രചന: സിന്ധു അപ്പുക്കുട്ടൻ
പ്രണയവർണ്ണങ്ങൾ
***************
"ഞാനവളോട് പറഞ്ഞു നോക്കാം പ്രഭേ..സമ്മതിക്കുന്ന കാര്യം ഉറപ്പൊന്നുമില്ല. പറയാം. അത്രന്നെ."
ആതിര കയറി വരുമ്പോൾ കൃഷ്ണനുണ്ണി ഫോണിൽ സംസാരിച്ചുകൊണ്ട് സെറ്റിയിലിരിപ്പുണ്ട്.
"ദാ, അവളെത്തി ഞാൻ കൊടുക്കാം. പ്രഭ സംസാരിച്ചോളൂ.
അച്ഛന്റെ വർത്തമാനത്തിൽ നിന്ന് അപ്പുറത്ത് ചെറിയച്ഛൻ പ്രഭാകരനാണെന്ന് ആതിരക്ക് മനസ്സിലായി.
എന്താ..?
അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു.
"ആ എന്നാപ്പിന്നെ അങ്ങനെയാകട്ടെ ഞാൻ പറഞ്ഞോളാം അവളോട്. ഉണ്ണി ഫോൺ കട്ട് ചെയ്ത് അവളെ നോക്കി ചിരിച്ചു.
"എന്താ ചെറിയച്ഛനുമായിട്ടൊരു സീരിയസ് ഡിസ്കഷൻ ?
പറയാം. നീ വാ ചായയിട്ടു തരാം.
വേണ്ട അവിടിരുന്നോ ഞാനിടാം ചായ.
ആതിര ബാഗ് മേശപ്പുറത്തു വെച്ച് അടുക്കളയിലേക്ക് നടന്നു.
കൃഷ്ണനുണ്ണി അവൾക്ക് പിന്നാലെയും.
"എന്താന്റുണ്ണ്യേ ആ പ്രഭാകരൻ പറയണത്?
ചായയിൽ മധുരമിട്ട് ഒരു കപ്പിൽ പകർത്തി അച്ഛനു നേരെ നീട്ടി, മുത്തശ്ശിയെ അനുകരിച്ചു കൊണ്ട് ആതിര ചോദിച്ചു.
"ദേ, പെണ്ണേ പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്റെമ്മയെ കളിയാക്കരുതെന്ന്. ചെവി ഞാൻ പൊന്നാക്കും "
ചിരി വന്നെങ്കിലും അത് മറച്ച് കപട ദേഷ്യം അഭിനയിച്ചു കൊണ്ട് കൃഷ്ണനുണ്ണി അവളുടെ ചെവിയിൽ പിടിച്ചു.
എന്നാപ്പിന്നെ നല്ല ഗ്രാമറൊക്കെ ചേർത്തങ്ങു ചോദിക്കാം.
"വാട്ട് ഡിഡ് മിസ്റ്റർ പ്രഭാകരൻ ടെൽ യു ??
"നിന്നെ ഉടനെ ചങ്ങലക്കിടണം ന്ന്... ന്ത്യേ
"ഇത്തിരി നീളമുള്ള ചങ്ങലതന്നെ നോക്കി മേടിച്ചോളാൻ ചെറിയച്ഛനോട് പറഞ്ഞേക്ക്. ഒരറ്റത്തു കൃഷ്ണനുണ്ണിയേം തളക്കാനുള്ളതല്ലേ."
അവൾ ചായയുമായി ഹാളിലേക്ക് നടന്നു.
"ഹഹഹ.... അത് വേണ്ടി വരും നീ ചാടിപോകുന്നുണ്ടോന്ന് നോക്കേണ്ട ചുമതല എനിക്കല്ലേ.. ഹഹഹ
ചിരിച്ച് ചായ തൊണ്ടയിൽ തടഞ്ഞു ചുമക്കുന്നതിനിടയിൽ ഉണ്ണി പറഞ്ഞൊപ്പിച്ചു.
ങാ...അതാണ്.. ആതിര അയാളുടെ നെറുകയിൽ മെല്ലെ തട്ടികൊടുത്തുകൊണ്ട് പറഞ്ഞു.
ആ അതൊക്കെ പോട്ടെ എന്തുട്ടാ കഴിക്കാനുള്ളെ എനിക്ക് വിശന്നു കുടല് കരിയുന്നു.
കൃഷ്ണനുണ്ണിക്ക് കടയിൽ നിന്നൊരു നാലുമണിച്ചായ പതിവുണ്ട്. തിരിച്ചു വരുമ്പോൾ ആതിരക്കായി പരിപ്പുവടയൊ, പഴംപൊരിയോ മറ്റെന്തെങ്കിലുമൊക്കെയോ വാങ്ങിക്കൊണ്ട് വരും.
"സുഖിയനുണ്ട്. ദാ ടേബിളിലിരിക്കുന്നു.
ഡൈനിങ് ടേബിളിലെ ചെറിയ കടലാസുപൊതി ചൂണ്ടി അയാൾ പറഞ്ഞു.
****-*******************------******
രാത്രി ഫോണിൽ നോക്കി ചെരിഞ്ഞു കിടക്കുന്ന അച്ഛനരികിലേക്ക് ആതിര പൂച്ചയെപ്പോലെ പതുങ്ങിച്ചെന്നു.
അയാൾ എന്തോ തമാശ കെട്ടിട്ടെന്നവണ്ണം ഊറിയൂറി ചിരിച്ചുകൊണ്ട് സ്വയം മറന്നു കിടക്കുകയായിരുന്നു.
"ഹോ.. കള്ളക്കിളവൻ എന്താ വയസാംകാലത്തെ ഒരു ഒലിപ്പിക്കൽ. കുണുങ്ങിക്കുണുങ്ങി ഒരു ചിരിയും.ആരാവോ ഇന്ന് ഷുഗർ കലക്കി തരുന്നേ.
ഉണ്ണി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി. പിന്നെ ഫോൺ ബെഡിൽ വെച്ച് മലർന്ന് കിടന്നു.
"ഈ പിശാശിനു ഉറക്കവുമില്ലേ. ഉറങ്ങാൻ കിടക്കുന്നവരെ ശല്യം ചെയ്യാനായിട്ട് ഇറങ്ങി തിരിച്ചേക്കുവാണല്ലോ.
"ഓ.. പിന്നേ ഭയങ്കര ഉറക്കമല്ലായിരുന്നോ. ഫോണിൽ നോക്കി കിടന്നോണ്ട്."
അവൾ കയ്യിലിരുന്ന തലയിണ കട്ടിലിലേക്കിട്ട് സൈഡിൽ കയറി കിടന്നു കൊണ്ട് പറഞ്ഞു.
"ഇതെന്താ...? നീയിവിടെയാണോ കിടക്കുന്നെ?
"ആണല്ലോ... ഇന്നത്തെ ഷുഗർ ചാറ്റിംഗ് കാൻസൽഡ്. മര്യാദക്ക് കിടന്നു ഉറങ്ങാൻ നോക്കിക്കോ.
"അതിന് ഞാൻ ചാറ്റിംഗ് ആണെന്ന് ആര് പറഞ്ഞു. ഗ്രൂപ്പിൽ എല്ലാരും ഫ്രീയാകുന്നത് ഈ നേരത്താ. ഓരോ വിശേഷങ്ങൾ പറയുവാ എല്ലാരും കൂടി.
ഉവ്വ്വ്വ്... പണ്ടത്തെ കാമുകിമാരുടെ നമ്പറുകൾ എല്ലാം സേവ് ചെയ്തു വെച്ചിട്ട് പേർസണൽ ചാറ്റല്ലേ... മിനി, ബിനി, വിജി, സ്റ്റെല്ല... ഉം.. ഞാൻ ഒന്നും കാണുന്നില്ലന്നാ വിചാരം.
"ഹഹഹ... ഒന്ന് പോയെടി കുരിപ്പേ..നീയെന്റെ കയ്യോണ്ട് ചാകാതെ നോക്കിക്കോ.
അതിനും മുന്നേ കൃഷ്ണനുണ്ണിയെ ഞാൻ തട്ടും. പോരേ
ഉം... നീയെന്റെ മോള് തന്നെ. സമ്മതിച്ചു.
അയാൾ അതിരറ്റ വാത്സല്യത്തോടെ അവളെ ചുമലിൽ പിടിച്ചുതന്നോട് ചേർത്ത് കിടത്തി.
"അല്ല.. ഒരു ഡൗട് കവിതാന്റിയുണ്ടോ അച്ഛന്റെ കോൺടാക്ട് ലിസ്റ്റിൽ.?
"ഉം.. അവള് പക്ഷേ ഒന്നിലും കൂടുന്നില്ല. ഗ്രൂപ്പിൽ പേരെടുത്തു വിളിച്ചു ഓരോന്ന് ചോദിച്ചാലും മറുപടിയില്ല. അവളുടെ മനസ്സൊന്നു തണുക്കട്ടെ എന്നുകരുതിയാ ഞങ്ങളീ ചളിയെല്ലാം കോരിയി ടുന്നെ. എന്നിട്ടും..... അയാൾ പാതിയിൽ നിർത്തി.
"ആ അത് പോട്ടേ എന്താ ഇളയച്ഛൻ വിളിച്ചു പറഞ്ഞെ.?
അച്ഛന്റെ മൂഡ് മാറുന്നതറിഞ്ഞ ആതിര പെട്ടന്ന് വിഷയം മാറ്റി.
"അരുൺ അവനെ ചെന്ന് കണ്ടിരുന്നു ന്ന് "
"എന്തിന്?
"അവന്റെ കയ്യിൽ വാഴ വിൽക്കാനുണ്ടോ എന്നറിയാൻ.."
അയാൾ ദേഷ്യത്തോടെ അവൾക്കെതിരെക്ക് ചെരിഞ്ഞു കിടന്നു.
"ദേ... സീരിയസായിട്ട് ഒരു കാര്യം ചോദിക്കുമ്പോ ചുമ്മാ ചൊറിഞ്ഞാലുണ്ടല്ലോ...മര്യാദക്ക് മറുപടി പറഞ്ഞൂടെ "
അവൾ കട്ടിലിൽ എഴുന്നേറ്റിരുന്ന് അയാളുടെ കയ്യിൽ വേദനിക്കും വിധം ഒരു പിച്ച് കൊടുത്തു.
"ഇത് വല്ലാത്ത സോയ്ര്യക്കേട് ആയല്ലോ ഭഗവാനെ ?
കൃഷ്ണനുണ്ണിയും ചാടിയെഴുന്നേറ്റ് അവൾക്ക് നേരെ കയ്യൊങ്ങി.
"ആ.. ശരി ശരി.. അരുൺ ചെന്നത് എന്തിനാന്നു എനിക്ക് അറിയാം. ഇനി ചെറിയച്ഛൻ അവനോട് എന്ത് പറഞ്ഞു എന്ന് പറ.
"അവനെന്തു പറയാൻ. നീയല്ലേ എല്ലാം തീരുമാനിക്കേണ്ടത്. നിന്റെ തീരുമാനം തന്നെയാ ഞങ്ങളുടേതും."
"ഞാൻ ഓക്കേ പറയാം. പക്ഷേ ഞാനിവിടുന്നു പോയാൽ അച്ഛൻ തനിച്ചാവില്ലേ.?
"ആര് പറഞ്ഞു.. നീയിവിടുന്ന് പോയിട്ട് വേണം, എനിക്കെന്റെ ഫ്രണ്ട്സിനെയൊക്കെ വിളിച്ചു കൂട്ടി ദിവസവും ആഘോഷമാക്കാൻ."
"ആ കൂട്ടത്തിൽ ഈ ബിനിയും, മിനിയുമൊക്കെ ഉണ്ടാകോ."
"പിന്നില്ലാതെ. വിളിക്കുമ്പോ വന്നാൽ അവരെയും കൂട്ടും."
"ഹൗ... എന്താ കിളവൻമാരുടെയൊരു പൂതി. ആ മോഹങ്ങളൊക്കെയങ്ങട് നുള്ളി കളഞ്ഞോ.യാതൊന്നും നടക്കാൻ പോണില്ല. ഞാൻ ഇവിടുന്ന് എവിടേക്കുംപോകാനും പോണില്ല. തീർന്നില്ലേ.?
"കഴിഞ്ഞ ജന്മത്തിലേ ശത്രുക്കളാ മക്കളായി വന്നു പിറക്കുന്നതെന്ന് പറയുന്നതൊക്കെ സത്യാ. ഹോ... ഇങ്ങനെയുമുണ്ടോ ഒരു കുശുമ്പ്.
അയാൾ പുതപ്പെടുത്തു തലയിൽക്കൂടിയിട്ടു.
"അതേയ്... ഞാൻ പോയാൽ കവിതാന്റിയെ ഇങ്ങോട്ടു കൊണ്ട് വരോ.. സ്ഥിരമായിട്ട്... ഇവിടെ താമസിക്കാൻ..ഇങ്ങോട്ടൊരു .വാക്ക് തന്നാൽ ഇപ്പറഞ്ഞതെല്ലാം ഞാനും സമ്മതിക്കാം.
ആതിര അയാളുടെ പുതപ്പിനുള്ളിലേക്ക് നൂണ്ടുകയറി കിടന്നു കൊണ്ട് ചോദിച്ചു.
അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
അവളുടെ പുറത്ത് മൃദുവായി തലോടിക്കൊണ്ട് കണ്ണടച്ചു കിടന്നു.
ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ആതിരയുടെ നേർത്ത കൂർക്കംവലി കേട്ടു തുടങ്ങി അയാൾ അവൾക്കരികിലേക്ക് ചേർന്ന് കിടന്ന് നെറ്റിയിൽ മെല്ലെ ചുണ്ടുകൾ ചേർത്തു.
മാലിനിയും ഇതുപോലെ തന്നെയായിരുന്നു. കൊച്ചുകുട്ടികളെപ്പോലെ.
അയാൾ ചുമരിൽ പൂമാല ചാർത്തിയ മാലിനിയുടെ ഫോട്ടോയിലേക്ക് നോക്കി.
നോക്ക് മാളൂ... ഇത്രേം വലുതായിട്ടും ഈ പെണ്ണ് അച്ഛനേം കെട്ടിപിടിച്ചു കിടക്കുന്നു. നിനക്കൊന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ ഈ കിലുക്കാംപെട്ടിയോട്..
ആതിര ഉറക്കത്തിൽ അയാളുടെ ദേഹത്തേക്കു ഒരു കാലെടുത്തു വെച്ചു.
ദാ.. പറഞ്ഞു തീർന്നില്ല.കണ്ടില്ലേ ഈ പെണ്ണ് കാണിക്കുന്നത്
അയാൾ പതിയെ ആ കാലെടുത്തു മാറ്റി മാലിനിയെ നോക്കി ചിരിച്ചു.
ഇവള് പറഞ്ഞപോലെ കവിതയെ ഞാനിങ്ങോട്ട് കൂട്ടിയാ തനിക്ക് വിഷമമുണ്ടോടോ.. അതോ പണ്ടത്തെപ്പോലെ പഴയ കാമുകിയുടെ പേരും പറഞ്ഞു പിണങ്ങുമോ.?
സത്യം പറഞ്ഞാ ഇങ്ങനെ ഒറ്റക്ക് മടുത്തെടോ. രണ്ടു വയസ്സിൽ ആതുവിനെ എന്നെയേല്പിച്ചു പോയതല്ലേ നീ. ഇവളും കൂടി പോയാൽ ഞാൻ തീർത്തും ഒറ്റക്കാകും.
അയാൾ ഒരു വിങ്ങലോടെ കണ്ണുകൾ തുടച്ചു.
ഫോട്ടോക്ക് താഴെ മിഴി ചിമ്മി നിന്ന ചുവന്ന ലൈറ്റ് ഒന്ന് വെട്ടിത്തിളങ്ങി.സാരമില്ല.. ഇഷ്ടംപോലെ ചെയ്തോളു എന്നനുവാദം കൊടുക്കും പോലെ.
അയാൾ ആതിരയുടെ കവിളിലും, നെറ്റിയിലും വീണ്ടും വീണ്ടും ചുണ്ടമർത്തി. കണ്ണുകളിൽ നിന്നടർന്ന ഒരു തുള്ളി അവളുടെ നെറ്റിയിൽ വീണു ചിതറി.
ഒരു ദീർഘ നിശ്വാസത്തോടെ ശൂന്യമായ ഇരുളിലേക്ക് മിഴികൾ നട്ടു കിടക്കവേ രാധാമണി ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സ് ചെവിക്കുള്ളിൽ കൂവിയാർത്തു.
കൂട്ടത്തിൽ "കവിത"ഓർമ്മകളിലേക്കൊരു ആമ്പൽ പൂ എറിഞ്ഞു തന്നു. പിന്നെ നിറയെ ചോക്കുപൊടിയുള്ളൊരു ഡസ്റ്ററും.
***************************
"ഡോ, കൃഷ്ണനുണ്ണി, ഈ ബോർഡൊന്ന് മായ്ച്ചോളൂട്ടോ താൻ. എല്ലാം എഴുതി കഴിഞ്ഞോ കുട്ടികളെ..?
കുലുക്കിക്കുത്ത് എന്ന വിളിപ്പേരുള്ള, ഏറെ പ്രിയപ്പെട്ട രാധാമണി ടീച്ചർ.
അടുത്ത പീരീഡിനുള്ള ബെല്ലടിച്ചാലും ക്ലാസ്സ് നിർത്താതെ ബോർഡിൽ എഴുതി കൊണ്ടിരിക്കും. പിന്നെ ഡസ്റ്റർ കൃഷ്ണനുണ്ണിയെ ഏൽപ്പിച്ചു ഇറങ്ങി പോകും.
"ഇതങ്ങട് മായ്ച്ചോളൂ ട്ടോ "
"അയ്യോ മായ്ക്കല്ലേ ഉണ്ണി. ലാസ്റ്റ് വരികൾ എഴുതി തീർന്നിട്ടില്ല."
കവിത ഉറക്കെ വിളിച്ചു പറയും.
അതു കേട്ടാൽ ഉടനെ താഴെ നിന്ന് മുകളിലേക്ക് ഡസ്റ്റർ അമർത്തി വെച്ചൊരു ഉഴിയലാണ് ഉണ്ണി.
കവിത മുഖം വീർപ്പിച്ചു കൂർത്ത കണ്ണുകളോടെ അവനെയൊന്ന് നോക്കി, അടുത്തിരിക്കുന്ന ബിനുവിന്റെ നോട്ടിൽ നോക്കി എഴുതാൻ ബാക്കിയായത് സ്പീഡിൽ എഴുതി തുടങ്ങും.
ആ സമയത്താണ് ഒട്ടും പ്രതീക്ഷിക്കാതെ ചോക്കുപൊടി പുരണ്ട ഡസ്റ്റർ പറന്നു വന്ന് അവളുടെ മുഖത്തേക്കും, എഴുതിക്കൊണ്ടിരുന്ന ബുക്കിലേക്കും വന്നു വീഴുന്നത്
കോപത്തോടെ ചാടിഎഴുന്നേൽക്കുമ്പോഴേക്കും, പ്രതികരിക്കാൻ അവസരം കൊടുക്കാതെ അടുത്ത പീരീഡിനുള്ള ടീച്ചർ ക്ലാസ്സിലേക്ക് കയറി വരും.
"ഹോ... എന്താ കുട്ടി ഇത്. മുഖം നിറയെ ചോക്ക് പൊടിയും കൊണ്ട്. പോയി മുഖം കഴുകി വാ."
ടീച്ചറിന്റെ അലർച്ചയിൽ അപമാനിതയായി,കോപത്തോടെ ഒരു നോട്ടം അവന് നേരെയെറിഞ്ഞ് അവൾ പൈപ്പിൻ ചോട്ടിലേക്ക് നടക്കും.
ചില സമയത്ത് ഡസ്റ്റർ തന്റെ നേർക്ക് പാഞ്ഞുവരുന്ന അതേ നിമിഷം അവൾ തല കുനിച്ചു കളയും.
അപ്പോഴൊക്കെ അത് ഉന്നം തെറ്റി ബാക്കിലിരിക്കുന്ന വിജിയുടെ മുഖത്തോ, സുനിതയുടെ മുഖത്തോ ചോക്കുപൊടി കൊണ്ട് കോലം വരക്കും.
കഴുത്തിനു ചുറ്റും നാവുള്ള വിജി നല്ല പോലെ തിരിച്ചു കൊടുക്കും. അതും കേട്ട് വയറു നിറഞ്ഞ കൃഷ്ണനുണ്ണിയുടെ നിൽപ്പ് കാണുമ്പോൾ കവിത ആർത്തു ചിരിക്കും. ഒപ്പം മറ്റുള്ള കുട്ടികളും.
കവിതയുടെ ബെസ്റ്റ് ഫ്രണ്ട് ടോമിയായിരുന്നു. തീരെ പൊക്കം കുറഞ്ഞ ഒരഞ്ചു വയസ്സുകാരന്റെ നിഷ്കളങ്ക മുഖമുള്ള ടോമി.
രാധാമണി ടീച്ചർ അവനൊരു പേര് കൊടുത്തിരുന്നു "ചെറിയ മനുഷ്യൻ "
ഡോ, ചെറിയമനുഷ്യാ താൻ ആരുടെ വായിൽ നോക്കി ഇരിക്കുവാ. ക്ലാസ്സിൽ ശ്രദ്ധിക്കടോ.
ഇടക്ക് പെൺകുട്ടികളിരിക്കുന്ന ഭാഗത്തേക്ക് എത്തി നോക്കുന്ന ടോമിയെ നോക്കി ടീച്ചർ ഉറക്കെ വിളിച്ചു പറയും.
അത് കേൾക്കുമ്പോഴേക്കും ഇംഗ്ലീഷ് എന്ന ബാലീകേറാമലയിൽ നിന്നും താഴെയിറങ്ങി കുട്ടികൾ ആർത്തു ചിരിക്കും.
കൃഷ്ണനുണ്ണി ഓർത്തോർത്തു പൊട്ടിച്ചിരിച്ചു.
ഞെട്ടിയുണർന്ന ആതിര ബെഡിൽ എഴുന്നേറ്റിരുന്നു അയാളെ പകച്ചു നോക്കി.
അവളുടെ ഇരുപ്പും, മുഖഭാവവും കണ്ട് അയാൾ വീണ്ടും വീണ്ടും ഉറക്കെയുറക്കെ ചിരിച്ചുകൊണ്ടിരുന്നു.ഓർമ്മകളുടെ കുത്തൊഴുക്കിൽപെട്ട്. ബാക്കി നിങ്ങളുടെ അഭിപ്രായങ്ങൾ അനുസരിച്ച് പോസ്റ്റ് ചെയ്യാം, വായിച്ചവർ ലൈക്ക് ചെയ്ത് കമന്റ് ചെയ്യുക.
തുടരും...