രചന: മഴ മിഴി
വേണി ഇനി മുതൽ ഈ കുട്ടിയെ തനിച്ചു കിടത്തണ്ട.. അവൾ റിച്ചുന്റെയും റിഷിയുടെയും കൂടെ കിടക്കട്ടെ.. അവർക്കും കൂട്ടാകും....
ശരി... ഏട്ടാ...
അവൻ ദേഷിച്ചു അവളെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി....
ഏതവനാണെന്നു അറിയില്ല വെറുതെ എന്നെ പറ്റി ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ഡാഡിയോട് പറഞ്ഞു കൊടുക്കുന്നതെന്നു ... ഹോട്ടൽ വിവിൻസിൽ ഒരു ക്ലയന്റ് മീറ്റിംഗിന് പോയതാണ്.. അല്ലാതെ ഡാഡി കരുതുന്ന പോലെ ഒന്നിനും പോയതല്ല...
സമീറയുമായി ബ്രേക്ക് അപ്പ് ആയപ്പോളെ നൈറ്റ് ക്ലബ്ബിൽ ഒക്കെ പോണത് നിർത്തിയതാണ്..
അവൻ ദേഷ്യത്തോടെ മഹിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..
സാരമില്ലെടാ.. പോട്ടെ.. നമുക്ക് തിരക്കാം...
നീ വിഷമിക്കാതെടാ...
തിരികെ റൂമിലേക്ക് പോകുമ്പോൾ അവൾക്കു ആശ്വാസം തോന്നി...
അവനെ പറ്റി അവന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ അവളിൽ പല സംശയങ്ങളും ഉണ്ടാക്കി...
വൃത്തികെട്ട രാക്ഷസൻ അവൾ മനസ്സിൽ പറഞ്ഞു...
ഇവിടെ തന്നെ പ്രോടക്ട് ചെയ്യാനും ആരെങ്കിലും ഒക്കെ ഉണ്ടല്ലോ...
അവൾ വളരെ സമാധാനത്തോടെ ഉറങ്ങാൻ കിടന്നു..
ചെമ്പകശേരി തറവാട്....
വർഷങ്ങൾക്കു ശേഷം തെക്കേ തൊടിയിലെ വലിയ ചെമ്പകമരം നിറയെ പൂത്തിരിക്കുന്നു..
അതിന്റെ സുഗന്ധം അവിടമാകെ പരന്നു....
വെള്ളയും ചുവപ്പും പൂക്കൾ അവിടെ പൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു...
പുതിയതായി മറ്റൊരു കളർ കൂടി പൂത്തിരിക്കുന്നു മഞ്ഞയിൽ നേർത്ത ചുവപ്പും വെളുപ്പും വരകളുള്ള പൂക്കൾ...
പെട്ടന്നൊരു കാറ്റ് വീശി ആ കാറ്റിൽ കുറെ പൂക്കൾ കൂടി നിലത്തേക്ക് അടർന്നു വീണു...
അവൾ ആ പൂക്കൾ വീണ ഭാഗത്തേക്ക് നോക്കി...
അടുത്തടുത്തായി മൂന്ന് കല്ലറകൾ.... പെട്ടന്ന് വീണ്ടും കാറ്റിന്റെ ശക്തി കൂടി ചെമ്പകമരം ഒന്ന് ആടി ഉലഞ്ഞു അതിൽ നിന്നും പൂക്കൾ മഴയായി പൊഴിഞ്ഞു അവയെല്ലാം ആ കല്ലറയുടെ മുകളിൽ വന്നു പതിച്ചു...
പെട്ടന്നവൾ അമ്മേ എന്നും വിളിച്ചു ഉറക്കത്തിൽ നിന്നും കണ്ണ് തുറന്നു...
അവൾക്കു വല്ലാത്ത പരവേശം തോന്നി...
തന്റെ തറവാടല്ലേ താനിപ്പോൾ കണ്ടത് .. ആ ചെമ്പകമരം ഒരിക്കൽ ഭൂമിയേച്ചിയും താനും കൂടി നട്ടതാണ്..3 കളറുകൾ ഒന്നിച്ചു ഒരു ചുവട്ടിൽ ആയിട്ടാണ് നട്ടത്.. ചേച്ചി പോയ ആ കൊല്ലം പൂത്തതാണ് പിന്നെ ഒരിക്കലും അത് പൂവിട്ടു കണ്ടിട്ടില്ല ...പക്ഷെ ഇന്ന് കണ്ട സ്വപ്നം ആ കണ്ട മൂന്ന് ശവകല്ലറകൾ ആരുടേതാണ്...
താൻ ഇതുവരെ കണ്ട സ്വപ്നങ്ങളിൽ രണ്ടെണ്ണം സംഭവിച്ചിരിക്കുന്നു...
ഭയത്താൽ അവളെ വിറയ്ക്കാൻ തുടങ്ങി..
അമ്മയെ വിളിക്കണം.. ആ സ്വരം ഒന്നു കേൾക്കണം..
അല്ലാതെ തനിക്കിനി പറ്റില്ല..
അവൾ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി...
ദക്ഷിന്റെ റൂമിലേക്ക് നോക്കി....
അത് അടഞ്ഞു കിടക്കുകയാണ്...
ഹാളിൽ ആണ് ഫോൺ ഇരിക്കുന്നത്..
ഇവിടുന്നു വിളിച്ചാൽ കിട്ടുമോ?
അറിയില്ല... പക്ഷെ വിളിക്കണം .. ജസ്റ്റ് ആ ശബ്ദം ഒന്നു കേട്ടാൽ മതി...
അല്ലെങ്കിൽ താൻ ശ്വാസം മുട്ടി മരിച്ചു പോകും..
അവൾ ചുറ്റും നോക്കി കൊണ്ട് പേടിയോടെ ഹാളിലേക്ക് നടന്നു..
എല്ലായിടവും ലൈറ്റ് ഓഫ് ആണ്.. ആകെ കാണുന്ന വെളിച്ചം ഒരു ചെറിയ LED ബൾബിന്റെ നീല പ്രകാശമാണ് ...
അവൾ ടീവി സ്റ്റാൻഡിനു അരികിൽ ഇരിക്കുന്ന ഫോണിൽ അമ്മയുടെ നമ്പർ ഡയൽ ചെയ്തു കുറെ നേരം ബെല്ലടിച്ചു നിന്നു... അവൾ വീണ്ടും വിളിച്ചു .. ഇത്തവണ മറുവശത്തു നിന്നും നേർത്ത അമ്മയുടെ ശബ്ദം കേട്ടു അവൾ അമ്മേ എന്ന് വിളിക്കാൻ വന്നതും പെട്ടന്ന് ആരോ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും ഒരുമിച്ചായിരുന്നു. അവൾ പേടിച്ചു നോക്കിയതും മുന്നിൽ നിൽക്കുന്ന ദക്ഷിനെ കണ്ട് അവൾ ഭയന്നു..
പെട്ടന്നവൻ ഫോൺ വാങ്ങി സ്റ്റാൻഡിലേക്ക് വെച്ചുകൊണ്ട് അവളുടെ കൈ തണ്ടയിൽ പിടിച്ചു മുന്നോട്ട് നടന്നു അവൾ കുതറി മാറാൻ ശ്രെമിച്ചു അവനവളെ പൊക്കി എടുത്തു അവന്റെ റൂമിലേക്ക് കയറി വാതിൽ അടച്ചു...
അവൾ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി...
ആരെ വിളിക്കാൻ പോയതാടി നീ അവൻ ദേഷ്യത്തിൽ പരമാവധി ശബ്ദം താഴ്ത്തി ചോദിച്ചു...
അവൾ പേടിച്ചു കരയാൻ തുടങ്ങി... ഒരു... ഒരു.. സ്വപ്നം കണ്ടു... അമ്മയുടെ ശബ്ദം കേൾക്കണമെന്ന് തോന്നി... അതാ ഞാൻ.... ഒന്ന് വിളിച്ചത്...
പെട്ടന്ന് അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു...
വേദന കൊണ്ട് അവൾ കവിളിൽ തപ്പി പിടിച്ചു...
അവൻ വീണ്ടും അടിക്കാനായി കൈ ഓങ്ങിയതും അവൾ കരച്ചിലോടെ പറഞ്ഞു...
ഇങ്ങനെ തല്ലാനും മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്...
അതുടി പറഞ്ഞിട്ട് എന്നെ തല്ലി കൊന്നോ...
ഒന്നുമല്ലെങ്കിലും കിട്ടുന്ന തല്ലിന്റെ കാരണമെകിലും അറിഞ്ഞിരിക്കാമല്ലോ....
അറിയണോടി നിനക്ക് ... നിന്നെ ഞാൻ ദ്രോഹിക്കുന്നതിന്റെ കാരണം...
അവൻ അവിടെ ഒരു ഡ്രായറിൽ നിന്നും ഒരു ഇൻവിറ്റേഷൻ ലെറ്റർ അവൾക്കു നേരെ നീട്ടി..കുറച്ചു പഴയതായിരുന്നു അത്...
അവൾ പേടിച്ചു പേടിച്ചു അത് വാങ്ങി തുറന്നു നോക്കി..
അവളുടെ കണ്ണുകൾ ആദ്യം പതിച്ചത്
ആ വലിയ രണ്ടു പേരുകളിൽ ആയിരുന്നു
ദീക്ഷിത് സത്യമൂർത്തി...
വെഡ്സ്
ഭൂമിക ജിതേന്ദ്രൻ...
അവളുടെ കൈയിൽ ഇരുന്നു ആ ലെറ്റർ വിറകൊണ്ടു..
ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്നു...
എനിക്ക് നഷ്ടപെട്ടത് ഒരാളെ അല്ല രണ്ടുപേരെ ആണ്..
അതും നിന്റെ ചേച്ചിയും നീയും കാരണം..
എനിക്ക് എന്ത് ഇഷ്ടം ആയിരുന്നെന്നു അറിയാമോ
എന്റെ അമ്മയെയും ചേട്ടനെയും... പക്ഷെ എല്ലാം പോയില്ലേ... ഞങ്ങടെ കുടുംബത്തിന്റെ അഭിമാനം സന്തോഷം എല്ലാം നഷ്ടമായില്ലേ...അവന്റെ കണ്ണുകൾ നിറഞ്ഞു സ്വരം ഇടറി...
ആ നിന്നെയും നിന്റെ കുടുംബത്തെയും സുഗിച്ചു ജീവിക്കാൻ വിടാൻ മനസ്സിലായിരുന്നു എനിക്ക്...
നിന്റെ ചേച്ചിയെ ഒരുപാട് അന്വേഷിച്ചു പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല... അപ്പോഴാണ് നിന്റെ കാര്യം ഓർത്തത് അതിനു വേണ്ടിയുള്ളകാത്തിരിപ്പ് ആയിരുന്നു പിന്നീട് അങ്ങോട്ട്...
ദാ.. ഇപ്പോൾ നീ എന്റെ കാൽ ചുവട്ടിൽ കിടന്നു പിടക്കുകയല്ലേ....
അതാ എനിക്കും വേണ്ടത്... നീ വേദനിക്കണം നിന്റെ പ്രിയപെട്ടവരെ ഓർത്തു....
നിന്നെ ഓർത്തു ഓരോ ദിവസവും അവരും പിടയണം.. പിടഞ്ഞു പിടഞ്ഞു മരിക്കണം...
അവനതു പറയുമ്പോൾ അവന്റെ നേത്രങ്ങൾ ചുവന്ന ഗോളം പോലെ കാണപ്പെട്ടു....
വലിയ തെറ്റ് ചെയ്തവളെ പോലെ അവൾ ചുമരിൽ ചാരി തേങ്ങി....
ശരിയാണ് താനും തെറ്റുകാരി ആണ്... താനല്ലേ വാതിൽ തുറന്നു കൊടുത്തത്...
അന്ന് അവൻ അനുഭവിച്ച വേദനയുടെ അത്രയും താനിതുവരെ അനുഭവിച്ചിട്ടില്ല... തന്റെ ചേച്ചി കാരണം അവനു നഷ്ടപെട്ടത് അവന്റെ അമ്മയെയും ചേട്ടനെയും ആണ്... അന്നൊന്നും അറിഞ്ഞില്ല താൻ ചെയ്തത ആ തെറ്റിന്റെ ആഴം... എത്ര ആലോചിച്ചിട്ടും തെറ്റാണെന്നു തോന്നിയില്ല...
പക്ഷെ ഇപ്പോൾ മനസ്സിലായി നാം ചെയുന്ന ചെറിയ ഒരു തെറ്റ് മറ്റുള്ളവരിൽ ഏല്പിക്കുന്ന ആഘാതം എത്ര വലുതാണെന്നു...ഒരിക്കലും ഞാൻ ഇവിടുന്നു രക്ഷപെടാൻ നോക്കില്ല..ആരെയും വിളിക്കില്ല.... നിങ്ങൾ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണ്...
അവൾ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു തെറ്റ് ചെയ്തവളെ പോലെ റൂമിലേക്ക് നടന്നു...
അവൾക്കു പിന്നെ ഉറങ്ങനെ കഴിഞ്ഞില്ല...
പിന്നിടുള്ള ദിവസങ്ങൾ ഉറക്കം ഇല്ലാത്ത ദിനരാത്രങ്ങൾ ആയിരുന്നു.. എന്തെങ്കിലുമൊക്കെ തെറ്റ് കണ്ടെത്തി അവളെ ശകാരിക്കുന്നതും ഉപദ്രവിക്കുന്നതും അവൻ ഒരു പതിവായി... പലപ്പോഴും അവൾ അത് മനഃപൂർവം എല്ലാവരിൽ നിന്നും മറച്ചു...
വാമിയെ കുറിച്ച് ഒരറിവും ഇല്ലാതെ വന്നപ്പോൾ മാമനും അച്ഛനും പോലീസിൽ കംപ്ലയിന്റ് കൊടുത്തു...
കംപ്ലയിന്റ് കൊടുത്തു രണ്ടു ദിവസത്തിന് ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു...സുചിത്രയും സുജിത്തും കൂടിയാണ് സ്റ്റേഷനിലേക്ക് പോയത്...
സ്വന്തം ഇഷ്ടത്തിന് ഇഷ്ടപെട്ട ആളിനെ വിവാഹം കഴിച്ചു ജീവിക്കുകയാണ്. ആരും ശല്യപ്പെടുത്തരുതെന്നും പറഞ്ഞു ഒരു ലെറ്റർ പോലീസ് അവർക്കു കൊടുത്തു...
ഒറ്റ നോട്ടത്തിൽ തന്നെ അത് എഴുതി ഇരിക്കുന്നത് അവൾ അല്ലെന്നുംപക്ഷെ അതിലെ സൈൻ അവളുടെ ആണെന്നും അമ്മ തിരിച്ചറിഞ്ഞു..
കൂടുതൽ വാധാപ്രതിവാതങ്ങൾക്ക്ങ്ങൾക്ക് നിൽക്കാതെ അവർ മടങ്ങി...
അവൻ എല്ലാം നേരത്തെ മുൻകൂട്ടി കണ്ടാണ് ഓരോന്നും ചെയ്തിരിക്കുന്നത്...
ചേച്ചി പേടിക്കാതെ നമുക്ക് വേറെ വഴി നോക്കാം...
വിഷമിച്ചിരിക്കുന്ന അവരെ അയാൾ ആശ്വസിപ്പിച്ചു...
എനിക്ക്... ഉറപ്പാണ് ഒരു ദിവസം അവൾ വരും ചേച്ചി
ചേച്ചി അല്ലെങ്കിൽ നോക്കിക്കോ....
അത് പറയുമ്പോൾ അവന്റെ ശബ്ദത്തിൽ സങ്കടം തിങ്ങി വാക്കുകൾ പൂർത്തിയാക്കാനാവാതെ അവൻ പ്രയാസപ്പെട്ടു...
വീടിന്റെ അന്തരീക്ഷം മരണവീടിനു തുല്യമായിരുന്നു...
നാളെ ആർക്കു വേണ്ടി ജീവിക്കണം എന്നാ തോന്നൽ എല്ലാവരിലും തോന്നി പ്രതീക്ഷകൾ മങ്ങി തുടങ്ങി.. വീടിനകത്തു മൂകത തളം കെട്ടി... ഇടക്കിടെ വരുന്ന ലിയയും മാളുവും ആയിരുന്നു ഏക സന്തോഷം...
പാറു ശരിക്കും ഒറ്റപെട്ടു പോയി... വീട്ടിൽ അമ്മ പോലും അവളോട് മിണ്ടാതെ ആയി.... പതിയെ പതിയെ അവളുടെ മനസിക നില തെറ്റാൻ തുടങ്ങി...കഴിവതും അവൾ റൂമിൽ തന്നെ ഫോണും നോക്കി ഇരിക്കും... പിന്നെ എന്തൊക്കെയോ പറയും ഇടക്കിടെ അവൾ ആരോ വന്നതുപോലെ പുറത്തേക്കിറങ്ങി ഓടും..
ഇതു കൂടി കൂടി വന്നപ്പോൾ പവിയും അമ്മയും അവളെ ഒരു സൈക്യട്രിസ്റ്റിനെ കാണിച്ചു....
അവൾ ഇപ്പോൾ ട്രീറ്റ്മെന്റിൽ ആണ്...
പറയത്തക്ക മാറ്റം ഒന്നും ഇപ്പോഴും അവൾക്കില്ല...
ഇടക്കിടെ മാളുവും ലിയയും അവളെ കാണാൻ വരും അവളുടെ ഈ അവസ്ഥക്ക് കാരണം അവരുകൂടി ആണെന്നുള്ള തോന്നൽ അവരെയും വിഷമിപ്പിച്ചു...
മാളുവും ലിയയും പറഞ്ഞത് പ്രകാരവും പാറുവിനു ദക്ഷിനെ കാണണമെന്നുള്ള വാശിയും കാരണം പവി ദക്ഷിനെ തിരക്കി പോകാൻ തീരുമാനിച്ചു.......
പലപ്പോഴും വാമിയോടുള്ള ദക്ഷിന്റെ പെരുമാറ്റം മഹിയെ ചൊടിപ്പിച്ചു...
പലതവണ അത് പറഞ്ഞു അവർ ഉടക്കാൻ തുടങ്ങി...
അതിനിടയിൽ മഹി പറഞ്ഞറിഞ്ഞു നിത്യയുമായി വാമി അടുത്തു...
അവൾ ഇടക്കിടെ വാമിയെ കാണാൻ വീട്ടിൽ ദക്ഷില്ലാത്തപ്പോൾ വരാൻ തുടങ്ങി...
വാമിക്ക് അധികം ഡ്രസ്സ് ഇല്ലാത്തത് കൊണ്ട് നിത്യയുടെ കൂടെ ചിറ്റ അവളെ ഷോപ്പിങ്ങിനു പറഞ്ഞു വിട്ടു... അവൾക്കു ഷോപ്പിംഗിന് പോകാൻ വലിയ പേടി ആയിരുന്നു.. ദക്ഷ് ഇതറിഞ്ഞാൽ എന്തുണ്ടാകുമെന്നുള്ള ഭയം അവളിൽ നിറഞ്ഞു...
അവർ രണ്ടാളും കൂടി ഷോപ്പിംഗ് കഴിഞ്ഞു ലിഫ്റ്റിൽ വരുമ്പോഴാണ് ഇടക്കൊരു ഫ്ലോറിൽ നിന്നും ദക്ഷ് കയറിയത് അവനെ കണ്ടതും രണ്ടാളും ഭയന്നു വിറച്ചു..
നിത്യയുടെ പേടി കണ്ട് വാമി ഒന്ന് ഞെട്ടി.. കുറച്ചുമുൻപ് എന്തൊക്കെ പറഞ്ഞ ആളാണ് ഇപ്പോൾ ഇവനെ കണ്ട് പേടിക്കുന്നത്...
ലിഫ്റ്റിൽ തിരക്കുള്ളത് കൊണ്ട് അവർ പുറകിലേക്ക് വലിഞ്ഞു തിരക്കിനിടയിൽ ഒളിച്ചു നിന്നു... അപ്പോഴാണ് ബ്ലാക്ക് കളർ ഹൈ ഹീൽ ചെരുപ്പും ഒരു ഷോട്ട് സ്‌കിർട്ടും ടോപ്പും ധരിച്ച ഒരു മോഡേൺ പെണ്ണ് അകത്തേക്ക് വന്നത്... അവൾ വന്നതും ദക്ഷിനെ കെട്ടി പിടിച്ചു...
അവിടെ ഇതൊരു സ്ഥിരം കാഴ്ച ആയത് കൊണ്ട് അവിടെ ഉള്ള ആളുകൾ അവരെ ശ്രെദ്ധിക്കാൻ പോയില്ല...പക്ഷെ വാമിയുടെയും നിത്യയുടെയും കണ്ണുകൾ അവളിൽ ആയിരുന്നു...
ചുറ്റും ആളുകൾ നില്കുന്നത് കൊണ്ടു തന്നെ അവനൊന്നു ഞെട്ടി... അവനത് പുറത്തു കാണിക്കാതെ ചിരിച്ചു കൊണ്ട് നിന്നു.. കുറച്ചു കഴിഞ്ഞതും നെക്സ്റ്റ് ഫ്ലോറിൽ കുറച്ചു ആളുകൾ ഇറങ്ങി .. ആരും അകത്തേക്ക് കയറിയില്ല... ആളുകളുടെ തിരക്ക് ലിഫ്റ്റിൽ കുറഞ്ഞു.. ദക്ഷ് അവളുടെ കൈ വിടുവിച്ചു കൊണ്ട് നേരെ നിന്നു... അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു....
ദേഷ്യം വന്നിട്ടവൻ ചുറ്റും നോക്കി അപ്പോഴാണ് നിത്യയുടെ പിന്നിൽ പതുങ്ങി നിൽക്കുന്ന വാമിയെ കണ്ടത്..അവൻ അവളെ കണ്ടെന്നു മനസ്സിലായതും അവൾ ആലില പോലെ നിന്നു വിറച്ചു..
തുടരും