രചന: അശ്വതി
സൈറ്റിലെ പണികളൊക്കെ അങ്ങനെ നോക്കി നടത്തി കൊണ്ടിരിക്കുമ്പോഴാണ് ഗിരി ആരോടോ മാറി നിന്നു ഫോണിൽ സംസാരിക്കുന്നതു അന്നയുടെ ശ്രദ്ധയിൽ പെട്ടത്. കുറച്ചു നാളുകളായി ഗിരിയെ അവൻ അറിയാതെ അന്ന എപ്പോഴും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ എപ്പോഴാണ് ഇനി പ്രശനം ഉണ്ടാക്കുക എന്നറിയില്ലല്ലോ? ഇവൻ ആരോടായിരിക്കും മാറി നിന്നു അടക്കി പിടിച്ചു സംസാരിക്കുന്നതു.. അവൾക്കു സംശയം ആയി. ചുറ്റും ആരും ഇല്ല എന്നുറപ്പു വരുത്തി അവൾ അവന്റെ പിറകിൽ ഒരു തൂണിനു പിന്നിലായി മറഞ്ഞു നിന്നു. ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട് അവൾ വരുന്നത് അവൻ അറിഞ്ഞില്ല. ഇപ്പോൾ അവൻ ഫോണിൽ പറയുന്നത് അവൾക്കു കേൾക്കാം.
" അല്ല.. സാർ.. ഇപ്രാവശ്യത്തെ ലോഡിൽ നിന്നു നമ്മൾ സാധനങ്ങൾ മാറ്റിയതാണല്ലോ? ഇനിയും കുറച്ചു മെറ്റീരിയൽസ് മാത്രമേ ഉള്ളു ഇവിടെ സ്റ്റോക്ക്.. അടുത്ത ലോഡ് വരാൻ ഇനിയും സമയം ഉണ്ട്.. ഇപ്പോൾ വീണ്ടും സാധനങ്ങൾ മാറ്റിയാൽ സ്റ്റോക്കിലെ കുറവ് ശ്രദ്ധിക്കാതെ ഇരിക്കില്ല.. "
ഇനിയും മെറ്റീരിയൽസ് അടിച്ചു മാറ്റാനുള്ള plan ആണ്.. ആർക്കാണ് ഇത്രയ്ക്കു ആർത്തി ഉള്ളതെന്ന് അവൾ ഓർത്തു. കുറച്ചു നേരം അപ്പുറത്ത് നിന്നു പറയുന്ന മറുപടി ഗിരി ശ്രദ്ധിച്ചു.
" അയ്യോ സാർ.. ഇനിയും ക്വാളിറ്റി കുറഞ്ഞ മെറ്റീരിയൽസ് ഉപയോഗിക്കുക എന്നൊക്കെ പറഞ്ഞാൽ.. ഈ കെട്ടിടമെങ്ങാനും ഇടിഞ്ഞു പൊളിഞ്ഞു വീണാൽ.. "
ഗിരി സ്വല്പം ഭയത്തോടെ പറയുന്നത് അവൾ കേട്ടു.. ഇവിടുത്തെ നല്ല സാധനങ്ങൾ മാറ്റി ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ ഇങ്ങോട്ടേക്കു ഇറക്കാനുള്ള പരിപാടി ആണ്.
" അല്ല സാർ..എനിക്ക് തരുന്ന പൈസയുടെ പ്രശ്നം അല്ല..ആരെങ്കിലും അറിഞ്ഞാൽ? അത് കൊണ്ട് ഞാൻ പറഞ്ഞെന്നെ ഉള്ളു.. "
ഗിരി പിന്നെയും പറഞ്ഞു.
" അറിയാം സാർ.. സാർ പറയുന്നത് പോലെ തന്നെ ചെയ്യാം. നാളെ രാത്രി പന്ത്രണ്ടു മണിക്കല്ലേ? അത് ഞാൻ ചെയ്തോളാം.. "
ഇത്തവണ ഗിരിയുടെ സ്വരത്തിൽ നല്ല ഭയം ഉണ്ടായിരുന്നു. അവൻ ഒന്ന് മടിച്ചപ്പോൾ അവനെ അപ്പുറത്ത് ഉള്ളയാൾ ഭീഷണിപ്പെടുത്തി എന്ന് തോന്നുന്നു. പെട്ടെന്ന് ഗിരി തിരിഞ്ഞു.. അന്ന അവൻ കാണാതെ തൂണിന്റെ പുറകിലേക്ക് ചേർന്ന് നിന്നു. എന്തെങ്കിലും അനക്കം അവനു തോന്നിയോ? അവൻ കുറച്ചു നേരം അവിടെ തന്നെ നിന്നു. പിന്നെ പതുക്കെ പണി സ്ഥലത്തേക്ക് നടന്നു. അന്ന ഒരു ശ്വാസം എടുത്തു വിട്ടു. അപ്പോൾ നാളെ രാത്രി പന്ത്രണ്ടു മണി.. എന്ത് ചെയ്യും? എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റൂ.. അന്ന തീരുമാനിച്ചിരുന്നു.
***********************-***************-**************
വർഷയുടെ ഫോൺ വന്നതിൽ പിന്നെ വല്ലാത്തൊരു വെപ്രാളം ആയിരുന്നു ബാബുവിന്. ആ ശിവൻ മണപ്പിച്ചു മണപ്പിച്ചു വീണയുടെ വീട് വരെ എത്തിയിരിക്കുന്നു. ഇനി എപ്പോൾ വേണമെങ്കിലും ഇങ്ങോട്ടേക്കു എത്താം. പിന്നെ എന്തുണ്ടാവുമെന്ന് പറയണ്ട.. എന്നാലും അവൻ എങ്ങനെ ഇത്ര പെട്ടെന്ന്? ഷണ്മുഖൻ അവന്റെ കസ്റ്റഡിയിൽ ആണെന്ന കാര്യം ഇപ്പോൾ ഏറെക്കുറെ ഉറപ്പായി. പക്ഷെ ഷണ്മുഖനു തന്റെ ഈ പഴയ കാല ചരിത്രം ഒന്നും അറിയില്ലല്ലോ?എ ഷണ്മുഖന്റെ വായിൽ നിന്നു എന്തെങ്കിലും വീണിട്ടുണ്ടാവും. അതിന്റെ തുമ്പു പിടിച്ചു ആയിരിക്കും ഇവിടം വരെ എത്തിയിട്ടുണ്ടാവുക. കുറച്ചു ആലോചനക്ക് ശേഷം അയാൾ ഫോൺ എടുത്തു മറ്റേ ആളെ വിളിച്ചു.. അവിടുന്ന് ഫോൺ കണക്ട് ആയപ്പോൾ കാര്യങ്ങൾ ധരിപ്പിച്ചു.
" ഛെ.. തന്നോട് ഞാൻ എത്ര പ്രാവശ്യം ചോദിച്ചതാണ് അവനെ വിശ്വസിക്കാമോ എന്ന്? ഇതിപ്പോ... എല്ലാം നിന്റെ കുഴപ്പം ആണ്. നീ തന്നെ ഇത് ശരിയാക്കണം.. "
ബാബുവിന് നല്ല ദേഷ്യം വന്നു. അല്ലെങ്കിലും ഇത് ഇയാളുടെ സ്ഥിരം പരുപാടി ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ അത് വല്ലവരുടെയും തലയിൽ ഇട്ടു കൊടുക്കുക എന്നത്. പണ്ടും ഇത് തന്നെയാണല്ലോ സംഭവിച്ചത്. ഇയാൾ ഇങ്ങനൊരു പരിപാടിയുമായി വീണ്ടും വന്നപ്പോൾ വേണമോ എന്ന് അത് കൊണ്ട് തന്നേ കുറെ ആലോചിച്ചതാണ്. പിന്നെ കുറച്ചധികം പൈസയുടെ ഡീൽ ആയതു കൊണ്ടാണ് ഏറ്റത്.. പൈസയുടെ ആവശ്യം ഇല്ലാത്ത മനുഷ്യരില്ലലോ? ഒരു പീറപെണ്ണിനെ കൊല്ലുക എന്നത് ഷണ്മുഖനെ സംബന്ധിച്ച് വലിയ വിഷയമൊന്നും അല്ല.. ഇത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും പ്രതീക്ഷിച്ചു ഇല്ല താനും.
" എന്റെ മാത്രം കുറ്റം കൊണ്ടൊന്നും അല്ല ഇങ്ങനെ സംഭവിച്ചത്.. ഇനി ഇപ്പോൾ എന്താ വേണ്ടതെന്നു പറ.. അല്ലാതെ നമ്മൾ തമ്മിൽ വഴക്കടിച്ചു കൊണ്ടിരുന്നിട്ടു ഒരു കാര്യവുമില്ല. അപ്പോഴേക്കും അവൻ ഇങ്ങു എത്തും എന്നല്ലാതെ.. "
ബാബു പറഞ്ഞു..
" ഷണ്മുഖനെ കണ്ടെത്തണം. എത്രയും പെട്ടെന്ന്. അവനെ അങ്ങ് തീർക്കാം.. അത് ആ ശിവന്റെ തലയിൽ കിടക്കട്ടെ.. അവൻ അല്ലേ ഷണ്മുഖനെ തട്ടി കൊണ്ട് പോയത്? അങ്ങനെ ഷണ്മുഖന്റെ ഇടപാടും ആ ശിവനെ കൊണ്ടുള്ള ശല്യവും ഒരുമിച്ചു തീർന്നു കിട്ടും. "
അയാൾ പറഞ്ഞു.. അത് വല്യ തിരക്കേടില്ലാത്ത plan ആണ്. ബാബു ഓർത്തു..
" അപ്പോൾ ആ പെണ്ണോ? "
" അവളുടെ കാര്യം ഇനി ഞാൻ നേരിട്ട് നോക്കിക്കൊള്ളാം.. നീ എത്രയും പെട്ടെന്ന് ഷണ്മുഖനെ കണ്ടെത്താൻ നോക്ക്. അറിയാലോ.. ശിവനെ ഇനിയും വെറുതെ വിട്ടാൽ പുറത്തു വരാൻ പോകുന്നതു ഇരുപത്തി മൂന്നു വർഷത്തെ സംഭവങ്ങൾ മാത്രം അല്ല.. നമ്മൾ രണ്ടു പേരും പിന്നെ ഇല്ല.. "
അയാൾ പറഞ്ഞു..
" അറിയാം.. അതാണ് എന്റെയും പേടി. ഷണ്മുഖനെ ഞാൻ ഒന്ന് തപ്പട്ടെ.. "
ബാബു പറഞ്ഞു. ഫോൺ കട്ട് ആയി. സ്കോർപ്യൻസിന്റെ പണ്ടത്തെ ഒരു ഒളി സ്ഥലം ഉണ്ട്.. അവിടെ തന്നെ ആദ്യം തപ്പി നോക്കാം.. അവിടെ ഇല്ലെങ്കിൽ പിന്നെ തൃക്കുന്നപുഴയിലേക്ക് പോകേണ്ടി വരും.. അതോർത്തപ്പോൾ ബാബുവിന് ഭയം തോന്നി.
***************************************************
അതേ ദിവസം വൈകുന്നേരം തൃക്കുന്നപുഴ തേവരുടെ മുറ്റത്തുള്ള ആൽത്തറയിൽ വിഷ്ണു വിശ്വനാഥൻ വരുന്നതും കാത്തിരുന്നു. ഒരുപാട് നേരത്തെ ആലോചനയ്ക്ക് ഒടുവിൽ വിശ്വച്ഛനോട് കാര്യങ്ങൾ നേരിട്ട് ചോദിക്കാം എന്നവൻ തീരുമാനിക്കുകയായിരുന്നു. കാരണം തനിക്കറിയാവുന്ന വിശ്വച്ഛൻ ഒരിക്കലും ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യില്ല. അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്കതായ ഒരു കാരണവും ഉണ്ടാവും... അതാണ് തനിക്കു അറിയേണ്ടത്? വിശ്വച്ഛന്റെ പിന്നിലൂടെ പോയി രഹസ്യമായി അന്വേഷിക്കുന്നതിലും നല്ലത് നേരിട്ട് ചോദിക്കുന്നതാണെന്ന് അവനു തോന്നി. എന്ത് കൊണ്ടോ താൻ നേരിട്ടു ചെന്നു ചോദിച്ചാൽ അദ്ദേഹം തന്നെ എല്ലാം പറയും എന്നൊരു വിശ്വാസം അവനു ഉണ്ടായിരുന്നു. ശിവനോട് തത്കാലം ഇതൊന്നും പറഞ്ഞില്ല. ആദ്യം വിശ്വച്ഛനോട് ചോദിച്ചിട്ട് ശിവനോട് പറയാം എന്ന് വിഷ്ണു തീരുമാനിച്ചിരുന്നു. അങ്ങനെ ഓരോന്നോർത്തിരിക്കെ വിശ്വനാഥൻ വന്നു..
" എന്താടാ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞത്? അതും ഇവിടെ ഒറ്റയ്ക്ക്? എന്തെങ്കിലും പ്രശ്നമുണ്ടോ? "
അയാൾ ചോദിച്ചു.. വിഷ്ണു എണീറ്റു അയാൾക്ക് അഭിമുഖമായി നിന്നു.
" ആ.. ഒരു പ്രശ്നമുണ്ട്.. കുറച്ചു ദിവസങ്ങളായി എന്നെ വലച്ചു കൊണ്ടിരിക്കുന്ന വലിയ ഒരു പ്രശ്നം.. അതിനു പരിഹാരം തേടിയാണ് ഇന്ന് ഞാൻ വിശ്വച്ഛനെ കാണണമെന്ന് പറഞ്ഞത്.."
അയാൾ ഒന്നും മനസിലാവാതെ അവനെ നോക്കി..വിഷ്ണു തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പർ വിശ്വനാഥനു നേരെ നീട്ടി.. വീണയുടെ ഓപ്പറേഷന്റെ കൺസൻട് ഫോം ആയിരുന്നു അത്. അതിൽ വിശ്വാനാഥന്റെ ഒപ്പ് അവൻ ചുവന്ന പേന കൊണ്ട് വട്ടം ഇട്ടിരുന്നു. വീണയുടെ പേരും.. അദ്ദേഹം ആ പേപ്പർ കയ്യിൽ വാങ്ങി.. കുറച്ചു നേരം അതിലേക്കു തന്നെ നോക്കി നിന്നു.. അയാളുടെ അപ്പോഴത്തെ മുഖഭാവം അവനു വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്നാൽ അവിടെ ഭയമോ കുറ്റബോധമോ കാണാത്തതു അവനു കുറച്ചു ആശ്വാസമായി.
" സത്യം നമ്മൾ എങ്ങനെയൊക്കെ മൂടി വച്ചാലും അത് ഒരുനാൾ പുറത്തു വരിക തന്നെ ചെയ്യും അല്ലേ? ചോദിക്ക്.. വിഷ്ണു.. നിനക്ക് എന്താണ് അറിയേണ്ടത്? "
കുറച്ചു നേരത്തിനു ശേഷം വിശ്വനാഥൻ അവനോടു പറഞ്ഞു. അയാളുടെ സ്വരം ശാന്തം ആയിരുന്നു. വിഷ്ണു ഒരു ശ്വാസം ഉള്ളിലേക്കെടുത്തു. ഇത് വരെ സംഭരിച്ചു വച്ചിരുന്ന ധൈര്യമൊക്കെ ചോർന്നു പോകുന്നത് പോലെ.. അവസാനം സത്യം അറിയാനുള്ള സമയം ആയിരിക്കുന്നു.
" കല്ലു.. അവൾ? "
ചോദ്യം മുഴുമിപ്പിക്കാൻ കഴിയാതെ അവൻ നിർത്തി. പക്ഷെ അവൻ ചോദിക്കാൻ വന്നത് അദ്ദേഹത്തിന് മനസിലായി.
" നിന്റെ അനിയത്തി അല്ല.. ശങ്കരന്റെയും സീതയുടെയും മകൾ അല്ല.. അവൾ ഈ വീണയ്ക്ക് ജനിച്ച കുഞ്ഞാണ്.. സീതയ്ക്ക് ജനിച്ചത് ഒരു ആൺകുട്ടി ആയിരുന്നു. ഹോസ്പിറ്റലിൽ എത്തുന്നതിനു മുന്നേ തന്നെ അവൻ.. "
അയാൾ പറഞ്ഞു. ഇത്രയും താനും ഊഹിച്ചിരുന്നു. അത് കൊണ്ട് വലിയ ഞെട്ടൽ ഉണ്ടായില്ല .അടുത്ത ചോദ്യം.. അതാണ് പ്രധാനം.. അവന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു കൊണ്ടിരുന്നു..
" കല്ലുവിന്റെ അച്ഛൻ? അതാരാ? "
വിശ്വനാഥൻ ഒന്ന് ചിരിച്ചു. വിഷ്ണുവിന്റെ പേടി എന്തായിരിക്കും എന്നയാൾക്ക് ഊഹിക്കാമായിരുന്നു.
" പേടിക്കേണ്ട.. ഞാൻ അല്ല കല്ലുവിന്റെ അച്ഛൻ.. "
വിഷ്ണുവിന് പകുതി ആശ്വാസം ആയി..
" പിന്നെയാരാണ്? "
" മഹേന്ദ്രൻ. അരുന്ധതിയുടെ സഹോദരൻ.. മഹിയുടെ മകളാണ് കല്യാണി.. "
വിഷ്ണു അയാളെ ഞെട്ടലോടെ നോക്കി. അയാൾ കള്ളം പറയുകയാണെന്ന് അവനു തോന്നിയില്ല. അയാളുടെ ഓരോ ഉത്തരങ്ങളും ഉറച്ചതായിരുന്നു.
" പക്ഷെ എങ്ങനെ? മഹി അമ്മാവന്റെ മകൾ എങ്ങനെ എന്റെ അനിയത്തി ആയി? "
" പറയാം.. നിനക്ക് അറിയാമല്ലോ അരുന്ധതിയുടെ കുടുംബം മേലെടത്തു കാരുടെ കാര്യമൊക്കെ.. അവരും നല്ല സ്വത്തുള്ള കുടുംബമാണ്..അതുപോലെ അവിടുത്തെ അച്ഛന്റെ സ്വഭാവവും.. വലിയ പേരുകേട്ട മനുഷ്യൻ ആയിരുന്നു.. കുടുംബമഹിമ, സൽപ്പേര്.. ഒക്കെ വളരെ അധികം നോക്കുന്ന ആളായിരുന്നു അച്ഛൻ "
അവൻ അറിയാമെന്നു തലയാട്ടി..
" മഹിയുടെ കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ശിവനും അവർക്കു സഞ്ജുവും ഉണ്ടായി കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അരുന്ധതിയുടെ അച്ഛൻ മേലെടത്തെ കുറെ സ്വത്തു ഭാഗം വച്ചു രണ്ടു മക്കൾക്കുമായി നൽകി. അവരുടെ തറവാടും പിന്നെ കുറച്ചു പണവും അദ്ദേഹം അദേഹത്തിന്റെ പേരിൽ തന്നെ വച്ചു. അതിൽ മഹിക്ക് കിട്ടിയ സ്വത്തു കൊണ്ട് മഹിയും രമയുടെ സഹോദരൻ രാജീവനും കൂടി എറണാകുളത്തു എന്തോ ഒരു ബിസിനെസ്സ് തുടങ്ങി. അവിടെ ജോലിക്ക് വന്ന പെൺകുട്ടിയാണ് ഈ വീണ. ഒരു പാവപെട്ട വീട്ടിലെ കുട്ടിയായിരുന്നു അത്. വൈകി ജോലി ഉണ്ടായിരുന്ന ഒരു രാത്രി കുടിച്ചു ബോധമില്ലാതെ കമ്പനിയിൽ വന്ന മഹി അവളെ.. "
അയാൾ മുഴുമിപ്പിക്കാതെ നിർത്തി.. പറയാതെ തന്നെ വിഷ്ണുവിന് മനസ്സിലാവുകയും ചെയ്തു എന്തായിരിക്കും ഉണ്ടായതെന്നു.
" നടന്ന സംഭവങ്ങൾ പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്നും മറ്റും പറഞ്ഞു രാജീവനും മഹിയും കൂടി അവളെ ഭീഷണിപ്പെടുത്തി. ആ പാവം നാണക്കേടും ഭയവും കാരണം ആരോടും ഒന്നും പറഞ്ഞില്ല. പക്ഷെ പിന്നെയും മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അവൾ ഗർഭിണി ആണെന്ന് അറിയുന്നത്. അതോടെ അവളെ വീട്ടിൽ നിന്നു പുറത്താക്കി. പോകാൻ ഒരിടമോ ജീവിക്കാൻ മറ്റു വഴിയോ ഇല്ലാത്ത അവളെ ആരോ അരുന്ധതിയുടെ അച്ഛന്റെ അടുത്ത് എത്തിച്ചു. തന്റെ മകൻ ചെയ്ത പാപത്തിന്റെ ഭാരം ചുമക്കുന്ന പെൺകുട്ടിയാണ് അവൾ എന്നറിഞ്ഞപ്പോൾ സൽപ്പേരും കുടുംബമഹിമയും ജീവിതമായി കാണുന്ന ആ മനുഷ്യൻ തകർന്നു പോയി. അവളോട് അലിവ് തോന്നി എങ്കിലും തന്റെ മകന്റെ കുടുംബവും, കുടുംബത്തിന്റെ അന്തസ്സും കളഞ്ഞു അവളെ സ്വീകരിക്കാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അദ്ദേഹം അവളെ മഹി അറിയാതെ മാറ്റി താസിപ്പിച്ചു. അവൾക്കു സഹായത്തിനു ഒരു സ്ത്രീയെയും ആക്കി. പ്രസവത്തിനു ശേഷം അവളെയും കുഞ്ഞിനേയും എങ്ങോട്ടെങ്കിലും ദൂരേക്ക് പറഞ്ഞയക്കാം എന്നായിരുന്നു അദേഹത്തിന്റെ തീരുമാനം "
" എന്നിട്ട്? "
" ജഗൻ ഡോക്ടർ അരുന്ധതിയുടെ ബന്ധു ആണെന്ന് നിനക്ക് അറിയാമല്ലോ? ജഗൻ ആയിരുന്നു അവളെ നോക്കിയിരുന്നത്. ജഗന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. പക്ഷെ അവളെ പ്രസവത്തിനു കേറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത കോംപ്ലിക്കേഷൻസ് ഉണ്ടായി. അതോടെ എന്ത് ചെയ്യണം എന്നറിയാതെയാണ് അച്ഛൻ എന്നെ വിളിക്കുന്നത്. വീണയ്ക്ക് അത്യാവശ്യമായി ഓപ്പറേഷൻ വേണമെന്ന് ജഗൻ പറഞ്ഞു. അച്ഛൻ അപ്പോഴേക്കും തകർന്നിരുന്നു. ഞാൻ ആണ് കണ്സന്റ് ഒപ്പിട്ടത്. പക്ഷെ ഓപ്പറേഷൻ നടത്തിയിട്ടും അവളെ രക്ഷിക്കാൻ സാധിച്ചില്ല.. കുട്ടി മാത്രം രക്ഷപെട്ടു.. മഹിയെ കാര്യങ്ങൾ ധരിപ്പിക്കാൻ ഞാനും ജഗനും എത്ര പറഞ്ഞിട്ടും അച്ഛൻ സമ്മതിച്ചില്ല.. കുടുംബത്തിന്റെ അന്തസ്സ് നഷ്ടപെട്ടാൽ പിന്നെ അദ്ദേഹം ഉണ്ടാവില്ല എന്ന് പറഞ്ഞു. അമ്മയില്ലാത്ത ആ കൂട്ടിയെയും കൊണ്ട് എന്ത് ചെയ്യണമെന്ന് ഒരു ഊഹവും ഇല്ലാതെ നിൽക്കുകയായിരുന്നു അച്ഛനും ജഗനും ഞാനും.. അപ്പോഴാണ്.. "
" എന്റെ അമ്മയെ അങ്ങോട്ട് കൊണ്ടുവരുന്നത്.. "
വിഷ്ണു പതുക്കെ പറഞ്ഞു..
" അതേ.. ജഗൻ അവിടെയുണ്ടായിരുന്നത് കൊണ്ടും സീതയുടെ അവസ്ഥ മോശം ആയിരുന്നത് കൊണ്ടും ജഗൻ തന്നെ ഓപ്പറേഷന് കയറി. കയറിയപ്പോഴേ അവനു മനസിലായിരുന്നു സീതയുടെ കുട്ടി പോയി എന്ന്. മനഃപൂർവം ജഗൻ സീതയുടെ ഡോക്ടറെ വിളിച്ചില്ല.. സീതയുടെ ജീവൻ രക്ഷപെടുത്തി കഴിഞ്ഞപ്പോൾ അവൻ എന്നെയും അച്ഛനെയും വന്നു കണ്ടു. അവനാണ് കുട്ടികളെ മാറ്റുന്ന കാര്യം പറഞ്ഞത്. അവനും അവിടെയുണ്ടായിരുന്ന രണ്ടു നഴ്സുമാർക്കും മാത്രമേ കാര്യം അറിയൂ. അവർക്കു കുറച്ചു പൈസ കൊടുത്താൽ മതി അവർ ആരോടും ഒന്നും പറയില്ല എന്നവൻ പറഞ്ഞു. "
" ഞാനും കുറെ ആലോചിച്ചു.. ആ കുഞ്ഞിന്റെ കാര്യം.. ആരും ഇല്ലാതെ വളരേണ്ടി വരുന്ന അവസ്ഥ.. അതും ഒരു പെൺകുഞ്ഞു.. ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ തളർന്നിരിക്കുന്ന ശങ്കരനെയും ഞാൻ കണ്ടു. പത്തു മാസം കാത്തിരുന്ന കണ്മണി ഇല്ലയെന്നു അറിയുമ്പോൾ ശങ്കരനും സീതയ്ക്കും ഉണ്ടാവുന്ന വിഷമം. ഇതാവുമ്പോൾ ആ കുഞ്ഞിന് സ്നേഹമുള്ള ഒരു കുടുംബവും, എന്റെ കൂട്ടുകാരനും ഭാര്യക്കും കുഞ്ഞിനേയും കിട്ടും. ഞാനും അച്ഛനും സമ്മതിച്ചു. അങ്ങനെ നിന്റെ അനിയനെ മാറ്റി അവിടെ വീണയുടെ കുഞ്ഞിനെ കിടത്തി. റെക്കോർഡ്സ് എല്ലാം ആ രീതിയിൽ ജഗൻ മാറ്റി. നേഴ്സ് മ്മാർക്ക് രണ്ടു പേർക്കും ഇതൊന്നും ആരും അറിയാതെ ഇരിക്കാൻ അച്ഛൻ നന്നായി പൈസ കൊടുത്തു. അങ്ങനെ വീണയുടെ കുട്ടി നിന്റെ അനിയത്തി ആയി.. "
" ഞാൻ ചെയ്തത് തെറ്റാണെന്നു നിനക്ക് തോന്നുന്നുണ്ടാവും. സ്വന്തം കുഞ്ഞിന്റെ വിയോഗം ഒരു അച്ഛനെയും അമ്മയെയും അറിയിക്കാതെ ഇരുന്നത് തെറ്റായിരിക്കാം. പക്ഷെ അപ്പോൾ എന്റെ ശെരി അതായിരുന്നു. അത് ഞാൻ ചെയ്തു. ഒരിക്കലും ഇതൊന്നും ആരും അറിയരുതെന്നു ഞാൻ ആഗ്രഹിച്ചു. പക്ഷെ എല്ലാം എല്ലാവരും അറിയണമെന്നായിരിക്കും തേവരുടെ തീരുമാനം. "
വിശ്വനാഥൻ പറഞ്ഞു നിർത്തി. ശെരിയും തെറ്റും ഒന്നും അപ്പോൾ വിഷ്ണുവിന് മനസിലാവുന്നുണ്ടായിരുന്നു. ഏതു ശെരി? ഏതു തെറ്റ്? അത് കൊണ്ട് ഒന്നും പറയാതെ അവൻ അവിടെ നിന്നു നടന്നു പോയി.. അവൻ പോകുന്നതും നോക്കി വിശ്വനാഥൻ വിഷമത്തോടെ നിന്നു.
******************************************************
ഇന്നലെ വീണയുടെ അമ്മയെ കണ്ടു വന്നപ്പോൾ മുതൽ അവർ പറഞ്ഞ അഡ്വർടൈസിങ് കമ്പനി കണ്ടെത്താനുള്ള ശ്രമത്തിൽ ആയിരുന്നു ശിവനും വിക്ടറും. പഴയ കമ്പനി ആയിരുന്നത് കൊണ്ട് കണ്ടെത്താനും പ്രയാസം ആയിരുന്നു. ഇപ്പോൾ എന്തായാലും അങ്ങനെ ഒരു കമ്പനി ഇല്ല.. അപ്പോൾ പിന്നെ അത് പൂട്ടി പോയി കാണും. ഒരു ദിവസം മുഴുവനും പലവഴിക്കു തപ്പി പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ..
" ഡാ.. ഇത് നോക്കിയേ.. MR അഡ്വർടൈസിങ് സൊല്യൂഷൻസ്.. "
വിക്ടർ പഴയ ഒരു ഫയൽ പൊക്കി പിടിച്ചു. ശിവൻ വന്നു നോക്കി. ശെരിയാണ്.. ഇത് ആയിരിക്കുമോ? അവർ അതിന്റെ ഓണഴ്സ് ആരാണെന്നു നോക്കി.. രണ്ടു പേരാണ്.. അവരുടെ പേര് കണ്ടപ്പോൾ ശിവൻ ഞെട്ടി. അതിൽ ഒരാളെ താൻ നന്നായി അറിയും..
" മഹേന്ദ്രൻ തമ്പി.. തന്റെ അമ്മാവൻ.. "
തുടരും..
( ഇഷ്ടപെട്ടെങ്കിൽ രണ്ടു വാക്ക്...)