പരസ്പരം കാര്യങ്ങൾ സംസാരിച്ചു പിരിഞ്ഞു. പിരിയുമ്പോൾ ഫോൺ നമ്പർ കൈമാറാൻ മറന്നിരുന്നില്ല.

Valappottukal


കടപ്പാട്: ഒ.കെ. ശൈലജ ടീച്ചർ

വൈകിയെത്തിയ വസന്തം

***********************


അംബികയ്ക്കു രണ്ടു മക്കൾ. അവരുടെ അച്ഛൻ ബാലചന്ദ്രൻ ഓട്ടോ ഡ്രൈവറായിരുന്നു.

ഒരു തുലാമഴപെയ്ത്തിലെ ഇടിമിന്നൽ വകവെക്കാതെ,   ഓട്ടം കഴിഞ്ഞു വീട്ടിലേക്കു നടന്നുവരികയായിരുന്നു. മിന്നൽ പ്രഹരത്തിൽ ആ ജീവൻ പൊലിയുമ്പോൾ മക്കൾ കുഞ്ഞുങ്ങളായിരുന്നു. പിന്നീട് തൻ്റെ കുഞ്ഞുങ്ങളെ വളർത്താനും പഠിപ്പിക്കാനും വിധവയായ അംബിക വളരെയേറെ കഷ്ടപ്പെട്ടു. ആരുടേയും മുന്നിൽ സഹായത്തിനവർ പോയിരുന്നില്ല.


ബാലചന്ദ്രൻ മരിക്കുന്ന സമയത്ത് സ്വന്തമായി വീടുണ്ടായിരുന്നില്ല. വീട് നിർമ്മിക്കാനായി അഞ്ച് സെൻ്റ് ഭൂമി വാങ്ങിയതു തന്നെ ഉള്ളതെല്ലാം വിറ്റു പെറുക്കിയും കൂട്ടുകാരോട് കടം വാങ്ങിയുമായിരുന്നു. കുടുംബനാഥൻ്റെ വിയോഗത്തിലുള്ള ദു:ഖത്തിനൊപ്പം കടബാദ്ധ്യതകളും അവരെ വീർപ്പുമുട്ടിച്ചു. വീട്ടുവാടക കൊടുക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും പറ്റാതായപ്പോൾ വീട്ടുടമയുടെ ശകാരവും കേൾക്കേണ്ടിവന്നു.

പറക്കമുറ്റാത്ത തൻ്റെ കുഞ്ഞുങ്ങളുടെ വിശന്നുതളർന്ന മുഖം പല രാത്രിയിലും അവളുടെ ഉറക്കം കെടുത്തിയപ്പോൾ അവളൊരു തീരുമാനമെടുത്തു.


ഇളയ മകൾക്ക് രണ്ടര വയസ്സേ ആയുള്ളുവെങ്കിലും അവളേയും നാലരവയസ്സായ മോനോടൊപ്പം അംഗനവാടിയിലയച്ചു.


അംബികയുടെ നിജസ്ഥിതി അറിയാവുന്ന ടീച്ചർ കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിച്ചതുകൊണ്ട് വലിയൊരു വിഷമം അംബികയ്ക്ക് മാറിക്കിട്ടി.

വീടിന് കുറച്ചു അകലെയുള്ള ഒരു ഹോട്ടലിൽ പാചകക്കാരിയായി ജോലിചെയ്തു തുടങ്ങി. അതോടൊപ്പം തന്നെ കുറച്ചു മുട്ടക്കോഴികളെ വാങ്ങി വീട്ടിൽ വളർത്തി.

വീട്ടുചെലവു കഴിഞ്ഞ് ബാക്കിതുക വാടകക്കുടിശ്ശിക കൊടുത്തു തീർത്തു.


വാർഡ്മെമ്പറെയും മറ്റും കണ്ടു സംസാരിച്ചു വിധവപെൻഷൻ ശരിയാക്കി. അങ്ങനെ  വീടുനിർമ്മാണത്തിനുള്ള ധനസഹായത്തിനു വേണ്ട കാര്യങ്ങളും ചെയ്തു.

അംബികയുടെ കഠിനാദ്ധ്വാനവും ഇച്ഛാശക്തിയും കണ്ടു കുടുംബശ്രീ തലത്തിൽ നിന്നും അവൾക്ക് സഹായം ലഭിച്ചു. വളരെ സജീവമായി നാട്ടിലെ കാര്യങ്ങളിൽ ഇടപെടുന്ന അവളുടെ നല്ല സ്വഭാവം കാരണം എല്ലാവർക്കും വളരെ സ്നേഹമായിരുന്നു അംബികയോട്.

കാലം അതിവേഗം കടന്നുപോയി.


 സാമാന്യം നല്ലൊരു വീട് പണിതു. മക്കൾക്ക് നല്ല വിദ്യാഭ്യാസം നല്കിയെന്നു മാത്രമല്ല, രണ്ടുപേരുടേയും വിവാഹവും ഭംഗിയായി നടത്തി.

അച്ഛനില്ലാത്ത കുറവു ഒരിക്കൽ പോലും തൻ്റെ മക്കളെ അറിയിക്കാതെ വളർത്തി. അവർക്ക് അവരുടേതായ ജീവിതവും ആയി.


തൻ്റെ വീട്ടിൽ ആത്മസംതൃപ്തിയോടെ, ആരേയും ആശ്രയിക്കാതെ സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുമ്പോഴും ഏകാന്തത അവളെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു.


 അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു ടൗണിലെ കടയിൽ നിന്നും പച്ചക്കറിവാങ്ങിക്കൊണ്ടിരിക്കെ അവളുടെ പേര് ആരോ വിളിക്കുന്നതുപോലെ അവൾക്കു തോന്നി." അംബികേ... അംബികേ..."

അവൾ തിരിഞ്ഞു നോക്കിയപ്പോൾ പരിചിതമായ മുഖം."ദിവാകരനല്ലേ?"

"അപ്പോൾ നീ എന്നെ മറന്നിട്ടില്ല. എവിടെയാണ് നിൻ്റെ വീട്. ഇവിടെ അടുത്താണോ? എൻ്റെ കടയാണ് അത്."ദിവാകരൻ തൊട്ടപ്പുറത്തുള്ള ടെക്സ്റ്റൈൽസ് ചൂണ്ടിക്കാണിച്ചു കൊണ്ടു പറഞ്ഞു.

കുറച്ചുനേരം അവർ പരസ്പരം കാര്യങ്ങൾ സംസാരിച്ചു പിരിഞ്ഞു. പിരിയുമ്പോൾ ഫോൺ നമ്പർ കൈമാറാൻ മറന്നിരുന്നില്ല. രണ്ടുപേരും പ്ലസ്ടുവിന് ഒരു ക്ലാസ്സിലായിരുന്നു. മാത്രവുമല്ല നന്നായി പാടുമായിരുന്നതുകൊണ്ട് അവർ നല്ല സുഹൃത്തുക്കളുമായിരുന്നു.

പ്ലസ്ടു കഴിഞ്ഞ ഉടനെ അംബികയുടെ വിവാഹം കഴിഞ്ഞു. പിന്നെ ദിവാകരൻ ഡിഗ്രി കഴിഞ്ഞ് അവൻ്റെ അച്ഛൻ്റെ ടെക്സ്റ്റൈൽസ് ഏറ്റെടുത്തു.


വിവാഹിതനായെങ്കിലും രണ്ടാമത്തെ പ്രസവത്തിൽ ഭാര്യ മരണപ്പെട്ടു. മൂത്തകുട്ടിക്ക് പത്തുവയസ്സുള്ളപ്പോഴായിരുന്നു. രണ്ടാമത്തേത് പെൺകുഞ്ഞായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴുണ്ടായ ശ്വാസതടസ്സത്തെ തുടർന്നു ആ കുഞ്ഞ് അമ്മയുടെ അടുത്തേക്കു പോയി.

പലരും നിർബന്ധിച്ചെങ്കിലും രണ്ടാമതൊരു വിവാഹം കഴിക്കാൻ ദിവാകരൻ്റെ മനസ്സനുവദിച്ചില്ല.


മകനെ നന്നായി വളർത്തി. അവൻ ബി.ടെക് ബിരുദം നേടി. ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ദിവാകരൻ്റെ അമ്മകൂടെയുള്ളതുകൊണ്ടു സമാധാനമായി പോകുന്നുവെന്ന് സംസാരത്തിൽ നിന്നും അംബികയ്ക്കു മനസ്സിലാക്കാൻ കഴിഞ്ഞു.

ഇടയ്ക്ക് ടൗണിൽ വെച്ച് അവർ തമ്മിൽ കാണും. വിശേഷങ്ങൾ സംസാരിക്കും. ചിലപ്പോൾ കാൾ ചെയ്യും.


ക്രമേണ അവരുടെ സൗഹൃദം പ്രണയത്തിലേക്കു വഴിമാറി.

ദിവാകരൻ അംബികയോടു അവൻ്റെ ആഗ്രഹം തുറന്നു ചോദിച്ചപ്പോൾ അവൾക്ക് ഒന്നും മറുപടി പറയാനായില്ല. മൗനമായിരുന്നെങ്കിലും ആ മുഖത്ത് വിടർന്ന പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും അവൾക്കു സമ്മതമാണെന്നുള്ളതിൻ്റെ തെളിവാണല്ലോ.


ദിവാകരൻ ഈ കാര്യം അമ്മയോട് സൂചിപ്പിച്ചപ്പോൾ അമ്മയ്ക്ക് വളരെ സന്തോഷമായി. തൻ്റെ മകനൊരു തുണയുണ്ടാകുമല്ലോ എന്ന ആശ്വാസമായിരുന്നു ആ മാതാവിന്.


അന്ന് രാത്രി രാഗേഷ് അച്ഛനുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ദിവാകരൻ്റെ അമ്മ അടുത്തു വന്നു.

"മോനേ..... രാഗേഷി നോട് ഇക്കാര്യം പറയണ്ടേ?"

" ഇതാ.... അമ്മ തന്നെ പറഞ്ഞോളൂ എനിക്കു വയ്യ. അവന് ഇഷ്ടമാകുമോ എന്തോ?"

ദിവാകരൻ്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി പാർവ്വതി കൊച്ചുമകനോട് സംസാരിച്ചു."

"അച്ഛമ്മയെന്താണ് പറയുന്നത്? ഇനി ഈ പ്രായത്തിലാണോ അച്ഛൻ കല്യാണം കഴിക്കുന്നത്? അവിടെ അച്ഛനോടൊപ്പം അച്ഛമ്മയില്ലേ?ഇതുവരെ അങ്ങനെ ആയിരുന്നില്ലേ?"

"നീ എന്താ മോനെ പറയുന്നത്. അച്ഛമ്മയ്ക്ക് വയ്യാതായി. ഇനി പറ്റുന്നില്ല വീട്ടിലെ കാര്യങ്ങൾ നോക്കാൻ. 

 നിന്നോടൊപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന നീ സ്നേഹിക്കുന്ന പെൺകുട്ടിയെ അല്ലേ നീ കല്യാണം കഴിക്കാൻ തീരുമാനിച്ചത്."

"അതെ അച്ഛമ്മേ. ആറ് മാസം കഴിഞ്ഞാൽ ഞങ്ങളുടെ വിവാഹം നടത്തണം. അതിനിടയിൽ അച്ഛനൊരു കല്യാണം വേണം എന്നു പറഞ്ഞാൽ എങ്ങനെയാണ് നടത്തുക."

"അതൊന്നും പറഞ്ഞാൽ പറ്റില്ല. നീ നാട്ടിൽ വന്നു അച്ഛനുമായി സംസാരിച്ചു വേണ്ടതുപോലെ ചെയ്യണം. നിൻ്റെ അമ്മ മരിച്ചിട്ട് ഇരുപത് വർഷമാകുന്നു. ഇതുവരെ മോനുവേണ്ടി മാത്രം ജീവിച്ചില്ലേ?"

"എനിക്കൊന്ന് ആലോചിക്കണം അച്ഛമ്മേ"

"എന്തായാലും ഞാൻ ആ പെണ്ണിനെയൊന്നു കണ്ടിട്ടു സംസാരിക്കട്ടെ. എന്നിട്ട് കല്യാണം രജിസ്റ്ററായി നടത്താം. എൻ്റെ കാലശേഷം നിൻ്റെ അച്ഛന് ഒരു തുണ വേണം. ഇതുവരെ അവൻ അതേപ്പറ്റി ചിന്തിക്കാത്തതുകൊണ്ട് ഞാനും അവനോട് നിർബന്ധിച്ചു പറഞ്ഞില്ല."


രാഗേഷിൻ്റെ താല്പര്യക്കുറവ് കണക്കിലെടുക്കാതെ പാർവ്വതി അംബികയെ ചെന്നു കണ്ടു കാര്യങ്ങളൊക്കെ വിശദമായി ചോദിക്കുകയും പറയുകയും ചെയ്തു.

വിവരം അംബികയുടെ മക്കളെ അവൾ അറിയിച്ചു. അവർക്ക് ഈ കാര്യം കേട്ട ഉടനെ ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീടവർ സമ്മതിച്ചു.


തങ്ങളുടെ അമ്മ വൈധവ്യദു:ഖവും പേറി കുടുംബം പോറ്റാൻ വേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞല്ലോ. അമ്മയ്ക്കൊരു സന്തോഷമുള്ള ജീവിതം കിട്ടട്ടെ എന്ന് മക്കളും ആഗ്രഹിച്ചു.


 ദിവാകരനും അംബികയും മക്കളുടെ സാന്നിധ്യത്തിൽ രജിസ്റ്റാർ ആഫീസിൽ വെച്ചു വിവാഹിതരായി. വളരെ അടുത്ത ബന്ധുക്കളും അയൽക്കാരും ദിവാകരൻ്റെ സുഹൃത്തുക്കളും ഈ ധന്യമുഹൂർത്തത്തിൽ പങ്കെടുത്ത് അവരെ ആശംസിച്ചു.


പാർവ്വതി തൻ്റെ മരുമകളായി  അംബികയെ സ്നേഹത്തോടെ സ്വീകരിച്ചുകൈപിടിച്ചു അകത്തേക്കു കൂട്ടിക്കൊണ്ടുവരുമ്പോൾ നിറകണ്ണുകളോടെയാണെങ്കിലും ദിവാകരൻ്റെ മുഖത്ത് വിടർന്ന പുഞ്ചിരി കണ്ടപ്പോൾ രാഗേഷിൻ്റെ ഉള്ളിലുണ്ടായിരുന്ന നീരസം പോയിമറഞ്ഞു.

തൻ്റെ രണ്ടാനമ്മയായല്ല അമ്മയായിട്ടു തന്നെയാണവർ ഈവീട്ടിലേക്കു വന്നതെന്ന് അവൻ മനസ്സിലുറപ്പിച്ചു. 


രാഗേഷ്

അച്ഛനേയും അമ്മയേയും ചേർത്തുപിടിച്ചതു കണ്ടപ്പോൾ പാർവ്വതിയുടെ മനസ്സ് നിറഞ്ഞു.

To Top