രചന: മീനു M
എനിക്ക് നീയില്ലാതെ പറ്റില്ല.... വന്നൂടെ എന്റെ ജീവിതത്തിലേക്ക്....
നമ്മൾ രണ്ടും സ്വതന്ത്ര വ്യക്തികൾ അല്ല അരുൺ...... നിനക്കൊരു ഭാര്യയുണ്ട്... ഒരു കുഞ്ഞുണ്ട്.... എനിക്കും ഒരു കുടുംബമുണ്ട്....
കുടുംബം...... ന്നിട്ട് അയാൾ നിന്നെ സ്നേഹിക്കുന്നുണ്ടോ? കുട്ടികൾ......
അവരെ നമുക്ക് വളർത്തിക്കൂടെ ദീപ്തി?
എന്റെ ഭാര്യ ഇന്നുവരെ എന്നെ സ്നേഹിച്ചിട്ടില്ല..... എന്റെ കുഞ്ഞിനെ.... അവൾ നൊന്തു പ്രസവിച്ച കുഞ്ഞല്ലേ.... അതിനെ ഒന്നു നോക്കിയിട്ടില്ല... സ്നേഹിച്ചിട്ടില്ല.... അവൾക്കുവേണ്ടി ഒന്നും ചെയ്തു കൊടുത്തിട്ടില്ല....
അല്ല അരുൺ... അത് നിന്റെ തോന്നലാണ്.... ഒരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അതിന്റെ അച്ഛനെ വെറുത്താലും.......
അതു നീ നിന്റെ കുട്ടികളെ നന്നായി സ്നേഹിക്കുന്നതു കൊണ്ട് നിനക്ക് തോന്നുന്നതാണ്. എന്റെ കുഞ്ഞിന് ആ ഭാഗ്യം ലഭിച്ചിട്ടില്ല..... നീ എനിക്ക് തന്ന സ്നേഹം... കെയർ.... ഇതൊന്നും അവളിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല....
നീ അവളോട് ഇപ്പോൾ സംസാരിക്കാറില്ലേ?
ഇല്ല. മുൻപ് ഞാൻ അപേക്ഷിക്കാറുണ്ടായിരുന്നു തിരിച്ചു വരാൻ... എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും എനിക്ക് ഇഷ്ടമായിരുന്നു... എന്റെ കുഞ്ഞിന്റെ അമ്മയല്ലേ... വെറുക്കാൻ കഴിയാറില്ല. ഇപ്പോൾ......
ഇപ്പോൾ ഞാൻ മറക്കാൻ ശ്രമിക്കുകയാണ്. എന്നിൽ നിന്നും ഒരു മോചനം അവൾക്ക് ഉണ്ടാവട്ടെ. ഇനി അവൾക്കൊരു ശല്യമായി ഞാനും എന്റെ കുഞ്ഞും വേണ്ട...
ഇപ്പോ.... നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് എന്തുകൊണ്ടാന്നു അറിയോ അരുണിന്?
അവൾക്കുവേണ്ടി ഒഴിഞ്ഞു കൊടുക്കുന്നു എന്ന് ഭാവിച്ചുകൊണ്ട് നീ അവളെ ഒഴിവാക്കുകയാണ്... നീ പോലും അറിയാതെ....
കാരണം നിന്റെ മനസ്സ് ഇപ്പോൾ എന്നെ ആഗ്രഹിക്കുന്നു.... മനസ്സ് അങ്ങനെയാണ്. സ്നേഹം കിട്ടുന്നിടത്തേക്ക് ചാഞ്ഞു പോകും....
നിന്റെ കഥകൾ കേട്ടപ്പോൾ.... ഞാൻ നിന്നോട് കാണിച്ച സിംപതി..... സ്നേഹം..... നിന്റെ കുഞ്ഞിനോട് തോന്നിയ വാത്സല്യം... ഇതൊന്നും നീയും ഞാനും ഒന്നായി കഴിഞ്ഞാൽ ഉണ്ടാവണമെന്നില്ല....
ഇപ്പോൾ വേറൊന്നും ചിന്തിക്കാതെ പരസ്പരം ആശ്വാസം പകരുക മാത്രമാണ് നമ്മൾ..,. പക്ഷേ ഒരു ജീവിതമാകുമ്പോൾ വേറെ ഒരുപാട് കാര്യങ്ങൾ വരും.....കഥാപാത്രങ്ങൾ വരും.... അപ്പോൾ ഈ സ്നേഹം ഒന്നും കാണണമെന്നില്ല അരുൺ.....
എന്നെ നീ മനസ്സിലാക്കിയത് പോലെ ആരും അറിഞ്ഞിട്ടില്ല ദീപ്തി.... നിന്നെപ്പോലെ ഒരു പെണ്ണിനെയാണ് ഞാൻ എന്നും കൊതിച്ചത്... എന്റെ സ്വപ്നത്തിൽ ഇതുപോലൊരു ജീവിതം ആയിരുന്നു.... സ്നേഹിച്ചും പിണങ്ങിയും പരിഭവിച്ചും എന്നെ മാത്രം സ്നേഹിക്കുന്ന എന്റെ പെണ്ണ്.....
നിനക്കും ആഗ്രഹങ്ങൾ ഒന്നും നടന്നിട്ടില്ലല്ലോ..... നിന്നെ ശ്രദ്ധിക്കാൻ അയാൾക്ക് നേരം ഉണ്ടോ?... നീ ആഗ്രഹിക്കുന്ന പോലെ നിന്നോട് കുറെ നേരം സംസാരിക്കാൻ.…... നിനക്ക് ഇഷ്ടപ്പെട്ട ഇടങ്ങളിൽ കൊണ്ടുപോകാൻ... നിന്റെ സങ്കല്പത്തിലെ പോലെ ഒരിക്കലും അയാൾ പെരുമാറിയിട്ടില്ലല്ലോ...
ഇല്ലായിരിക്കും.പക്ഷേ എനിക്ക് അയാൾ എന്തൊക്കെ തന്നിരിക്കുന്നു... എന്റെ പൊന്നുമക്കൾ.... വിശക്കുമ്പോൾ ആഹാരം.... നല്ല വസ്ത്രങ്ങൾ... നല്ല ജീവിത സാഹചര്യങ്ങൾ... എല്ലാത്തിനും ഉപരിയായി അയാൾ എനിക്ക് തന്ന ഒന്നാണ് അരുൺ... സ്വാതന്ത്ര്യം. അതുകൊണ്ട് മാത്രമല്ലേ ഇപ്പോൾ ഞാനും നീയും പരിചയപ്പെട്ടതും ഇപ്പോൾ ഇങ്ങനെയെല്ലാം സംസാരിക്കുന്നതും...
ഇതൊക്കെ ഉണ്ടായാൽ ജീവിതമാകുമോ? സ്നേഹമില്ലാതെ എന്തു ജീവിതം? മറ്റുള്ളവരെ ബോധിപ്പിക്കാൻ എല്ലാം ചെയ്തു തന്നാൽ അത് സ്നേഹം ആകുമോ ദീപ്തി?
ഒരിക്കലുമില്ല.... സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങൾ ഇലയും ശിഖരങ്ങളും ഇല്ലാത്ത മരങ്ങൾ മാത്രമാണ്.... ഞാനും അയാളും... അടുത്തടുത്ത് നിൽക്കുന്ന രണ്ടു മരങ്ങൾ...
അരുൺ വായിച്ചിട്ടുണ്ടോ?
മാധവിക്കുട്ടി എഴുതിയത്....
"അദ്ദേഹത്തിനു സ്നേഹം നൽകുന്നത് അന്ധന് 100 രൂപ നോട്ട് നൽകുന്നതുപോലെയാണ്.. എങ്കിലും അത് നൽകുന്നതിൽ ഞാനൊരു ആനന്ദം കണ്ടെത്തുന്നു"
അതെ....ആ ആനന്ദത്തിലാണ് ഞാൻ കാലങ്ങൾ ആയി....
മ്മ്മ്... ദീപ്തി... എന്തിനിങ്ങനെ സഹിക്കുന്നു? അതാണ് എനിക്ക് മനസ്സിലാവാത്തത്... ഞാൻ സ്നേഹിച്ചവരെല്ലാം എന്നോട് അവഗണനയും വിശ്വാസവഞ്ചനയും മാത്രം കാണിച്ചിട്ടുള്ളൂ.… നിനക്കു കൂടെ അറിയാവുന്നതല്ലേ അവൾ എന്നോട് കുഞ്ഞിനോടും ചെയ്തത്..... കുഞ്ഞിനെപ്പോലും ഓർക്കാതെ എന്നോടുള്ള വാശിക്ക് ഇടയ്ക്കിടെ പിണങ്ങി പോവുക.... എത്രയെന്ന് വെച്ചാ ഞാൻ സഹിക്കുക?
മരിക്കാൻ വരെ തോന്നിയിട്ടുണ്ട്. അപ്പോഴെല്ലാം നിന്റെ വാക്കുകൾ ആയിരുന്നു എനിക്ക് ആശ്വാസം... നിന്നോട് സംസാരിക്കുമ്പോൾ എന്റെ വേദനകളെ മറക്കുന്നു... നമുക്കൊരുമിച്ചു ഒരു ജീവിതം സാധ്യമാക്കി കൂടെ..?
ഒരിക്കൽപോലും നിന്നോട് ഞാൻ നിന്നെ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിട്ടില്ല അരുൺ... അതിനുള്ള ധൈര്യം എനിക്കില്ല... ഇഷ്ടം തോന്നിയിട്ടുണ്ട്.... സഹതാപം തോന്നിയിട്ടുണ്ട്... അത് എന്നെപ്പോലെ സ്നേഹം ലഭിക്കാതെ പോയ ഒരു ജന്മം... അങ്ങനെ കരുതി..... ഇപ്പോൾ എന്നോട് സംസാരിക്കുന്ന പോലെ നീ അവളോട് സംസാരിക്കണം.... ഒരു പെണ്ണ് കൊതിക്കുന്നത് ഉള്ളിൽ ഒളിപ്പിച്ചു വച്ച സ്നേഹമല്ല.... പ്രകടമായ സ്നേഹമാണ് അവൾക്ക് വേണ്ടത്...
നിന്നെപ്പോലെ എന്നെ കേട്ടിരിക്കാൻ അവൾ ഒരിക്കലും തയ്യാറായിട്ടില്ല.... ദേഷ്യമാണ് എപ്പോഴും... സമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല... പിരിയുന്നതാണ് നല്ലത്... വേദനിക്കാൻ വേണ്ടി മാത്രം എന്തിനാണ് ഇങ്ങനെ ഒരു ദാമ്പത്യം?...
എന്റെ നെഞ്ചിലെ വേദന സഹിക്കാൻ വയ്യ.. ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി...
എനിക്ക് എന്തു പറയണമെന്ന് അറിയില്ല അരുൺ... എനിക്കും അയാൾക്കും ഇടയിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ട്.... പക്ഷേ എത്രയൊക്കെ വേദനിച്ചാലും.... എനിക്ക് ഈ ജീവിതത്തിൽ നിന്നും ഇറങ്ങി വരാൻ ഒരിക്കലും കഴിയില്ല എന്റെ കുട്ടികൾ... സമൂഹത്തിൽ അവർ അനുഭവിക്കേണ്ടിവരുന്ന നാണക്കേട്.... എന്റെ വീട്ടുകാർക്കും അയാൾക്കും തല ഉയർത്താൻ കഴിയാത്ത അപമാനം.... ഇതൊക്കെ അവർക്ക് നൽകിക്കൊണ്ട് എന്റെ സന്തോഷം.... എന്റെ സ്വപ്നം.... മാത്രം നോക്കി എനിക്ക് ജീവിക്കാൻ കഴിയില്ല...
നിന്നോട് സംസാരിക്കുമ്പോൾ... മനസ്സിലുള്ള വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ.... ഒക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് നിന്നോടൊത്ത് ആയിരുന്നു എങ്കിൽ എന്റെ ജീവിതം എത്ര സന്തോഷം നിറഞ്ഞതായേനെ എന്ന്...
പക്ഷേ അതിനുവേണ്ടി ബാക്കി എന്റെ ചുറ്റുമുള്ള എല്ലാവരെയും വേദനിപ്പിക്കാനും വെറുപ്പിക്കാനും ഉള്ള ക്രൂരത ഒന്നും എന്റെ മനസ്സിനില്ല.... അങ്ങനെ ഒരു അവസ്ഥയെക്കാൾ മരണമാണ് ഞാൻ ഇഷ്ടപ്പെടുക.... എന്നെപ്പോലെ ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകും... സ്വർണ്ണ കൂട്ടിലെ പക്ഷികളെ പോലെ ചില ജന്മങ്ങൾ.....
ദീപ്തി.... ഈ വേദന താങ്ങാൻ കഴിയുന്നില്ല..
സങ്കടപ്പെടരുത്... എന്നോട് സംസാരിക്കുന്ന പോലെ ഒക്കെ അരുൺ അവളോട് സംസാരിക്കണം... നമുക്ക് ഈഗോ ഒന്നും വേണ്ട.... എത്രയും താഴാമോ അത്രയും പറഞ്ഞു നോക്കണം... വരും അരുൺ.... നിന്നെക്കാൾ അഞ്ചോ ആറോ വയസിനു താഴെയല്ലേ... അതിന്റെ പക്വത കുറവ് ആയി കണ്ടാൽ മതി....
ദീപ്തി..
മ്മ്....
നിന്നെ ഞാൻ സ്നേഹിക്കുന്നു..... വല്ലാതെ സ്നേഹിക്കുന്നു..
ഈ ജന്മം ഞാനിനി ഒരുമിച്ച് ഒരു ജീവിതം ആഗ്രഹിക്കുന്നില്ല.. പക്ഷേ...
എന്നോട് കൂടെ ഒരു സാന്ത്വനമായി എന്നും ഉണ്ടായിക്കൂടെ?
വേണ്ട അരുൺ... അങ്ങനെ ഒരു ആശ്വാസമായി ഞാൻ കൂടെയുണ്ടെങ്കിൽ നിനക്ക് അവളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.... എനിക്കും.....
ഇനി തമ്മിൽ ഒരു സംസാരം ഉണ്ടാവില്ല... ഈ നമ്പർ പോലും കളയാൻ തീരുമാനിച്ചു.. സ്വയം വേദനിക്കാൻ അല്ലാതെ ആരെയും വേദനിപ്പിക്കാൻ വയ്യ... എന്റെ
വേദന... എനിക്കിന്ന് ഒരു ലഹരിയായി മാറി കഴിഞ്ഞിരിക്കുന്നു...
മരിക്കുവോളം നിന്നെ മറക്കില്ല.....ദീപ്തി...
ദീപ്തി....