രചന: DivyaKashyap
"ഡാ ഞാൻ അടുത്ത മാസം അവൻ്റെ കൂടെ ഒളിച്ചോടും..."
"ഡീ...നീയിതെന്തോക്കെയാ ഈ പറയുന്നേ...അപ്പോ നിൻ്റെ കുട്ടികളോ..??"
"ആ...അതൊക്കെ അങ്ങനെ കിടക്കും എനിക്ക് മാത്രമല്ലല്ലോ അങ്ങേർക്കുമില്ലെ ഉത്തരവാദിത്തം..."
"ഡീ...അല്ല...അതുപിന്നെ..."
"മനു..ഞാൻ വെക്കുവാ...ചേട്ടൻ വന്നെന്നു തോന്നുന്നു..."
കയ്യിൽ ഫോണുമായി മനു തരിച്ചിരുന്നു..ഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചതാണ് അവള് ...ആശ...കല്യാണം കഴിഞ്ഞെന്നു അറിഞ്ഞാരുന്നൂ..കഴിഞ്ഞിടക്ക് ഒരു കൂട്ടുകാരൻ്റെ പെങ്ങളുടെ കല്യാണത്തിന് വെച്ച് വീണ്ടും കണ്ടുമുട്ടി... അന്ന് ഫോൺ നമ്പറും വാട്ട്സ് അപ്പ് നമ്പറും ഒക്കെ തന്നാണ് പോയത്..പിന്നീട് ഇടക്കിടക്ക് വിളിക്കുകയും മെസേജ് അയക്കുകയുമോക്കെ ചെയ്യും...
അങ്ങനെ കുറച്ചുനാൾ കഴിഞ്ഞാണ് അവളത് പറയുന്നത്...അവളും ഭർത്താവും തമ്മിൽ അത്ര ചേർച്ചയില്ല..വേറൊന്നുമല്ല...അയാൾക്ക് അവളോട് സ്നേഹമില്ല...കുടിയനുമാണ്...
അവള് എഫ് ബി വഴി പരിചയപ്പെട്ട അഞ്ചാറു ജില്ലകൾക്ക് അപ്പുറത്തുള്ള ഒരുത്തനുമായി പ്രണയത്തിലാണ്...അവൻ നല്ല സ്നേഹമുള്ളവൻ ആണത്രേ...
അവൾക്ക് രണ്ടു കുട്ടികളുണ്ട്...ഒരാണും ഒരു പെണ്ണും... ആറും മൂന്നും വയസ് പ്രായം....
മനുവിന് ആകെ തല പെരുക്കുന്നത് പോലെ തോന്നി....
.............................................✨✨
വാതിലിൽ മുട്ട് കേട്ട് അവള് ചെന്നു വാതിൽ തുറന്നു...
"ഇന്നാടി പെണ്ണേ...ഇതൊക്കെ അങ്ങോട്ട് വെയ്ക്ക്..." നാലുകാലിൽ ആണ് വന്നതെങ്കിലും അയാളുടെ കയ്യിൽ പിറ്റേന്നത്തെക്ക് ഉള്ള അരിയും സാധനങ്ങളും ഉണ്ടായിരുന്നു...കുഞ്ഞുങ്ങൾക്കു പരിപ്പ് വടയും ബിസ്കറ്റും ഉണ്ടായിരുന്നു...ചായ ഇടാനുള്ള കവർ പാലുണ്ടായിരുന്നൂ...
"ചേട്ടന് ചായ വേണോ..."അവള് ചോദിച്ചു..
"വേണ്ടെടി പെണ്ണേ...പിരിയും..."
അവള് പാലുമായി അകത്തേക്ക് പോയി...
"വാടാ അച്ചെടെ മക്കള്.. ദാ പരിപ്പുവട..."
മൂത്തവൻ വന്നു അയാളുടെ കയ്യിൽ നിന്ന് പരിപ്പുവട റാഞ്ചി കൊണ്ടുപോയി...
"എൻ്റെ കൊച്ചുകാന്താരിക്ക് ബിസ്ക്കറ്റ് വേണ്ടെടി....?? "അയാള് ബിസ്ക്കറ്റ് കവർ ഇളയവളുടെ നേരെ നീട്ടി...
"നിച്ച് വേണ്ടാ...അച്ചയെ ഭയങ്കര നാറ്റം.."അവള് മുഖം കൂർപ്പിച്ചു..
"അത് അച്ചയോന്ന് ഉറങ്ങി എണിക്കുമ്പോ മാറുമെടി കുഞ്ഞി..."
അയാള് വെട്ടിയിട്ട പോലെ കിടക്കയിലേക്ക് വീണു വേഷം പോലും മാറാതെ....
............................✨✨✨✨✨✨
ചായയിട്ട് കുടിച്ചിട്ട് അവള് വന്നു ഫോൺ എടുത്ത് മനുവിനെ വിളിച്ചു...
"ഡാ..നീയെന്തുവാരുന്ന് നേരത്തെ പറഞ്ഞത്..."
"ആശേ...നീ നിൻ്റെ തീരുമാനം മാറ്റണം..ഫോൺ വഴി പരിചയപ്പെട്ട ഒരുത്തൻ്റെ കൂടെ പോവുകയാണ് എന്നൊക്കെ പറഞാൽ...നീ അപകടത്തിലേക്ക് ആണ് പോകുന്നത്..."മനു ഒറ്റശ്വാസത്തിൽ പറഞ്ഞു...
"അവൻ നല്ലവനാടാ..എന്നെ പൊന്നു പോലെ നോക്കും..."
"നിൻ്റെ ഭർത്താവ് നിന്നെ നോക്കില്ലെ നല്ലത് പോലെ...കുടിക്കുവെന്നല്ലെ ഉള്ളൂ..വഴക്കൊന്നുമില്ലല്ലോ..."
"അയാൾക്ക് സ്നേഹമില്ല... ദേ വന്നു കിടപ്പുണ്ട്..കുടിച്ചു കൂത്താടി..." അവള് അറപ്പോടെ മുഖം തിരിച്ചു...
"ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുത്തനെ നീയെങ്ങനെ വിശ്വസിക്കു മെടി...അവൻ നിൻ്റെ കുഞ്ഞുങ്ങളെ നോക്കുമോ...അവനും ഒരു കൊച്ചുണ്ടെന്നല്ലെ നീ പറഞ്ഞത്...?"
"അതവന് ഒരു അബദ്ധം പറ്റിയതാടാ... ആ പെണ്ണും കൊച്ചും വേറെവിടെയോ ആണ്...."
"ഡീ അവൻ നല്ലവനായിരുന്നെങ്കിൽ അവനു പറ്റിയ അബദ്ധം തിരുത്തി ആ പെണ്ണിനെയും കൊച്ചിനെയും ഏറ്റെടുതെനെ...ഇതിപ്പോ....."
"അതെങ്ങനെ ശരിയാകും..അവനെന്നേയല്ലെ സ്നേഹിക്കുന്നെ...." ആശ തർക്കിച്ചു...
"എടി..എനിക്ക് നിന്നെ മനസ്സിലാകുന്നില്ല.. ഞാനിത്ര നാളും നിന്നെ കേട്ടത് നീ എൻ്റെ കൂട്ടുകാരി ആണല്ലോ എന്നോർത്താ ...നീ തെറ്റിലേക്കാ പോകുന്നത്...."മനു ആശങ്കയോടെ പറഞ്ഞു...
"നിനക്കറിയില്ല മനു അവനെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന്...എന്നും രാവിലെ എഴുന്നേറ്റ ഉടനെ എനിക്ക് ഗുഡ് മോണിംഗ് മെസേജ് അയക്കും...ഇടക്കിടക്ക് വന്നു കഴിച്ചോ കുടിചോ എന്നൊക്കെ ചോദിക്കും..കഴിച്ചില്ലെങ്കിൽ വഴക്ക് പറഞ്ഞു കഴിപ്പിക്കും...വയ്യാതിരിക്കുവാണെങ്കിൽ ഡോക്ടറെ കാണാൻ നിർബന്ധിക്കും..ഇടക്ക് വന്നു ആശ്വസിപ്പിക്കും... വേദന കുറഞ്ഞോ എന്ന് ചോദിക്കും ...എൻ്റെ ഓരോ ബെർത്ത്ഡെയും ഓർത്തിരുന്ന് ആശംസകൾ നേരും.....രാത്രി ചേട്ടൻ ഉറങ്ങിക്കഴിഞ്ഞാൽ അപ്പോ വീഡിയോ കോൾ ചെയ്യും മണിക്കൂറുകൾ സംസാരിക്കും എന്നോട്...അറിയോ നിനക്ക്...."
"അടുത്ത മാസം എൻ്റെ പേരിൽ കിടക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റ് മെച്വെഡ് ആകും ...അത് കിട്ടിയിട്ട് പോകാം എന്ന് അവൻ പറഞ്ഞു...അവനത് വേണം എന്നൊന്നുമില്ല... കോവിഡ്ഡ് ആയത് കൊണ്ട് അവനു പണിയൊക്കെ കുറവാ അത് കൊണ്ടാ...അവൻ നല്ലവനാഡാ...ഒത്തിരി നല്ലവനാ...എന്നെ വല്യ കാര്യവാ...."
"ഞാൻ അടുത്ത മാസം പോകുമെടാ അവൻ്റെ കൂടെ..."
മനു ഫോൺ വെച്ചു....
അവൻ്റെ മനസ്സിലപ്പോൾ അവളുടെ ആ രണ്ടു കുഞ്ഞി പിള്ളേരുടെ നിഷ്കളങ്കമായ കണ്ണുകൾ മാത്രമായിരുന്നു.....
അവള് പോയി...ഫിക്സഡ് ഡെപ്പോസിറ്റ് കിട്ടിയപ്പോൾ അതുമായി അവള് പോയി...
പോയപ്പോൾ ആറും മൂന്നും വയസ്സുള്ള മക്കളെയും കൊണ്ടുപോയി...
പലവട്ടം അവള് അവനെ മക്കളുടെ ഫോട്ടോ കാണിച്ച് കൊടുത്തിട്ടുണ്ട്...അപ്പോഴൊക്കെ അവനു വല്യ ഇഷ്ടമായിരുന്നുത്രെ...ചെറിയ മോള് അവളെ പോലെ സുന്ദരിയാണെന്ന് അവനെപ്പോഴും പറയുമാരുന്നത്രെ...
റെയിൽവേ സ്റ്റേഷനിൽ അവൻ കാത്ത് നിൽക്കുമെന്നും അവിടെ എത്തണം എന്നുമായിരുന്നു അവൻ പറഞ്ഞിരുന്നത്...
പറഞ്ഞത് പോലെ അവൻ കാത്ത് നിന്നിരുന്നു...
അവളുടെ ഇരു കയ്യിലെയും വിരലുകളിൽ തൂങ്ങി കൊച്ചുങ്ങൾ കൂടി വരുന്നത് കണ്ട് അവൻ്റെ മുഖം ചുളിഞ്ഞു...
"ഇതെന്താ പിള്ളെരുമായി...?"
"അങ്ങേരു കുടിച്ചു കൂത്താടി ഇനിയെപ്പോ വരാനാ...അതാ..."അവള് ചിരിച്ചു...
"ഹമ്മ് മ്മ്.." അവൻ മനസ്സില്ലാ മനസ്സോടെ ഒന്ന് മൂളി..
"നീ പൈസ എടുത്താരുന്നോ..."?
"മ്... ബാഗിലുണ്ട്..." അവള് ബാഗ് നെഞ്ചോട് ചേർത്തു...
"അതിങ് തന്നേക്ക് ....നിൻ്റെ കയ്യിലിരുന്നാൽ പോകും..."
അവൻ അവളുടെ കയ്യിൽ നിന്ന് ആ പൊതിക്കെട്ട് വാങ്ങി തൻ്റെ ബാഗീലേക്ക് താഴ്ത്തി...
..........................................ഇതേ സമയം വൈകിട്ട് വന്നപ്പോൾ അവളെയും കുഞ്ഞുങ്ങളെയും കാണാഞ്ഞ് അവളുടെ ഭർത്താവ് അവളുടെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു....അവിടെയും ചെന്നിട്ടില്ല എന്നറിഞ്ഞു അയാളുടെ കുടിച്ച കള്ളും കൂടി ഇറങ്ങി പോയി..
രാത്രി തന്നെ അവളുടെ വീട്ടുകാരെയും കൂട്ടി പോയി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു്..
മൂന്നു നാലു ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ച പ്രകാരം ഇരു കൂട്ടരും വീണ്ടും സ്‌റ്റെഷനിൽ എത്തി...
പോലീസ് ഇതിനോടകം അവളുടെ ഫോൺ കോൾ ലിസ്റ്റ് എടുത്തിട്ടു ണ്ടായിരുന്നു...അതിൻ പ്രകാരം അവസാനമായി വിളിച്ചിരിക്കുന്നത് മനുവിനെ ആണ്...അവള് വീട് വിട്ടു പോകുന്ന കാര്യം പറയാൻ മനുവിനെ വിളിച്ചിരുന്നു..
പോലീസ് മനുവിനെ വിളിച്ചു കാര്യം തിരക്കി...അവൻ തനിക്ക് അറിയാവുന്ന കാര്യം പോലീസിനോട് പറഞ്ഞു..ഒപ്പം അവളുടെ വീട്ടുകാരെ താൻ ഈ കാര്യം അറിയിച്ചിരുന്നു എന്ന സത്യവും...
കാര്യം അറിഞ്ഞ ഭർത്താവ് അവളുടെ അച്ഛൻ്റെ നേരെ തട്ടിക്കയറി...മകളുടെ തെറ്റിൻ്റെ മുന്നിൽ നിറകണ്ണോടെ നിൽക്കാനേ ആ അച്ഛനായുള്ളു...
"നിൻ്റെ ഒടുക്കത്തെ കുടിയുടെ ആണെട...എൻ്റെ മോള് പോയത്..."അവളുടെ അമ്മ അയാളെ പ്രാകി....
"അന്വേഷിക്കാം"...എന്ന പതിവ് പല്ലവിയിൽ പോലീസ് അവരെ തിരിച്ചു വിട്ടു...
രണ്ടു ആഴ്ചക്ക് ശേഷം കോയമ്പത്തൂരിൽ നിന്നും പിടിക്കപ്പെട്ടു അവനും അവളും കുട്ടികളെയും കൊണ്ട് സ്റ്റേഷനിൽ എത്തപ്പെട്ടു...
ഭർത്താവും അച്ഛനും അമ്മയും സ്റ്റേഷനിലേക്ക് വന്നിരുന്നു...
അവളുടെ അമ്മ അവളെ കുറെ തല്ലുകയും ചീത്ത വിളിക്കുകയും ഒക്കെ ചെയ്തു...
പോലീസിൻ്റെ കലാപരിപാടികൾ പേടിച്ച് കാമുകൻ അവളെ തള്ളി പറഞ്ഞു...അവളുടെ വിഷമം കണ്ടൂ കൂടെ കൂട്ടിയതാണെന്നും അവളാണ് പോകാൻ നിർബന്ധിച്ചത് എന്നും അവൻ പറയുകയുണ്ടായി....
അവളുടെ കരചിലിനും പിടച്ചിലിനും ഒടുവിൽ കൊച്ചുങ്ങൾ ഇല്ലാതെ വേണെങ്കിൽ കൂടെ കൂട്ടികൊണ്ട് പോകാം എന്നൊരു ഡയലോഗും...
എന്തോ...അവള് തീരുമാനം മാറ്റി...
അവനിട്ട് രണ്ടു പൊട്ടീരും കൊടുത്ത് പോലീസ് വിട്ടു...കയ്യിലെ കാശ് ഇതിനോടകം പതിനയ്യായിരം തീർന്നിരുന്നു...ബാക്കിയുള്ളത് അവളുടെ ഭർത്താവിനെ ഏൽപ്പിച്ചു...
.......................................⚡⚡⚡⚡⚡⚡
പോലീസ് സ്റ്റേഷനു വെളിയിലേക്കു ഇറങ്ങിയ ഭർത്താവ് രണ്ടു മക്കളെയും വാരി എടുത്ത് ഉമ്മ വെച്ചു...
"അച്ചയോട് ക്ഷമിക്കടാ മക്കളെ..അച്ച ഇനി ഒരിക്കലും കുടിക്കില്ല കേട്ടോ..."
അയാള് ഒരു ഓട്ടോ കൈകാണിച്ചു നിർത്തി ഓട്ടോയിലേക്ക് മക്കളെ ഇരുത്തി...
കുനിഞ്ഞു ഓട്ടോയിലേക്ക് കയറാൻ പോയ അവളെ നോക്കി അയാൾ ആക്രോശിച്ചു...
"എവിടെ പോകുന്നെടി...?"
അയാൾ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് നിന്ന് വിറച്ചു....
"ഇനി മുതൽ നിനക്ക് എൻ്റെ വീട്ടിൽ സ്ഥാനമില്ല...എൻ്റെ മക്കളെ ഞാൻ പൊന്നു പോലെ വളർത്തും...അവളെ ഏതായാലും നീ വന്നപ്പോ കൊണ്ടുവന്നതല്ലല്ലോ.... ഒരമ്മയ്ക്ക് ചെയ്തു കൊടുക്കാൻ പറ്റ്ന്നതോക്കെ ഒരച്ഛനും ചെയ്തു കൊടുക്കാൻ പറ്റൂമെടി..നിനക്കൊക്കെ എന്തിൻ്റെ കുറവ് ഉണ്ടായിട്ട് ആയിരുന്നെടി ഇത്ര നെഗളിപ്പ്...എവിടെങ്കിലും പോയി ചാകെടി വൃത്തികെട്ടവളെ..."
"ഞാൻ കുടിക്കുമായിരുന്നു...ശരിയാണ്..അതൊരു ദൗർബല്യം ആയിപോയി...എന്ന് വെച്ച് ഞാൻ നിനക്കും മക്കൾക്കും ഒരു കുറവും വരുത്തിയിട്ടില്ല...നിന്നെ ഉപദ്രവിച്ചിട്ടില്ല...ചീത്ത പറഞ്ഞിട്ടില്ല...എന്നിട്ടും...നീ....പോടീ എൻ്റെ കൺമുന്നിൽ നിന്നും..."
അയാള് ഓട്ടോയിൽ കയറി...
"കുഞ്ഞുങ്ങളെ കാണാൻ തോന്നുമ്പോ അറിയിച്ചാ മതി..."
ഓട്ടോ നിമിഷ നേരത്തിൽ നഗരത്തിൻ്റെ തിരക്കിലേക്ക് ഊളിയിട്ടു...
വിതുമ്പി കൊണ്ടവൾ അവളുടെ അച്ഛനെ നോക്കി...
"വാ.. വീട്ടിലേക്ക് പോകാം...അവനെ കുറ്റം പറയാൻ പറ്റില്ല...ഒരു ഭർത്താവും ക്ഷമിക്കുന്ന പ്രവർത്തിയല്ല നീ ചെയ്തത്...ഈ പറയുന്ന ഞാൻ ആണെങ്കിലും ഒരു ഭർത്താവിൻ്റെ സ്ഥാനത്ത് നിന്ന് ഇതേ പറയൂ...ഇതേ ചെയ്യൂ...പക്ഷേ ഒരു മകളെ വേണ്ടെന്ന് വെയ്ക്കാൻ ഒരച്ചനും പറ്റില്ല...അവനും പറ്റില്ല...അതാ അവൻ അവൻ്റെ മക്കളെ കൂടെ കൂട്ടിയത്..."
""""""ഇനി ഒരച്ഛനും ഇതുപോലെ ഒരു ഗതി ഉണ്ടാവാതിരിക്കട്ടെ.....എന്നെങ്കിലും അവനു നിന്നോട് ക്ഷമിക്കാൻ പറ്റുമെങ്കിൽ അതുവരെ കാക്കാം...എൻ്റെ ജീവൻ പോണത് വരെ ഞാൻ നിനക്ക് കൂട്ടായി കാണും...""""""""
തൻ്റെ ശോഷിച്ച കയ്യിൽ മകളുടെ കയ്യും പിടിച്ചു ആ മനുഷ്യനും റോഡിലെ തിരക്കിലേക്കിറങ്ങി.....
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Nb:ഇനിയെങ്കിലും നമ്മുടെ മക്കൾക്ക് ബോധം ഉണ്ടായെങ്കിൽ...അതിപ്പോ ആണായാലും പെണ്ണായാലും......