രചന: Nabeela Farsana
ജോലി കഴിഞ്ഞു മടുത്ത മനസ്സോടെയാണ് അവൻ വീട്ടിലേക്ക് കയറി ചെന്നത്.ശ്മശാന മൂകത പോലെ വീട്ടിനുള്ളം മൂകം ആണ്. ഒരു ബഹളങ്ങളോ ആളൊ അനക്കമോ ഇല്ല. തീർത്തും നിശബ്ദം.
ക്ഷീണത്തോടെ വന്ന് കയറിയ അവൻ ഹാളിലെ സോഫയിൽ ആ മുഷിഞ്ഞ വസ്ത്രത്തോടെ തന്നെ കിടന്നു.
പാതി മയക്കത്തിൽ കേട്ട ദീപുവേട്ടാ എന്ന വിളിയിൽ അവൻ നെട്ടിയുണർന്നു. ചുറ്റിനും ഒന്ന് കണ്ണോടിച്ചു. ഇല്ല!ആരും ഇല്ല. സ്വപ്നം മാത്രം ആയിരുന്നു.അവന്റെ കണ്ണുകളിൽ നിന്ന് മിഴിനീർ തുള്ളികൾ ഉറ്റി വീണു.
നിറഞ്ഞു വന്ന കണ്ണുകൾ അടച്ചു കൊണ്ട് അവൻ കിടന്നു.
മെല്ലെ ഓർമ്മകളിലേക്ക് ഒന്ന് പോയിനോക്കി.
"ഡീ.....
അമ്മൂ........ ഈ പെണ്ണ്
ഡീ........."
ദേഷ്യത്തോടെ ഉള്ള അവന്റെ വിളി കേട്ട് നനഞ്ഞ കൈ ഇട്ടിരിക്കുന്ന ചുരിദാർ ടോപ്പിൽ തുടച്ചു കൊണ്ട് അമ്മു അടുക്കളയിൽ നിന്ന് ഓടി വന്നു.
"എന്താ ദീപുവേട്ടാ, എന്നെ വിളിച്ചോ "
"ഇല്ല നിന്നെ അല്ല അപ്പുറത്തെ വീട്ടിലെ പെണ്ണിനെ ആണ്. നീ അല്ലതെ വേറെ ആരെങ്കിലും ഉണ്ടോടി ഇവിടെ അമ്മു ന്ന് വിളിക്കാൻ."
അവന്റെ ഉത്തരം കേട്ട് അവളൊന്ന് ഇളിച്ചു കൊടുത്തു.
"എന്തിനാ ഇപ്പൊ വിളിച്ചത്.അവിടെ നൂറ് കൂട്ടം ജോലി കിടക്കുന്നു. കുഞ്ഞുണരുന്നതിനു മുൻപ് അത് തീർക്കണം."
"എപ്പോ നോക്കിയാലും ജോലി ആണ്. എന്ന പിന്നെ ഒരു ജോലിയും മര്യാദക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. എന്റെ ഡ്രസ്സ് ഒക്കെ എവിടെ കൊണ്ട് വെച്ചേക്കുന്നു. അതിങ്ങു എടുത്തു തന്നെ".
അവൾ ചുണ്ട് ചുളുക്കി അവനെ ഒന്ന് നോക്കി കൊണ്ട് മടക്കി വെച്ചിരുന്ന ഡ്രസ്സ് എടുത്തു കൊടുത്തു.
"ഓഹ് ആ ചീഞ്ഞ കൈ കൊണ്ട് എന്റെ ഡ്രസ്സ് എടുത്തത്. മര്യാദക്ക് ഒന്ന് കൈ തുടക്കൂല്ല. ഒന്ന് പോയെ അവിടെ നിന്ന്. "
"ഓഹ് ഞാൻ പോകുവാ. അല്ലാതെ നിങ്ങളുടെ തുണി മാറുന്നത് കാണാൻ കാത്തു നിൽക്കുന്നൊന്നും ഇല്ല. കാര്യം കഴിഞ്ഞപ്പോൾ
നമ്മൾ കറിവേപ്പില. ഹും. ഞാൻ ഇല്ലാതാവുമ്പോ പഠിച്ചോളും.
അമ്മൂ ചോറ്
അമ്മൂ ഡ്രസ്സ്
അമ്മൂ ചീപ്
അമ്മൂ തോർത്ത്
അമ്മൂ.....
അമ്മൂ......
അമ്മൂ.....
അങ്ങനെ ഒരു നൂറു കാര്യത്തിന് അമ്മു വേണം. കാര്യം കഴിഞ്ഞാൽ കൊമ്മു..... വല്ലാത്ത സാധനം......."
അവൾ പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് പോകുന്നതും നോക്കി അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
"അമ്മൂ......."
"ഓഹ് ദൈവമേ ഇനി ജോലി കഴിഞ്ഞു വന്നപ്പോൾ തന്നെ ഇനി എന്താണാവോ പുകില്. അവൾ ഓടി പിടിച്ചു കൊണ്ട് നെഞ്ചിൽ കൈ വേച്ചു കൊണ്ട് ഹാളിലേക്ക് വന്നു.
"എന്താ ദീപുവേട്ടാ, ചായ വേണോ?"
അവൾ ശബ്ദം കുറച്ചു കൊണ്ട് നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
"നിനക്ക് എന്താ ഇവിടെ ജോലി. നീ ഇതൊന്നും കാണുന്നില്ലേ ഇങ്ങോട്ട് നോക്ക് ഈ തറയിൽ കിടക്കുന്നത്. ഈ വീട്ടിലെ സകല സാധനങ്ങളും ഉണ്ട്. ഒന്ന് വൃത്തി ആക്കി വെച്ചൂടെ. കുട്ടികൾ പഠിക്കുന്ന ബുക്ക് മുതൽ അടുക്കളയിലെ സ്പൂൺ വരെ ഉണ്ട്. നേരം വെളുത്തു വൈകുന്നേരം വരെ കിടന്നും ഇരുന്നും സമയം ക
കഴിച്ചോളും. വൃത്തി ആക്കരുത് ഒന്നും.
കുട്ടികളെ വഴക്ക് പറയുന്ന സൗണ്ട് ആ അങ്ങാടി വരെ കേൾക്കാം. ഇത് പോലെ ഒരെണ്ണം ആണല്ലോ എനിക്ക് കിട്ടിയത്. മര്യാദക്ക് വേഗം എടുത്തു വെച്ചോ ഇതൊക്കെ."
അവന്റെ ദേഷ്യം കണ്ട് അവൾക്ക് സഹിക്കാൻ ആയില്ലെങ്കിലും കണ്ണിൽ ഊർന്നു വന്ന കണ്ണുനീർ തുടച്ചു കൊണ്ട് വേഗം അവന് വേണ്ടി ചായ എടുത്തു വെച്ചുകൊണ്ട് എല്ലാം വൃത്തി ആക്കി തുടങ്ങി.കുളിച്ചു വൃത്തി ആയി വന്ന അവൻ ചായ എടുത്തു കുടിച്ചുകൊണ്ട് അവളെ ഒന്ന് നോക്കി. മുഖം ഒരു കൊട്ടക്ക് കയറ്റി വെച്ചിട്ടുണ്ട്. കണ്ണും മൂക്കിൻ തുമ്പും ഒന്ന് ചുവന്നിട്ടുണ്ട്. അവളെ നോക്കി കൊണ്ട് അവൻ ഒന്ന് ചിരിച്ചു. അവളത് പുച്ഛിച്ചു കൊണ്ട് കുട്ടികളെ പെറുക്കി റൂമിൽ കയറി.
അവൻ തലക്ക് കൈ വെച്ചു പോയി. ഇന്നത്തെ ക്കുള്ള വക ആയി.
രാവിലെ മുതൽ കഷ്ടപെട്ട് വൃത്തി ആകുന്നുണ്ട് എന്നറിയാം. കുട്ടികൾ രാത്രി പഠിക്കുന്നതിനിടയിൽ നിരത്തി ഇടുന്നതാണ്. അതും അറിയാം. എന്നാലും ജോലി കഴിഞ്ഞു വരുമ്പോൾ തന്നെ വീട് വൃത്തികേടായി കിടക്കുന്നത് കണ്ടാൽ പിന്നെ ഒരു ദേഷ്യം ആണ്. പിടിച്ചാൽ കിട്ടില്ല. അത് അവൾക്കും അറിയാം. എന്നാലും ശ്രദ്ധിക്കില്ല.
കുട്ടികൾ എല്ലാം ഉറങ്ങി എന്ന് തോന്നിയതും അവളുടെ അടുത്തേക്ക് നടന്നു.
പതിയെ ശബ്ദം ഇല്ലാതെ വിളിച്ചു.
അമ്മൂ......അമ്മൂ..... ഡീ....
ഉറക്കം നടിച്ചു കിടക്കുന്ന അവളെ അവളെ പതിയെ ഒന്ന് പിച്ചി കൊണ്ട് അവൻ വീണ്ടും വിളിച്ചു.
വേദനയിൽ പുളഞ്ഞു കൊണ്ടവൾ ചാടി എഴുന്നേറ്റു കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി.
"എനിക്ക് ചോറ് എടുത്തു താടി. എന്നിട്ട് ഉറങ്ങിക്കോ "
അവന്റെ പറച്ചിൽ കേട്ടതും ചാടി തുള്ളി അവൾ അടുക്കളയിലേക്ക് പോയി. അഴിഞ്ഞു വീണ മുടി ഉയർത്തി കെട്ടി കൊണ്ട് അമ്മു ചോറെടുത്തു വെക്കാൻ തുടങ്ങി. ഓരോ പാത്രം എടുത്തു വെക്കുമ്പോയുമുള്ള ശബ്ദം കേട്ട് ദീപുവിന് മനസ്സിലായി ഇത് സംഭവം കൈ വിട്ട് പോയി എന്ന്.
ഭക്ഷണം എടുത്തു വെച്ചു അവൻ കഴിക്കാൻ ഇരുന്നതും അവൾ ചവിട്ടി തുള്ളി കിടക്കാൻ പോവാൻ തയ്യാറായി പിണങ്ങി പോകുന്നവളുടെ കൈ ബാക്കിൽ നിന്നും പിടിച്ചു വെച്ചു കൊണ്ടവൻ അവളെ ഒന്ന് വിളിച്ചു.
"നിനക്ക് വേണ്ടേ ഫുഡ്?"
"വേണ്ട "
അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് അവന്റെ കൈ വിടുവിപ്പിക്കാൻ ഒരു ശ്രമം നടത്തി. അവനാണെങ്കിൽ ഒന്നുകൂടി ശക്തിയിൽ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അമ്മുവിനെ അവന്റെ മടിയിലേക്ക് ഇരുത്തി.
വിളമ്പി വെച്ച ചോറിൽ നിന്നും കറികൾ കൂട്ടി കുഴച്ചുകൊണ്ട് ഒരു ഉരുള അവളുടെ വായിലേക്ക് വെച്ചു കൊടുത്തു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ ആ ഭക്ഷണം കഴിച്ചു.
അവന്റെ ചുണ്ടുകൾ അവളുടെ കണ്ണുനീര് നിറഞ്ഞ കവിളിൽ ഒന്ന് മുത്തി.അത് കൂടി ആയതും അമ്മു അവന്റെ മാറിലേക്ക് വീണു കണ്ണുനീർ ഒഴുക്കി കളഞ്ഞു.
"അയ്യേ എന്റെ അമ്മു ഇത്രയും ഉള്ളൂ. ഇതൊക്കെ ഒരു തമാശ ആക്കി എടുക്കേണ്ടേ അമ്മൂ.
ഒന്നുമില്ലെങ്കിൽ ഞാൻ അല്ലെ നിന്നെ വഴക്ക് പറഞ്ഞത്. അതും ചെറിയ ഒരു കാര്യം."
"അത് ദീപുവേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല..... നേരം വെളുത്തു വൈകുന്നേരം വരെ കുട്ടികളെയും വീടും ഒരു ഒഴിവും ഇല്ലാതെ ഓടി നടന്നു നോക്കി ദീപുവേട്ടൻ വരുന്നത് കാത്തിരിക്കുമ്പോ ഇത് പോലെ വഴക്ക് കേൾക്കേണ്ടി വന്നാൽ പിന്നെ സങ്കടം വരില്ലേ....."
അവൾ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു.
അത് കേട്ടതും അവൻ ഒന്ന് ചിരിച്ചു.പൊട്ടി പെണ്ണ്.
"ഹ്മ്മ്, ചിരിച്ചോ ഞാൻ ഇല്ലാതെ വരുമ്പോൾ നിങ്ങൾക്ക് എന്റെ വില മനസ്സിലാവും. എന്റെ ശബ്ദം ഒന്ന് കേൾക്കാൻ നിങ്ങൾ കൊതിക്കും. കണ്ടോ ".
"അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാവില്ല. ഞാൻ രക്ഷപെട്ടു എന്ന് കരുതും."
അത് കേട്ടതും അവന്റെ കൈ തണ്ടയിൽ അവൾ ഒന്ന് കടിച്ചു. വേദന കൊണ്ട് ഒച്ച വെച്ച അവനെ നോക്കി ചിരിക്കുന്ന അവളോട് ദീപുവിന് വല്ലാത്ത വാത്സല്യം തോന്നി. എന്റെ അമ്മു......
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ് ദീർഘമായ നേരത്തെ സുന്ദര സ്വപ്നത്തിൽ നിന്നും ദീപു കണ്ണ് തുറന്നത്.ഇത്രയും സമയം തന്റെ അമ്മുവിന്റെ കൂടെ ഉള്ള സന്തോഷ നിമിഷങ്ങൾ എന്റെ സ്വപ്നം മാത്രം ആയിരുന്നു എന്നറിഞ്ഞതും അവന് ഹൃദയത്തിൽ വല്ലാത്ത വേദന നിറഞ്ഞു. ചെറുതെന്ന് കരുതി അവളുടെ
ചിലവഴിച്ചിരുന്ന നിമിഷങ്ങളിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് എന്ന് അവൾ എന്റെ കൂടെ ഇല്ലാത്ത ഈ നിമിഷം ഞാൻ തിരിച്ചറിയുന്നുണ്ട്. അവളുടെ ഓരോ കുശുമ്പും, ശബ്ദങ്ങളും, കുട്ടികളുമായുള്ള വഴക്കും അങ്ങനെ അവളിലൂടെ ആയിരുന്നു ഞാൻ ജീവിച്ചിരുന്നത് എന്ന് ഈ ഏകാന്തതയിൽ ഞാൻ അറിയുന്നു അമ്മൂ. എനിക്ക് കഴിയില്ല പെണ്ണെ നീ ഇല്ലാതെ ഈ ലോകത്തു ജീവിക്കാൻ. എന്തിനാ നീ നമ്മുടെ സന്തോഷ നിമിഷങ്ങൾ ഉപേക്ഷിച്ചു എന്നെ തനിച്ചാക്കി പോയത്.
അവളോട് ഉള്ള ഒരുപാട് ചോദ്യങ്ങളുമായി അവന്റെ ഉള്ളം നീറി.എന്റെ സന്തോഷ നിമിഷങ്ങൾ അമ്മുവിലൂടെ മാത്രമേ ഉണ്ടാവൂ എന്നവൻ തിരിച്ചറിഞ്ഞു.
രാവിലെ നിർത്താതെ ഉള്ള കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് കൊണ്ടാണ് അവൻ സോഫയിൽ നിന്ന് എണീറ്റത്.ഇന്നലെ ജോലി കഴിഞ്ഞു വന്ന അതെ രൂപത്തിൽ തന്നെ ഉറങ്ങിപോയതാണ്. അവൻ ഒന്ന് എണീറ്റിരുന്നു കൊണ്ട് അമ്മുവിനെ നീട്ടി വിളിച്ചു.
"അമ്മൂ......
അതാരാ വന്നിരിക്കുന്നത് എന്നൊന്ന് നോക്കിക്കേ. രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ."
പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ കണ്ണുകൾ വലിച്ചു തുറന്നു. തന്റെ അമ്മു ഇപ്പോൾ എന്റെ കൂടെ ഇല്ലല്ലോ എന്നോർത്തപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും ഈറാനായി ഹൃദയത്തിൽ വേദന തിങ്ങി.
മുഖം ഒന്ന് അമർത്തി തുടച്ചു കൊണ്ട് ദീപു പോയി വാതിൽ തുറന്നു.
വാതിൽ തുറന്നതും മുന്നിലെ കാഴ്ച കണ്ട് അവൻ അന്തം വിട്ട് നിന്നു.
കുട്ടികൾ ഓടി വന്നു ദീപുവിന്റെ ദേഹത്തേക്ക് ഓടി കയറി. അവൻ കെട്ടിപിടിച്ചു കൊണ്ട് കുഞ്ഞുങ്ങളെ ഉമ്മകൾ കൊണ്ട് മൂടി.
"അമ്മയുടെ കൂടെ നിങ്ങളും എന്നെ തനിച്ചാക്കി പോയല്ലോ...."
അതും പറഞ്ഞു കൊണ്ടവൻ വീണ്ടും കുട്ടികളെ പുണർന്നു.
"നിങ്ങൾ എന്താ കുളി നനയും ഒക്കെ വേണ്ടെന്ന് വെച്ചോ മനുഷ്യ നാറിയിട്ട് പാടില്ല. മാറി നിൽക്കങ്ങോട്ട്. ഒന്ന് വിളിച്ചാൽ ഫോൺ വരെ എടുക്കാൻ സമയം ഇല്ല. ഇന്നലെ നേരം വെളുക്കുന്നത് വരെ വിളിച്ചു നോക്കി. എവിടെ..... ഏത് അടുപ്പിൽ കൊണ്ട് തിരുകി വെച്ചിരിക്കുന്നോ ആവോ.
മനുഷ്യൻ ഈ വീട്ടിൽ നിന്ന് പോയിട്ട് ഒരു മാസം ആയി.ഒന്ന് വന്നു കാണാൻ തോന്നിയോ... എവിടെന്ന്.... ഹേ...ഹേ..
ദൈവമേ ഈ വീടിന്റെ കോലം ഒക്കെ എന്താ ഇങ്ങനെ. അടുക്കളയുടെ കോലം ഒക്കെ ഒന്ന് നോക്കണേ.. പാത്രം മുഴുവനും വലിച്ചു വാരി ഇട്ടിരിക്കുന്നു, എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഇനി ഞാൻ എങ്ങനെ ഈ വീട് നന്നാക്കി എടുക്കും ദൈവമേ "........
ദീപുവിന് മുഖം കൊടുക്കാതെ ഓരോന്ന് നുള്ളി പെറുക്കി പറഞ്ഞു നടക്കുന്ന അമ്മുവിനെ ദീപു പുറകിലൂടെ ചെന്ന് പുണർന്നു.പെട്ടന്ന് അവളുടെ ശബ്ദം നിലച്ചു.
"അമ്മു....."
അവന്റെ നിശ്വാസം അവളിൽ പതിഞ്ഞു.
"അമ്മൂ...."
"ഹ്മ്മ് "
അവളുടെ ശരീരം വിറകൊള്ളുന്നത് അരിഞ്ഞതും അവൾ കരയുകയാണെന്ന് തോന്നി ദീപുവിന്. അവളെ ഒന്ന് തിരിച്ചു നിർത്തി കൊണ്ട് ദീപു അമ്മുവിന്റെ മുഖത്തേക്ക് നോക്കി. നിറഞ്ഞ കണ്ണുകളിലെ പരിഭവം കണ്ടതും അവൻ അവളെ ആഞ്ഞു പുണർന്നു. മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടിയിട്ടും മതിയാവാതെ അവൻ വീണ്ടും വീണ്ടും അവളെ ഉമ്മ വെച്ചു. കെട്ടിപിടിച്ചു കൊണ്ട് ഉമ്മകൾ നൽകി ഇത്രയും ദിവസത്തെ വിരഹം സമ്മാനിച്ച പരിഭവങ്ങൾ അവൻ മായ്ച്ചു കളഞ്ഞു.
എന്റെ അമ്മൂ നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ ആവില്ല പെണ്ണെ. ഇനി എങ്ങോട്ടും നിന്നെ ഞാൻ വിടില്ല. ആരൊക്കെ മരിച്ചാലും ജീവിച്ചാലും എന്റെ കൂടെ അല്ലാതെ ഇനി നിന്നെ വിടില്ല. ഒറ്റപെട്ടു പോയെടി ഞാൻ. എനിക്ക് ആരുമില്ലെന്ന് തോന്നി. നീ ഇനി പോകുമോ എന്നെ വിട്ട്... ഹ്മ്മ്.. പറ അമ്മൂ.... "
അവന്റെ ശബ്ദം ചിലമ്പിച്ചു പോയിരുന്നു.
ഇല്ല എന്നവൾ തലയാട്ടി പറഞ്ഞു.
"നിന്നെ ഒരുപാട് miss ചെയ്തു പെണ്ണെ എനിക്ക്."
"ഞാനും....."
ഒരുപാട് സമയത്തെ പരിഭവം പറച്ചിലുകൾക്ക് ശേഷം അമ്മു അവനിൽ നിന്നും അകന്നു മാറി.
"Miss ചെയ്തു പോലും..... ഹും...
ഒന്ന് വിളിക്കുക കൂടി ഇല്ല സാധനം. എന്നിട്ട് മിസ്സിംഗ് ആണുപോലും. ഇപ്പൊ എങ്ങനെ ഉണ്ട് എന്റെ വില നല്ലപോലെ അറിഞ്ഞില്ലേ മോൻ. അറിഞ്ഞു കാണും അത് ഈ ക്ഷീണിച്ച ശരീരത്തിൽ തന്നെ കാണുന്നുണ്ട്. അങ്ങനെ വേണം നിങ്ങൾക്ക്. എന്റെ വില എന്താ ന്ന് മനസ്സിലാക്കാൻ ഇടക്ക് ഒക്കെ ഇത് പോലെ വിട്ട് നിൽക്കുന്നത് നല്ലതാ. അല്ല പിന്നെ.
വലിയ ശബ്ദത്തിൽ പരാതികൾ പറഞ്ഞും കുട്ടികളോട് ഒച്ച വെച്ചും പൊടി പിടിച്ചു കിടക്കുന്ന വീടിന്റെ ഓരോ മുക്കും മൂലയും നന്നാക്കി എടുക്കുന്ന അമ്മുവിനെ കണ്ട് ദീപു സന്തോഷിച്ചു. ഇടയ്ക്കിടെ തന്നെ വഴക്ക് പറയുന്നതും അവളുടെ ദേഷ്യവും തന്റെ മേലുള്ള ഇത്രയും ദിവസത്തെ ആധിയും പങ്കു വെച്ചു കൊണ്ട് അമ്മു ആ വീടാകെ നിറഞ്ഞു നിൽക്കുമ്പോൾ ദീപു തന്റെ സന്തോഷ നിമിഷങ്ങൾ തിരിച്ചു കിട്ടിയ സംതൃപ്തിയിൽ ആയിരുന്നു. ഇനി ഒരിക്കലും ഈ സന്തോഷ നിമിഷങ്ങൾ തനിക്കു നഷ്ടം ആവല്ലേ എന്ന പ്രാർത്ഥനയോടെ...........
ആവരും ജീവിക്കട്ടെ അവരുടെതായ സന്തോഷ നിമിഷങ്ങളിലൂടെ......