രചന: Unni K Parthan
#പറയുവാനിനിയുമേറെ..
"ഈ മുഖകുരുവുമുള്ള മുഖവും വെച്ചിട്ടാണോ നീ എന്റെ കൂടെ ഇന്ന് വരുന്നത്...
ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഇമ്മാതിരി കോലത്തിൽ എന്റെ കൂടെ വരേണ്ടന്ന്..
നാശം പിടിക്കാൻ..
അല്ലേലും നാലാള് കൂടുന്നിടത്ത് ഇവളേം കൊണ്ട് പോകുന്ന കാര്യം ഓർക്കുമ്പോൾ തന്നെ കലി വരും.."
ജിതന്റെ വാക്കുകൾ ലയയുടെ നെഞ്ചിലേക്ക് ചാട്ടുളി പോലെ പെയ്തിറങ്ങി..
ഹാളിൽ അമ്മയും, അനിയത്തിയും, അനിയത്തിയുടെ ഭർത്താവും നിൽപ്പുണ്ട് എന്നുള്ള ഒരു നോട്ടവും ഇല്ലാതെയായിരുന്നു ജിതന്റെ സംസാരം..
"മോള് വാ.."
ലയയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ദേവി അകത്തേക്ക് നടന്നു...
ജിതന്റെ അമ്മയാണ്..
"ഈ സാരി മാറ്റിക്കോ..
അമ്മ ഇപ്പൊ വരാം.."
ഡോർ ലോക്ക് ചെയ്തു ദേവി പുറത്തേക്ക് നടന്നു..
ചെന്ന വഴി ജിതന്റെ കവിളിൽ ദേവി കൈ വീശി അടിച്ചു..
"ഡിവോഴ്സ് വേണോ നിനക്ക്.."
ദേവിയുടെ ചോദ്യം കേട്ട് ജിതൻ ഞെട്ടി..
"മക്കൾ ഇറങ്ങിക്കോ..
ഇല്ലേ വൈകും.."
നിത്യയേയും, അരുണിനേയും നോക്കി ദേവി പറഞ്ഞു..
"അമ്മേ.."
നിത്യ മെല്ലെ വിളിച്ചു..
"ചെല്ല് മക്കളെ..."
ദേവി ശബ്ദം കനപ്പിച്ചു..
ഒന്നും മിണ്ടാതെ അവർ പോർച്ചിലേക്ക് ഇറങ്ങി..
കാർ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോയി..
"ഇനി നീ വിട്ടോ.."
ജിതനെ നോക്കി ദേവി പറഞ്ഞു.
"അത് പിന്നെ അമ്മേ.."
"ഞാൻ മോളേ മോളുടെ വീട്ടിൽ കൊണ്ട് വിടാൻ പോണ്..
കൊറേ ആയി അത് സഹിക്കുന്നു..
നിന്നെ പോലുള്ള ഒരാളുടെ കൂടെ ഇരുന്നു അതിന്റെ ജീവിതം കളയണ്ട.."
"അമ്മേ അത് പിന്നെ ഞാൻ.."
"നാണമാവില്ലേ നിനക്ക്..
എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞു ആ കുട്ടിയെ കുറ്റപ്പെടുത്താൻ..
ഡ്രസ്സ് ശരിയല്ല, സാരി മാത്രേ ഉടുക്കാൻ പാടുള്ളു, വീട്ടിൽ ബനിയനോ, ലെഗിൻസോ, ഷോട്സോ ഒന്നും യൂസ് ചെയ്യാൻ പാടില്ല..
ചുരിദാർ മാത്രം..
മുടി അഴിച്ചിടാൻ പാടില്ല..
ആരെങ്കിലും പരിചയക്കാർ വന്നാൽ അവരോടു സംസാരിക്കാൻ പാടില്ല..
കല്യാണം കഴിഞ്ഞു വന്നിട്ട് മാസം ആറല്ലേ ആയുളളു..
ആ കുട്ടി ഇവിടെ കിടന്നു ശ്വാസം മുട്ടുന്നത് ഞാൻ കൊറേ ആയി കാണുന്നു..
നല്ല വിദ്യാഭ്യാസമുള്ള കുട്ടിയാണ് ഒരു ജോലിക്ക് വിടോ നീ..
അതുമില്ല..
നിനക്ക് നിന്റെ ഇഷ്ടത്തിന് നടക്കാം അവൾക്ക് ഒന്നും പാടില്ല..
ഇനി അത് ഇവിടെ നടക്കില്ല..
ഇന്ന് ഞാൻ മോളോട് ചോദിക്കും ഡിവോഴ്സ് വേണോ ന്ന്..
വേണമെന്നാണ് ഓളുടെ മറുപടിയെങ്കിൽ അതങ്ങ് കൊടുത്തേക്കണം..
അതല്ല..
ഇനീം ഇവിടെ ആണ് ജീവിക്കാൻ ആഗ്രഹമെങ്കിൽ..
ഇവിടെ ജീവിച്ചോട്ടെ..
എത്ര കുടുംബങ്ങളിൽ വിവാഹം ഒരു അലങ്കാരമായി നടത്തി പേരിനു ഭാര്യ ഭർത്താക്കന്മാരായി ജീവിക്കുന്നു..
ആ കുട്ടിക്ക് പോകാൻ ഒരു ഇടമില്ല..
അനാഥയതാണ് നിന്നെ കെട്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന അമ്മയും മരിച്ചു..
ഇനി എവിടേക്ക് ഇറങ്ങി പോകും അത്..
ഇനി നീ മോളെ എന്തേലും അനാവശ്യം പറഞ്ഞാൽ പിന്നെ നീ ഈ വീട്ടിൽ ഉണ്ടാവില്ല ഓർത്തോ...
നിന്റെ താഴെ ഉള്ള അനിയത്തിയാണ് ഇപ്പൊ ഇവിടന്ന് പോയത്..
ഹരി എത്ര ഭംഗിയായിട്ടാണ് അവളെ നോക്കുന്നത്..
കണ്ടു പഠിക്ക് നീ.."
അതും പറഞ്ഞു ദേവി തിരിഞ്ഞു നടന്നു..
"പിന്നെ..
കല്യാണത്തിന് നീ തന്നെ പോയ മതി..
ഞാനും മോളും ഇല്ല.."
തിരിഞ്ഞു നിന്ന് പറഞ്ഞിട്ട് ദേവി ലയയുടെ അടുത്തേക്ക് നടന്നു..
"മോളേ..
ദാ ഈ ഡ്രസ്സ് ഇട്ട മതി.."
അലമാരയിൽ നിന്നും ഒരു ജീൻസും ടോപ്പും എടുത്ത് ലയയുടെ നേർക്ക് നീട്ടി..
"അമ്മേ."
അന്താളിപ്പോടെ ലയ ദേവിയെ നോക്കി..
"നിത്യ മോളുടെ ആണ്..
മോൾക്ക് ചേരും നന്നായി.."
"എന്നാലും അമ്മേ ഞാൻ.."
"ഒരു കമ്മയുമില്ല..
മര്യാദക്ക് ഇട്ടിട്ടു താഴേക്ക് വാ..
ഞാൻ അവിടെയുണ്ടാവും.."
ദേവി തിരിഞ്ഞു നടന്നു..
"പിന്നെ..
തോൽക്കാൻ മനസ് കൊണ്ട് തീരുമാനം എടുത്താൽ എന്നും തോൽവി തന്നെയാകും വിധി..
പിന്നെ അതിനോട് പൊരുത്തപെട്ട് ജീവിക്കാനും തുടങ്ങും..
ഇന്ന് മുതൽ ജയിക്കാനായി തീരുമാനം എടുത്താൽ മതി..
എല്ലാം ശരിയാകും.."
തിരിഞ്ഞു നിന്നു ലയയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് ദേവി തിരിഞ്ഞു നടന്നു..
**************************************
"ആ മുടിയങ്ങു "V" ഷൈപ്പിൽ ഒന്ന് കട്ട് ചെയ്തു കൊടുത്തേക്ക് മോളേ..
പുരികം തൃഡ് ചെയ്യണം..
ഈ മുഖത്ത് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു കൊടുത്തേക്കണം..
ഞാൻ പുറത്ത് ഉണ്ടാകും.. "
ടൗണിലെ പ്രശസ്തമായ ലേഡീസ് ബ്യൂട്ടി പാർലറിൽ ലയയെയും കൊണ്ട് പോയി ദേവി അവിടെയുള്ള സ്റ്റാഫിനോട് പറഞ്ഞത് കേട്ട് ലയ പകച്ചു.
"മോൾക്ക് നല്ല ഭംഗിണ്ട്..
എന്നാലും..
ഒരു മാറ്റം നല്ലതാണ്..
തലയിൽ താളിയും തേച്ച് കുളിച്ചു എണ്ണയും തേച്ച് പിടിപ്പിക്കണത് നല്ലതാണ്..
പക്ഷേ ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നതും നല്ലതാണ്.."
പുഞ്ചിരിച്ചു കൊണ്ട് ലയയെ നോക്കി പറഞ്ഞു ദേവി പുറത്തേക്ക് നടന്നു..
****************************************
കാലങ്ങൾക്ക് ശേഷം ഉള്ള ഒരു പകൽ..
"ഏട്ടാ..
ഞാൻ ഇറങ്ങുന്നു..
ഓഫിസിൽ ഇന്ന് ഇച്ചിരി നേരത്തെ എത്തണം..
മോനേ കുളിപ്പിച്ച് നിർത്തിട്ടുണ്ട്..
ബ്രേക്ക്ഫാസ്റ്റും..
യൂണിഫോമും അമ്മ നോക്കിക്കോളും..
സ്കൂൾ ബസ് വരുമ്പോൾ ഒന്ന് കയറ്റിവിട്ടാൽ മതി.."
ലയ ജിതന്റെ മറുപടിക്ക് കാത്തു നിൽക്കാതെ റൂമിൽ നിന്ന് പുറത്തേക്ക് നടന്നു..
"മോളേ.."
ദേവിയുടെ വിളി കേട്ട് ലയ തിരിഞ്ഞു നോക്കി..
"കഴിക്കുന്നില്ലേ.."
"ഇല്ലമ്മേ..
ഇന്ന് ഇച്ചിരി തിരക്ക് കൂടുതൽ ഉള്ള ദിവസം ആണ്..
മാസാവസാനം അല്ലെ..
അതിന്റെ ഒരു തിരക്ക്..
അറിയാലോ അമ്മയ്ക്ക്.."
"മ്മ്..
അമ്മയ്ക്ക് ഒന്ന് പുറത്ത് പോണന്ന് ണ്ട് ലോ.."
മുന്നോട്ട് നടന്ന ലയ പെട്ടന്ന് നിന്നു..
"എന്തേ.."
പതിവില്ലാതെ ദേവിയുടെ സംസാരം കേട്ട് ലയ അടുത്തേക്ക് വന്നു ചോദിച്ചു..
"രണ്ടു ദിവസം ആയി..
ഒരു തളർച്ച..
മനസിന് ഒരു സുഖമില്ല..
ശരീരം വല്ലാത്ത വേദന.."
"എന്നിട്ട് എന്നോട് പറഞ്ഞില്ല ലോ.."
"അത് പിന്നെ മോൾക്ക് തിരക്കല്ലേന്ന് കരുതി.."
ബാഗിൽ നിന്ന് മൊബൈൽ എടുത്തു ലയ മേനേജരെ വിളിച്ചു..
"സാർ ഞാൻ ഇന്ന് ലീവ് ആണെ..
അമ്മയ്ക്ക് ഇന്ന് എന്റെ കൂടെ ഇരിക്കണമെന്ന്..
നാലു മാസം ആയിട്ട് ലീവ് എടുത്തിട്ടില്ലലോ..
അത്യാവശ്യം വേണ്ട വർക്കുകൾ ഞാൻ വീട്ടിൽ ഇരുന്നു ചെയ്തു തരാം.."
കാൾ കട്ട് ചെയ്തു ദേവിയെ നോക്കി കണ്ണിറുക്കി ലയ..
"എവിടേക്ക് പോണം.."
ലയ പുഞ്ചിരിച്ചു കൊണ്ട് ദേവിയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..
"ഗുരുവായൂർ..
കള്ള കൃഷ്ണനെ കണ്ടിട്ട് കുറച്ചു ദിവസമായി.."
"ഇന്ന് വൈകുന്നേരം പോവാം..
കുറച്ചു കഴിഞ്ഞു നമുക്ക് അമ്മയുടെ നാട്ടിൽ പോയിട്ട് വരാം..
വല്യമാമായെ കണ്ടിട്ട് കുറച്ചായി ല്ലേ നമ്മൾ..
മാത്രമല്ലാ..
ഞാൻ ഡ്രൈവ് ചെയ്യുന്നത് വല്യ ഇഷ്ടമാണ് എന്നല്ലേ പറയാറ്..
പിന്നെ വൈകുന്നേരം
കാശിയുടെ ക്ലാസ്സ് കഴിഞ്ഞു വന്നിട്ട്..
ഗുരുവായൂർ പോവാം കാറിൽ..
പിന്നെ ശനിയും ഞായറുമല്ലേ..
രാത്രി അവിടെ റൂം എടുത്തു പുലർച്ചെ നിർമാല്യം തൊഴാം..
പിന്നെ നാളെ ഫുൾ അവിടെ ഇരിക്കാം പോരേ.."
ദേവിയെ ചേർത്തു പിടിച്ചു ലയ..
"അവനോട് വരുന്നുണ്ടോന്ന് ചോദിച്ചൂടെ നിനക്ക്.."
"എന്തിന്..
ഭാര്യയുടെ സൗന്ദര്യം കൂടി പോയത് കൊണ്ട് ആണുങ്ങൾ എന്നെ നോക്കി വെള്ളമിറക്കുന്നുവെന്ന് പിന്നാലെ നടന്നു ചെവിയിൽ പറയാനോ..
അമ്മയുടെ കൂടെ ആവുമ്പോൾ ഞാൻ ഹാപ്പി ആണ്..
പിന്നെ എന്തിനാ ന്ന്..
വർഷം ഏഴായില്ലേ എന്നെ കാണുന്നു..
എന്നിട്ടും എന്നെ പഠിച്ചില്ലേ..
ഞാൻ പൊരുത്തപെട്ടു അമ്മാ.."
ദേവിയുടെ ചുമലിലേക്ക് ചാരി ലയ മെല്ലെ പറഞ്ഞു..
ശുഭം...