രചന: ഗിരീഷ് കാവാലം
അനഘക്ക്, തുളസിയോട് ആദ്യമായി അസൂയ തോന്നിയ നിമിഷം ആയിരുന്നു അത്
തനിക്ക് ആലോചനയുമായി വന്ന പയ്യന് ഇഷ്ടം ആയത് തുളസിയെ എന്നത് അവളുടെ മനസ്സിനെ അലട്ടി
ബ്രോക്കർ, അച്ഛൻ മധുവിനെ ഫോൺ ചെയ്ത് അറിയിച്ചതും ഉടൻ തന്നെ അത് അനഘയുടെ മരിച്ചു പോയ അമ്മയുടെ അനിയത്തി വീടിനടുത്തുള്ള സുധ ആന്റിയുടെ ചെവിയിൽ എത്തി
"പയ്യന്റെ അച്ഛൻ അല്ലേ...."
ബ്രോക്കറിൽ നിന്ന് മൊബൈൽ നമ്പർ തരപ്പെടുത്തി ഉടൻ തന്നെ സുധ ആന്റി ചെറുക്കൻ കൂട്ടരെ വിളിച്ചു
"ഇത് പെണ്ണ് കാണാൻ വന്ന വീട്ടിൽ നിന്നാ"
"തുളസി എന്ന പെൺകുട്ടി മധുവിന്റെ മോൾ അല്ല.. എന്റെ ചേച്ചി അതായത് മധുവിന്റെ ഭാര്യ മരിച്ചതിനു ശേഷം രണ്ടാമത് കല്യാണം കഴിച്ച സ്ത്രീയുടെ ആദ്യ വിവാഹത്തിലെ പെൺകുട്ടിയാ. അവൾക്ക് ഈ കുടുംബത്തിൽ നിന്ന് ഒരു ഓഹരിയും ഇല്ല "
"ഓഹോ... അങ്ങിനെയോ അപ്പോൾ പിന്നെ ഞങ്ങൾ എന്തു പറയാനാ "
അത്രയും പറഞ്ഞുകൊണ്ട് ചെറുക്കന്റെ അച്ഛൻ ഫോൺ കട്ട് ചെയ്തു
"ആഹാ അത് കൊള്ളാമല്ലോ.. ആരുടെയോ കാരുണ്യത്തിൽ കഴിയുന്നവർക്ക് സ്വപ്നം അങ്ങ് പുളിംകൊമ്പിലാ.."
'സ്വന്തമായി മെയിൻ റോഡ് സൈഡിൽ കടകൾ നടത്തുന്ന ആളുടെ ഒരേ ഒരു മകൻ... "
"ഹോ...അനഘമോൾക്ക് ആ ബന്ധം കിട്ടിയില്ലെങ്കിൽ എന്താ.. ആ തുളസിക്ക് എങ്ങാനും കിട്ടിയിരുന്നേൽ...."
സുധക്ക് ആലോചിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു അത്
രക്ത ബന്ധം ഇല്ലെങ്കിലും സ്വന്തം കൂടെപ്പിറപ്പ് മാതിരി ആയിരുന്നു തുളസിയും, അനഘയും. രണ്ട് പേരും ഒരേ പ്രായക്കാർ.. ഒരേപോലെ ബിടെക് ബിരുദം കഴിഞ്ഞവർ..
നാട്ടുകാർക്ക് എല്ലാം തുളസിയും, അനഘയും ഇരട്ടകുട്ടികളെ പോലെ ആയിരുന്നു
ഒന്നാം ക്ലാസ്സിലേക്ക് കൈപിടിച്ച്, ഇരട്ടകുട്ടികളെ പോലെ പോയത് മുതൽ ഓർമയിൽ തങ്ങി നിന്ന കാര്യങ്ങൾ എല്ലാം അയവിറക്കാൻ തുടങ്ങി അനഘ..
"അനഘ മോളെ, ആ കുട്ടി മോളുടെ സഹോദരി ഒന്നും അല്ല..അഥവാ നമ്മൾ അങ്ങനെയാ കണ്ടിരുന്നെങ്കിൽ അവർ അങ്ങനെ അല്ലല്ലോ ഇപ്പൊ കാണുന്നത്.. അങ്ങനെ ആയിരുന്നെങ്കിൽ അവർ എന്തുകൊണ്ട് ബ്രോക്കറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞില്ല..
ഒരു അകലം പാലിച്ചു ഇനി ജീവിച്ചാൽ മതി എന്റെ മോൾ.."
സുധ ആന്റിയുടെ വാക്കുകൾ അംഗീകരിക്കുന്നു എന്ന രീതിയിൽ അനഘ തലയാട്ടി
അന്ന് വൈകുന്നേരം മധുവിനു ബ്രോക്കറുടെ കാൾ വന്നു..
മധുവേട്ടാ... അവർക്ക് തുളസിയെ മതിയെന്ന്... ഒരു രൂപ പോലും സ്ത്രീധനം ആവശ്യം ഇല്ല പെണ്ണിനെ കല്യാണം കഴിപ്പിച്ചു തരാൻ ബുദ്ധിമുട്ട് ഉണ്ടോ എന്ന് അവർ ചോദിച്ചു... ഇല്ലെങ്കിൽ നാളെ രാവിലെ ഞാൻ അങ്ങോട്ട് വരാം പെണ്ണിന്റെ ഗ്രഹ നില എനിക്ക് തന്നേക്കണം... നിങ്ങള് പേടിക്കണ്ട, അനഘക്കും നല്ലൊരു പയ്യനെ ഈ ഞാൻ കണ്ടെത്തുമെന്നേ.... "
അത് കേട്ട മധുവിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. എന്തോ ആലോചിച്ചതും പെട്ടന്ന് അത് മാഞ്ഞു..
"ഇത് അറിഞ്ഞാൽ സുധക്ക് കലിപ്പ് ആയിരിക്കും ഉടൻ തന്നെ അവൾ അനഘമോളെ ഓരോന്ന് പറഞ്ഞുകൊണ്ട്, തുളസിക്കും അമ്മ മിനിക്കും എതിരെ തിരിയാൻ പ്രേരിപ്പിക്കും..എന്നാലും പറയാതിരിക്കാൻ കഴിയില്ല.. തുളസിക്ക് നല്ലൊരു ജീവിതം അല്ലെ കിട്ടാൻ പോകുന്നത്.. അവളും തനിക്ക് മകൾ തന്നെ അല്ലെ...."
മധു കാര്യങ്ങൾ പറഞ്ഞതും മിനിക്കും മകൾ തുളസിക്കും സന്തോഷമായി..
അനഘയും മനസ്സാൽ അത് അംഗീകരിച്ചു
മിനി ഗ്രഹനില എഴുതിവാങ്ങുവാൻ ആയി ജ്യോൽസ്യനെ കാണുവാൻ തിടുക്കത്തിൽ വെളിയിലേക്ക് പോയി..
അടുത്ത ദിവസം തന്നെ ബ്രോക്കർ, തുളസിയുടെ ഗ്രഹനില വാങ്ങിക്കൊണ്ട് പോയി
വിവരങ്ങൾ അറിഞ്ഞ സുധ ആന്റിക്ക് സഹിക്കാൻ ആയില്ല.. അവർ അന്ന് തൊട്ട് മിനിയോടും മകൾ തുളസിയോടും ഉള്ള മിണ്ടാട്ടം നിർത്തി..
പക്ഷേ അനഘക്ക് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നെങ്കിലും അവൾ തുളസിയോടും അമ്മയോടും അത് പ്രകടിപ്പിച്ചില്ല..
വൈകുന്നേരം മധുവിന്റെ മൊബൈലിൽ ബ്രോക്കറുടെ ഫോൺ വന്നത് കണ്ട മിനി ആകാംക്ഷയോടെ ഫോൺ എടുത്തുകൊണ്ട് മധുവിന് കൊടുത്തു
സംസാരം തുടരുന്നതിനിടയിൽ മധുവിന്റെ മുഖം മങ്ങുന്നത് ശ്രദ്ധിച്ച മിനിയിൽ സംശയം ആയി
തുളസിക്ക് ചൊവ്വ ദോഷം ആണെന്ന്... ചൊവ്വ ദോഷം ഉള്ള ഗ്രഹനില ആണെന്ന് പറയുന്നു..
പ്രതീക്ഷകൾക്ക് ഒട്ടും ആയുസ്സ് ഉണ്ടായിരുന്നില്ലെന്ന് തോന്നിയ നിമിഷം ആയിരുന്നു തുളസിക്കും, അമ്മ മിനിക്കും
വിവരങ്ങൾ അറിഞ്ഞ സുധക്ക് സന്തോഷം ആയി..
അടുത്ത ദിവസം തന്നെ ഒരു പെണ്ണ് കാണൽ ചടങ്ങ് നടന്നു ആ വീട്ടിൽ അനഘക്ക് വേണ്ടി. സുധ ആന്റി ഏല്പിച്ച ബ്രോക്കർ വഴി നല്ല സാമ്പത്തികം ഉള്ള ഒരു വീട്ടിൽ നിന്ന്...
ചടങ്ങ് കഴിഞ്ഞു ഇറങ്ങാൻ നേരം ബ്രോക്കറെ മാറ്റി നിർത്തി രഹസ്യമായി സുധ പറഞ്ഞു
"ഒറ്റ മകളെ ഉള്ളൂ.... ഉള്ളസ്വത്തെല്ലാം അനഘമോൾക്കാ.. മറ്റേ പെണ്ണ് രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലേയാ.. അതിനെ ഏതെങ്കിലും സാധാരണ ഒരു വീട്ടിലേക്ക് അയച്ചാൽ പിന്നെ ബാധ്യത ഒന്നും ഞങ്ങൾക്കില്ല"
നല്ല രീതിയിൽ തന്നെ ആ കല്യാണം നടന്നു...
അനഘയുടെയും നവ വരന്റെയും ആദ്യ വിരുന്നിനുള്ള വരവിൽ അനഘ, തുളസിക്ക് ഒരു പ്രൊപോസലുമായി ആണ് വന്നത്...
"ഭർത്താവിന്റെ അകന്ന ഒരു ബന്ധുവിനു ചൊവ്വ ദോഷം ആണ് കുറെ നാളായി നോക്കുന്നു ശരിയാകുന്നില്ല.."
"ഏയ് വേണ്ട അത് ശരിയാകില്ല...'
അനഘ പറഞ്ഞതും തുളസി എതിര് പറഞ്ഞു
"കുറച്ചു നേരം കൊണ്ട് ശ്രദ്ധിക്കുന്നു തുളസിക്ക് എന്താ ഒരു മൂഡ് ഔട്ട്"
തുളസിയുടെ കൈയ്യിൽ പിടിച്ചു ബെഡ്ഡ് റൂമിലേക്ക് കൊണ്ടുപോയി ഇരുത്തിയ ശേഷം അനഘ ചോദിച്ചു
"എന്തു പറ്റിയെടാ...?
"അത്.. അത്....."
"പറയെടീ...'
അനഘ, തുളസിയുടെ കീഴ്താടി ഉയർത്തി ചോദിച്ചു...
"എനിക്ക് ചൊവ്വ ദോഷം ഇല്ല.. നല്ല ജാതകമാ എന്റെ...."
"ങേ... ഇത് എന്താ ഈ പറയുന്നേ.."
അനഘക്ക് വിശ്വസിക്കാൻ ആയില്ല..
'അതേ.. കള്ളം ചെയ്തത് ഞാൻ തന്നെ... അമ്മ ജ്യോത്സ്യനിൽ നിന്ന് കൊണ്ടുവന്ന നല്ല ഗ്രഹനില ഞാൻ ഫോട്ടോ ഷോപ്പിൽ എഡിറ്റ് ചെയ്തു ചൊവ്വ ദോഷം ഉള്ളതാക്കി ആരും അറിയാതെ പ്രിന്റ് എടുത്തു കൊടുത്തു "
ശ്വാസം അടക്കി നിന്ന് കേട്ട അനഘയുടെ കണ്ണുകൾ നിറഞ്ഞു... അത് കണ്ട് നിന്ന തുളസിയുടെ കണ്ണുകളും നിറഞ്ഞൊഴുകി...
മൂന്നാം ദിവസം വിരുന്ന് കഴിഞ്ഞു ഇറങ്ങാൻ ബാഗ് പാക്ക് ചെയ്യുന്ന സമയം അനഘയുടെ ഭർത്താവ് അരുൺ ആണ് ആ ഒരു പ്രൊപോസൽ അനഘയുടെ ചെവിയിൽ പറഞ്ഞത്...
'നമുക്ക് ചേട്ടൻ വരുണിന് വേണ്ടി തുളസിയെ ഒന്ന് ആലോചിച്ചാലോ....?
അനഘക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
"അതേ... ഇതിലും നല്ലൊരു പെണ്ണ് വരുണിന് കിട്ടില്ല... ഉപേക്ഷിച്ചു പോയവൾക്കുള്ള മറുപടിയും ആയിരിക്കും ഇത്.... "
അനഘ പറഞ്ഞു
വരുണിന്റെ വിവാഹതലേന്ന് പെണ്ണ് കാമുകന്റെ കൂടെ ഒളിച്ചോടി പോയതിന്റെ ഷോക്കിൽ ഇനി ഒരു കല്യാണം ഇല്ല എന്ന് ഉറപ്പിച്ചിരുന്നു വരുൺ..
"പക്ഷേ വരുൺ സമ്മതിക്കണ്ടേ..."
അവർ അത് മനസ്സിൽ വച്ചുകൊണ്ട് തന്നെ അവിടെ നിന്നിറങ്ങി
അരുണിന്റെ ചേട്ടൻ വരുണിന്, തുളസിയെ വിവാഹം കഴിക്കാൻ സമ്മതം ആണെന്നുള്ള അനഘയുടെ ഫോൺ കാൾ തുളസിക്ക് വരുമ്പോൾ ആ വീട് വീണ്ടും ഉത്സവ ലഹരിയിലേക്ക് പോകുകയായിരുന്നു......
ലൈക്ക് കമന്റ് ചെയ്യണേ...