പിന്നിലൂടെ ചെന്ന് ചേർത്ത് പിടിക്കുമ്പോൾ കണ്ണാടിയിൽ കണ്ട അവളുടെ മുഖത്ത് ഒരുതരം അമ്പരപ്പായിരുന്നു...

Valappottukal


രചന: ശ്രീക്കുട്ടി

വിവാഹമണ്ഡപം    മരണവീട്   പോലെ   നിശ്ശബ്ദമായിരുന്നു. 


മുഹൂർത്തമടുത്തപ്പോൾ   വധുവിനെ   കാണാനില്ല  എന്ന   വാർത്ത   ഒരു   ഞെട്ടലോടെയായിരുന്നു   ഞാൻ   കേട്ടത്. 

നിശ്ചയിച്ചുറപ്പിച്ചവിവാഹം    മുടങ്ങി    ആളുകൾക്ക്   മുന്നിൽ   നോക്കുകുത്തിയായി   നിൽക്കുമ്പോൾ    എന്റെയുള്ളിൽ    അമർഷം   നുരഞ്ഞ്പതയുകയായിരുന്നു. 


എന്നിലേക്ക്‌   നീണ്ട   സഹതാപം   നിറഞ്ഞ   കണ്ണുകളെ   നേരിടാനാവാതെ   ഞാൻ   തല   കുനിച്ചുനിന്നു. 

ഉള്ളിലെ   ചൂട്   വിയർപ്പായി   നെറ്റിയിലൂടെ   ചാലിട്ടൊഴുകി. 


"മോളേ  ആരതി...... "


മുത്തശ്ശന്റെ   വിളികേട്ട്   അവൾ   പതിയെ   മുന്നിലേക്ക്   വന്നു. 


"അഭി   ഇവളുടെ   കഴുത്തിൽ   താലി   കെട്ടും "


ഉറച്ചതായിരുന്നു   മുത്തശ്ശന്റെ   ആ   വാക്കുകൾ. 

എല്ലാവരിലും   ആശ്വാസം   പടാർത്തിക്കൊണ്ട്   വീണ്ടും    നാദസ്വരം   മുഴങ്ങി. 


പ്രത്യേകിച്ച്   ഭാവമാറ്റം   ഒന്നുമില്ലാതെ    അവളെന്റെ   അരികിൽ   ഇരുന്നു. 

കഴുത്തിൽ   താലി   മുറുകുമ്പോഴും   അവൾ   വെറുതെ    എന്റെ   കണ്ണുകളിലേക്ക്   നോക്കിയിരുന്നു. 


രാത്രിയിൽ    വളരെ   വൈകിയായിരുന്നു    മുറിയിൽ    എത്തിയത്. 

അപ്പോഴേക്കും   പകലത്തെ   ക്ഷീണം   കൊണ്ടാവാം   അവൾ   ഉറങ്ങിപോയിരുന്നു.  അവളെ    ഉണർത്താതെ   തന്നെ    പതിയെ   അവളുടെ    അരികിൽ    കയറിക്കിടന്നു.. 


എനിക്കഭിമുഖമായിട്ടായിരുന്നു    അവൾ   കിടന്നിരുന്നത്.   ഒരു   കുഞ്ഞിന്റെ   നിഷ്കളങ്കതയായിരുന്നു    അപ്പോൾ    അവളുടെ    മുഖത്ത്. 

ചുണ്ടിനു   മുകളിലെ    കറുത്തമറുകും   സീമന്ത   രേഖയിലെ   പാതി   മാഞ്ഞ   സിന്ദൂരവും   അവളെ   കൂടുതൽ   സുന്ദരിയാക്കിയതുപോലെ   തോന്നി. 


മുറപെണ്ണ്   ആണെങ്കിലും   താനധികം    അവളെ    ശ്രദ്ധിച്ചിരുന്നില്ല. 

ചെറുപ്പത്തിൽ    എപ്പോഴും   അവൾ   എന്റെ   വിരലിൽ    തൂങ്ങിയായിരുന്നു    നടന്നിരുന്നത്. 

മുതിർന്നപ്പോൾ   മനപ്പൂർവം   അവളോട്    ഒരകലം   സൂക്ഷിച്ചിരുന്നു. 


അവളുടെ    ചിന്തകളിൽ    മുഴുകി    എപ്പോഴോ   ഉറക്കത്തിലേക്ക്    വഴുതിവീണു. 


രാവിലെ   ഉണരുമ്പോൾ    അവൾ    മുറിയിൽ   ഉണ്ടായിരുന്നു. 

ഈറൻ മുടിയിൽ     ഒരു    തോർത്ത്‌   ചുറ്റിയിരുന്നു. 

കഴുത്തിലും   മുഖത്തും    പറ്റിപിടിച്ച    ജലകണങ്ങൾ. 

നെഞ്ചോടു ചേർന്ന്    താൻ    കെട്ടിയ    താലി. 


സുന്ദരിയാണ്....... 


ഞാൻ   ഓർത്തു. 


"ആഹാ   അഭിയേട്ടൻ    എണീറ്റോ???? 


ചായ   ഇപ്പൊ    കൊണ്ട്   വരാം. 


അവളെ   നോക്കിയ    എനിക്കൊരു    പുഞ്ചിരി    സമ്മാനിച്ച്    അവൾ    പുറത്തേക്ക്     നടന്നു. 


പരസ്പരം    വിരോധം   ഒന്നുമില്ല   എങ്കിലും    ഉള്ളിലെവിടെയോ    അടുത്തിടപഴകാൻ   കഴിയാത്തൊരു    അകൽച്ച    ഞങ്ങൾക്കിടയിൽ     ഉണ്ടായിരുന്നു.  

എങ്കിലും    എന്റെ    കാര്യങ്ങളെല്ലാം    അവൾ     കൃത്യമായി     ചെയ്തിരുന്നു. 


ഓർക്കാപ്പുറത്ത്    വന്നു   ചേർന്ന     വേഷം   ആയിരുന്നെങ്കിലും    അതിന്റെ      ബുദ്ധിമുട്ട്     അവൾ    തെല്ലും     കാണിച്ചിരുന്നില്ല.  വളരെ    കുറഞ്ഞ    ദിവസങ്ങൾ   കൊണ്ടുതന്നെ    അവളെന്റെ     വീടിനോട്    വല്ലാതെ    ഇണങ്ങിചേർന്നിരുന്നു. 


അമ്മയ്ക്കൊപ്പം    അടുക്കളയിൽ    കയറിയും    അച്ഛനോടൊപ്പം    പറമ്പിലെ    കൃഷികൾ    നനച്ചും    പൂജാമുറിയിൽ     വിളക്ക്      തെളിയിച്ചുമെല്ലാം    അവളെന്റെ    വീടിന്റെ     നല്ല    മരുമകളായി    മാറുന്നത്     ഞാനും  കാണുന്നുണ്ടായിരുന്നു. 


"ആരതിമോൾ    ഉണ്ടായിരുന്നിട്ടും    അഭിക്ക്    വേറെ    പെണ്ണന്വേഷിച്ചു    പോയ    നമ്മളാ   ലക്ഷ്മി     വിഡ്ഢികൾ. "


പൂമുഖത്തിരുന്ന്    അച്ഛൻ    മെല്ലെ    പറഞ്ഞു. 


"ശരിയാ   അഭിക്ക്    അവളോളം    നല്ല    പെണ്ണിനെ    വേറെ    കിട്ടില്ല. "


അമ്മയുടെ    സ്വരത്തിലും    നിറഞ്ഞ   സന്തോഷമായിരുന്നു. 


പുറത്തേക്ക്    വരുകയായിരുന്ന    എന്റെ    മനസ്സിലും     അപ്പോൾ    അതുതന്നെയായിരുന്നു. 


" അതെ   അതുശരിയാണ്     തന്റെ    താലിക്ക്    അവളെക്കാൾ     അർഹതയുള്ള     മറ്റൊരു    അവകാശി      വേറെയുണ്ടാവില്ല. "


തിരികെ    മുറിയിൽ    എത്തുമ്പോൾ    കണ്ണാടിയിൽ     നോക്കിനിന്ന്      മുടി    കോതുകയായിരുന്നു    അവൾ. 

പിന്നിലൂടെ    ചെന്ന്    ചേർത്ത്   പിടിക്കുമ്പോൾ     കണ്ണാടിയിൽ    കണ്ട    അവളുടെ    മുഖത്ത്   ഒരുതരം    അമ്പരപ്പായിരുന്നു. 


" ഇപ്പൊ    എനിക്കുറപ്പായി   ഞാനീ   താലി    കെട്ടിയത്    അതിന്     ഏറ്റവും     അർഹതപ്പെട്ട    ആളിന്റെ    കഴുത്തിൽ     തന്നെയാണ്. "


അവളുടെ   ചെവിയിൽ    അതു    പറയുമ്പോൾ     നനഞ്ഞ    മിഴികൾ    തുടച്ച     അവളുടെ    ചുണ്ടുകളിലും     ഒരു   നനുത്ത   പുഞ്ചിരി    വിരിഞ്ഞു.

To Top