നിങ്ങൾക്ക് എന്നെ വേണോ... എന്ന ചോദ്യവുമായ് തുളസി മുന്നിലേക്ക് വന്നത്...

Valappottukal



രചന: Sree kala kochupurayckal


.....എൻ  പാതി......


സ്കൂളിലെ മൈതാനത്ത് നിരത്തിയിട്ടുള്ള ബഞ്ചിൽ ഇരിക്കുമ്പോഴാണ്...


മാഷ്യേ..... നിങ്ങൾക്ക് എന്നെ വേണോ... എന്ന ചോദ്യവുമായ്  തുളസി  മുന്നിലേക്ക് വന്നത്...


താൻ എന്താ ഉപ്പിലിട്ട മാങ്ങ വല്ലതും ആണോടോ ........ ഉണ്ണി ചിരിച്ചു കൊണ്ട് ചോദിച്ചു....... 


മാഷ്യേ..... വർഷം മൂന്ന് ആയില്ലേ മാസത്തിൽ കുറഞ്ഞത് ഒരു മൂന്ന് തവണ വെച്ച് ചോദിക്കുന്നു... ഇന്നെങ്കിലും ഒന്ന് പറയുമോ.... വേണ്ടായെന്നും പറയില്ല വേണമെന്നും പറയില്ല.. നാണം ഉണ്ടോ മാഷ്യേ...........


ചിരിച്ചു കൊണ്ടു കയ്യും ചലിപ്പിച്ചുള്ള അവളുടെ സംസാരം കേൾക്കെ ഉണ്ണി ചിരിച്ച് കൊണ്ട് ചുറ്റും നോക്കി ..


നോക്കണ്ട...ആരും ഇല്ല.....


 അടുത്തുതന്നെ ഉണ്ടെന്ന്  തോന്നണല്ലോ ഒരു ചായ കൊടുക്കൽ.....


ഹാ ഈ ഞായറാഴ്ച ഒന്ന് ഉണ്ട് ...


എങ്ങനെ ആൾ...... ഫോട്ടോ കണ്ടോ.... ഈ പയ്യന് എന്തോക്കെയാ കുറവുകൾ കേൾക്കട്ടെ....


ഞാൻ കണ്ടില്ല മാഷ്യേ....

കാണണ്ടെന്നു പറഞ്ഞു....


 അതെന്താണെടോ.... അവൻ സംശയ ഭാവത്തിൽ നോക്കി


നെഞ്ചിൽ കയറ്റിയ ആൾക്ക് നമ്മളെ വേണ്ട.....പിന്നെ ആരായാലും എന്താ മാഷ്യേ.... ജീവിക്കുക ....


.............. എപ്പോഴേലും ഈ മനസിൽ ഒരു സ്ഥാനം എനിക്കായ് ഉണ്ടാകും എന്ന് ഓരോ തവണ ചോദിക്കുമ്പോഴും ഞാൻ കരുതും.... പക്ഷേ......


ഇനിയും ഞാൻ കാത്തിരുന്നേനെ....എത്രയാ എന്ന് വെച്ച... ഓരോ തവണയും അച്ഛൻ നെഞ്ചും തിരുമി കണ്ണും നിറച്ച് ഒരു നോട്ടം ഉണ്ട് എന്റെ മുഖത്തേക്ക് ..... അത് കാണുമ്പോൾ..... അച്ഛന് എന്തെങ്കിലും  പറ്റിയാൽ ഞാൻ തനിയെ ആയി പോകും എന്ന ആധിയാണ് ആ പാവത്തിന്.... ഇനിയും കിട്ടാത്ത ഒന്നിന് വേണ്ടിയിട്ട് അച്ഛനെ വിഷമിപ്പിക്കാൻ

ആവണില്ല  മാഷ്യേ......


ചിരിച്ചു കൊണ്ടു തുടങ്ങിയെങ്കിലും അവസാനം ആയപ്പോഴേക്കും അവളുടെ സ്വരം ഇടറി തുടങ്ങിയിരുന്നു....പലപ്പോഴും വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അവൾ വിഷമിച്ചു......അവൾ കണ്ണുകൾ  തുളുമ്പാൻ എന്നവണ്ണം നിറഞ്ഞുതുടങ്ങിയിരുന്നു..


പതറി പതറി  ചുറ്റും നോക്കികൊണ്ട് പറയുന്ന അവളെ കണ്ടപ്പോൾ  തന്നെ അവന് മനസ്സിലായി നിറയുന്ന കണ്ണുകളെ തന്റെ മുമ്പിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ആണെന്ന്...


ഇനി  ഈ ചോദ്യം ചോദിച്ചു കൊണ്ട് മാഷ്ന്റെ മുന്നിലേക്ക് ഞാൻ വരില്ല  കേട്ടോ..... ഇത്രയും നാൾ ബുദ്ധിമുട്ടിച്ചതിനു ക്ഷമിക്കണം ..... ആദ്യായിട്ട് തോന്നിയ ഇഷ്ട്ടം അത് സ്വന്തം ആക്കണം എന്ന് ഞാൻ ആഗ്രഹിച്ച് പോയി......


എത്രയൊക്കെ ശ്രമിച്ചിട്ടും  അവളുടെ തേങ്ങൽ പുറത്തേക്ക് ചാടി....


പുറം കൈയാൽ മുഖം തുടച്ചിട്ട് അവനെ നോക്കി അവൾ  ചിരിച്ചു.... എന്തോ മനസ്സിലെ സങ്കടം കാരണം ആകാം ആ ചിരിക്ക് വേണ്ടത്ര തെളിച്ചം പോരായിരുന്നു...


പോകുവാട്ടോ മാഷ്യേ.. ഇനി മാഷ്ക്ക് എന്റെ ശല്ല്യം ഉണ്ടാവില്ല.....


തുളസി തിരിഞ്ഞു നടന്നു...


മുന്നോട്ട് നടന്ന തുളസി തിരിഞ്ഞു നിന്നിട്ട് അവനെ വിളിച്ചു...


അതേ.....     മാഷ്യേ.....ഒരു കാര്യം കൂടി...


ഒരിക്കൽ എങ്കിലും എന്റെ സ്‌നേഹം മാഷ്ക്ക് മനസ്സിലാകും.....അന്ന് മാഷ്ക്ക് മനസ്സിലാകും ഈ തുളസിയെ.....


മനസ്സ് ഇടറിയതിനാലോ അതോ കാലുകൾക്ക് ബലം പോരാഞ്ഞിട്ടോ തിരിഞ്ഞു നടന്ന തുളസി പെട്ടന്ന് സാറിത്തുമ്പിനാൽ തട്ടി വീഴാനാഞ്ഞു.....


പെട്ടന്ന് പിടിക്കാൻ ആഞ്ഞാ ഉണ്ണിയെ കൈകൊണ്ട് തണ്ടുത്തു കൊണ്ട് പറഞ്ഞു...


സാരല്ല്യ മാഷ്യേ......


തുളസി....


നിതംബം മറക്കുന്ന മുടിയും കരിമഷിയെഴുതിയ വിടർന്ന കണ്ണുകളും ചുണ്ടിൽ ഒളിപ്പിക്കുന്ന പുഞ്ചിരിയും ആയി വെളുത്ത കൊലുന്നനെയുള്ള പെണ്ണ്.....ആരോടും അധികം മിണ്ടാത്ത എന്നാൽ തെറ്റിനെതിരെ പ്രതികരിക്കുന്നവൾ...... ഉറച്ച നിലപാട് ഉള്ളവൾ......


ആ അവളാണ് അവന്റെ മുന്നിൽ....... അവന്റെ സ്‌നേഹത്തിനായ്.... ആത്മാഭിമാനം ഇല്ലാത്തവളെ പോലെ....


കാരണം പ്രണയം എപ്പോഴും അങ്ങനെ ആണല്ലോ.... താൻ  ആരാണെന്നും പോലും ഓർക്കാതെ മറ്റൊരാളുടെ മുന്നിൽ താഴ്ന്നു കൊടുക്കും... നെഞ്ചോട് ചേർത്ത് പിടിച്ചതിനെ വിട്ടു കൊടുക്കാൻ ആർക്കാണ് കഴിയുക....


അവരെത്ര അകലാൻ ശ്രമിച്ചാലും നമ്മളവരെ ചേർത്ത് പിടിക്കും .... അവഗണിക്കുകയാണ് എന്നറിഞ്ഞിട്ടും അറിയാത്തത് പോലെ അഭിനയിക്കും.....എന്നെങ്കിലും തന്റെ സ്‌നേഹം മനസ്സിലാക്കും എന്ന് കരുതി വീണ്ടും വീണ്ടും കെഞ്ചും .......അവളും അവന്റെ മുന്നിൽ താഴുകയായിരുന്നു.. ചെറുതാവുകയായിരുന്നു.......


വീട്ടിലെത്തുമ്പോഴേക്കും പതിവുപോലെ അവളെയും കാത്ത് അച്ഛൻ നിന്നിരുന്നു...


എന്തു പറ്റി മോളെ..മുഖമെല്ലാം വാടിയിരിക്കുന്നു...


വെയിൽ കൊണ്ടത് കൊണ്ടാവും അച്ഛാ..


മ്മ്മ് ... അയാൾ സംശയത്തോടെ മൂളി...


രാത്രിയിൽ അവൾ ഉമ്മറത്തു ഇരിക്കുമ്പോഴായിരുന്നു അയാൾ അവളുടെ അടുത്ത് വന്നിരുന്നത്...


മോളെ തുളസി...


എന്താ അച്ഛാ...

മോൾ ക്ക് എന്തേലും  പ്രശ്നം ഉണ്ടോ..


ഹേയ് ഒന്നൂല ച്ച....


വേണ്ടാ അച്ഛനോട് ന്റെ മോളെ കള്ളം പറയണ്ട.... കഴിഞ്ഞ മൂന്ന് വർഷമായിട്ട് കാണുന്നു ഈ വിഷമം...


പക്ഷേ ഇന്ന് അതിത്തിരി കൂടിയിരിക്കുന്നു ... എന്ത്യേ അയാൾ വേണ്ട എന്ന് പറഞ്ഞോ ന്റെ മോളെ..... പോട്ടെടാ അയാൾക്ക് വേണ്ടേൽ ന്റെ കുട്ടിക്കും വേണ്ട.... അയാൾ തലയിൽ തഴുകി കൊണ്ട് പറഞ്ഞു...


അച്ഛന് എങ്ങനെ..... വാക്കുകൾ മുഴുമിക്കാൻ കഴിയാതെ അവൾ പാതിയിൽ  നിർത്തി...


ഒരച്ചന് സ്വന്തം മക്കളെ മനസ്സിലാക്കാൻ കഴിയാതെ പോകുമോ..... ന്റെ മോള് വിഷമിക്കാതെ....


തുളസി അയാളുടെ തോളോട് ചാരി യിരുന്നു.... വാക്കുകൾ ഒന്നും തന്നെ പുറത്ത് വന്നില്ലേലും അവളുടെ കണ്ണുനീരിൽ തോള് നനയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു......


തന്റെ അച്ഛന് ഒന്നും പറയാതെ തന്നെ മനസ്സിലായി ... പക്ഷേ അയാൾക്ക് എന്ത്യേ തന്നെ അറിയാതെ പോയി....നെഞ്ച് തുറന്ന് കാട്ടിയില്ലേ താൻ.... കെഞ്ചിയില്ലേ താൻ... എന്നിട്ടും.. എന്നിട്ടും...എന്ത്യേ........ആലോചിക്കുന്നതോറും അവൾക്ക് സങ്കടം ഏറിക്കൊണ്ടിരുന്നു..........


ഒരിക്കൽ എങ്കിലും തന്നെ മനസ്സിലാക്കും........സ്‌നേഹിക്കും എന്ന വിശ്വാസം അതാണ്‌ ഇന്നത്തോടെ തീർന്നത്......ഇനി.....മറ്റൊരാളെ സ്നേഹിക്കാൻ തന്നെ കൊണ്ട് കഴിയുമോ...... പലവിധ ചിന്തകളാൽ അവളുടെ മനസ്സിന്റെ ഭാരം കൂടിക്കൊണ്ടിരുന്നു.....


എപ്പോഴായിരുന്നു അയാൾ മനസ്സിൽ കയറി കൂടിയത് അറിയില്ല... പക്ഷെ എപ്പോഴോ അയാൾ മനസ്സിൽ കയറി എന്ന് താൻ തിരിച്ചറിഞ്ഞത് തനിക്ക് പതിവായി  കിട്ടുന്ന പുഞ്ചിരി ഇല്ലാതെ വന്നപ്പോഴായിരുന്നു .... അന്ന് തൊട്ട് ഈ നിമിഷം വരെ കൂടിയിട്ടെയുള്ളു തനിക്ക് അയാളോടുള്ള സ്‌നേഹം.....പക്ഷേ..... എന്ത്കൊണ്ടാണ് അയാൾക്ക് തന്നെ ഇഷ്ടപ്പെടാൻ കഴിയാത്തത്..... അറിയില്ല...... അവളിൽ നിന്നും നെടുവീർപ്പ് ഉതിർന്നു..........


മോളെ..... പോയി ഉറങ്ങാൻ  നോക്ക്..... നാളെ അവർ നേരത്തെ എത്തും.... ചെല്ല് പോയി മുഖം കഴുകു.... അയാളുടെ വാത്സല്ല്യത്തോടെയുള്ള ശബ്ദം ആയിരുന്നു അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്....


ഹാ അച്ഛാ.... അച്ഛൻ കിടന്നോളു.... അവൾ എഴുന്നേറ്റ്  റൂമിലേക്ക് നടന്നു....


പിറ്റേദിവസം അവരുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോഴും തുളസിയുടെ കണ്ണുകൾ തോർന്നിട്ടില്ലായിരുന്നു....


എന്ത്യേ കുട്ടിക്ക് ഈ  വിവാഹം ഇഷ്ടമില്ല എന്നുണ്ടോ....

എന്നുള്ള

ഏതോ കാർണവരുടെ ചോദ്യത്തിന് അവൾക്ക് എന്നെ വിട്ടിട്ട് പോകാൻ സങ്കടം ആണ് എന്ന അച്ഛന്റെ മറുപടിയിൽ അവൾ ആശ്വാസം പൂണ്ട്...


എന്നാൽ നമുക്ക് അടുത്ത മീനത്തിൽ നോക്കിയാലോ എന്ന് രണ്ട് കൂട്ടരും ചടങ്ങുകൾ പരസ്പരം പറഞ്ഞു ഉറപ്പിക്കുമ്പോൾ ഇനിയെന്ത് എന്നുള്ള ചോദ്യം മാത്രം അവളിൽ ബാക്കിയായ്.....


ഡ്രെസ്സുകൾ മാറ്റുമ്പോഴാണ് മുറ്റത്ത് താഴെ പടവിൽ ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടത്..


ഇനി പോയവർ തിരിച്ചു വന്നതാണോ എന്ന സന്ദേഹത്തോടെ പുറത്തേക്ക് വന്നവൾ താൻ കാണുന്നത് സ്വപ്‍നം ആണോ എന്നുപോലും സംശയിച്ചു പോയി....


താഴെ കാറിനരികിൽ ഇത് തന്നെയാണോ വീട് എന്ന് സംശയിച്ച് നിൽക്കുന്ന ഉണ്ണിക്കരികിലേക്ക് അവൾ ഓടിക്കിതച്ചാണ്  എത്തിയത്.....


എന്ത്യേ മാഷ്യേ ഈ വഴി... ആരേയെങ്കിലും തിരക്കി വന്നത് ആണോ എന്ന് സംശയത്തോടെ അവൾ ചോദിച്ചു.....


വീട് ഇത് തന്നെയാണോ എന്നൊരു സംശയം ഉണ്ടായിരുന്നു..... ഇപ്പൊ മാറിക്കിട്ടി...


എന്ന് കുസൃതിയോളിപ്പിച്ച കണ്ണുകളോടെ പറയുന്നവനെ അവൾ കൂർപ്പിച്ചു നോക്കി.....


താൻ പോയപ്പോഴാണ്  മനസ്സിൽ എന്തോ ഭാരം കൂടിയത് പോലെ തോന്നിയത്....അവൻ  അർദ്രമായ് പറഞ്ഞു.......


കൈവിട്ടു പോകും എന്ന് മനസ്സ് പറഞ്ഞെടോ...

അമ്മയുണ്ട് കൂടെ...

പോരുന്നോ എന്റെ പാതിയായിട്ട്....

എന്ന് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞവനെ അവളും കരഞ്ഞുക്കൊണ്ട് മുറുക്കെ കെട്ടിപിടിച്ച് ആ നെഞ്ചിലേക്ക് ചാരി....


അതിന് സാക്ഷിയായ് ആ അമ്മയും അച്ഛനും പിന്നെ അവരെ തഴുകി കടന്നുപ്പോയ കാറ്റിൽ പൊഴിഞ്ഞ ഒരായിരം മുല്ലപ്പൂക്കളും......

To Top