ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്....

Valappottukal


രചന: Surendran Kunjani


ഞാൻ പെണ്ണന്വേഷിച്ചു തുടങ്ങിയതിന് ശേഷമാണ് അനുജൻ പെണ്ണുകാണാനിറങ്ങിയത്. അവന് ഡ്രസ്സിൽ ചെളി പുരളാത്ത പണിയായതു കൊണ്ടാവണം കല്ല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി....!


ഞാനിപ്പോഴും അലയുകയാണ്...


ഒരു പെണ്ണിന്റെ സ്നേഹത്തിനായി .....


ഒരു പെണ്ണിന്റെ സാമീപ്യത്തിനായി....


പക്ഷേ...അച്ഛനമ്മമാരും പെൺകുട്ടികളും ഒരേ പല്ലവി തന്നെ ആവർത്തിക്കുന്നതു കൊണ്ട് മടുപ്പു തോന്നിത്തുടങ്ങി.... നടന്നു നടന്ന് വയസ്സു കൂടുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.


ചിലപ്പോഴൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരിക.


നിത്യവൃത്തിയ്ക്ക് വകയില്ലാത്തവർക്കുപോലും ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ വേണം... ചോദിക്കുന്നവരുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസമോ പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി ...


ഇവരാണ് ഗവൺമെന്റ് ഉദ്ദ്യോഗസ്ഥരെ കാത്തിരിക്കുന്നത്..... ചിരിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക...?


മൂഡസ്വർഗ്ഗത്തിൽ ജീവിക്കുന്നവർ... അവരെക്കുറിച്ച് എനിയ്ക്കു തോന്നിയത് അങ്ങനെയാണ്.


ഈയിടെയായി ഒരു സംഭവമുണ്ടായി. ആരോ കൊടുത്ത ഒരു പെണ്ണിന്റെ അഡ്രസ്സിലുള്ള ഫോൺ നമ്പറിൽ ചെറിയച്ഛൻ വിളിച്ചുനോക്കി.....


"ഹലോ... ശ്രീധരേട്ടനാണോ...?"


"അതെ ... ആരാ..?''


"നിങ്ങൾക്ക് ഒരു കുട്ടിയെ കെട്ടിക്കാനുണ്ടെന്നു കേട്ടു... എന്റെയൊരു സുഹൃത്ത് അഡ്രസ്സ് തന്നതാ... ശരിയാണോ ...?"


"ആ... ശരിയാണ്..."


" വന്നാൽ കുട്ടിയെ ഒന്നു കാണാൻ പറ്റുമോ..?"


"കാണാം... പക്ഷേ... ചെക്കനെന്താ ജോലി...?"


" അവന് തേപ്പിന്റേയും പടവിന്റേയുമൊക്കെ പണിയാ..."


"അയ്യോ... അങ്ങനെയുള്ളോർക്കൊന്നും കൊടുക്കില്ലാട്ടോ.... എന്തെങ്കിലുമൊരു ഉദ്യോഗമുള്ളവർക്കേ കൊടുക്കു... "


" അതെയോ... പെണ്ണിപ്പോൾ എന്തിനാ പഠിക്കുന്നത്...?"


" അവളിപ്പോൾ ഡിഗ്രി അവസാന വർഷമാണ്. "


"അപ്പോൾ പെണ്ണ് പഠിപ്പൊക്കെ കഴിഞ്ഞ് ഒരു ജോലിയൊക്കെയായിട്ടേ കൊടുക്കുന്നുണ്ടാവു അല്ലേ...?"


" ഏയ്... അതിനൊന്നും ഇപ്പോൾ കഴിയില്ല... ഉദ്ദ്യോഗസ്ഥരൊക്കെയാവുമ്പോൾ പിന്നീടുള്ള കാര്യങ്ങൾ അവര് നോക്കിക്കോളുമല്ലോ ...."


"ഞങ്ങള് പഠിപ്പിക്കാൻ തയ്യാറാണെങ്കിൽ നടത്തിക്കൂടെ...?"


" അതൊന്നും ശര്യാവില്ല..."


" നിങ്ങൾക്കെന്താണ് പണി...?!


" എനിയ്ക്ക് റബ്ബർ ടാപ്പിങ്ങാ ...."


" ഈ മോള് തന്നെയുള്ളോ ....?"


" അല്ല... ഒരു മോനുംകൂടിയുണ്ട്...."


" അവനെന്തു ചെയ്യുന്നു ....?"


"അവൻ ഓട്ടോ ഓടിക്കുന്നു...''


" അവൻ കല്ല്യാണം കഴിച്ചതാണോ?"


" ഇല്ല. അവന് ആവുന്നതേയുള്ളൂ..."


" അപ്പോൾ അവൻ കല്ല്യാണമൊന്നും കഴിക്കുന്നുണ്ടാവില്ല അല്ലേ..?"


" അതെന്താ നിങ്ങളങ്ങനെ പറഞ്ഞത് ...?"


" അല്ലാ ...നിങ്ങളെപ്പോലെയാണ് എല്ലാവരും ചിന്തിക്കുന്നതെങ്കിൽ ഉദ്യോഗമില്ലാത്തവർക്ക് പെണ്ണുകിട്ടില്ലല്ലോ... ശരിയെന്നാൽ ... കാത്തിരിപ്പു തുടരട്ടെ..."


ചെറിയച്ഛൻ കോൾ കട്ട് ചെയ്ത് തലയ്ക്ക് കൈ കൊടുത്ത് ഇരുന്നു പോയി....!


ഇതാണിപ്പോൾ നാട്ടിലെ അവസ്ഥ....


വല്ലാത്തൊരു കാലംതന്നെ .......!


ഞായറാഴ്ചയായതുകൊണ്ട് രാവിലെതന്നെ ഡ്രസ്സും മാറി ഇറങ്ങി. സമയം കളയാൻ എന്തെങ്കിലും വഴി കാണണമല്ലോ .... അതിനായി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു....


"വിനൂ ... ഒരു പെണ്ണുണ്ട്... നീ പോകുന്നോ കാണാൻ...?"


കൂട്ടുകാരൻ സുമേഷ് കണ്ടപാടെ ചോദിച്ചത് അതാണ്.


" നീ നടക്കുന്ന കാര്യം വല്ലതും പറ.... "


"എടാ.. ഇതങ്ങനെയല്ല... അവർക്ക് ഉദ്യോഗസ്ഥരൊന്നും ആവണമെന്നില്ല..."


" അതൊക്കെ നമ്മൾ കൂറേ കണ്ടതല്ലേ സുമേഷേ... അങ്ങനെയൊക്കെ പറഞ്ഞുകേൾക്കുമ്പോൾ നമ്മളോടിച്ചെല്ലും. അവിടെ ചെല്ലുമ്പോൾ ചെറിയൊരു ശമ്പളക്കാരനെങ്കിലുമാവും അവർ പ്രതീക്ഷിക്കുന്നത്. ഞാനില്ല...എന്റെ പണിയും ചുറ്റുപാടുമെല്ലാം അവരോട് പറ ...എന്നിട്ടും അവർക്ക് സമ്മതമാണെങ്കിൽ പോയി നോക്കാം.... അല്ലാത്തൊരു പെണ്ണുകാണലിന് ഞാനില്ല.... എന്നെ വിട്ടേക്ക് ....."


ഞാൻ തീർത്തു പറഞ്ഞു...എന്നിട്ടും അവൻ വിടാൻ ഭാവമില്ല.


" നീയങ്ങനെ നിരാശപ്പെടാതെ .... നീ വിചാരിക്കുന്നതുപോലെയല്ല ഇത്... അത്രേം ഉറപ്പു കിട്ടിയിട്ടാ നിന്നോട് പറയുന്നത്...."


" നിനക്കത്രേം വിശ്വാസമാണെങ്കിൽ പോയി നോക്കാം.."


എനിയ്ക്ക് പ്രത്യേകിച്ച് താത്പര്യമൊന്നും തോന്നിയില്ല...അവന്റെ നിർബന്ധത്തിനു വഴങ്ങി പോകാൻതന്നെ തീരുമാനിച്ചു...


സുമേഷിന്റെ അമ്മാവന്റെ കെയറോഫിലാണ് പോകുന്നത്. അവൻ അമ്മാവനെ വിളിച്ച് എല്ലാ കാര്യവും റെഡിയാക്കി. താമസിയാതെ ഞാനും സുമേഷും വച്ചു പിടിച്ചു അങ്ങോട്ട്.....


സുമേഷിന്റെ അമ്മാവൻ മാധവേട്ടന്റെ വീടിനടുത്തെത്തിയപ്പോൾ അയാൾ റോഡിൽ ഞങ്ങളേയും പ്രതീക്ഷിച്ച് ബൈക്കുമായി കാത്തുനിൽപ്പുണ്ടായിരുന്നു.. ഞങ്ങളടുത്തെത്തിയതും അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പിൽ ഓടിച്ചു... അയാളെ പിൻതുടർന്ന് ഞങ്ങളും...


മെയിൽ റോഡിൽ നിന്ന് തിരിഞ്ഞ് കുറേ ദൂരം ഒരിടുങ്ങിയ വഴിയിലൂടെ അയാൾ വണ്ടിയുമായി പോയി. റെയിൽവേ പുറമ്പോക്കിൽ ഒരു ചെറിയ വീടിന്റെ മുമ്പിലെത്തി മാധവേട്ടൻ യാത്ര അവസാനിപ്പിച്ചു...


" ഇതാണ് വീട് ... "


ഞങ്ങളും ബൈക്ക് നിർത്തി ഇറങ്ങി.


" ഈ വീട് കണ്ട് നിരാശപ്പെടുകയൊന്നും വേണ്ട... ഭാർഗ്ഗവേട്ടന്റെ കുടുംബ സ്വത്തിൽ നിന്ന് ഓഹരി കിട്ടിയ സ്ഥലത്ത് വീടുപണി നടന്നോണ്ടിരിക്ക്യാ... നിങ്ങള് വാ...."


പ്രത്യേകിച്ച് ഒരു താത്പര്യവുമില്ലാതെ നിന്ന എന്നെ നോക്കി അയാൾ പറഞ്ഞു. അയാൾ കരുതിയത് എനിയ്ക്ക് വീട്ടിഷ്ടപ്പെടാത്തതു കൊണ്ടാണ് മടിച്ചു നിൽക്കുന്നത് എന്നാണ്. ഇതിലും മോശമായ എത്രയോ വീട്ടിൽ പെണ്ണുകാണാൻ പോയിരിക്കുന്നു....


അവിടെന്നെല്ലാം കിട്ടിയത് ആവർത്തന വിരസത തോന്നിയ സമീപനംതന്നെ ....അതോർമ്മയിലുള്ളതു കൊണ്ടാണ് മടി തോന്നിയത്.


ഞങ്ങളെ പ്രതീക്ഷിച്ചു നിന്നതു കൊണ്ടാവണം ഒരു മധ്യവയസ്ക്കൻ മുറ്റത്തേക്കിറങ്ങി വന്നു... അതായിരിക്കും മാധവേട്ടൻ പറഞ്ഞ ഭാർഗ്ഗവേട്ടനെന്ന് ഞാനൂഹിച്ചു...


ഞങ്ങൾ മുറ്റത്തേക്ക് കയറിയപ്പോഴേക്കും ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒരു ട്രെയിൻ കടന്നുപോയി..... അതിന്റെ ശബ്ദ കോലാഹലങ്ങൾ അൽപനേരം കാതിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു .......


" മാധവൻ കൂടെയുള്ളതുകൊണ്ട് വീടു കണ്ടുപിടിയ്ക്കാൻ പ്രയാസമൊന്നുമുണ്ടായിക്കാണില്ല അല്ലേ...?"


അയാൾ ഞങ്ങളുടെ കൂടെ വന്ന   മാധവേട്ടനെ നോക്കി അങ്ങനെ പറഞ്ഞെങ്കിലും കണ്ണുകൾ അടിമുടി എന്നെ അളക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു...


എന്റെ രൂപം അയാളിൽ സംതൃപ്തി തോന്നിച്ചെന്ന് അയാളുടെ മുഖത്തു കണ്ട ഭാവത്തിൽ നിന്നും എനിയ്ക്ക് മനസ്സിലായി.


ഞങ്ങളെ അയാൾ അകത്തേക്ക് ക്ഷണിച്ചിരുത്തി... വയസ്സായ ഒരു സ്ത്രീ ഞങ്ങൾ ഇരിക്കുന്നിട്ടത്തേക്ക് വന്നു. അയാളുടെ അമ്മയാവുമെന്ന് എനിയ്ക്ക് തോന്നി...


" അമ്മയാണ് ...."


ഞങ്ങളുടെ മനസ്സു വായിച്ചിട്ടെന്നോണം അയാൾ പറഞ്ഞു...


" ഇതിലേതാണ് ചെക്കൻ....."


ആ അമ്മ മാധവേട്ടനെ നോക്കി. അയാൾ എന്നെ കാണിച്ചു കൊടുത്തു. പേരും വയസ്സുമെല്ലാം ചോദിച്ചറിഞ്ഞു.


"മോനെന്താ പണി...?"


ഒടുവിൽ എല്ലാ പെണ്ണുകാണലിന്റേയും പര്യവസാനമായ ആ ചോദ്യവും വന്നു...!


ഞങ്ങളുടെ അടുത്തൊരു കസേരയിട്ട് ആ അമ്മയിരുന്നിട്ട് എന്നെ നോക്കി. ഞാനെന്റെ തൊഴിൽ പറഞ്ഞു കൊടുത്തു. അതു കേട്ടപ്പോൾ അവരുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന തെളിച്ചം മങ്ങി...

"ഇതും വ്യത്യസ്ഥമല്ല " എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു....


" ഈ പണിക്കു പോണോരെയൊന്നും ഇപ്പോഴത്തെ കുട്ട്യാൾക്ക് പിടിക്കില്ലേയ്.... കൂട്ട്യാള്ടെയൊരു കാര്യം..."


പറഞ്ഞ് കഴിഞ്ഞ് എന്തോ തമാശ പറഞ്ഞതുപോലെ അയാളുറക്കെ ചിരിച്ചു... ആ ചിരി എന്തിനു വേണ്ടിയുള്ളതാണെന്ന് എനിയ്ക്കൊരു പിടിയും കിട്ടിയില്ല.


എന്റെ പണി കുട്ടിക്കാണോ അതോ നിങ്ങൾക്കാണോ പറ്റാത്തതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു... പക്ഷേ... സംയമനം പാലിച്ചു...


അതിനിടയ്ക്ക് എന്റെ പണിയെപ്പറ്റിയും വരുമാനത്തെക്കുറിച്ചും മാധവേട്ടൻ വാചാലനായി....


"എനിക്കിപ്പോ ഇതിൽ എതിർപ്പൊന്നൂല്ലാ... കുട്ട്യാളെങ്ങനേ ചിന്തിക്കണേന്ന് നമ്മക്ക് പറയാമ്പറ്റില്ലല്ലോ..."


അയാൾ പിന്നെയും എന്തിനോ വേണ്ടി ചിരിച്ചു.. അയാൾ തന്റെ താത്പര്യക്കുറവ് പുറത്തു കാണാതിരിക്കാനുള്ള ഒരു വഷളൻ ചിരിയായിട്ടാണ് എനിക്ക് അതനുഭവപ്പെട്ടത്.


"എങ്കിൽ കുട്ടിയെ ഒന്നു കണ്ടോട്ടെ ല്ലെ..."


മാധവേട്ടൻ സംശയത്തോടെ ഭാർഗ്ഗവേട്ടനെന്ന എനിയ്ക്ക് വിധിച്ചിട്ടില്ലാത്ത അമ്മായിയച്ഛനെ നോക്കി ....


" അതിനെന്താ... കണ്ടിട്ട് അവളുടെ താത്പര്യം എന്താച്ചാ ചെയ്യാ..."


മനസ്സില്ലാമനസ്സോടെ അയാൾ പറഞ്ഞു.എന്നിട്ട് അകത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു:


" മീനാക്ഷീ ... അവളോടൊന്ന് വരാൻ പറ ...."


അൽപ നേരം കഴിഞ്ഞപ്പോൾ ഒരു ട്രെയിൽ ചായക്കപ്പുകളുമായി അവൾ ഞങ്ങളു മുമ്പിലേക്ക് വന്നു... വാതിൽക്കലോളം എത്തി പെണ്ണിന്റെ ന്നുമ്മ അവിടെ നിലയുറപ്പിച്ചു ..... ആ മുഖത്തും തെളിച്ചം കുറവാണെന്ന് ഞാൻ കണ്ടു...


നടക്കാത്ത കാര്യമാണെങ്കിലും പെണ്ണിനെയൊന്ന് നോക്കിക്കളയാം എന്ന ഉദ്ദേശത്തോടെ ഞാനവളുടെ മുഖത്തേക്ക് നോക്കി...


അവിടെ കണ്ടതിൽ നിന്ന് വ്യത്യസ്ഥമാണ് അവളുടെ മുഖത്തു കണ്ട ഭാവമെന്ന് ഞാൻ തിരിച്ചറിഞ്ഞു.


നറുനിലാവു പോലെ തെളിഞ്ഞൊരു മന്ദഹാസം അവളുടെ മുഖത്ത് ഞാൻ വ്യക്തമായും കണ്ടു...! ആശ്ചര്യത്തോടെ ആ മുഖത്തു നിന്നും കണ്ണുകളെടുക്കാൻ ഞാൻ വിമുഖത കാട്ടി.


എന്തൊക്കെയോ എവിടെയൊക്കെയോ നേരിയൊരു പ്രതീക്ഷ എന്റെ മനസ്സിലെവിടെയോ മുളപൊട്ടിയത് ഞാനറിഞ്ഞു...


തിരിഞ്ഞു ഞാൻ അവളുടെ അച്ഛനമ്മമാരുടെ മുഖത്തേക്ക് നോക്കി... അവരുടെ ഭാവത്തിൽ ഒരു മാറ്റവും കാണാൻ കഴിഞ്ഞില്ല. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കിയാൽ മതിയെന്ന ഒരസ്വസ്ഥതയും അയാളുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു...


എനിക്കും കുറച്ച് മുമ്പുവരെ അങ്ങനെയൊരു ചിന്ത ഇല്ലാതിരുന്നില്ല. അച്ഛമ്മയ്ക്ക്  ഞങ്ങളെ കാണാൻ കൂടുതൽ താത്പര്യമില്ലാഞ്ഞിട്ടോ എന്തോ അവിടെ നിന്നും എഴുന്നേറ്റ് പോയി...


" കുട്ടിയോട് അവനൊന്ന് സംസാരിക്കുന്നതിൽ വിരോധമുണ്ടോ...?"


മാധവേട്ടൻ പിന്നെയും  മടിയോടെ അയാളെ നോക്കി.


" ആയിക്കോട്ടെ...."


ഒരു ഒഴുക്കൻ മട്ടിൽ അയാൾ പറഞ്ഞു. സംസാരിച്ചിട്ടൊന്നും കാര്യമില്ല എന്നൊരു ധ്വനി കൂടി അതിലുണ്ടെന്ന് എനിയ്ക്കു തോന്നി. അതോടെ ഞാനും ഒന്നു ശങ്കിച്ചു...


വേണോ...?


സുമേഷ് കണ്ണു കൊണ്ട് ആജ്ഞ നൽകി... വേണ്ടായിരുന്നു എന്ന ചിന്തയോടെ അവൾക്കു പിന്നാലെ ഞാൻ നടന്നു.... ഒരു രൂമിലേക്ക് കടന്ന് ചുമരും ചാരി അവൾ നിലയപ്പിച്ചു. എന്താണവളോടു ചോദിക്കേണ്ടതെന്നറിയാതെ വിഷണ്ണനായി ഞാൻ നിന്നപ്പോൾ അവളെന്റെ മുത്തേക്ക് നോക്കി....


" അച്ഛനൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു ....."


ശബ്ദം താഴ്താഴ്ത്തി ഞാനവളോടു പറഞ്ഞു. അവളുടെ മുഖം ദയനീയമായി...


"എന്നെ ഇഷ്ടമായോ...?"


ചോദിക്കുന്നതിൽ അർത്ഥമില്ലെന്നറിഞ്ഞിട്ടും ഞാൻ വെറുതെ ചോദിച്ചു... അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി.


" പേര്...?"


" ശിഖ ...."


എന്റെ പേരും അറിയണമെന്ന് അവളുടെ മുഖം പറഞ്ഞു...


"എന്റെ പേര് വിനായക് ... വിനൂന്ന് പറഞ്ഞാലെ നാട്ടിലൊക്കെ അറിയൂ... പഠിക്കുന്നുണ്ടോ ഇപ്പോൾ ....?"


"പ്ലസ്ടു കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നു. കോഴ്സ് കഴിയാറായി ... "


അവളുടെ മൃദുസ്വരം കാതിൽ പതിഞ്ഞപ്പോൾ എനിക്കാവേശമായി....


"എന്റെ പണി സിമന്റിനോടും മണലിനോടും മല്ലിടുന്നതാണ്. അതൊന്നും ഇഷ്ടമാവില്ലെന്ന് അച്ഛൻ പറഞ്ഞു..."


എന്റെ സ്വരത്തിൽ ഒരു പൊടിയ്ക്ക് നിരാശ കലർന്നോയെന്ന് ഞാൻ സംശയിച്ചു...


"ആരു പറഞ്ഞു ഇഷ്ടപ്പെടില്ലെന്ന്.... പണിയും പണവുമല്ലല്ലോ ആളുകളുടെ സ്നേഹത്തിന്റെ അളവുകോൽ .....എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നൊരു മനസ്സുണ്ടായിരിക്കണം... ഞാനത്രയേ ചിന്തിയ്ക്കുന്നുള്ളൂ...."


എന്റെ മിഴികൾ വിടർന്ന് കൃഷ്ണമണികൾ പുറത്തേക്ക് ചാടുമോയെന്നുപോലും ഞാൻ ഭയന്നു....


"സത്യത്തിൽ കുട്ടിക്കെന്നെ ഇഷ്ടമായോ?"


എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല.


" ഇഷ്ടമായി ... ഒരുപാട് ...."


" അച്ഛനൊക്കെ ഇഷ്ടമാവുമോ?"


" ഞാൻ പറയും.... എനിക്കിതു മതിയെന്ന്..."


"സത്യമാണോ ....?"


" ഞാൻ വെറുതെ പറഞ്ഞതാണെന്ന് തോന്നിയോ....?"


" ഏയ്... അങ്ങനെയല്ല.... ഇതുവരെയുള്ള അനുഭവം വച്ച് വിശ്വസിക്കാൻ പ്രയാസം ...."


" ഇതുവരെ കണ്ട പെണ്ണുങ്ങളെപ്പോലെയാണ് ഞാനെന്നും തോന്നിയോ...?"


" ഞാൻ സ്വപ്നം കാണുകയാണോ എന്നെനിയ്ക്ക് സംശയം ...."


അവൾ ശംബ്ദമില്ലാതെ ചിരിച്ചു...


" വിശ്വസിച്ചോളൂ...."


ആ ചിരിക്കിടയിൽ അവൾ കൂട്ടിച്ചേർത്തു.


" എന്നെ ഇഷ്ടമായോന്ന് പറഞ്ഞില്ല. "


അവളുടെ മുഖത്ത് നാണം തളിരിട്ടു...


" കുട്ടിക്കെന്താണ് തോന്നിയത് ....?"


" കുട്ടിയല്ല. ശിഖ ...."


"ശരി ... ശിഖക്കെന്താണ് തോന്നിയത് ...?"


" ഇഷ്ടമാണെന്നുതന്നെ ...."


"എങ്കിൽ അതും യാതാർത്ഥ്യമാണെന്ന് വിശ്വസിച്ചോളൂ..."


അവൾ വിടർന്ന കണ്ണുകളുയർത്തി എന്നെ നോക്കി... അവൾ എന്റെ നോട്ടത്തെ നേരിടാനാവാതെ നാണത്തോടെ മുഖം കുനിച്ചു...


"എങ്കിൽ ഞാനിപ്പോൾ പോകട്ടെ...?"


അവൾ ലജ്ജാവതിയായി തലയാട്ടി....


സ്വപ്നലോകത്തെ ബാലഭാസ്ക്കരനായി ഞാനാ വീടിന്റെ പടിയിറങ്ങുമ്പോൾ എന്റെയുള്ളിൽ കരിഞ്ഞുണങ്ങാറായ മോഹങ്ങൾ തളിരിട്ടു തുടങ്ങിയിരുന്നു...ഒപ്പം പൗർണ്ണമിത്തിങ്കളായി അവളുടെ മുഖം പച്ചകുത്തിയതുപോലെ എന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.....!!


ശുഭം.

To Top