രചന: മീനു M
"കാണണം... സംസാരിക്കണം എന്ന് പറഞ്ഞിട്ട് നീ ഇത് വരേ ഒന്നും പറഞ്ഞില്ലല്ലോ കിരൺ?"
"നിനക്കറിയാം ഗീതാ എനിക്ക് എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്.... കണ്ണടച്ചാൽ ഇരുട്ട് ആവില്ല..."
ദേഷ്യം നിറഞ്ഞ സ്വരം കേട്ട്
ചിരിയാണ് വന്നത്.... ഓരോ മനുഷ്യനും പല പല മുഖങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നി...
ഓരോ സന്ദർഭങ്ങളിൽ മനുഷ്യർ ഓരോ മുഖങ്ങൾ പ്രദർശിപ്പിക്കുന്നു....
"നമ്മൾ സ്നേഹിച്ചു... വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.... വീട്ടിൽ എതിർപ്പ് ഉണ്ടായിട്ടും എന്റെ നിർബന്ധ പ്രകാരം എന്റെ പേരെന്റ്സു വന്നു പ്രോപ്പർ ആയി നിന്നെ വിവാഹം ആലോചിച്ചു....."
"എന്തുകൊണ്ടാണ് കിരൺ നിന്റെ വീട്ടിൽ എതിർപ്പ് ഉണ്ടായത്? ഞാനും ഏതൊരു മനുഷ്യസ്ത്രീയും പോലെ തന്നെ അല്ലേ... ദൈവം അനുഗ്രഹിച്ചു യാതൊരു അംഗഭംഗങ്ങളും ഇപ്പോൾ എനിക്കില്ല... എന്നിട്ടും എന്തായിരുന്നു നിന്റെ വീട്ടിൽ അനിഷ്ടത്തിനു കാരണം?"
"അത്... അത് നിനക്ക് അമ്മ മാത്രം അല്ലേ ഉള്ളൂ... അച്ഛൻ ഇല്ല... ബന്ധുക്കൾ ഇല്ല... അങ്ങനെ ഒരു ഫാമിലി എന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല... പക്ഷേ കാലു പിടിച്ചിട്ട് ആയാലും ഞാൻ അവരെ പറഞ്ഞു മനസിലാക്കി കൊണ്ടു വന്നില്ലേ?എന്നിട്ടും നീ... നീ അവരെ ഇൻസൾട് ചെയ്യുക അല്ലേ ചെയ്തത്?"
കിരണിന്റെ മുറുകിയ മുഖത്തു നിന്നും എനിക്ക് വായിച്ചു എടുക്കാമായിരുന്നു അവന്റെ അമർഷം....
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടൽ... ആകാശത്തിനാണോ...കടലിനാണോ... കൂടുതൽ നീലിമ എന്ന് വേർതിരിച്ചു അറിയാൻ കഴിയുന്നില്ല....ഞാൻ കണ്ണുകൾ പിൻവലിച്ചു അവനേ നോക്കി.
"കിരൺ....എന്റെ അച്ഛൻ എനിക്ക് 3 വയസുള്ളപ്പോൾ മരിച്ചുപോയതാണ്... എന്റെ അച്ഛനും അമ്മയ്ക്കും എല്ലാവരും ഉണ്ട്... പക്ഷെ പരസ്പരം സ്നേഹിച്ചു എന്ന കുറ്റം കൊണ്ടു പ്രിയപ്പെട്ടവർ എല്ലാം ഒഴിവാക്കിവിട്ടതാണ്..."
"ഇതെല്ലാം എനിക്കും അറിയുന്ന കഥകൾ ആണല്ലോ..... നീ പിന്നെന്തിനു ഇത് തന്നെ വീണ്ടും പറയുന്നു.."
"ഞാൻ ഓർത്തു.. നീ മറന്നു കാണും എന്ന്...അപ്പോൾ മറന്നിട്ടില്ല... എന്നിട്ടും ഞാൻ നിങ്ങളെ ഇൻസൾട്ട് ചെയ്തു എന്ന് പറയുന്നത് എനിക്ക് മനസിലായില്ല കിരൺ..."
"അന്ന് നീയല്ലേ ഇതിത്രയും വഷളാക്കിയത്... വല്യച്ഛനും അച്ഛനും പോലുള്ള വീട്ടിലെ മുതിർന്നവർ ഒക്കെ പഴയ ആളുകൾ ആണ്. അവർ എന്തെങ്കിലും പറയുമ്പോൾ നിനക്ക് കേട്ടില്ല എന്ന് നടിക്കാമായിരുന്നു..."
അവന്റെ സംസാരത്തിലെ കുറ്റപ്പെടുത്തൽ ഹൃദയം നോവിക്കുന്നുണ്ട്.....എങ്കിലും അവനോട് സംസാരിക്കുമ്പോൾ എനിക്ക് അല്പം പോലും പതർച്ച തോന്നിയില്ല..
"അങ്ങനെ വെറുതെ എന്തെങ്കിലും പറയുക ആയിരുന്നില്ലല്ലോ. നിന്റെ വല്യച്ഛൻ എന്റെ അമ്മയോട് ചോദിച്ചത് നീ മറന്നു പോയോ? ഞാൻ ഒരിക്കലും മറക്കില്ല.
പെൺകുട്ടിക്ക് വിവാഹത്തിന് എന്ത് കൊടുക്കും?"
"എന്റെ പൊന്നു ഗീതാ... അങ്ങനെ ഒരു ചോദ്യം ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല... അല്ലെങ്കിൽ തന്നെ അതിത്ര പ്രശ്നം ആക്കേണ്ട കാര്യം ഉണ്ടായിരുന്നോ. പിന്നീട് സംസാരിച്ചു തീർക്കാമായിരുന്നു...."
"സമ്മതിക്കുന്നു കിരൺ...നീ പ്രതീക്ഷിച്ചില്ല.. ഞങ്ങളും പ്രതീക്ഷിച്ചില്ല. നിനക്ക് ഒരുപക്ഷേ അതു സീരിയലിലും സിനിമയിലും കാണുന്ന എല്ലാ പെണ്ണ് കാണലിലും ഉള്ള സ്ഥിരം ക്ലീഷേ ചോദ്യം ആയി തോന്നി കാണും.. പക്ഷേ ഞാൻ അപ്പോൾ എന്റെ അമ്മയുടെ കണ്ണു നിറഞ്ഞതും നെഞ്ചിടിച്ചതും മാത്രം അറിഞ്ഞുള്ളു........
എന്നിട്ടും നിന്റെ മുഖത്ത് നിന്നും.....ഞാൻ സ്നേഹിച്ചത് ഗീതയെ ആണ്....എനിക്ക് അവളെ മാത്രം മതി........ അങ്ങനൊരു മറുപടി ഞാൻ പ്രതീക്ഷിച്ചു. കോളേജിലെ ആദർശധീരനായ ഒരു ചെറുപ്പക്കാരനായിരുന്നില്ലേ നീ...പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയുടെയും പക്ഷം പിടിക്കാതെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയിരുന്ന ആൾ..."
"ഗീത... അതു പോലാണോ ഇത്...വല്യച്ഛനോടൊന്നും ആരും മറുത്തു പറയില്ല.. അച്ഛനും അമ്മക്കും പോലും അവരോടൊക്കെ റെസ്‌പെക്ട് ആണ്....'
"മ്മ്.. ഗിവ് റെസ്‌പെക്ട് ടേക്ക് റെസ്‌പെക്ട് എന്നല്ലേ....... നീ കൂടെ സംസാരിക്കാതെ ആയപ്പോൾ ഒന്ന് എനിക്ക് മനസിലായി. അവിടെ ഒരു വില പേശൽ ആണ് നടക്കുന്നത്...... അപ്പോൾ പിന്നെ എനിക്കും അറിയണ്ടേ കിരൺ..... എന്റെ അമ്മ കഷ്ടപ്പെട്ട് വളർത്തിയ... കഷ്ടപ്പാട് ന്നു പറഞ്ഞാ നിനക്ക് ഒന്നും ഊഹിക്കാൻ പറ്റില്ല കേട്ടോ... ഭർത്താവ് മരിച്ച... പ്രത്യേകിച്ച് ഒരു ജോലി ഇല്ലാത്ത... ബന്ധുക്കൾ തുണയില്ലാത്ത ഒരു സ്ത്രീ അവളുടെ കുട്ടികളെ മാനം മര്യാദക്ക് വളർത്താൻ എടുക്കുന്ന എഫ്ഫർട്ട് ഉണ്ടല്ലോ... അതു അനുഭവിച്ചാ മാത്രേ അറിയൂ...... നമുക്കൊന്നും അളക്കാൻ പോലും പറ്റില്ല......
അങ്ങനെ എന്റെ അമ്മ കണ്ണിലെ കൃഷ്ണമണി പോലെ വളർത്തികൊണ്ട് വന്ന എന്നെയും പിന്നെ കുറേ പൊന്നും പണോം തന്നു അമ്മ വിലയ്ക്ക് വാങ്ങുന്ന മരുമകന്റെ സ്റ്റാറ്റസ് എന്റെ അമ്മയും ഒന്ന് അറിഞ്ഞിരിക്കണ്ടേ... അമ്മ ഒരു പാവാ... വേണ്ട രീതിയിൽ ചോദിക്കാൻ അറിയില്ല. അതുകൊണ്ടാണ് ഞാൻ ചോദിച്ചത്..."
"എന്റെ സാലറിയും എന്റെ ആസ്തിയും അറിയണം ങ്കിൽ നിനക്ക് എന്നോട് ചോദിക്കായിരുന്നില്ലേ?അത്രയും പേരുടെ മുന്നിൽ വച്ചു വല്യച്ഛനോട് ആണോ?"
"അതെങ്ങനെ? നിനക്ക് അവിടെ റോൾ ഇല്ലായിരുന്നല്ലോ കിരൺ...നിന്റെ വല്യച്ഛൻ ആയിട്ട് ആയിരുന്നില്ലേ ഡീലിങ്ങ്സ്..."
"നിനക്ക് എങ്ങനെ ഇത്രയും ക്രൂരമായി സംസാരിക്കാൻ കഴിയുന്നു ഗീതാ... നമ്മൾ സ്നേഹിച്ചതിനു ഒരു അർത്ഥവും ഇല്ലേ?"
അവന്റെ നിസ്സഹായത എനിക്ക് അറിയാൻ പറ്റുന്നുണ്ട്.
പക്ഷേ നിസ്സഹായനായ...... സ്നേഹിക്കുന്നവർക്കിടയിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത.....സ്വന്തം അഭിപ്രായം ഇല്ലാത്ത ഒരു പുരുഷൻ ജീവിതത്തിൽ എന്നും പരാജയപ്പെട്ടവൻ തന്നെ ആയിരിക്കും....
"കിരൺ..... ഞാനും നീയും സ്നേഹിച്ചു...നിന്റെ വീട്ടുകാർക്ക് എന്നേ അക്‌സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്.... നിന്റെ നിർബന്ധത്തിനു വഴങ്ങി ഒരുപക്ഷേ ഈ വിവാഹം നടന്നാലും നിന്റെ വീട്ടുകാർ എന്നിൽ കണ്ടെത്തിയ കുറവുകൾ അവർക്ക് എന്നും കുറവുകൾ തന്നെ ആയിരിക്കും...
ഒന്നോർക്കണം... നിന്റെ വീട്ടുകാർ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്കിതു വരെ എന്റെ കുറവുകൾ ആയി തോന്നിയിട്ടില്ല. തോന്നുകയും ഇല്ല. കാരണം എന്റെ അമ്മ അന്തസ്സായി വീട്ടുജോലി എടുത്താണ് എന്നേ വളർത്തിയത്... പഠിപ്പിച്ചു ജോലി വാങ്ങി തന്നത്...
പിന്നെ ഇനിയും ഇതുപോലെ സംസാരങ്ങൾ ഉണ്ടാകും.. എനിക്ക് വേണ്ടി ഒരാൾ സംസാരിക്കാൻ ഇല്ല എന്ന് തോന്നുന്നിടത്ത് ഞാൻ ഇനിയും ശബ്ദം ഉയർത്തുക തന്നെ ചെയ്യും...നിന്നോട് എനിക്ക് സഹതാപം ഉണ്ട് കിരൺ....നീ അനുസരണ ഉള്ള... കുടുംബമഹിമയും ബന്ധുബലവും ഉള്ള ഒരു വീട്ടിലെ ആൺകുട്ടി ആണ്.. നമ്മൾ വിവാഹം ചെയ്‌താൽ വീട്ടുകാരുടെയും ഭാര്യയുടെയും ഇടയിൽ പെട്ട് പോകും നീ..... പിന്നീട് ഒരിക്കൽ തോന്നാം... കുറേ പേരെ പിണക്കുന്നതിലും ഭേദം തന്നിഷ്ടക്കാരിയായ ഭാര്യയെ ഒഴിവാക്കുന്നത് ആണെന്ന്......
കാരണം ആര് എന്ത് പറയുന്നത് കേട്ടാലും പ്രതികരിക്കാതിരുന്നാൽപോരെ... നിന്നെ സ്നേഹിക്കാൻ ഞാൻ ഉണ്ടല്ലോ എന്ന് പറയുന്ന ഭർത്താക്കന്മാരുടെ പ്രതിനിധി ആണ് നീയും.... പ്രതികരിച്ചാൽ ഈ പറഞ്ഞ തന്നിഷ്ടക്കാരി ആകും....അങ്ങനെയും ഒരുപാട് ഡിവോഴ്സ് നടക്കുന്നുണ്ട് നമ്മുടെ നാട്ടിൽ....
നമുക്കിടയിൽ അതു വേണ്ട കിരൺ.. നീ എനിക്ക് ഒരു ഓർമപ്പെടുത്തൽ ആയിരുന്നു.. ഇനി... ഞാനും എന്റെ അമ്മയും മാത്രം ഒന്ന് സന്തോഷത്തോടെ ജീവിക്കട്ടെ.. ഞങ്ങളുടെ ഈ സ്നേഹത്തിനിടയിലേക്ക് പ്രത്യേകിച്ച് കുറവുകൾ ഒന്നും കാണാത്ത ഒരാൾ വരിക ആണെങ്കിൽ അന്ന് നോക്കാം ഒരു വിവാഹം.."
ബാഗിൽ കിടന്നു മൊബൈൽ ബെല്ലടിക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്.... അമ്മ കാളിങ്...സൈലന്റ് ഇൽ ആക്കി..
"എങ്കിൽ ശരി കിരൺ. നിനക്ക് ചേരുന്ന ഒരു കുട്ടിയെ കണ്ടെത്തി വിവാഹം ചെയ്യണം... ഓൾ ദി ബെസ്റ്റ് ..."
തിരിഞ്ഞു നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു....ഹൃദയം വല്ലാതെ വേദനിക്കുന്നു..... എങ്കിലും വൈബ്രേറ്റ് ചെയ്യുന്ന ഫോൺ ഞാൻ ഒന്ന് കൂടെ മുറുക്കിപിടിച്ചു വേഗം നടന്നു...അതിൽ അപ്പോഴും അമ്മ.. കാളിങ് എന്ന് കാണിക്കുന്നുണ്ടായിരുന്നു...