രാത്രിയില് ഒറക്കം വരെ നഷ്ടപ്പെട്ടേക്കെണെന്റെ അവളെ കിട്ടിയില്ലേൽ ഞാനില്ലടാ...

Valappottukal

 


രചന: സജീർ ചെറാട്ട്.


കയ്യെത്തും ദൂരെ...

******************


'ഇന്നലെ ഒത്തിരി ഞാൻ നോക്കി നിന്നൂട്ടോ... ന്തേ... ഇങ്ങോട്ടൊന്നും കണ്ടില്ല.'

'മധുരം' തുളുമ്പുന്ന വാക്കുകൾ കൊണ്ടൊന്നും പ്രിയയുടെ  ഭാവങ്ങൾക്ക് തീരെ മാറ്റം തോന്നിയില്ല.


മാക്രികുട്ടൻ...,, അല്ല., നാട്ടുകാരുടെയാകെ കുള്ളൻമനു മെല്ലെ ആൽത്തറയിൽ നിന്നെഴുന്നേറ്റു.


പൊക്കകുറവെന്നു പറഞ്ഞാൽ ഏതാണ്ട് അഞ്ചടിയോളം. അത്രേയുള്ളൂ...

ശരീരം മെലിഞ്ഞ്., ശകലം ഏങ്കോണിപ്പുണ്ടെന്നു തോന്നും നടത്തതിൽ. ആള് കാഴ്ചക്കത്ര മോശക്കാരനുമല്ല. എപ്പോഴും മുറുക്കി ചുവപ്പിച്ചു നടക്കുന്നവൻ. വേറെ ദുശ്ശീലങ്ങളൊന്നും

ആർക്കും പറയാനില്ല


അമ്പലത്തിൽ നിന്നും 

അയാൾക്ക് ചെവികൊടുക്കാതെയവൾ വഴിയിലേക്കിറങ്ങി.,


 "പ്രിയേ.... ഒന്നു നിൽക്കാൻ.... പറയുന്നത് കേട്ടിട്ടു പൊയ്ക്കോ... ധൃതി വെക്കാതെ..."


'മാക്രി' പിന്നാലെ നടന്നെത്തുവാൻ ശ്രമിക്കുന്നുവെങ്കിലും അവളും ശീഘ്രം മുന്നോട്ട് പോയ്‌കൊണ്ടിരുന്നു.


'ടോ... തന്നോടാ നിൽക്കാൻ പറഞ്ഞേ... ഇനിയൊന്നു കൂടി ഞാൻ വിളിക്കില്ലട്ടോ... '

അവൾക്കു പിന്നാലെ 'നടക്കുകയല്ലായിരുന്നവൻ". എന്നിട്ടും വെള്ളിക്കൊലുസ്സിട്ട പാദുകത്തിന്റെ മണിയൊച്ചക്കു വേഗം കൂടിയതു മാത്രം മിച്ചം.


"ർണിം... ർണിം...""


വളവ് തിരിഞ്ഞു എതിർദിശയിൽ വന്ന സൈക്കിൾ അവനേയും കടന്നു പോയതും ബ്രേക്കിട്ടുനിർത്തി.


'ടാ... കുള്ളാ...'


തിരിഞ്ഞു നോക്കി വിളിച്ചത് സുപ്രനാണ്. പെരുച്ചാഴി!

ഇനി അവനെ കേട്ടില്ലെങ്കിൽ  പിറകേ വന്നു കൂവി തോൽപ്പിക്കുമെന്ന് നന്നായറിയാവുന്നതിനാൽ കിതച്ചുകൊണ്ട് ഓട്ടം നിർത്തി മനു.


'ടേയ്... നീയിത് എത്രാമത്തേതിന്റെ പിറകേയാ... ഓരോ കൊലോം കെട്ടി നടന്നോളും. ഒരു ജൂബ്ബാക്കാരൻ!നാണമാവില്ലടെ... ഇനിയെങ്കിലും മതിയാക്ക്., വാ... നമുക്ക്‌ രണ്ടെണ്ണം വീശിയിട്ടു വരാം...'


കാഴ്ച്ചതുമ്പിൽ നിന്നും അവൾ മറഞ്ഞുവെന്നായപ്പോൾ ഉരുണ്ടുതുടങ്ങിയ സുപ്രുവിന്റെ 'ഇരുചക്രത്തിന്റെ' ക്യരിയറിൽ ചാടികയറി കാലുകൾ ഇരുവശത്തേക്കുമിട്ടിരുന്നു ആ കൗമാരക്കാരൻ.


''ആഹ്... എന്നാ വിട്ടോ...'


'കുടിച്ചാലോ കുറ്റം കേൾക്കാം...

കുടിച്ചില്ലേൽ കുറ്റം പറയാം...

മരിക്കാനായ് ജനിച്ചോർക്കിവിടെ 

പൂരപ്പറമ്പാ...'

ഹേയ്... തിത്തിതാരാ...തിത്തിത്തയ്...


 താളം മുറുകുമ്പോൾ ചില്ലു ഗ്ലാസ്സുകൾ കൂട്ടിയുരസ്സിച്ച് തലക്കു പിടിച്ച ലോനപ്പൻ ചേട്ടൻ തകർത്താടുകയാണ് ഷാപ്പിൽ.


'ടാ... മനുവേ... നിന്റെ വിളച്ചിലൊന്നും ആ പെണ്ണിന്റെ മുമ്പി ചിലവാകത്തില്ല. നീ വേറെ പണി നോക്ക്‌...'


പാട്ടും ബഹളവും തിമിർക്കുമ്പോൾ മനുകുട്ടന്റെ ഉള്ള് നീറി നിന്നു. മുന്നിലിരുന്ന കുപ്പിയുടെ വായ്‌വട്ടം അപ്പാടെ തൊണ്ടയിലേക്ക് കമിഴ്ത്തി അവൻ.


'ടേയ്... സുപ്രു... നിനക്കതിന്റെ ഏനക്കേട് പറഞ്ഞാ മനസ്സിലാവിഞ്ഞിട്ടാ... രാത്രിയില് ഒറക്കം വരെ നഷ്ടപ്പെട്ടേക്കെണെന്റെ., അവളെ കിട്ടിയില്ലേൽ ഞാനില്ലടാ... ദേ ഇവിടം കൊണ്ടേ തീർന്നു.'


കണ്ണിലെ 'വെളുത്തപ്രതലത്തിൽ' ചുവപ്പ് പടർന്നിരുന്നവനിൽ. 


'ടാ... ഞാൻ... ഈ ഞാൻ... നാളെയെന്നൊരു ദിവസമുണ്ടെങ്കിൽ പ്രിയയോട് നേരെ നിന്ന് ചോദിക്കും., സമ്മതം വേടിച്ചിരിയ്ക്കും.. നീ കണ്ടോ...'


'ഉവ്വുവ്വേ...'


'കാണാം...'


അവസാനതുള്ളിയും കുടഞ്ഞെടുത്ത് സുപ്രനെഴുന്നേറ്റു. പിറകേ മനുവും.


പിറ്റേന്ന്, ചുറ്റമ്പലത്തിനു പുറത്തെ ആൽമരത്തണലിൽ കോവിലിലെ പ്രതിഷ്ഠ പോലെ 'മാക്രി' ഇരിപ്പുറപ്പിച്ചിട്ടുണ്ട്.


പ്രദക്ഷിണം കഴിഞ്ഞു പ്രിയയിറങ്ങുമ്പോൾ നേരെ മുന്നിൽ അവൻ.


'വഴി മാറ് മനു... ഞാൻ ഇവിടെ നിന്നൊച്ച വെച്ചാൽ ആരെങ്കിലുമൊക്കെ കേൾക്കും . പ്രശ്നം വഷളാകും.'


'ഇല്ല... എത്ര നാളായി നിന്റെ പിറകേ നടക്കുന്നൂ... വിളിച്ചോ... എന്നെ ആരു എന്തുവേണമെങ്കിലും ചെയ്തോട്ടെ ഞാൻ ചോദിക്കുന്നതിനു മറുപടി കിട്ടിയാൽ ഇപ്പൊ പോയ്‌ത്തരാം...'


അവന്റെ  തീരുമാനത്തിന് മുന്നിൽ വേറെ ഗത്യന്തരമില്ലാത്ത അവസ്ഥ.


'ശരി... പറയു... കേൾക്കട്ടെ... തനിക്കെന്താ അറിയേണ്ടത്...?


 അവൾ 'നേർവഴിക്ക്' വരുന്നതിന്റെ ആശ്വാസം 'മാക്രിയുടെ' മുഖത്ത് പ്രകടം.

അവനു വേണ്ടുന്നതറിയുവാൻ ഉത്സുകത്തോടെ വൻതയ്യാറെടുപ്പ്.


 'പ്രിയാ... നിന്നെ കണ്ടനാൾ തൊട്ടുള്ള ആശയാ... സ്വന്തമാക്കാൻ.

തുറന്നു പറഞ്ഞോട്ടെ., എനിക്കത്ര ഇഷ്ടമാണ് തന്നെ. ഊണും ഉറക്കോം പോയിട്ട് ദിവസങ്ങളായി. ഒരു മറുപടിക്കു വേണ്ടീട്ട്...'


ഇമ വെട്ടാതെ  അവനെ  നോക്കി ചലിക്കാതെ നിന്നവൾ കുറച്ചു നിമിഷം. വെറ്റിലയിൽ പൊതിഞ്ഞ പ്രസാദവും ചുരുട്ടിപിടിച്ച്.


 അവൾ അതേ നിൽപ്പ് തുടർന്നപ്പോൾ മനുക്കുട്ടൻ ഒന്നു പകച്ചു. ചുറ്റുപാടും നോക്കി, ജാള്യതയോടെ ഇടക്ക് ആ കസവുപാവാടക്കാരിക്കു നേരെയും.


'മനുവേ... മനുകുട്ടാ... ഇതിപ്പോ ഞാൻ തന്റെ ലിസ്റ്റില് എത്രമാത്തെയാ... ഇയാള്ടെ സർവ്വകാല റിപ്പോർട്ടും പരിശോധിച്ച എനിക്ക് മനസ്സിലാക്കിയിട്ടുള്ളത് എട്ടാമത്തെയോ ഒമ്പതാമതോ ആയിവരും... ല്ലേ...

അല്ല, ഇനിയതും കവച്ചു വെക്കുവോയെന്നറിയില്ല... ഉവ്വോ...?


പരിഹാസ ചുവയോടെ പ്രിയയുടെ തുടക്കം.


'താനെന്താ ചോദിച്ചു വരുന്നതെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. അതിലെനിക്കതിശയം തീരെയില്ല.

പിന്നെ... ഇയാള്ടെ നേരെ നോക്കി ഇഷ്ടമാണ് എന്ന് ഞാൻ പറയേണ്ട താമസം, മേലാ ഇവിടെ തന്റെ പൊടി പോലും കാണില്ലെന്നുള്ളതാണ് സത്യം.

ശരിയല്ലേ...?'


മനു നേരെ നിൽക്കുവാൻ മടിക്കുന്നെന്ന് തോന്നിക്കും നേരം പ്രിയ വീണ്ടും തുടർന്നു...

'പിന്നെ.. സഹോ... ഞങ്ങളെ പോലുള്ള പെമ്പിള്ളേരെ പിറകേ നടന്ന് വളച്ച്  പതിയെ  'ഊരി' പോകുന്ന തന്നെ പോലുള്ളവരോട് എനിക്ക് സഹതാപം മാത്രം. അതോണ്ട് ഈ വിത്ത് ഇവിടെ മുളക്കില്ല മോനെ... ഈ പാവം തയ്യൽക്കാരൻ അപ്പുണ്ണി നായര്ടെ മോളെ വെറുതെ വിട്ടേര്...'


കളിയാക്കലുമൊപ്പം താക്കീതും കലർന്ന മറുപടിയിൽ  ചെറുചിരി പാതി തെളിഞ്ഞു വരുന്നുണ്ടായിരുന്നവനിൽ. വാക്കുകൾ മുറുക്കം കൊള്ളും പോലെയൊരു അന്തർഗ്ഗതം.മുന്നിൽ തടസ്സം നിൽക്കുന്ന അവനെ മറികടക്കുവാൻ തിടുക്കം കൂട്ടി.


'ദേ... ഇതു കൂടിയൊന്നു കെട്ടിട്ടു പൊയ്ക്കോ...

താൻ പറയുന്നത് പോലെ എന്നെ കോമാളിയായി കണ്ടവരാണധികവും . അതെന്റെ തെറ്റല്ല. പിന്നെ, മുറുക്കി തുപ്പി നടക്കുന്നത് ഈ പൊക്കമില്ലാത്തവന്റെ 'പൊക്കം' മറ്റുള്ളവരെകൂടി ബോധ്യപ്പെടുത്താൻ മാത്രം.'


ഒരു കള്ളച്ചിരി മായ്ക്കാൻ മുഖം തടവി മറ തീർത്ത ശേഷം വായിൽക്കിടന്ന 'ബാക്കിയുള്ളതിൽ'  ചവരസം കൊണ്ടു.


'എന്നാലും ഇയാൾ  പറയുന്നതുപോലെ ഞാനത്ര 'ഭയങ്കര' നനൊന്നുമല്ലടോ...

എനിക്കിഷ്ടപ്പെടുന്നവരോട് സമ്മതം ചോദിച്ചിരുന്നുവെന്നുള്ളത് ശരിയാണ്. ആരേം വഞ്ചിക്കുകയോ കൊള്ളരുതായ്മയോ ചെയ്തിട്ടില്ല. പറ്റില്ലാന്ന് കണ്ടാ ഇട്ടേച്ചു പോകും, അതിപ്പോ ഞാനായാലും അവളുമാരായാലും. ഒന്നുരണ്ടു പേർ ഈ 'നാലേമുക്കാലടിക്കാരനെ' കണ്ടപാടേ വിട്ടുപോയീ... തടീം പൊക്കോം നോക്കി പ്രേമിക്കാൻ കഴിയോ...? ഇഷ്ടം തോന്നിതുടങ്ങിയാ നേരെ ചെന്നു ചോദിക്കും. അത്രന്നെ. പിന്നെ ചിലരുണ്ട്, ഉള്ളിലെ സ്നേഹോന്നും അവർക്കു വേണ്ട. കല്യാണം കഴിഞ്ഞാ... കാശ്മീരിലും മലേഷ്യക്കും പോകാമെന്നൊന്നും വാക്കു കൊടുക്കാൻ എന്നെക്കൊണ്ടാക്വ...? കീശയിലെ തുട്ടും സമയോം ഒത്തുവന്നാലാകാമെന്ന് ഞാനും. അതോടെ അതുമിതും പറഞ്ഞു  തല്ലിപ്പിരിയും. ഒരു തമാശ!

അവർക്ക്, ഞാനുണ്ടില്ലെങ്കിലും അവരെ ഊട്ടുമോയെന്നറിയേണ്ടായിരുന്നു. ഞാനുടുത്തില്ലെങ്കിലും തന്നെ

ഉടുപ്പിക്കുമോയെന്നും അന്വേഷിക്കേണ്ടായിരുന്നു... പറഞ്ഞു വരുമ്പോ... എല്ലാവരുടേയും മുമ്പിൽ ഞാനൊരു വാൽമാക്രി!'


'അപ്പോ... എങ്ങനാ...താൻ വിടുകേല്ലേ...'

അവൻ മുന്നിൽ നിന്നൊഴിഞ്ഞു മാറി.


പ്രിയ മനുകുട്ടനേയും മറികടന്നു ധൃതിയിൽ മുന്നോട്ട്... അല്പമങ്ങെത്തുമ്പോൾ കണങ്കാലിന് മേൽ സ്വാധീനം ചെലുത്തുന്ന നൂപുരങ്ങളുടെ കിലുക്കം മന്ദഗതിയിലാകുന്ന തോന്നൽ.

അതെ...സ്വനം നിലച്ചു, അവൾ മെല്ലെ പിന്നിലേക്ക് നോക്കി... വിടരുന്ന അധരങ്ങളാലുള്ള ആ നിൽപ്പ് അരയാൽ ചില്ലകൾ കടത്തിവിടുന്ന പോക്കുവെയിൽ കോണിലൊരു ശിലാവിഗ്രഹം തീർത്ത പോൽ...


പ്രിയയിൽ നിന്നും കാഴ്ചയുടയാതെ അതേ അവസ്ഥയിൽ സ്തബ്ധനായിയവൻ.


'നാലേമുക്കാലടിക്കാരോ... നമ്മുക്ക് വീണ്ടുംകാണാട്ടോ...'

നിറചിരിയിൽ കണ്ണുകൾ 'അടയാളപ്പെടുത്തിയ' മറുപടിക്കു ശേഷം കയ്യൊന്നുയർത്തി കാണിച്ചവൾ തിരികെ നടന്നു...  ഇടറോഡിലേക്കിറങ്ങും മുന്നേ പ്രിയ ഒരിക്കൽ കൂടി അവനെ നോക്കി യാത്ര ചൊല്ലിപിരിഞ്ഞതും അന്നാദ്യമായി മനു, ദേവീസമക്ഷം 'കരംകൂപ്പി' നിന്നു.🙏

To Top