എന്നെ കണ്ടു മറന്നത് പോലെ അല്ലെങ്കിൽ അയാൾ ഒരുപാട് കാലമായി തിരയുന്ന ഒരാളെ പോലെ...

Valappottukal

 


രചന: നൗഫു ചാലിയം


“അതേ …


തന്റെ ഉപ്പാന്റെ നമ്പർ ഒന്ന് തരുമോ…??? “


“എന്തിനാ…”


“ഒരു കല്യാണം ആലോചിക്കാൻ ആയിരുന്നു…”


അയാൾ പറഞ്ഞതും ഞാൻ പെട്ടന്ന് അവിടെ നിന്നും എഴുന്നേറ്റു ഉമ്മാന്റെ അടുത്തേക് ഓടി വന്നു…


ഞാൻ നസീമ…മലപ്പുറം ജില്ലയിൽ ആണേ…


“ഇന്നലെ എന്റെ മോനെ മെഡിക്കൽ കോളേജിൽ കാണിക്കേണ്ട ദിവസം ആയിരുന്നു…


അത് കൊണ്ട് തന്നെ എന്റെ ഉമ്മയെയും കൂട്ടി രാവിലെ തന്നെ കോളേജിൽ എത്തിയിരുന്നേലും… ടോക്കൺ കിട്ടിയത് 229…”


“കുറെ നേരം ഇരുന്ന് ചടച്ചപ്പോൾ കുറച്ചു മാറി ഇരിക്കുന്ന ഒരിക്കയുടെ അടുത്തേക് പോയി ടോക്കൺ എത്ര ആയി എന്ന് ചോദിച്ചതായിരുന്നു ഞാൻ…”


“അയാൾ എന്നെ കണ്ടതും പെട്ടന്ന് കണ്ണിലേക്കു തന്നെ ഉറ്റു നോക്കി നിന്നും കുറച്ചു നിമിഷങ്ങൾ…


എവിടെ യോ എന്നെ കണ്ടു മറന്നത് പോലെ…അല്ലെങ്കിൽ അയാൾ ഒരുപാട് കാലമായി തിരയുന്ന ഒരാളെ പോലെ..”


“ഹലോ.. ഇക്കാ…ടോക്കൺ എത്ര യായി.. “


ഞാൻ വീണ്ടും അയാളോട് ചോദിച്ചു..


“190”


അയാൾ പറഞ്ഞതും ഞാൻ കുറച്ചു മാറിയുള്ള സീറ്റിലേക് വന്നിരുന്നു..


അയാളെ നോക്കിയപ്പോൾ അയാൾ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്..


“പെട്ടന്ന് അയാൾ എന്റെ അരികിലേക് നടന്നു വന്നു…എന്റെ അരികിൽ ഉണ്ടായിരുന്ന സീറ്റിലേക് ഇരുന്നു…


മോള് സ്കൂളിൽ നിന്ന് വരുവാണോ എന്നൊരു ചോദ്യം…”


“സ്കൂളിൽ പോകാൻ ഞാൻ എന്താ ടീച്ചർ ആണോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും…”


അയാൾ തൊട്ടുടനെ  ഉപ്പാന്റെ നമ്പർ ചോദിച്ചു…


“കല്യാണം ആലോചിക്കാൻ കൂടെ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആകെ മൊത്തത്തിൽ ഒരു വിറ വന്നു..


ചിരിക്കണോ കരയണോ എന്ന് പറയാൻ പറ്റാത്ത അവസ്ഥ.. അതായിരുന്നു അയാളിൽ നിന്നും കഴിച്ചിലാകുവാൻ ഉമ്മാന്റെ അടുത്തേക് വന്നത്..”


“എന്താടി “


ഉമ്മ എന്നെ കണ്ട ഉടനെ തന്നെ ചോദിച്ചു..


“ഉമ്മാ.. അയാൾക് ഉപ്പാന്റെ നമ്പർ വേണമെന്ന്…”


ഞാൻ ഉമ്മയോട് പറഞ്ഞു..


“ എന്തിന്.. “


“മുപ്പർക് എന്നെ കല്യാണം ആലോചിക്കാൻ ആണെന്ന്..”


ഉമ്മ ഞാൻ പറഞ്ഞത് കേട്ടതും അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി..


“എന്താ ഉമ്മാ…


ഇങ്ങള് ഇങ്ങനെ നോക്കുന്നെ…”


ഞാൻ ഉമ്മയോട് ചോദിച്ചു..


“ ഹേയ് ഞാൻ അയാൾ വല്ല കണ്ണ് പൊട്ടനും ആണോ എന്ന് നോക്കിയതാ..


മൂന്നെണ്ണം പ്രസവിച്ച നിന്നെ കണ്ടിട്ട് മനസിലാകാത്ത അയാൾ ഉറപ്പായും കണ്ണ് പൊട്ടൻ ആയിരിക്കും…”


ഉമ്മ പറഞ്ഞത് കേട്ടപ്പോൾ എന്റെ മൊത്തത്തിൽ ഉള്ള കോൺഫിഡൻസ് മുഴുവൻ പോയി കിട്ടി..


അല്ലെങ്കിലും ഉമ്മമാർ ഇങ്ങനെയാ.. നമ്മളെ ആക്കാൻ കിട്ടുന്ന ഒരവസരവും കളയിലെന്നെ…

To Top