അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ കൈ നീട്ടിയപ്പോൾ സ്വയം അറിയാതെ...

Valappottukal


Recommendation


രചന: Ammu Santhosh


"ഹായ് "

അതിസുന്ദരനായ ഒരു ചെറുപ്പക്കാരൻ കൈ നീട്ടിയപ്പോൾ സ്വയം അറിയാതെ നിമിഷ കൈ നീട്ടി ആ കയ്യിൽ കൈ ചേർത്തു.


"ഹലോ "അവൾ പറഞ്ഞു


"പാട്രിക് ജെയിൻ "അയാൾ പറഞ്ഞു 


അവൾ കണ്ണ് മിഴിച്ചു


"എന്റെ പേര് പറഞ്ഞതാടോ "


"ഓ.. ഞാൻ ആദ്യം കേൾക്കുകയാ ഇങ്ങനെ ഒരു പേര്.. എന്റെ പേര് നിമിഷ "അവൾ ചിരിച്ചു 


"പക്ഷെ ഞാൻ ധാരാളം കേട്ടിട്ടുണ്ട് തന്റെ പേര്.ഈ പേരില് നമുക്ക് ഒരുഗ്രൻ നടി ഇല്ലേ?"


അവൾ ചിരിച്ചു പോയി


ഓഫീസിൽ ആദ്യത്തെ ദിവസം ആണവൾ. ചെറിയൊരു പതർച്ച ഉണ്ട്.

അവൻ തന്നെ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തു. വൈകുന്നേരം ആയപ്പോൾ പതിയെ എല്ലാർക്കൊപ്പം ഒരു താളം വന്നു.


എല്ലാവരും അയാളെ പാട്രിക് എന്ന് വിളിച്ചു

അവൾക്ക് എന്തൊ ജയിൻ എന്ന് വിളിക്കാനാണ് തോന്നിയത്. പാട്രിക് എന്ന് വിളിക്കുമ്പോൾ ഏതോ ഗൗരവക്കാരനെ വിളിക്കും പോലെ. നീല കണ്ണുകളും സ്വർണമുടിയുമൊക്ക ഉള്ള ഒരു സുന്ദരൻ യുവാവിന് ചേരുക ജയിൻ എന്ന പേരാണെന്ന് അവൾക്ക് തോന്നി. ഇയാൾ മലയാളി അല്ലെ? ഇടക്ക് അവൾ ചിന്തിക്കും. അയാൾ എല്ലാവരോടും നല്ല അടുപ്പത്തിലാണ്. എല്ലാ പാർട്ടികളിലും പങ്കെടുക്കും. ജീവിതം ആഘോഷം ആക്കുന്ന ഒരാൾ. എത്ര വയസ്സുണ്ടാവും ഇയാൾക്ക്?30അതോ 31? മാരീഡ് ആവുമോ..?


പെട്ടെന്ന് അവൾ അവളുടെ തലയിൽ തന്നെ ഒന്ന് കൊട്ടി. കൊള്ളാല്ലോ നീയ്?  എന്തൊക്കെയാ ചിന്തിക്കുന്നത്?


പക്ഷെ ഒരു ദിവസം പാട്രിക് അവളെ ഒരു കോഫി ചാറ്റിനു ക്ഷണിച്ചപ്പോൾ അവളീ സംശയങ്ങൾ എല്ലാം ചോദിക്കുക തന്നെ ചെയ്തു


"ഞാൻ പാതി മലയാളി ആണ്. അച്ഛൻ ജർമ്മൻ അമ്മ മലയാളി. അവർ ജർമ്മനിയിൽ. ഞാൻ മാരീഡ് ആണ്. വൈഫ് പാർവതി. ഞാൻ പാറു എന്ന് വിളിക്കും."


അവൻ ഫോട്ടോ കാട്ടി കൊടുത്തു..

ആർദ്രത നിറഞ്ഞ കണ്ണുകളുള്ള നീളൻ മുടിയുള്ള ഒരു നാട്ടിൻപുറത്ത്കാരി പെൺകുട്ടി. പൊട്ടോ ചമയങ്ങളോ ഒന്നുമില്ല. നെറ്റിയിൽ ഒരു ചന്ദനവര മാത്രം.. പാട്രിക്കിന്റെ കൈക്കുള്ളിൽ അവളൊരു മാടപ്രാവിനെ പോലെ ഒതുങ്ങി നിന്നു.


അവൾ തെല്ല് അതിശയത്തോടെ ആ ഫോട്ടോ കൾ കണ്ടിരുന്നു


"She is not like me.. Very cool, quite and very romantic "


അവൾ മെല്ലെ ചിരിച്ചു


"നല്ല ഭംഗിയുണ്ട് ജയിനിന്റെ വൈഫിനെ കാണാൻ.. Pretty"


"എന്താ വിളിച്ചത്?"


"ജയിൻ ന്ന് "


"അത് വേണ്ട .. എന്നെ പാട്രിക് എന്ന് വിളിച്ചോളൂ എല്ലാരും വിളിക്കും പോലെ "


"അതെന്താ ആ വിളി പാറുവിന്റ സ്വന്തം ആണോ?"അവൾ പെട്ടെന്ന് ചോദിച്ചു 


"yes..."അയാൾ ചിരിച്ചു


"വേറാരും വിളിക്കാൻ പാടില്ല?"

അവൾ കുസൃതി യോടെ ചോദിച്ചു


അവൻ ചിരിച്ചു കൊണ്ട് നോ എന്ന് തലയാട്ടി


"എവിടെയാണ് കക്ഷി?ഇത് വരെ ഓഫീസിൽ വന്നിട്ടില്ലല്ലോ?"


"കക്ഷി മുത്തശ്ശിക്കൊപ്പം തറവാട്ടിലാണ്.  ഇവിടെ സിറ്റിയുടെ ബഹളങ്ങൾ ഒന്നും ഇഷ്ടം അല്ല. അത് കൊണ്ട് വരില്ല."


"പിന്നെ എങ്ങനെയായിരുന്നു പരിചയം? അല്ല മാര്യേജ് പ്രൊപോസൽ ഒക്കെ എങ്ങനെ ആയിരുന്നു ..?"


"I propose her.. ആദ്യം കണ്ടപ്പോൾ തന്നെ .നമ്മുടെ ഓഫീസിലെ ദീപ്തിയുടെ കല്യാണത്തിന് വന്നതാണ്.അവളുടെ ഫ്രണ്ട് ആണ് ..ഒറ്റ കാഴ്ചയിൽ.. ഒറ്റ നോട്ടത്തിൽ അടിമയാകുക എന്നൊക്കെ പറയില്ലേ? Thats

 it "


"എന്നിട്ട് ഉടനെ ഓക്കേ പറഞ്ഞോ? പറ പറ?", അവളെ ആവേശത്തോടെ ചോദിച്ചു 


"ആഹാ എന്താ ഉത്സാഹം? ശരി ഞാൻ ആ ചോദ്യം നിമിഷക്ക് വിടുന്നു.നിമിഷ ആണെങ്കിൽ അപ്പൊ എന്താ പറയുക?"


ഒറ്റ നിമിഷം കൊണ്ട് അവളുടെ മുഖം ചുവന്നു


"എപ്പോ ഓക്കേ പറഞ്ഞു എന്ന് ചോദിച്ചാൽ പോരെ?"

പാട്രിക് പൊട്ടിച്ചിരിച്ചു


ഈശ്വര എന്തൊരു ഭംഗിയുള്ള ചിരി.. Killing smile.. അവൾ മനസ്സിലോർത്തു


"പാറു എന്നോട് പോയി പണി നോക്കാൻ പറഞ്ഞു.."

അയാൾ ചിരിയോടെ തന്നെ പറഞ്ഞു


"Why?"


",ഒരു ശുദ്ധ നാട്ടിൻപുറത്തുകാരി ബ്രാഹ്മണകുട്ടിയാണവൾ.. ഞാൻ പാതി ജർമനി പാതി മലയാളി പോരെങ്കിൽ ക്രിസ്ത്യൻ.. ഒരു നോ പറയാൻ ഇതൊക്കെ പോരെ?"


നിമിഷ തലയാട്ടി


"പിന്നേ എങ്ങനെ.?"


"പുറകെ നടന്നു. നാണമില്ലാതെ കാലു പിടിച്ചു. ആവശ്യം എന്റെ ആണല്ലോ.. വീട്ടുകാരുടെയും നാട്ടുകാരുടെയും കാല് കൂടെ പിടിക്കേണ്ടി വന്നെന്ന് മാത്രം.. ഒടുവിൽ യുദ്ധം ജയിച്ചു.. അവൾ എന്റെതായി.. She is mine.."


അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു നിമിഷ അമ്പരപ്പോടെ നോക്കി. ആ പ്രണയത്തിരമാലകളിലേക്ക്..


അവൻ മുഖം ഒന്ന് അമർത്തി തുടച്ചു


"പ്രണയം എന്നത് ഒരു രക്ഷ ഇല്ലാത്ത സംഭവം ആണെടോ..അനുഭവിച്ചു തന്നെ അറിയണം. എന്ന പിന്നെ നമുക്ക് പോയാലോ..? ഞാൻ തന്നെ വീട്ടിൽ വിടാം . നേരം വൈകി "


നിമിഷ തലയാട്ടി. അവന്റെ ബുള്ളറ്റിന്റെ പിന്നിലിരുന്ന് പോകുമ്പോൾ ഇത് പോലെ ഭൂമിയിൽ ഒരാൾ കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നവൾ ആശിച്ചു പോയി.


പതിവില്ലാതെ തന്റെ ടേബിളിന് മുന്നിൽ നിമിഷയെ കണ്ടു ദീപ്തി ചിരിച്ചു


"എന്താ നിമി?"


"വെറുതെ... ഈ പാട്രിക്കിന്റെ വൈഫ് തന്റെ ഫ്രണ്ട് ആണോ?"


"Yes.."


"കാണാൻ നല്ല ഭംഗിയാ അല്ലെ?"


"ഒരു ചെറിയ ഐശ്വര്യറായിയാ.. എന്താ?"


"അതായിരിക്കും കക്ഷി വീണത്..?"


ദീപ്തി ചെറുചിരിയോടെ അവളെ നോക്കി.


"ഇങ്ങേര് കല്യാണം കഴിച്ചതല്ലായിരുന്നെങ്കിൽ ഞാൻ കെട്ടിയേനെ.. സത്യം "


ദീപ്തി പൊട്ടിച്ചിരിച്ചു പോയി


"എന്റെ പൊന്നുമോളെ.. ഇതിവിടെ ജോലി ചെയ്യുന്ന ഭൂരിപക്ഷം പെൺപിള്ളേരുടെയും മനസ്സിലുള്ള കാര്യമാ.. കല്യാണം കഴിഞ്ഞിട്ടും പുള്ളിക്ക് രക്ഷയില്ല.. എത്ര പെൺപിള്ളേരാ  ആളുടെ പുറകെ.പക്ഷെ നോ രക്ഷ.. വെറുതെ സമയം കളയണ്ട "


നിമിഷ ചമ്മിയ ഒരു ചിരിയോടെ അവിടെ നിന്ന് വലിഞ്ഞു


മറ്റൊരാളുട സ്വന്തം ആണെന്നറിഞ്ഞിട്ടും, ചിന്തിക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അവളുടെ കണ്ണുകൾ മിക്കവാറും അയാളിൽ തന്നെ ആവും അവസാനിക്കുക.. അയാളിൽ തന്നെ തുടങ്ങി അയാളിൽ അവസാനിക്കുന്ന പകലുകൾ. പാട്രിക് അത് അറിയുന്നുണ്ടെന്ന് തോന്നി. അയാൾ മനഃപൂർവം അവളിൽ നിന്ന് ഒരു അകലം പാലിച്ചു


"ഒരു കോഫി കുടിക്കാൻ വരുന്നോ? "


അങ്ങനെ ചോദിച്ചു കൊണ്ട് നിമിഷയെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ അയാൾക്ക് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല


"എന്നോട് എന്തെങ്കിലും പിണക്കം ഉണ്ടോ?എന്നോട് ഒരു ഡിസ്റ്റൻസ് ഉണ്ടിപ്പോ അതാണ് ചോദിച്ചത് "


അവൾ കോഫി അയാൾക്ക് നീക്കി പറഞ്ഞു. പാട്രിക് ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു.


"നിമിഷ.. നമ്മുടെ ഓഫീസിലും പുറത്തും പലർക്കും എക്സ്ട്രാമാരീറ്റൽ റിലേഷൻ ധാരാളം ഉണ്ട്..ഓരോരുത്തർക്കും ഓരോ അഭിപ്രായം ഉണ്ടാകും. പക്ഷെ ഞാൻ ഒരു one woman's man ആണ്. അതാണ് എനിക്കിഷ്ടം.. You are a good girl. Good friend.. അങ്ങനെ പോരെ?"


നിമിഷയുടെ കണ്ണ് നിറഞ്ഞു


"ഒരു ഇഷ്ടം തോന്നുക തെറ്റല്ലല്ലോ?"


"അല്ല.. പക്ഷെ അത് വേണ്ട.. എനിക്കത് uncomfortable ആണ്.."


അവൾ മെല്ലെ തലയാട്ടി


"സോറി "


"ഹേയ്.അത് പോട്ടെ സാരമില്ല  "


അവൻ മനോഹരമായ ഒരു ചിരി കൊടുത്തു


നിമിഷ അറിയാതെ തോന്നിപ്പോയ ഒരിഷ്ടത്തെ മനസ്സിൽ തന്നെ കുഴിച്ചു മൂടി


രണ്ടു ദിവസം അവനെ കാണാതെ ആയപ്പോൾ അവൾ വീണ്ടും ദീപ്തിയുടെ മുന്നിലെത്തി


"അവൻ നാട്ടിൽ പോയി.. വൈഫിന്റെ അടുത്ത്.."


നിമിഷ മെല്ലെ തലയാട്ടി തിരിച്ചു പോരാൻ ഒരുങ്ങി


"നി ഇരിക്ക്.. എന്താ ഒരു സങ്കടം പോലെ?കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു?"..


അവൾ എല്ലാം പറഞ്ഞു ഒടുവിൽ കരഞ്ഞു


ദീപ്തി ആ ശിരസിൽ മെല്ലെ തലോടി


"അവരുടെ വിവാഹം കഴിഞ്ഞിട്ട് ആറു വർഷമായി. അവൾ മരിച്ചിട്ട് ഇന്ന് അഞ്ചു വർഷം. ആക്‌സിഡന്റ് ആയിരുന്നു."


നിമിഷ ഞെട്ടി മുഖം ഉയർത്തി


"ഈ ഓഫീസിൽ എല്ലാർക്കും അറിയാം. പക്ഷെ ആരും പറയില്ല. അവന് അത് ഇഷ്ടമല്ല. അവൾ ഇപ്പോഴും ജീവിച്ചിരിക്കുന്ന പോലെയാ സംസാരിക്കുക, പെരുമാറുക, ഞങ്ങളോടും അതാവശ്യപ്പെടും. സിമ്പതി വേണ്ടവന്.കാരണം അവൻറെ പാറു അവനിൽ ഇന്നും ജീവിക്കുന്നുണ്ട്.. മരിച്ചിട്ടില്ല "


നിമിഷ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ മറന്നങ്ങനെ ഇരുന്നു


"അവനോട് പ്രണയം പറഞ്ഞു ജയിക്കാൻ നോക്കരുത് നീ. തോറ്റു പോകും. മറന്നേക്കുക. മനസ്സിൽ തോന്നിയതെന്താണോ അത്."


ദീപ്തി മെല്ലെ പറഞ്ഞു.


തറവാട്


അസ്ഥിത്തറയിൽ വിളക്ക് വെച്ച് അവൻ അതിന് മുന്നിലായ് നിലത്തിരുന്നു


"ജയിൻ...."നേർത്ത ഒരു വിളിയൊച്ച കേട്ട പോലെ 


"ഉം "അവൻ ഒന്ന് മൂളി 


"ആ കുട്ടിയോട് ഇത്രയും ക്രൂരനാവണ്ടായിരുന്നു... നല്ല കുട്ടി അല്ലെ?"


"അത് കൊണ്ട്..?"

അവന്റെ ശബ്ദത്തിൽ ദേഷ്യം കലരുന്നത് കണ്ടു അവൾക്ക് ചിരി വന്നു


"എത്ര നാളിങ്ങനെ?"ഒരു ചെറു കാറ്റ് അവനെ തഴുകി പോയി


"നമ്മൾ ഒന്നാകുന്നത് വരെ "


അവൻ പുഞ്ചിരിച്ചു പിന്നെ തുടർന്നു 


"ഒരു പെണ്ണിന്റെ മാത്രം പുരുഷനാകുന്നതിന്റെ സുഖം.. അതിന്റെ ഭംഗി... അതിന്റെ താളം.. അത് നിനക്കറിയുമോ പാറു?"


അവൻ കണ്ണടച്ച് അവളുടെ മറുപടിക്കായി കാതോർത്തു


"ഒരു ജീവിതം അല്ലെ ഉള്ളു മോളെ ? അത് നിന്റെ ചെക്കനായിട്ട് ജീവിച്ചാൽ മതി.. നീ അത്രക്ക് എന്നെ സ്നേഹിച്ചു ഭ്രാന്തനാക്കിട്ടല്ലേ.? എന്റെ കുറ്റമല്ല കേട്ടോ.. ഞാൻ ഹാപ്പിയാണെടി..സത്യം "


പാർവതിയുടെ ശാന്തമായ മുഖം കണ്മുന്നിൽ...


ജയിൻ എന്നാ വിളിയൊച്ച വീണ്ടും കേട്ട പോലെ 


അവളുടെ വിരലുകൾ തലമുടികൾക്കിടയിലൂടെ തഴുകിയിറങ്ങിയത് പോലെ..


അവളുടെ ചന്ദനമണമുള്ള ചുണ്ടുകൾ കവിളിലമർന്നപോലെ..


അവളുടെ കണ്ണുകൾ കണ്ണിനു മുന്നിൽ തിളങ്ങും പോലെ..


അവളുടെ ശ്വാസം മുഖത്ത് തട്ടുന്ന പോലെ 


അവളുടെ ഇളം ചൂടുള്ള ഉടൽ അവനെ പൊതിഞ്ഞപോലെയും തോന്നിയപ്പോൾ കണ്ണടച്ചു കൊണ്ട് അവൻ അവളിലേക്ക്, അവളുടെ പ്രണയത്തിലേക്ക് അലിഞ്ഞു ചേർന്നു...ഇനിയൊരു പെണ്ണിനും കൊടുക്കാൻ ബാക്കി ഒന്നുമില്ലാതാവുന്നത് അവളെന്നെ പ്രണയക്കടലിൽ മുങ്ങി പോകുന്നത് കൊണ്ടാണെന്ന് അവനറിയാമായിരുന്നു.ഉള്ളിൽ ആ കടലിന്നുമുള്ളത് കൊണ്ടാണ് താൻ ഉയിരോടെ യിരിക്കുന്നതെന്നും അവനറിയാമായിരുന്നു..


പകരം വെയ്ക്കാനാവാത്ത ചിലതെങ്കിലുമുണ്ട്, ചിലരെങ്കിലുമുണ്ട് ഭൂമിയില്...

To Top