രചന: അശ്വതി
മാമംഗലത്തെ ചാരുകസേരയിൽ കണ്ണടച്ച് ചാരി ഇരുന്നു പഴയ കാര്യങ്ങൾ ഓരോന്നായി വിശ്വനാഥൻ ഓർത്തു കൊണ്ടിരുന്നു. ഇതായിരുന്നു അരുന്ധതിയോട് പോലും പറയാത്ത രഹസ്യം.. എല്ലാം പല പ്രാവശ്യം ശങ്കരനോടെങ്കിലും പറഞ്ഞാലോ എന്ന് ആലോചിച്ചതാണ്. പക്ഷെ എന്തോ ഒരു ഭയം. എല്ലാം അറിഞ്ഞു കഴിയുമ്പോൾ ഉള്ള അവന്റെ പ്രതികരണം എന്താവും എന്ന ഭയം.. കല്ലുവിനെ കാണുമ്പോഴൊക്കെ പഴയ കാര്യങ്ങൾ മനസിലേക്ക് വരാറുണ്ട്.. എന്നാലും ആരുമില്ലാതെ വളരേണ്ടി വരുമായിരുന്ന ആ പെൺകുട്ടിക്ക് എല്ലാവരെയും കിട്ടി എന്ന് കാണുമ്പോൾ സന്തോഷം തോന്നിയിരുന്നു. അവൾ എല്ലാവരുടെയും സ്നേഹം അനുഭവിച്ചു വളരുന്നത് കാണുമ്പോൾ ചെയ്തത് തെറ്റല്ല എന്നൊരു വിശ്വാസം തോന്നിയിട്ടുണ്ട്. ഒന്നും അറിയാതെ ആണെങ്കിലും ശിവൻ അവളെ സ്നേഹിച്ചതും ഒരു നിയോഗം പോലെയാണ് അയാൾക്ക് തോന്നിയത്. സ്വന്തം മകൾ ആണെന്ന് മനസിലാക്കാതെ മഹി അന്ന് കല്ലുവിനെ അതും ഇതും പറയുന്നത് കേട്ടപ്പോൾ അത് കൊണ്ടാണ് അന്ന് അത്രയും ദേഷ്യം തനിക്കു വന്നത്. എന്നാലും വിഷ്ണു ഇതൊക്കെ എങ്ങനെ അറിഞ്ഞു? അവൻ എന്തിനായിരിക്കും ആ റെക്കോർഡ്സ് ഒക്കെ തപ്പിയത്? എന്തോ പ്രശ്നം ഉണ്ട്.. അയാൾ വിഷ്ണുവിനെ പറ്റി ചിന്തിച്ചു.. എന്തായിരിക്കും അവന്റെ മനസ്സിൽ.. എല്ലാം മറച്ചു വച്ചതിനു തന്നോട് ദേഷ്യം ആയിരിക്കുമോ? ആരോ തന്റെ കാലിന്റെ ചുവട്ടിൽ വന്നിരിക്കുന്നത് പോലെ തോന്നിയപ്പോഴാണ് അദ്ദേഹം കണ്ണ് തുറന്നു നോക്കിയത്.. ശിവനാണ്.. വിഷ്ണു അവനോടു എല്ലാം പറഞ്ഞിട്ടുണ്ടാവും എന്ന് അയാൾക്ക് അവന്റെ മുഖം കണ്ടപ്പോൾ മനസിലായി. തന്റെ മകന്റെ മനസ്സിൽ എന്തായിരിക്കും? അവനായിട്ടു എന്തെങ്കിലും ഇങ്ങോട്ട് പറയട്ടെ എന്ന് വിചാരിച്ചു അയാൾ ഒന്നും മിണ്ടിയില്ല..
" അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ല.. അന്നത്തെ സാഹചര്യത്തിൽ അച്ഛന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ശരിയാണ് അച്ഛൻ ചെയ്തത്.. അച്ഛൻ അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ കല്ലു ഒന്നുകിൽ ഏതെങ്കിലും അനാഥാലയത്തിൽ, അല്ലെങ്കിൽ പിഴച്ചു പെറ്റ സന്തതി എന്ന ചീത്ത പേരും പേറി ഒരു ജന്മം മുഴുവനും. ഇതിൽ രണ്ടിലും ഭേദം ഇത് തന്നെയാണ്.. അച്ഛൻ ശരിയാണ് ചെയ്തത്.. "
അയാളുടെ മനസ്സ് അറിഞ്ഞ പോലെ അവൻ പറഞ്ഞു. അയാൾ അവനെ നോക്കി.. ശിവൻ അങ്ങനെ പറഞ്ഞപ്പോൾ കുറെ സമാധാനം തോന്നിയെങ്കിലും വിഷ്ണുവിന്റെ കാര്യം ഓർത്തപ്പോൾ പിന്നെയും ഒരു വിഷമം..
" വിഷ്ണു.. അവൻ എന്ത് പറഞ്ഞു? അവനു എന്നോട് ക്ഷമിക്കാൻ പറ്റുമോ? എല്ലാം അറിഞ്ഞിട്ടു അവനു കല്ലുവിനെ പഴയ പോലെ കാണാൻ പറ്റിയില്ലെങ്കിൽ.. "
അയാൾ സങ്കടപട്ടു
" അച്ഛൻ ഇത് എന്തൊക്കെയാ ഈ പറയുന്നത്? പെട്ടെന്ന് കല്ലു അവന്റെ സ്വന്തം അനിയത്തി അല്ല എന്നൊക്കെ കേട്ടപ്പോൾ അവനു പെട്ടെന്ന് ഷോക്കായി.. അതാ അവൻ ഇങ്ങനെയൊക്കെ.. നമ്മുടെ വിഷ്ണു അല്ലേ അച്ഛാ? അച്ഛനെ അവനു മനസിലാവാതെ ഇരിക്കുമോ? "
അയാളുടെ കൈ പിടിച്ചു കൊണ്ട് ശിവൻ ചോദിച്ചു.. അയാൾ മെല്ലെ തല കുലുക്കി.. ശരിയാണ്.. ആർക്കാണെന്കിലും ഈ സമയത്തു കാര്യങ്ങൾ ഒക്കെ ഒന്ന് അംഗീകരിക്കാൻ കുറച്ചു സമയം വേണ്ടി വരും. അവനു ഇപ്പോൾ കുറച്ചു സമയം കൊടുക്കുകയാണ് വേണ്ടത്..
" അച്ഛാ.. "
ശിവൻ വിളിച്ചപ്പോൾ അയാൾ അവനെ നോക്കി..
" എനിക്ക് കുറച്ചു കാര്യങ്ങൾ അച്ഛനോട് പറയാനുണ്ട്.. "
" എന്താടാ? "
അവൻ കല്ലുവിന് നേരെ ഉണ്ടായ അക്രമണവും അതിന്റെ അന്വേഷണവും എല്ലാം അയാളോട് പറഞ്ഞു. ഇനിയും അത് വിശ്വാനാഥന്റെ അടുത്തുന്നു മറച്ചു വയ്ക്കുന്നതിൽ അർത്ഥമില്ല എന്ന് അവനു അറിയാമായിരുന്നു. അപ്പോൾ ഇതാണ് കാര്യം.. വിഷ്ണു ഇതിന്റെ പിറകെ പോയാണ് ഇത് വരെ എത്തിയത്.. ശിവൻ ഇടയ്ക്കിടെ എറണാകുളത്തേക്ക് പോകുന്നതിൽ എന്തോ രഹസ്യം ഉണ്ടെന്നു അയാൾക്കും തോന്നിയിരുന്നു. പക്ഷെ അത് എന്തോ ജോലിക്കാര്യം ആണെന്നാണ് അയാൾ കരുതിയിരുന്നത്.
" അച്ഛൻ പറഞ്ഞത് വച്ചു അങ്ങനെയാണെങ്കിൽ മഹി അമ്മാവൻ ആണ് കല്ലുവിന് നേരെയുള്ള അക്രമണങ്ങൾക്ക് പിന്നിൽ "
ശിവൻ പറഞ്ഞു നിർത്തി.. വിശ്വൻ അല്ലയെന്നു തല കുലുക്കി..
" അതിനു യാതൊരു സാധ്യതയുമില്ല ശിവാ.. കാരണം മഹിക്ക് അറിയില്ല കല്ലു അവന്റെ മകളാണ് എന്നുള്ള കാര്യം പോലും.. "
" ഇനി എങ്ങനെ എങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ? "
" എങ്ങനെ അറിയാൻ? ആകെ ഇതറിയാവുന്നത് അച്ഛനും എനിക്കും ജഗനും പിന്നെ രണ്ടു നഴ്സുമാർക്കും ആണ്.. അവർ ആരും പറയില്ല.. ഇത് വരെ ആരോടും പറഞ്ഞിട്ടും ഇല്ല. മഹി ഇതൊന്നും അറിയരുത് എന്ന് അച്ഛന് നിർബന്ധം ആയിരുന്നു. അവന്റെ കുടുംബം അതോടെ തകരും എന്നു അച്ഛൻ ഭയന്നു. എന്തോ മഹി ആണ് ഇതിനു പിന്നിൽ എന്ന് എനിക്ക് തോന്നുന്നില്ല..അല്ലെങ്കിലും ഇപ്പോൾ കല്ലുവിനെ കൊന്നിട്ട് മഹിക്ക് എന്ത് കിട്ടാനാണ്? അവൾക്കു അറിയില്ലലോ അവൾ മഹിയുടെ മകൾ ആണെന്നുള്ള സത്യം.. "
വിശ്വനാഥൻ ചോദിച്ചു.. .. അത് ശരിയാണെന്ന് ശിവനും തോന്നി.
" പിന്നെ ആരായിരിക്കും? "
" അതറിയില്ല. പക്ഷെ നമ്മൾ അറിയാത്ത എന്തൊക്കെയോ കളികൾ ഇതിനിടക്ക് നടക്കുന്നുണ്ട്. എന്തായാലും ഞാൻ എന്റെ വഴിക്കു ഒന്ന് അന്വേഷിച്ചു നോക്കട്ടെ.. നീ നിന്റെ വഴിക്കു അന്വേഷിച്ചൊ.. "
"ശെരി അച്ഛാ.. "
*****************************************************
വൈകുന്നേരം കല്ലു കോളേജിൽ നിന്നു വരുന്നതും കാത്തു ശിവൻ അവളുടെ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നു. ബസ് ഇറങ്ങി അവനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ഓടി അവന്റെ അടുത്തേക്ക് ചെന്നപ്പോൾ അവൻ ബൈക്കിന്റെ പുറകിലേക്ക് കയറാൻ അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ബൈക്ക് പോകുന്ന വഴി കണ്ടപ്പോൾ അവൾക്കു മനസിലായി ശിവേട്ടന്റെയും വിഷ്ണുവേട്ടന്റെയും സ്ഥിരം സ്ഥലത്തേക്കുള്ള പോക്കാണ്.. തോട്ടു വക്കത്തുള്ള കലുങ്കിൽ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കല്ലു.. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചിരുന്നു. കുറച്ചു നേരത്തേക്ക് അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. രണ്ടു ദിവസം കാണാൻ പറ്റാത്തിരുന്നതിന്റെ വിഷമം മൗനമായാണെങ്കിലും രണ്ടാളും പറഞ്ഞു കൊണ്ടിരുന്നു.
" ശിവേട്ടാ.. ഒരു കാര്യം പറയാനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി.. "
കുറച്ചു കഴിഞ്ഞപ്പോൾ കല്യാണി അവനോടു പറഞ്ഞു..
" എന്താ? "
അവൾ അന്നത്തെ സംഭവം മുഴുവനും അവനോടു പറഞ്ഞു.. അതു കേട്ടപ്പോൾ അവൻ പെട്ടെന്ന് നേരെ ഇരുന്നു.
" എന്നിട്ട് നിനക്ക് വല്ലോം പറ്റിയോ? ഇതൊക്കെ നീ എന്താ അപ്പോൾ തന്നെ എന്നോട് പറയാതെ ഇരുന്നത്? "
" എനിക്ക് ഒന്നും പറ്റിയില്ല.. ഞാൻ അത് പറയാൻ വിളിച്ചതാ.. അപ്പോഴാ ശിവേട്ടൻ പറഞ്ഞത് എറണാകുളത്തു പോവാണെന്നു.. എന്നാൽ പിന്നെ വന്നിട്ട് പറയാമെന്നു വിചാരിച്ചു.. "
" വിഷ്ണു ഉണ്ടായിരുന്നില്ലേ? ഞാൻ ഇല്ലെങ്കിൽ അവനോടു പറയാമായിരുന്നല്ലോ? "
ശിവൻ പിന്നെയും ചോദിച്ചു.. കല്യാണിയുടെ മുഖം വാടി
" ഏട്ടൻ ഇപ്പോൾ എന്നോട് ഒന്നും മിണ്ടാറു പോലുമില്ല ശിവേട്ടാ.. എന്തിനു എന്റെ മുഖത്ത് പോലും മര്യാദക്ക് നോക്കാറില്ല.. ഏട്ടന് എന്തോ പറ്റിയിട്ടുണ്ട്.. എന്നോട് എന്തോ ദേഷ്യം ആണെന്ന് തോന്നുന്നു ഏട്ടന്.. "
അത് പറയുമ്പോൾ അവളുടെ സ്വരം ഇടറുകയും കണ്ണുകൾ നിറയുകയും ചെയ്തിരുന്നു. ശിവൻ അവളെ ഒന്നുടെ തന്നോട് ചേർത്ത് പിടിച്ചു.
" അതൊക്കെ നിന്റെ തോന്നലാ മോളെ.. അവനു ജോലിയുടെ എന്തോ ടെൻഷൻ ഉണ്ട്.. അതാ അങ്ങനൊക്കെ.. അതല്ലാതെ നിന്നോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടൊന്നുമല്ല.. "
ശിവൻ അവളോട് പറഞ്ഞു.. കല്യാണി മെല്ലെ തലയാട്ടി.. V
" എന്നാലും ശിവേട്ടാ ആർക്കാ എന്നോട് ഇത്രക്കും ദേഷ്യം? ഞാൻ ആരോട് എന്ത് ചെയ്തിട്ടാ ആൾക്കാർ എന്നെ കൊല്ലാൻ വരുന്നത്? എത്ര ആലോചിച്ചിട്ടും എനിക്ക് അത് മനസിലാവുന്നില്ല.. "
അവളോട് എന്താ പറയുക എന്ന് ശിവൻ ഓർത്തു.. സത്യം എന്തായാലും പറയാൻ പറ്റില്ല.. തകർന്നു പോകും പാവം..
" എനിക്കും അറിയില്ല.. നമുക്ക് നോക്കാം.. നീ പേടിക്കേണ്ട.. ഇനി എന്തുണ്ടെങ്കിലും എന്നെ അപ്പോൾ തന്നെ വിളിച്ചറിയിക്കണം. കേട്ടോ "
അവൾ തലയാട്ടി.. അവൻ അവളുടെ കയ്യിൽ നിന്നു അവളെ വിളിച്ചു വാൺ ചെയ്ത നമ്പർ വാങ്ങി.. ആ നമ്പർ ആരുടേതാണെന്ന് അറിഞ്ഞാൽ ഒരു പക്ഷെ ഇതിന്റെ പിന്നിലുള്ള ആളിലേക്ക് എത്താൻ പറ്റും.. ശിവൻ ഓർത്തു. പിന്നെയും കുറച്ചു നേരം കൂടി അവിടെ ഇരുന്നു വർത്തമാനം ഒക്കെ പറഞ്ഞിട്ടു ശിവൻ തന്നെ അവളെ വീട്ടിൽ കൊണ്ടാക്കി..
**************************************************
പഴയ ഫാക്ട്ടറിയുടെ മുന്നിൽ വന്നു നിന്നു ബാബു ചുറ്റും നോക്കി.. ഷണ്മുഖന്റെ ജീപ്പ് അവിടെ തന്നെ കിടപ്പുണ്ട്.. അയാൾ ഫാക്ടറിയുടെ അകത്തു കയറി നോക്കി.. അകത്തു ആരുമില്ല.. പക്ഷെ ഷണ്മുഖന്റ കുറച്ചു സാധനങ്ങൾ ഒക്കെ അവിടെ കിടപ്പുണ്ട്. അവൻ ഇവിടെ ഉണ്ടായിരുന്നു. ഇവിടുന്നായിരിക്കുമോ അവൻ ഷണ്മുഖനെ പൊക്കിയിട്ടുണ്ടാവുക? അങ്ങനെ എങ്കിൽ അവൻ മിടുക്കൻ ആണ്. അവൻ എപ്പോൾ വേണമെങ്കിലും തന്റെ ഒളിസ്ഥലവും കണ്ടെത്താം. അയാൾ ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു..
" ഹലോ.. ബാബു.. എന്തായി? "
" ഞാൻ ഫാക്ടറിയിൽ എത്തി.. ഷണ്മുഖൻ ഇവിടെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇവിടെ ആരും ഇല്ല..കുറച്ചു ദിവസമായി ഇവിടെ ആരും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.. "
" അതിനർത്ഥം അവൻ മിക്കവാറും ആ ശിവന്റെ പിടിയിൽ ആവും. അവൻ ഷണ്മുഖനെ പോലീസിൽ ഏല്പിച്ചിട്ടില്ല.. അപ്പോൾ അവന്റെ കസ്റ്റഡിയിൽ എവിടെയോ താമസിപ്പിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ.. അങ്ങനെ ശിവൻ ധൈര്യമായിട്ട് താമസിപ്പിക്കണം എങ്കിൽ അത് തൃക്കുന്നപുഴയിൽ തന്നെ ആവണം.. അവിടെ മാമംഗലത്തകാരുടെ ഏതെങ്കിലും പ്രോപ്പർട്ടിയിൽ അവൻ ഉണ്ടാവും.. "
അയാൾ പറഞ്ഞു..
" സാർ പറഞ്ഞത് ശരി തന്നെയാണ്.. ഷണ്മുഖൻ തൃക്കുന്നപുഴയിൽ തന്നെ ഉണ്ട്.. ഞാൻ ഉടനെ അങ്ങോട്ട് പോകുകയാണ്. ചെന്നിട്ടു വിളിക്കാം.. . "
ഫോൺ കട്ട് ചെയ്തു ബാബു തനിക്കു നിലത്തുന്നു കിട്ടിയ ബില്ലിലേക്ക് നോക്കി.. തൃക്കുന്നപുഴയിലെ ഒരു പെട്രോൾ പമ്പിലെ ബിൽ ആണ്.. ഷണ്മുഖനെപൊക്കാൻ വന്നപ്പോൾ ശിവന്റെ പോക്കെറ്റിൽ നിന്നു പോയതാവും. ആ സ്ഥലത്തേക്ക് പോകാൻ ഉള്ളിൽ ഭയം ഉണ്ടായിരുന്നെങ്കിലും ബാബു പോകാൻ തന്നെ തീരുമാനിച്ചു.
*******************************************-*****
അന്ന സൈറ്റിലെ ഓഫീസിലെ ക്ലോക്കിലേക്ക് നോക്കി. സമയം രാത്രി പത്തര. ഓക്കേ.. ഇനി പതുക്കെ വീട്ടിലേക്കു പോകുന്നത് പോലെ പുറത്തേക്കു ഇറങ്ങാം.. വീട്ടിലേക്കു എന്തായാലും ഇപ്പോൾ പോകുന്നില്ല.. അവിടെ പറഞ്ഞിരിക്കുന്നത് ഇന്ന് രാത്രി സൈറ്റിൽ വർക്ക് ഉണ്ടെന്നാണ്.. അവൾ പതുക്കെ തന്റെ ഷോൾ എടുത്തു ചുറ്റി പുറത്തേക്കു ഇറങ്ങി.. രാവിലെ തന്നെ അവൾ നല്ലൊരു ഹൈഡിങ് സ്പോട് കണ്ടെത്തി വച്ചിരുന്നു. ആരും കാണാതെ ഒളിച്ചിരിക്കാൻ.. അവൾ അങ്ങോട്ട് പോയിരുന്നു.. ലാപ്ടോപ്പും മറ്റും മാറ്റി വച്ചു.. ഫോൺ സൈലന്റ് ആക്കി.. തൃക്കുന്നപുഴ പോലീസ് സ്റ്റേഷനിലെ നമ്പർ അവൾ സേവ് ചെയ്തു വച്ചിരുന്നു. ഇന്ന് രാത്രി ഫോണിൽ പറഞ്ഞത് പോലെ ഗിരി സാധനങ്ങൾ മാറ്റുകയാണെങ്കിൽ അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു തെളിവോടെ അവരെ പിടിപ്പിക്കണം.. അതായിരുന്നു അവളുടെ plan.. ശിവനോടും വിഷ്ണുവിനോടും പറയണോ എന്ന് പല തവണ ആലോചിച്ചു. പക്ഷെ അവർ രണ്ടു പേരും കല്ലുവിന്റെ ടെൻഷനിൽ ആണ്.. വിഷ്ണു ഒന്ന് വിളിച്ചിട്ട് പോലും കുറെ ദിവസമായി. അങ്ങോട്ട് മെസ്സേജ് അയച്ചാലും തിരക്ക് തന്നെ.. അവൾ കെറുവോടെ ഓർത്തു.. അവനോടുള്ള പിണക്കം അവനെ വിളിക്കുന്നതിൽ നിന്നു അവളെ പിന്തിരിപ്പിച്ചു എന്നതാണ് സത്യം. ശിവൻ ആണെങ്കിൽ എറണാകുളത്തു നിന്നു ഇന്നാണ് വന്നത് തന്നെ. ഇത് തനിക്കു മാനേജ് ചെയ്യാവുന്നതേ ഉള്ളു.. അന്ന ഓർത്തു.. എന്നാലും പന്ത്രണ്ടു മണി അടുക്കുന്തോറും അവൾക്കു ചെറിയ ടെൻഷൻ തോന്നാതെ ഇരുന്നില്ല.. പക്ഷെ അവളെ അതിശയിപ്പിച്ചു കൊണ്ട് പന്ത്രണ്ടു മണി കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ഒരു മണി ആയിട്ടും ആരും വരാതെ ആയപ്പോൾ ഇന്നത്തെ പരിപാടി അവർ ക്യാൻസൽ ചെയ്തു കാണുമെന്നു അവൾക്കു തോന്നി.
അവൾ പതുക്കെ താൻ ഇരുന്ന സ്ഥലത്തു നിന്നു എണീറ്റു സൈറ്റിലേക്ക് നടന്നു..
" എന്താ മാഡം.. ഇത്ര നേരം കഷ്ടപ്പെട്ട് ഇരുന്നിട്ടും വന്ന കാര്യം നടക്കാത്തതിന്റെ വിഷമത്തിൽ പോവുകയാണോ? "
പിറകിൽ നിന്നു ഒച്ച കേട്ടപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു നോക്കി.. ഗിരി ചിരിയോടെ നിൽക്കുന്നു.. ഇതൊരു ട്രാപ് ആയിരുന്നു എന്ന് അപ്പോൾ തന്നെ അന്നയ്ക്ക് മനസിലായി. വിഷ്ണുവിനെയോ ശിവനെയോ വിവരം അറിയിക്കേണ്ടതായിരുന്നു. ഇനിയിപ്പോൾ എങ്ങനെയെങ്കിലും രക്ഷപ്പെടണം.. അതാണ് അത്യാവശ്യം..
" ഗിരി എന്താ പറയുന്നത്? ഞാൻ എന്ത് നോക്കി ഇരുന്നു എന്ന്? "
അന്ന ഒന്നും അറിയാത്ത പോലെ ചോദിച്ചു..
" ഒന്നും അറിയാതെ ആണോ പിന്നെ അന്ന മാഡം മണിക്കൂറുകളോളം സൈറ്റിന്റെ പിന്നിൽ ഒളിച്ചിരുന്നത്? "
ഗിരി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഓഹോ.. അപ്പോൾ അവൻ എല്ലാം കണ്ടിട്ടുണ്ട്. താൻ ഇപ്പോൾ ഫോൺ എടുത്തു ഏതു നമ്പർ ഡയൽ ചെയ്യാൻ നോക്കിയാലും അവൻ ഫോൺ തട്ടിപ്പരിക്കും.. അല്ലെങ്കിൽ പൊട്ടിച്ചു കളയും.. ഒച്ച വച്ചാൽ ഒട്ടു ആരും കേൾക്കില്ല.. പിന്നെ എന്താ ചെയ്യുക?
" എന്തായാലും തത്കാലം മാഡത്തിന്റെ ഫോൺ ഇങ്ങു തന്നേക്കു.. "
ഗിരി അവളുടെ കയ്യിൽ നിന്നു ഫോൺ തട്ടിപ്പറിച്ചു.. അന്നയ്ക്ക് പെട്ടെന്ന് ഒന്നും ചെയ്യാനും പറ്റിയില്ല..
" മാഡത്തിനോട് പണ്ടേ വാണിംഗ് തന്നതല്ലേ ഈ സൈറ്റ് ഇട്ടിട്ടു വന്നിടത്തേക്ക് തന്നെ പൊയ്ക്കൊള്ളാൻ.. ഞങ്ങളുടെഇടപാട് കണ്ടെത്തിയ ആദ്യത്തെ എഞ്ചിനീയരെ എങ്ങനെയാണ് ഞങ്ങൾ ട്രീറ്റ് ചെയ്തതെന്നും നിങ്ങള്ക്ക് കാണിച്ചു തന്നതാണ്.. എന്നിട്ടും നിങ്ങൾ ഇവിടെ തന്നെ കടിച്ചു തൂങ്ങി കിടന്നു.. "
ഓഹോ.. അപ്പോൾ അന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയവൻ ഇവനാണ്..
" അതൊക്കെ പോട്ടെന്നു. വയ്ക്കാം.. പണി എടുക്കാൻ വന്നവൾ അത് ചെയ്തിട്ട് പോയാൽ പോരെ? അതിനു പകരം ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഒക്കെ ഇടപെടുന്നതെന്തിനാ? നീ എന്നെ ശ്രദ്ധിക്കുന്നത് കുറച്ചു നാളായി ഞാൻ അറിയുന്നുണ്ടായിരുന്നു.. നിനക്ക് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നി തുടങ്ങിയിരുന്നു. അത് ഉറപ്പിക്കാനാണ് ഇന്നലെ അങ്ങനെ ഒരു ഫോൺ നാടകം കളിച്ചതു.. നീ അതിൽ കൃത്യമായി വന്നു ചാടുകയും ചെയ്തു.. ആകെ ഉള്ള പേടി നീ ആരെയെങ്കിലും കൂട്ടിയിട്ടു വരുമോ എന്നായിരുന്നു.. പക്ഷെ ഭാഗ്യം കൊണ്ട് നീ ഒറ്റക്കാണ് വന്നത് "
അവൻ പിന്നെയും ചിരിച്ചു.. അന്നയ്ക്ക് തന്റെ തന്നെ തലയ്ക്കു ഒരു കൊട്ട് കൊടുക്കാൻ തോന്നി.. ഇതൊരു ട്രാപ് ആവാമെന്നു ഒരിക്കലും താൻ വിചാരിച്ചില്ല..
" എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയും നിന്നെ വച്ചോണ്ടിരിക്കാൻ പറ്റില്ല.. നിനക്ക് എന്തുമാത്രം കാര്യങ്ങൾ അറിയാമെന്നു അറിയില്ലലോ? നാളെ ഈ തൃക്കുനപുഴ ഉണരാൻ പോകുന്നതു ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടാണ്.. ഹോസ്പിറ്റൽ സൈറ്റിലെ എഞ്ചിനീയർ അന്ന മരിയ ജോൺ രാത്രി വൈകി പണിക്കിടെ ഹോസ്പിറ്റലിന്റെ മൂന്നാം നിലയിൽ നിന്നു കാലു വഴുതി താഴേക്കു വീണു മരിച്ചു.. എങ്ങനെയുണ്ട്? "
അന്നയ്ക്ക് എന്ത് ചെയ്യണം എന്നൊരു ഊഹവും കിട്ടിയില്ല.. അവൾ അങ്ങനെ വിറങ്ങലിച്ചു നിൽക്കുമ്പോൾ ഗിരി ഒന്ന് ഉറക്കെ വിസിലടിച്ചു.. സൈറ്റിലെ അഞ്ചാറു പണിക്കാർ അകത്തു നിന്നു ഇറങ്ങി വരുന്നത് പേടിയോടെ അന്ന കണ്ടു.. ഗിരിയുടെ വിശ്വസ്ഥർ ആയിരിക്കും അവർ..
" അപ്പോൾ പറഞ്ഞ പോലെ.. മാഡത്തിന് നല്ല ഒരു യാത്ര അയപ്പ് കൊടുത്തേക്കു മക്കളെ.. "
അവർ അന്നയെ വളഞ്ഞു.. ഓടി രക്ഷപെടാൻ പോലും ഒരു വഴി ഇല്ലാതെ അന്ന നിന്നു വിയർത്തു..
തുടരും..
( അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ..)