മുല്ലപ്പൂ വാങ്ങി അവളുടെ മുടിയിൽ വയ്ച്ചു കൊടുക്കുമ്പോൾ അവർ പറഞ്ഞു...

Valappottukal



രചന: Sheeba joseph


ശരീരം വിൽക്കാൻ വച്ചവൾ

----------------------------------------------

രാവും പകലും കൂട്ടി മുട്ടുന്ന സമയമായിരുന്നു അത്....


"പകലിൻ്റെ വേദനകൾ ഒളിപ്പിക്കുവാൻ രാവ്, മുഖം മൂടി എടുത്തണിഞ്ഞു." 


ആ സമയത്താണ് അവൾ വാലിട്ട് കണ്ണെഴുതി, ചുണ്ട് ചുവപ്പിച്ച്, മുല്ലപ്പൂവ് ചൂടി, പള പള മിന്നുന്ന സാരിയുടുത്ത് ജോലിയ്ക്ക് പോകാൻ ഇറങ്ങിയത്.. 


"രാവ്, മുഖംമൂടി എടുത്തണിഞ്ഞു നില്ക്കുന്ന സമയമാണ് അവളുടെ ജോലി സമയം." 


ആ ജോലി സ്വീകരിച്ചതിൽ പിന്നെ അവൾക്ക് ഇരുട്ടിനെ പേടിയില്ലാതെയായി. 


"ഒളിഞ്ഞു നോട്ടവും കളിയാക്കലുകളും അവൾക്ക് നേരം പോക്കുകൾ ആയി."


" പെൺശരീരത്തെ കട്ടെടുക്കുവാൻ നോക്കുന്നവർക്ക് അവളെ പേടിയായിരുന്നു." 


"അവളുടെ ശരീരം അവൾ വിൽക്കാൻ വച്ചിരിക്കുകയാണ്. ആർക്ക് വേണമെങ്കിലും വാങ്ങാം. നല്ല വില കിട്ടിയാൽ മാത്രം മതി."


പകലിൽ അവളെ കാണാൻ പേടിയാണ് ആളുകൾക്ക്. രാവിൻ്റെ മറവിൽ അവളെ സ്വീകരിക്കാൻ ആളുകൾ മത്സരിക്കും. അവൾക്കു ജോലി ചെയ്യുവാൻ പ്രത്യേകിച്ച് ഒരു സ്ഥാപനം ഒന്നുമില്ല. 


"വഴിവക്കുകളിൽ ആവശ്യക്കാർ അവൾക്ക് വേണ്ടി കാത്തു നിൽക്കും.. ജോലികഴിഞ്ഞ്, പകലിൽ ചുട്ടു പൊള്ളുന്ന ജീവിതത്തിലേയ്ക്ക് അവൾ വീണ്ടും ഇറങ്ങി വരും.." 


ആ ജോലി, അവൾ വേണമെന്നുവച്ച് തിരഞ്ഞെടുത്തതല്ലായിരുന്നു..


കുറെ മാസങ്ങൾക്ക് മുൻപ്, ഒരു മഞ്ഞുകാലം....


"മൂടൽമഞ്ഞ് നിറഞ്ഞ് നിൽക്കുന്ന വഴികളിലൂടെ ബസ്സ് ഓടികൊണ്ടിരുന്നു.

അവൾക്ക് നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.. അവൾ, ഒന്നുകൂടി അവനോട് ചേർന്നിരുന്നു.."


"നാടും വീടും വിട്ട് ഇഷ്ട്ടപ്പെട്ടവൻ്റെ കൂടെ എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപ്പോരുമ്പോൾ അവൾ വേറെ ഒന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല.."


"അവനും ഒരുമിച്ച് നല്ലൊരു ജീവിതം കിട്ടും എന്നൊരു പ്രതീക്ഷ മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.."

 

ആ ബസ്സ് അവസാനിക്കുന്ന ഇടം ആയിരുന്നു അവർക്ക് ഇറങ്ങേണ്ടിയിരുന്നത്. 


"അവൻ്റെ കൂട്ടുകാർ അവിടെ അവർക്കൊരു ചെറിയ കൂട് ഒരുക്കിയിട്ടുണ്ടായിരുന്നു. അവൾക്ക് ആ സ്ഥലം ഒരുപാട് ഇഷ്ട്ടമായി.."

 

"തേയിലതോട്ടങ്ങളും, മൂടൽമഞ്ഞ് പടർന്നു കിടക്കുന്ന അന്തരീക്ഷവും, തണുപ്പും."


"ജീവിതത്തിലെ പരീക്ഷണങ്ങൾ ഒന്നും തന്നെ, അവരുടെ മനസ്സിനെ പാകപ്പെടുത്താത്ത പ്രായമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.."


കൂട്ടുകാർ അവന്, ചെറിയ ഒരു ജോലി സങ്കടിപ്പിച്ചു കൊടുത്തു. ആദ്യനാളുകളിൽ അവനുമൊത്തുള്ള ജീവിതം അവൾക്ക് സ്വർഗ്ഗതുല്യമായിരുന്നു. 

അവളും അവനും അവരുടെ വേണ്ടപ്പെട്ടവരെക്കുറിച്ച് ചിന്തിക്കാൻ പോലും മിനക്കെട്ടില്ല. 


ആദ്യ നാളുകൾ നീങ്ങിയപ്പോൾ തന്നെ അവർക്ക് ഒരു കാര്യം മനസ്സിലായി. ?


"പ്രണയവും ജീവിതവും രണ്ടും രണ്ടാണ് എന്ന്."


"പ്രണയത്തിൽ പട്ടിണിയും കഷ്ടപ്പാടും ഇല്ല. ജീവിതത്തിൽ ഇത് രണ്ടും ഉണ്ടെന്നും."


മൂടൽമഞ്ഞ് പടർന്നു കിടക്കുന്ന അന്തരീക്ഷവും, തണുപ്പും അവർക്ക് അസഹനീയമായി തോന്നിത്തുടങ്ങി. രണ്ടു വയർ നിറയ്ക്കാൻ തന്നെ അവൻ ഒരുപാട് കഷ്ടപ്പെട്ടു. വിശ്വസിച്ച് കൂടെ വന്നവളുടെ കാര്യം ഓർത്ത് അവൻ ഒരുപാട് വിഷമിക്കുന്നുണ്ടായിരുന്നു.


" യാതൊരു അല്ലലും അറിയാതെ ജീവിച്ചുവന്നവർ ആയിരുന്നു രണ്ടുപേരും.."


കൂടുതൽ കൂലി കിട്ടുന്ന കഷ്ടപ്പാടുള്ള ജോലി തേടി അവൻ പോയി.. ഭാരമുള്ള തടി ചുമന്ന് തളരുമ്പോഴും അവളുടെ മുഖം ആയിരുന്നു മനസ്സിൽ.. 


ഒരു ദിവസം ജോലിയ്ക്ക് പോയ അവനെ കാത്തിരുന്ന അവളുടെ മുന്നിലേയ്ക്ക് വന്നത്.. തടി വീണ് നട്ടെല്ലു പൊട്ടിയ അവൻ്റെ ശരീരം ആയിരുന്നു. 


"പിന്നീടങ്ങോട്ട് കൂട്ടുകാരുടെ സഹായത്താലാണ് അവർ ജീവിച്ചത്."


 അവർക്ക് സഹായിക്കാനൊക്കെ ഒരു പരിധിയുണ്ടയിരുന്നു. 


ഇനി ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നവൾക്ക് തോന്നി..ജോലി അന്വേഷിച്ച് അവൾ ഇറങ്ങി. 


"ശരീരം തന്നാൽ ജോലി തരാം എന്നുള്ള നിബന്ധന അവൾ സ്വീകരിച്ചില്ല.." 


എന്ത് ചെയ്യണം എന്നവൾക്ക് അറിയില്ലായിരുന്നു. ?


പെൺ ശരീരത്തിനുള്ളിൽ നിന്ന് സുരക്ഷിതയായി ജോലി ചെയ്യാൻ സമൂഹം അനുവദിക്കില്ല എന്നവൾക്ക് മനസ്സിലായി.. വെളിച്ചം പോലും അവൾക്ക് പേടിയായി തുടങ്ങി. 


ഇരുട്ട് ഒരിക്കലും തീരാതെ ഇരുന്നിരുന്നുവെങ്കിൽ എന്നവൾ ആശിച്ചു.. 


"മരിക്കാൻ അവൾക്ക് പേടിയായിരുന്നു."


"ഇരുട്ടിനെ അവൾ കൂടുതൽ സ്നേഹിച്ചുകൊണ്ടിരുന്നു."


ഇരുട്ടിൻ്റെ മറവിൽ മുല്ലപ്പൂ ചൂടി പള പള മിന്നുന്ന സാരിയുടുത്തവർ പോകുന്നത് എന്നും അവൾ കാണാറുണ്ടായിരുന്നു. 


ആദ്യമൊക്കെ, അവരെ നോക്കി അവൾ  പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട് ..


"വൃത്തികെട്ട സ്ത്രീ..."


"സുഖിക്കാൻ പോണു എന്നൊക്കെ.."


പക്ഷെ.. അന്നവർ പോകുന്നത് കണ്ടപ്പോൾ അവൾക്കൊരു ചെറിയ പ്രതീക്ഷ തോന്നി.. 


"ഞങ്ങൾക്കും പട്ടിണി ഇല്ലാതെ ജീവിയ്ക്കണം.. 

അവനെ ചികിത്സിപ്പിക്കണം.. 

എഴുന്നേറ്റു നടത്തിപ്പിക്കണം.. 

കൊതി തീരെ പ്രണയിക്കണം.."

 

"പിറ്റെ ദിവസം വെളിച്ചം മങ്ങാൻ അവൾ നോക്കിയിരുന്നു. അവൾക്കുള്ളതിൽ വച്ച് ഏററവും നല്ല സാരി ഉടുത്തു, പൊട്ട് തൊട്ട്, ചുണ്ടു ചുവപ്പിച്ച്, മണവാട്ടിയെപ്പോലെ അവൾ ഒരുങ്ങി."


" അവനോടു യാത്ര പറഞ്ഞ് അവൾ ഇറങ്ങി.. ഇരുട്ടിൻ്റെ മറവിൽ പോകുന്ന ചേച്ചിയെ കാത്ത് നിന്നു.."

 

അവർ മുല്ലപ്പൂ ചൂടി, പൊട്ടുതൊട്ട്, ഒരുങ്ങി ദൂരെ നിന്നും വരുന്നതവൾ കണ്ടു.. അവർ അടുത്തെത്തിയതും അവൾ വിളിച്ചു.. 


ചേച്ചീ.. 


എന്താ മോളേ.?


"ഞാനും വരുന്നു ചേച്ചിയുടെ കൂടേ."


കുറച്ച് നേരം അവർ അവളെ തന്നെ നോക്കിനിന്നു..


ഒറ്റയ്ക്കായ നാൾ മുതൽ പട്ടിണിയിൽ നിന്നും കുടുംബത്തെ രക്ഷിക്കാൻ ശരീരം വിൽക്കാൻ ഇറങ്ങിയ അവർക്ക് അവളെ നന്നായി മനസ്സിലാകുമായിരുന്നു. അവർ അവളെയും കൂട്ടി നടന്നു.. 


"വഴിവക്കിലെ പൂക്കടയിൽ നിന്നും രണ്ടു മുഴം മുല്ലപ്പൂവ് വാങ്ങി പൈസ കൊടുക്കുമ്പോൾ, കടക്കാരൻ്റെ വൃത്തികെട്ട ചിരി ഒരു നോട്ടം കൊണ്ട് തന്നെ അവർ നിർത്തിച്ചു.."


അവർക്ക്, ഒന്നിനെയും പേടിയില്ലായിരുന്നു.. 


അവർ എന്തിനു പേടിയ്ക്കണം.? 


"അവർ കൊണ്ടു നടക്കുന്ന പെൺശരീരം ആണ് മറ്റുള്ളവർ ആഗ്രഹിക്കുന്നത്.. അത് വിൽക്കാൻ വച്ചവർക്ക് ആരെ പേടിയ്ക്കണം." 


മുല്ലപ്പൂ വാങ്ങി അവളുടെ മുടിയിൽ വയ്ച്ചു കൊടുക്കുമ്പോൾ അവർ പറഞ്ഞു..


 'ഇതിൻ്റെ പൈസ ചേച്ചി കൊടുത്തോളാം..' 


"നാളെ മുല്ലപ്പൂവിന് കൊടുക്കാനുള്ള പൈസ മോൾക്ക്, കൈ നിറച്ച് കിട്ടും കേട്ടോ."


അവർ മുന്നോട്ട് നടന്നു.. തനിക്ക് പുതിയ ഒരു കസ്റ്റമറെ കിട്ടിയ സന്തോഷത്തിൽ കടക്കാരൻ അവരെ നോക്കി നിന്നു... 


"അവർ ഇരുട്ടിൻ്റെ മറവിലേയ്ക്ക് നീങ്ങി നിൽക്കണ്ട താമസം, ശരീരം വിലയ്ക്ക് വാങ്ങുന്നവർ  അടുത്തെത്തിയിരുന്നു." 


പുതിയ ഒരു ശരീരം കണ്ടപ്പോൾ അവർ അവൾക്ക് നല്ല വില പറഞ്ഞു കൂട്ടി കൊണ്ടുപോയി.. 


ഇരുട്ട് മുഖം മൂടി എടുത്ത് മാറ്റുന്നതിന്  മുൻപ് തന്നെ അവൾ തിരിച്ചു വന്നു.. 


"വാടിയ മുല്ലപ്പൂവ് എടുത്ത് മാറ്റി, തല വഴി വെളളം കോരിയൊഴിച്ച് അവളുടെ ശരീരത്ത് പറ്റിയ അഴുക്ക് കഴുകിക്കളഞ്ഞ് അവൻ്റെ അടുത്ത് ചെന്നിരുന്നു." 


"അവൻ അവളെ ചേർത്ത് പിടിച്ചു."


 അവളുടെ മനസ്സിൽ അഴുക്കു  പറ്റാത്തിടത്തോളം അവന് അവളോട് ഒരു വെറുപ്പും തോന്നിയില്ല. 


കാരണം, "അവൻ അവളുടെ ശരീരത്തെ ആയിരുന്നില്ല സ്നേഹിച്ചത് മനസ്സിനെയായിരുന്നു.' 


ഉറങ്ങാതെ തളർന്ന് കിടക്കുന്ന അവനോടു ചേർന്ന് കിടന്നുകൊണ്ട് അവൾ പറഞ്ഞു..


"ഇനി രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളു.."


"രണ്ടു ദിവസത്തേയ്ക്ക് ആഹാരവും മരുന്നും മേടിയ്ക്കാനുള്ള പൈസ കിട്ടി."


"ഇനി കിട്ടുന്ന പൈസയിൽ നിന്ന് കുറേശ്ശെ മാറ്റി വയ്ക്കണം.. "

എന്നിട്ട് വേണം ഹോസ്പിറ്റലിൽ പോകാൻ.?


അത് പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...


അവളുടെ പ്രണയനായകനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ ആയിരുന്നു അവൾക്ക്..


"അവർക്ക് വേണ്ടി ഇരുട്ട് മുഖം മൂടി വച്ച്, ഇരുട്ടിനു പറ്റുന്ന സഹായവും അവർക്ക് ചെയ്ത് കൊടുത്തുകൊണ്ടിരുന്നു..."

To Top