അഞ്ച് വർഷത്തോളം നെഞ്ചിലേറ്റിയ ഇഷ്ടമാണ് ഒരു നിമിഷം കൊണ്ട്

Valappottukal



രചന: preetha sudhir


സ്വന്തം


"സേതുവേട്ടന് നാണം തോന്നുന്നില്ലേ ഈ പ്രായത്തിൽ ഒരു വിവാഹം കഴിക്കാൻ...."മൂന്ന് അനിയത്തിമാരും ഒരുമിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം  സേതു പകച്ചു അവരെ നോക്കി.... പിന്നെ മെല്ലെ ചിരിച്ചു... 

ഒരു കെട്ടു പുല്ലെടുത്തു പശുവിനു മുൻപിൽ കുടഞ്ഞിട്ടു... സേതുവേട്ടൻ ഞങ്ങൾ പറയുന്നത് കേൾക്കുന്നുണ്ടോ?..ഇതിപ്പോൾ ഒരു കുട്ടിയുള്ള പെണ്ണിനെ കല്യാണം കഴിക്കേണ്ട ആവശ്യം ഉണ്ടോ? അതും വേറെ ജാതി .... അയാൾ തിരിഞ്ഞു നോക്കി താഴെയുള്ള അനിയത്തിയാണ്... ഇവൾക്ക് ഇത്രയൊക്കെ സംസാരിക്കാൻ അറിയോ? അയാൾ അത്ഭുതത്തോടെ ഓർത്തു... 


സേതു തെല്ലു കിതപ്പോടെ ഉമ്മറത്തിണ്ണയിൽ ഇരുന്നു... മൂന്ന് പേരും കൂടി തന്നെ വിസ്തരിക്കാൻ തുടങ്ങിയിട്ട് നേരം ഏറെ ആയിരിക്കുന്നു.. ഞാനൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്ന് വിളിച്ചു പറഞ്ഞപ്പോൾ ഓടി വന്നതാണ് മൂന്ന് പേരും.. 


സേതു അങ്ങനെ ഇരുന്നു ഓർത്തു പോയി... അച്ഛൻ മരിച്ച ശേഷം അച്ഛന്റെ സ്ഥാനത്തു നിന്നു വളർത്തിയതാണ്...  പഠിപ്പിച്ചു... കല്യാണം കഴിച്ചു കൊടുത്തു... 

അന്ന് മനസ്സിൽ തോന്നിയ ഇഷ്ടം വേണ്ടെന്നു വച്ചതും ഇവർക്ക് വേണ്ടിയാണ്.. അഞ്ച് വർഷത്തോളം നെഞ്ചിലേറ്റിയ ഇഷ്ടമാണ്  ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞത്.. അശ്വതിയുടെ രൂപം മനസ്സിൽ  അങ്ങനെ തെളിഞ്ഞു വന്നു...ആ നനഞ്ഞ മിഴികൾ ഇപ്പോഴും മനസ്സിനൊരു മുറിവാണ്... 


അശ്വതിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ അമ്മ എതിർത്തു.. ഒരു ആശാരി പെൺകുട്ടിയെ  നീ വിവാഹം ചെയ്തുന്ന് അറിഞ്ഞാൽ പിന്നെ ആരെങ്കിലും നിന്റെ അനിയത്തിമാരെ കല്യാണം കഴിക്കോ? നെഞ്ചിലാണ് ആ ചോദ്യം കൊണ്ടത്... സ്നേഹം തോന്നിയപ്പോൾ വിവാഹം ചെയ്തു കൂടെ കൂട്ടണമെന്ന് തോന്നിയപ്പോൾ ജാതി ചോദിക്കാൻ മറന്നു... 

അശ്വതി ഇറങ്ങി വരാൻ തയ്യാറായിരുന്നു.... വേണ്ടെന്നു വിലക്കി... ജീവിതത്തിൽ നിന്നും പാടെ ഉപേക്ഷിച്ചു... നിറഞ്ഞ മിഴികളോടെ തന്നിൽ നിന്നും അടർന്നു മാറിയ ആ രൂപത്തെ നോക്കി നെഞ്ച് തകർന്നു നിന്നു... 

പിന്നെ മറക്കാനുള്ള ശ്രമം... മനസ്സിൽ അപ്പോഴും ആ മുറിവങ്ങനെ അവശേഷിച്ചു.. പിന്നീട് 

അവൾ വിവാഹിതയായി എന്നറിഞ്ഞപ്പോൾ മനസ്സിന് ആശ്വാസമാണ് തോന്നിയത്... 

അനിയത്തി മാരുടെ കല്യാണം നടത്താൻ അന്യ നാട്ടിൽ കിടന്നു ഒരുപാട് കഷ്ടപ്പെട്ടു .. 

ആ കഴുത്തിൽ കിടന്നു തിളങ്ങുന്ന താലിയിൽ എന്റെ വിയർപ്പു തുള്ളികളാണ് പറ്റിപിടിച്ചിരിക്കുന്നത്... 

അവസാനം അമ്മ മരിക്കുന്നതിന് മുൻപ് ഭാഗം വയ്ക്കുമ്പോൾ തനിക്കായി കിട്ടിയത് ഈ പുഴക്കരയിലെ കാടു പിടിച്ച സ്ഥലം. . അതിനു കാരണം ഉണ്ടായിരുന്നു... സേതുവിനു കുട്ടികളും കുടുംബമൊന്നും ഇല്ലല്ലോ... ശരിയാണ്... എല്ലാ ബാധ്യതകളും കഴിഞ്ഞു വന്നപ്പോൾ പ്രായമായി .. ആരും ജീവിതത്തെ കുറിച്ച് ഓർമിപ്പിച്ചുമില്ല... 

ഇവിടെ ഈ പുഴക്കരയിൽ ഒരുപാട് പണിയെടുത്തു... ചെറിയ ഒരു വീടുണ്ടാക്കി... മണ്ണിൽ കൃഷി ചെയ്തു... വീടിനു ചുറ്റും ചെടികൾ നട്ടു...  പശുക്കളെ വളർത്തി... 

ആരു കണ്ടാലും മോഹിക്കുന്ന ഒരിടം... പുഴയോട് ചേർന്നുള്ള വീടും മുന്നിലെ മനോഹരമായ പൂന്തോട്ടവും.... ആരും ഒന്ന് നോക്കി നിന്നു പോകും... മണ്ണിൽ വിളയുന്ന പച്ചക്കറിക്കളും തൊടിയിലെ പനിനീർ പൂക്കളും ചെണ്ടുമല്ലിയും വാടാർ മല്ലി പൂക്കളും.. അത് കണ്ടു മനസ്സ് നിറഞ്ഞു....അതായി മാറി ജീവിതം... 

വയസ്സ് അൻപതു കഴിഞ്ഞു...കണ്ണാടിയിലെ തന്റെ രൂപത്തിലേക്ക് നോക്കും... പ്രായം... മുടിയിലും താടിയിലും നരച്ച മുടിയിഴകൾ... പ്രായമായല്ലോ എന്നോർത്ത് വിഷമം തോന്നിയിരുന്നു... 

പക്ഷേ ഇപ്പോൾ കുറച്ചു നാളായി അങ്ങനെ തോന്നാറില്ല... മീര തന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം... അവളുടെ അഞ്ചു വയസ്സുള്ള മകളുടെ ചിരി... 

പാല് വാങ്ങാൻ ഒരു തൂക്കു പാത്രം പിടിച്ചു കൊഞ്ചി വരുന്ന നന്ദുട്ടി... 

അവൾക്കു പുറകിൽ വിഷാദം നിറഞ്ഞ മുഖം... 

മീര ചിരിച്ചു കണ്ടിട്ടില്ല... 

ഭർത്താവ് മരിച്ചു സ്വന്തം വീട്ടിലേക്ക് മടങ്ങിയപ്പോൾ വീട്ടുകാർക്ക് ബാധ്യതയായ മീര... 

ആ അമ്മയും മകളും തനിക്കു മുന്നിൽ നിറഞ്ഞു നിന്നു... ഇഷ്ടമാണോ സഹതാപമാണോ... ഇപ്പോഴും അറിയില്ല.... 

മനസ്സിൽ തോന്നി.. എനിക്കു മാത്രമായി ഒന്നു  ജീവിക്കണം... എനിക്ക് തോന്നിയ ഇഷ്ടങ്ങളിലൂടെ... 

അങ്ങനെ യാണ് മീരയോട് ചോദിക്കുന്നത്... "വയസ്സാവുമ്പോൾ എന്നെ നോക്കാനല്ല... എനിക്കു വേണ്ടി ഒന്ന് ജീവിക്കാൻ എന്റെ ജീവിതത്തിലേക്ക് വരുന്നോ എന്ന്..." കരച്ചിലായിരുന്നു മറുപടി... 

പിന്നെ മൗനം... 

ആ കൈകൾ നെഞ്ചോട് ചേർത്തു പിടിച്ചപ്പോൾ അവളുടെ സമ്മതം ഞാൻ അറിഞ്ഞു..


അനിയത്തിമാരോട് പറയണമെന്നു തോന്നി... 

ഇവിടെ വീട് പണിത് കൃഷിയെല്ലാം തുടങ്ങിയപ്പോൾ മൂന്നാളും മാറി മാറി വരും.. പരിഭവങ്ങളുടെയും പരാതികളുടെയും നീണ്ട നിര... കുട്ടികൾക്ക് ആകെയുള്ള ഒരമ്മാവനാണ്... സേതുവേട്ടൻ അവരെ തിരിഞ്ഞു നോക്കുന്നില്ല... 

അങ്ങനെ തുടങ്ങും... കേട്ടിരിക്കും.. പോകുമ്പോൾ ചാക്ക് നിറയെ പച്ചക്കറികൾ കൊടുത്തു വിടും....


പോകുമ്പോൾ പതിവ് പല്ലവി... "ഞങ്ങൾക്ക് സേതുവേട്ടൻ അല്ലാതെ വേറെ ആരാ ഉള്ളത്... ഒന്നോടി വരാൻ... "അത് കേൾക്കുമ്പോൾ ഉള്ളൊന്നു പിടയും... ശരിയാണ്...അച്ഛന്റെയും അമ്മയുടെയും സ്ഥാനത്തു ഞാൻ മാത്രമല്ലേയുള്ളു... അവരോട് സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ എന്നും... തിരിച്ചു തരുന്നത് സ്നേഹമാണോ? അറിയില്ല... 


"സേതുവേട്ടൻ ഒന്നും പറഞ്ഞില്ല..."

അവർ വീണ്ടും ഓർമിപ്പിച്ചു... "നമുക്കിത് വേണ്ട സേതുവേട്ടാ..."

അനിയത്തിയുടെ കൈയിലെ ചേമ്പില താള് നിറയെ പഴുത്ത ചാമ്പക്ക... 

നന്ദുട്ടിക്ക് ചാമ്പക്ക ഇഷ്ടമാണല്ലോ എന്നയാൾ ഓർത്തു.. 

ചാമ്പ മരത്തിൽ പൂക്കൾ മാത്രം ബാക്കി.. 

അയാൾ ഒരു നിമിഷം ആലോചിച്ചു.. 

നിങ്ങൾക്ക് പോകാം... എനിക്കിനി ഒന്നും ആലോചിക്കാനില്ല... എനിക്കൊന്നു ജീവിക്കണം... എനിക്ക് മാത്രമായി... പറയുമ്പോൾ അയാളുടെ സ്വരം ഇടറി... 

അനിയത്തിമാർ പകച്ചു അയാളെ നോക്കി .... പിന്നെ പിറുപിറുത്തു കൊണ്ട് മടങ്ങി... 

ചാക്കിൽ ഏട്ടൻ പച്ചക്കറിയൊന്നും നിറച്ചു തന്നില്ലല്ലോ എന്നവർ ഓർത്തു.. എന്തോ ചോദിക്കാനും തോന്നിയില്ല... 

മടങ്ങുമ്പോൾ ചെറുതെങ്കിലും മനോഹരമായ ആ വീടിനും സ്ഥലത്തിനും വേറെ ഒരാൾ അവകാശി യാവുന്നതോർത്തു അവർ വേദനിച്ചു... മടങ്ങി.. 


 മീരയുടെ കഴുത്തിൽ  താലി ചാർത്തി അവളെയും കുട്ടിയേയും വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുമ്പോൾ നഷ്ടപ്പെട്ടു പോയ ജീവിതത്തിന്റെ കണക്ക് അയാൾ ഓർത്തതേയില്ല... 

മീരയുടെ മുഖത്തു തെളിഞ്ഞ മനോഹരമായ ചിരിയിൽ  നന്ദുട്ടിയുടെ അച്ഛാ എന്നുള്ള വിളിയിൽ അയാൾ അയാളുടെ ജീവിതത്തെ നോക്കി കണ്ടു......തനിക്കു മാത്രം സ്വന്തമായ ഒരു പിടി സ്വപ്നങ്ങൾ... 

To Top