വീട്ടിൽ എത്തിയതും ഞങ്ങളെ കാത്തെന്ന പോലെ അവൻ ഉമ്മറ കോലായിൽ...

Valappottukal

 


രചന: നൗഫു ചാലിയം


“ത ല്ലല്ലേ ഇക്കാക്ക…


ഞാൻ ഇനി എടുക്കൂല….


സത്യായിട്ടും ഞാൻ ഇനി എടുക്കൂല…”


കൂട്ടുകാരന്റെ വീട്ടിലേക് കയറുന്നതിനിടയിൽ സുഹൃത് അവന്റെ അനിയനെ അടിക്കുന്നത് കണ്ടിട്ടാണ് ഞാൻ ആ വീട്ടിലേക് കയറിയത്…


നിലത്തു ചിന്നി ചിതറിയത് പോലെ കിടക്കുന്ന നാലോ അഞ്ചോ കുട്ടികൾ കളിക്കുന്ന ഫാൻസി കാറുകൾ കിടക്കുന്നുണ്ടായിരുന്നു…


അവൻ വീണ്ടും കയ്യിൽ ഉണ്ടായിരുന്ന പേരക്കയുടെ ചെറിയ വടി കൊണ്ട് അടിക്കുന്നത് കണ്ട ഉടനെ തന്നെ ഞാൻ അവനെ പിടിച്ചു മാറ്റി …


“എന്താടാ ശംസു…എന്തിനാ നീ അവനെ അടിക്കുന്നെ…”


ഞാൻ ചോദിച്ചത് കേട്ടു എന്നെ കണ്ടതും അവന്റെ ദേഷ്യം തേല്ലോന്ന് അടങ്ങി എന്നെ നോക്കി..


“ഞാൻ സുഹൈൽ…


 ഇതെന്റെ കൂട്ടുകാരന്റെയും അവന്റെ അനിയന്റെയും കഥയാണ്…


അനിയൻ ബിലാൽ…”


“ഞങ്ങളുടെ ചെറിയാപ്പു “


“അവർക്ക് ഉമ്മയും ഉപ്പയും ഇല്ലായിരുന്നു..


 ഒരു ആക്‌സിഡന്റിൽ രണ്ടാളും ഒരേ ദിവസം തന്നെ ആയിരുന്നു മണ്ണിലേക്ക് പോയത്..


ഉമ്മയും ഉപ്പയും പോയതിന് ശേഷം ശംസു വാണ് അനിയനെ നോക്കുന്നത്…


പണിക് പോകുമ്പോൾ വീട്ടിൽ തന്നെ നിർത്തി…അടുത്തുള്ള അയൽവാസി ചേച്ചിയെ ഏൽപ്പിച്ചാണ് പോകാറുള്ളത്…


അനിയന് കുറച്ചു ബുദ്ധിവളർച്ച കുറവ് ഉണ്ടായിരുന്നു… 


ഇടക് അവൻ പറയുന്നത് എന്താണെന്ന് നമുക്ക് മനസിലാകില്ല…


സംസാരിക്കുമ്പോൾ ഒരു കൊഞ്ഞ പോലെ വരും..


പേടി വരുമ്പോൾ ആയിരുന്നു അങ്ങനെ ഉണ്ടാവാറുള്ളത്…


അവൻ അടിച്ചെങ്കിലും അതനിയന് വേദന ഉണ്ടാകുവാൻ മാത്രം ഉള്ളതായിരുന്നില്ല… തീരെ ബലം കുറഞ്ഞ ഒരു വടി ആയിരുന്നു…


അതും പതിയെ അവനെ പേടിപ്പിക്കാൻ എന്ന വണ്ണം ആയിരുന്നു അവനെ അടിക്കുന്നത് പോലെ കാണിച്ചതും..”


“അവന് പേടിക്കാൻ അത് തന്നെ ധാരാളം ആയിരുന്നു…”


“എന്താടാ പ്രശ്നം…”


ഞാൻ അവനോട് ചോദിച്ചു…


“കണ്ടോടാ…


ഇന്ന് രാവിലെ ഇവനെയും കൊണ്ട് ഉപ്പാന്റെ അനിയന്റെ (എളാപ്പ) വീട്ടിൽ പോയതായിരുന്നു…


കുറച്ചു പൈസ കിട്ടാൻ ഉണ്ടായിരുന്നു ഉപ്പയുടെ… 


അവിടുന്ന്  വന്നു  ഇവിടെ കയറിയിട്ടേ ഉള്ളൂ ഞങ്ങൾ..


വാതിൽ തുറക്കുന്ന സമയത്താണ് അവന്റെ കീശയിൽ നിന്നും  ഒരു കാർ നിലത്തേക് ചാടിയത്..


ഞാൻ തപ്പി നോക്കിയപ്പോൾ ബാക്കി നാലെണ്ണം കൂടി കിട്ടി രണ്ടു കീശയിൽ നിന്നും ..


കട്ടത് ആണെടാ അവിടുന്ന്…”


അവൻ അതും പറഞ്ഞു എന്നെ നോക്കി..


ഞാൻ ചെറിയാപ്പൂനെ നോക്കിയപ്പോൾ അവൻ പേടിച്ചു നിൽക്കുകയാണ്…


“ഉപ്പയും ഉമ്മയും പോയ ശേഷം ആകെ ഒരു സഹായം അവരാണ്… ഇതെങ്ങാനും അവർ അറിഞ്ഞാൽ…


ഇനി ആ വീട്ടിലേക് ഇവനെയും കൊണ്ട് കയറി ചെല്ലാൻ പറ്റുമോ…”


“ഒരു വീട്ടിൽ നിന്നും അവരുടെ സമ്മതം ഇല്ലാതെ ഒരു സാധനം എടുക്കാൻ പറ്റില്ലല്ലോ…


അതാ ഞാൻ…”


അനിയനെ തല്ലിയതിനുള്ള കാരണം പറഞ്ഞു അവൻ എന്നെ നോക്കി…


“അതിന് പറഞ്ഞാൽ പോരെ…


എന്തിനാ അടിക്കുന്നെ…


അടിച്ചില്ലെടാ…


പേടിപ്പിച്ചേ ഉള്ളൂ..


ഞാൻ എങ്ങനെയാ അവനെ അടിക്ക…”


“അവൻ മുഖത് വിഷാദം നിറച്ചു എന്നെ നോക്കി കൊണ്ട് ചോദിച്ചു…”


ശരിയാണ് എങ്ങനെയാ അവനെ അടിക്കാൻ തോന്നുക…


“ചെറിയാപ്പു…


ഒരു മൂലയിൽ എന്ന വണ്ണം പേടിച്ചു ഇരിപ്പുണ്ടായിരുന്നു…”


ഞാൻ അവന്റെ അടുത്തേക് പതിയെ നടന്നടുത്തു…


ഞാനും അടിക്കാൻ വരുവാണെന്ന് കരുതി ആയിരിക്കാം അവൻ മതിലിനോട് ചേർന്ന് നിന്നു..


“ഇക്ക അടികൂല…


വാ…


ഞാൻ അവനോട് എന്റെ അരികിലേക് വരാൻ പറഞ്ഞെങ്കിലും അവൻ പേടിച്ചു വിറച്ചു നിൽക്കുകയാണ്…”


പതിനഞ്ചു വയസാണ് അവന്റെ പ്രായം..


ബുദ്ധി വളർച്ച ഇല്ലാത്തത് കൊണ്ട് തന്നെ കുഞ്ഞു കുട്ടികളുടെ സ്വഭാവമാണ് ഇപ്പോഴും..


“ഇക്ക അച്ചും… ഇക്ക അച്ചും…”


അവൻ എന്നെ നോക്കി അവന്റെ ഭാഷയിൽ പറഞ്ഞു കൊണ്ടിരുന്നു..


“ വാ..


ഞാൻ ഇല്ലേ..


ഇക്ക അടികൂല…


സത്യം…”


ഞാൻ അവനെ വീണ്ടും അരികിലേക് വിളിച്ചപ്പോൾ അവൻ പേടിയോടെ അവന്റെ ഇക്കയെ നോക്കി എന്റെ അടുത്തേക് വന്നു…


“എന്തിനാ ഇതെടുത്തെ…”


ഞാൻ അവനോട് നിലത്തു കിടക്കുന്ന കാറുകൾ കാണിച്ചു കൊണ്ടു ചോദിച്ചു..


“ഞാൻ എത്തല്ല (എടുത്തത് അല്ല ) കുഞ്ഞു തന്ന…(തന്നതാ…)”


കുഞ്ഞു അവന്റെ എളാപ്പയുടെ ഇളയ മകൻ ആയിരുന്നു..


“കണ്ടോ നുണ പറയുന്നേ…അവൻ..


എടുത്തതല്ല പോലും…”


പെട്ടന്ന് ശംസു ദേഷ്യത്തോടെ എഴുന്നേറ്റ് കൊണ്ടു പറഞ്ഞു..


ബിലാൽ പേടിയോടെ എന്റെ അരികിലേക് ചേർന്ന് നിന്നു…


“മോൻ റൂമിലേക്കു പൊയ്ക്കോ…പേടിക്കണ്ട ട്ടോ..


ഇക്ക തല്ലില്ല…”


അവനെ ഞാൻ വീടിനുള്ളിലേക് കയറ്റി..


“എന്താടാ ഇങ്ങനെ.. വല്ലാത്ത ദേഷ്യം ആണല്ലോ നിനക്ക്…”


ബിലാൽ ഉള്ളിലേക്കു പോയതും ഞാൻ ശംസുവിനോട് ചോദിച്ചു..


“വയ്യടാ…


ഓരോന്ന് ഓർത്തിട്ട് ഭ്രാന്ത് പിടിക്കുന്നു…


എനിക്കൊരു ജോലിക് പോലും പോകാൻ കഴിയുന്നില്ല..


ഉമ്മയും ഉപ്പയും ഉണ്ടാവുമ്പോൾ കുഴപ്പം ഇല്ലായിരുന്നു…


പക്ഷെ ഇപ്പൊ..


അവൻ ഉപദ്രവിക്കും എന്ന് പറഞ്ഞു ആരും സഹായിക്കാൻ പോലും വരുന്നില്ല വീട്ടിൽ..


ഇപ്പൊ കണ്ടോ കാക്കാനും തുടങ്ങി..”


അവൻ നിരാശയോടെ എന്നെ നോക്കി കൊണ്ടു പറഞ്ഞു…


“പോടാ…


അവൻ കട്ടതൊന്നും ആയിരിക്കില്ല… കുഞ്ഞു കൊടുത്തതായിരിക്കും അവർ ഫ്രെണ്ട്സ് അല്ലെ…”


“നാലു വയസുള്ള എളാപ്പാന്റെ മോനോ..”


അവൻ എന്നോട് ചോദിച്ചു..


“വാ സംശയം തീർക്കാം..


 അവൻ എടുത്തത് ആണേൽ അവിടെ തിരിച്ചു കൊടുക്കാം…”


അങ്ങനെ ഞങ്ങൾ ആ കാറുകൾ കയ്യിൽ പിടിച്ചു എളാപ്പയുടെ വീട്ടിൽ പോയി..


“എന്താടാ ശംസു…”


എളാപ്പ കണ്ടതും ചോദിച്ചു..


“എളാപ്പ ബിലാൽ ഒരു ബുദ്ധിമോശം കാണിച്ചു..


ഈ കാർ അറിയാതെ ഇവിടെ നിന്നും എടുത്തു…


വീട്ടിൽ എത്തിയിട്ട ഞാൻ കാണുന്നെ..”


ആ.. അത് കുഞ്ഞ് അവന് കൊടുത്തത് ആണല്ലോ…


ഞാൻ ആ കാറുകൾ ഇവിടെ കാണാഞ്ഞപ്പോൾ അവനോട് ചോദിച്ചു..


അവനാ പറഞ്ഞെ ബിലാലിന് കളിക്കാൻ കൊടുത്തെന്ന്..


ഇതിനായിരുന്നേൽ ഇത്ര ദൂരം വരേണ്ടി ഇരുന്നോ.. ഫോൺ വിളിച്ചാൽ പോരായിരുന്നോ എന്നും ചോദിച്ചു എളാപ്പ ഞങ്ങളെ അവിടെ നിന്നും പറഞ്ഞു വിട്ടു..


അപ്പോഴാണ് ശംസു വിന് സമാധാനം വന്നത്…


ഞാൻ വെറുതെ ചെക്കനെ സംശയിച്ചു…


അവൻ വീട്ടിലേക് തിരികെ പോരുന്ന സമയം സങ്കടത്തോടെ എന്നോട് പറഞ്ഞു..


“സാരമില്ലടാ…


നിന്റെ അനിയൻ അല്ലെ…അവന് നിന്നെ മനസിലാകും…”


പോകുന്ന വഴി ഒരു ടോയ് കട കണ്ടതും അവിടെ ഇറങ്ങി…


എന്താടാ…


ഒരു സൈക്കിൾ വേണമെന്ന് പറയാൻ തുടങ്ങിയിട്ട് കുറെയായി അവൻ…


വാ…


അവൻ എന്നെയും കൊണ്ട് കടയിലേക്ക് കയറി…


അവന് ഓടിക്കാൻ പറ്റിയ ഒരു സൈക്കിൾ വാങ്ങി…


വീട്ടിൽ എത്തിയതും ഞങ്ങളെ കാത്തെന്ന പോലെ അവൻ ഉമ്മറ കോലായിൽ തന്നെ ഇരിപ്പുണ്ടായിരുന്നു…


“ശംസു വിനെ കണ്ടതും അവൻ ഓടി വന്നു…


ഞങ്ങളുടെ തൊട്ട് പുറകിൽ വന്ന ഓട്ടോയിൽ സൈക്കിൾ കണ്ടതും അവൻ സന്തോഷത്തോടെ തുള്ളി ചാടി കളിക്കാൻ തുടങ്ങി…”


എല്ലാ സങ്കടവും അവന്റെ സന്തോഷത്തിൽ ഒഴുകി പോയി ഞങ്ങളും അവന്റെ കൂടെ കൂടി…

To Top