പുതുപെണ്ണിന്റെ നാണം ആയിരിക്കും ഇതിന് പിന്നിൽ എന്ന് കരുതി പുഞ്ചിരിയോടെ മാത്രമേ അതൊക്കെ കണ്ടിട്ടുള്ളൂ...

Valappottukal


രചന: Nabeela Farsana


അമീനിന്റെ വധു


"എന്താ ടാ അനക്ക് ഉറങ്ങാൻ ആയില്ലേ, വെള്ളം വേണോ കുടിക്കാൻ. കുറെ സമയം ആയല്ലോ കോഴി മുട്ട ഇടാൻ സ്ഥലം നോക്കി നടക്കണ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു "


ഉമ്മയുടെ അസ്ഥാനത്തുള്ള ചോദ്യം കേട്ട് അമീൻ പകച്ചു പോയി. അവന്റെ ഇഞ്ചി കടിച്ചത് പോലുള്ള മുഖം കണ്ടുകൊണ്ട് അനിയത്തി വാ പൊത്തി ചിരിച്ചു. അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ അടുത്ത് നിന്ന് പാത്രം കഴുകി കൊണ്ടിരിക്കുന്ന തന്റെ ഭാര്യയെ ഒന്ന് നോക്കി അവൻ.

മുഖം കുനിച്ചുകൊണ്ട് നിൽപ്പാണ്. താൻ നിൽക്കുന്ന ഭാഗത്തേക്ക് അറിയാതെ പോലും ഒന്ന് നോക്കുന്നില്ല. ആ മുഖം ഒന്നുയർതിയിരുന്നെങ്കിൽ ആ മുഖത്തെ ഭാവം എന്താണ് എന്ന് കൂടി അറിയാമായിരുന്നു.


"ടാ അമീനെ എന്താ ഇജ്ജ് ഈ നോക്കുന്നത് ".


"ഒന്നുല്ല ഇന്റെ പൊന്നുമ്മ 🙏

ആ നിന്ന് പാത്രം കഴുകുന്നില്ലേ എന്റെ വധു, അതിനെ ഒന്ന് വിട്ടു തന്നിരുന്നെങ്കിൽ എനിക്ക് പോയി ഉറങ്ങയിരുന്നു."


"പിന്നെ ഓള് ഇണ്ടായിട്ട് അല്ലെ പത്തിരുപത്തെട്ടു കൊല്ലം ഇജ്ജ് ഉറങ്ങീത്. പോയി കിടന്നുറങ്ങെടാ. ഇനിയും കുറച്ചു പണി കൂടി ബാക്കി ഇണ്ട്. അതും കൂടി കഴിഞ്ഞിട്ടേ ഞങ്ങൾ വരൂ."


ഉമ്മാനെ ഒന്ന് ദേഷ്യത്തോടെ നോക്കി അമീൻ അവിടെ നിന്ന് ചവിട്ടി തുള്ളി പോയി.

അത് കണ്ടതും ഉമ്മയും അനിയത്തിയും പൊട്ടിച്ചിരിച്ചു.


"രാത്രി ആ പാത്രം ഒന്ന് കഴുകി തരാൻ പറഞ്ഞാൽ ഇനിക്ക് ഉറക്കം വരുന്നുണ്ടുമ്മാ ന്നും പറഞ്ഞു ഓടി പോയി കിടക്കുന്നവനാണ്, ഈ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ നടക്കുന്നത്.മോള് ചെല്ല്, മതി ബാക്കി ഞാൻ എടുത്തോളാം. അല്ലെങ്കിൽ ഓൻ ഇനിയും വരും."


ഉമ്മ അവളോട്‌ ചിരിയോടെ പറയുന്നത് കേട്ട് റൂമിനുള്ളിൽ ഇരിക്കുന്ന അമീനിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.


കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചതോളം ആവുന്നതേ ഉള്ളൂ. ഒരുപാട് ആഗ്രഹിച്ചു വിവാഹം കഴിച്ചതാണ്. രണ്ടു പെങ്ങൾ മാരെ കെട്ടിച്ചു വിട്ട്, നല്ലൊരു ജോലി നേടി, വീട് പുതുക്കി പണിത്, അങ്ങനെ ജീവിതം ഒരു വിധം കരക്കടിഞ്ഞിട്ടാണ് വിവാഹം എന്നതിനെ കുറിച്ച് ആലോചിച്ചത്.

ചെറുപ്പത്തിൽ തന്നെ ഉപ്പയെ നഷ്ട്ടപെട്ടത് കൊണ്ട് പ്രാരാപ്തങ്ങളുടെ നടുവിലെ ജീവിതം ആയത് കൊണ്ട് പ്രേമിക്കാനോ വെറുതെ പോലും ഒരു പെണ്ണിന്റെ മുഖത്തേക്ക് നോക്കാനോ ഒന്നും സമയം കിട്ടിയിട്ടില്ല. എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്. എന്റെ വധു. അത് കൊണ്ട് തന്നെ ഒരുപാട് സന്തോഷത്തോടെ പ്രതീക്ഷയോടെയാണ് അവളുമൊത്തുള്ള ജീവിതം ഞാൻ ആഗ്രഹിക്കുന്നത്.


ഓരോന്നോർത്തുകൊണ്ട് കിടന്നിരുന്ന അവൻ ഉറങ്ങി പോയെന്ന് അവന് മനസ്സിലായത് ആരോ തേങ്ങി കരയുന്ന ശബ്ദം കേട്ടുകൊണ്ട് ഉറക്കം മുറിഞ്ഞപ്പോൾ മാത്രം ആണ്. Light ഓഫ്‌ ചെയ്തത് കൊണ്ട് തന്നെ മുറിയിൽ ഇരുട്ട് പരന്നിട്ടുണ്ട്. അവൻ കൈ കൊണ്ട് തപ്പിയെടുത്ത് ഫോണിലെ ലൈറ്റ് ഓൺ ചെയ്തു നോക്കി. കാട്ടിലിനു താഴെ ചുമരിലേക്ക് ചാരി ഇരുന്നുകൊണ്ട് കാൽ മുട്ടിലേക്ക് മുഖം പൂഴ്ത്തി കരയുന്ന തന്റെ ഭാര്യ.


അവൻ പകച്ചു കൊണ്ട് എണീറ്റു. മുറിയിലെ ലൈറ്റ് ഓൺ ചെയ്തതും അവൾ പേടിയോടെ മുഖം ഉയർത്തി.അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ടതും അവൻ പരിഭ്രാന്തിയോടെ അവളുടെ അടുത്തേക്ക് ചെന്നു.


"ഷാന , എന്താ....... എന്ത് പറ്റി. എന്തിനാ താൻ കരയുന്നത്. പറ. ഇവിടെ നിലത്തിരിക്കുന്നത് എന്തിനാ.ബെഡിലേക്ക് കയറി കിടക്കു. വാ..."


അവൻ പറഞ്ഞതൊന്നും കേൾക്കാത്ത രീതിയിൽ അവൾ അവിടെ തന്നെ തലയും

താഴ്ത്തി നിന്നു. അമീൻ ഇവൾക്ക് എന്ത് പറ്റി എന്നറിയാതെ കുഴഞ്ഞു. കരയുന്നില്ലെങ്കിലും ഇപ്പോഴും എങ്ങലടികൾ കേൾക്കാം. ഒരുപാട് സമയം ഷാനയെ അമീൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. അവൻ പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്ന പോലും ഇല്ലെന്നു മനസ്സിലാക്കിയ അവന് നിരാശ തോന്നി. ഒന്ന് മുഖം പോലും ഉയർത്തി നോക്കാതിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു.


"നിന്നോടല്ലേ പറഞ്ഞത് ഈ കണ്ണീരോന്നു നിർത്താൻ  അവിടെ കിടക്കയിൽ പോയി കിടക്കെടി........."


അതൊരു അലർച്ച ആയിരുന്നു.

അത് കേട്ടതും അവൾ ഒരു പൂച്ചാകുഞ്ഞിനെ പോലെ പതുങ്ങി കിടക്കയുടെ ഒരറ്റത്ത് കൂനികൂടി കിടന്നു.

അത് കണ്ടതും അമീനിനു വല്ലാതെ ആയെങ്കിലും കരച്ചിൽ നിർത്തുന്നില്ല എന്ന് കണ്ടതും വീണ്ടും ദേഷ്യപ്പെടേണ്ടി വന്നു. ഉറച്ച ശബ്ദത്തിൽ നിന്റെ കരച്ചിൽ ഇപ്പോൾ അവസാനിപ്പിക്കണം എന്നവൻ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം ശബ്ദം ഒന്നും കേൾക്കാതായപ്പോൾ ഷാന ഉറങ്ങിയെന്ന് അവന് മനസ്സിലായി.


ബെഡിന്റെ ഒരാറ്റത്തു പതുങ്ങി കിടക്കുന്ന അവളെ കണ്ടതും അമീൻ ഒന്ന് നെടുവീർപ്പിട്ടു.


കല്യാണം കഴിഞ്ഞിട്ട്  ആഴ്ച ഒന്നായെങ്കിലും ഒരു തുറന്ന സംസാരമോ, ഒരു പുഞ്ചിരിയോ അറിയാതെ പോലും ഉണ്ടായിട്ടില്ല. ആദ്യരാത്രിയിൽ തന്നെ അവൾക്ക് പീരിയഡ്‌സ് ആണെന്ന് പറഞ്ഞിരുന്നു. സഹോദരിമാർ ആ ദിവസങ്ങളിൽ അനുഭവിക്കുന്ന വിഷമം കണ്ടിട്ടുള്ളതിനാൽ ശല്യപെടുത്താൻ പോയില്ല. രാത്രി ഏറെ വൈകി ഞാൻ കിടന്നതിന് ശേഷം മാത്രമേ റൂമിലേക്ക് വരൂ.

എപ്പോഴും ഉമ്മയുടെയോ അനിയത്തിയുടെയോ മറ പറ്റി മാത്രം നടക്കും. എന്നെ കാണുന്ന സമയങ്ങളിൽ എല്ലാം ഒഴിഞ്ഞു മാറി തലയും താഴ്ത്തി നിൽക്കും. പുതുപെണ്ണിന്റെ നാണം ആയിരിക്കും ഇതിന് പിന്നിൽ എന്ന് കരുതി പുഞ്ചിരിയോടെ മാത്രമേ അതൊക്കെ കണ്ടിട്ടുള്ളൂ. പക്ഷേ അതല്ല. ഇപ്പോയുള്ള ഈ കരച്ചിൽ കൂടി ചേർത്ത് വായിക്കുമ്പോൾ മറ്റെന്തോ കാരണം കൂടി ഉണ്ട്. അവൻ മനസ്സിൽ ഉറച്ച ഒരു തീരുമാനവും എടുത്തു കൊണ്ട് ഫോണിൽ ഒരു നമ്പറിലേക്ക് കാൾ ചെയ്തു കൊണ്ട് വാതിൽ ചാരി പുറത്തിറങ്ങി.


കോട മഞ്ഞുകൊണ്ട് കണ്ണുകാണാത്ത കാടിനുള്ളിലെ റിസോർട്ടിലേക്ക് അമീൻ കാർ ഓടിച്ചു കയറ്റി. പുറകിലെ സീറ്റിൽ ഇരുന്നുറങ്ങുന്ന ഷാനയെ അവൻ തട്ടി വിളിച്ചു. ഉറക്കം മുറിഞ്ഞു കൊണ്ട് കണ്ണുകൾ തുറന്നു നോക്കിയപ്പോൾ തന്നെ നോക്കി നിൽക്കുന്ന അമീനെ കണ്ടു കൊണ്ടവൾക്ക് ജാള്യത തോന്നി.


"വാ ഇറങ്, സ്ഥലം എത്തി."


അവളോടായി പറഞ്ഞു കൊണ്ടവൻ പുറത്തേക്കിറങ്ങി. ചെക്ക് ഇൻ ചെയ്തു കൊണ്ട് തങ്ങൾക്കായി അനുവാദിച്ചു തന്ന കോട്ടജിലേക്ക് നടക്കുമ്പോഴും അമീൻ ഷാനയെ ശ്രദ്ധിച്ചു.തലയും താഴ്ത്തി പിടിച്ചു കൊണ്ട് തന്നെ ആണ് നടത്തം. ഒരുപാട് നിർബന്ധം പിടിച്ചിട്ടാണ് ഈ യാത്രക്ക് അവൾ സമ്മതിച്ചു തന്നത്. സമ്മതിച്ചു എന്ന് പറയാൻ ആവില്ല പിടിച്ച പിടിയാലേ കൊണ്ട് വന്നു. ഈ യാത്ര ഒരു അത്യാവശ്യം ആണ്. മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു കൊണ്ട് സ്വപ്നം കണ്ട ഒരു ജീവിതം തുടങ്ങാൻ.


ഒഴിഞ്ഞു മാറി നടക്കുന്ന ഷാനയെ ഒരു ദിവസം ഒക്കെ അവളുടേതായ ലോകത്തു വിട്ടു കൊണ്ട് അമീൻ അവളെ ശ്രദ്ധിച്ചു. എപ്പോഴും വിദൂരതയിലേക്ക് നോക്കി എന്തൊക്കെയോ ആലോചനയിൽ ആണ്.

ഇടക്ക് മിഴികൾ നിറയുന്നത് കാണാം. ഞാൻ ഉറങ്ങുന്നത് വരെ ഭയത്തോടെ കണ്ണുകൾ തുറന്നിരിക്കും. ഇവിടെ മറ്റാരെയും ആശ്രയിക്കാനോ കൂട്ടുകൂടാനോ ഇല്ലാത്തത് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ മാത്രം എന്തെങ്കിലും ആവിശ്യം ഉന്നയിക്കും.


അമീൻ ഉറങ്ങി എന്നുറപ്പു വരുത്തികൊണ്ട് ഷാന ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.

ഇരുട്ട് നിറഞ്ഞു നിൽക്കുന്ന കാടിനുള്ളിലേക്ക് നോക്കി നിൽക്കുന്നതിനിടയിൽ ആണ് തന്റെ ചുമലിൽ രണ്ടു കൈകൾ മുറുകുന്നത് ഷാനക്ക് തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ അമീൻ ആണ്.

അവൾ പരിഭ്രാന്തിയോടെ അവനെ നോക്കി.

കൈകൾ തന്റെ മേലിൽ നിന്നും എടുത്തു മാറ്റാൻ അവളൊരു പാഴ് ശ്രമം നടത്തി. അത് വീണ്ടും മുറുകിയതല്ലാതെ അവൻ ആ കൈകൾ എടുത്തില്ല.


"ഞാൻ മഹറുകെട്ടി സ്വന്തം ആക്കിയ എന്റെ വധു ആണ് നീ. പരസ്പരം മിണ്ടാതെ, അറിയാതെ ശരീരവും മനസ്സും അകന്നു ജീവിക്കാൻ അല്ല ഞാൻ നിന്നെ സ്വന്തം ആക്കിയത്. എനിക്ക് ഒരു ഇണ വേണം. എന്റെ കൂടെ സുഖത്തിലും, ദുഖത്തിലും താങ്ങും തണലും വേണം. എന്റെ പ്രദിസന്ധികളിൽ എന്റെ ഭാരം ഇറക്കി വെക്കാൻ ഒരു ചുമൽ ആവിശ്യം ഉണ്ട്. അതിലേറെ എന്റെ സ്നേഹം പങ്കുവെക്കാൻ ഇത്രയും കാലം ആർക്കും കൊടുക്കാതെ സൂക്ഷിച്ചു വെച്ച എന്റെ പ്രണയം മുഴുവനും നിനക്ക് നൽകണം. എന്റെ സ്വന്തം ആണെന്ന അധികാരത്തോടെ തന്നെ."


അതിനിങ്ങനെ രണ്ടു കോണുകളിൽ ആയി കഴിഞ്ഞാൽ പറ്റില്ല. തുറന്ന സംസാരങ്ങൾ ബന്ധങ്ങളിലെ ഇഴകൾ കൂട്ടി യോജിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. നീ പറയ്‌ എന്താണ് നിന്റെ പ്രശ്നം. എന്നെ അംഗീകരിച്ചു എന്റെ കൂടെ ജീവിക്കാൻ കഴിയാത്തതിന്റെ പ്രശ്നം എന്താണെന്ന് പറ.


അത്രയും പറഞ്ഞുകൊണ്ടവൻ അവളെ വിട്ടുകൊണ്ട് പുറത്തേക്ക് നോക്കി നിന്നു. ഒരുപാട് നിമിഷത്തെ നിശബ്ദതക്കു ശേഷം അവൾ പറഞ്ഞു തുടങ്ങി.


"ഇക്കയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ആദ്യത്തെ സ്ത്രീ ഞാൻ ആയിരിക്കും. എന്നാൽ ഞാൻ ഇതിന് മുൻപും മറ്റൊരാളുടെ വധു ആയിരുന്നു എന്ന കാര്യം ഇക്കാക്ക് അറിയാമല്ലോ. ഇക്കയുടെ കൂടെ ഇരിക്കുമ്പോൾ എല്ലാം കഴിഞ്ഞു പോയ ആ ജീവിതത്തിലെ ഓർമ്മകൾ ആണ് എന്നെ പിടികൂടുന്നത്. ഇക്കയുടെ കൂടെ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുമ്പോയെല്ലാം എന്റെ മുന്നിൽ തടസ്സം ആയി നിൽക്കുന്നത് എന്നെ മഹർ കെട്ടി ആദ്യമായി എല്ലാ അർഥതിലും സ്വന്തം ആക്കിയ മറ്റൊരാളുടെ മുഖം ആണ്. ഇക്ക എന്റെ രണ്ടാം ഭർത്താവ് ആണ്. ഒരുപാട് ആഗ്രഹങ്ങളോടെ ആദ്യ വിവാഹത്തിലേക്ക് ഇക്ക പ്രേവേശിച്ചത് പോലെ തന്നെ ആയിരുന്നു ഞാനും. എന്റെ ആദ്യ വിവാഹത്തിലും എനിക്ക് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു. എന്റെ ഉള്ളിൽ ഉള്ള മുഴുവൻ സ്നേഹവും ആത്മാർത്ഥയും ഞാൻ ആ ബന്ധത്തിൽ കൊടുത്തു കഴിഞ്ഞു. ഹൃദയം ഇക്കയെ സ്നേഹിക്കാൻ പറയുമ്പോയും മനസ്സിൽ തെളിഞ്ഞു വരുന്നത് പഴയ ഓർമ്മകൾ ആണ്. എനിക്ക് പറ്റുന്നില്ല.......... എനിക്ക് കഴിയുന്നില്ല....... ഞാൻ ഇതിനിടയിൽ കിടന്നു ശ്വാസം വലിക്കുകയാണ്.ഇടക്ക് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ 

തോനുന്നു. എനിക്ക് പറ്റുന്നില്ല ഇക്ക....... എന്നെ ഉപേക്ഷിച്ചു കളഞ്ഞേരെ........."


അവളുടെ മനസിക അവസ്ഥ അമീനിനെ പറഞ്ഞു മനസ്സിലാക്കാൻ വാക്കുകൾ കിട്ടാതെ അവൾ മുഖം പൊത്തി കരഞ്ഞു. അവളെ അവൻ മാറിലേക്ക് ചേർത്ത് പിടിച്ചു. ഇത്രയും ദിവസം അവൾ നിശബ്ദമായി കരഞ്ഞത് മുഴുവൻ പുറത്തേക്ക് ഒഴുക്കി വിടട്ടെ എന്ന് കരുതി അവൻ കാത്തിരുന്നു.


ഒരു വിധം അവളുടെ എങ്ങലടികൾ നിന്നു എന്ന് മനസ്സിലാക്കിയതും അവൻ സംസാരിക്കാൻ തുടങ്ങി.


"നിന്റെ പഴയ കാലം അറിഞ്ഞു കൊണ്ട് തന്നെ ആണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്. എല്ലാം അംഗീകരിച്ചു ജീവിക്കാൻ തയ്യാറായി തന്നെ. നിന്റെ മനസ്സിൽ നിന്നും പെട്ടന്നൊന്നും പഴയ ജീവിതത്തിന്റെ ശേഷിപ്പുകൾ എടുത്തു കളയാൻ ആവില്ലെന്നും അറിയാം. പക്ഷേ എനിക്ക് നിന്നെ വേണം. ആദ്യം കണ്ട മാത്രയിൽ തന്നെ നീ എന്റെ ഹൃദയത്തിൽ ഉണ്ട്. ബന്ധുക്കൾ മുഴുവനും എതിർത്തിട്ടും ഞാൻ എന്റെ മനസും ഉമ്മയുടെ മനസ്സും വാക്കുകളും മാത്രം ആണ് കേട്ടത്.


ഒരു വിധവക്ക് ജീവിതം കൊടുക്കാൻ കഴിഞ്ഞാൽ നിനക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം അത് മാത്രം ആണ് മോനെ എന്ന എന്റെ ഉമ്മയുടെ വാക്ക്.

ഞങ്ങൾ നിന്നെ അംഗീകരിച്ചു കഴിഞ്ഞു. പരസ്പരം സ്നേഹം പങ്കു വെച്ചു ജീവിക്കുമ്പോൾ നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയും. എന്നിൽ നിന്നും ഒഴിഞ്ഞു മാറിയാൽ നമ്മൾ ഒരു തോണിയിൽ രണ്ടു തീരത്തേക്ക് തുഴയുന്ന പോലെ ആവും ജീവിതം.


നീ എന്റെ ജീവിത്തിലേക് വധു ആയി വന്ന നിമിഷം മുതൽ ഞാൻ സ്വപ്നം കണ്ട ഒരു ജീവിതം ഉണ്ട്. അതിന് വേണ്ടി എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ്. നിന്നെ പ്രണയിച്ചു കൊണ്ട് തന്നെ. നീയും പൂർണ്ണ മനസ്സോടെ എന്റെ പ്രണയം സ്വീകരിക്കാൻ തയ്യാറായാൽ മാത്രം മതി. പഴയതിനേക്കാൾ തീവ്രമായി തന്നെ നിനക്ക് എന്നെ പ്രണയിക്കാൻ ആവും എന്ന് എനിക്ക് ഉറപ്പുണ്ട്. അത് എന്റെ ഹൃദയത്തിൽ നിന്നോടുള്ള അടങ്ങാത്ത പ്രേണയത്തിനുള്ള ഉറപ്പാണ്. മഹർ ചാർത്തിയപ്പോൾ എന്റെ വധു വിനും എന്റെ ഹൃദയത്തിനും ഏകനായവനും കൊടുത്ത വക്താനം ആണ്. "


അവന്റെ വാക്കുകൾ കേട്ട് അവളുടെ ഹൃദയതിൽ സ്നേഹത്തിന്റെ നീർച്ചാലുകൾ

ഉറവ പൊട്ടി. റൈലിംഗിൽ പിടിച്ചു നിൽക്കുന്ന അവന്റെ കൈകളിൽ അവൾ വിരൽ കോർത്തു അതികം വൈകാതെ  ആ നീർച്ചാലുകൾ ഒരു പുഴയായി ഒഴുകും എന്ന പ്രേധീക്ഷയോടെ.


വിദൂരതയിലേക്കാണ് അവന്റെ നോട്ടം ഏങ്കിലും അവളുടെ ചുണ്ടുകളിൽ ആത്മവിശ്വാസത്തോടെ തെളിഞ്ഞ പുഞ്ചിരി ഉണ്ടെന്ന ഉറപ്പിൽ അവനിലും ഉണ്ടായിരുന്നു മനോഹരമായ ഒരു പുഞ്ചിരി.......................

To Top