രചന: Jasna Eyyakkuni
വിവാഹം കഴിഞ്ഞു മാസം ഒന്ന് തികഞ്ഞതിന്റെ അടുത്ത ദിവസം ഉച്ചക്ക് അമ്മക്കൊപ്പം ഇരുന്ന് ഊണ് കഴിക്കുമ്പോയാണ്, അവൾ പെട്ടെന്ന് വാ പൊത്തി പിടിച്ചു എഴുന്നേറ്റു ഓടിയത്, പിന്നാലെ അമ്മയും പോയി. ഭക്ഷണം കഴിഞ്ഞു കൈ കഴുകാൻ പോയപ്പോൾ അവൾ അവിടിരുന്നു
ഓക്കാനിക്കുന്നു, അമ്മ പുറം തടവുന്നു.
എന്ത് പറ്റി എന്ന് ചോദിക്കാൻ പോയതാ, അപ്പോഴാ മൊബൈൽ അകത്തു നിന്ന് അടിയുന്നത് കേട്ടത്, അതും എടുത്തു മുറിയിൽ പോയി കെടന്നു.
ഒന്ന് മയങ്ങി എഴുന്നേറ്റ് പുറത്തു പോകാനിറങ്ങിയപ്പോൾ അമ്മ വന്നു, രണ്ടു മസാല ദോശ വാങ്ങിക്കാൻ ഓർഡർ ഇട്ടു. അതും വാങ്ങിച്ചു വന്നപ്പോൾ അമ്മ ഒന്നാക്കി ചിരിച്ച പോലെ തോന്നി. അവൾ അതും വാങ്ങി അകത്തേക്ക് പോകുകയും ചെയ്തു. ആകെ ഒരു വശ പിശക്..
രാത്രി ഉണ്ണാൻ ഇരുന്നപ്പോൾ അമ്മ നാളെ അവളെയും കൊണ്ടു ഹോസ്പിറ്റലിൽ വരെ പോകാൻ പറഞ്ഞു. അവൾക്കതിന് എന്താ അസുഖം എന്നു ചോദിച്ചപ്പോൾ അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
രാത്രി ഉറങ്ങാൻ റൂമിലെത്തിയപ്പോൾ പതിവ് പോലെ ഷീറ്റും തലയണയും എടുത്തു സോഫയിൽ കിടക്കാൻ പോകുമ്പോൾ അവളോട് ചോദിച്ചു, എന്താ ഇവിടെ നടക്കുന്നതെന്ന്?.
അവൾ തല താഴ്ത്തി, ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു,
അവൾ ഗർഭിണിയാണെന്ന്.
ഇടി വെ ട്ടേറ്റവനെ പോലെ ഞാൻ നിന്നു പോയി.
സ്വന്തം അമ്മാവന്റെ മോളും, മുറപെണ്ണുമായ മാളുവിന്റെ വകയായി നല്ല കട്ട തേപ്പ് കിട്ടി പിരാന്തെടുത്ത് നടക്കുമ്പോഴാണ് അമ്മ പിടിച്ച പിടിയാലെ പെണ്ണ് കെട്ടിക്കാൻ തീരുമാനിക്കുന്നത്.
വെട്ട് ഒന്ന് തുണ്ടം രണ്ട് എന്നു പറയുന്ന എന്റെയല്ലേ അമ്മ, രണ്ടാമതൊരു വർത്താനം ഇല്ല. ഇനി ഞാൻ എങ്ങാനും എതിർത്തു പറഞ്ഞാൽ, വളർന്നു തന്നെക്കാൾ മേലെ നിൽക്കുന്നതാണെന്നൊന്നും നോക്കൂല തെക്കേടത്തു ശ്രീദേവിക്കുട്ടി, പടിഞ്ഞാറെ മുറ്റത്തെ പുളി മരത്തിൽ നിന്ന് വടിയൊരെണ്ണം വെട്ടും, അതാണ് അവസ്ഥ. എന്നാലും കാര്യം ഇങ്ങനെ ഒക്കെയാണെങ്കിലും അമ്മ നമ്മുടെ ചങ്ക് ആണ്, അമ്മാവന്റെ മോൾ കാര്യം കഴിഞ്ഞാൽ തേക്കുമെന്ന് അമ്മ പണ്ടേ പറഞ്ഞതാ, പക്ഷേ പറഞ്ഞിട്ടെന്താ നമുക്ക് കിട്ടാനുള്ളത് നമുക്ക് തന്നെ കിട്ടും.
അങ്ങനെ അമ്മക്കൊപ്പം പോയതാ ഗൗരിയെ കാണാൻ. അമ്മയുടെ കൂട്ടുകാരിയുടെ മകളാണ്.
കല്യാണം നടക്കൂലെന്നു അവളോട് പറയാൻ വേണ്ടി അവളോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞു ഞാൻ അവൾക്കൊപ്പം പുറത്തിറങ്ങി. മുറ്റത്തിനറ്റത്ത് മുന്നിലെ വയലിലേക്ക് നോക്കി കാര്യം എങ്ങനെ അവതരിപ്പിക്കും എന്നാലോചിക്കമ്പോഴാണ് അവൾ ഇങ്ങോട്ട് പറഞ്ഞു തുടങ്ങിയത്, ഈ കല്യാണം നടക്കൂലാന്ന്.
ആകെ കിളി പോയ അവസ്ഥ ആയെങ്കിലും രോഗി ഇച്ചിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന് എന്നു പറഞ്ഞ പോലായി.
അവൾ ഏതോ ഒരുത്തനുമായി ഇഷ്ടത്തിലാണെന്നും, അവന്റെ കൂടെ മാത്രമേ ജീവിക്കുകയുള്ളൂ എന്നും കൂടെ പറഞ്ഞു അവൾ.
എന്നാൽ വീട്ടിൽ തുറന്നു പറഞ്ഞു കൂടെ എന്ന എന്റെ ചോദ്യത്തിന് അവൻ ക്രിസ്ത്യൻ ആയത് കൊണ്ടു സമ്മതിക്കൂല എന്നായിരുന്നു മറുപടി.
കുറച്ചു നേരത്തെ സംസാരത്തിനുള്ളിൽ ഞങ്ങൾ തമ്മിൽ ഒരു പരസ്പര ധാരണയിലെത്തി. തത്കാലം രണ്ടു പേരും കല്യാണത്തിന് സമ്മതം പറയാം, പിന്നെ കല്യാണത്തിന് മുന്നെ അവൾ അവന്റെ കൂടെ ഒളിച്ചോടാം എന്ന്. അതു വിവാഹത്തിന്റെ അന്നോ, തലേ ദിവസം രാത്രിയിലോ മതിയെന്ന് മാത്രം ഞാൻ നിർദേശിച്ചു, അല്ല എങ്കിൽ അമ്മ അന്നേക്കു മറ്റേതെങ്കിലും പെൺകുട്ടിയെ ശരിയാക്കും, അതു പ്രശ്നമാകും.
ഇതാകുമ്പോൾ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹം കല്യാണ ദിവസം മുടങ്ങിയാൽ തല്ക്കാലം അമ്മയുടെ മുന്നിൽ നിന്ന് രക്ഷപെടാൻ പറ്റും. അത് അവൾക്കും സമ്മതമായിരുന്നു.
അങ്ങനെ എല്ലാം ഞങ്ങൾ പ്ലാൻ ചെയ്തു, നിശ്ചയവും, ഡ്രസ്സ് എടുക്കലും എല്ലാം രണ്ടു പേരും കൂടെ തകർത്തു അഭിനയിച്ചു.
അങ്ങനെ കല്യാണ ദിവസമായി. രാവിലെ അമ്മ വാതിലിൽ തട്ടി വിളി തുടങ്ങി, അവൾ ഒളിച്ചോടി പോയെന്ന് പറയാനാണ് എന്നു മനസ്സാലെ ഉറപ്പിച്ച ഞാൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു, സങ്കടം അഭിനയിച്ചു കാണിക്കാൻ തലേ ദിവസം രാത്രിയിലേ റിഹേയ്സൽ നടത്തിയിരുന്നു. എന്നാൽ എന്റെ സകല പ്രതീക്ഷകളെയും കാറ്റിൽ പറത്തി എന്നെ വഴക്കു പറഞ്ഞു കൊണ്ടാണ് അമ്മ അകത്തോട്ടു കേറിയത്, സ്വന്തം കല്യാണ ദിവസം പോലും ബോധമില്ലാതെ പോത്ത് പോലെ കിടന്നുറങ്ങും എന്നും പറഞ്ഞു. ഉറക്കമൊഴിച്ചു പഠിച്ചു പ്രാക്ടീസ് ചെയ്ത എക്സ്പ്രെഷൻസ് വെറുതെയായ ദേഷ്യത്തിൽ ഞാൻ നിലത്തു ആഞ്ഞു ചവിട്ടി, കൊണ്ടതോ കട്ടിലിന്റെ കാലിനും, മോശം പറയരുതല്ലോ അടിപൊളിയായിരുന്നു. പൊന്നീച്ച പറന്നു കണ്ണിൽ നിന്ന്.
ഒരുങ്ങി കെട്ടി ഓഡിറ്റോറിയത്തിൽ എത്തി, മണ്ഡപത്തിൽ ചെന്നിരുന്നു, ലോകത്തെ സകലമാന ആളുകളും ഉണ്ട്, കൂട്ടത്തിൽ നമ്മുടെ തേപ്പുകാരി മാളുവും, അവളുടെ കോന്തൻ ഭർത്താവും പിന്നെ അമ്മാവനും. ആളുകൾക്കു നടുവിലൂടെ ഗൗരി താലവുമേന്തി നടന്നു വരുന്നു, നല്ല ചന്തമൊക്കെയുണ്ട് കാണാൻ. മാളുവിനെക്കാളും കൊള്ളാം എന്തു കൊണ്ടും.
മനസ്സിനു ചെറിയൊരു ചാഞ്ചാട്ടമൊക്കെ തോന്നി, പക്ഷേ സ്വയം പിടിച്ചു നിർത്തി. ഏതു നിമിഷവും അവളുടെ കാമുകൻ ചാടി വീഴാൻ സാധ്യതയുണ്ട്.
അങ്ങനെ അവൾ മണ്ഡപത്തിൽ എന്റെ അടുത്ത് വന്നിരുന്നു. സൗകര്യം കിട്ടിയപ്പോൾ ഞാൻ അവളുടെ ചെവിയിൽ പതുക്കെ ചോദിച്ചു, എന്താ നീ ഒളിച്ചോടാതിരുന്നതെന്ന്...
അവൻ തേച്ചു എന്നു അവൾ നൈസ് ആയി മറുപടി തന്നു. ഏതായാലും അത് കലക്കി, ചങ്കരനു മാത്രമല്ല ചക്കിക്കും കിട്ടി തേപ്പ്, അപ്പൊ ചക്കിക്കൊത്ത ചങ്കരൻ തന്നെ.
മണ്ഡപത്തിനു മുന്നിൽ തന്നെയിരുന്ന മാളുവിന് പുച്ഛത്തിൽ ഒരു ചിരിയും
സമ്മാനിച്ചു ഞാൻ ഗൗരിയുടെ കഴുത്തിൽ താലി കെട്ടി.
അന്ന് രാത്രി പട്ടു സാരിയും ചുറ്റി, പാലുമായി അവൾ വന്നപ്പോൾ എല്ലാം മറന്നാലോന്ന് ഞാൻ കരുതിയതാ, പക്ഷേ അവൾ പറഞ്ഞു അവൾക്കു കുറച്ചു സമയം വേണമെന്ന്. അന്ന് തൊട്ട് ഇന്ന് വരെ റൂമിനു വെളിയിൽ മാതൃക ദമ്പതികളും അകത്തു അപരിചിതരുമാണ്.
എന്നിട്ടിപ്പോ അവൾ ഗർഭിണി...
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പഴോ ഉറങ്ങി പോയി. രാവിലെ അവൾ വന്നു വിളിച്ചപ്പോയാണ് ഉണർന്നത്. അവളുടെ കുളിയൊക്കെ കഴിഞ്ഞു തലയിൽ തോർത്തു കൊണ്ട് ചുറ്റി കെട്ടി, സാരിയൊക്കെ ഉടുത്താണ് നിൽപ്പ്. എനിക്കുള്ള ചായയുമുണ്ട് കയ്യിൽ. കല്യാണം കഴിഞ്ഞതിന്റെ അടുത്ത ദിവസം തൊട്ടുള്ള പതിവാണ്. കാര്യം എന്തൊക്കെയായാലും ദിവസം മുഴുവൻ ഒരു പോസിറ്റീവ് എനർജി കിട്ടുന്ന പോലെയാണ്.
ചായ കുടിച്ചു കപ്പ് നീട്ടിയപ്പോൾ, ഒരിടം വരെ പോകാനുണ്ട് കുളിച്ചു ഡ്രസ്സ് മാറി വരാൻ പറഞ്ഞു അവൾ.
അമ്മയോട് അമ്പലത്തിൽ പോകുന്നു എന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങി, പോകും വഴി അവൾ പറഞ്ഞു, അവൾ അവളുടെ കാമുകനെ വിളിച്ചിട്ടുണ്ട്, അവന്റെ കുഞ്ഞാണ് അവളുടെ വയറ്റിൽ വളരുന്നത്, ഇനി വീട്ടിലേക്കു തിരിച്ചു വരുന്നില്ല, അമ്മയോട് ശപിക്കരുത് എന്നു പറയണം എന്നൊക്കെ. എല്ലാം ഞാൻ മൂളി കേട്ടു, എങ്കിലും ആകെ ഒരു മനപ്രയാസം. കുറച്ചു നാളുകൾക്കുള്ളിൽ അവൾ മനസ്സിൽ വല്ലാതെ ഇടം പിടിച്ചിട്ടുണ്ട് എന്നു അപ്പോഴാണ് എനിക്ക് പോലും മനസ്സിലായത്. എന്തിനെന്നറിയാതെ കണ്ണൊക്കെ നിറഞ്ഞു വന്നു.
അവൾ പറഞ്ഞ വഴിയിലൂടെ പോയി, ഒരു ഇരു നില വീടിന്റെ മുന്നിൽ വണ്ടി നിർത്തി. അവൾ ഇറങ്ങി ചെന്നു ബെൽ അടിച്ചപ്പോൾ ഒരുത്തൻ ഇറങ്ങി വന്നു. ജീൻസും ടീഷർടും വേഷം, സുന്ദരൻ എന്നൊക്കെ വേണേൽ പറയാം, പക്ഷേ എന്റെ അത്ര പോര. അവൾ വിളിച്ചപ്പോൾ ഞാനും കൂടെ ചെന്നു.
അവളെ ഏറ്റെടുക്കണം എന്നും പറഞ്ഞു കരയാൻ തുടങ്ങിയ അവളെ, അവൻ അന്തം വിട്ട് നോക്കി. അവനു ഏറ്റെടുക്കാൻ കഴിയില്ല എന്നും പറഞ്ഞു അവൻ അവളോട് ദേഷ്യപ്പെട്ടപ്പോൾ മറുപടി പറഞ്ഞത് എന്റെ കൈകൾ ആയിരുന്നു, എന്താണെന്നു അറിയൂല, എനിക്കിടപെടേണ്ട വിഷയം അല്ലാഞ്ഞിട്ട് കൂടെയും, വേറൊരുത്തൻ അവളെ ചീത്ത പറയുന്നതും, അവൾ കരയുന്നതും കണ്ടപ്പോൾ സഹിച്ചില്ല.
"നീ ഇവളെ പറ്റിച്ചതല്ലേടാ, അവൾ ഗർഭിണി ആണ്, നിന്റെ കുഞ്ഞല്ലേ ഇവളുടെ വയറ്റിൽ വളരുന്നത്, ഇനിയും നീ സ്വീകരിക്കില്ലേ.." എന്നും ചോദിച്ചു ഒരു അടി കൂടെ കൊടുത്തു ഞാൻ.
ഇപ്പൊ കിളി പോയത് അവന്റെയായിരുന്നു. അവൻ എന്നെയും അവളെയും മാറി മാറി നോക്കി, എന്നിട്ട്,
ഇതെന്റെ ഗർഭം ഒന്നുമല്ല ചേട്ടാ, ഇവളെ പ്രേമിച്ചു എന്നല്ലാതെ ഇവളുടെ വിരലിൽ പോലും തൊടാൻ ഇവൾ സമ്മതിച്ചിട്ടില്ല ചേട്ടാ... എന്നും പറഞ്ഞു അവൻ കൈ കൂപ്പി കരഞ്ഞു.
അടുത്ത കിളി പോയത് എന്റെയാണ്. ഞാൻ അവളെ, എന്റെ ഭാര്യയെ പാളി നോക്കി. അവൾ കണ്ണൊക്കെ തുടച്ചു ഇളിച്ചു കാണിച്ചു. എന്നിട്ട് മുന്നോട്ടു വന്നു അവനോട് പറഞ്ഞു, നിനക്ക് ഈ തല്ലു ഞാൻ പണ്ടേ തരേണ്ടതാ, അതു ചേട്ടൻ തന്നെന്നു കരുതിയാ മതി. എന്തിനാണെന്ന് വെച്ചാൽ ഇനി മേലാൽ നട്ടെല്ലിന് പകരം വാഴപിണ്ടിയുള്ള നീ ആരെയും പറഞ്ഞു പറ്റിക്കരുത് കേട്ടോ, അവന്റെ ഒരു പ്രേമം...
എന്നിട്ട് അവൾ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, നിങ്ങൾ പെണ്ണ് കാണാൻ വരുന്നതിന് രണ്ടു ദിവസം മുന്നേ അമ്മ എന്നെ വന്നു കണ്ടിരുന്നു, ബാക്കിയെല്ലാം അമ്മയുടെ പ്ലാനിംഗ് ആയിരുന്നു. അതു കേട്ടു ഞാൻ കണ്ണും മിഴിച്ചു നിന്നു പോയി.
അപ്പൊ ഈ ഗർഭവും?? ഞാൻ ചോദിച്ചു
അതിൽ അമ്മക്ക് പങ്കില്ല, അത് ഞാൻ നമ്മൾ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോൾ നിങ്ങൾക്ക് ഒരു സംശയവും ഇല്ലാതിരിക്കാൻ വേണ്ടി, ഇവൻ തന്നെ അത് നിങ്ങളോട് പറയാൻ വേണ്ടി ചെയ്തതാ. അതുമല്ല, നാളെ ഈ ഫ്രോഡ് വല്ല ഭീഷണിയും കൊണ്ട് വരുന്നതിനു മുന്നെ ഇവന് ഒരു മുന്നറിയിപ്പ് കൊടുത്തതാ, എന്റെ കെട്ടിയോൻ ആണൊരുത്തനാണെന്ന്.
അപ്പൊ എങ്ങനെ, തിരിച്ചു പോയാലോ ചേട്ടാ നമുക്ക്??
ഞാൻ ഒരു പൊട്ടിച്ചിരിയോടെ അവളേം ചേർത്ത് പിടിച്ചു നടന്നു, ബൈക്കിൽ കയറി വീട്ടിലേക്കു വിട്ടു. പോകുമ്പോൾ അവൾ ചോദിച്ചു, അല്ല ചേട്ടാ അമ്മയോട് എന്ത് പറയുമെന്ന്??
അമ്മയ്ക്കുള്ള മറുപടി നമുക്ക് പെട്ടെന്നു കൊടുക്കാമെടീ.. ഇന്നേക്ക് കൃത്യം ഒൻപതാം മാസം തന്നെ, പോരെ.. എന്നും പറഞ്ഞു അവളുടെ കൈകൾ ഞാൻ എന്റെ കൈയിൽ കോർത്തു പിടിച്ചു, അയ്യേ എന്നും പറഞ്ഞു, ഒരു നുള്ളും തന്നു അവൾ എന്നിലേക്ക് ചേർന്നിരുന്നു. ഞങ്ങളുടെ ജീവിത യാത്ര തുടങ്ങുകയായി.