന്നൂടെ വട്ടം പിടിച്ച് ഞാൻ ഇരുട്ടിലേക്ക് നോക്കി ഇരുന്നു .


പൂജയ്ക്കിപ്പോ വയസ്സ് 19 ആയി.. എനിക്ക് നൗഫലിനോട്  പ്രണയം തോന്നിയതും ഈ പ്രായത്തിൽ ആണ്..അവൾക്ക് ആകാശിനോട്‌ ഒരു സ്പെഷ്യൽ അടുപ്പം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്.. സത്യമാണോ അറിയില്ല.. ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അവൾ തിരിച്ചു ചോദിക്കും


ഈ അമ്മയ്ക്ക് ഇതെന്തിന്റെ സൂക്കേടാ എന്ന് 


അല്ല മോളെ ഇനിയവൻ ക്രിസ്ത്യൻ ആയതുകൊണ്ട്  ഇഷ്യൂ ആവും എന്ന് കരുതി അങ്ങനെ എന്തെങ്കിലും ഒരിഷ്ടം ഉണ്ടെങ്കിൽ മനസ്സിൽ ഒളിപ്പിച്ചു  വെയ്ക്കേണ്ട. രണ്ടാളും ധൈര്യമായി പ്രേമിച്ചോ. അവന്റെ വീട്ടിൽ പോയി സമ്മതമൊക്കെ ഞങ്ങൾ പോയി വാങ്ങിച്ചോളാം... അല്ലേ അജിയേട്ടാ..


നമ്മൾ അല്ല.. നീ ഒറ്റയ്ക്ക്... ആ കൊച്ചിന്റെ മനസ്സിൽ പോലും തോന്നാത്ത കാര്യങ്ങൾ കുത്തി നിറച്ചിട്ടിപ്പോ അവൾ എന്നേയും കൂട്ടുപിടിയ്ക്കാ...


അല്ല അജിയേട്ടാ... ഞാൻ പഠിക്കുന്ന സമയത്ത് എന്നോടാരും ഇങ്ങനെ ഒന്നും  പറഞ്ഞിരുന്നില്ല... അതുകൊണ്ട് പ്രേമിക്കാനും പേടിയായിരുന്നു .... ആ ഒരു സങ്കടം നമ്മുടെ മോൾക്ക് ഉണ്ടാവല്ലേ എന്ന് കരുതീട്ടാണ്


ആ  നല്ല ബെസ്റ്റ് അമ്മ...നിന്റെ ഭാഗ്യം മോളെ...പ്രേമിച്ചോ പ്രേമിച്ചോ..


അജിയേട്ടനും മോളും അതൊരു തമാശ ആയേ കരുതിയുള്ളൂ..


ബസ് ബാംഗ്ലൂർ നഗരത്തിൽ എത്തിചേരുന്നത് വരെ 

 കണ്ണുകൾ തുറന്നും പൂട്ടിയും ഒക്കെ ആയി ഞാൻ സമയത്തെ കൊന്നു ..ഇനിയിവിടുന്ന് ഓട്ടോയിൽ 20 മിനിറ്റ് ദൂരമേയുള്ളൂ പൂജ താമസിക്കുന്ന അപാർട്മെന്റിലേക്ക്..ബസ്സിൽ നിന്നും ലഗ്ഗേജ് എടുത്ത് പുറത്തേക്കിറങ്ങുമ്പോൾ തൊട്ടടുത്തു ഇരുന്നിരുന്ന ആളെ വെറുതെ നോക്കി.. സ്വറ്റർ ഒക്കെ ഊരിയിട്ടുണ്ട്.. തിരിഞ്ഞു നിന്ന് ബാഗിൽ നിന്നും എന്തോ എടുക്കുകയാണ്... പിൻ വശം കണ്ടപ്പോൾ ആൺ ആണെന്ന് മനസ്സിലായി.. അതുകൊണ്ട് യാത്ര പറയാൻ നിൽക്കാതെ ഞാൻ വേഗം ഇറങ്ങി...


ഓട്ടോയിൽ കയറി ഒന്ന് നിവർന്നിരുന്നു ഫോൺ എടുത്തു...


 ബാംഗ്ലൂരിൽ എത്തി എന്ന്  അജിയേട്ടന് മെസ്സേജ് ചെയ്തു.. ഇങ്ങനെയുള്ള കീഴ്‌വഴക്കങ്ങൾ ഒന്നും അജിയേട്ടന് ഇഷ്ടമില്ല.. വന്നു, എത്തി എന്നൊക്കെ പറഞ്ഞു വിളിച്ചാൽ പറയും പോയാൽ നീ അവിടെ എത്തും,അതൊക്കെ അറിയിക്കാൻ മാത്രം കൊച്ചു കുട്ടിയാണോ ഭാമേ നീ എന്ന്.എന്നെ പോലെ മോൾ ആവരുത് എന്ന് ആഗ്രഹിച്ചാണ് നാട്ടിൽ അഡ്മിഷൻ കിട്ടിയിട്ട് പോലും മോളെ അജിയേട്ടൻ ബാംഗ്ലൂരിൽ ചേർത്തിയത്.. 


മെസ്സേജ് അയച്ച് ബാക്ക് ഓഫ്‌ ചെയ്തപ്പോൾ ആണ് കോളേജ് ഗ്രൂപ്പിൽ ഒരു മെസ്സേജ് ഏറ്റവും മുകളിലായി വന്നത്.. ഓപ്പൺ ചെയ്യാതെ തന്നെ അയച്ച ആളുടെ പേര് കണ്ണിൽ ഉടക്കിയപ്പോൾ അത്ഭുതം ആണ് തോന്നിയത്.. ഇതുവരെ ഗ്രൂപ്പിൽ  ഒരു ഹായ് പോലും അയക്കാത്ത നൗഫയ്ക്കിപ്പോൾ ഇതെന്തു പറ്റി.. വർധിച്ച ആകാംക്ഷയോടെ ഞാൻ ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു..


ദി മോസ്റ്റ്‌ അവൈറ്റഡ് ഫോട്ടോ എന്ന ക്യാപ്ഷനോട്‌ കൂടി ഒരു ഫോട്ടോ ഇട്ടിരിക്കുന്നു.. ഞാൻ  അതിൽ ടച്ച്‌ ചെയ്ത് ഡൌൺലോഡ് ആവാൻ വേണ്ടി വെയിറ്റ് ചെയ്തു...


ഇവനിതെന്ത് പറ്റി.. അബദ്ധവശാൽ ഗ്രൂപ്പ്‌ മാറി ഇട്ടതായിരിക്കുമോ


ഫോട്ടോ ഓപ്പൺ ആയി.. അവന്റെ ഫോട്ടോ തന്നെ ആണ് ഇട്ടിരിക്കുന്നത്. സെൽഫിയാണ്..വലിയ ക്ലിയർ പോരാ. ഏതോ യാത്രയിൽ എടുത്ത ഫോട്ടോ ആണെന്ന് തോന്നുന്നു..


വൗ.. ഇതെപ്പോ  സംഭവിച്ചു .. അവളെ എവിടുന്ന് കിട്ടി.. കൂടുതൽ ഫോട്ടോസ് പോന്നോട്ടെ...


ഫോട്ടോയ്ക്ക്  താഴെ വന്ന ഗോകുലിന്റെ മെസ്സേജ് വായിച്ചപ്പോൾ ആണ് ഏതവളെ പറ്റിയ ഇവൻ ചോദിക്കുന്നെ എന്ന് ഞാൻ ആലോചിച്ചത്..


ഫോട്ടോ ഒന്നൂടെ നോക്കി.. പെട്ടെന്ന് അടിവയറിൽ ഒരു കൊള്ളിയാൻ മിന്നിയത് പോലെ..


ഇനിയിപ്പോ എന്റെ തോന്നൽ ആണോ..വേഗം ഞാൻ ആ ഫോട്ടോ  ലെഫ്റ്റ് സൈഡിലേക്ക്  സൂം ചെയ്തു നോക്കി... അവൻ ഇരിക്കുന്ന സീറ്റിനു അരികിലായി കണ്ണുമടച്ചു കിടക്കുന്ന ഒരു സ്ത്രീ..... ഈശ്വരാ.. അത്... അത്...ഞാൻ  അല്ലേ.. വീണ്ടും സൂം ചെയ്തു.. അതേ ഞാൻ തന്നെ...ഒന്നൂടെ സൂക്ഷിച്ചു നോക്കി...ഞാൻ ഇപ്പോൾ ഇട്ട അതേ ഡ്രസ്സ്‌ തന്നെ.. ഞാൻ സഞ്ചരിച്ച അതേ ബസ്..അതേ സീറ്റ്‌...അപ്പോൾ എന്റെ കൂടെ  ബസിൽ തൊട്ടടുത്തു ഇരുന്നത്..... നൗഫി... നീ ആയിരുന്നോ.. ഞാൻ ആണെന്ന് നീ തിരിച്ചറിഞ്ഞിട്ട് പോലും എന്തേ നീ എന്നോട് സംസാരിച്ചില്ല..8 മണിക്കൂർ നമ്മളൊരുമിച്ചു യാത്ര ചെയ്തിട്ടും ഞാൻ നിന്നെ അറിയാതെ പോയല്ലോ ഡാ ..


കണ്ണുനീർ ധാര ധാരയായി പൊഴിഞ്ഞു കൊണ്ടേയിരുന്നു. അവൻ എന്നെ തിരിച്ചറിഞ്ഞിട്ടും ഒരു വാക്ക് എന്നോട് മിണ്ടിയില്ലല്ലോ എന്നത് എന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു..


ആഹാ.. പണ്ട് കോളേജിൽ നിന്നും തുടങ്ങിയ ബസ് യാത്ര വർഷങ്ങൾ ഇത്ര ആയിട്ടും അവസാനിച്ചിച്ചില്ലേ  രണ്ടാളും..ഹാവ് എ ഹാപ്പി ആൻഡ് ലോങ്ങ്‌ ജേർണി ഡിയേഴ്‌സ്...


നിങ്ങളെ പോലെ നിങ്ങൾ മാത്രം!!!


യസ്..അറ്റ്ലാസ്റ്റ്  ഗോട്ട് ദി മോസ്റ്റ്‌ അവൈറ്റഡ് ഫോട്ടോ..എവെർഗ്രീൻ ഫ്രണ്ട്‌സ് 


ഗ്രൂപ്പിൽ ഫോട്ടോയ്ക്ക് താഴെ കമന്റുകൾ വന്നു കൊണ്ടേയിരുന്നു.


ഞങ്ങളെ ഒരുമിച്ച് കണ്ടതിൽ എല്ലാവരും ഹാപ്പി ആണ്.. പക്ഷേ സത്യാവസ്ഥ ആർക്കും അറിയില്ലല്ലോ... എന്നോട് മിണ്ടാൻ പോലും താത്പര്യം ഇല്ലാത്തവൻ പിന്നെ എന്തിനാ എന്റെ ഫോട്ടോ എടുത്തേ..? അതും പോരാഞ്ഞു ഗ്രൂപ്പിൽ ഇട്ടിരിക്കുന്നു.. എനിക്ക് പരിചയമുണ്ടായിരുന്ന നൗഫി ഇങ്ങനെ ആയിരുന്നില്ല... ഇനീപ്പോ ഈ ഫോട്ടോ സ്റ്റാറ്റസ് ആക്കി ഇട്ടിട്ടുണ്ടാകുമോ.. ആ സംശയം വന്നതും ഞാൻ വേഗം അവന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്തു..6 മണിക്കൂർ മുന്നേ എന്തോ പോസ്റ്റിയിട്ടുണ്ട്.. ഞാൻ വേഗം തുറന്ന് നോക്കി...


ഫോട്ടോ ഇല്ല.. പകരം എന്തോ  ടൈപ്പ് ചെയ്ത്  ഇട്ടിരിക്കുന്നു .ഞാൻ മെല്ലെ ആ വരികളിലൂടെ കണ്ണോടിച്ചു.


"പാതി വഴിയിൽ മുറിഞ്ഞ വാചാലതകൾ

വീണ്ടും കൂട്ടിച്ചേർക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലതല്ലേ

ആർക്കും ശല്യമാവാതെ 

മൗനത്തിന്റെ മറയിൽ  മൂകമായ് ഇരുന്ന് 

ഇന്നലെകളിലേക്ക് ഒളിഞ്ഞു നോക്കുന്നത്............ഒന്നു മിണ്ടാൻ മനസ്സ് വെമ്പുന്നുണ്ട്..  ഹൃദയ താളങ്ങൾ ഞാൻ തൊട്ടടുത്തിരുന്നു ശ്രവിക്കുന്നുണ്ട്.. പക്ഷേ വേണ്ടാ... പുതുതായി ഒന്നും തുടങ്ങി വെയ്ക്കേണ്ട...ഇതിങ്ങനെ തന്നെ ശാന്തമായി ഒഴുകട്ടെ..."


പലയാവർത്തി അവനെഴുതിയത് വായിച്ചു.. എന്റെ തൊട്ടടുത്ത് ഇരുന്ന് അവൻ എഴുതിയ വരികൾ.....ഞാൻ അറിയാതെ പോയ നിമിഷങ്ങൾ... അവനെ കുറിച്ച് ഓർക്കുമ്പോഴും ഒരു കൈ അകലെ അവനുണ്ടെന്ന കാര്യം ഞാൻ തിരിച്ചറിയാതെ പോയല്ലോ....


ശരിയാണ്.. അവൻ ചെയ്തതാണ് ശരി.. പാതി വഴിയിൽ ഉപേക്ഷിച്ചതെല്ലാം അവിടെ തന്നെ കിടക്കട്ടെ... വീണ്ടും കൂട്ടിച്ചേർക്കലുകൾ വേണ്ടാ...ഒരുപക്ഷെ വിള്ളലുകൾ സംഭവിക്കുന്നത് ഞങ്ങൾക്കിടയിൽ ആവില്ല..ഞങ്ങളോട് ചേർന്ന് നിൽക്കുന്ന പലരോടും ആവും . അങ്ങനെ സംഭവിക്കാൻ ഇടയാവരുത്.. ബന്ധനങ്ങൾ ഇല്ലാത്ത പക്ഷികൾ ആയിരുന്നെങ്കിൽ എന്നോ ഞങ്ങൾ   ഒരുമിച്ച് ഉയരങ്ങളിലേക്ക് പറന്നു പോയേനെ... മൗനമായ്... മൂകമായ്... ഈ യാത്ര ഇങ്ങനെ തന്നെ തുടരട്ടെ.. ഇന്നലെകളിലേക്ക് വല്ലപ്പോഴും ഉള്ള ഒരു ഒളിഞ്ഞു നോട്ടം.. അതുമാത്രം മതി... അതുമാത്രം...


ശുഭം.

To Top